Ad

Sunday, 30 November 2014

സൂര്യകാന്തിഒരു സൂര്യകാന്തിത്തോട്ടത്തിലെ
ഏറ്റവും വലിയ പൂവായിരിക്കുന്നു ഞാൻ
അതിനുള്ളിൽ നീയെന്ന സൂര്യനെ 
ആരും കാണാതെ ഒളിപ്പിച്ചു വയ്ക്കണം
പകൽ പെട്ടന്ന് രാത്രിയാകും

എന്റെ മെയ്യോട് ചേർന്ന്, നിന്റെ 
ചൂടൻ മഞ്ഞവെളിച്ചം തണുത്ത് നിറം മാറും
ഇതളുകൾക്കിടയിലൂടെ പച്ചയും നീലയും
മിന്നാമിനുങ്ങുകളായ് പുറത്തുകടക്കും

വെളിച്ചമില്ലാത്തതിനാൽ മറ്റെല്ലാ 
സൂര്യകാന്തികളും കണ്ണടച്ചു തന്നെയിരിക്കും
ഞാൻ മാത്രം രാത്രിയിലും വിരിയും
എല്ലാ മിന്നാമിന്നികളും
എന്റെയുടൽ ചേർന്നു പുൽകും

Saturday, 15 November 2014

ഇലകൾ


മരങ്ങളേ നിങ്ങളെ മറന്നിട്ടല്ല,
കാറ്റിന്റെ കൈപിടിച്ച്
കറങ്ങാനുള്ള കൊതികൊണ്ടുമല്ല
ഇലകൾ നിങ്ങളുടെ ഉടലിൽ നിന്ന്
വേർപെട്ട് പോകുന്നത്...
ഓരോ ഇലകളിലും 
ഭൂമിയെന്ന് എഴുതിയിട്ടുണ്ട്
അതുകൊണ്ടാണ്
എത്ര ഭാരപ്പെട്ടാലും

എത്ര നനഞ്ഞാലും
എത്ര തണുത്താലും
എത്ര വെയിലുകൊണ്ടാലും
നിനക്ക് തണുക്കരുതേ
പൊള്ളരുതേയെന്ന് സ്നേഹിച്ച്
ഭൂമിയെ പൊതിഞ്ഞു പിടിക്കുന്നത്

Monday, 27 October 2014

വിശപ്പ്വിശന്ന് വിശന്ന് എന്ത് ചെയ്യണമെന്നോർത്ത്
ഫ്രിഡ്ജ് തുറന്നപ്പോളാണ്
ഒരു ശകലം ചോറുമില്ല
ഒരൊറ്റക്കറി പോലുമില്ലെന്ന് കണ്ടത്

എന്നാൽ അരികഴുകാമെന്ന് കരുതുമ്പോൾ
കറിയൊന്നുമില്ലാതെ എങ്ങനെകഴിക്കുമെന്നൊ-
രാധി കഴുത്തിന് കുത്തിപ്പിടിക്കുന്നു

ഫ്രീസറിൽ കഴുകി വൃത്തിയാക്കിയ
അയലയിരിക്കുന്നു, പൊരിക്കാനാണെങ്കിൽ
അതിലിനി മസാല പുരട്ടണം
കയ്യിലൊക്കെ മസാലയാകും, എരിയും
പോരാത്തതിന് മീൻ നാറ്റവും, വേണ്ട

അതിന്റെ കൂടെ മരവിച്ചൊരു കോഴിയിരിക്കുന്നു
എന്നോ മരിച്ച്, പുനർജ്ജനിച്ച്
പിന്നെയും മരിച്ച് പിന്നെയും പുനർജ്ജനിച്ച
ആ ആത്മാവിനെയോർത്തിരുന്നപ്പോളാണ്
ഇതിനെ ഡീഫ്രോസ്റ്റ് ചെയ്തെടുക്കാൻ
എത്ര നേരമാകുമെന്നൊരു ബോധോദയമുണ്ടായത്
അങ്ങനെയതും ഒഴിവാക്കാമെന്നങ്ങ് വച്ചു

അന്നേരമാണ് കിഴങ്ങും, ചേമ്പും, വെണ്ടയ്ക്കയും
മുരിങ്ങയ്ക്കയുമൊക്കെയിരിക്കുന്നത് കണ്ടത്
എന്നാൽപ്പിന്നെ ഒരു സാമ്പാറോ, അവിയലോ
ഉണ്ടാക്കി പച്ചക്കറിയനാവാമെന്ന് കരുതുന്നത്

അല്ല, ചോറില്ലാതെയെന്തിനാണീ 
കോപ്പിലെ അവിയലും സാമ്പാറും
കോഴിക്കറിയും, മീൻ പൊരിച്ചതും ?

ഇന്നും പുറത്തൂന്ന് കഴിക്കാമെന്ന് കരുതി
ബിരിയാണിക്കടയുടെ മുന്നിലെത്തിയപ്പോൾ
എന്റെ മടിയൻ  നെഞ്ച് പൊളിച്ചുകൊണ്ട് 
ചടച്ചമുടിയും മൂർച്ചയേറിയ നോട്ടവുമുള്ളൊരു
വിശപ്പ്, കടയുടെ മുന്നിലെ വേയ്സ്റ്റ് കുപ്പ തിരയുന്നു

Thursday, 23 October 2014

കവിതയെഴുത്ത്നീയീ ജീവനെക്കുറിച്ചും
ജീവിതത്തെക്കുറിച്ചും എഴുതുന്നത് നിർത്ത്
സോളാറിനെക്കുറിച്ചും സരിതയെക്കുറിച്ചും 
അവളുടെ കേളീമികവിനേക്കുറിച്ചുമെഴുത്
ഞങ്ങള് വായിക്കാം

നീയീ മരങ്ങളെക്കുറിച്ചും പുഴകളെക്കുറിച്ചും
എഴുതുന്നത് നിർത്ത്
റസിയയേയും റുക്സാനയെക്കുറിച്ചും
അവരുടെ ബ്ലാക് മെയിലിങ്ങ്
തന്ത്രങ്ങളേയുംക്കുറിച്ചുമെഴുത്
ഞങ്ങള് വായിക്കാം

നീയീ പുല്ലിനെക്കുറിച്ചും പുൽച്ചാടിയെക്കുറിച്ചും
എഴുതുന്നത് നിർത്ത്
സ്വർണ്ണക്കടത്തിനെക്കുറിച്ചും കടത്തിപ്പിടിക്കപ്പെട്ട
പെണ്ണുങ്ങളെക്കുറിച്ചുമെഴുത്
ഞങ്ങള് വായിക്കാം

നീയീ നിൽപ്പ് സമരത്തേക്കുറിച്ചും നിരാഹാരത്തെക്കുറിച്ചും
എഴുതുന്നത് നിർത്ത്
അത് കാണാൻ വന്ന സിനിമാനടിമാരേ പറ്റിയും
അവർക്ക് കുടപിടിച്ചു കൊടുത്തവരേപ്പറ്റിയുമെഴുത്
ഞങ്ങള് വായിക്കാം

നീയീ ശ്വാസം കിട്ടാത്തതിനെപ്പറ്റിയും
നീ മരിച്ചു പോകുന്നതിനെപ്പറ്റിയുമെഴുതാതെ
നീ മരിച്ചാൽ നിന്റെ കുടുംബത്തിന് പോകും
ഞങ്ങൾക്കെന്നാ കോപ്പാ, 

നീ അപ്പ്ന്റെ മറ്റേ പരിപാടി പിടിച്ച
പെങ്കൊച്ചിനെ അവനും അവളും ചേർന്ന് 
ചുമ്മാ തട്ടിയതിനെക്കുറിച്ചെഴുത്
ഞങ്ങള് വായിക്കാം

കവിത വായിക്കാനാളില്ലെന്ന്
വളവളാ പറഞ്ഞോണ്ടിരിക്കാതെ
നീ ഇങ്ങനൊക്കെയൊന്ന് എഴുതി തന്നാട്ടേ
ഞങ്ങള് വായിച്ചോളാം..

