Ad

Wednesday, 29 September 2010

ഉമ്മകുഞ്ഞു മുലപ്പാല്‍ അധികമൊന്നും കുടിച്ചിട്ടില്ല..അവള്‍ക്കു കിട്ടീട്ടില്ല..

കൊടുക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ലാരുന്നു .ഇല്ലായിരുന്നു,അതാണ്‌ സത്യം.പ്രസവം ഏഴാം മാസത്തിലായിരുന്നു.
പ്രീ റ്റേം,കുഞ്ഞിനു ഒന്നര കിലോ മാത്രം ഭാരം.
ജനിച്ചയുടനെ തന്നെ അവളെ ഐ.സി.യുവില്‍,വെന്റിലേറ്ററില്‍ കിടത്തേണ്ടി വന്നു,നീണ്ട പതിനാലു ദിവസം..
അത് കഴിഞ്ഞാണ് ബന്ധുക്കളെല്ലാവരും,എന്തിനു എന്റെ അച്ഛനും അമ്മയും വരെ കണ്ടത്..

അഞ്ചു ദിവസം കഴിഞ്ഞാണ് കുഞ്ഞിനു മുലപ്പാല്‍ കൊടുത്തു തുടങ്ങാമെന്ന് ഡോക്ടര്‍ അറിയിച്ചത്..അത് വരെ അവള്‍ക്കു ഗ്ലൂകോസും ,മരുന്നുകളും 
മാത്രമായിരുന്നു..കുഞ്ഞിനു പാല് വലിച്ചു കുടിക്കാനുള്ള ശക്തിയില്ല,പിഴിഞ്ഞ് കൊടുക്കണം. നഴ്സുമാരും,അമ്മയും ഞാനുമൊക്കെ കിണഞ്ഞു ശ്രമിച്ചു,വേദന മാത്രം ബാക്കി.എത്ര വേദന സഹിച്ചാലും നാലോ അഞ്ചോ മില്ലി പാല് കിട്ടും.അത് കൊണ്ട് കുഞ്ഞിന്റെ വയറെങ്ങനെ നിറയാന്‍?   പാലില്ല എന്നാ സത്യം ശരിക്കും വിഷമിപ്പിക്കുന്നതായിരുന്നു.ഒടുവില്‍ പാല്‍പ്പൊടി കലക്കി കൊടുക്കാന്‍ തുടങ്ങി..
പാവം മുലപ്പാല്‍ കുടിച്ചു വയറു നിറയ്ക്കാന്‍ ഭാഗ്യമില്ലാത്ത എന്റെ മോള്‍..

അതുകൊണ്ടാണാവോ  എന്തോ,അവളോട്‌ ഇപ്പോഴും ഒരുമ്മ തരാന്‍ പറഞ്ഞാല്‍ ചിരിച്ചു കൊണ്ട് മുഖം തിരിച്ചു കളയും.എനിക്ക് മാത്രമല്ല ആര്‍ക്കും കൊടുക്കാറില്ല..അങ്ങോട്ടുമ്മ കൊടുക്കാന്‍ ചെന്നാലും ഇതാണവസ്ഥ.

മോള്‍ക്ക്‌ അവളുടെ കളിപ്പാട്ടങ്ങളില്‍ ഏറ്റവും ഇഷ്ടം മൂന്നു പാവകളോടാണ്..
എല്ലാം സോഫ്റ്റ്‌ പാവകള്‍,
ഒരു ഒലിവിന്റെ അവളെക്കാളും വലിയൊരു പാവ.
ഒരു മുയലന്‍,പിന്നൊരു പൂച്ചക്കുട്ടി..
അതിലേതെങ്കിലും വേണം അവള്‍ക്കു കൂട്ടിനു..ഉറങ്ങാന്‍ നേരമായാലും..
ഒരു വയസ്സ് കഴിഞ്ഞിട്ടും,ഈ മൂന്നു പാവകളും തന്നെയാണ് അവള്‍ക്കു ഏറ്റവും ഇഷ്ടം.ഇവ അടുത്തുണ്ടെങ്കില്‍ അവള്‍ക്കു പ്രത്യേക സന്തോഷമാണ്..
ഒരുമ്മ താ മോളെയെന്നു പറഞ്ഞാല്‍,ഈ പാവകള്‍ അടുത്തുണ്ടെങ്കില്‍ അവയ്ക്ക് കൊടുക്കും..
പക്ഷെ മൂക്കില്‍ മാത്രം..കൂടെ കടിയും കൊടുക്കും..
എന്നിട്ട് മനോഹരമായ്,പുതുതായ് വന്ന കുഞ്ഞിരി പല്ലുകള്‍ കാട്ടി ചിരിക്കും..
മിടുക്കി ഉമ്മ കൊടുക്കാന്‍ പഠിച്ചിരിക്കുന്നു..എന്നാല്‍ നമ്മുക്കാര്‍ക്കും ഇല്ല..

