Ad

Monday, 6 December 2010

മേഘം


.
ഇടവഴി കടന്നു
വലത്തോട്ട് തിരിയുന്ന 
ആദ്യ വളവിൽ മേഘം;
കരുതിയിരിക്കണം
മുള കീറുന്നൊരൊച്ചയിൽ
പെട്ടന്ന് പെയ്യാം
ഉടലുപൊട്ടും പോലെ
ഗർജ്ജിക്കാം

കരുതി തന്നെയിരിക്കണം 
കറുകറുത്ത കണ്ണുണ്ട്,
കൂർപ്പിച്ചു മൂർച്ച കൂട്ടിയത്
ഒരു നോട്ടത്തിൽ
ഉടലു തുളഞ്ഞു പോകും,
മിന്നൽ പോലൊരു  ചിരി,
കരിഞ്ഞു  വെണ്ണീറാകും 
അതെ, കരുതിത്തന്നെയിരിക്കണം

എങ്കിലും,
ചില ഉച്ച മയക്കങ്ങളിൽ,
ചില രാത്രി സ്വപ്നങ്ങളിൽ ,
കൊള്ളാറുണ്ട്
വെണ്ണീറാക്കാത്ത തണുപ്പിച്ച ചിരി.
അറിയാറുണ്ട്,
നനുനനുത്തൊരു പുതു മഴ .
കാണാറുണ്ട്,
പുതു നാമ്പുകൾ ചേർത്തുപിടിക്കുന്ന
കണ്ണാടിത്തുള്ളികൾ

ഇപ്പോഴും, ഇടവഴി കടന്നു
വലത്തോട്ട് തിരിയുന്ന 
ആദ്യ വളവിൽ തന്നെയാണ് 
'മേഘം'
പക്ഷെ പെയ്യാറില്ല

ചിത്രം : ഗൂഗിള്‍ വക

Thursday, 2 December 2010

Short Film.

