Ad

Monday, 30 December 2013

പ്രോക്സിമിറ്റി

ഉറക്കത്തിനും ഉണർവ്വിനുമിടയിൽ 
ശ്വേത വസ്ത്രധാരിയായ 
ഒരുവന്റെ ഇറങ്ങിപ്പോക്കുണ്ട് 
പുറത്തെ കണ്ണഞ്ചിക്കുന്ന വെയിലിലേക്ക് 
വെയിൽ തിളച്ചു മറിയുന്ന കറുത്ത റോഡിലൂടെ 
സ്വയം മറന്നൊരു കുഞ്ഞിന്നരികിലൂടെ 
തണൽകായുമൊരു കുടുംബത്തിലേക്ക് 
ഒരു വെയിൽകായപ്രവേശം

ഇതവന്റെയൊരു വേലയാണ് ഈ മുതുപാതിരയ്ക്കും പുറത്ത് കൊടും‍വെയിലാണെന്ന് തോന്നിപ്പിക്കുന്ന അവന്റെ കള്ളക്കളി, എന്റെ ഇരട്ടി ഉയരത്തിൽ നിൽക്കുന്ന അവന്റെ നിഴലിൽ എനിക്ക് കാണാം അവൻ ചെയ്യുന്ന അഭ്യാസങ്ങൾ, ആ കുഞ്ഞിനെ അവൻ കരയിക്കും...എനിക്കറിയാം, കുഞ്ഞുങ്ങൾക്കെന്നെ ഇഷ്ടമാണ്, പക്ഷെ ഇവൻ അങ്ങനല്ല, ചിരിക്കുന്ന കുഞ്ഞുങ്ങളെ കരയിക്കും,ഈ കണ്ണുകാണാത്ത വെയിലിൽ തണൽ കൊള്ളുന്ന കുടുംബത്തെ നിങ്ങൾ കണ്ടില്ലേ, കുടുംബ ബന്ധങ്ങളുടെ വില അവനറിയില്ല, അവൻ അവരെ അവിടുന്ന് ഓടിക്കും, അവരുടെ ഇടയിലേക്ക് അവൻ കല്ലു വലിച്ചെറിയും. വെയിലിന്റെ മറവിൽ നിൽക്കുന്ന ഇവനെ അവർക്ക് കണികാണാൻ പോലും പറ്റില്ല. ഞാൻ ഉണർന്നാൽ ഇവന്റെ ഈ വേലകളൊന്നും നടക്കില്ല.

ഞാൻ കാണുന്നുണ്ടോയെന്ന് 
ഇടയ്ക്കിടെ അവന്റെ തിരിഞ്ഞുനോട്ടമുണ്ട് 
ഇരുട്ടുനിറഞ്ഞയെന്റെ കിടപ്പറയിലേക്ക്...
അറിയാത്ത ഭാവത്തിൽ ഞാൻ കണ്ണടയ്ക്കും 

കുഞ്ഞുന്നാളിലെ എന്റെ കളിക്കോപ്പും, 
ഇപ്പോഴുള്ള എന്നേയും 
അവൻ കൊണ്ടുപോകുന്നത് 
ഞാനറിയില്ലായെന്നാണവന്റെ ധാരണ, 

എന്റെ എല്ലാ കളിക്കോപ്പുകളും അവനിങ്ങനെ കൊണ്ടുപോയിട്ടുണ്ട്, പലപല പ്രായത്തിലുള്ള എന്നെത്തന്നെ കൈകളിൽ കോരിക്കൊണ്ട് പോകും, വേണ്ടായെന്ന് പറയാൻ ഒരുങ്ങുമ്പോഴേക്കും അവൻ മുഖം പകുതി ചരിച്ച് ഒരു കോടിയ ചിരിചിരിക്കും, വെയിലിലേക്ക് നടക്കും, അവന് ഇരുട്ടിനെ വെയിലാക്കാനറിയുന്നവനാണ് വെയിൽകായപ്രവേശം ചെയ്യുന്നവനാണ്.അവൻ ഒന്നുമറിയണ്ട, എവിടം വരെ പോകുമെന്ന് നോക്കാമെന്ന് ഞാൻ. 

