Ad

Monday, 6 December 2010

മേഘം


.
ഇടവഴി കടന്നു
വലത്തോട്ട് തിരിയുന്ന 
ആദ്യ വളവിൽ മേഘം;
കരുതിയിരിക്കണം
മുള കീറുന്നൊരൊച്ചയിൽ
പെട്ടന്ന് പെയ്യാം
ഉടലുപൊട്ടും പോലെ
ഗർജ്ജിക്കാം

കരുതി തന്നെയിരിക്കണം 
കറുകറുത്ത കണ്ണുണ്ട്,
കൂർപ്പിച്ചു മൂർച്ച കൂട്ടിയത്
ഒരു നോട്ടത്തിൽ
ഉടലു തുളഞ്ഞു പോകും,
മിന്നൽ പോലൊരു  ചിരി,
കരിഞ്ഞു  വെണ്ണീറാകും 
അതെ, കരുതിത്തന്നെയിരിക്കണം

എങ്കിലും,
ചില ഉച്ച മയക്കങ്ങളിൽ,
ചില രാത്രി സ്വപ്നങ്ങളിൽ ,
കൊള്ളാറുണ്ട്
വെണ്ണീറാക്കാത്ത തണുപ്പിച്ച ചിരി.
അറിയാറുണ്ട്,
നനുനനുത്തൊരു പുതു മഴ .
കാണാറുണ്ട്,
പുതു നാമ്പുകൾ ചേർത്തുപിടിക്കുന്ന
കണ്ണാടിത്തുള്ളികൾ

ഇപ്പോഴും, ഇടവഴി കടന്നു
വലത്തോട്ട് തിരിയുന്ന 
ആദ്യ വളവിൽ തന്നെയാണ് 
'മേഘം'
പക്ഷെ പെയ്യാറില്ല

ചിത്രം : ഗൂഗിള്‍ വക

Thursday, 2 December 2010

Short Film.

സീന്‍ ഒന്ന്.
ഫ്ലാറ്റ് # 1 
ബെഡ് റൂം..ചുളിവു വീണ പുതപ്പ് ,സ്ഥാനം മാറി കിടക്കുന്ന തലയിണകള്‍ 
ഒരു ട്രാവലര്‍ ബാഗ്..പകുതി തുറന്നത്..കുഞ്ഞിന്റെ ഉടുപ്പുകള്‍ ,ക്രീം.പൌഡര്‍ തുടങ്ങിയവ..
അതിനടുത്തു ഒരുവയസ്സു കഴിഞ്ഞ ആണ്‍കുട്ടി..
വാതിലിലൂടെ ഹാള്‍ കാണാം,ടി.വിയില്‍ വാര്‍ത്ത കേള്‍ക്കുന്നു..
അമ്മ : എത്ര നേരം കൊണ്ട് നിങ്ങളോട് പറയുന്നു എയര്‍ പോര്‍ട്ടില്‍ വിളിച്ചു എയര്‍ ഹോസ്ടസ് ഫെസിലിറ്റി അറേഞ്ച് ചെയ്യാന്‍ 
കുഞ്ഞിനെ ഒറ്റക് വിടുകയാണെന്ന് ഒരു ബോധവുമില്ല.
അച്ഛന്‍ : നിനക്ക് ഒന്ന് പോകാന്‍ വയ്യാരുന്നോ കൂടെ,അതെങ്ങനാ ഡ്യൂട്ടി ഡ്യൂട്ടി..
അമ്മ : നിങ്ങള്‍ക്കെന്താ പോകാന്‍ വയ്യാഞ്ഞത്,എന്റെ മാത്രമല്ലല്ലോ നിങ്ങളുടെയും കൂടല്ലേ കുഞ്ഞ്. 
മൊബൈല്‍ അടിക്കുന്നു..
അച്ഛന്‍ : യെപ്,ഐ വില്‍ ബി ദെയര്‍ ഇന്‍ വണ്‍ അവര്‍ ,യാഹ്  കിഡ് ഈസ്‌ ലീവിംഗ് ടുഡേ..യൂ
പീപ്പിള്‍ ജസ്റ്റ്‌ സ്ടാര്ട്ട്.
അമ്മ : നിങ്ങള്‍ മീറ്റിങ്ങും മറ്റുമായ് നടന്നോ..ഫ്ളൈറ്റിന് സമയമാകുന്നു...മോനെ വിട്ടിട്ടു വന്നിട്ട് വേണം ഡ്യൂട്ടിക്ക് പോകാന്‍ ,അതെങ്ങനാ ഒന്ന് ലീവ് എടുക്കാമെന്ന് പറഞ്ഞാല്‍ സതി മറ്റേണിറ്റി,ദേവി ലോങ്ങ്‌ ലീവ്,മേട്രന്‍ സിക്ക് ലീവ്,എല്ലാം കൂടെ ഞാന്‍ മാത്രം..നിങ്ങള്‍ക്ക് കുറച്ചു ദിവസം അവധിയെടുത്ത് കുഞ്ഞിന്റെ കൂടെ
പോകാന്‍ മേലാരുന്നോ? അല്ലേല്‍ നിങ്ങടെ അമ്മക്ക് ഇവിടം വരെ ഒന്ന് വരാന്‍ മേലാലോ,അവര്‍ക്ക് അമേരിക്കയിലല്ലേ പോക്ക് നടക്കൂ..
അച്ഛന്‍ : നീ ഇനി അത് പറഞ്ഞു തുടങ്ങു,നിന്റെ അമ്മക്ക് വന്നാലെന്നാരുന്നു...അപ്പോള്‍ നാട്ടില്‍ നിന്നും പോകാന്‍ മേല എങ്ങോട്ടും ..ഹും..ഇവിടെ ഒന്നിനേം കിട്ടുന്നുമില്ല കുഞ്ഞിനെ ഒന്ന് നോക്കാന്‍ ,എത്ര കൊടുക്കാമെന്നു പറഞ്ഞാലും പേരിനു പോലും ഒന്നില്ല..ലേബര്‍ ചെക്കിംഗ് ഇത്രയും കര്‍ശനമാല്ലായിരുന്നെങ്കില്‍ ആരെയെങ്കിലും കിട്ടിയേനെ ,എന്നാ ചെയ്യാനാ..
അമ്മ : എന്നാ പറഞ്ഞാലും,മോനെ അങ്ങോട്ടല്ലേ കൊണ്ട് പോകുന്നത്,നിങ്ങടെ വീട്ടില്‍ ആരുമില്ലല്ലോ നോക്കാന്‍ ,എന്നെ കൊണ്ട് കൂടുതല്‍ ഒന്നും പറയിക്കണ്ട..
അച്ഛന്‍ : ഫ്ളൈറ്റ് സര്‍വീസില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല,ഏതായാലും നീ അവനേം കൊണ്ട് ഇറങ്ങു..ഞാന്‍ ലഗ്ഗെജുമായ് വരാം..പരിചയമുള്ള ആരെങ്കിലും കാണും എയര്‍ പോര്‍ട്ടില്‍ .
പുതിയ ടൊയോട കൊറോളാ കാര്‍ നീങ്ങുന്നു...

സീന്‍ രണ്ടു (മോണോക്രോം)
ഫ്ളാറ്റ് # 2 
തുറന്നിട്ട ജനാലയുള്ള ബെഡ് റൂം..
ഷീറ്റ് വിരിക്കാത്ത മെത്ത ,അടുക്കി വെച്ചിരിക്കുന്ന ഉറയില്ലാത്ത തലയിണ,
സൈഡ് ടേബിളില്‍ ബെഡ് ലാമ്പ് ..
കെട്ടി വെച്ചിരിക്കുന്ന രണ്ടു പെട്ടിയും ഒരു ഹാന്‍ഡ് ബാഗും 
യാത്രക്ക് പോകാന്‍ ഒരുങ്ങിയിരിക്കുന്ന വേഷത്തില്‍ ,ഒരു കുഞ്ഞുടുപ്പുമായ് പുറത്തേക്കു നോക്കി
കട്ടിലില്‍ ഇരിക്കുന്ന അനിത..
ശോക ഭാവം..
ഡ്രസ്സ്‌ ചെയ്തു കൊണ്ടിരിക്കുന്ന സേതു,,
സേതു : സാരമില്ലെടാ,നമ്മുക്കുള്ളതാണെങ്കില്‍  ദൈവം തന്നേനെ...  
അനി : ഇനിയൊരിക്കലും ഒരാളെ തരാത്തവിധമല്ലേ അവന്‍ പോയത്..ഇതെന്തു വിധിയാ സേതുവേട്ടാ..
എത്രകാലം കാത്തിരുന്നു കിട്ടിയതാ എത്ര നേര്‍ച്ച നേര്‍ന്നു കിട്ടിയതാ,
സേതു : നീ ഇനി കരഞ്ഞു കരഞ്ഞു ഇല്ലാത്ത അസുഖം ഉണ്ടാക്കണ്ട,നമ്മുക്ക് എന്തെങ്കിലും വിധിച്ചിട്ടുണ്ടെങ്കില്‍ നമ്മുക്ക് കിട്ടും..
ഹും നീ വാ,കീ ഹൌസ് ഓണറിനെ ഏല്പിച്ചിട്ട് ഇറങ്ങാം ടാക്സി വെയ്റ്റ് ചെയ്യുന്നു...
ലഗേജ് പുറത്തു വെച്ചിട്ട് കതകു പൂട്ടുന്ന സേതു ,അടുത്ത വീട്ടില്‍ താക്കോല്‍ ഏല്‍പ്പിക്കുന്നു 
ടാക്സി എയര്‍ പോര്‍ട്ടിലേക്ക്..

