Ad

Thursday, 20 August 2009

ചുംബനങ്ങൾ

നിന്നെപ്പോലെ 
ആരുമെന്നെ സന്തോഷിപ്പിക്കുന്നില്ല,
നീ എന്റെ 
അടുത്ത സുഹൃത്ത്..

ഈ ചിത്ര പിന്നുകൾ
നിന്റെ കോളറിൽ കുത്തുക
പൂവിനു മണമെന്നപോൽ
നിന്റെ ഭംഗി വർദ്ധിക്കട്ടെ 

തുളുമ്പുന്ന തേൻ തുള്ളികൾ 
നിന്റെ അധരത്തിൽ
നിന്നും വീഴാതിരിക്കട്ടെ

ആരുടെയൊക്കെ
പ്രതിബിംബങ്ങളാണതിൽ
നീ എനിക്കായ്‌ 
കൊരുത്തു നല്‍ക്കുന്നത് ? 

എന്റെ കയ്യിലെപ്പോഴും
കുറച്ചു ചില്ലറകൾ മാത്രം,
(മതിയാവില്ലല്ലോ 
എനിക്കൊരിക്കലും)
വരൂ നമുക്കിനി നിന്റെ 
ചുംബനങ്ങൾ വിൽക്കാം

നിന്റെ പാത്രം കളയരുത്
ഇനിയുമെത്ര ചുംബനങ്ങൾ
നിറയ്ക്കാനുള്ളതാണ്
നിറച്ചു വില്‍ക്കേണ്ടതാണ്....

Tuesday, 18 August 2009

പ്രണയം=സ്വപ്നം=പ്രണയം

സ്വപ്നം കാണുന്നത്
ഒരു ക്രിമിനൽ കുറ്റമല്ല
സത്യം ചെയ്യൂ,
നീ വിഡ്ഢിത്തമൊന്നും കാട്ടുകയില്ലെന്ന്
നിന്റെ വെടിയുണ്ടകൾ
ഇപ്പോഴും യാത്ര ചെയ്യുന്നു

എന്റെ സ്വപ്നത്തിലേക്ക്
അവ കടന്നു പോകരുത്‌
ആരും ആരുടേയും 
സ്വപ്നത്തില്‍ പ്രവേശിക്കയുമരുത്

നിന്റെ സ്വപ്നങ്ങളിൽ
ഒരാത്മാവലയുന്നു;
നിന്നെ ഭയപ്പെടുത്തുന്ന
നിന്റെ പ്രണയം.

പ്രണയം
രണ്ടു പേരുടെ സ്വപ്നം കാണലാണ്
രണ്ടു തലച്ചോറുകൾ
ഒരുമിച്ചു കാണുന്ന സ്വപ്നം;

അതു കൊണ്ടാണല്ലോ
നേരം വെളുക്കുമ്പോൾ
കുമിള പൊട്ടുന്നതും
പ്രണയം ഇല്ലാതാകുന്നതും
സ്വപ്നം നീ മറന്നതും
വെടിയുണ്ടകൾ
പിന്നെയും യാത്ര ചെയ്യുന്നതും...

Sunday, 2 August 2009

വാഴക്കോടനും മൈലാഞ്ചിയും..

വെള്ളിയാഴ്ച മെയില്‍ ഓപണ്‍ ചെയ്തപ്പോള്‍ നൂറു നൂറ്റമ്പതു മെയിലുകള്‍
വാഴ,വാഴക്കോടന്‍,വാഴക്ക,വാഴക്കൂമ്പ്‌,വാഴയില,വാഴപ്പോള,വാഴപ്പിണ്ടി...എന്ന് വേണ്ട വാഴ ചേര്‍ത്ത് എത്ര വാക്കുണ്ടോ അതില്‍ നിന്നെല്ലാം മെയിലുകള്‍.
കാണുക ശനിയാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 11.30 നു ഏഷ്യാനെറ്റില്‍ മൈലാഞ്ചി.

ഇതിപ്പോ രാത്രീല്‍ ആരുടെ മൈലാന്ചിയിടീലാണോ?
അടുത്ത വരി, വാഴക്കോടന്‍ പാടുന്നു..

റബ്ബേ കുഞ്ഞീവിയെങ്ങാനും അറിഞ്ഞാല്‍?ഓര്‍ക്കാന്‍ കൂടി വയ്യ.വാഴക്കോട്കാര് മുഴുവനും ഇളകും.