October 2014

Monday, 6 October 2014

നിന്റെ രണ്ട് ചിത്രങ്ങൾ


നിന്റെ രണ്ട് ചിത്രങ്ങൾ

നീ കൂടില്ലെന്നാരാണ് പറഞ്ഞത്
ഇന്നലെപ്പോലും കിട്ടി  നിന്റെ രണ്ട് ചിത്രങ്ങൾ

നിന്റെ കവിളുകളുടെ ശോണിമ
എന്റെ സ്നേഹവാക്കുകളിൽ വീണിട്ടല്ല
ഇതെല്ലാമെന്റെ സ്വാഭാവിക നിറമെന്ന്
ചൊല്ലി നീ കവിൾ വീർപ്പിച്ചു നിൽക്കുന്ന ഒന്ന്

ആകാശം അതിരിട്ടൊരു തടാകക്കരയിൽ
അത്രയും വിചിത്രമായ പുല്ലുകൾക്കിടയിൽ
അതിലേറെ വിചിത്രമായ വേഷവിധാനത്തിൽ
യാത്രചൊല്ലി തടാകപ്പുറത്തൂടെ, അത്രമേൽ 
സ്വാഭാവികമായ് നടന്നു പോയ മറ്റൊരു നീ
ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കുന്നത്..

നീ കൂടില്ലെന്നാരാണ് പറഞ്ഞത്
ഇന്നലെപ്പോലും കിട്ടി  നിന്റെ രണ്ട് ചിത്രങ്ങൾ
എന്റെ സ്വപ്നത്തിന്റെ രണ്ട് സ്ക്രീൻ ഷോട്ടുകൾ..

Monday, 22 September 2014

പലപ്പോഴായ് റോഡിൽ വരയ്ക്കുന്ന ചിത്രങ്ങൾദൈവമെന്നൊരു ചിത്രകാരൻ
വരച്ച ജീവിതമെന്ന റോഡിലൂടെ
കാറിൽ, നൂറേനൂറേൽ പോകുമ്പോൾ
ഒരു പട്ടി കുറുകേചാടുന്നു
ഹസാർഡ് ലൈറ്റിടാതെ
സഡൻ ബ്രേക്കിട്ട് നിർത്തുമ്പോൾ
പുറകിലൊരു ലാൻഡ് റോവർ
അലറിക്കരഞ്ഞു മുഖം തിരിച്ചു നിന്നു

മാന്യതയുടെ പുറംതോടിട്ടൊരു ചിത്രം
അതിൽ നിന്ന് ചാടിപ്പുറത്തിറങ്ങുന്നു
ഞങ്ങൾ രണ്ടാളും ഒരുമിച്ച് നായിന്റെ മോനേയെന്ന്
സ്നേഹം പങ്കിടുന്ന തക്കത്തിന്
മുഖം കറുപ്പിക്കാതെ പട്ടിയോടി രക്ഷപെടുന്നു
ഞങ്ങൾ പുറകേ പായുന്നു

അരികിൽ തവിട്ട് പുല്ലുകൾ കാവൽ നിൽക്കുന്ന
ആരോ കുടഞ്ഞ കറുത്തവെൽ‍വെറ്റ് തുണിയായ്
റോഡ് അറ്റം കാണാതെ വളഞ്ഞുപുളയുമ്പോൾ
അറിയുന്നതും, അറിയാത്തതൂം, അറിഞ്ഞാലും 
അറിയാത്തതെന്ന് നടിക്കുന്നതുമായ ചില ബന്ധങ്ങൾ
പൂവുകൾ, വീടുകൾ, കടകൾ, പള്ളികൾ, കൊടികൾ, 
പക്ഷികൾ, മുട്ടകൾ, മത്സ്യങ്ങൾ, പച്ചക്കറികൾ, 
മാംസങ്ങൾ, കായലുകൾ, പുഴകൾ, കടലുകൾ..
വരുന്നു പോകുന്നു..വരുന്നു പോകുന്നു..
വരുന്നു പോകുന്നു, പോയിക്കൊണ്ടേയിരിക്കുന്നു

മുന്നിലും പിന്നിലുമായ്, പിന്നിലും മുന്നിലുമായ്
ഒറ്റവണ്ടിവഴിയിലൂടെ ചുവന്ന സിഗ്നൽ കടന്ന് 
കുതികുതിക്കുമ്പോൾ, ഭാഗ്യവാന്റെ ജീവനെന്ന് 
ഞങ്ങളപ്പോൾ പേരിട്ട പട്ടിയെ കാണാതാവുന്നു..

ഇതിന്നിടയിൽ പകൽ രാത്രിയെ അധിവേശിക്കുന്നു
ഒരു ബസ് അവസാന സ്റ്റോപ്പിലേക്കെത്തുന്നു
ഞങ്ങൾ മത്സരിച്ച് മത്സരിച്ച് മാന്യരാകുന്നു
റോഡിലും ഭിത്തിയിലും കറുപ്പിലും വെളുപ്പിലും 
പലനിറങ്ങളിലും ചിത്രങ്ങൾ വരയ്ക്കുന്നു, 
വരച്ചുകൊണ്ടേയിരിക്കുന്നു, രാത്രി ചുവപ്പിക്കുന്നു


Friday, 15 August 2014

തുടക്കവും ഒടുക്കവുമില്ലാതെ....

ഇതെന്താണിങ്ങനെ, ഒന്നുമറിയാത്ത പോലെ ഞാൻ ഒഴുകിയൊഴുകി നടക്കുന്നത്, ഉള്ള് പൊള്ളയായ മരത്തടി പോലെ, പൊങ്ങ് പോലെ, അപ്പൂപ്പൻ താടി പോലെ, മഴമേഘം പോലെ ഒഴുകിയൊഴുകി പോകുന്നു. എങ്ങോട്ടാണെന്റെയൊഴുക്ക്, നീയെന്താണൊന്നും മിണ്ടാത്തത്. ഈ ഒഴുക്ക് തടഞ്ഞ് ആരാണെന്നെ കരപറ്റിക്കുന്നത്, എന്നാണ് ഞാൻ പെയ്തുതോരുന്നത്, എന്നാണ് ഞാൻ നനഞ്ഞ മണ്ണിൽ തൊടുന്നത്, എന്നാണ് ഞാനെന്റെ കടലിൽ ചെന്ന് ചേരുന്നത്?

എനിക്കെന്താണ് സംഭവിക്കുന്നത്. ഈ രാസമാറ്റം എന്തിനാണ്? ആരാണെന്റെ രാസകമായിരിക്കുന്നത്.എന്റെ മനസ്സിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുന്നത്.ഈ ലോകം മുഴുവൻ മാറിയതാണോ? അതോ ഞാനാണോ മാറുന്നത് ? എന്റെ കവിതകളുടെയെല്ലാം ഉറവകൾ നിന്റെയുള്ളിൽ ആരാണ് കുടിവച്ചത്. എന്തിനാണ് നീയിങ്ങനെ എന്റെയുള്ളിൽ ഒഴുകി നിറയുന്നത്. 

