യൂറിഭൂതങ്ങളും മോഷ്ടിക്കപ്പെട്ട കണ്ണുകളും...
വൻ
മരങ്ങളാൽ ചുറ്റപ്പെട്ട,
തടാകങ്ങൾ നിറഞ്ഞ ആമസോൺ
കൊടുംകാടുകൾക്കുള്ളിൽ ജീവിക്കുന്ന ആളുകളാണ് സെയ്കോപായകൾ. അവരുടെ ഐതീഹ്യങ്ങൾ
പ്രകാരം നെഓകോയ നദിയിൽ വലിയ, അതീവ രുചികരമായ ഒരു കൂട്ടം മീനുകൾ പാർത്തിരുന്നു.
ഒരിക്കൽ
വലിയൊരു മഴപെയ്ത് വെള്ളം പൊങ്ങിയപ്പോൾ കൂടെ ഈ മീനുകളും ഒഴുകാൻ തുടങ്ങി. നെഓകോയ
നദിയുടെ തീരങ്ങളിൽ താമസിച്ചിരുന്ന ഗ്രാമവാസികൾക്ക് ഇത് ചാകരയായിരുന്നു. എന്നാൽ ഈ
മീനിന്റെ രുചിയിൽ മതിവരാത്ത ഗ്രാമീണർ അത്യാഗ്രഹികളായി. അവർ ഈ മീനിന്റെ
ഒഴുക്കിനൊപ്പം അവയെ പിടിക്കാൻ കൂടെപ്പോയി. മീനുകൾ നീന്തിനീന്തി കാടിനു നടുവിലുള്ള
ഒരു തടാകത്തിലെത്തി. മീനുകൾ നീന്തിത്തുടിക്കുന്ന ഒച്ച ഗ്രാമീണർക്ക് ദൂരെനിന്നേ
കേൾക്കാൻ സാധിക്കുമായിരുന്നു. അവർ ആവേശം കൊണ്ട് മതിമറന്നു. അവയുടെ രുചിയോർത്ത്
അവരുടെ വായിൽ വെള്ളം നിറഞ്ഞു.
ഗ്രാമം
മുഴുവനും ആ തടാകക്കരയിൽ തമ്പടിച്ചു. അവർ ബർബാസ്കോ
ചെടിയിൽ നിന്നും ശേഖരിച്ച വിഷവും കൂടെക്കരുതിയിരുന്നു. അത് വെള്ളത്തിൽ
കലക്കിയാൽ മീനുകൾക്ക് അനക്കമില്ലാതാകും. അങ്ങനെ അവയെ പിടിക്കാനായിരുന്നു
ഗ്രാമവാസികളുടെ പദ്ധതി.
ഗ്രാമത്തിലുള്ളവർ
മീനുകളെ പിടിക്കാനും പാകം ചെയ്യാനുമുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുമ്പോൾ അവരുടെ
മന്ത്രവാദിയായ മുഖ്യപുരോഹിതൻ ഒന്നു നടന്നിട്ടുവരാൻ തീരുമാനിച്ചു പുറത്തിറങ്ങി
നടത്തം തുടങ്ങിയതുമുതൽ താൻ ഒറ്റക്കല്ല എന്നൊരു തോന്നൽ അയാൾക്കുണ്ടായി.
നടന്നുനടന്ന് അയാൾ ഒരു മരത്തിനടുത്തെത്തി. മന്ത്രവാദി അടുത്തെത്തിയതും ആ മരം
അത്യുച്ചത്തിൽ മൂളാൻ തുടങ്ങി, മീനുകൾ നീന്തിത്തുടിക്കുന്ന ഒച്ചയേക്കാളും
വളരെയുറക്കെ ആയിരുന്നു മരത്തിന്റെ മൂളൽ. അതുകേട്ടതോടെ ഇത് ആത്മാക്കൾ വസിക്കുന്ന
മരമാണെന്ന് പുരോഹിതന് മനസ്സിലായി. അയാളുടനെ ഗ്രാമീണർ തമ്പടിച്ചിടത്തേക്ക്
തിരിഞ്ഞോടി. അയാൾ ഗ്രാമീണരോട് പറഞ്ഞു, ഈ മീനുകൾ സാദാരണ മീനുകളല്ല,
അവയ്ക്ക് ഉടമസ്ഥനുണ്ട്. അതാരാണെന്ന് കണ്ടുപിടിച്ചിട്ട് വരാം,
അതുവരെ ആരും ഒരു മീനിനെ പോലും പിടിക്കാൻ പാടില്ല.