വെളിക്കിറങ്ങുമ്പോള്‍ പോലും പാടുകയില്ലെന്ന് നാട്ടുകാരുടെ മുന്‍പില്‍ വെച്ച് സത്യം ചെയ്തതൊക്കെ പഹയന്‍ മറന്നോ?ഇനിയെന്തെല്ലാമൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത്?.

വെള്ളിയാഴ്ച്ച രാത്രി ഉറങ്ങാന്‍ പറ്റിയില്ല.വാഴക്കൊടന്റെ സ്ഥിതി എന്താകുമോ?
ഞായറാഴ്ച്ച ചെറായി മീറ്റിനു വരുന്നുവെന്ന് ഹരീഷ് പറയുകയും ചെയ്തു.ചെറായിയില്‍ നിന്നും തിരിച്ചിനി വാഴക്കോട്ടെക്കല്ലാരിക്കുമോ?അതോ വടക്കഞ്ചേരിയില്‍ തങ്ങുമോ?അതുമല്ല തിരിച്ചു അക്ബര്‍ ട്രാവല്‍സിലെക്കാണോ മടക്കം.ഒരു നല്ല സുഹൃത്തിനെ നഷ്ടമാകുമോ?ഹൃദയം പിടക്കുന്നു.

മില്‍മ കവര്‍ ടാറിട്ട റോഡില്‍ വീണ പൊട്ടിയത് പോലെ നേരം വെളുത്തു,ഒന്നിനുമൊരു ഉല്സാഹമില്ല,എന്റെ വാഴക്കെന്തെന്കിലും സംഭവിക്കുമോ?

രാത്രി 11.30.വീട്ടിലെല്ലാവരും ഉറക്കം തുടങ്ങിയിരിക്കുന്നു.പിറ്റേന്ന് ചെറായിയില്‍ പോകേണ്ടതാണ്,വെളുപ്പിന് അഞ്ചു മണിക്ക്‌ എണീക്കണം.എന്നാലും മൈലാഞ്ചി കണ്ടിട്ടേ ഉറങ്ങുന്നുള്ളൂ..എന്തോരം മെയില്‍ അയച്ചു പഹയന്‍ കഷ്ടപെട്ടതാ..

ഈ വാഴക്കോടന്‍ എങ്ങനിരിക്കും,പാട്ട് കണക്കാരിക്കും,കുഞ്ഞീവി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. പണ്ടൊരിക്കല്‍ ഇവന്‍ പാടീട്ടു വാഴക്കോട് മുഴുവന്‍ ഒരു മാസം പാലും ഇറച്ചിയും കിട്ടാനില്ലാരുന്നെന്നു, ഒള്ള കന്നുകാലികള്‍ മുഴുവന്‍ ഓടി രക്ഷപെട്ടു കളഞ്ഞത്രെ...അപ്പോള്‍ പിന്നെ അത് കണക്കാക്കണ്ട..പോഴത്തരങ്ങളില്‍ പതിപ്പിച്ചിരിക്കുന്ന പോലെ വല്യ പുലിയാരിക്കുമോ?സ്റ്റേജില്‍ കയറി പോഴത്തരങ്ങളാരിക്കുമോ കാണിക്കാന്‍ പോകുന്നത്..

11.40 മൈലാഞ്ചിയുടെ പൊടി പോലുമില്ല.ഏഷ്യാനെറ്റുകാരു പരിപാടി ക്യാന്‍സല്‍ ആക്കിയോ?11.45....