നിന്റെ മഴയെല്ലാം പെയ്തൊഴിയുന്നത് എന്റെ മനസ്സിലാണോ? നിന്റെ ഓർമ്മകളുടെ അണക്കെട്ടായിരിക്കുകയാണെന്റെ മനസ്സ്. നീ പെയ്തുകൊണ്ടേയിരിക്കണം. എനിക്ക് നിറഞ്ഞ് കവിയണം, കരകവിഞ്ഞൊഴുകണം.ചുറ്റുമുള്ള മണ്ണെല്ലാം നനച്ച്നനച്ച് തണുപ്പിക്കണം. സ്വപ്നത്തിന്റെ വിത്തുകളവയിൽ പാകണം.ഓരോ ഇലയും എണ്ണിയെണ്ണി വിരിയിക്കണം. കടും പച്ച നിറത്തിലെ ഇലകളിൽ തൊട്ട് ആ നിറങ്ങൾ മുഴുവനും എന്റെ കയ്യിൽ പതിക്കണം, പതിയെപ്പതിയെ ആ ചെടികളിൽ പൂക്കൾ നിറയുന്നത് കാണണം, ആ പൂക്കളുടെ സൌരഭ്യം എന്റെ നാസാരന്ധ്രങ്ങളിൽ നിറയണം, എന്റെ ശരീരം മുഴുവൻ പടരണം. ഞാൻ പൂത്ത് പൂത്തൊരു പൂക്കാലമാകണം.ഒരിക്കലും പൊഴിയാത്ത അനേകം പൂക്കളുടെ പുതപ്പിനടിയിൽ എനിക്ക് നിന്റെ ഓർമ്മകളുമായ് ചുരുണ്ട് കൂടണം.

നീ മഴകൊണ്ട് നടക്കുന്നത് എന്റെ മനസ്സിന്റെ താഴ്‍വരകളിലാണ്.നീ കാണാത്ത കാഴ്ചകളാണ് ഞാനവിടെ നിറച്ചിരിക്കുന്നത്. നിനക്ക് മഴയോട് സംസാരിക്കാം, വെള്ളത്തുള്ളികൾ നിനക്ക് മറുപടി തരും.പലപല ശബ്ദങ്ങളിൽ അവ നിനക്കായ് പാട്ടുകൾ പാടും. നിന്റെ ഉറക്കറയിലെന്ന പോലെ ഗസലുകളുടെ ഇളം നാദത്തിൽ അവ നിന്നെ തഴുകിക്കൊണ്ടേയിരിക്കും. നീ ഉള്ളം മറന്നുറങ്ങും. 

നിന്റെയുറക്കത്തെ ഞാനെന്റെ കൈക്കുമ്പിളിൽ കോരിയെടുക്കും, നിന്റെ ശ്വാസോച്ചാസങ്ങൾ എന്റെ കൈവെള്ളയിൽ ഇക്കിളിയാക്കും. എന്റെ ചുംബനങ്ങളെ നിന്റെ മുടിയിഴകളിൽ ഞാനൊളിപ്പിച്ചു വയ്ക്കും. നിന്റെ ഗന്ധത്തിലുന്മാദരായാവർ പിരിഞ്ഞുപോകാനാവാതെ നിന്റെ കൂന്തലിൽ തന്നെ അന്ത്യവിശ്രമം കൊള്ളും. 

Tuesday, 29 July 2014

കൊച്ചുചെറുക്കൻചില മനുഷ്യരെക്കുറിച്ചുള്ള കവിതകൾ - 2

കൊച്ചുചെറുക്കൻ

കൊച്ചുചെറുക്കന് ഒരു കുഴപ്പമുണ്ട്
കക്കും
ചില കള്ളന്മാരെപ്പോലെ
കിട്ടിയതെല്ലാമൊന്നും കക്കില്ല

നാട്ടുകാർ അരുമയോടെ വളർത്തുന്ന
പ്രാവുകൾ
ലൌ ബേഡ്സുകൾ
അലങ്കാരക്കോഴികൾ
മുയലുകൾ
തത്തകൾ
മൈനകൾ
ഇവയെമാത്രം കക്കും

എത്രായിരം രൂപയുടെ മുതലാണെങ്കിലും
കൊച്ചുചെറുക്കനൊരു വിലയേയുള്ളൂ
അമ്പതു രൂപ, 
അമ്പതു രൂപയ്ക്കും കുടിക്കും

ഇങ്ങനെയുള്ളവയെ കാണാതായാൽ
അതു പറന്നു പോയതായാലും ശരി
പൂച്ച പിടിച്ചതായാലും ശരി
നാട്ടുകാരാദ്യം കൊച്ചുചെറുക്കനെ പിടിക്കും

താൻ മോഷ്ടിച്ചതല്ലെങ്കിലും താനാണെന്ന്
കൊച്ചുചെറുക്കൻ സമ്മതിക്കും
കാശില്ല ഇടിച്ചോളാൻ പറയും
നാട്ടുകാർ ഇടിക്കും, കൊച്ചുചെറുക്കൻ കൊള്ളും

എന്നും കൊച്ചുചെറുക്കൻ കക്കും
എന്നും അമ്പതു രൂപയ്ക്ക് വിക്കും
എന്നും അമ്പതു രൂപയ്ക്കും കുടിക്കും
എന്നും നാട്ടുകാര് ഇടിക്കും..

Saturday, 19 July 2014

ഇന്റലക്ച്വൽ


എന്റെ കവിതകൾ
ശരിക്കും ഇന്റലക്ച്വൽ കവിതകളാണ്
സന്ധ്യാ പരമ്പര ചിന്തകളുള്ള 
നിനക്കൊക്കെ മനസ്സിലാക്കാനാണീ
പൈങ്കിളി ആവരണങ്ങൾ

ഉദാഹരണത്തിന് എന്റെ
കാണാതെപോയ രണ്ട് കവിതകളിലെ 
ഒന്നിനെ നോക്കാം

“ നിന്നെക്കുറിച്ചായിരുന്നു
പകർത്തിയെഴുതും മുന്നേ കാണാതായിരിക്കുന്നു
നിന്റെ കയ്യിലുണ്ടോ?
നീയല്ലാതെയാർക്കാണ് മറ്റാരും കാണാതെ
എന്റെ മനസ്സിലിങ്ങനെ കയറിയിറങ്ങാൻ പറ്റുന്നത്? “

നീ കരുതുന്ന നീയല്ലിതിൽ
ഈ പ്രകൃതിയുടെ നശിച്ചുകൊണ്ടിരിക്കുന്ന
ജീവത്തുടിപ്പുകളാണ് നീ
പകർത്തിയെഴുതും മുന്നേ കാണാതെപോയത്
നമ്മുക്ക് പുനരുജ്ജീവിപ്പിക്കാൻ കഴിയാതെ പോകുന്ന
പ്രകൃതിയുടെ അമൂല്യതയാണ്
നിന്റെ കയ്യിലുണ്ടോ, നിന്റെ കയ്യിലുണ്ടോയെന്നത്
കവിയുടെ വിലാപമാണ്
ഈ ലോകത്തോടും, സമാനമായ കോടാനുകോടി
അന്യഗ്രഹങ്ങളോടുമുള്ള വിലാപം

“അപ്പോൾ അവസാനത്തെ രണ്ട് വരികളോ?”