സീന്‍ മൂന്നു 
എയര്‍ പോര്‍ട്ട്‌ -ഡിപ്പാര്‍ച്ചര്‍
അമ്മ : നിങ്ങളോട് എത്ര തവണ പറഞ്ഞതാ..കുഞ്ഞിനെ ഒറ്റക്കാ വിടുന്നത്,എയര്‍ ഹോസ്ടസിനെ എല്പ്പിക്കണമെന്നു...
അച്ഛന്‍ : നീ മിണ്ടരുത്,നിന്നോട് ഓണ്‍ലൈന്‍ ചെയ്യാന്‍ എത്ര തവണ ഞാന്‍ പറഞ്ഞതാ..ഇനി പരിചയമുള്ള ആരെങ്കിലും ഉണ്ടോന്നു നോക്കട്ടെ..
അച്ഛന്‍ സേതുവിനോടു ; നിങ്ങള്‍ നെടുമ്പാശേരിയിലെക്കാണോ?
സേതു : അതെ..
അച്ഛന്‍ : പ്ളീസ് ഞങ്ങളുടെ കുഞ്ഞിനെ കൂടെ ഒന്ന് നോക്കുമോ അവിടം വരെ,ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ലീവ് കിട്ടിയില്ല,നാട്ടില്‍ നിന്നും ആരും ഇങ്ങോട്ട് വരാനുമില്ല..ഇവിടെ ഒരു മെയ്‌ഡിനെ  കിട്ടാനുമില്ല,അതാ കുഞ്ഞിനെ നാട്ടിലയക്കാമെന്നു വെച്ചത്..തിരക്ക് കാരണം ഒന്നിനും സമയം കിട്ടുന്നില്ല,കുഞ്ഞിനെ സീ ഓഫ് ചെയ്തിട്ടുടനെ അവള്‍ക്കു ഡ്യൂട്ടിക്ക്  കേറണം,ഞാനിപ്പോള്‍ തന്നെ മീറ്റിങ്ങിനു അര മണിക്കൂര്‍ ലെയ്റ്റാ,
സ്വയം സമാധാനിക്കാനെന്നോണം അച്ഛന്‍ പറഞ്ഞു കൊണ്ടേയിരുന്നു...
സേതു ഒന്നും മിണ്ടിയില്ല,
അച്ഛന്‍ : സാറിന്റെ പേരെന്താണെന്നാ പറഞ്ഞത്?
സേതു : സേതു 
അച്ഛന്‍ : പ്ളീസ് സേതു ഒന്ന് ഹെല്പ് ചെയ്യാമോ?പ്ളീസ്.
സേതു : ഞാന്‍ ഭാര്യയോടോന്നു ചോദിക്കട്ടെ..അനീ ,കുഞ്ഞിനേയും കൂടൊന്നു കൊണ്ട് പോകാമോയെന്നു
ചോദിക്കുന്നു...
അനി : കണ്ണുകളില്‍ വല്ലാത്ത തിളക്കം ,അതിനെന്താ ഞങ്ങള്‍  നോക്കിക്കൊള്ളാം 
അമ്മയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങുന്നു..ഉമ്മ കൊടുക്കുന്നു..
കുഞ്ഞു കരയുന്നു..
അച്ഛന്‍ : ഇതാ മോന്റെ പാസ്പോര്‍ട്ടും ടിക്കറ്റും.നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഒന്ന് തരുമോ?
അനി : സേതുവിനെ തടഞ്ഞു കൊണ്ട്,ഞങ്ങള്‍ എക്സിറ്റ് അടിച്ചാ പോകുന്നത്,നാട്ടില്‍ പുതിയ ഫ്ളാറ്റിലേക്കാ,ഇനി ചെന്നിട്ട് വേണം എല്ലാം ആദ്യം മുതലെടുക്കാന്‍ ..
അച്ഛന്‍ : നാട്ടില്‍ ഇവടെ അച്ഛനും അമ്മയും കാണും..കുഞ്ഞിനെ അവരെ ഏല്‍പ്പിച്ചാല്‍ മതി..ഏലിയാസെന്നും അന്നാമ്മേന്നുമാ അവരുടെ പേര്..
അനി : അവരുടെ മൊബൈല്‍ നമ്പര്‍ തന്നേരെ,നിങ്ങളുടെ ഇവിടുത്തെ നമ്പരും..
അച്ഛന്‍ : അവരുടെ ഡ്രൈവറുടെ നമ്പരാ ..9447541942 ഇവിടുത്തെ എന്റെ നമ്പര്‍ 0587054378
അനി : അപ്പോള്‍ ഓക്കേ ഞങ്ങള്‍ അവിടെയെത്തിയിട്ട് വിളിക്കാം,കുഞ്ഞിനെ കൊണ്ട് തിടുക്കത്തില്‍ നടക്കുന്നു..
അച്ഛന്‍ അമ്മ : സേതു വളരെ നന്ദി ..ഉപകാരമായ് അല്ലെങ്കില്‍ ഞങ്ങള്‍ പെട്ട് പോയേനെ..
ഫ്ളൈറ്റ് അനൌണ്‍സ്മെന്റ്
സേതു : ശരി ഞങ്ങള്‍ പോകട്ടെ..

സീന്‍ നാല് 
ഫ്ളൈറ്റ് ടേക്ക് ഓഫ്‌ ..

സീന്‍ അഞ്ച്
നെടുമ്പാശ്ശേരി അറൈവല്‍
കാത്തു നില്‍ക്കുന്ന ജനക്കൂട്ടം.
അപ്പച്ചന്റെയും അമ്മച്ചിയുടെയും ക്ളോസ് അപ് 
ക്ളോക്ക്
മണിക്കൂറുകള്‍ പോകുന്നു..
വിഷമത്തോടെ കാത്തു നില്‍ക്കുന്ന അപ്പച്ചനും അമ്മച്ചിയും

സീന്‍ ആറ്
കത്തിയമരുന്ന ഒരു പാസ്പോര്‍ട്ട് ..
ഔട്ട്‌ ഓഫ് ഫോക്കസില്‍ 
നടന്നു നീങ്ങുന്ന സേതു അനിത കുഞ്ഞ് 
സീന്‍ ആറ് എ (മോണോക്രോം) 
കരഞ്ഞു തളര്‍ന്ന അമ്മ 
വിളറിയ മുഖവുമായ് അച്ഛന്‍


Monday, 29 November 2010

ഭാഗ്യംശാന്തയുടെ ഒടുക്കത്തെ ബഹളം കേട്ട് കൊണ്ടാണ് ഇന്നും ഉണര്‍ന്നത്.അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.രണ്ടാമത്തെ മോളുടെ കല്യാണത്തിനു ആധാരം പണയം വെച്ച് പലിശക്ക് വാങ്ങിയ പണം കൊടുക്കേണ്ട അവസാനത്തെ ദിവസം ഇന്നാണ്.
ഇരുപത്തയ്യായിരം രൂപ !!!
എവിടുന്നെടുത്തിട്ടു കൊടുക്കാനാ..
ഇന്ന് പണം കൊടുത്തില്ലെങ്കില്‍ വീട്ടില്‍ നിന്നും ഇറങ്ങി പോകാനാണ് തോമസ്‌ കുട്ടി പറഞ്ഞിരിക്കുന്നത്..പഞ്ചായത്ത് പ്രസിഡന്റ് സോമന്റെ മധ്യസ്ഥതയില്‍ ആണ് ഇത്രയും ദിവസം നീട്ടികിട്ടിയത്..എല്ലാം ശരിയാണ്,പക്ഷെ പണം..അത് മാത്രം ഇല്ല..
സോ മില്ലില്‍ ഇപ്പോള്‍ തന്നെ പണി കുറവ്..നല്ല മരം പോലും കാണാനില്ല..എല്ലാവരും സിമന്റ് കട്ടിളയും ജനലുമൊക്കെ ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.മരമൊന്നും ആര്‍ക്കും വേണ്ടാതായ് 
ഇന്നും പണം കൊണ്ട് കൊടുത്തില്ലെങ്കില്‍ നാളെ തോമസ് കുട്ടി വരും..
ശാന്ത എന്ത്‌ സമാധാനം പറയും?അവന്റെ കണ്ണില്‍ പെടാതിരിക്കാന്‍ ഞാന്‍ രാവിലെ ജോലിക്കെന്നു പറഞ്ഞു ഇറങ്ങി പോകും ..
പ്രായം ചെന്ന അപ്പനും അമ്മയും..
അപ്പനാണെങ്കില്‍ ഒന്നും മിണ്ടാറില്ല..എവിടെങ്കിലും ചുരുണ്ട് കൂടി കിടന്നാല്‍ മതി അങ്ങോര്‍ക്ക്..
പാവം അമ്മ..ഒന്നെണീറ്റു ഇരിക്കണമെങ്കില്‍ ആരുടെയെങ്കിലും സഹായം വേണം,ജനാലയില്‍ കെട്ടിയിട്ടിരിക്കുന്ന തുണിക്കഷണമാണ് ആരുമില്ലെങ്കില്‍ ഒരേയൊരു താങ്ങ് 
ഇവരേം കൊണ്ട് എങ്ങോട്ട് പോകും?
പിള്ളാരൊക്കെ ഉണ്ടായിട്ടെന്താ കാര്യം..
മൂത്തവന്‍ കണ്ണൂരെങ്ങാനും പോയ്‌ ഒരരയത്തിയുമായ് താമസമാണെന്ന്  ആരോ പറയുന്നത് കേട്ടു..അഞ്ചു പൈസയുടെ ഉപകാരമില്ല..
അല്ല,അവനും ഒരുപകാരവും ഞാനായിട്ട് ചെയ്തിട്ടില്ലല്ലോ,പിള്ളാരെ ജനിപ്പിച്ചു എന്നതില്‍ കവിഞ്ഞു ഒന്നും അറിഞ്ഞിട്ടില്ല..
ശാന്ത,ശാന്ത തന്നെയാണ് അവരെ വളര്‍ത്തിയത്‌..
അവര്‍ സ്കൂളില്‍ പോകുന്നുണ്ടോയെന്നു തിരക്കിയിട്ടില്ല,വല്ലതും കഴിച്ചിട്ടുണ്ടോ എന്ന് തിരക്കിയിട്ടില്ല..
പിന്നെങ്ങനെ അവരോടു വല്ലതും ചോദിക്കും..

ഒന്ന് കുളിച്ചിട്ട് ഇറങ്ങാം,തന്റെ ജീവിതം പോലെ ഇഴപിരിഞ്ഞ തോര്‍ത്ത് .
"ഓ..നിങ്ങളും കുളീം തേവാരവുമായ് നടന്നോ,ചെരുപ്പ് കുറച്ചുകൂടി വെളുപ്പിക്ക്,ഒരു പണിക്കാരന്‍ "
രാജന്‍ ഒന്നും കേട്ടില്ലാന്നു നടിച്ചു കുളിക്കാന്‍ കയറി..
കുളി കഴിഞ്ഞു വന്നിട്ടും അവളുടെ പള്ള് പറച്ചിലിന് കുറവൊന്നുമില്ല.
"ഇവിടെ വെച്ചിരുന്ന രണ്ടു രൂപ എന്തിയേടി?" വണ്ടി കൂലിക്ക് ആകെ ഉണ്ടായിരുന്ന കാശാ..അതെവിടെ
പോയോ..
"ആ കണ്ണാടിയുടെ പുറകിലുണ്ട് ,ഒരു വക നോക്കത്തില്ല,ഇങ്ങനൊരുത്തന്‍ ,ദൈവമേ എനിക്കായ് തന്നെ വെച്ചിരുന്നല്ലോ ഇയാളെ . ഹോബിക്ക് പോകാനുള്ളതല്ലേ..അയാളുടെ ഹോബി..നാല് പെമ്പിള്ളാരെ കണ്ടു കഴിയുമ്പോള്‍ അയാക്ക് സോ മില്ലിലെ പണി ഹോബിയാണത്രെ ഹോബി..ഉണ്ണാനൊന്നുമില്ലേലും കോണകം പുരപ്പുറത്താ.. "
ശരിയാ ഒരിക്കല്‍ അപ്പന്റെ അനിയന്റെ മോന്റെ കല്യാണത്തിനു കുറച്ചു ചെത്ത്‌ പിള്ളാരോട് പറഞ്ഞതാ..പണിക്കു പോകുന്നത് ഹോബിക്കാണെന്നു..
അത് പിന്നെ എല്ലാരും വല്യ കൊമ്പത്തെ പുള്ളികളാ..ഇല്ലെങ്കില്‍ അവരുടെ മുന്നില്‍ കൊച്ചായ് പോയേനെ..ഇതൊന്നും അവള്‍ക്കറിയണ്ടല്ലോ