ഏഷ്യാനെറ്റില്‍ അടുത്ത പരിപാടി ഡെസ്സേര്‍ട്ട് വിഷന്‍ അവതരിപ്പിക്കുന്ന മൈലാഞ്ചി..
അപ്പോള്‍ സംഗതി ഉണ്ട്..വാഴക്കോടുകാരുടെ ഒരു യോഗം,അവിടിപ്പോള്‍ കരണ്ടു കട്ട് ആരിക്കുമോ?അതോ അവിടെ കരണ്ട് വന്നിട്ടുണ്ടോ?
അവതാരക സ്റ്റേജില് കയറുന്നു..
വേരറ്റു പോകുന്ന മാപ്പിള പാട്ടിന്റെ ഉന്നമനത്തിനായി പ്രവാസികള്‍ക്കിടയില്‍ നിന്നും മാപ്പിള പാട്ടിലെ പുലികളെ കണ്ടെത്തുന്ന മൈലാഞ്ചിയിലേക്ക് എല്ലാവര്ക്കും സ്വാഗതം..
നമ്മുക്ക് ജഡ്ജസ്സിനെ പരിചയപ്പെടാം
ജഡ്ജ് നമ്പര്‍ ഒന്ന്-ശ്രീ അഷ്‌റഫ്‌ പുളിക്കല്‍.മാപ്പിള പാട്ടിന്റെ മണി മുത്ത്‌ ശ്രീ വി.എം.കുട്ടിയുടെ മകന്‍.
ജഡ്ജ് നമ്പര്‍ രണ്ട്-ശ്രീ ബാപ്പുജി.
ഭാഗ്യം രണ്ട് പേരെ ഉള്ളൂ..അപ്പോള്‍ കുഞ്ഞീവിത്ത ഇല്ല.
അപ്പോള്‍ തല്‍ക്കാലം വാഴക്കൊട്ടുകാര്‍ അറിയാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല..
നമ്മുക്ക് നമ്മുടെ ആദ്യത്തെ കണ്ടസ്റ്റ്ന്റിനെ വിളിക്കാം..
സ്വാഗതം ചെയ്യൂ നമ്മുടെ അഷ്‌റഫ്‌..
അഷ്‌റഫ്‌ എവിടെയാണ് വക്ക് ചെയ്യുന്നത്..
ഞാനിവിടെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാ
ശരി ഏതു പാട്ടാണ് അഷ്‌റഫ്‌ പാടുന്നത്..
അമ്പിയാ മുറ്സലുകള്‍..
ശരി തുടങ്ങിക്കോ..

അമ്പിയാ മുറ്സലുകള്‍
താമസിക്കും കൊട്ടാരത്തില്‍..
ശരി അഷ്‌റഫ്‌ നമ്മുക്ക്‌ ജഡ്ജസ്സിനോട് ചോദിക്കാം..
ബാപ്പുജി:അഷ്രഫെ ഒത്തിരി തെറ്റുകള്‍ വന്നല്ലോ..ഇങ്ങനാണോ പാടുന്നത്..
ഇത്ര എളുപ്പമുള്ള പാട്ടല്ലേ കാണാതൊക്കെ പഠിക്കണ്ടേ..
ആദിയോതിയല്ല
ആദി ജ്യോതി..
പിന്നെ ഈ പാട്ടിന്റെ അവസാനമൊന്നുമില്ലേ..
അമ്പിയാ മുറ്സലുകള്‍ കഴിഞ്ഞുള്ള പല്ലവിയും കളഞ്ഞു അനു പല്ലവി പാടിയുമില്ല..കണ്‍സ്ട്രക്ഷന്‍ പണിക്കിടയില്‍ പാടിയൊക്കെ പഠിക്കണം കേട്ടോ..
നമ്മുടെ അടുത്ത കണ്ടസ്റ്റ്ന്റിനെ വിളിക്കാം.

.ഇടവേളയ്ക്കു ശേഷം..

സാന്ഫോട്-ഉപ്പു തൊട്ടു കര്‍പ്പൂരം വരെ സാന്ഫോട്
വെല്ല-വെല്ല പുരട്ടൂ നട്ടെല്ല് വരെ നിവര്ത്തൂ
ക്ലിയര്‍ ഷാമ്പൂ-മനസ്സ് വരെ ക്ളിയറാക്കൂ
മാക്സ് ഫാക്ടര്‍ -കള്ള കണ്പീലികള്ക്ക് മാക്സിമം എഫ്ഫക്റ്റ്‌
സോനാഷ്‌ ഐ പോഡ്-ജീവിതം വരെ തല തിരിക്കും പിന്നയല്ലേ നിങ്ങടെ സ്ടയ്ല്‍
തലയോട്ടി ചൂടിലാണോ?പുരട്ടൂ തലയും തോളും ഷാമ്പൂ