അതാണാദ്യം പറഞ്ഞത്,
നിന്നെപ്പോലുള്ള ലോല മനസ്സുകൾക്ക്
ചുമ്മാ എന്തെങ്കിലും മനസ്സിലാക്കാനുള്ള
കല്പിത വൃത്താന്തങ്ങളാണവ

ആക്ച്വലി എന്റെ കവിതകൾ
ഭയങ്കര ഇന്റലക്ച്വലാണ്.

Thursday, 17 July 2014

അപ്പച്ചൻ


ചില മനുഷ്യരെക്കുറിച്ചുള്ള കവിതകൾ-1

അപ്പച്ചൻ 

അപ്പച്ചൻ 
പണക്കാരനാണ്
സത്യകൃസ്ത്യാനിയാണ്
അബ്‌കാരി മുതലാളിയാണ്

അപ്പച്ചന്റെ ഷാപ്പ് നടത്തിപ്പിൽ
ഒരു റിയൽ എസ്റ്റേറ്റ് കണ്ണുണ്ട്
മുറിച്ച് വിൽക്കുന്ന പറമ്പിൽ
പത്ത് സെന്റ് സ്ഥലം 
പറഞ്ഞതിലും ഇരട്ടി വിലയ്ക്ക് വാങ്ങും
കുറച്ച് നാൾ വെറുതെയിടും
പിന്നെ ഷാപ്പ് പണിയും
ഷാപ്പിന് ചുറ്റുമുള്ള സ്ഥലം
പറഞ്ഞതിലും പകുതിവിലയ്ക്ക്
അപ്പച്ചൻ തന്നെ വാങ്ങും

ഒത്തിരിപ്പേരുടെ മണ്ണ്
തിന്നത് കൊണ്ടാവും
അപ്പച്ചനെ മണ്ണിലോട്ടെടുത്തപ്പോൾ
ഒരു പിടി മണ്ണ് വാരിയിടാൻ
മക്കള് പോലുമില്ലായിരുന്നു

Sunday, 13 July 2014

പ്രണയവ്യാകരണം
ഭൂതവും ഭാവിയുമില്ലാത്ത 
വർത്തമാനങ്ങളാണ്
പ്രണയമെന്നറിയുമ്പൊഴേക്കും
തമ്മിൽ കാണാത്ത, കേൾക്കാത്ത 
പരസ്പരമറിയാത്ത നാളുകളെത്തും

നീ പ്രണയങ്ങളെയോർത്ത് പശ്ചാത്തപിക്കുകയും
ഞാൻ വ്യാകുലപ്പെടുകയും ചെയ്യും

പിന്നീട് നാം നമ്മളെത്തന്നെ പ്രണയിക്കുകയും
നമ്മോട് തന്നെ കലഹിക്കുകയും ചെയ്യും


Saturday, 12 July 2014

നിന്നെ കാണാൻ തോന്നുമ്പോൾ

നീ കൂടെയില്ലാത്തസമയത്താണ്
നിന്നെ കൂടുതൽ കാണണമെന്ന് തോന്നുന്നത്
അതിനെന്തുചെയ്യുമെന്നോർത്ത്, നിന്നെക്കാണാൻ
ഒറ്റയ്ക്കിരുന്ന് വർത്തമാനം പറയാൻ
ഏതെങ്കിലുമൊരു കടൽത്തീരത്തേക്ക്
ഞാനെന്റെയുള്ളിൽ നിന്നിറങ്ങിയിറങ്ങിപ്പോകും

നീയവിടെക്കാണില്ലന്നെനിക്കുറപ്പാണ്
ഞാനവിടെയുണ്ടെന്ന് നിനക്കുമറിയില്ലല്ലോ
ഇതൊക്കെയോർത്തോർത്തിരിക്കുമ്പോൾ
കടലിൽ നിന്ന് നിന്റെ മുഖമുള്ളൊരു
മത്സ്യകന്യക കയറിവന്ന് വെയിൽകായും
നനഞ്ഞ ചുരുണ്ട തലമുടിയുണക്കാൻ
കൈകൾകൊണ്ട് കോതിക്കൊണ്ടേയിരിക്കും
തമ്മിൽ പരിചയമില്ലാത്തവരെപ്പോലെ
ഞങ്ങൾ രണ്ടുവഴിക്ക് കണ്ണുകൾ പായിക്കും
അവളവിടെയുണ്ടോയെന്ന് ഏറുകണ്ണാൽ 
ഞാനിടയ്ക്കിടെ നോക്കും,
അവനിതുവരെ പോയില്ലേയെന്ന ഭാവത്തി-
ലവളും ഒന്നുമറിയാത്ത പോലെയെന്നെ നോക്കും

തമ്മിൽതമ്മിൽ മിണ്ടാതുള്ള ഈ 
ഒളിച്ചുകളി മടുക്കുമ്പോൾ
നീയെന്താണാലോചിക്കുന്നതെന്ന് 
അവളെന്നോട് ചോദിക്കും
ഒന്നുമില്ല ഒന്നുമില്ലയെന്ന് 
മുഖം വെട്ടിച്ച് ഞാൻ കള്ളം പറയും

പക്ഷെയെന്റെ ഉള്ളറിയുന്നപോലെ
നിന്റെ പലപല രൂപങ്ങളായവൾ മാറും
എത്രകണ്ടാലും നിനക്ക് മടുക്കില്ലേന്ന് ചോദിക്കും
മുഖം മാറ്റാതെ ഇല്ലായില്ലായെന്ന്
ഞാൻ സത്യം പറയും, നോക്കിക്കൊണ്ടേയിരിക്കും

ഇതെല്ലാം കണ്ടുകണ്ട് സന്ധ്യയാവും
പോകാൻ സമയമായെന്ന് പറഞ്ഞവൾ
തിരിഞ്ഞുനോക്കാതെ കടലിലേക്ക് ഊളിയിടും
നാളെക്കാണാമെന്ന് പറഞ്ഞ് സൂര്യനും പോകും

അവളിരുന്ന, നീയിരുന്ന കല്ലിലേക്ക് നോക്കി
കടലിലേക്ക് നോക്കി, മണ്ണിലേക്ക് നോക്കി
ഇരുട്ടിലേക്ക് നോക്കി, കനവിലേക്ക് നോക്കി
നോക്കി നോക്കി, നോക്കി നോക്കി സമയം പോകും
മനസ്സിൽ നിന്ന് ഞാനുമിറങ്ങിയിറങ്ങിയങ്ങ് പോകും

Wednesday, 9 July 2014

എന്തുചെയ്യുകയാവും?

നീ എന്തുചെയ്യുകയാവും?
മുകളിലെ മുറിയിൽ 
പുസ്തകം വായിക്കുകയാവും
കുട്ടികളുമൊത്ത് കളിക്കുകയാവും
അവർക്ക് മാലയുണ്ടാക്കുകയോ
കഥ പറഞ്ഞുകൊടുക്കുകയോ
അവരുടെ തർക്കങ്ങൾക്ക് മുൻപിൽ
മുഖത്ത് ദേഷ്യം വരുത്തി
തലകുനിച്ച് ചിരിക്കുകയോ ആവാം

അതുമല്ലെങ്കിൽ മീൻ‍കറി വെയ്ക്കുകയോ
തുണിയലക്കുകയോ, വിരിക്കുകയോ
സീരിയൽ കാണുകയോ, കുളിക്കുകയോ
ജോലിക്ക് പോകാൻ ഒരുങ്ങുകയോ ആവും

ഞാനോ?
ഞാനെന്തുചെയ്യുകയാവും?
നീയെന്തു ചെയ്യുകയാവും എന്നോർത്ത് 
വെറുതെയിരിക്കുകയാവും...