ഇന്നേതായാലും തോമസ് കുട്ടി വരത്തില്ല,നാളയേ ഉള്ളൂ..ഇരുപത്തിനാല് മണിക്കൂര്‍ സമാധാനം..പിന്നെ..ഒന്നുമറിയില്ല..ഇന്നെങ്കിലും എന്തേലും പണി വന്നിരുന്നെങ്കില്‍ അപ്പനും
അമ്മയ്ക്കും നല്ലത് എന്തെങ്കിലും കഴിക്കാന്‍ വാങ്ങി കൊടുക്കാമായിരുന്നു..
രാജന്‍ ഇറങ്ങി നടന്നു..
അപ്പന്റെ ദയനീയ നോട്ടം കണ്ടില്ലായെന്നു നടിച്ചു..
അനുഭവിക്കട്ടെ.
ഉള്ള സമയത്ത് ധൂര്‍ത്തടിച്ച് നടന്നതല്ലേ രണ്ടും..
രതീഷുണ്ടല്ലോ,പുന്നാര പുത്രന്‍ ..
അവനൊന്നു കൊണ്ട് പോയാലെന്നാ രണ്ടിനേം..
അവന്റെ പെണ്ണിന്റെ വാക്ക് കേട്ടു നടന്നോളും പെങ്കോന്തന്‍ ..
അല്ലെങ്കില്‍ അവനെ എന്നാത്തിനാ പറയുന്നേ..അവന്റെ മോടെ അല്ലല്ലോ.എന്റെ മോടെ കല്യാണത്തിനാണല്ലോ അപ്പന്റെ പേരിലുള്ള ഈ മൂന്നു സെന്റ്‌ പണയം വെച്ചത്..
അല്ലെങ്കിലും അവന്‍ ഭാഗ്യവാനാ..രണ്ടു ആമ്പിള്ളാരല്ലേ,അതും കുടുമ്പം നോക്കുന്നവര്‍ ..    
നമ്മുക്കുള്ളത് പോലല്ലല്ലോ..ഒരെണ്ണം കണ്ണൂര് അരയനായ് നടക്കുന്നു...
പിന്നൊരുത്തന്‍ അവന്റെ കാര്യം നോക്കി ചെറുപ്പത്തിലെ പോയ്‌..ഹും..എന്തിനാ ഇതൊക്കെ ഇപ്പോള്‍ ആലോചിക്കുന്നത്..
നാളെ എവിടെ അന്തിയുറങ്ങും..ഏതായാലും നാളെ ആകട്ടെ..

ഹൌ..കാലെന്തിലോ തട്ടി,എന്നാ വേദനയാ..വരുമ്പോ എല്ലാം കൂടെ ഒരുമിച്ചാ...പണ്ടാരം കല്ല്‌..കടം വാങ്ങി നീ മുടിഞ്ഞു പോട്ടെ.. കല്ലിനെ രാജന്‍ ശപിച്ചു.
തലേന്നത്തെ മഞ്ഞില്‍ കുതിര്‍ന്നു കല്ലില്‍ ചേര്‍ന്ന് എന്തോ ഇരിക്കുന്നു..ലോട്ടറി ടിക്കറ്റ് ആണോ..
അല്ല ഗാന്ധിജി.ഗാന്ധിജിയുടെ പടം..
അമ്പതു രൂപ!!!!
അമ്പതു രൂപാ..രാജന് ഉറക്കെ കൂവാന്‍ തോന്നി..
എന്നാലും ദൈവമേ അന്‍പതിനു പകരം നീ ഒരഞ്ഞൂറു രൂപ തന്നില്ലല്ലോ..
വിശപ്പ് ..കയ്യില്‍ കാശ് കിട്ടിയപ്പോള്‍ ഇതുവരെ വരാത്ത വിശപ്പ്..തലയില്‍ ഒന്നുമില്ല വിശപ്പ് മാത്രം..
ആദ്യം കണ്ണില്‍ പെട്ടതും കൃപാ റെസ്റ്റോറന്റ്,സദാശിവന്റെ കൃപാ റെസ്റ്റോറന്റ്.
ഒന്നും ആലോചിക്കാതെ കയറി..
"സദാശിവാ പൊറോട്ടയും ബീഫ് ഫ്രൈയ്യും" 
"എന്താടാ രാജാ തോമസ് കുട്ടിക്ക് കൊടുക്കാനുള്ള കാശൊക്കെ ആയോ?"
അവന്റെയൊരു അന്വേഷണം,അവനെ നോക്കിയില്ല..
"നീ പൊറോട്ട കൊണ്ടുവാ.."
എന്ത് രുചി,ഇത്രയും രുചിയുള്ള ഭക്ഷണം കഴിച്ചിട്ടില്ല..
കണ്ണടച്ച് തുറക്കും മുന്പ് പ്ളേറ്റ് കാലി..വിശപ്പ് മാറുന്നില്ല..
"സദാശിവാ ഒരു പ്ളേറ്റ് കൂടെ താ"
"ഒടുവില്‍ പറ്റു പറഞ്ഞാല്‍ എന്റെ വിധം മാറുമേ.."
നിന്റെ ഔദാര്യമോന്നും രാജന് വേണ്ടായെന്നു മനസ്സില്‍ പറഞ്ഞു കൊണ്ട് കഴിച്ചു തീര്‍ത്തു..
"എത്രായി.."
"മുപ്പത്തഞ്ചു  രൂപ.."
"ഇന്നാ പിടിച്ചോ?അമ്പതുണ്ട്, ബാക്കിയിങ്ങു താ ഒരു ഗോള്‍ഡും" 
"ഹിഹി..ഇന്നാ രാജാ..ബാക്കിക്ക് ലോട്ടറി എടുക്കുന്നോ?"
ശിവദാസിനെ കനപ്പിച്ചൊന്നു നോക്കി..ഗോള്‍ഡു കത്തിച്ചു ആഞ്ഞു വലിച്ചു..

പട്ടി..
അപ്പന് മുനിസിപ്പല്‍ ബങ്ക് ഉണ്ടാരുന്നപ്പോള്‍ സോഡ കൊണ്ട് കൊടുത്തോണ്ടിരുന്നവനാ..അവനിപ്പോള്‍ വല്യ മുതലാളി ആയി..കാറായ് ബംഗ്ളാവ് ആയി..പെണ്മക്കളെയൊക്കെ പഠിപ്പിച്ചു നാഴ്സുമ്മാരാക്കി..എല്ലാരും അമേരിക്കയില്‍ പോയ്‌..ആമ്പിള്ളാര് അപ്പനെ സഹായിച്ചു കൂടെ കൂടി..
എന്നാല്‍ നമ്മുടെ അപ്പനോ?ലോട്ടറി എടുത്തു മുടിഞ്ഞു..എത്ര തിരക്കാണെങ്കിലും അപ്പന്‍ ഉച്ചവരെയേ കടയില്‍ നില്‍ക്കുള്ളൂ..അത് വരെ പിരിഞ്ഞ കാശില്‍ പകുതി കൊണ്ട് ലോട്ടറി വാങ്ങും.. ഉച്ച കഴിഞ്ഞു വീട്ടില്‍ സുഖമുറക്കം..അതുകഴിഞ്ഞ് അപ്പനും അമ്മയും കൂടെ ഓട്ടോയില്‍ കയറി റിലീസ് സിനിമ കാണാന്‍ പോകും..അതിപ്പോള്‍ അടുത്താണെങ്കിലും ദൂരെ ആണെങ്കിലും ഓട്ടോയില്‍ തന്നെ..സുഖലോലുപര്‍ 
ഉച്ച കഴിഞ്ഞാല്‍ കടയില്‍ ഞാനോ,രതീഷോ അല്ലെങ്കില്‍ അളിയനോ ആരിക്കും ഞങ്ങള്‍ക്ക് കിട്ടിയതും കൊണ്ട് ഞങ്ങളും പോകും..ഒരു കണക്കുമില്ല കൂടെ വരുന്നവനും ഇഷ്ടം പോലെ 
കൊടുക്കും..
സദാശിവനൊക്കെ എത്ര രൂപ കയ്യും കണക്കുമില്ലാതെ അപ്പന്‍ സഹായിച്ചിട്ടുണ്ട്..മക്കളെ പഠിപ്പിക്കാനും,കെട്ടിക്കാനുമൊക്കെ..
എന്നാ കച്ചവടമായിരുന്നു അന്നൊക്കെ..ചാക്ക് കണക്കിനായിരുന്നു നാരങ്ങ വാങ്ങുന്നത് ,ഒരു ദിവസം നാനൂറു അഞ്ഞൂറ് നാരങ്ങ വെള്ളം പോകുന്ന കട...
അപ്പന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട്..ഗ്ളാസൊന്നു കഴുകി കൊടുത്തു അവിടെ നില്‍ക്കാന്‍ ..
ആര് കേള്‍ക്കാന്‍ ..ഒടുവില്‍  മുനിസിപ്പാലിറ്റിക്കാര്‍ ബങ്ക് കൊണ്ട് പോകുന്നത് വരെ തുടര്‍ന്ന 
ബിസിനസ് .തലേന്നത്തെ കച്ചവടത്തിന്റെ ബാക്കി  അറുനൂറു രൂപയും കുറെ ലോട്ടറി ടിക്കറ്റ്മായ്  അപ്പന്‍ അവസാനിപ്പിച്ച ബിസിനസ്    

രാജാ രണ്ടു നാരങ്ങാ വെള്ളം പറ..
ഞെട്ടിപോയ്..വഞ്ചിനാട്ടിലെ സാജന്‍ ...ബസ്സ് വന്നത് അറിഞ്ഞതേയില്ല..
രാജാ ഞാന്‍ മഞ്ജുളയിലുണ്ട് ,
ഭൂട്ടാന്‍ സിക്കിം ലോട്ടറികളുടെ ഹോള്‍സെയ്ല്‍ ഡീലറാണ് മഞ്ജുള  
സദാശിവാ സാജന് നാരങ്ങാവെള്ളം,മഞ്ജുളയിലേക്ക് കൊടുത്തേക്കാന്‍
നാളെയാണ് നാളെയാണ് നാളെയാണ് നറുക്കെടുപ്പ്...തലച്ചോറിലേക്ക് ശബ്ദം പാഞ്ഞു കയറുന്നു ..സദാശിവന്‍ പറഞ്ഞ പോലെ ലോട്ടറി എടുത്താലോ?
ഏതായാലും ബാക്കി പന്ത്രണ്ട്  രൂപ കൊണ്ട് തോമസ് കുട്ടിയുടെ കാശ് കൊടുക്കാന്‍ പറ്റില്ല..രണ്ടാമതൊന്നാലോചിച്ചില്ല,  
"ഒറ്റ രൂപയുടെ പത്തെണ്ണം എനിക്കും താ സണ്ണി.."
ഇതാകുമ്പോള്‍ ഇന്ന് വൈകിട്ട് അറിയാം,അന്‍പതിനായിരം രൂപ വരെ ഡീലര്‍ തരികയും ചെയ്യും..
സാജന്‍ വണ്ടി സ്ടാര്ട്ട് ചെയ്തു കഴിഞ്ഞിരിക്കുന്നു...രണ്ടു രൂപ ബാക്കി..

