Trending Books

Monday, 30 August 2010

ആഴങ്ങള്‍ തേടുന്നവര്‍..


എങ്ങു പോകുന്നൂ നിങ്ങള്‍ പ്രിയരേ?
പുഴക്കടിയിലെ കൊടും തണുപ്പില്‍
സ്വപ്ന ലോകത്തിന്‍ ആഴം അളക്കുവാന്‍?
ചില്ലു കൊട്ടാരങ്ങള്‍,കുപ്പി വിളക്കുകള്‍
ഒഴുകും കിനാവുകള്‍,കാവല്‍ നിലാവുകള്‍
സുന്ദര,മന്ദാര മത്സ്യവിരാഗികള്‍
എല്ലാം കഥയിലെ അസത്യസത്യങ്ങള്‍

സ്ഫടിക മേല്‍നീരിന്നടിയിലാണ് വാസ്തവം
മുത്തുകളില്ലാത്തൊരൂഷര ചിപ്പികള്‍
തന്നിലേക്കാഴ്ത്തി  സ്നേഹിക്കും കരിഞ്ചെളിക്കയങ്ങള്‍
ചുറ്റി വരിഞ്ഞു കരകാട്ടാതെ പുല്‍കും
കാട്ടുവള്ളി കിഴവന്റെ കയ്യുകള്‍

ഞങ്ങളെ വിട്ടെങ്ങു പോകുന്നു പ്രിയരേ
തണുത്തുറഞ്ഞ ആഴങ്ങളില്‍ എന്തുകാണുവാന്‍?
ചെറുവലക്കണ്ണിയില്‍ കുരുങ്ങി മരിയ്ക്കും 
മത്സ്യ സ്വപ്നത്തിന്‍ നിറങ്ങള്‍ പകുക്കുവാന്‍
എന്നും മരിക്കുന്ന പുഴയെ കാണുവാന്‍
ഇതിലേതാണ് നിങ്ങളെ കൊണ്ടുപോകുന്നത്
ഇതിലെന്താണ് നിങ്ങള്‍ക്ക്  കാണുവാനുള്ളത്
എന്റെ മക്കളെ...
ഞങ്ങളെ ഉപേക്ഷിച്ചു എങ്ങു പോകുന്നു
ആഴങ്ങളിലേക്ക് നിങ്ങള്‍ എന്തിനു പോകുന്നു?

Saturday, 5 June 2010

തട്ടം


അരുത്, ഇട്ടു പോകരുത് 

നിൻ തലയിലീ കീറത്തുണിയിനിമേൽ 
സമത്വമാണഖിലം   
ഒരേ നിറം 
നിന്റെ ഉടുപ്പും പാവാടയും 
എല്ലാം മറ്റുള്ളവരുടേതു പോല്‍
ഒരേ നിറം..
ഷൂസും സോക്സും ഒരേനിറം
ഒരേ ബ്രാന്റില്‍ ഞങ്ങള്‍ തരുന്നത്..
തരാത്തതൊന്നു തലയിലണിഞ്ഞു
സമത്വമില്ലാതാക്കരുതൊരിക്കലും

ഞങ്ങൾ മുതിർന്നവർ,ബുദ്ധിയുറച്ചവർ
ചൊല്ലിത്തരുന്നത് കേട്ടു കൊൾക..
കാട്ടിത്തരുന്നത് കണ്ടു കൊൾക 
ഞങ്ങൾ, എത്ര സമത്വപ്പൊതികൾ നൽകിയോർ
വിതുരയിൽ, മധുരയിൽ 
ഐസ്ക്രീം തണുപ്പിച്ച ചുവരുകൾക്കുള്ളിൽ
എത്ര സമത്വ പൊതികൾ വിളമ്പിയോർ

എത്രമീൽ ചൊല്ലിത്തന്നതാണ്..
അസമത്വമാണ് നിൻ തട്ടമെന്ന് 
ഇനിയാര് കേൾക്കുവാൻ..
എങ്ങിനെ കേൾക്കുവാൻ
ഉടലും തലയും വേറ്തിരിച്ചറിയാതെ
ഒന്നായി നീ കരിഞ്ഞിരിക്കുന്നു  
എങ്കിലും,
എങ്കിലും നിന്നോട് അസമത്വമോതി
തരി പോലും കരിയാതെ തട്ടമരികിൽ,  
നിൻ തട്ടമരികിൽ 

ഞങ്ങൾ മുതിർന്നവർ,ബുദ്ധിയുറച്ചവർ
ചൊല്ലിത്തരുന്നത് കേട്ടു കൊൾക..
കാട്ടിത്തരുന്നത് കണ്ടു കൊൾക...