ഒരിക്കല്‍ കുഞ്ഞിനെ കയ്യ് മാറാന്‍ ആരുമില്ലാത്ത ഒരു ദിവസം,വസ്ത്രം മാറുമ്പോള്‍ അവളും കൂടുണ്ടാരുന്നു..
മുലഞ്ഞെട്ടു കണ്ടു തൊടണമെന്നു കാണിച്ചു കൊണ്ട് കൈ നീട്ടി..
മുലപ്പാല് കിട്ടീട്ടില്ല,അവളതു തൊട്ടെങ്കിലും അറിയട്ടെ.
പോന്നു മോള്‍..
ഭയങ്കര സന്തോഷത്തോടെ അത്ഭുതത്തോടെ കുഞ്ഞു മുലഞ്ഞെട്ടില്‍ തൊട്ടു..
പിന്നെയും പിന്നെയും തൊട്ടു..
എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മോള്‍ എനിക്ക് ഉമ്മ തന്നു..
ചോദിക്കാതെ,
മുലയില്‍,മുലഞ്ഞെട്ടില്‍..
എന്റെ കണ്ണ് നിറഞ്ഞു പോയ്‌.
അവളതിപ്പോഴും ഓര്‍ക്കുന്നു...  
നഷ്ടത്തിന്റെ,വേദനയുടെ കുഞ്ഞു മനസ്സ്..

അവളെ പിടിച്ചു മാറ്റി,വേഷം മാറി..
കരച്ചില്‍ കണ്ടില്ല എന്ന് നടിച്ചു..
അവളുടെ പ്രിയ പാവകളെ എടുത്ത് കയ്യില്‍ കൊടുത്തു..
വാശിക്കാണെന്ന്   തോന്നുന്നു,
പാവകള്‍ക്കെല്ലാം ഒത്തിരിയൊത്തിരി ഉമ്മ കൊടുക്കുന്നു..
അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത്..

അവളുടെ ആ മൂന്നു പാവകളുടെ മൂക്കിനും മുലഞ്ഞെട്ടിനും ഒരേ നിറം!!!

എന്റെ പോന്നു മോളെ..
നിന്റെ ഉമ്മകള്‍ക്കൊന്നും ഞങ്ങള്‍ക്ക് അവകാശമില്ല...
നീ ഞങ്ങള്‍ക്ക് തരാത്തൊരുമ്മ,നിന്റെ നെറ്റിയില്‍ .
ഉമ്മ..    


Thursday, 23 September 2010

126 കി.മീ പ്രണയം


"ഏകനല്ല  ഞാനിന്നീ യാത്രയില്‍ കൂടെയുണ്ട് നീ ശബ്ദമായ്,പ്രണയമായ്.."

ഈ രാത്രിയില്‍ ഇത്രയും ദൂരം ഒറ്റയ്ക്ക് പോകാമെന്ന് വെച്ചത് തന്നെ  അങ്ങെത്തുന്നത് വരെ നീ
 ഫോണ്‍ ചെയ്യാമെന്ന് സമ്മതിച്ചത്  കൊണ്ട്  മാത്രമാണ്.
നിന്റെ ശബ്ദം,
നീ തുറന്നു തന്ന പ്രണയം,അതാണിന്ന് എന്റെ ഊര്‍ജ്ജം,സത്യം,എത്രയോ ബാറിന്റെ വാതിലുകള്‍ കണ്മറഞ്ഞു പോകുന്നു .
ദേ,ഒരെണ്ണം ഇപ്പോഴും കടന്നു പോയി ...
ബട്ട്..ഞാന്‍ കടന്നില്ല.നിന്നോട് സംസാരിക്കുന്നതിനേക്കാള്‍ വല്യ ലഹരിയൊന്നും ഒരു ശ്വേത കുസൃതികള്‍ക്കും തരാനാവില്ല പൊന്നേ..

