Trending Books

Friday, 8 March 2013

ഞാൻ മരിച്ചു പോയാൽ


മാർച്ച് 2-8 ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വന്നത് 



ഞാൻ മരിച്ചു പോയാൽ 
നീ താഹിർ ഷഫീഖിനെ വിളിക്കണം 
ബാലിഹോണിസിലെ പള്ളിപ്പറമ്പിൽ 
എനിക്കായ് ഒരു സ്ഥലം അയാളൊരുക്കും, 
അയാൾ നല്ലവനാണ്, 

ജീവിച്ചിരിക്കുന്ന എന്നെ 
നാട്ടിലെത്തിക്കുന്നതിനേക്കാളും 
ചിലവാണ് മരിച്ച എന്നെ 
നാട്ടിലെത്തിക്കുവാൻ, 
അല്ലെങ്കിലും അവിടെന്തിന് ? 
അതിനാൽ ഞാൻ മരിച്ചാൽ
നീ അയാളെ  
പെട്ടന്നു തന്നെ വിളിക്കണം.. 

നാട്ടിലെ ഒറ്റ ഭാഷ 
സംസാരിക്കുന്ന കബറിനേക്കാൾ 
ഇവിടുത്തെ 
പലഭാഷകൾ സംസാരിക്കുന്ന 
കബറാണ് നല്ലത്.. 
കരയുമ്പോൾ മലയാളത്തിലായാൽ 
ആർക്കും മനസ്സിലാവില്ല..
പരിഭാഷകളില്ലാത്ത ഒറ്റക്കരച്ചിൽ
മലയാളിയായ് ഞാൻ മാത്രമേ 
കാണുവെന്നുറപ്പാണ്..

പെരുന്നാളുകൾക്ക്, 
മക്കളുടെ കല്യാണങ്ങൾക്ക്, 
ഇറാക്കിൽ, പാകിസ്ഥാനിൽ 
പൊട്ടിയ ബോംബുകളെ കുറിച്ച്, 
ജീവനെക്കുറിച്ച്, 
സദ്ദാമിനെ, ബഷറിനെ, സദറിനെ,
ഷാവേസിനെ, നെജാദിനെ, ഒബാമയെ...
സകല ജീവനേയും, ഞങ്ങൾ 
ഞങ്ങളുടെ ഫോസ്ഫറസ് വെളിച്ചത്തിൽ പറയും...
പേർഷ്യനിൽ, അറബിയിൽ, ഉറുദുവിൽ, 
ഹിന്ദിയിൽ, ബംഗാളിയിൽ, മലയാളത്തിൽ.. 

സത്യമായും ഞാനൊറ്റക്കാവില്ല.. 
പാകിസ്ഥാനിലേക്കുള്ള ഫ്ളൈറ്റ് നോക്കി 
കണ്ണടയ്ക്കാതെ മരിച്ച പച്ചയുണ്ട്, 
ആരുമറിയാതെ വാപ്പ അടക്കിയിട്ടു പോയ 
രണ്ടു വയസ്സുള്ള സിറിയക്കാരൻ സെയ്ദുണ്ട്..
സത്യമായും ഞാനൊറ്റയ്ക്കാവില്ല.. 

മക്കളെയോർത്ത് നീ പേടിക്കണ്ട..
മൂത്തവളെ എന്റെ പെങ്ങളെ ഏൽപ്പിക്കൂ, 
അവൾക്ക് രണ്ടാമ്പിള്ളാരല്ലെ, 
കെട്ടിക്കാൻ നേരം 
അളിയൻ മുഖം കറുത്താലും 
സ്നേഹിക്കുമെന്നുറപ്പാണ്, 
രണ്ടാമത്തവളെ നിന്റെ 
അനിയത്തിയെ ഏൽപ്പിക്കൂ, 
അവൾക്കും രണ്ടാമ്പിള്ളാരല്ലെ.. 
അവളെയും കൂടവർ നോക്കുമെന്നുറപ്പ് തന്നെ.. 

ഞാൻ മരിക്കുമെന്നുറപ്പായാൽ 
നീ എന്നെ മറക്കാൻ പഠിക്കൂ, 
മരിച്ചു കഴിഞ്ഞാൽ എന്നെ 
താഹിർ ഷഫീഖിനെ ഏൽപ്പിച്ചു 
പൂർണ്ണമായും മറക്കൂ..



22 comments:

Anonymous said...

നല്ല വരികള്‍. ആശംസകള്‍...

AnuRaj.Ks said...

പ്രവാസിയുടെ അരക്ഷിതം കലര്ന്ന ആത്മ ദു:ഖം, വെളിവാക്കുന്ന കവിത ...ഇഷ്ടപ്പെട്ടു

Vinodkumar Thallasseri said...

പരിഭാഷകള്‍ ആവശ്യമില്ലാത്ത കരച്ചില്‍

സൗഗന്ധികം said...