പുരോഹിതൻ
തിരികെ മൂളുന്ന മരത്തിനടുത്തെത്തി. അതിനുള്ളിൽ പൊള്ളയായിരുന്നു, ഒരു വലിയ
വീടുപോലെ വിശാലം. അയാൾ അതിനുള്ലിലേക്ക് കയറിയപ്പോൾ കുറേ ആളുകൾ കുട്ട
നെയ്യുന്നതുകണ്ടു. നെയ്ത്തുകാരുടെ മുഖ്യൻ പുരോഹിതനെ അകത്തേക്ക് ക്ഷണിച്ചു. അതീവ
രുചികരമായ സിരിപിയ പഴങ്ങൾ പഴുത്തുതുടങ്ങുന്ന സമയമാണ്. അത് ശേഖരിക്കാനുള്ള
കുട്ടകളാണ് ഞങ്ങൾ നെയ്യുന്നതെന്ന് അയാൾ പറഞ്ഞു. അവരെ കണ്ടാലും, അവർ പെരുമാറുന്നതും മനുഷ്യരെപ്പോലെയാണെങ്കിലും, യഥാർത്ഥത്തിൽ
അവർ പറക്കാൻ കഴിവുള്ള, കാറ്റിനെ നിയന്ത്രിക്കാൻ സാധിക്കുന്ന
യൂറി എന്ന വായൂഭൂതങ്ങളാണെന്നും പുരോഹിതന് മനസ്സിലായി. ആ ഭൂതങ്ങൾ അയാളെ കുട്ട
നെയ്യാൻ പരിശീലിപ്പിച്ചു.
പുരോഹിതനെ
യാത്രയാക്കുന്നതിനു മുൻപ് ഭൂതങ്ങളുടെ തലവൻ കുറച്ച് പനങ്കുരുക്കൾ അയാളുടെ കയ്യിൽ
കൊടുത്തിട്ട് ചില മന്ത്രങ്ങൾ പഠിപ്പിച്ചുക്കൊടുത്തു. എന്നിട്ട്, ഇന്ന്
രാത്രി വീട്ടിനുള്ലിൽ കിടക്കാതെ ഒരു പൊള്ളയായ തടിക്കുള്ലിൽ കിടന്നുറങ്ങണമെന്നും,
ആ തടിയിൽ ഒരു പൈനാപ്പിൾ തലപ്പ് ഒടിച്ചുവയ്ക്കണമെന്നും
ആവശ്യപ്പെട്ടു.
പുരോഹിതൻ
തിരിച്ച് തടാകക്കരയിൽ എത്തിയപ്പോൾ ഗ്രാമീണർ അയാളുടെ വാക്ക് കേൾക്കാതെ ബർബാസ്കോ
വിഷമുപയോഗിച്ച് മത്സ്യങ്ങളെയെല്ലാം പിടിച്ച് ചുട്ട് തിന്നാൻ തുടങ്ങിയിരുന്നു.
പുരോഹിതന്റെ ഇളയ സഹോദരി മാത്രം അതിൽ നിന്നും വിട്ടുനിന്നു. മീൻ തിന്നുകഴിഞ്ഞതോടെ
ഗ്രാമീണർ മുഴുവൻ വീണുറക്കമായി. പുരോഹിതനും, സഹോദരിയും കൂടി എത്ര കുലുക്കി
വിളിച്ചിട്ടും അവരാരും ഉണർന്നില്ല.