Saturday, 22 May 2010

ഇരട്ടകകൾ

രണ്ടു തലയും ഒരുടലുമായ്
ഞാനിങ്ങനെ..ഞങ്ങളിങ്ങനെ..
കടലിലലിഞ്ഞ പുഴ പോൽ
ഒന്നായിങ്ങനെ...
രണ്ടു ചിന്തകൾ ഒരുമിച്ചു 
ചുട്ടുപൊള്ളിക്കുന്ന ഒരേയുടല്‍...
ഇടതു നിനക്കും വലതെനിക്കുമെന്നു
വീതിച്ചെടുത്ത ഒരൊറ്റയുടൽ
ഒട്ടിയ  രണ്ടുടലെങ്കിൽ
പണ്ടേ കീറിയെറിഞ്ഞേനെ നിന്നെ,
ബീജകാലം മുതൽക്കെ-
ല്ലാത്തിനും പങ്കു പറ്റുന്നവൻ
ഇല്ല, ഇനിയെൻ പ്രണയത്തിൽ
പങ്കു ചേർക്കില്ല നിന്നെ 
ചാവുക ..
നിന്റെയീ പ്രിയ പാനീയത്തിൽ
കലക്കിയ കൊടും വിഷം
ഞാൻ കുടിക്കുന്നു..

Tuesday, 11 May 2010

മുംതാസ്


മുംതാസ്...
ഷാജഹാന്റെയല്ല,കാലത്തിന്റെ  മുംതാസ്
കടൽ കരതിന്നു കരുത്തനായ നാൾ
കരൾ കവച്ചെന്നില്‍ കടന്ന നാൾ
വെളുത്ത ഫ്രെയ്മിലെ ചുവന്ന വര പോലെ
തുടയിലെ പോറലുകൾ..

വേലിയിറക്കം,
ഒലിച്ചു പോകുന്നു നാണവും മാനവും
തിരയിലെഴുതിയ കഥയും,പ്രണയവും 
നീറ്റലാണ് ബാക്കി,
തരിമണല്‍ തുടയിലുരഞ്ഞ നീറ്റൽ
മുംതാസാണ് ഞാൻ
താജ്മഹൽ കടലില്‍ ഉപ്പു തിന്നുന്നു..

Tuesday, 13 April 2010

ഗന്ധം



എന്ത് മണമായിരുന്നു നിനക്ക്,
അത്തറിന്റെയും ചുരുട്ടിന്റെയും 
ചേർത്തുവച്ച ഉന്മാദ ഗന്ധം..
ഇരുണ്ടു വെളുക്കുന്തോറും 
മാറി മാറി വരുന്ന മണം..
അത്തറില്ലാതെ ചുരുട്ടിന്റെ 
കറ പിടിച്ച കറുത്ത മണം 
കിങ്ങ്സും,വില്‍സും,ഗോള്‍ഡും,
സിസ്സറും,പനാമയും, ബീഡിയുമായ്‌
വിലകുറഞ്ഞു കുറഞ്ഞു വരുന്ന മണം 
പിന്നെ വെറും വിയർപ്പു മാത്രമായ്
വിയർപ്പും മൂത്രവുമായ് 
കൂടിക്കുഴഞ്ഞു  വാടയായ് മാറിയ 
നിന്റെ ഒടുക്കത്തെ മണം 
പോ ശവമേ.. 

Monday, 15 March 2010

എന്റെ പഴയ കാമുകി..


ഉച്ചക്ക് ചെറിയ ശബ്ദത്തില്‍ കവിത വെച്ച്,ഭാര്യയുടെ മാറിലേക്ക് തല പൂഴ്ത്തി ഉറങ്ങാന്‍ തുടങ്ങിയപ്പോളാണവള്‍ വന്നത്.

എന്റെ പഴയ കാമുകി,

സത്യത്തില്‍ ആദ്യം വന്നത് ഫോണ്‍ കോളായിരുന്നു.
പരിചയമില്ലാത്ത നമ്പര്‍.
ഹലോ,ഉറക്കച്ചടവില്‍ പറഞ്ഞു..
ഇത് ഞാനാ....................
ഉറക്കം പറപറന്നു..ഒരു ചെറിയ നെഞ്ചിടിപ്പ്‌..
ഇതിപ്പോള്‍ എവിടാ..
നാട്ടിലുണ്ട്..
ഒന്ന് കാണണം.
ഒരു നിമിഷത്തെ മൌനത്തിനു ശേഷം പറഞ്ഞു അതിനെന്താ വീട്ടിലോട്ടു വന്നോളു,ഒറ്റക്കെയുള്ളോ?
അതെ,സാജും,കുഞ്ഞും വന്നില്ല..
ശരി,എപ്പോഴാ വരുന്നത്..
ഉടനെയെത്തും..
ഒരു മണിക്കൂറിനുള്ളിലാളെത്തി..
പഴയ രൂപമേയല്ല..
കല്യാണത്തിനു കണ്ടതാ..എട്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു...
ഒരു ഓക്വര്‍ഡു വട്ട കണ്ണട,ചുവന്ന ഫ്രെയിം..
ആകെ ക്ഷീണിത രൂപം..