സോമില്ല് എത്തിയതറിഞ്ഞില്ല..
ഷര്‍ട്ട് മാറ്റി ബനിയന്‍ എടുത്തിട്ടു..കാര്യമായ പണിയിന്നുമില്ല..ആകെ ഒരു വട്ടമരമാണ് വന്നിരിക്കുന്നത്..വിറകിനു വേണ്ടി ആരോ മുറിച്ച പാഴ്മരം..
ഒരു കണ്ടി തേക്കിന്‍ തടിക്കോ,കഴുക്കോലിനോ പോലും ആരും വരുന്നില്ല..പിന്നെങ്ങനെ മുതലാളിയോട് കാശിനു ചോദിക്കും..പണിയില്‍ നിന്നും പറഞ്ഞു വിടാത്തത്‌ തന്നെ ഭാഗ്യം..
പതിവില്ലാതെ വയറു നിറയെ കഴിച്ചത് കൊണ്ടാകും ആകെ ഒരു വയറു വേദന,നെഞ്ചെരിച്ചില്‍ ..
ആ ലോട്ടറി ഷാജി ഇത് വഴിയെങ്ങാനും വരുമോ?വന്നിരുന്നെങ്കില്‍ ഇതൊന്നു നോക്കാമായിരുന്നു..ഒരാകാംഷ..
അറക്കവാളെല്ലാം എടുത്തു മൂര്‍ച്ച പരിശോധിച്ചു..കാര്യമായ പണിയില്ലാത്തതിനാല്‍ എല്ലാം കുഴപ്പമില്ലാതെ ഇരിപ്പുണ്ട്..എങ്കിലും എല്ലാത്തിനും വീണ്ടും എണ്ണയിട്ടു വെച്ചു.
ഇനിയെന്ത് ചെയ്യാനാ..
റോഡിനഭിമുഖമായ് കിടക്കുന്ന തടിയില്‍ കേറിയിരുന്നു,ഷാജി വന്നാല്‍ കാണാം..
സൈക്കിള്‍ ബെല്ലോ പഴയ സിനിമ പാട്ടോ കേള്‍ക്കുന്നുണ്ടോ...മൂന്നര കഴിഞ്ഞിരിക്കുന്നു..
ട്രിംഗ്..ട്രിംഗ് ..ഷാജി..അതാ ഷാജി വരുന്നു..ആകെ ഒരസ്വസ്ഥത..
"ഷാജി മോനെ,ഷാജി.."
"എന്താടോ രാജാ,ഒരു എരിപൊരി..താന്‍ ലോട്ടറി വല്ലതും എടുത്തോ?ഇത് വരെ എന്റെ കയ്യില്‍ നിന്നും ഒന്ന് പോലും എടുത്തിട്ടില്ലല്ലോ..പിന്നെന്താ"
"ഇതൊന്നു നോക്കിയേടാ മോനെ.."
"പത്തെണ്ണമോ..ഇതെവിടുന്നാ.."
"നമ്മുടെ മഞ്ജുളയില്‍ നിന്നാ.".
"ഹോ താനൊക്കെ മുതലാളിമാരുടെ കയ്യില്‍ നിന്നെ എടുക്കത്തുള്ളല്ലോ.."
"പ്ളീസ് മോനെ..നമ്മുടെ വഞ്ചിനാട്ടിലെ സാജന്റെ കൂടെ  കേറിയപ്പോള്‍ എടുത്തതാ..ഒന്ന് നോക്കെടാ.".
"ഇങ്ങു താ നോക്കട്ടെ, ഭൂട്ടാനല്ലേ ഒന്നും കാണത്തില്ല മിക്കവാറും"
"ഇതിലൊന്നുമില്ല..ഞാന്‍ പറഞ്ഞില്ലേ"ഷാജി ലോട്ടറി ചുരുട്ടി കൂട്ടി താഴെയിട്ടു.
രണ്ടു,മൂന്നു,നാല്,അഞ്ചു..
"ഇതിലെങ്ങുമൊന്നുമില്ലെടോ"
കടലാസ് കഷണങ്ങള്‍ താഴോട്ടു വീഴുന്ന ഒച്ച..ആറ്,ഏഴ്...
കണ്ണ് നിറഞ്ഞു  വരുന്നു..തിരിഞ്ഞു നിന്ന് കൈലി തലപ്പ്‌ കൊണ്ട് കണ്ണ് തുടച്ചു..
"എടോ ..എടോ രാജാ..ഇതിലുണ്ട് ഇതിലുണ്ടെടോ ..തനിക്കു മുപ്പതിനായിരം അടിച്ചിട്ടുണ്ട് .."
മുപ്പതിനായിരം..മുപ്പതിനായിരം..
ഷാജി  ഉമ്മ..ഉമ്മ..

ടിക്കറ്റ് തിരിച്ചു വാങ്ങി ഒടുകയാരുന്നു,ആറ് മണിക്ക് മുന്പ് മഞ്ജുളയിലെത്തണം ,മില്ലിലേക്ക് കേറിയതും വസ്ത്രം മാറിയതും ബസ്സ് കയറിയതും ..ഒന്നും ഓര്‍മയില്ല..
മുപ്പതിനായിരം,തനിക്കു മുപ്പതിനായിരം ലോട്ടറി അടിച്ചു..ഷാജിയുടെ ശബ്ദം മാത്രം മനസ്സില്‍ ..
ബസ് ടിക്കറ്റ് എടുത്തതും..സീറ്റ് കിട്ടിയതും..ഓര്‍ക്കുന്നില്ല..
ശൂന്യത..മുന്നില്‍ വെളുത്തൊരു പ്രകാശം മാത്രം..സൂര്യന്‍ കണ്മുന്നില്‍ നില്‍ക്കുന്നു...ഒന്നും കാണുന്നില്ല..
അമ്മ വന്നു തലയില്‍ തലോടുന്നു..

ടിംഗ് ടിംഗ്..
"ചേട്ടാ അങ്ങോട്ട്‌ നീങ്ങിയിരിക്കാമോ?"കണ്ണ് തുറന്നു..
ഇറങ്ങാനുള്ള സ്ഥലം കഴിഞ്ഞു മൂന്നു സ്റ്റോപ്പും കഴിഞ്ഞു വണ്ടിയെടുക്കുന്നു..
ആളിറങ്ങണം,ആളിറങ്ങണം..ഇവിടിറങ്ങണം .
ടിംഗ്..വണ്ടി അലര്‍ച്ചയോടെ നിന്നു..കിളിയുടേം ഡ്രൈവറുടേയും തെറി കേട്ടില്ല..ചാടിയിറങ്ങി..
അഞ്ചു മണി.. മഞ്ജുളയിലേക്ക് ഒരു കിലോമീറ്റര്‍ ഉണ്ട്..വണ്ടിക്കൂലിക്ക് പൈസയില്ല..
ഒന്നും ആലോചിക്കാനില്ല.ടിക്കറ്റ് കിടക്കുന്ന പോക്കറ്റില്‍ അമര്‍ത്തി പിടിച്ചു ഓടി.കണ്ണടച്ച് ഓടി..
പ്രിന്റില്‍ വന്നതും,ലൈവ് കാണിച്ചതും ഒന്നാരിക്കണേ,ദൈവമേ ചതിക്കല്ലേ..
"സണ്ണീ,സണ്ണീ നമ്മുടെ ലോട്ടറി ഷാജി പറഞ്ഞു ഇതിനു മുപ്പതിനായിരം അടിച്ചിട്ടുണ്ടെന്നു,ഒന്ന് നോക്കിക്കേ"..കിതച്ചു കൊണ്ട് അവിടുത്തെ സ്ടൂളിലേക്ക് ചാഞ്ഞു..
"ഇങ്ങു താ നോക്കട്ടെ,രാജാ കോളടിച്ചല്ലോ..ഉണ്ട്..മുപ്പതിനായിരം തികച്ചുമുണ്ട്.."
"ഹിഹി കാശ് നാളെ തരാം.ടികറ്റ് ഇങ്ങു തന്നേക്ക്‌ രാജാ.".
"വേണ്ട സണ്ണീ..ഇനി ഒരു പരീക്ഷണം വയ്യ...ഇന്ന് തന്നെ വേണം..നാളെ തോമസ് കുട്ടിക്ക് കൊടുക്കാനുള്ളതാ.".
"എന്നാല്‍ ശരി അര മണിക്കൂര്‍ കൂടെ ക്ഷമിക്ക്..കണക്കു ക്ളോസ് ചെയ്തിട്ട് തരാം.."
ചുറ്റും നോക്കി...എല്ലാം പഴയ പോലെ തന്നെയുണ്ട് കവലയില്‍ ..
എത്ര നാളിന് ശേഷമാണു തലയുയര്‍ത്തി കവലയൊന്നു കാണുന്നത്..
ശിവദാസന്റെ ചായക്കടയും,ജ്യൂസ് പാര്‍ലറും..
പ്രമോദിന്റെ എസ്.ടി.ഡി. ബൂത്ത്‌..
മാത്തുക്കുട്ടിയുടെ അനുരാഗം ടെക്സ്ടയില്സ്...
വിലാസിനിയുടെ മില്‍മാ ബൂത്ത്...
തങ്കച്ചന്റെ പലചരക്ക് കട..
എല്ലാം അവിടൊക്കെ തന്നെയുണ്ട്..പക്ഷെ എല്ലാം പുതിയത് പോലെ തോന്നുന്നു...ആദ്യം കാണുന്ന പോലെ..
"രാജാ ഇന്നാടോ കാശ്...എണ്ണി നോക്ക്,വീട്ടില്‍ ചെന്ന് കഴിയുമ്പോള്‍ കാശ് കുറഞ്ഞു പോയെന്നു പറയരുത്..അല്ലേല്‍ തന്നെ നാട്ടുകാരുടെ മുന്‍പില്‍ എനിക്ക് ധാരാളം 
ചീത്തപ്പേരുണ്ട്..താനായിട്ട് ഇനിയത് കൂട്ടണ്ട.."

ഇനി ഇത് വഴി തലയുയര്‍ത്തി നടക്കാം..ശാന്ത കുറച്ചു നാളെങ്കിലും പള്ള് പറയുന്നത് നിര്‍ത്തും..
"എടോ ശിവദാസാ..ഇരുപത്തഞ്ചു പൊറോട്ടയും,നാല് ബീഫ് ഫ്രയ്യും..പാഴ്സല്‍ ,തന്നോട് തന്നാ പറഞ്ഞത്.. ഇരുപത്തഞ്ചു പൊറോട്ടയും,നാല് ബീഫ് ഫ്രയ്യും..പാഴ്സല്‍ 
പത്തു പഴം പൊരിയും..നല്ല ചൂടുള്ളത്‌..തണുത്തതെങ്ങാനും എടുത്താല്‍ എന്റെ വിധം മാറും പറഞ്ഞേക്കാം"
"ആ ഒരു പായ്ക്കറ്റ് ഗോള്‍ഡും ..എല്ലാം കൂടെ എത്രായി?"
"താനെന്നാ പഴം വിഴുങ്ങി നില്‍ക്കുന്നെ..എടോ എത്രയായെന്നു?"
"ഇരുന്നൂറ്റിയന്പത്തിയെട്ടു"
"അത് പറയാനെന്നാ ഇത്ര താമസം, ഇന്നാ മുന്നൂറുണ്ട്,ബാക്കി നാല്‍പ്പതു മതി രണ്ടു രൂപ തനിക്കു രാജന്റെ വക ടിപ്.."
കുറച്ചു പലചരക്ക് സാധനങ്ങള്‍ വാങ്ങാം.
"തങ്കച്ചയോ പഴയ പറ്റു എത്രയുണ്ട്.."
"കടയടച്ചു വരുമ്പോള്‍ ഒരു പത്ത് കിലോ മട്ടയും..ബാക്കി പലചരക്ക് സാധനങ്ങളും വീട്ടിലോട്ടു എത്തിക്കണേ..ഇന്നാ അഞ്ഞൂറ് രൂപയുണ്ട്.എന്റെ കൈ ഫ്രീയല്ല..അതാ..അനുരാഗത്തില്‍ 
നിന്നു കുറച്ചു സാധനം വാങ്ങാനുണ്ടേ..അച്ചായന്‍ സിഗരറ്റ് ഒരെണ്ണം വലിക്കുന്നോ..വേണ്ടെങ്കില്‍ വേണ്ടാ..ഞാനിറങ്ങുവാ..സാധനങ്ങള്‍ മറക്കല്ലേ"
അനുരാഗത്തില്‍ നിന്ന് അപ്പന് ഒരു മുണ്ടും ജുബ്ബയും,അമ്മയ്ക്കും ശാന്തക്കും രണ്ടു സാരികളും വാങ്ങി..
ഇനി ഇങ്ങനൊക്കെ വാങ്ങുമോന്നു ദൈവം തമ്പുരാന് മാത്രമറിയാം.. 