നേരം
ഇരുട്ടാൻ തുടങ്ങി,
വലിയ കാറ്റടിക്കാൻ തുടങ്ങി... അതോടെ ഇതുമുഴുവൻ വായുഭൂതങ്ങളൂടെ
പണിയാണെന്ന് പുരോഹിതന് മനസ്സിലായി. പുരോഹിതനും സഹോദരിയും ഉടൻതന്നെ പൈനാപ്പിൾ
തലപ്പ് ഒടിച്ചുവച്ചിട്ട് ഒരു പൊള്ളയായ മരത്തടിക്കുള്ളിലേക്ക് നുഴഞ്ഞുകയറി.
അവിടെയിരുന്നവർ കാറ്റിന്റെ ഭീകര താണ്ഡവം കണ്ടു ഭയന്നു. മരങ്ങൾ കടപുഴകി, തടാകത്തിലെ വെള്ളം പൊങ്ങാൻ തുടങ്ങി, നേരത്തെ
പിടിച്ച് ഉണക്കാൻ വച്ച മീനുകൾക്ക് ജീവൻ വച്ചു, അവ ചിറകിളക്കി
ഒച്ചയുണ്ടാക്കി വെള്ളത്തിലേക്ക് ചാടാൻ
തുടങ്ങി, കാട്ടുമൃഗങ്ങൾ അലറിക്കൊണ്ട് പുരോഹിതനും സഹോദരിയും
ഒളിച്ച മരത്തടിയുടെ അരികിലേക്ക് പാഞ്ഞുവന്നു.
പക്ഷേ, അപ്പോഴേക്കും പൈനാപ്പിൾ തലപ്പ് ഒരു വലിയ
വേട്ടപ്പട്ടിയായി മാറി കാട്ടുമൃഗങ്ങൾക്കു നേരെ കുരച്ചുചാടി അവരെ രക്ഷിച്ചു!
നേരം
വെളുത്തപ്പോൾ വെള്ളം താഴ്ന്നിരുന്നു, മീനുകളെല്ലാം അപ്രത്യക്ഷമായി,
ഭൂരിഭാഗം ഗ്രാമീണരും, അവരെയെല്ലാം
കാട്ടുമൃഗങ്ങൾ ഭക്ഷിച്ചു. പുരോഹിതന്റെ ബന്ധുക്കൾ മാത്രം കൊല്ലപ്പെടാതെ അവശേഷിച്ചു.
കുടുംബാംഗങ്ങളെല്ലാം പുരോഹിതനെ തിരഞ്ഞ് വരുന്നതുകണ്ടപ്പോഴാണ് നെയ്ത്തുകാരുടെ
മുഖ്യനായി വേഷം മാറി നിന്നപ്പോൾ യൂറി ഭൂതം പറഞ്ഞ സിരിപിയ പഴങ്ങൾ യഥാർത്ഥത്തിൽ
പഴങ്ങളല്ല, മനുഷ്യരുടെ കണ്ണുകളാണെന്ന് പുരോഹിതന്
മനസ്സിലായത്. അത് ശേഖരിക്കാനാണവർ കുട്ടകൾ നെയ്തതെന്ന്.
കണ്ണുകാണാതെ
പുരോഹിതന്റെ ബന്ധുക്കൾ അയാളെ വിളിച്ച് അടുത്തെത്തി. അതിലൊരാൾ കൂർത്ത നഖങ്ങളുള്ള തന്റെ
വിരലുകൾ കൊണ്ട് പുരോഹിതന്റെ മുഖത്ത് തൊടാനാഞ്ഞപ്പോൾ പുരോഹിതൻ പിറകിലേക്ക് മാറി.