സീന്‍ ഒന്ന്.
ഫ്ലാറ്റ് # 1 
ബെഡ് റൂം..ചുളിവു വീണ പുതപ്പ് ,സ്ഥാനം മാറി കിടക്കുന്ന തലയിണകള്‍ 
ഒരു ട്രാവലര്‍ ബാഗ്..പകുതി തുറന്നത്..കുഞ്ഞിന്റെ ഉടുപ്പുകള്‍ ,ക്രീം.പൌഡര്‍ തുടങ്ങിയവ..
അതിനടുത്തു ഒരുവയസ്സു കഴിഞ്ഞ ആണ്‍കുട്ടി..
വാതിലിലൂടെ ഹാള്‍ കാണാം,ടി.വിയില്‍ വാര്‍ത്ത കേള്‍ക്കുന്നു..
അമ്മ : എത്ര നേരം കൊണ്ട് നിങ്ങളോട് പറയുന്നു എയര്‍ പോര്‍ട്ടില്‍ വിളിച്ചു എയര്‍ ഹോസ്ടസ് ഫെസിലിറ്റി അറേഞ്ച് ചെയ്യാന്‍ 
കുഞ്ഞിനെ ഒറ്റക് വിടുകയാണെന്ന് ഒരു ബോധവുമില്ല.
അച്ഛന്‍ : നിനക്ക് ഒന്ന് പോകാന്‍ വയ്യാരുന്നോ കൂടെ,അതെങ്ങനാ ഡ്യൂട്ടി ഡ്യൂട്ടി..
അമ്മ : നിങ്ങള്‍ക്കെന്താ പോകാന്‍ വയ്യാഞ്ഞത്,എന്റെ മാത്രമല്ലല്ലോ നിങ്ങളുടെയും കൂടല്ലേ കുഞ്ഞ്. 
മൊബൈല്‍ അടിക്കുന്നു..
അച്ഛന്‍ : യെപ്,ഐ വില്‍ ബി ദെയര്‍ ഇന്‍ വണ്‍ അവര്‍ ,യാഹ്  കിഡ് ഈസ്‌ ലീവിംഗ് ടുഡേ..യൂ
പീപ്പിള്‍ ജസ്റ്റ്‌ സ്ടാര്ട്ട്.
അമ്മ : നിങ്ങള്‍ മീറ്റിങ്ങും മറ്റുമായ് നടന്നോ..ഫ്ളൈറ്റിന് സമയമാകുന്നു...മോനെ വിട്ടിട്ടു വന്നിട്ട് വേണം ഡ്യൂട്ടിക്ക് പോകാന്‍ ,അതെങ്ങനാ ഒന്ന് ലീവ് എടുക്കാമെന്ന് പറഞ്ഞാല്‍ സതി മറ്റേണിറ്റി,ദേവി ലോങ്ങ്‌ ലീവ്,മേട്രന്‍ സിക്ക് ലീവ്,എല്ലാം കൂടെ ഞാന്‍ മാത്രം..നിങ്ങള്‍ക്ക് കുറച്ചു ദിവസം അവധിയെടുത്ത് കുഞ്ഞിന്റെ കൂടെ
പോകാന്‍ മേലാരുന്നോ? അല്ലേല്‍ നിങ്ങടെ അമ്മക്ക് ഇവിടം വരെ ഒന്ന് വരാന്‍ മേലാലോ,അവര്‍ക്ക് അമേരിക്കയിലല്ലേ പോക്ക് നടക്കൂ..
അച്ഛന്‍ : നീ ഇനി അത് പറഞ്ഞു തുടങ്ങു,നിന്റെ അമ്മക്ക് വന്നാലെന്നാരുന്നു...അപ്പോള്‍ നാട്ടില്‍ നിന്നും പോകാന്‍ മേല എങ്ങോട്ടും ..ഹും..ഇവിടെ ഒന്നിനേം കിട്ടുന്നുമില്ല കുഞ്ഞിനെ ഒന്ന് നോക്കാന്‍ ,എത്ര കൊടുക്കാമെന്നു പറഞ്ഞാലും പേരിനു പോലും ഒന്നില്ല..ലേബര്‍ ചെക്കിംഗ് ഇത്രയും കര്‍ശനമാല്ലായിരുന്നെങ്കില്‍ ആരെയെങ്കിലും കിട്ടിയേനെ ,എന്നാ ചെയ്യാനാ..
അമ്മ : എന്നാ പറഞ്ഞാലും,മോനെ അങ്ങോട്ടല്ലേ കൊണ്ട് പോകുന്നത്,നിങ്ങടെ വീട്ടില്‍ ആരുമില്ലല്ലോ നോക്കാന്‍ ,എന്നെ കൊണ്ട് കൂടുതല്‍ ഒന്നും പറയിക്കണ്ട..
അച്ഛന്‍ : ഫ്ളൈറ്റ് സര്‍വീസില്‍ വിളിച്ചിട്ട് കിട്ടുന്നുമില്ല,ഏതായാലും നീ അവനേം കൊണ്ട് ഇറങ്ങു..ഞാന്‍ ലഗ്ഗെജുമായ് വരാം..പരിചയമുള്ള ആരെങ്കിലും കാണും എയര്‍ പോര്‍ട്ടില്‍ .
പുതിയ ടൊയോട കൊറോളാ കാര്‍ നീങ്ങുന്നു...