അതെ, അവനറിയാതിരിക്കാനാണ് 
മൂത്രമൊഴിക്കാൻ മുട്ടിയിട്ടു പോലും 
ഞാൻ ഉറക്കം നടിച്ചു കിടക്കുന്നത്.


Tuesday, 17 December 2013

പെൺ‍കുട്ടികൾ കാണാതാവുന്ന നഗരം
ഒരു നഗരത്തിന്റെ നിശ്ചലതയുടെ 
നടുവിലേക്ക് ഒരു തൂവൽ പതിക്കുന്നു 
3011 എന്നൊരു നമ്പർ കുറിക്കപ്പെടുന്നു 

കുടിലുകൾ, ബംഗ്ളാവുകൾ, 
ഫ്ളാറ്റുകൾ, വില്ലകൾ 
പലവലുപ്പത്തിലുള്ള 
ചതുരക്കൂടുകളിൽ നിന്ന് 
പുറത്തുപോയി തിരികെയെത്താത്ത-
യേതോ പെൺ‍കിളിയുടെ 
നിറമറ്റ തൂവലുകളിലൊന്ന് 

പുറത്തേക്ക് പോകുന്നത് കണ്ടവരുണ്ട് 
പുറത്തേക്കിറങ്ങുന്നത് 
കാത്തുകാത്തിരുന്നവരുണ്ട് 

വിശപ്പുമൂത്തൊരു കരിമ്പൂച്ച 
കടിച്ചുപറിച്ചതിന്റെ ബാക്കിയാവാം 
നഗരനടുവിൽ കുഴികുത്തി കാത്തിരുന്ന 
കുഴിയാനയുടെ കെണിയിൽ പെട്ടതാവാം 
ആകാശത്തിന്റെ വിശാലതയിലേക്ക് 
പറന്നുപോയപ്പോൾ വീണതാവാം 

തൂവലുകൾ പെറുക്കിപ്പെറുക്കി 
എണ്ണിമടുത്ത് കുഴിച്ചിടുമ്പോൾ 
എല്ലാത്തിനും ഒരേ നിറം, മണം
Friday, 13 December 2013

ലേബൽ

പ്രണയാനന്തരം മനുഷ്യർ എന്ന 
ലേബലിൽ ജീവിച്ചവരിൽ ഒരാൾ, 
ആ ഒരാളാണ് 
ചോര പുതച്ച് റോഡിൽ കിടക്കുന്നത്, 
എത്ര നിവർത്തി കിടത്തിയിട്ടും 
ചോദ്യചിഹ്നമായ് വളഞ്ഞു പോകുന്നു, 

എന്നോടൊന്നും ചോദിക്കരുതേയെന്ന് 
പല പേരുകളിൽ അറിയപ്പെടുന്ന 
ദൈവമെന്നൊരാൾ 
മുകളിലേക്ക് നോക്കി മാറി നിൽക്കുന്നു, 
ചില്ല് പൊടി തിളങ്ങുന്ന  
നൂൽവെട്ടേറ്റൊരു പട്ടം 
ആകാശം കീറി താഴോട്ട് പതിക്കുന്നു, 
എന്റെ ദേഹത്ത് വീഴരുതേയെന്ന് കരുതി 
ദൈവം അവിടുന്നും മാറി നിൽക്കുന്നു, 

എത്ര പതിച്ചാലും പതിയാത്ത 
മനുഷ്യത്വം എന്ന ലേബൽ മാറ്റി 
പെട്ടന്നൊട്ടുന്ന
ദേശസുരക്ഷ, തിരഞ്ഞെടുപ്പ് ജയം 
എന്ന ഒറ്റ ലേബൽ വായ് മൂടി ഒട്ടിക്കുന്നു, 

ഇനി ചോദ്യങ്ങളൊന്നുമില്ലാത്തതിനാൽ 
‘ആ ഒരാൾ’ നേരെ തന്നെ കിടക്കുന്നു..