അതോ ഞാനെന്ത് ചെയ്യുകയാവും
എന്നാലോചിച്ച് നീയും 
വെറുതെയിരിക്കുകയാണോ?

Friday, 4 July 2014

ഉറ്റസുഹൃത്ത്


എന്റെ ഉറ്റ സുഹൃത്ത്
എന്നെപ്പോലെ തന്നെയാണ്
അതേ പൊക്കം, 
അതേ നിറം,
അതേ സംസാരം, 
അതേ പെരുമാറ്റം,
എന്റെയതേ കണ്ണട
അതേ പുള്ളികളുള്ള വെള്ളുത്തയുടുപ്പ്
വരകളുള്ള കറുത്ത പാന്റ്സ്
ഇടതുകഴുത്തിലെ മറുകുപോലും
എന്റെപോലെ തന്നെ
എന്തിന് പേരു പോലും അതുതന്നെ

Tuesday, 1 July 2014

വേനലിലെ മഞ്ഞുമനുഷ്യൻ


എത്ര ചൂടാക്കിയാലും ഉരുകാത്തൊരു
തണുതണുത്ത മനസ്സിൽ നിന്ന്
ജീവിതമെന്നും, ഞാനെന്നും നീയെന്നും 
പേരുകളുള്ള മൂന്ന് കട്ട മഞ്ഞ് കടമെടുക്കണം

ജീവിതത്തേയും, എന്നെയും, നിന്നെയും
ചേർത്തുചേർത്തുവച്ച് മൂന്നുനിലകളുള്ള
വെളുവെളുത്ത മഞ്ഞുമനുഷ്യനെ ഉണ്ടാക്കണം
ചെറിപ്പഴങ്ങൾ കൊണ്ട് ചുവന്നകണ്ണുകൾ വേണം
കോപം കൊണ്ടോ, വ്യസനം കൊണ്ടോയെന്നാരുമറിയരുത്
കാരറ്റ് കൊണ്ടൊരു കൂർത്ത മൂക്ക് വേണം
നിന്റെയോ എന്റെയോയെന്ന് തിരിച്ചറിയരുത്
പ്രതീക്ഷയെന്ന് പേരിട്ടൊരു കറുത്ത-
ഷോൾ ചുറ്റി വേനലിലേക്കിറക്കിവിടണം

ജീവിതവും, ഞാനും, നീയും
ഉരുകിയുരുകി തീരുമ്പോൾ
കോപം കൊണ്ടോ, വ്യസനം കൊണ്ടോ
ചുവന്നു പോയതെന്നാരുമറിയാത്ത രണ്ട് കണ്ണുകൾ
നിന്റെയോ, എന്റെയോ എന്ന് 
തിരിച്ചറിയാത്തൊരു മൂക്ക്
കറുത്തുപോയ പ്രതീക്ഷകളുടെ
ഉരുകാത്തൊരു ഷോൾ 
ഇത്രയെങ്കിലും ബാക്കിയായാൽ
ആരുടേതെന്നറിയാതെ ആരെങ്കിലും
പ്രതീക്ഷയോടെ കൊണ്ടുപോകുമായിരിക്കും

Sunday, 29 June 2014

കാത്തിരുപ്പ്


സ്നേഹിച്ച് സ്നേഹിച്ച് അത്രമേലുയരത്തിലെത്തിച്ച്
ഒരു മേഘക്കെട്ടാക്കി പറത്തിവിട്ടവളേ
എന്നെയുപേക്ഷിച്ച് പോകും മുന്നേ
നിന്നോടൊരുകാര്യം പറയാനുണ്ട്
മഴതൊട്ടറിയാൻ കാത്തിരിക്കുന്ന
മരുഭൂമിയിലെ മുൾച്ചെടി പോലെ
നിന്നെ കേട്ടറിയുവാനായെങ്കിലും 
ഈ പ്രപഞ്ചത്തിൽ കാത്തിരിക്കും ഞാൻ

Friday, 27 June 2014

ഓർമ്മകൾ

ഓർമ്മകളെ അടക്കുന്ന കല്ലറയുടെ മുകളിൽ
നീ എന്റെ പേരെഴുതരുത്..
നമ്മുടെ സംസാരം തുടരുന്നതുവരേയെ
അതവിടെ കാണുകയുള്ളൂ
ഒരുകാലത്ത് പരസ്പരം മിണ്ടാതായാൽ
വിഘടിച്ച് വിഘടിച്ച് അവ പലവഴിക്ക് പിരിയും

ചിലത് നിന്റെ മുറ്റത്തെ ഞാവൽമരത്തിൽ
കാക്കകളും മറ്റും കൊത്തി വേദനിപ്പിക്കുന്ന
കറുത്തമുത്തുകളായ് താഴോട്ട് നോക്കിക്കിടക്കും
ചിലത് നിന്റെ തൊടിയിലെ
പാവൽ വള്ളികളിൽ കയ്ച്ച് കയ്ച്ച് പടരും
ചിലത് കല്ലെടുത്ത തുമ്പികളായ്
നിന്റെ മുന്നിൽ തലയടിച്ച് മരിച്ചേക്കാം

അവയെല്ലാം നിന്നെക്കുറിച്ചുള്ള എന്റെ 
ഓർമ്മകളായിരുന്നുവെന്ന് നീ ഒരിക്കലുമറിയരുത്
അതിനാലാണ്,
ഓർമ്മകളെ അടക്കുന്ന കല്ലറയുടെ മുകളിൽ
എന്റെ പേരെഴുതരുതെന്ന് പറഞ്ഞത്

Tuesday, 24 June 2014

യുദ്ധാനന്തരം പ്രണയംഎടീ ഡാഷ് മോളേ
ഇനിയെന്റെ പുറകെ നടന്ന് ചൊറിയരുത്
നീയെന്തുകരുതി,
ഞാൻ നിന്റെ വാലാട്ടി പട്ടിയാകുമെന്നോ?

നിങ്ങൾ പട്ടിയോ, മരപ്പട്ടിയോ ആയിക്കോ
ഈ വായിട്ടടിക്കാനല്ലാതെ നിങ്ങളെയെന്തിന് കൊള്ളാം

നിനക്കു കാര്യങ്ങൾ നോക്കിനടത്താനറിയുമോ?
എന്തെങ്കിലും, എന്നെങ്കിലും 
വൃത്തിയായ് യുക്തിയിൽ ചെയ്യുമോ?
നിന്നെയുമെന്തിന് കൊള്ളാം..