പരിഭാഷകളില്ലാത്ത ഒറ്റക്കരച്ചിൽ
മലയാളിയായ് ഞാൻ മാത്രമേ
കാണുവെന്നുറപ്പാണ്..

പറയാൻ പറ്റില്ല.ചിലപ്പോൾ അടുത്ത ഖബറിൽ നിന്നും കേൾക്കാമിങ്ങനെ..

''എന്താ ജ്ജ് കരയുന്നേ''..?  ''എന്തൂട്ട് ഘടീ ങളിങ്ങനെ മോങ്ങണത്''..?

''എന്തരിനപ്പീ ഈ പങ്കപ്പാടുകള്''..?  ''എടാ ഉവ്വേ,എന്നാത്തിനാ ഈ മോങ്ങല്''...?

''എന്തുവാടേ, ഈ കരച്ചിലും പിഴിച്ചിലും''.?  എന്നൊക്കെ. മലയാളികളല്ലേ...?ഹ..ഹ..ഹ


കവിത ഒത്തിരി ഇഷ്ടമായി. കേട്ടോ?

ശുഭാശംസകൾ....

Muralee Mukundan , ബിലാത്തിപട്ടണം said...

നാട്ടിലെ ഒറ്റ ഭാഷ
സംസാരിക്കുന്ന കബറിനേക്കാൾ
ഇവിടുത്തെ
പലഭാഷകൾ സംസാരിക്കുന്ന
കബറാണ് നല്ലത്..
കരയുമ്പോൾ മലയാളത്തിലായാൽ
ആർക്കും മനസ്സിലാവില്ല..
പരിഭാഷകളില്ലാത്ത ഒറ്റക്കരച്ചിൽ
മലയാളിയായ് ഞാൻ മാത്രമേ
കാണുവെന്നുറപ്പാണ്..

മരണത്തിന് ട്രാൻസിലേഷൻ ഒട്ടും വേണ്ടല്ലോ അല്ലെ ഭായ്

ഷാജു അത്താണിക്കല്‍ said...

വീട്ടിലേക്കുള്ള വഴി ഓർമ വന്നു, വിനയചന്ദ്രൻ മാഷിന്റെ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

മനസ്സില്‍ നോവ് തീര്‍ക്കുന്ന വാക്കുകള്‍ .നല്ല കവിത.

Neelima said...

ഇഷ്ട്ടായി .

പട്ടേപ്പാടം റാംജി said...

പലഭാഷകൾ സംസാരിക്കുന്ന
കബറാണ് നല്ലത്..

നല്ല വരികളില്‍ നിറയെ ദുഃഖം.

Unknown said...

മരണം ഒരു പൂര്‍ണതയായെന്നു പറയുന്നുവോ

C J Jithien said...

കലക്കി

Unknown said...

enticingly different thought and words...
keep writing...

പാവപ്പെട്ടവൻ said...
This comment has been removed by the author.
പാവപ്പെട്ടവൻ said...

എല്ലാഭാഷകൾക്കും,എല്ല്ലാസംസ്കാരത്തിനും എല്ലാനിറഭേദഗങ്ങൾക്കും അപ്പുറമുള്ള വെറും സ്വകാര്യമായ മരണം.ആ നിർജ്ജീവാസ്ഥക്ക് ഒരേഒരു അർത്ഥമേയുള്ള് ഏതുദേശത്തും ഏതുലോകത്തും.വേർപാടിന്റെ ലളീതമായ വിലാപങ്ങൾ വളരെ കുറഞ്ഞകാലത്തേക്ക് ഒരു വൃദംപോലെ ആചരിക്കും. പ്രിയസുഹൃത്തിന്റെനല്ലവരികൾക്ക് ..ഈ വെറും പാവപ്പെട്ടവന്റെ അഭിനന്ദനങ്ങൾ

ചന്ദ്രകാന്തം said...

പല കാലങ്ങളില്‍, ദേശങ്ങളില്‍ പ്രതിഫലിയ്ക്കുന്ന മരണമില്ലാത്ത ചിന്താഭാഷ.

प्रिन्स|പ്രിന്‍സ് said...

മരണം മറവിയെ സുഗമമാക്കുന്നു.
നല്ല വരികൾ.

Cv Thankappan said...

നൊമ്പരപ്പെടുത്തുന്ന വരികള്‍
ആശംസകള്‍

Faisu said...

നല്ല വരികള്‍ (y)

Basheer Vallikkunnu said...

simple n powerful..

നാമൂസ് പെരുവള്ളൂര്‍ said...

ഇതിനേക്കാള്‍ എളുപ്പത്തില്‍ ഇനിയെങ്ങനെ ആവിഷ്കരിക്കും നാം നമ്മെ..?

kaviurava said...

ജീവനുള്ള കവിത

kaviurava said...

ജീവനുള്ള കവിത