Saturday, 19 October 2013

ശലഭങ്ങൾ


വർണ്ണാഭമായ ബാല്യത്തിൽ നിന്ന് 
കൂട് വിട്ടുപോകുന്നവർക്ക് 
ശലഭങ്ങളുടെ  മുഖഛായയാണ്, 

അകത്തും പുറത്തും 
കടലോളം ഏകാന്തത നിറഞ്ഞവർ
കൂട് പാടേ മറന്നു പോകുന്നവർ  

എപ്പോഴെങ്കിലും അവർ താമസിച്ചിരുന്ന 
മുറികൾ പരതിയാൽ കാണാം 
വർണ്ണത്തിലും അവർണ്ണത്തിലും കോറിയിട്ടിരിക്കുന്ന 
ഏകാന്തതയുടെ ചുവർച്ചിത്രങ്ങൾ 

അതെ,
വർണ്ണാഭമായ ബാല്യത്തിൽ നിന്ന് 
കൂട് വിട്ടുപോകുന്നവർ ശലഭങ്ങളാകുന്നു
ചിലർ ചിത്രശലഭങ്ങളും 
ചിലർ നിശാശലഭങ്ങളും.. 

Monday, 2 September 2013

ഞങ്ങളുടെ ആദ്യ മൈക്രൊ ചിത്രം

പുകവലിക്കെതിരെ ഞങ്ങൾ ആദ്യമായ് ചെയ്തൊരു മൈക്രൊ ചിത്രം. എന്റെ മകളും ഇതിലഭിനയിച്ചിരിക്കുന്നു. എല്ലാവരും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ..


Saturday, 17 August 2013

രാത്രി ഒമ്പതര കഴിഞ്ഞാൽ


രാത്രി ഒമ്പതര കഴിഞ്ഞാൽ 
മറ്റൊരു ലോകത്തിലേക്ക് ഒറ്റപ്പോക്കാണ് 
എത്ര വത്യസ്തമാണ് 
എത്ര വിവരണാതീതമാണ് 

പെട്ടന്ന് വളരെ പെട്ടന്ന് തന്നെ 
വെയിലത്താണ് മരുഭൂമിയിലാണ് 
സ്വർണ നാഗമാണ് 
വെട്ടിത്തിളങ്ങുന്നത് (തിളയ്ക്കുന്നത്) 
എന്റെയുടൽ തന്നെയാണ് 
മണലേത് ഉടലേതെന്നറിയാതെ 
എത്രപേർ വന്ന് വീണിട്ടുണ്ട് 
ഇരകളെ കാത്തുകാത്ത് മടുത്തപ്പോൾ 
ഇഴഞ്ഞ പാടുകളാണ് 
പുറകിൽ ചിലർക്ക് മാർഗ്ഗരേഖയായിരിക്കുന്നത് 


പെട്ടന്ന് വളരെ പെട്ടന്ന് തന്നെ 
ചുറ്റും വെള്ളമാണ്, കടലിന്നടിയിലാണ് 
അടിയിലെന്നാൽ അടിത്തട്ടിലാണ് 
മണൽ നീലയാണ് 
അതിൽ ചടഞ്ഞു കിടക്കുന്ന കണവയാണ് 
അതി ഭീമൻ കണവ 
മുപ്പതടി നീളമുള്ള കൈകൾ വിടർത്തി 
വെള്ളത്തിൽ പിയാനോ വായിക്കുകയാണ് 
ആ ശബ്ദമാണ് തിരയിളക്കമായ് 
തലയിൽ ഇടയ്ക്കിടെ ഓളം തുള്ളുന്നത് 