സീന്‍ രണ്ടു (മോണോക്രോം)
ഫ്ളാറ്റ് # 2 
തുറന്നിട്ട ജനാലയുള്ള ബെഡ് റൂം..
ഷീറ്റ് വിരിക്കാത്ത മെത്ത ,അടുക്കി വെച്ചിരിക്കുന്ന ഉറയില്ലാത്ത തലയിണ,
സൈഡ് ടേബിളില്‍ ബെഡ് ലാമ്പ് ..
കെട്ടി വെച്ചിരിക്കുന്ന രണ്ടു പെട്ടിയും ഒരു ഹാന്‍ഡ് ബാഗും 
യാത്രക്ക് പോകാന്‍ ഒരുങ്ങിയിരിക്കുന്ന വേഷത്തില്‍ ,ഒരു കുഞ്ഞുടുപ്പുമായ് പുറത്തേക്കു നോക്കി
കട്ടിലില്‍ ഇരിക്കുന്ന അനിത..
ശോക ഭാവം..
ഡ്രസ്സ്‌ ചെയ്തു കൊണ്ടിരിക്കുന്ന സേതു,,
സേതു : സാരമില്ലെടാ,നമ്മുക്കുള്ളതാണെങ്കില്‍  ദൈവം തന്നേനെ...  
അനി : ഇനിയൊരിക്കലും ഒരാളെ തരാത്തവിധമല്ലേ അവന്‍ പോയത്..ഇതെന്തു വിധിയാ സേതുവേട്ടാ..
എത്രകാലം കാത്തിരുന്നു കിട്ടിയതാ എത്ര നേര്‍ച്ച നേര്‍ന്നു കിട്ടിയതാ,
സേതു : നീ ഇനി കരഞ്ഞു കരഞ്ഞു ഇല്ലാത്ത അസുഖം ഉണ്ടാക്കണ്ട,നമ്മുക്ക് എന്തെങ്കിലും വിധിച്ചിട്ടുണ്ടെങ്കില്‍ നമ്മുക്ക് കിട്ടും..
ഹും നീ വാ,കീ ഹൌസ് ഓണറിനെ ഏല്പിച്ചിട്ട് ഇറങ്ങാം ടാക്സി വെയ്റ്റ് ചെയ്യുന്നു...
ലഗേജ് പുറത്തു വെച്ചിട്ട് കതകു പൂട്ടുന്ന സേതു ,അടുത്ത വീട്ടില്‍ താക്കോല്‍ ഏല്‍പ്പിക്കുന്നു 
ടാക്സി എയര്‍ പോര്‍ട്ടിലേക്ക്..