അയാൾക്ക് വായൂഭൂതം പറഞ്ഞതോർമ്മ വന്നു. ഭൂതം പഠിപ്പിച്ചുകൊടുത്ത മന്ത്രം
ചൊല്ലിക്കൊണ്ട് കയ്യിൽ സൂക്ഷിച്ചുവച്ചിരുന്ന പനങ്കുരുക്കൾ ബന്ധുക്കളുടെ നേരേ
എറിഞ്ഞു. പനങ്കുരുക്കൾ അവരുടെ കണ്ണുകളായി മാറീ. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ അവർ
വെള്ള ചുണ്ടുകളുള്ള ചെറിയ കാട്ടുപന്നികളായി മാറി, കാട്ടിലേക്ക് ഓടി രക്ഷപെട്ടു.
അവർക്ക് കാഴ്ച്ചയും ജീവനും തിരിച്ചുകിട്ടിയെങ്കിലും മനുഷ്യരല്ലാതായി മാറി.
ബന്ധുക്കളേയും, സുഹൃത്തുക്കളേയും
മാത്രമല്ല തന്റെ ജനതയെ മുഴുവൻ നഷ്ടപ്പെട്ട പുരോഹിതനും സഹോദരിയും സങ്കടത്തോടെ അവിടം
വിട്ടു. അവർ മറ്റൊരു ഗ്രാമത്തിൽ എത്തിച്ചേർന്നു. അവരോടൊപ്പം താമസിച്ച പുരോഹിതനും
സഹോദരിയും വായൂഭൂതങ്ങൾ പഠിപ്പിച്ച കുട്ടനെയ്ത്ത് ആ ഗ്രാമീണരേയും പഠിപ്പിച്ചു.
കാലം
കടന്നുപോയിട്ടും തന്റെ ഗോത്രത്തെ മുഴുവൻ ഇല്ലാതാക്കിയ യൂറി ഭൂതങ്ങളോടുള്ള ദേഷ്യം
പുരോഹിതന്റെ മനസ്സിൽ നിന്നും മാഞ്ഞില്ല. അയാൾ വായൂഭൂതങ്ങളോട് പ്രതികാരം ചെയ്യാൻ
തീരുമാനിച്ചു. പുരോഹിതൻ,
നല്ല എരിവുള്ള കുറേ മുളകുകൾ ശേഖരിച്ചുണക്കി സൂക്ഷിച്ചു വച്ചു. അയാൾ
കാത്തിരുന്ന ദിവസമെത്തി. മീനുകളുടെ ഒച്ച കേട്ട ഒരു ദിവസം പുരോഹിതൻ എരിവൻ
മുളകുകളുമായി മൂളൂന്ന മരത്തിനടുത്തെത്തി. അതിനുള്ളിൽ യൂറീ ഭൂതങ്ങൾ
മനുഷ്യക്കോലത്തിൽ കുട്ടനെയ്യുന്നത് പുരോഹിതൻ കണ്ടു. അയാളെ അവരും കണ്ടു. എന്നാൽ
അവർക്ക് രക്ഷപെടാനാവും മുൻപ് പുരോഹിതൻ മുളകെടുത്ത് മരത്തിലെ പൊത്തിന് മുന്നിൽ
വച്ചു തീ കൊടുത്തു. മുളകുപുക ആ മരത്തിനുള്ളിൽ നിറഞ്ഞു. മനുഷ്യക്കണ്ണുകൾ ഭക്ഷിച്ച്
ഭാരം കൂടിയ ഭൂതങ്ങൾക്ക് പറക്കാൻ പറ്റിയില്ല, അവർ ആ തീയിൽ
വെന്തുമരിച്ചു. എന്നാൽ കണ്ണുകൾ കഴിക്കാതിരുന്ന ചില ഭൂതങ്ങൾക്ക് ഭാരമില്ലായിരുന്നു.
അവർ പറന്നു രക്ഷപെട്ടു.
കൊടുത്താൽ
കൊല്ലത്തും കിട്ടും.
No comments:
Post a Comment