പെട്ടന്ന് വളരെ പെട്ടന്ന് തന്നെ 
ഇരുട്ടാണ് പച്ചയിരുട്ട് 
കൊടും കാടാണ് 
ഏറ്റവും മുകളിലായ് കാണുന്നത് 
എന്റെ തലയാണ് 
എത്തി നോക്കുന്നത് ഞാൻ തന്നെയാണ് 
എത്തിപ്പിടിക്കാൻ, കെട്ടിപ്പിടിക്കാൻ പറ്റാത്ത വിധം 
കയ്യിലൊതുങ്ങാതെ നിൽക്കുന്നത് 
എന്റെ തടിയാണ് 
എന്തൊരു തേക്കെന്ന് ചൊല്ലി കത്തി വെയ്ക്കുന്നത് 
എന്റെ കടയ്ക്കൽ തന്നെയാണെന്ന് 
ചെറു ചൂടുള്ള നനവ് പറയുന്നുണ്ട് 
ചോരയിറ്റു വീഴുന്ന നടപ്പുചാൽ പറയുന്നുണ്ട് 

രാത്രി ഒമ്പതര കഴിഞ്ഞാൽ 
മറ്റൊരു കാലത്താണ് 
മറ്റൊരു ലോകത്ത് തന്നെയാണ്

Friday, 8 March 2013

ഞാൻ മരിച്ചു പോയാൽ


മാർച്ച് 2-8 ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വന്നത് ഞാൻ മരിച്ചു പോയാൽ 
നീ താഹിർ ഷഫീഖിനെ വിളിക്കണം 
ബാലിഹോണിസിലെ പള്ളിപ്പറമ്പിൽ 
എനിക്കായ് ഒരു സ്ഥലം അയാളൊരുക്കും, 
അയാൾ നല്ലവനാണ്, 

ജീവിച്ചിരിക്കുന്ന എന്നെ 
നാട്ടിലെത്തിക്കുന്നതിനേക്കാളും 
ചിലവാണ് മരിച്ച എന്നെ 
നാട്ടിലെത്തിക്കുവാൻ, 
അല്ലെങ്കിലും അവിടെന്തിന് ? 
അതിനാൽ ഞാൻ മരിച്ചാൽ
നീ അയാളെ  
പെട്ടന്നു തന്നെ വിളിക്കണം.. 

നാട്ടിലെ ഒറ്റ ഭാഷ 
സംസാരിക്കുന്ന കബറിനേക്കാൾ 
ഇവിടുത്തെ 
പലഭാഷകൾ സംസാരിക്കുന്ന 
കബറാണ് നല്ലത്.. 
കരയുമ്പോൾ മലയാളത്തിലായാൽ 
ആർക്കും മനസ്സിലാവില്ല..
പരിഭാഷകളില്ലാത്ത ഒറ്റക്കരച്ചിൽ
മലയാളിയായ് ഞാൻ മാത്രമേ 
കാണുവെന്നുറപ്പാണ്..

പെരുന്നാളുകൾക്ക്, 
മക്കളുടെ കല്യാണങ്ങൾക്ക്, 
ഇറാക്കിൽ, പാകിസ്ഥാനിൽ 
പൊട്ടിയ ബോംബുകളെ കുറിച്ച്, 
ജീവനെക്കുറിച്ച്, 
സദ്ദാമിനെ, ബഷറിനെ, സദറിനെ,
ഷാവേസിനെ, നെജാദിനെ, ഒബാമയെ...
സകല ജീവനേയും, ഞങ്ങൾ 
ഞങ്ങളുടെ ഫോസ്ഫറസ് വെളിച്ചത്തിൽ പറയും...
പേർഷ്യനിൽ, അറബിയിൽ, ഉറുദുവിൽ, 
ഹിന്ദിയിൽ, ബംഗാളിയിൽ, മലയാളത്തിൽ.. 