അഞ്ചെട്ട് വർഷമായിട്ടും
എന്തിന് കൊള്ളാമെന്ന് മനസ്സിലായില്ലെങ്കിൽ
നിങ്ങള് പോയി തൂങ്ങിച്ചാക്

‘ഇനി ഞാനെവിടെയെങ്കിലും പോയാൽ
നീ മിസ്കോൾ പോലുമടിക്കരുത് ’

‘നിങ്ങളെവിടെയെങ്കിലും പോയിത്തുലയ് ’

*                   *                             *
ഇപ്പോളിപ്പോൾ ഇങ്ങനെയിങ്ങനെ 
യുദ്ധങ്ങളിലൂടെയാണ് നമ്മൾ പ്രണയിക്കുന്നതെങ്കിലും
നീയില്ലാത്തൊരു ദിവസത്തിന്റെ
ശൂന്യത എനിക്ക് താങ്ങാനാവുന്നില്ല

ലക്ഷ്യം കാണാത്ത അമ്പെയ്ത്തുകാരനായ്
ഞാനൊറ്റപ്പെട്ടു പോകുന്നു
ശൂന്യതയുടെ തമോഗർത്തത്തിൽ
കണ്ണുകാണാതെ നീന്തുകയാണ്
ഒരു ദിവസം പോലും 
ഒറ്റയാകാൻ വയ്യാതായിരിക്കുന്നു

പിണക്കം മതിയാക്കി നീ തിരിച്ചുവാ
നമ്മുക്ക് യുദ്ധം ചെയ്യാം, പ്രണയിക്കാം


Saturday, 14 June 2014

ഗുൽമോഹറാകുന്ന ഉമ്മകൾജൂൺ ലക്കം നവമലയാളിയിൽ വന്നത്
http://navamalayali.com/component/content/article/29-kavitha/74-poetry-junaithaboobakker?Itemid=126#.U5rVVPldX6E 

ഇരുവശത്തും പോക്കറ്റുള്ള
നീലയുടുപ്പിന്റെ അടിയിലെവിടെയോ
എന്റെ ഹൃദയം മിടിക്കുന്ന 
ശബ്ദം കേൾക്കുന്നുണ്ട് 

പെരുവിരലിന്റെയറ്റം മുതൽ 
കാലുകളിലേക്ക് തണുപ്പ് 
അനുവാദമില്ലാതെ കയറുന്നതുമറിയാം

എന്റെ ചുറ്റും പരിചയമില്ലാത്ത
ആളുകൾ, കോഴികൾ, താറാവുകൾ
ടർക്കികൾ, തത്തകൾ, പുള്ളുകൾ
പൂച്ചകൾ, പട്ടികൾ,എലികൾ

പണ്ട് കൈക്കൂലി വാങ്ങിയ 
ഒരു സർക്കാരുദ്യോഗസ്ഥൻ
ബാക്കി തരാൻ പോലും
വന്നു കുലുക്കി വിളിക്കുന്നു

കൊച്ചേ കൊച്ചേയെന്ന്
ഞാനുറക്കെ വിളിക്കുന്നു
അടുത്തമുറിയിൽ
ഇഷാലിന്റേയും നിഹാലിന്റേയും
വാപ്പീന്നുള്ള വിളികൾ കേൾക്കാം
ഫെയ്സ്ബുക്കിലെ എന്റെ സ്റ്റാറ്റസിന്
മറുകമന്റിട്ട് ചിരിക്കുന്ന 
കൊച്ചിന്റെ ശബ്ദവും കേൾക്കുന്നുണ്ട് 

ഞാനൊരു ചുംബനം അവൾക്കായയക്കുന്നു
അവളുടെ ചുണ്ടുകളിൽ ദ്രവിച്ചൊരു ഇലയുടെ
ഞരമ്പുകൾ പോലെയത് ചുറ്റിപ്പടരുന്നു

ചിത്രശലഭത്തെ ആട്ടിയോടിക്കുന്ന
ലാഘവത്തിൽ നീയതിനെ
ജനാലതുറന്ന് പുറത്തേക്ക് വിടുന്നു
അടുത്ത മൊട്ടക്കുന്നിലത്
വീണൊരു ഗുൽമോഹർ മരമായി
ആകെ ചുവന്ന് പരക്കുന്നു

ചുറ്റും കൂടിയവരെല്ലാം എന്നെയെടുത്ത് 
ഗുൽമോഹർ ചുവട്ടിലേക്ക് നടക്കുന്നു
ഒരു ചുവന്നയിതൾ രണ്ട് തുള്ളി കണ്ണീരിനൊപ്പം
എന്റെ നെറ്റിയിലേക്ക് പതിയെ വീഴുന്നു

“കൊച്ചേ കൊച്ചേ“ എന്നെന്റെ വിളി 
നീ ഇപ്പോഴും കേൾക്കുന്നില്ലFriday, 13 June 2014

ആകാശത്തിലെ നദി


മഴവില്ല് പോലെ വളഞ്ഞ്
ആകാശത്തിലൂടൊരു നദിയൊഴുകുന്നു,
ഇടയ്ക്കൊക്കെ കലങ്ങിമറിഞ്ഞ്,
നിന്റെ ചിന്തകളിൽ നിന്ന് തുടങ്ങി
എന്റെ ചിന്തകളിലേക്ക്, തിരിച്ചും

അതിൽ
നമ്മളെ വഴിതിരിച്ചുവിടാൻ
ഇരുവശങ്ങളിലേക്കും തൂവൽകൈ 
നീട്ടുന്ന കരിമ്പച്ച  ചെടി
കുറ്റബോധത്തിന്റെ കറപുരണ്ട
കറുത്തുരുണ്ട മിനുസക്കല്ല്
ഒരുവശം കണ്ടുകണ്ട് മടുത്തുപോയ
ഒറ്റക്കണ്ണുള്ള പരൽ മത്സ്യം
ഹൃദയം കൊണ്ട് മാത്രം 
ചിന്തിക്കുന്നൊരു മത്സ്യകന്യക
എനിക്ക് നീയെന്നപോൾ
തെളിഞ്ഞ ചന്ദ്രൻ
നമ്മളെപ്പോൾ വേണമെങ്കിലും
വീഴാവുന്നൊരു വമ്പൻ ചുഴി
ചുറ്റിച്ചുറ്റി നമ്മുക്കിടയിലൂടെയങ്ങനെ
അതിവേഗത്തിൽ, അതിവേഗത്തിൽ

നമ്മൾ കണ്ടുമുട്ടുന്നിടത്ത് വച്ച് 
എപ്പോൾ വേണമെങ്കിലും 
മനസ്സിന്റെ ഉറവകളിലേക്ക് 
തിരിച്ചൊഴുകുമെന്ന് ഉറപ്പുള്ളൊരു നദി
മഴവില്ല് പോലെ വളഞ്ഞ്
നമ്മുടെ ചിന്തകൾക്കിടയിലൂടെ 
നീയേ ഞാനേ, നീയേ ഞാനേയെ-
ന്നാർത്തുവിളിച്ച് പാഞ്ഞു പോകുന്നു
നീയേ ഞാനേ, നീയേ ഞാനേയെ-
ന്നാർത്തുവിളിച്ച് പാഞ്ഞു പോകുന്നു

Sunday, 1 June 2014

കാണാതായ രണ്ട് കവിതകൾ1.
നിന്നെക്കുറിച്ചുള്ളതായിരുന്നു
പകർത്തിയെഴുതും മുന്നേ കാണാതായിരിക്കുന്നു
നിന്റെ കയ്യിലുണ്ടോ?
നീയല്ലാതെ ആർക്കാണ്  മറ്റാരും കാണാതെ
എന്റെ മനസ്സിലിങ്ങനെ കയറിയിറങ്ങാൻ പറ്റുന്നത് 

2.
നിന്നെക്കുറിച്ച് തന്നെയായിരുന്നിതും
(ഞാൻ മറ്റാരെക്കുറിച്ചെഴുതാനാണ്?)
മറന്നുപോകാതിരിക്കാൻ കുറിച്ച കടലാസുചുരുൾ
കള്ളയിളം കാറ്റ് ഒരുചിരിയോടെ കൊണ്ടുപോയി
എത്രയാലോചിച്ചിട്ടും നിന്റെ മുഖമല്ലാതെ
അതിലെ ഒരുവരി പോലും ഓർക്കുന്നില്ലWednesday, 28 May 2014

ചില ചിത്രശലഭങ്ങളുടെ ഉള്ളിലിരുപ്പുകൾഞാൻ നിന്റെ ചിത്രശലഭം
നിന്റെ ചുറ്റും പകർന്നൊഴുകുന്ന
നിറങ്ങളെന്റെ സമ്മാനം
തൊട്ടു നോക്കരുത്, ചിറകടരും

എന്റെയടർന്ന ചിറകിന്റെ
നിറങ്ങളാണ് നിന്റെ കൈ നിറയെ
ചിറകിന്റെ മറവിൽ 
ഞാനൊളിപ്പിച്ച തനിരൂപമാണ് 
നിന്റെ മുന്നിൽ ഉണർന്ന് നിൽക്കുന്നത്

ഉണ്ടക്കണ്ണും, കൊമ്പുകളുമുള്ള
രോമരഹിതമായൊരു പുഴു!