അതി വിശാലമായ എം.സി.റോഡ്‌ ,ഈ നേരമായത് കൊണ്ടാവും അധികം വാഹനങ്ങള്‍ പോലുമില്ല നമ്മളെ ശല്യപ്പെടുത്താന്‍..
എന്തിനാണ് പെണ്ണെ ഇത്രയേറെ എന്നെ പ്രണയിക്കുന്നത്..
നമ്മള്‍ ഒരുമിച്ചു ചിലവഴിച്ച ഈ സുന്ദര സായ്ഹാനം എങ്ങനെ ഞാന്‍ മറക്കും..
ആ കടല്‍തീരവും,സൂര്യാസ്തമനവും ഈ ജീവിതകാലം മുഴുവന്‍ എന്റെ ഓര്‍മ്മയില്‍ കാണും..
അവിടെ എവിടെങ്കിലും  നീ എന്റെ മനസ്സ് കണ്ടോ കൊച്ചേ..
അവനിപ്പോള്‍ എന്റെ കൂടെയില്ല.
അവിടെയെങ്ങാനും കാണുകയാണെങ്കില്‍,മിക്കവാറും നിന്റെ കൂടെ തന്നെ കാണും,ദയവായി എന്റെ അടുത്തേക്കൊന്നു പറഞ്ഞു വിടൂ..
ഒന്നുമല്ലെങ്കിലും മുപ്പത്തിമൂന്നു കൊല്ലം എന്നോടൊത്തു കഴിഞ്ഞതല്ലേ?
അസ്തമനം കാത്തു നമ്മള്‍ നിന്നപ്പോള്‍ എന്റെ മനസ്സിറങ്ങി കടലിലേക്ക്‌ പോയി..
നിന്നോടോപ്പമില്ലെങ്കില്‍ തീര്‍ച്ചയായും അവനവിടെ കാണും,നിന്നോടൊത്തു ചിലവഴിച്ച സുന്ദര നിമിഷങ്ങള്‍ അയവിറക്കി കൊണ്ട് ആ കടല്‍ തീരത്ത് ഒറ്റയ്ക്ക്,പാവം,അവനെ കണ്ടെത്തി എന്റെയടുത്തേക്ക് തിരിച്ചയക്കെടാ ...

 ഇല്ല റോഡ്‌ വിജനം,
അധികം സ്പീഡിലല്ല   ഓടിക്കുന്നത്,വേഗത വെറും അറുപതു  കി.മീ. മാത്രം.
മുന്നില്‍ നടുക്ക് വെളുത്ത വരയുള്ള വെല്‍വെറ്റ് പോലെ കറുകറുത്ത റോഡ്‌ 
രണ്ടു വശങ്ങളിലുള്ള ചുവന്ന റിഫ്ലക്ടറുകളും,നടുക്കുള്ള വെള്ള റിഫ്ലക്ടറുകളും ഒരു പോലെ തിളങ്ങുന്നു,
നിന്റെ കണ്ണുകള്‍ പോലെ..
ശരിക്കും എന്ത് തിളക്കമാണെന്നോ,റിഫ്ല ക്ടെറുടെ കാര്യമല്ല നിന്റെ കണ്ണുകള്‍..
ആ കണ്ണ് മാത്രമായി നിന്റെ പ്രൊഫൈല്‍ കണ്ടാല്‍ ആള്‍ക്കാര്‍ മറ്റു പലതും കരുതും..
എന്ത് കരുതുമെന്നോ?പറയാന്‍ എനിക്ക് മനസ്സില്ല..