ഹോ തീരുന്നില്ലല്ലോ..വാഴക്കൊടനെ കാണുന്നുമില്ല,
ഡെസ്സേര്‍ട്ട് വിഷന്‍ അവതരിപ്പിക്കുന്നു-മൈലാഞ്ചി.
ഞാന്‍ ഞെട്ടിയുണര്‍ന്നു...
സ്റ്റേജ് കുലുങ്ങുന്നു,അതോ തോന്നിയതാണോ?
അല്ല ഉറക്കം തൂങ്ങിയ ജഡ്ജ്ജുംമാര്‍ കുലുങ്ങിയെണീറ്റു ചുറ്റും നോക്കി,
അവതാരക..ഞെട്ടലോടെ
അടുത്ത കണ്ടസ്റ്റന്റ്...

കള്ളി ഷര്‍ട്ടും,കറുത്ത പാന്റ്സും സ്വര്‍ണ്ണ കണ്ണടയുമായ് ഒരു ചെറിയ മനുഷ്യന്‍ പക്ഷെ മുന്നോട്ടു മുന്നോട്ടെന്നു പറഞ്ഞു ഒരു കുടവയര്‍ കൂടുണ്ട്..

അവതാരക:(പതിഞ്ഞ ശബ്ദത്തില്‍)ചേട്ടാ എന്നെ നോക്കാതെ നേരെ നോക്ക്..
കണ്ടസ്റ്റന്റ്:അല്ല ഓട്ടോറിക്ഷയുടെ ഹെഡ്‌ലൈറ്റ് നോക്കുവാരുന്നു..
അവതാരക:കണ്ണുരുട്ടി കൊണ്ട്,അടുത്തയാള്‍..ചേട്ടാ പരിചയപ്പെടുത്ത്‌,ചുമ്മാ വെള്ളമിറക്കാതെ..
കണ്ടസ്റ്റന്റ്:ചമ്മിയ മുഖത്തോടെ

ഞാന്‍ വാഴക്കോടന്‍ അബ്ദുല്‍ മജീദില്‍ നിന്നും വരുന്നു.
അപ്പോള്‍ ഇതാണ് മുതല്:
ഞാന്‍ ഉഷാറായി..
ഞാനൊരു ബ്ലോഗറാണ്..
വാഴക്കൊടന്റെ പോഴത്തരങ്ങള്‍
വാഴക്കൊടന്റെ മാപ്പിള പാട്ടുകള്‍
വാഴക്കൊടന്റെ വായിനോട്ടങ്ങള്‍
വാഴക്കൊടന്റെ കവിതകള്‍
വാഴക്കൊടന്റെ കുറും കഥകള്‍
വാഴക്കൊടന്റെ മിനിക്കഥകള്‍
വാഴക്കൊടന്റെ സമാഹാരങ്ങള്‍
വാഴക്കൊടന്റെ വേലിചാട്ടങ്ങള്‍
വാഴക്കൊടന്റെ കോഴിത്തരങ്ങള്‍
ഹോ ഒരു ഗ്ലാസ്സ് വെള്ളം താ കൊച്ചെ.
അവതാരകയെ അവിടെങ്ങും കാണുന്നില്ല..

ജഡ്ജ്ജസ്: മക്കളെ നിര്‍ത്തിക്കെ ഇവിടെന്നാ പരിപാടി..
ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചു ഇവിടെ ദുബായില്‍ അക്ബര്‍ ട്രാവല്‍സില്‍ വന്നു ബ്ലോഗുന്നു..
ജഡ്ജ്ജസ്:മതി മതി നീ ഏതു പാട്ടാ പാടുന്നത്.

നാദിര്‍ഷാ എഴുതി പാടിയ
''സംഗതി അറിഞ്ഞോ നീ
തെക്കേ വീട്ടിലെ അന്ത്രുക്കാന്റെ
മൂത്ത മകന്‍ ഭയങ്കര കേഡി
അവന്‍ ഇന്നലെ വെളുപ്പിനെ
സെന്‍ട്രല്‍ ജയിലിന്‍ കമ്പി വളച്ച്
ആരോരുമറിയാതെ ചാടി''..