ഇത്രപെട്ടന്ന് വീടെത്തിയോ?പറക്കുവാരുന്നു..
"ശാന്തേ..എടീ ശാന്തേ.."
"നീ വീടും പൂട്ടി എന്നാ കാണിക്കുവാ,തുറക്കെടീ..എടീ വാതില്‍ തുറക്കാന്‍ "
"തൊള്ള തുറക്കണ്ടാ വരുവാ..നാളെ ഇറങ്ങുപോള്‍ ഉള്ള കുറച്ചു സാധനങ്ങള്‍ വഴിയില്‍ കളയണ്ടല്ലോ..അതൊന്നു എടുത്തു വെക്കുവാരുന്നു."
"അപ്പനെന്തിയെടീ.."
"അങ്ങേരവിടെങ്ങാനും ഉണ്ട്.."
"നിങ്ങളിതെന്നാ കൂത്താ കാണിക്കുന്നേ..നാളെ എന്നാ ചെയ്യുമെന്ന് എത്തും പിടീം ഇല്ലാതിരിക്കുമ്പോഴാണോ നിങ്ങള് കോടി വാങ്ങിച്ചോണ്ട് വരുന്നത്..അതോ ചത്തു കിടക്കുമ്പോ ചമഞ്ഞു 
കിടക്കാനാണോ?"
"നിനക്കെത്രാടീ വേണ്ടത്..ഇരുപത്തയ്യായിരം അല്ലെ? ഇന്നാടീ പുല്ലേ ഇരുപത്തയ്യായിരം..തികച്ചുമുണ്ടോന്നു എണ്ണി നോക്ക്.."
"ഈ രാജന് കുടുമ്പം നോക്കാനറിയത്തില്ലന്നു ഒരുത്തനും പറയത്തില്ലല്ലോ..നാളെ അവന്‍ വരുമ്പോള്‍ ഇട്ടു കൊടുക്ക് അവന്റെ മോന്തക്ക്..ഒരുത്തന്റെം ഔദാര്യം ഈ രാജന് വേണ്ടടീ" 
"ഇരുപത്തയ്യായിരം,ദൈവമേ ഇരുപത്തയ്യായിരം രൂപ,നിങ്ങള് ആരെ കൊന്നു ഉണ്ടാക്കിയതാ മനുഷ്യാ..ഇത്രയും കാശ്"
"എടീ നീ വാ പൊളിക്കണ്ടാ,ഹും ചാകാന്‍ തന്നെ പേടിയാ പിന്നാ കൊല്ലുന്നേ....ഇതേ ഭൂട്ടാന്‍കാര് തന്നതാ..എന്റെ ശാന്ത മോളെ എനിക്ക് മുപ്പതിനായിരം ലോട്ടറി അടിച്ചു മോളെ"
"ലോട്ടറിയോ?അതിനുള്ള കാശാര് തന്നു..എവിടുന്നാണെങ്കിലും എന്റെ കണ്ണീരു ദൈവം കണ്ടു".. 
"നീ കരയാതെ, ദൈവമാണെങ്കിലും ലോട്ടറിയാണെങ്കിലും നമ്മള് തല്‍ക്കാലം രക്ഷപെട്ടു..ഇവിടുന്നിറങ്ങണ്ടല്ലോ,വല്യ കാര്യം.." 
"ലോട്ടറിക്കാര്യം ഏതായാലും അപ്പനോട് പറയണ്ട..അല്ലേല്‍ നാളെ മുതല്‍ ഇനി  ഭൂട്ടാന്‍ തപ്പി ഇറങ്ങും.."
ഹോ ഇന്നെങ്കിലും സമാധാനത്തോടെ ഒന്നുറങ്ങാമല്ലോ ദൈവമേ..ആരുമില്ലാത്തവര്‍ക്ക് നീ തന്നെ തുണ.. 
   

Friday, 5 November 2010

പ്രീ-ഡിഗ്രി


                 


നമ്പൂതിരീസ് കോളേജിലെ ട്യൂഷനും കഴിഞ്ഞു
'സ്റ്റുടന്റ്സ് ഒൺലി' സർക്കാർ ബസ്സിൽ 
"ബീഡിക്കാശല്ലെയുള്ളൂ ടിക്കറ്റ് എടുക്കടാ മോനെ"
എന്ന കണ്ടക്റ്റർ രാജേട്ടന്റെ വാക്കവഗണിച്ചു
മുന്നിലേക്ക്‌ പോകും
ബസ് ഇടയ്ക്കെങ്ങും നിർത്താതിരിക്കാൻ 
മണിച്ചരട് മുറിച്ച സിനാജുമൊത്ത്
ചെക്കറെ പറ്റിച്ച് ജനലിലൂടെ ചാടി
എക്കണോമിക്സ്,കോമ്മേഴ്സ് ബാച്ചുകാരുടെ
വീരപ്പൻ ബ്ളോക്ക് കഴിഞ്ഞു കയറ്റം കയറി
മെയിൻ ഗെയ്റ്റ് കടന്നു,
സ്പെക്ട്രോസ്കോപ്പിലൂടെ സതി ടീച്ചറുടെ
അണിവയർ രോമം കണ്ട ഫിസിക്സ്  ലാബും
എം.ടിയെയും, ബഷീറിനെയും മാറ്റിവച്ച്
കമ്പിക്കഥകൾ നോക്കിനടന്ന ലൈബ്രറിയും കടന്നു
ജി ബാച്ചിലേക്ക് അവനും,
ഹാജർ എടുത്തു കഴിഞ്ഞ, പിൻബഞ്ച്‌ കാലിയായ
ളാത്ര സാറിന്റെ മലയാളം ക്ളാസിലേക്ക് ,
വേലിക്കെട്ടില്ലാത്ത ജനലുകളുള്ള   
ഐ  ബാച്ചിലേക്ക് ഞാനും 

വീണപൂവിലേക്ക് കടന്നു സാറും
ഇടത്തെ ബെഞ്ചിലെ നിഷയുടെ 
കണ്ണിലേക്കു നോക്കിയിരുന്നു ഞാനും
ആ പീര്യഡ് അവസാനിപ്പിക്കും..
രണ്ടു കൊല്ലം കണ്ണിൽ നോക്കിനോക്കി 
സുവോളജി ലാബിന്റെ ഇടനാഴിയിൽ 
കൈപിടിച്ച് ഇഷ്ടം പറഞ്ഞതിന്റെ 
പിറ്റേനാള്‍ ഒളിച്ചോടിപ്പോയ നിഷ 

എഞ്ചിനിയർ അല്ലെങ്കിൽ ഡോക്ടർ 
രണ്ടിലൊന്നെന്നുറപ്പിച്ച്
കണക്കിനൊപ്പം സയൻസും പഠിക്കാൻ വന്നു
പിത്ത് ചെയ്തിട്ടും ചാടിയ തവളയെ കണ്ടു
തലചുറ്റി വീണ പ്രെറ്റി,
കയ്യിലിരുപ്പ് കൊണ്ടാണെന്ന്
അവൾ മൈൻഡ് ചെയ്യാത്ത സാബി,
ഒരു കിലോ മുടിയും അരക്കിലോ മുഖവുമെന്നു
റെക്സ് കളിയാക്കുന്ന സ്മിത
കളിയാക്കികളിയാക്കി കാര്യമായപ്പോൾ
ഇഷ്ടംകൊണ്ടാണെന്ന് രണ്ടാളും..

ഓരോ മാസവും പുതിയ സൌഹൃദം തേടുന്ന
വെബ് ഉഷ,
കൂട്ടുപേരെല്ലാം ബോർഡിൽ തെളിഞ്ഞ  നാൾ
പുതിയൊരു പേരും അതിലെഴുതിച്ചേർത്ത്
ബെഞ്ചില്‍ പോയിരുന്നു പുച്ഛത്തോടെ ചിരിച്ച
ബോൾഡ് ഉഷ,
എല്ലാ ബാച്ചിലും കാമുകിമാരുണ്ടായിട്ടും
തന്നെ പ്രേമിക്കാത്ത മീരക്ക് വേണ്ടി കരഞ്ഞ 
ശർക്കര ബിജു

തല്ലു കൊണ്ട് നേതാവായ ഷാജൻ
തല്ലുകൊടുത്ത് നേതാവായ ജൂബി
ആരു തല്ലിയാലും കൊള്ളാ 
മടിയില്ലാത്ത റാഫി
വെടിമരുന്നിന്റെ മണവും
പാറപ്പൊടി പറ്റിയ മുടിയുമായ് പ്രസാദ്
ജിപ്സിയില്‍ വരുന്ന,പെപ്സി മാത്രം കുടിക്കുന്ന
ദാമോദരന്‍ എന്ന ദാമ 
എല്ലാരും ഒത്തുചേരുന്ന
തൂക്കിവിക്കാനും മാത്രം പറ്റുബുക്കുകളുള്ള
തങ്ക്സ് എന്ന തങ്കച്ചായന്റെ ചായക്കട
പുതിയ പ്രണയത്തിനു പഫ്സും ഡ്രിങ്ക്സും
തകർന്ന പ്രണയത്തിനു ഹാൻസും സിഗരറ്റും 
എത്ര പറ്റിയാലും എത്ര പറ്റിച്ചാലും 
രണ്ടു പെണ്മക്കളാടാ  എനി-
ക്കെന്നും പറഞ്ഞു പിന്നെയും തരും
സിഗരറ്റും ഡ്രിങ്ക്സും പാവം തങ്ക്സ്..

കണക്കു പ്രോഫസറിന്റെ കണക്കുകൂട്ടലുകളിൽ 
കണക്കു തെറ്റി തൂങ്ങിമരിച്ച 
അറ്റന്റർ ജോർജ്ജേട്ടൻ 
പകല്‍ പോലും കാണാത്ത എന്നെക്കാളും 
കറുത്ത നിന്നെ കെട്ടാൻ വരും സായിപ്പെന്നു 
ജെനിയെ ശപിച്ച ഷാൻസ്
മരണക്കിടക്കയിൽ അവനെ 
കാണാൻ ചെന്ന ജെനിയും
ഓടിയോടി മറയുന്നു

പഴയ ഹീറോ റെയ്ഞ്ചർ സൈക്കിളിൽ
മെയിൻ ഗെയ്റ്റ് കടന്നു, ഇറക്കമിറങ്ങി 
വീരപ്പൻ ബ്ളോക്കും കഴിഞ്ഞു 
പാലത്തിൽ നിന്നും തിരിഞ്ഞുനോക്കുമ്പോൾ
കാണുന്നുണ്ട് ഐ ബാച്ചും
വാകമരച്ചോട്ടിൽ കൂട്ടുകാരോടൊത്ത്  പഴയ ഞാനുംFriday, 22 October 2010

എ.അയ്യപ്പന്‍

ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ .


പ്രിയ കവിക്ക് ആദരാഞ്ജലികള്‍ 
ഓണക്കാഴ്ചകള്‍ എന്ന ചെറുകഥാസമാഹാരമാണ്  ആദ്യകൃതി. ബുദ്ധനും ആട്ടിന്‍കുട്ടിയും, വെയില്‍ , കറുപ്പ് തിന്നുന്ന പക്ഷി, ഗ്രീഷ്മമേ സഖീ, മാളമില്ലാത്ത പാമ്പ് , ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍ .ഈ വര്‍ഷത്തെ ആശാന്‍ പുരസ്ക്കാരമുള്‍പ്പെടെ ധാരാളം പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 


Monday, 18 October 2010

ഇലക്ഷന്‍


തീണ്ടലും തൊടീലും കഴിഞ്ഞു 
ചീരുവും,കോതയും,കോമുവുമായ്
നമ്പൂരിക്കുട്ടിയുടെ അഭിമുഖം
കൊല്ലം കുറെയായിട്ടും
ഇടത്തൂന്നും വലത്തൂന്നും
വീട് വന്നില്ല
ജോലി വന്നില്ല
മണ്ണ് വീണ ചോറിലെ
മണ്ണ് മാത്രം ബാക്കി. 
എന്ന് ഹരിജവേദനം

പാർട്ടി ചാനലുകൾ,
ചുവന്നതും, പച്ചയും,
രണ്ടും കലർന്നതും,
ദൈവത്തോടടുത്തതും,
അടുക്കാത്തതും
ലൈവായി കാട്ടി..
ഒരു ചാനൽ ഒറ്റക്കും
ബാക്കിയെല്ലാവരും ഒന്നിച്ചും. 

ഇലക്ഷനിങ്ങു വന്നല്ലോ
അല്ലെ കാണാമാരുന്നു.
ചീരുവില്ല,
കോതയും കോമുവുമില്ല
നമ്പൂരിക്കുട്ടിയില്ല
ഒരു ചാനലുമില്ല

നിവേദനം മാത്രം 
അടുത്ത ഇലക്ഷൻ കാത്തിരിക്കും.

Friday, 15 October 2010

കടല്‍


പുഴയെന്നും കടലിനെ 
തേടുന്നതുകൊണ്ടാവും
കടൽ പെരുകുന്നതും
പുഴ ചുരുങ്ങുന്നതും
ഉപ്പില്ലാത്ത പുഴയെ 
തിന്നു തിന്നു മടുത്ത് 
പെരും തിരയിൽ കിട്ടിയതെല്ലാം
സ്വന്തമുപ്പാക്കി  മാറ്റുന്ന കടൽ.

 .

Sunday, 10 October 2010

കാലികം
നിന്റെ സ്നേഹത്തെ ഞാന്‍
ഭയപ്പെടുന്നില്ല
നിന്നില്‍ നിന്നും ഒന്നും
ആഗ്രഹിക്കുന്നുമില്ല
നിന്റെ സൌന്ദര്യത്തെ ഞാന്‍
സന്ദേഹിക്കുന്നുമില്ല
സ്വന്തമാക്കല്‍ എന്നുള്ളത്
സ്വാര്‍്ത്ഥതയാകുന്നു
നീയൊരു കാറ്റാകുന്നു
ഞാനൊരു തരുവും
നിന്റെ പുല്‍കല്‍
എന്നെ ഭയപ്പെടുത്തുന്നു ...

പ്രണയം
കാലികമായ നേരത്ത്
ഞാനും നീയും കാഴ്ച്ചക്കാരാണ്
കാമ്പസിലെ
കാറ്റാടി മരങ്ങള്‍ക്കും
ഇലഞ്ഞിതണലിനും
പുറത്തെ സിനിമാ
കൊട്ടകക്കുമറിയാം
പ്രണയത്തിന്റെ ഭാവി വര്‍ത്തമാനങ്ങള്‍
അത് പൂക്കുകയില്ലെന്നും
വെളിച്ചം കുറവാണെന്നും ..

Wednesday, 29 September 2010

ഉമ്മകുഞ്ഞു മുലപ്പാല്‍ അധികമൊന്നും കുടിച്ചിട്ടില്ല..അവള്‍ക്കു കിട്ടീട്ടില്ല..

കൊടുക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ലാരുന്നു .ഇല്ലായിരുന്നു,അതാണ്‌ സത്യം.പ്രസവം ഏഴാം മാസത്തിലായിരുന്നു.
പ്രീ റ്റേം,കുഞ്ഞിനു ഒന്നര കിലോ മാത്രം ഭാരം.
ജനിച്ചയുടനെ തന്നെ അവളെ ഐ.സി.യുവില്‍,വെന്റിലേറ്ററില്‍ കിടത്തേണ്ടി വന്നു,നീണ്ട പതിനാലു ദിവസം..
അത് കഴിഞ്ഞാണ് ബന്ധുക്കളെല്ലാവരും,എന്തിനു എന്റെ അച്ഛനും അമ്മയും വരെ കണ്ടത്..

അഞ്ചു ദിവസം കഴിഞ്ഞാണ് കുഞ്ഞിനു മുലപ്പാല്‍ കൊടുത്തു തുടങ്ങാമെന്ന് ഡോക്ടര്‍ അറിയിച്ചത്..അത് വരെ അവള്‍ക്കു ഗ്ലൂകോസും ,മരുന്നുകളും 
മാത്രമായിരുന്നു..കുഞ്ഞിനു പാല് വലിച്ചു കുടിക്കാനുള്ള ശക്തിയില്ല,പിഴിഞ്ഞ് കൊടുക്കണം. നഴ്സുമാരും,അമ്മയും ഞാനുമൊക്കെ കിണഞ്ഞു ശ്രമിച്ചു,വേദന മാത്രം ബാക്കി.എത്ര വേദന സഹിച്ചാലും നാലോ അഞ്ചോ മില്ലി പാല് കിട്ടും.അത് കൊണ്ട് കുഞ്ഞിന്റെ വയറെങ്ങനെ നിറയാന്‍?   പാലില്ല എന്നാ സത്യം ശരിക്കും വിഷമിപ്പിക്കുന്നതായിരുന്നു.ഒടുവില്‍ പാല്‍പ്പൊടി കലക്കി കൊടുക്കാന്‍ തുടങ്ങി..
പാവം മുലപ്പാല്‍ കുടിച്ചു വയറു നിറയ്ക്കാന്‍ ഭാഗ്യമില്ലാത്ത എന്റെ മോള്‍..

അതുകൊണ്ടാണാവോ  എന്തോ,അവളോട്‌ ഇപ്പോഴും ഒരുമ്മ തരാന്‍ പറഞ്ഞാല്‍ ചിരിച്ചു കൊണ്ട് മുഖം തിരിച്ചു കളയും.എനിക്ക് മാത്രമല്ല ആര്‍ക്കും കൊടുക്കാറില്ല..അങ്ങോട്ടുമ്മ കൊടുക്കാന്‍ ചെന്നാലും ഇതാണവസ്ഥ.

മോള്‍ക്ക്‌ അവളുടെ കളിപ്പാട്ടങ്ങളില്‍ ഏറ്റവും ഇഷ്ടം മൂന്നു പാവകളോടാണ്..
എല്ലാം സോഫ്റ്റ്‌ പാവകള്‍,
ഒരു ഒലിവിന്റെ അവളെക്കാളും വലിയൊരു പാവ.
ഒരു മുയലന്‍,പിന്നൊരു പൂച്ചക്കുട്ടി..
അതിലേതെങ്കിലും വേണം അവള്‍ക്കു കൂട്ടിനു..ഉറങ്ങാന്‍ നേരമായാലും..
ഒരു വയസ്സ് കഴിഞ്ഞിട്ടും,ഈ മൂന്നു പാവകളും തന്നെയാണ് അവള്‍ക്കു ഏറ്റവും ഇഷ്ടം.ഇവ അടുത്തുണ്ടെങ്കില്‍ അവള്‍ക്കു പ്രത്യേക സന്തോഷമാണ്..
ഒരുമ്മ താ മോളെയെന്നു പറഞ്ഞാല്‍,ഈ പാവകള്‍ അടുത്തുണ്ടെങ്കില്‍ അവയ്ക്ക് കൊടുക്കും..
പക്ഷെ മൂക്കില്‍ മാത്രം..കൂടെ കടിയും കൊടുക്കും..
എന്നിട്ട് മനോഹരമായ്,പുതുതായ് വന്ന കുഞ്ഞിരി പല്ലുകള്‍ കാട്ടി ചിരിക്കും..
മിടുക്കി ഉമ്മ കൊടുക്കാന്‍ പഠിച്ചിരിക്കുന്നു..എന്നാല്‍ നമ്മുക്കാര്‍ക്കും ഇല്ല..

ഒരിക്കല്‍ കുഞ്ഞിനെ കയ്യ് മാറാന്‍ ആരുമില്ലാത്ത ഒരു ദിവസം,വസ്ത്രം മാറുമ്പോള്‍ അവളും കൂടുണ്ടാരുന്നു..
മുലഞ്ഞെട്ടു കണ്ടു തൊടണമെന്നു കാണിച്ചു കൊണ്ട് കൈ നീട്ടി..
മുലപ്പാല് കിട്ടീട്ടില്ല,അവളതു തൊട്ടെങ്കിലും അറിയട്ടെ.
പോന്നു മോള്‍..
ഭയങ്കര സന്തോഷത്തോടെ അത്ഭുതത്തോടെ കുഞ്ഞു മുലഞ്ഞെട്ടില്‍ തൊട്ടു..
പിന്നെയും പിന്നെയും തൊട്ടു..
എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മോള്‍ എനിക്ക് ഉമ്മ തന്നു..
ചോദിക്കാതെ,
മുലയില്‍,മുലഞ്ഞെട്ടില്‍..
എന്റെ കണ്ണ് നിറഞ്ഞു പോയ്‌.
അവളതിപ്പോഴും ഓര്‍ക്കുന്നു...  
നഷ്ടത്തിന്റെ,വേദനയുടെ കുഞ്ഞു മനസ്സ്..

അവളെ പിടിച്ചു മാറ്റി,വേഷം മാറി..
കരച്ചില്‍ കണ്ടില്ല എന്ന് നടിച്ചു..
അവളുടെ പ്രിയ പാവകളെ എടുത്ത് കയ്യില്‍ കൊടുത്തു..
വാശിക്കാണെന്ന്   തോന്നുന്നു,
പാവകള്‍ക്കെല്ലാം ഒത്തിരിയൊത്തിരി ഉമ്മ കൊടുക്കുന്നു..
അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത്..

അവളുടെ ആ മൂന്നു പാവകളുടെ മൂക്കിനും മുലഞ്ഞെട്ടിനും ഒരേ നിറം!!!

എന്റെ പോന്നു മോളെ..
നിന്റെ ഉമ്മകള്‍ക്കൊന്നും ഞങ്ങള്‍ക്ക് അവകാശമില്ല...
നീ ഞങ്ങള്‍ക്ക് തരാത്തൊരുമ്മ,നിന്റെ നെറ്റിയില്‍ .
ഉമ്മ..    


Thursday, 23 September 2010

126 കി.മീ പ്രണയം


"ഏകനല്ല  ഞാനിന്നീ യാത്രയില്‍ കൂടെയുണ്ട് നീ ശബ്ദമായ്,പ്രണയമായ്.."