ഒരു ആമ്പുലന്‍സ് ചീറി പാഞ്ഞു വരുന്നു..വഴി ഒതുക്കി കൊടുക്കട്ടെ...
ജീവനും കൊണ്ടോടുന്ന ആമ്പുലന്‍സ്,അതെ ആരുടെയോ ജീവനും കൊണ്ട്..
ഞാനും വണ്ടി നിര്‍ത്തട്ടെ,
മൂത്രമൊഴിക്കാന്‍..
നക്ഷത്രങ്ങളോട് രണ്ടു കൊച്ചു വര്‍ത്തമാനം പറയാന്‍..
നിന്നോട് പറഞ്ഞതൊന്നും പോരാഞ്ഞിട്ടല്ല...
അവ അങ്ങോട്ട്‌ വരുമ്പോള്‍ നിന്നെ ഞാനൊരുപാട് പ്രണയിക്കുന്നുണ്ടെന്നു പറയാന്‍ വേണ്ടി രണ്ടു കൊച്ചു വര്‍ത്തമാനം അത്രേയുള്ളൂ..കഴിഞ്ഞു ഞങ്ങള്‍ നീങ്ങി തുടങ്ങി..

ശരിക്കും കറുത്ത വഴി,
പകലത്തെ ചൂടും,തിരക്കും ഒഴിഞ്ഞു വിശ്രമിക്കുകയാവും..
പകല്‍ എത്ര പേര്‍ അഹങ്കാരത്തോടെ ചവിട്ടിമെതിച്ച്‌ കടന്നു പോയ വഴി..
ഇപ്പോള്‍ ആരുമില്ല,
ഞാനും നീയും നമ്മുടെ പ്രണയവും..
അതും പേറി ഇവള്‍ എന്നെയും കൊണ്ടങ്ങനെ പോവുന്നു...
അല്ല സുഖമായ് ഒഴുകുന്നു..

ഇന്നത്തെ ദിവസം സ്വപ്നം പോലെയാടാ,
ഞാന്‍ കണ്ട ഏറ്റവും നല്ല സ്വപ്നം..
വിശ്വാസം തീരെ വരുന്നില്ല..ഇന്ന് മുഴുവന്‍ ഞാന്‍ നിന്റെ കൂടെയായിരുന്നുവെന്ന്..
ഇന്ന് ഞാനെല്ലാത്തിലും പ്രണയം കാണുന്നു..
ഈ കറുത്ത റോഡിലും,
വഴി തിരിച്ചു കാട്ടും റിഫ്ലെക്ടറിലും
ആരുടെയോ ജീവന്‍ പിടിച്ചു കൊണ്ടോടിയ ആമ്പുലന്സിലുമെല്ലാം പ്രണയം..
പ്രണയം മാത്രം..
ഇന്നീ വര്‍ത്തമാനം തടയാന്‍ ഒരു പോലീസുകാരന്‍ പോലും കടന്നു വന്ന വഴികളിലൊന്നും കണ്ടില്ല..
ഉണ്ടായിരുന്നെങ്കില്‍ അയാളെയും ഞാന്‍ പ്രണയിച്ചേനെ..

ഹേയ്,നോക്കിയോടിക്കുകയോന്നും വേണ്ട..
ഇവള്‍ക്കറിയാം വഴികളെല്ലാം,എന്നെയും..
അതുകൊണ്ടാവണം ഒന്നും മിണ്ടാതെ വരുന്നത്..
അല്ലെങ്കില്‍,നമ്മുടെ വര്‍ത്തമാനം കേട്ട് ഇവളും പ്രണയിച്ചു തുടങ്ങി കാണും..

സ്വപ്നമേ,എന്റെ പ്രണയമേ..
ഇതാ വീടെത്തിയിരിക്കുന്നു..126 കി.മീ..കടന്നു പോയത് ഞാനറിഞ്ഞില്ല..മൂന്നു മണിക്കൂറും..
ഗെയ്റ്റ് തുറക്കുന്നുണ്ട്..ഭാര്യ വരുന്നു..
എന്നാല്‍ നീ വെച്ചോ..രാത്രിയില്‍ എസ്.എം.എസ്..മറക്കണ്ട 
നിനക്കും മകള്‍ക്കും ശുഭരാത്രി.. 
--