Friday, 16 May 2014

ദൈവത്തിന്റെ കൺഫൂഷ്യൻ ........


വാർഷിക സ്റ്റോക്കെടുപ്പ് കഴിഞ്ഞ് ദൈവം ക്ഷീണിതനും പരീക്ഷണനും ചിന്താമഗ്നനുമായി കാണപ്പെട്ടു...
‌“ദൈവമേ “...
ദൈവം അറിയാതെ വിളിച്ചു..
“അല്ല, ഞാനിനി ഏതു ദൈവത്തെ വിളിക്കാൻ ?” ജാള്യത മറച്ച് ദൈവം തന്നോട് തന്നെ ചോദിച്ചു..
പുണ്യത്തിന്റെ സ്റ്റോക്കിന് വല്യ കുറവൊന്നുമില്ല... മൂവ്മെന്റും പഴയപോലില്ല...
ജനങ്ങളാരും നന്മകൾ ചെയ്യുന്നില്ലേ..?
ഇതിങ്ങനെ കെട്ടിക്കിടന്നാൽ... ഒരു പോം വഴി കണ്ടേ പറ്റൂ..

വൈകുന്നേരമായപ്പോൾ ആവശ്യത്തിന് പുണ്യം പൊതിഞ്ഞെടുത്ത്  ദൈവം പുറത്തേക്കിറങ്ങി.. പുണ്യമിനി നേരിട്ടു തന്നെ കൊടുക്കാം..ഇടനിലക്കാരെ തീരെ ഒഴിവാക്കണം..
ദൈവം നേരെ സ്വന്തം നാട്ടിലേക്ക്  തിരിച്ചു..
തലസ്ഥാനത്ത് ഇപ്പോൾ അല്പം പുണ്യം കൊടുക്കാൻ കൊള്ളാവുന്ന ആരെങ്കിലും...ആരെങ്കിലും തന്നെ കടന്നു പോകുമെന്ന ശുഭപ്രതീക്ഷ ദൈവത്തിനുണ്ടായിരുന്നു...

കാഴ്ചയിൽ വിരുദ്ധരെന്നു തോന്നിച്ച രണ്ടു പേർ ദൈവത്തിന്റെ കണ്ണിൽപ്പെട്ടു..... ദൈവത്തിനു ചിരി പൊട്ടി... ഇംഗ്ലീഷിലെ Q എന്നയക്ഷരം പോലെ... വലിയൊരു വൃത്തത്തിനു വാലിട്ട പോലെ 6 അടിയിലധികം പൊക്കമുള്ള ഒരു തടിയന്റെ കൂടെ ഒരു കുള്ളൻ....
ഒരു നിമിഷം തന്നെ ചിരിപ്പിച്ചവരല്ലെ.. ഇന്നത്തെ പുണ്യം ഇവർക്കു തന്നെ കൊടുത്തേക്കാം...ദൈവം തീരുമാനിച്ചു..

എന്നാലും തന്റെ സഹജ വാസനയെ ഉപേക്ഷിക്കാൻ ദൈവം തയാറായില്ല.. 

അങ്ങനെ വെറുതെയെങ്ങനാ അങ്ങു കൊടുക്കുന്നത്..? തന്റെ സ്കാനറെടുക്കാഞ്ഞതിൽ ദൈവം കുണ്ഠിതപ്പെട്ടു, അല്ലെങ്കിൽ ഒന്നു സ്കാൻ ചെയ്തിരുന്നെങ്കിൽ ഇവന്മാരുടെ ഉള്ളിലിരുപ്പ് മുഴുവനറിയാമായിരുന്നു.

അല്ലെങ്കിലെന്തിനാ സ്കാനർ, ഇവന്മാരുടെ സംസാരം ശ്രദ്ധിച്ചാൽ മതിയല്ലോ..

അടുത്തൂടെ പോയൊരു മേഘശകലത്തെപ്പിടിച്ച് ചാരുകസേരയാക്കി ദൈവം ഇരിപ്പുറപ്പിച്ചു..

കാതു കൂർപ്പിച്ചു...
Q നടന്നുനടന്ന് ദൈവത്തിന്റെ പരിധിക്കുള്ളിലായി...
“ഡാ ജുനൂ, ഇതാണ്  പ്രശസ്ഥമായ ഇന്ദ്രപുരി ബാർ, തലസ്ഥാനത്തെ മുത്ത് “ തടിയൻ മൊഴിയുന്നു ...

ദൈവത്തിന് അസ്വസ്തഥ തോന്നി, ഇവന്മാർ രണ്ടും കൂടെ മദ്യപിക്കാനാണല്ലോ പോകുന്നത്..എന്ത് പുണ്യം കൊടുക്കാനാണീ തെമ്മാടികൾക്ക്..?

ഇന്ദ്ര പുരിയാണോ ഇന്ദിരാപുരിയാണോ?

ഇന്ദ്രപുരി തന്നെ, എന്താടാ..

അല്ല 
ഇന്ദിരാപുരി ആയിരുന്നുവെങ്കിൽ..
ആയിരുന്നുവെങ്കിൽ..?
അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാപുരി എന്നതിനു പകരം വേറെ വല്ലതും പറഞ്ഞേനെ നാട്ടാര്..ഹിഹി..

ദൈവം- ‘’ക്ലാസ്സിക് ഭാഷ പോലും, ക്ലാസിക്ക്... ഏതു വാക്കു കിട്ടിയാലും തെറിയാക്കിക്കളയും.. ഇഡിയറ്റ്സ്..

“വേണ്ടടാ ഹരീ, പടം കാണാൻ കേറുന്നതിനു മുൻപല്ലേ നീ ചെലുത്തിയത്... ഇന്നിനി വേണ്ടടാ..“
ദൈവത്തിന് ആശ്വാസമായി.. ഒരുത്തനെങ്കിലും വകതിരുവുണ്ടല്ലോ...അവനു കൊടുക്കാം..

ജുനൂ ക്വാട്ടാ തികച്ചില്ലെങ്കിൽ ദൈവം കോപിക്കും, എന്തിനാടാ നമ്മളദ്ദേഹത്തിനെ വെറുതെ വിഷമിപ്പിക്കുന്നത്.. നീ ഒരമ്പതിങ്ങു താ... ദി ലാസ്റ്റ് ഡ്രിങ്ക്... ഒരു നിപ്പൻ..ഇപ്പോ വരാം... നീഅപ്പോഴേക്കും രണ്ടു പുകയെടുത്ത് നിൽക്ക്.. 

ദൈവം മനസ്സു മാറ്റി.. ഇല്ല രണ്ടാൾക്കുമില്ല... കുടിച്ചില്ലെങ്കിൽ ഞാൻ കോപിക്കും പോലും, ഹൊ ഇവനൊക്കെ എന്നാത്തിനാ പുണ്യം.. ഇവിടെ തന്നെയാണല്ലോ ഞാൻ പുണ്യം നൽകാൻ വന്നിറങ്ങിയത്..  ദൈവം കണ്ണു തുടച്ചു... 