ഈ രാത്രിയില്‍ ഇത്രയും ദൂരം ഒറ്റയ്ക്ക് പോകാമെന്ന് വെച്ചത് തന്നെ  അങ്ങെത്തുന്നത് വരെ നീ
 ഫോണ്‍ ചെയ്യാമെന്ന് സമ്മതിച്ചത്  കൊണ്ട്  മാത്രമാണ്.
നിന്റെ ശബ്ദം,
നീ തുറന്നു തന്ന പ്രണയം,അതാണിന്ന് എന്റെ ഊര്‍ജ്ജം,സത്യം,എത്രയോ ബാറിന്റെ വാതിലുകള്‍ കണ്മറഞ്ഞു പോകുന്നു .
ദേ,ഒരെണ്ണം ഇപ്പോഴും കടന്നു പോയി ...
ബട്ട്..ഞാന്‍ കടന്നില്ല.നിന്നോട് സംസാരിക്കുന്നതിനേക്കാള്‍ വല്യ ലഹരിയൊന്നും ഒരു ശ്വേത കുസൃതികള്‍ക്കും തരാനാവില്ല പൊന്നേ..

അതി വിശാലമായ എം.സി.റോഡ്‌ ,ഈ നേരമായത് കൊണ്ടാവും അധികം വാഹനങ്ങള്‍ പോലുമില്ല നമ്മളെ ശല്യപ്പെടുത്താന്‍..
എന്തിനാണ് പെണ്ണെ ഇത്രയേറെ എന്നെ പ്രണയിക്കുന്നത്..
നമ്മള്‍ ഒരുമിച്ചു ചിലവഴിച്ച ഈ സുന്ദര സായ്ഹാനം എങ്ങനെ ഞാന്‍ മറക്കും..
ആ കടല്‍തീരവും,സൂര്യാസ്തമനവും ഈ ജീവിതകാലം മുഴുവന്‍ എന്റെ ഓര്‍മ്മയില്‍ കാണും..
അവിടെ എവിടെങ്കിലും  നീ എന്റെ മനസ്സ് കണ്ടോ കൊച്ചേ..
അവനിപ്പോള്‍ എന്റെ കൂടെയില്ല.
അവിടെയെങ്ങാനും കാണുകയാണെങ്കില്‍,മിക്കവാറും നിന്റെ കൂടെ തന്നെ കാണും,ദയവായി എന്റെ അടുത്തേക്കൊന്നു പറഞ്ഞു വിടൂ..
ഒന്നുമല്ലെങ്കിലും മുപ്പത്തിമൂന്നു കൊല്ലം എന്നോടൊത്തു കഴിഞ്ഞതല്ലേ?
അസ്തമനം കാത്തു നമ്മള്‍ നിന്നപ്പോള്‍ എന്റെ മനസ്സിറങ്ങി കടലിലേക്ക്‌ പോയി..
നിന്നോടോപ്പമില്ലെങ്കില്‍ തീര്‍ച്ചയായും അവനവിടെ കാണും,നിന്നോടൊത്തു ചിലവഴിച്ച സുന്ദര നിമിഷങ്ങള്‍ അയവിറക്കി കൊണ്ട് ആ കടല്‍ തീരത്ത് ഒറ്റയ്ക്ക്,പാവം,അവനെ കണ്ടെത്തി എന്റെയടുത്തേക്ക് തിരിച്ചയക്കെടാ ...

 ഇല്ല റോഡ്‌ വിജനം,
അധികം സ്പീഡിലല്ല   ഓടിക്കുന്നത്,വേഗത വെറും അറുപതു  കി.മീ. മാത്രം.
മുന്നില്‍ നടുക്ക് വെളുത്ത വരയുള്ള വെല്‍വെറ്റ് പോലെ കറുകറുത്ത റോഡ്‌ 
രണ്ടു വശങ്ങളിലുള്ള ചുവന്ന റിഫ്ലക്ടറുകളും,നടുക്കുള്ള വെള്ള റിഫ്ലക്ടറുകളും ഒരു പോലെ തിളങ്ങുന്നു,
നിന്റെ കണ്ണുകള്‍ പോലെ..
ശരിക്കും എന്ത് തിളക്കമാണെന്നോ,റിഫ്ല ക്ടെറുടെ കാര്യമല്ല നിന്റെ കണ്ണുകള്‍..
ആ കണ്ണ് മാത്രമായി നിന്റെ പ്രൊഫൈല്‍ കണ്ടാല്‍ ആള്‍ക്കാര്‍ മറ്റു പലതും കരുതും..
എന്ത് കരുതുമെന്നോ?പറയാന്‍ എനിക്ക് മനസ്സില്ല..

ഒരു ആമ്പുലന്‍സ് ചീറി പാഞ്ഞു വരുന്നു..വഴി ഒതുക്കി കൊടുക്കട്ടെ...
ജീവനും കൊണ്ടോടുന്ന ആമ്പുലന്‍സ്,അതെ ആരുടെയോ ജീവനും കൊണ്ട്..
ഞാനും വണ്ടി നിര്‍ത്തട്ടെ,
മൂത്രമൊഴിക്കാന്‍..
നക്ഷത്രങ്ങളോട് രണ്ടു കൊച്ചു വര്‍ത്തമാനം പറയാന്‍..
നിന്നോട് പറഞ്ഞതൊന്നും പോരാഞ്ഞിട്ടല്ല...
അവ അങ്ങോട്ട്‌ വരുമ്പോള്‍ നിന്നെ ഞാനൊരുപാട് പ്രണയിക്കുന്നുണ്ടെന്നു പറയാന്‍ വേണ്ടി രണ്ടു കൊച്ചു വര്‍ത്തമാനം അത്രേയുള്ളൂ..കഴിഞ്ഞു ഞങ്ങള്‍ നീങ്ങി തുടങ്ങി..

ശരിക്കും കറുത്ത വഴി,
പകലത്തെ ചൂടും,തിരക്കും ഒഴിഞ്ഞു വിശ്രമിക്കുകയാവും..
പകല്‍ എത്ര പേര്‍ അഹങ്കാരത്തോടെ ചവിട്ടിമെതിച്ച്‌ കടന്നു പോയ വഴി..
ഇപ്പോള്‍ ആരുമില്ല,
ഞാനും നീയും നമ്മുടെ പ്രണയവും..
അതും പേറി ഇവള്‍ എന്നെയും കൊണ്ടങ്ങനെ പോവുന്നു...
അല്ല സുഖമായ് ഒഴുകുന്നു..

ഇന്നത്തെ ദിവസം സ്വപ്നം പോലെയാടാ,
ഞാന്‍ കണ്ട ഏറ്റവും നല്ല സ്വപ്നം..
വിശ്വാസം തീരെ വരുന്നില്ല..ഇന്ന് മുഴുവന്‍ ഞാന്‍ നിന്റെ കൂടെയായിരുന്നുവെന്ന്..
ഇന്ന് ഞാനെല്ലാത്തിലും പ്രണയം കാണുന്നു..
ഈ കറുത്ത റോഡിലും,
വഴി തിരിച്ചു കാട്ടും റിഫ്ലെക്ടറിലും
ആരുടെയോ ജീവന്‍ പിടിച്ചു കൊണ്ടോടിയ ആമ്പുലന്സിലുമെല്ലാം പ്രണയം..
പ്രണയം മാത്രം..
ഇന്നീ വര്‍ത്തമാനം തടയാന്‍ ഒരു പോലീസുകാരന്‍ പോലും കടന്നു വന്ന വഴികളിലൊന്നും കണ്ടില്ല..
ഉണ്ടായിരുന്നെങ്കില്‍ അയാളെയും ഞാന്‍ പ്രണയിച്ചേനെ..

ഹേയ്,നോക്കിയോടിക്കുകയോന്നും വേണ്ട..
ഇവള്‍ക്കറിയാം വഴികളെല്ലാം,എന്നെയും..
അതുകൊണ്ടാവണം ഒന്നും മിണ്ടാതെ വരുന്നത്..
അല്ലെങ്കില്‍,നമ്മുടെ വര്‍ത്തമാനം കേട്ട് ഇവളും പ്രണയിച്ചു തുടങ്ങി കാണും..

സ്വപ്നമേ,എന്റെ പ്രണയമേ..
ഇതാ വീടെത്തിയിരിക്കുന്നു..126 കി.മീ..കടന്നു പോയത് ഞാനറിഞ്ഞില്ല..മൂന്നു മണിക്കൂറും..
ഗെയ്റ്റ് തുറക്കുന്നുണ്ട്..ഭാര്യ വരുന്നു..
എന്നാല്‍ നീ വെച്ചോ..രാത്രിയില്‍ എസ്.എം.എസ്..മറക്കണ്ട 
നിനക്കും മകള്‍ക്കും ശുഭരാത്രി.. 
-- 

Monday, 30 August 2010

ആഴങ്ങള്‍ തേടുന്നവര്‍..


എങ്ങു പോകുന്നൂ നിങ്ങള്‍ പ്രിയരേ?
പുഴക്കടിയിലെ കൊടും തണുപ്പില്‍
സ്വപ്ന ലോകത്തിന്‍ ആഴം അളക്കുവാന്‍?
ചില്ലു കൊട്ടാരങ്ങള്‍,കുപ്പി വിളക്കുകള്‍
ഒഴുകും കിനാവുകള്‍,കാവല്‍ നിലാവുകള്‍
സുന്ദര,മന്ദാര മത്സ്യവിരാഗികള്‍
എല്ലാം കഥയിലെ അസത്യസത്യങ്ങള്‍

സ്ഫടിക മേല്‍നീരിന്നടിയിലാണ് വാസ്തവം
മുത്തുകളില്ലാത്തൊരൂഷര ചിപ്പികള്‍
തന്നിലേക്കാഴ്ത്തി  സ്നേഹിക്കും കരിഞ്ചെളിക്കയങ്ങള്‍
ചുറ്റി വരിഞ്ഞു കരകാട്ടാതെ പുല്‍കും
കാട്ടുവള്ളി കിഴവന്റെ കയ്യുകള്‍

ഞങ്ങളെ വിട്ടെങ്ങു പോകുന്നു പ്രിയരേ
തണുത്തുറഞ്ഞ ആഴങ്ങളില്‍ എന്തുകാണുവാന്‍?
ചെറുവലക്കണ്ണിയില്‍ കുരുങ്ങി മരിയ്ക്കും 
മത്സ്യ സ്വപ്നത്തിന്‍ നിറങ്ങള്‍ പകുക്കുവാന്‍
എന്നും മരിക്കുന്ന പുഴയെ കാണുവാന്‍
ഇതിലേതാണ് നിങ്ങളെ കൊണ്ടുപോകുന്നത്
ഇതിലെന്താണ് നിങ്ങള്‍ക്ക്  കാണുവാനുള്ളത്
എന്റെ മക്കളെ...
ഞങ്ങളെ ഉപേക്ഷിച്ചു എങ്ങു പോകുന്നു
ആഴങ്ങളിലേക്ക് നിങ്ങള്‍ എന്തിനു പോകുന്നു?