സത്യമായും ഞാനൊറ്റക്കാവില്ല.. 
പാകിസ്ഥാനിലേക്കുള്ള ഫ്ളൈറ്റ് നോക്കി 
കണ്ണടയ്ക്കാതെ മരിച്ച പച്ചയുണ്ട്, 
ആരുമറിയാതെ വാപ്പ അടക്കിയിട്ടു പോയ 
രണ്ടു വയസ്സുള്ള സിറിയക്കാരൻ സെയ്ദുണ്ട്..
സത്യമായും ഞാനൊറ്റയ്ക്കാവില്ല.. 

മക്കളെയോർത്ത് നീ പേടിക്കണ്ട..
മൂത്തവളെ എന്റെ പെങ്ങളെ ഏൽപ്പിക്കൂ, 
അവൾക്ക് രണ്ടാമ്പിള്ളാരല്ലെ, 
കെട്ടിക്കാൻ നേരം 
അളിയൻ മുഖം കറുത്താലും 
സ്നേഹിക്കുമെന്നുറപ്പാണ്, 
രണ്ടാമത്തവളെ നിന്റെ 
അനിയത്തിയെ ഏൽപ്പിക്കൂ, 
അവൾക്കും രണ്ടാമ്പിള്ളാരല്ലെ.. 
അവളെയും കൂടവർ നോക്കുമെന്നുറപ്പ് തന്നെ.. 

ഞാൻ മരിക്കുമെന്നുറപ്പായാൽ 
നീ എന്നെ മറക്കാൻ പഠിക്കൂ, 
മരിച്ചു കഴിഞ്ഞാൽ എന്നെ 
താഹിർ ഷഫീഖിനെ ഏൽപ്പിച്ചു 
പൂർണ്ണമായും മറക്കൂ..Tuesday, 5 February 2013

വർത്തമാന കാലത്തു നിന്നും ഭാവിയിലേക്കയച്ച ചില കത്തുകൾ.
വർത്തമാന കാലത്തു നിന്നും 
ഭാവിയിലേക്ക് ഞാൻ കത്തുകളയക്കുന്നു, 
ഭാവിയിലെ ചില നിമിഷങ്ങളിലൂടെ 
ദിവസങ്ങളിലൂടെ യാത്ര ചെയ്തവ
നിന്നിലെത്തുന്നു, 
വർത്തമാന കാലത്തു തന്നെ 
നീയതു വായിക്കുന്നു. 
അതിൽ നമ്മൾ കണ്ടു മുട്ടുന്നു, 
പ്രണയിക്കുന്നു, 
വിവാഹിതരാകുന്നു, 
ചോറും കറികളും വെയ്ക്കുന്നു, 
കുട്ടികളുണ്ടാകുന്നു, 
അവരും വലുതാകുന്നു..
നമ്മൾ ചെറുതാകുന്നു. 

നാൽപ്പത്തെട്ടു വയസ്സിനപ്പുറത്തെ
ജാതകമെഴുതാതെ 
വെള്ളം കുടിക്കാൻ പോയ ജ്യോതിഷി 
ഫ്രിഡ്ജിനരികിൽ ഹൃദയം പൊട്ടി മരിക്കുന്നു, 
അൻപതു കഴിഞ്ഞാൽ നിന്നിടം നാടെന്നു 
പറഞ്ഞ കാക്കാലൻ 
കാറിടിച്ചു കണ്മുന്നിൽ മരിക്കുന്നു..
വർത്തമാന കാലത്തു നിന്നും
ഭാവിയിലേക്ക് ഞാനയച്ച 
കത്തുകളിൽ നീ ഭൂതമറിയുന്നു
എവിടെയോ മറന്നുവെച്ച ജാതകം 
തപ്പി നീ മുറികൾ അടിച്ചു വാരുന്നു.

ജാതകമൊരെഴുത്തായി വർത്തമാനമാകുന്നു 
നമ്മൾ മധുരമുള്ള അക്ഷരങ്ങളാകുന്നു..
വർത്തമാന കാലത്തു നിന്നും 
ഭാവിയിലേക്ക് നീയുമൊരു കത്തയക്കുന്നു.
നമ്മൾ വീണ്ടും ചെറുതാകുന്നു..