എന്നാ നീ കേറിക്കോടാ വല്ല ൿളാരയും ഈ വഴി വരുന്നുണ്ടോയെന്ന് ഞാൻ നോക്കട്ടെ, 

ശരി ൿളാര കടിക്കാതെ നോക്കണം

ഉവ്വ, നീ ചെലുത്തിയിട്ട് വാ

ദൈവത്തിനാകെ അരിശമായി, 
മഴ, ൿളാര, മഴ, ൿളാര, ഒരു പണിയുമില്ലെങ്കിലും ഇതിനൊന്നും യാതൊരു കുറവുമില്ല

നടത്തറ ശാന്ത, കോട്ടമ്പള്ളി ലീല, ആർത്തുങ്കൽ സൈനബ ഇങ്ങനുള്ള പേരുകൾക്കിടയിൽ  അലങ്കാരങ്ങളൊന്നുമില്ലാത്ത ഒരു വെറും ൿളാര ആ പത്മരാജൻ കാരണം നല്ലൊരു പേര് ഇവരുടെ പര്യായമായിട്ടുണ്ട്,   തിരിച്ചെത്തുമ്പോൾ അയാളോട് നേരിട്ട് തന്നെ ചോദിക്കണം, എന്തിനാ അവൾക്ക് ൿളാരയെന്ന് പേരു കൊടുത്തതെന്ന്?

 ഇവനൊക്കെ എന്തു പുണ്യം കൊടുക്കാനാണ്.

ൿളാരയ്ക്ക് പകരം ആകെ വന്ന പട്ടിയെ അവൻ കല്ലുവലിച്ചെറിഞ്ഞു, അതു മോങ്ങിക്കൊണ്ടോടി..കൂടെ മുട്ടനൊരു തെറിയും

എത്രയോ കോടി മൃഗങ്ങളെയാണ് താൻ സൃഷ്ടിച്ചത്, സംസാരിക്കുന്ന ഈ ഇരുകാലി മൃഗങ്ങളൊഴിച്ച് ആരും തന്നെ തനിക്ക് പര്യായങ്ങൾ തന്നിട്ടില്ല ബാക്കിയുള്ള മൃഗങ്ങളൊക്കെ ദൈവമേ എന്നല്ലാതെ വേറൊന്നും വിളിച്ച് പ്രാർത്ഥിച്ചിട്ടില്ല, തന്റെ പേരിൽ എങ്ങും കാണിക്കയിട്ടിട്ടില്ല, ട്രസ്റ്റുകളുണ്ടാക്കിയിട്ടില്ല, തന്നെ പുലഭ്യം പറഞ്ഞിട്ടില്ല, നാലു ചുവരുകൾക്കുള്ളിൽ സ്വർണ്ണം പൂശിയിരുത്തിയിട്ടില്ല..

ഇത്രയും നല്ല മൃഗങ്ങളുള്ളപ്പോൾ താൻ പുണ്യം നൽകാൻ മനുഷ്യനെ തപ്പിയിറങ്ങിയിരിക്കുന്നു, ദൈവത്തിന്റെ വായിൽ മുട്ടനൊരു തെറി കുരുത്തു വന്നു.

അതുവഴി പോയൊരു മൂങ്ങ ‘ദൈവത്തെയാര് നിയന്ത്രിക്കാൻ‘ എന്നൊരു ചോദ്യമെറിഞ്ഞിട്ട് പോയി. ദൈവം ആ തെറി കയ്പോടെ കടിച്ചിറക്കി.

ഹരി ഇന്ദ്രപുരിയിൽ നിന്നിറങ്ങി.കുറച്ചു നേരം കൂടി ക്ഷമിക്കാൻ ദൈവം തീരുമാനിച്ചു.
അതു വഴി ആ വൈകിയ സമയത്തും ഇന്നത്തെ കേരള, ഇന്നത്തെ കേരള എന്ന് ഭാഗ്യം വിൽക്കുന്ന ഒരുവന്റെ നേരെ മുന്നിലാണ് ഹരി വന്നിറങ്ങിയത്.

ഇന്നാ സാറെ ഇന്നത്തെ കേരളയാണ്
എനിക്ക് നാളത്തെ കേരള മതി അമ്മാവാ, ഇന്ന് തീർന്നില്ലേ? ഇല്ലേടാ ജുനൂ
വേണ്ട ചേട്ടാ-ജുനു
അമ്മാവാ, ഞങ്ങൾക്ക് ഭാഗ്യമുണ്ടായിട്ടൊന്നുമല്ല, പിന്നെ അമ്മാവനൊരു ടിക്കറ്റ് ചിലവായിക്കോട്ടെയെന്ന് കരുതി മാത്രം ഒരെണ്ണമെടുക്കാം’ -ഹരി

അല്ല, നിപ്പനടിക്കാൻ 50 ക കടം വാങ്ങിയവൻ എവിടുന്നെടുത്താണ് ലോട്ടറിക്കാരന് കൊടുക്കുന്നത്, അതോ അയാളോടും കടം പറയുമോ? എന്തൊക്കെയാണേലും കാര്യവിവരമുള്ളവനാണ് ഹരിയെന്ന് ദൈവം നിരൂപിച്ചു, ഭാഗ്യമില്ലെന്നവനറിയാം, എന്നാൽ കഠിനാധ്വാനം ഭാഗ്യത്തേക്കൾ മികച്ച അവസരം നൽകുമെന്ന് മാത്രമറിയാത്തവൻ.
പോട്ടെ, അവനതു വാങ്ങിയാൽ ഇന്നത്തെ പുണ്യം അവനു തന്നെ’ ദൈവം ഉറപ്പിച്ചു.

‘എടാ, ജുനൂ ഒരു 20 രൂപയിങ്ങു തന്നേ’ 

ഹരിയുടെ ആ പറച്ചിലിനു മുന്നിൽ ദൈവം ഞെട്ടി, കാശ് കൊടുത്ത ജുനുവിനു നൽകണോ പുണ്യം, അതോ ലോട്ടറി വാങ്ങി അയാളെ സഹായിക്കണമെന്ന് തീരുമാനിച്ച ഹരിക്ക് നൽകണോ? ആരാണിവിടെ നന്മ ചെയ്യുന്നത്?

ദൈവം വിയർത്തു, തീരുമാനമെടുക്കാനാവാതെ ബുദ്ധിമുട്ടി.

കസേരയായി മടങ്ങിയിരിക്കുന്ന മേഘത്തിന് ക്ഷമകെട്ടു
‘ദൈവമേ അങ്ങയുടെ ആസനത്തിന്റെ ചൂടടിച്ച് ഞാനുരുകാറായി, ഞാൻ പോയി എന്റെ പണിചെയ്യട്ടെ, എനിക്കുള്ള പുണ്യം ഞാനെന്തിന് കളഞ്ഞുകുളിക്കണം?’

പുണ്യം പൊതിഞ്ഞുകൊണ്ടു വന്ന ‘മാതൃസ്വർഗ്ഗ‘ കടലാസ് പുണ്യമുൾപ്പെടെ ദൈവം ഒരൊറ്റ ഏറുകൊടുത്തു. ‘ഇവിടെ മാലിന്യമിടരുത് ’ എന്ന ബോർഡിന്റെ താഴെ മറ്റ് ചപ്പുചവറുകളുടെ മുകളിലേക്ക് പുണ്യം ചെന്നുപതിച്ചു.