ഡാ മോനെ വാഴേ ഇതാണോ മാപ്പിള പാട്ട്..
നീ പാടാന്‍ വന്നതോ അതോ നിന്റെ ബ്ലോഗിന്റെ പരസ്യം പറയാന്‍ വന്നതോ?
സോറി മാപ്പിള പാട്ടാണല്ലോ ഞാന്‍ പെട്ടന്ന് പണ്ട് പാഞ്ഞാളില്‍ മിമിക്രി കാണിക്കാന്‍ പോയതോര്‍ത്ത് അതാ..
ദേ ഇത് ഫൈനല്‍
യേശുദാസ്‌ പാടിയ മൈലാഞ്ചി എന്ന ആല്‍ബത്തിലെ ഒരു പാട്ട് പാടാം
ജഡ്ജ്ജസ്:എന്താണ് വാഴേ ഇത് തിരഞ്ഞെടുക്കാന്‍ കാരണം?
വാഴ: ഇതെഴുതിയത്‌ ഒരു വാഴപ്പിള്ളിയാ
പുള്ളിയിലും ഒരു വാഴയുണ്ടല്ലോ
കുല വാഴക്ക്‌ ഊന്നു കൊടുത്ത പോലെ കൈ എളിയില്‍ കുത്തി വാഴ ആരംഭിച്ചു..
സംകൃത പമഗിരി
തങ്ക തുങ്ക തരികിട
തിംകൃത തിമികിട മേളം
****************************
*******************************
ധിം ധിമി താളംകൃത താളം.

കാലു കൊണ്ട് താളമിട്ടു
കൈ ഞൊട്ടി ശബ്ദമുണ്ടാക്കി
വാഴ തകര്‍ത്തു പാടുന്നു..

ഡാ എന്താടാ അവിടൊക്കെ തകര്‍ക്കുന്നെ..നിനക്ക് കിടക്കാറായില്ലേ ?
ഞാന്‍ ഞെട്ടിയെണീറ്റു
പിതാശ്രീ..
അല്ല വാപ്പാ വാഴക്കോടന്‍ പാടുന്നു..
വാഴേം കുലേം..പോടാ..പോയി കിടക്കടാ..

ജഡ്ജ്ജുമാര്‍ മുഖത്തോടുമുഖം നോക്കുന്നു..
ജഡ്ജ് ഒന്ന്:ഞാനാരാനെന്നരിയാമോ?
വാഴ:അറിയാം സര്‍,അഷ്‌റഫ്‌ പുളിക്കല്‍
അഷ്‌റഫ്‌:എന്റെ വാപ്പ വി.എം കുട്ടി പാടിയ പാട്ടാണിത്.
വാഴ:ആത്മഗതം,ഇതിത്ര പഴയ പാട്ടാരുന്നോ?
അഷ്‌റഫ്‌:തരികിട ആണെന്ന് മനസ്സിലായി, വാഴ പാടിയത്‌ ശരിയാണോ?
തങ്ക തുങ്ക തരികിട എന്നല്ല
തങ്ക തുങ്ക തരിംഗിണ
എന്നാണു ശരി......
അത് പിന്നെ സര്‍,റിഹേഴ്സലിനു ഞാന്‍ ശരിക്കും തന്നെയാ പാടിയത്‌
അത് റിഹേഴ്സലിനു ,ഇപ്പോഴോ?
എന്താണെന്നറിയത്തില്ല സര്‍,റിഹേഴ്സലിനു എത്ര ശരിയായിട്ടു ചെയ്താലും സ്റ്റേജില് കയറുംബം തെറ്റും.പണ്ടേ അങ്ങനാ..
ജട്ജ്ജ്:ഏതായാലും തെറ്റുകള്‍ ഏറ്റു പറഞ്ഞത് കൊണ്ട് ഞങ്ങള്‍ ഒന്നും പറയുന്നില്ല.ഇനി ഇങ്ങോട്ടൊന്നും വരുന്നില്ലല്ലോ അല്ലെ..
മോളെ അവതാരകെ ഒരു ഗ്ലാസ്സ് വെള്ളം തരുമോ?
ചെവി പൊത്തി കൊണ്ട് അവതാരക അപ്രത്യക്ഷയാകുന്നു..
ടി വി നിര്‍ത്തീട്ട് ഞാനും രക്ഷപെട്ടു.

വാഴക്കോടുകാര്‍ കണ്ടിരിക്കുമോ?
ഞായറാഴ്ച്ചക്ക് ശേഷം വാഴേ കുറിച്ച് ഒരു വിവരവും ഇല്ല..