ഹലോ..
ഭാര്യ എവിടെന്നു തിരിഞ്ഞു നോക്കികൊണ്ട് ഞാനും ഹലോ പറഞ്ഞു
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍..
സുഖം,,വീട് ആര് പറഞ്ഞു തന്നു?
ദേ,തന്റെ ചെറിയമ്മ കൂടെയുണ്ടാരുന്നു
പഴയ കൂട്ട് പൊടി തട്ടിയെടുത്തല്ലേ..
നിങ്ങടെ കല്യാണകഥയൊക്കെ പറഞ്ഞു തന്നു..
അതെന്തു കഥയാ?
ഒത്തിരി പാട് പെട്ടാണത്രെ നിങ്ങള് ഒന്നായതെന്നു..
ഊം..ഞാനൊന്ന് മൂളി,
ബാ ഇരിക്ക്..

മഴ ചാറി തുടങ്ങി..
സിറ്റ് ഔട്ടിലേക്ക് എറിച്ചില്‍ അടിക്കുന്നു..
അകത്തോട്ടിരിക്കാം.
വേണ്ട,എത്ര നാളായി മഴയിങ്ങനെ പെയ്യുന്നത് കണ്ടിട്ട്
നമ്മുക്ക് ഇവിടിരിക്കാം..പണ്ടെത്ര മഴ കണ്ടതാ ഒരുമിച്ച്..
നിശബ്ദനായ് ഞാനും മഴയിലേക്ക്‌ നോക്കിയിരുന്നു..
അവളെ ഞാന്‍ കാണുകയായിരുന്നു,ഒരുപാട് നാളുകള്‍ക്കു ശേഷം..
എന്തിനാണ് വന്നതെന്നോ,ഇപ്പോളെവിടാണെന്നോ ഒന്നും ചോദിച്ചില്ല,അവളൊന്നും പറയുന്നുമില്ല
വെറുതെ മഴ നോക്കിയിരിക്കുന്നു...
എന്റെ മനസ്സ് വായിച്ചത് പോലെ പെട്ടന്നവള്‍ പറഞ്ഞു..
വെറുതെ,വെറും വെറുതെ വന്നതാ,നാട്ടിലുണ്ടെന്നറിഞ്ഞപ്പോള്‍ ഒന്ന് കാണണമെന്ന് തോന്നി..
അത്ര മാത്രം..

അമ്മ ചായ കൊണ്ട് വന്നു..
പഴയ ദേഷ്യം ഇപ്പോഴും അമ്മയുടെ മുഖത്തുണ്ടെന്നു തോന്നുന്നു..
എനിക്കുള്ളില്‍ ചിരി വന്നു..
ആരോടാണമ്മ ഇപ്പോഴും ഈ ദേഷ്യം കാണിക്കുന്നത്..
രണ്ടു പേരും അവരവരുടെ ജീവിതത്തില്‍,രണ്ടു ധ്രുവങ്ങളില്‍..

ഈ മഴയൊക്കെ നമ്മുടെ ജീവിതത്തില്‍ ഇത് പോലെയിനിയും പെയ്യുമോ?
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു..അതോ എനിക്ക് തോന്നിയതാണോ..
സാജിനൊന്നും മഴ ഇഷ്ടമേയല്ല..മഴ വന്നാല്‍ അപ്പോള്‍ ചുരുണ്ട് കൂടും..അഞ്ചു വരെ തികച്ചു എണ്ണണ്ട അതിനു മുന്‍പേ കൂര്‍ക്കം വലി കേള്‍ക്കാം..
ഹ ഹ ..ഞാന്‍ വെറുതെ ചിരിച്ചു..
ഉടനെ തിരിച്ചു പോകുമോ?
അടുത്താഴ്ച്ച..


ഒന്നുമൊന്നും പറയാനില്ല..ഭാര്യ ഇടയ്ക്കു വന്നു നോക്കുന്നുണ്ട്,
ഞാന്‍ കണ്ടില്ലയെന്ന് നടിച്ചു..
എന്നാല്‍ ഞാനിറങ്ങട്ടെ,
ഒന്നും പറഞ്ഞില്ല,മഴയല്ലെയെന്നു മാത്രം ചോദിച്ചു..
സാരമില്ല ,ആ പഴയ ചിരി മുഖത്തൊന്നു മിന്നിയോ?

ചായ കപ്പു നീട്ടി..
പിടിക്കുന്നതിനു മുന്‍പ് കൈവിട്ടു...
ക്ടിന്‍..

ഭാര്യയുടെ നെഞ്ചത്ത് നിന്നും ഞെട്ടിയെഴുന്നേറ്റു..
മാന്‍ ഹോളിന്റെ ഇരുമ്പ് അടപ്പിന്റെ മുകളിലൂടെ ഒരു ട്രക്ക് പാഞ്ഞു പോകുന്നു..

മുരുകന്‍ കാട്ടാക്കട കവിത ചൊല്ലുന്നു..
"അരികില്‍ ശീമക്കാറിന്നുള്ളില്‍
സുഖ ശീതള മൃദു മാറിന്‍ ചൂരില്‍
ഒരു ശ്വാനന്‍ പാല്‍ നുണവതു കാണാം"