Saturday, 5 June 2010

തട്ടം


അരുത്, ഇട്ടു പോകരുത് 

നിൻ തലയിലീ കീറത്തുണിയിനിമേൽ 
സമത്വമാണഖിലം   
ഒരേ നിറം 
നിന്റെ ഉടുപ്പും പാവാടയും 
എല്ലാം മറ്റുള്ളവരുടേതു പോല്‍
ഒരേ നിറം..
ഷൂസും സോക്സും ഒരേനിറം
ഒരേ ബ്രാന്റില്‍ ഞങ്ങള്‍ തരുന്നത്..
തരാത്തതൊന്നു തലയിലണിഞ്ഞു
സമത്വമില്ലാതാക്കരുതൊരിക്കലും

ഞങ്ങൾ മുതിർന്നവർ,ബുദ്ധിയുറച്ചവർ
ചൊല്ലിത്തരുന്നത് കേട്ടു കൊൾക..
കാട്ടിത്തരുന്നത് കണ്ടു കൊൾക 
ഞങ്ങൾ, എത്ര സമത്വപ്പൊതികൾ നൽകിയോർ
വിതുരയിൽ, മധുരയിൽ 
ഐസ്ക്രീം തണുപ്പിച്ച ചുവരുകൾക്കുള്ളിൽ
എത്ര സമത്വ പൊതികൾ വിളമ്പിയോർ

എത്രമീൽ ചൊല്ലിത്തന്നതാണ്..
അസമത്വമാണ് നിൻ തട്ടമെന്ന് 
ഇനിയാര് കേൾക്കുവാൻ..
എങ്ങിനെ കേൾക്കുവാൻ
ഉടലും തലയും വേറ്തിരിച്ചറിയാതെ
ഒന്നായി നീ കരിഞ്ഞിരിക്കുന്നു  
എങ്കിലും,
എങ്കിലും നിന്നോട് അസമത്വമോതി
തരി പോലും കരിയാതെ തട്ടമരികിൽ,  
നിൻ തട്ടമരികിൽ 

ഞങ്ങൾ മുതിർന്നവർ,ബുദ്ധിയുറച്ചവർ
ചൊല്ലിത്തരുന്നത് കേട്ടു കൊൾക..
കാട്ടിത്തരുന്നത് കണ്ടു കൊൾക...

Saturday, 22 May 2010

ഇരട്ടകകൾ

രണ്ടു തലയും ഒരുടലുമായ്
ഞാനിങ്ങനെ..ഞങ്ങളിങ്ങനെ..
കടലിലലിഞ്ഞ പുഴ പോൽ
ഒന്നായിങ്ങനെ...
രണ്ടു ചിന്തകൾ ഒരുമിച്ചു 
ചുട്ടുപൊള്ളിക്കുന്ന ഒരേയുടല്‍...
ഇടതു നിനക്കും വലതെനിക്കുമെന്നു
വീതിച്ചെടുത്ത ഒരൊറ്റയുടൽ
ഒട്ടിയ  രണ്ടുടലെങ്കിൽ
പണ്ടേ കീറിയെറിഞ്ഞേനെ നിന്നെ,
ബീജകാലം മുതൽക്കെ-
ല്ലാത്തിനും പങ്കു പറ്റുന്നവൻ
ഇല്ല, ഇനിയെൻ പ്രണയത്തിൽ
പങ്കു ചേർക്കില്ല നിന്നെ 
ചാവുക ..
നിന്റെയീ പ്രിയ പാനീയത്തിൽ
കലക്കിയ കൊടും വിഷം
ഞാൻ കുടിക്കുന്നു..

Tuesday, 11 May 2010

മുംതാസ്


മുംതാസ്...
ഷാജഹാന്റെയല്ല,കാലത്തിന്റെ  മുംതാസ്
കടൽ കരതിന്നു കരുത്തനായ നാൾ
കരൾ കവച്ചെന്നില്‍ കടന്ന നാൾ
വെളുത്ത ഫ്രെയ്മിലെ ചുവന്ന വര പോലെ
തുടയിലെ പോറലുകൾ..

വേലിയിറക്കം,
ഒലിച്ചു പോകുന്നു നാണവും മാനവും
തിരയിലെഴുതിയ കഥയും,പ്രണയവും 
നീറ്റലാണ് ബാക്കി,
തരിമണല്‍ തുടയിലുരഞ്ഞ നീറ്റൽ
മുംതാസാണ് ഞാൻ
താജ്മഹൽ കടലില്‍ ഉപ്പു തിന്നുന്നു..

Tuesday, 13 April 2010

ഗന്ധംഎന്ത് മണമായിരുന്നു നിനക്ക്,
അത്തറിന്റെയും ചുരുട്ടിന്റെയും 
ചേർത്തുവച്ച ഉന്മാദ ഗന്ധം..
ഇരുണ്ടു വെളുക്കുന്തോറും 
മാറി മാറി വരുന്ന മണം..
അത്തറില്ലാതെ ചുരുട്ടിന്റെ 
കറ പിടിച്ച കറുത്ത മണം 
കിങ്ങ്സും,വില്‍സും,ഗോള്‍ഡും,
സിസ്സറും,പനാമയും, ബീഡിയുമായ്‌
വിലകുറഞ്ഞു കുറഞ്ഞു വരുന്ന മണം 
പിന്നെ വെറും വിയർപ്പു മാത്രമായ്
വിയർപ്പും മൂത്രവുമായ് 
കൂടിക്കുഴഞ്ഞു  വാടയായ് മാറിയ 
നിന്റെ ഒടുക്കത്തെ മണം 
പോ ശവമേ.. 

Monday, 15 March 2010

എന്റെ പഴയ കാമുകി..


ഉച്ചക്ക് ചെറിയ ശബ്ദത്തില്‍ കവിത വെച്ച്,ഭാര്യയുടെ മാറിലേക്ക് തല പൂഴ്ത്തി ഉറങ്ങാന്‍ തുടങ്ങിയപ്പോളാണവള്‍ വന്നത്.

എന്റെ പഴയ കാമുകി,

സത്യത്തില്‍ ആദ്യം വന്നത് ഫോണ്‍ കോളായിരുന്നു.
പരിചയമില്ലാത്ത നമ്പര്‍.
ഹലോ,ഉറക്കച്ചടവില്‍ പറഞ്ഞു..
ഇത് ഞാനാ....................
ഉറക്കം പറപറന്നു..ഒരു ചെറിയ നെഞ്ചിടിപ്പ്‌..
ഇതിപ്പോള്‍ എവിടാ..
നാട്ടിലുണ്ട്..
ഒന്ന് കാണണം.
ഒരു നിമിഷത്തെ മൌനത്തിനു ശേഷം പറഞ്ഞു അതിനെന്താ വീട്ടിലോട്ടു വന്നോളു,ഒറ്റക്കെയുള്ളോ?
അതെ,സാജും,കുഞ്ഞും വന്നില്ല..
ശരി,എപ്പോഴാ വരുന്നത്..
ഉടനെയെത്തും..
ഒരു മണിക്കൂറിനുള്ളിലാളെത്തി..
പഴയ രൂപമേയല്ല..
കല്യാണത്തിനു കണ്ടതാ..എട്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു...
ഒരു ഓക്വര്‍ഡു വട്ട കണ്ണട,ചുവന്ന ഫ്രെയിം..
ആകെ ക്ഷീണിത രൂപം..

ഹലോ..
ഭാര്യ എവിടെന്നു തിരിഞ്ഞു നോക്കികൊണ്ട് ഞാനും ഹലോ പറഞ്ഞു
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍..
സുഖം,,വീട് ആര് പറഞ്ഞു തന്നു?
ദേ,തന്റെ ചെറിയമ്മ കൂടെയുണ്ടാരുന്നു
പഴയ കൂട്ട് പൊടി തട്ടിയെടുത്തല്ലേ..
നിങ്ങടെ കല്യാണകഥയൊക്കെ പറഞ്ഞു തന്നു..
അതെന്തു കഥയാ?
ഒത്തിരി പാട് പെട്ടാണത്രെ നിങ്ങള് ഒന്നായതെന്നു..
ഊം..ഞാനൊന്ന് മൂളി,
ബാ ഇരിക്ക്..

മഴ ചാറി തുടങ്ങി..
സിറ്റ് ഔട്ടിലേക്ക് എറിച്ചില്‍ അടിക്കുന്നു..
അകത്തോട്ടിരിക്കാം.
വേണ്ട,എത്ര നാളായി മഴയിങ്ങനെ പെയ്യുന്നത് കണ്ടിട്ട്
നമ്മുക്ക് ഇവിടിരിക്കാം..പണ്ടെത്ര മഴ കണ്ടതാ ഒരുമിച്ച്..
നിശബ്ദനായ് ഞാനും മഴയിലേക്ക്‌ നോക്കിയിരുന്നു..
അവളെ ഞാന്‍ കാണുകയായിരുന്നു,ഒരുപാട് നാളുകള്‍ക്കു ശേഷം..
എന്തിനാണ് വന്നതെന്നോ,ഇപ്പോളെവിടാണെന്നോ ഒന്നും ചോദിച്ചില്ല,അവളൊന്നും പറയുന്നുമില്ല
വെറുതെ മഴ നോക്കിയിരിക്കുന്നു...
എന്റെ മനസ്സ് വായിച്ചത് പോലെ പെട്ടന്നവള്‍ പറഞ്ഞു..
വെറുതെ,വെറും വെറുതെ വന്നതാ,നാട്ടിലുണ്ടെന്നറിഞ്ഞപ്പോള്‍ ഒന്ന് കാണണമെന്ന് തോന്നി..
അത്ര മാത്രം..

അമ്മ ചായ കൊണ്ട് വന്നു..
പഴയ ദേഷ്യം ഇപ്പോഴും അമ്മയുടെ മുഖത്തുണ്ടെന്നു തോന്നുന്നു..
എനിക്കുള്ളില്‍ ചിരി വന്നു..
ആരോടാണമ്മ ഇപ്പോഴും ഈ ദേഷ്യം കാണിക്കുന്നത്..
രണ്ടു പേരും അവരവരുടെ ജീവിതത്തില്‍,രണ്ടു ധ്രുവങ്ങളില്‍..

ഈ മഴയൊക്കെ നമ്മുടെ ജീവിതത്തില്‍ ഇത് പോലെയിനിയും പെയ്യുമോ?
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു..അതോ എനിക്ക് തോന്നിയതാണോ..
സാജിനൊന്നും മഴ ഇഷ്ടമേയല്ല..മഴ വന്നാല്‍ അപ്പോള്‍ ചുരുണ്ട് കൂടും..അഞ്ചു വരെ തികച്ചു എണ്ണണ്ട അതിനു മുന്‍പേ കൂര്‍ക്കം വലി കേള്‍ക്കാം..
ഹ ഹ ..ഞാന്‍ വെറുതെ ചിരിച്ചു..
ഉടനെ തിരിച്ചു പോകുമോ?
അടുത്താഴ്ച്ച..


ഒന്നുമൊന്നും പറയാനില്ല..ഭാര്യ ഇടയ്ക്കു വന്നു നോക്കുന്നുണ്ട്,
ഞാന്‍ കണ്ടില്ലയെന്ന് നടിച്ചു..
എന്നാല്‍ ഞാനിറങ്ങട്ടെ,
ഒന്നും പറഞ്ഞില്ല,മഴയല്ലെയെന്നു മാത്രം ചോദിച്ചു..
സാരമില്ല ,ആ പഴയ ചിരി മുഖത്തൊന്നു മിന്നിയോ?

ചായ കപ്പു നീട്ടി..
പിടിക്കുന്നതിനു മുന്‍പ് കൈവിട്ടു...
ക്ടിന്‍..

ഭാര്യയുടെ നെഞ്ചത്ത് നിന്നും ഞെട്ടിയെഴുന്നേറ്റു..
മാന്‍ ഹോളിന്റെ ഇരുമ്പ് അടപ്പിന്റെ മുകളിലൂടെ ഒരു ട്രക്ക് പാഞ്ഞു പോകുന്നു..

മുരുകന്‍ കാട്ടാക്കട കവിത ചൊല്ലുന്നു..
"അരികില്‍ ശീമക്കാറിന്നുള്ളില്‍
സുഖ ശീതള മൃദു മാറിന്‍ ചൂരില്‍
ഒരു ശ്വാനന്‍ പാല്‍ നുണവതു കാണാം"