Trending Books

Showing posts with label ഉമ്മ. Show all posts
Showing posts with label ഉമ്മ. Show all posts

Wednesday, 29 September 2010

ഉമ്മ



കുഞ്ഞു മുലപ്പാല്‍ അധികമൊന്നും കുടിച്ചിട്ടില്ല..അവള്‍ക്കു കിട്ടീട്ടില്ല..

കൊടുക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ലാരുന്നു .ഇല്ലായിരുന്നു,അതാണ്‌ സത്യം.പ്രസവം ഏഴാം മാസത്തിലായിരുന്നു.
പ്രീ റ്റേം,കുഞ്ഞിനു ഒന്നര കിലോ മാത്രം ഭാരം.
ജനിച്ചയുടനെ തന്നെ അവളെ ഐ.സി.യുവില്‍,വെന്റിലേറ്ററില്‍ കിടത്തേണ്ടി വന്നു,നീണ്ട പതിനാലു ദിവസം..
അത് കഴിഞ്ഞാണ് ബന്ധുക്കളെല്ലാവരും,എന്തിനു എന്റെ അച്ഛനും അമ്മയും വരെ കണ്ടത്..

അഞ്ചു ദിവസം കഴിഞ്ഞാണ് കുഞ്ഞിനു മുലപ്പാല്‍ കൊടുത്തു തുടങ്ങാമെന്ന് ഡോക്ടര്‍ അറിയിച്ചത്..അത് വരെ അവള്‍ക്കു ഗ്ലൂകോസും ,മരുന്നുകളും 
മാത്രമായിരുന്നു..കുഞ്ഞിനു പാല് വലിച്ചു കുടിക്കാനുള്ള ശക്തിയില്ല,പിഴിഞ്ഞ് കൊടുക്കണം. നഴ്സുമാരും,അമ്മയും ഞാനുമൊക്കെ കിണഞ്ഞു ശ്രമിച്ചു,വേദന മാത്രം ബാക്കി.എത്ര വേദന സഹിച്ചാലും നാലോ അഞ്ചോ മില്ലി പാല് കിട്ടും.അത് കൊണ്ട് കുഞ്ഞിന്റെ വയറെങ്ങനെ നിറയാന്‍?   പാലില്ല എന്നാ സത്യം ശരിക്കും വിഷമിപ്പിക്കുന്നതായിരുന്നു.ഒടുവില്‍ പാല്‍പ്പൊടി കലക്കി കൊടുക്കാന്‍ തുടങ്ങി..
പാവം മുലപ്പാല്‍ കുടിച്ചു വയറു നിറയ്ക്കാന്‍ ഭാഗ്യമില്ലാത്ത എന്റെ മോള്‍..

അതുകൊണ്ടാണാവോ  എന്തോ,അവളോട്‌ ഇപ്പോഴും ഒരുമ്മ തരാന്‍ പറഞ്ഞാല്‍ ചിരിച്ചു കൊണ്ട് മുഖം തിരിച്ചു കളയും.എനിക്ക് മാത്രമല്ല ആര്‍ക്കും കൊടുക്കാറില്ല..അങ്ങോട്ടുമ്മ കൊടുക്കാന്‍ ചെന്നാലും ഇതാണവസ്ഥ.

മോള്‍ക്ക്‌ അവളുടെ കളിപ്പാട്ടങ്ങളില്‍ ഏറ്റവും ഇഷ്ടം മൂന്നു പാവകളോടാണ്..
എല്ലാം സോഫ്റ്റ്‌ പാവകള്‍,
ഒരു ഒലിവിന്റെ അവളെക്കാളും വലിയൊരു പാവ.
ഒരു മുയലന്‍,പിന്നൊരു പൂച്ചക്കുട്ടി..
അതിലേതെങ്കിലും വേണം അവള്‍ക്കു കൂട്ടിനു..ഉറങ്ങാന്‍ നേരമായാലും..
ഒരു വയസ്സ് കഴിഞ്ഞിട്ടും,ഈ മൂന്നു പാവകളും തന്നെയാണ് അവള്‍ക്കു ഏറ്റവും ഇഷ്ടം.



ഇവ അടുത്തുണ്ടെങ്കില്‍ അവള്‍ക്കു പ്രത്യേക സന്തോഷമാണ്..
ഒരുമ്മ താ മോളെയെന്നു പറഞ്ഞാല്‍,ഈ പാവകള്‍ അടുത്തുണ്ടെങ്കില്‍ അവയ്ക്ക് കൊടുക്കും..
പക്ഷെ മൂക്കില്‍ മാത്രം..കൂടെ കടിയും കൊടുക്കും..
എന്നിട്ട് മനോഹരമായ്,പുതുതായ് വന്ന കുഞ്ഞിരി പല്ലുകള്‍ കാട്ടി ചിരിക്കും..
മിടുക്കി ഉമ്മ കൊടുക്കാന്‍ പഠിച്ചിരിക്കുന്നു..എന്നാല്‍ നമ്മുക്കാര്‍ക്കും ഇല്ല..

ഒരിക്കല്‍ കുഞ്ഞിനെ കയ്യ് മാറാന്‍ ആരുമില്ലാത്ത ഒരു ദിവസം,വസ്ത്രം മാറുമ്പോള്‍ അവളും കൂടുണ്ടാരുന്നു..
മുലഞ്ഞെട്ടു കണ്ടു തൊടണമെന്നു കാണിച്ചു കൊണ്ട് കൈ നീട്ടി..
മുലപ്പാല് കിട്ടീട്ടില്ല,അവളതു തൊട്ടെങ്കിലും അറിയട്ടെ.
പോന്നു മോള്‍..
ഭയങ്കര സന്തോഷത്തോടെ അത്ഭുതത്തോടെ കുഞ്ഞു മുലഞ്ഞെട്ടില്‍ തൊട്ടു..
പിന്നെയും പിന്നെയും തൊട്ടു..
എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മോള്‍ എനിക്ക് ഉമ്മ തന്നു..
ചോദിക്കാതെ,
മുലയില്‍,മുലഞ്ഞെട്ടില്‍..
എന്റെ കണ്ണ് നിറഞ്ഞു പോയ്‌.
അവളതിപ്പോഴും ഓര്‍ക്കുന്നു...  
നഷ്ടത്തിന്റെ,വേദനയുടെ കുഞ്ഞു മനസ്സ്..

അവളെ പിടിച്ചു മാറ്റി,വേഷം മാറി..
കരച്ചില്‍ കണ്ടില്ല എന്ന് നടിച്ചു..
അവളുടെ പ്രിയ പാവകളെ എടുത്ത് കയ്യില്‍ കൊടുത്തു..
വാശിക്കാണെന്ന്   തോന്നുന്നു,
പാവകള്‍ക്കെല്ലാം ഒത്തിരിയൊത്തിരി ഉമ്മ കൊടുക്കുന്നു..
അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത്..

അവളുടെ ആ മൂന്നു പാവകളുടെ മൂക്കിനും മുലഞ്ഞെട്ടിനും ഒരേ നിറം!!!

എന്റെ പോന്നു മോളെ..
നിന്റെ ഉമ്മകള്‍ക്കൊന്നും ഞങ്ങള്‍ക്ക് അവകാശമില്ല...
നീ ഞങ്ങള്‍ക്ക് തരാത്തൊരുമ്മ,നിന്റെ നെറ്റിയില്‍ .
ഉമ്മ..