സീന്‍ മൂന്നു 
എയര്‍ പോര്‍ട്ട്‌ -ഡിപ്പാര്‍ച്ചര്‍
അമ്മ : നിങ്ങളോട് എത്ര തവണ പറഞ്ഞതാ..കുഞ്ഞിനെ ഒറ്റക്കാ വിടുന്നത്,എയര്‍ ഹോസ്ടസിനെ എല്പ്പിക്കണമെന്നു...
അച്ഛന്‍ : നീ മിണ്ടരുത്,നിന്നോട് ഓണ്‍ലൈന്‍ ചെയ്യാന്‍ എത്ര തവണ ഞാന്‍ പറഞ്ഞതാ..ഇനി പരിചയമുള്ള ആരെങ്കിലും ഉണ്ടോന്നു നോക്കട്ടെ..
അച്ഛന്‍ സേതുവിനോടു ; നിങ്ങള്‍ നെടുമ്പാശേരിയിലെക്കാണോ?
സേതു : അതെ..
അച്ഛന്‍ : പ്ളീസ് ഞങ്ങളുടെ കുഞ്ഞിനെ കൂടെ ഒന്ന് നോക്കുമോ അവിടം വരെ,ഞങ്ങള്‍ക്ക് രണ്ടാള്‍ക്കും ലീവ് കിട്ടിയില്ല,നാട്ടില്‍ നിന്നും ആരും ഇങ്ങോട്ട് വരാനുമില്ല..ഇവിടെ ഒരു മെയ്‌ഡിനെ  കിട്ടാനുമില്ല,അതാ കുഞ്ഞിനെ നാട്ടിലയക്കാമെന്നു വെച്ചത്..തിരക്ക് കാരണം ഒന്നിനും സമയം കിട്ടുന്നില്ല,കുഞ്ഞിനെ സീ ഓഫ് ചെയ്തിട്ടുടനെ അവള്‍ക്കു ഡ്യൂട്ടിക്ക്  കേറണം,ഞാനിപ്പോള്‍ തന്നെ മീറ്റിങ്ങിനു അര മണിക്കൂര്‍ ലെയ്റ്റാ,
സ്വയം സമാധാനിക്കാനെന്നോണം അച്ഛന്‍ പറഞ്ഞു കൊണ്ടേയിരുന്നു...
സേതു ഒന്നും മിണ്ടിയില്ല,
അച്ഛന്‍ : സാറിന്റെ പേരെന്താണെന്നാ പറഞ്ഞത്?
സേതു : സേതു 
അച്ഛന്‍ : പ്ളീസ് സേതു ഒന്ന് ഹെല്പ് ചെയ്യാമോ?പ്ളീസ്.
സേതു : ഞാന്‍ ഭാര്യയോടോന്നു ചോദിക്കട്ടെ..അനീ ,കുഞ്ഞിനേയും കൂടൊന്നു കൊണ്ട് പോകാമോയെന്നു
ചോദിക്കുന്നു...
അനി : കണ്ണുകളില്‍ വല്ലാത്ത തിളക്കം ,അതിനെന്താ ഞങ്ങള്‍  നോക്കിക്കൊള്ളാം 
അമ്മയുടെ കയ്യില്‍ നിന്നും കുഞ്ഞിനെ വാങ്ങുന്നു..ഉമ്മ കൊടുക്കുന്നു..
കുഞ്ഞു കരയുന്നു..
അച്ഛന്‍ : ഇതാ മോന്റെ പാസ്പോര്‍ട്ടും ടിക്കറ്റും.നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഒന്ന് തരുമോ?
അനി : സേതുവിനെ തടഞ്ഞു കൊണ്ട്,ഞങ്ങള്‍ എക്സിറ്റ് അടിച്ചാ പോകുന്നത്,നാട്ടില്‍ പുതിയ ഫ്ളാറ്റിലേക്കാ,ഇനി ചെന്നിട്ട് വേണം എല്ലാം ആദ്യം മുതലെടുക്കാന്‍ ..
അച്ഛന്‍ : നാട്ടില്‍ ഇവടെ അച്ഛനും അമ്മയും കാണും..കുഞ്ഞിനെ അവരെ ഏല്‍പ്പിച്ചാല്‍ മതി..ഏലിയാസെന്നും അന്നാമ്മേന്നുമാ അവരുടെ പേര്..
അനി : അവരുടെ മൊബൈല്‍ നമ്പര്‍ തന്നേരെ,നിങ്ങളുടെ ഇവിടുത്തെ നമ്പരും..
അച്ഛന്‍ : അവരുടെ ഡ്രൈവറുടെ നമ്പരാ ..9447541942 ഇവിടുത്തെ എന്റെ നമ്പര്‍ 0587054378
അനി : അപ്പോള്‍ ഓക്കേ ഞങ്ങള്‍ അവിടെയെത്തിയിട്ട് വിളിക്കാം,കുഞ്ഞിനെ കൊണ്ട് തിടുക്കത്തില്‍ നടക്കുന്നു..
അച്ഛന്‍ അമ്മ : സേതു വളരെ നന്ദി ..ഉപകാരമായ് അല്ലെങ്കില്‍ ഞങ്ങള്‍ പെട്ട് പോയേനെ..
ഫ്ളൈറ്റ് അനൌണ്‍സ്മെന്റ്
സേതു : ശരി ഞങ്ങള്‍ പോകട്ടെ..

സീന്‍ നാല് 
ഫ്ളൈറ്റ് ടേക്ക് ഓഫ്‌ ..

സീന്‍ അഞ്ച്
നെടുമ്പാശ്ശേരി അറൈവല്‍
കാത്തു നില്‍ക്കുന്ന ജനക്കൂട്ടം.
അപ്പച്ചന്റെയും അമ്മച്ചിയുടെയും ക്ളോസ് അപ് 
ക്ളോക്ക്
മണിക്കൂറുകള്‍ പോകുന്നു..
വിഷമത്തോടെ കാത്തു നില്‍ക്കുന്ന അപ്പച്ചനും അമ്മച്ചിയും

സീന്‍ ആറ്
കത്തിയമരുന്ന ഒരു പാസ്പോര്‍ട്ട് ..
ഔട്ട്‌ ഓഫ് ഫോക്കസില്‍ 
നടന്നു നീങ്ങുന്ന സേതു അനിത കുഞ്ഞ് 
സീന്‍ ആറ് എ (മോണോക്രോം) 
കരഞ്ഞു തളര്‍ന്ന അമ്മ 
വിളറിയ മുഖവുമായ് അച്ഛന്‍