എരിവിന്റെ കഥ
എരിയുമ്പോൾ തീ പിടിച്ചത്
പോലെ തോന്നുന്നത് എന്തുകൊണ്ടാണ്?
എന്താണ് സ്പൈസിനസ് അഥവാ എരിവ്? എരിവ് ഒരു സ്വാദ് ആണെന്നാണോ ഉത്തരം? എന്നാൽ എരിവ് പുളിയോ, മധുരമോ, കയ്പോ, ചവർപ്പോ പോലൊരു സ്വാദല്ല. എരിവുള്ള വസ്തുക്കൾ കഴിക്കുമ്പോൾ അവയിലെ ചില പദാർത്ഥങ്ങൾ പോളിമോഡൽ നോസിസെപ്റ്റർ എന്ന സെൻസറി ന്യൂറോണുകളെ ഉത്തേജിപ്പിക്കുന്നു. ഈ ന്യൂറോണുകൾ നമ്മുടെ ശരീരമാസകലമുണ്ട്. വായിലും മൂക്കിലും, തൊലിയിലുമെല്ലാം. എരിവിലെ ചൂട് ഇവയെ ഉത്തേജിപ്പിക്കുന്നു എന്നു പറഞ്ഞല്ലോ, അതുകൊണ്ടാണ് ഒരു പച്ചമുളക് കഴിക്കുമ്പോൾ നാവ് പൊള്ളുന്നതായി അനുഭവപ്പെടുന്നത്. വാസ്തവത്തിൽ തലച്ചോർ അങ്ങനെ തന്നെയാണ് കരുതുന്നതും. എന്നാൽ മിന്റ് കഴിക്കുമ്പോൾ അവ ശരീരത്തിലെ കോൾഡ് റിസപ്റ്റേഴ്സിനെ ഉത്തേജിപ്പിക്കുന്നു. തലച്ചോറിൽ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും.
എന്നാൽ എല്ലാ എരിവുകളും ഒരുപോലെയല്ല നമ്മുക്ക് അനുഭവപ്പെടുന്നതെന്ന് നമ്മുക്കറിയാം. കുരുമുളകിൽ അടങ്ങിയിട്ടുള്ള പൈപ്പറിനും, പച്ചമുളകിലുള്ള കാപ്സൈസിനും വലിയ, ഭാരം കൂടിയ കണികകളായ ആൽകൈലമൈഡ്സ് ആണ്. അവ നാവിൽ തന്നെ രുചി പകരുമ്പോൾ വസാബി മുളകിലേയും, റാഡിഷിലേയും കടുകിലേയും കണികകൾ ചെറുതും ഭാരം കുറഞ്ഞതുമാണ്. അവയാണ് ഐസോ തയോസയനേറ്റ്സ്. കാപ്സൈസിനേക്കാളും, പൈപ്പറിനേക്കാളും ഭാരം കുറഞ്ഞവയായതിനാൽ അവക്ക് എളുപ്പം നമ്മുടെ സയനസിലേക്ക് പ്രവേശിക്കാൻ സാധിക്കും. അതുകൊണ്ടാണ് പച്ചമുളകിന്റെ എരിവ് വായിലും, വസാബി മുളകിന്റെ എരിവ് മൂക്കിലും അറിയുന്നത്.
എരിവ് അളക്കുന്നത് സ്കോവിൽ സ്കേലിലാണ്. ഒരോരോ മുളകിന്റേയും ചൂടിന്റെ അളവ് സ്കോവിൽ ഹീറ്റ് യൂണിറ്റിലാണ് (SHU) രേഖപ്പെടുത്തുന്നത്. അമേരിക്കൻ ഫാർമസിസ്റ്റ് ആയ വിൽബർ സ്കോവിൽ ആണ് ഈ ടെസ്റ്റ് രൂപപ്പെടുത്തിയത്. കാപ്സിക്കത്തിന്റെ അഥവാ ബെൽ പെപ്പറിന്റെ SHU പൂജ്യമാകുമ്പോൾ ടബാസ്കോ സോസിന്റേത് 1200 മുതൽ 2400 SHU വരെയാണ്. ഏറ്റവും എരിവുള്ള മുളകുകൾ ട്രിനിഡാഡ് മൊറൂഗ സ്കോർപിയോണും, കാരോളീന റീപ്പറുമാണ്. ഇവയുടെ SHU ഏകദേശം 15 മുതൽ 20 ലക്ഷം വരെ SHU ആണ്. ഇത് പെപ്പർ സ്പ്രേയുടെ പകുതിയോളം വരും.
ഇത്രയും എരിവുള്ള മുളകുകൾ മനുഷ്യർ ഉപയോഗിക്കുന്നത് എന്തിനാണ്? മനുഷ്യർ എന്നുമുതലാണെന്നോ, എന്തിനുവേണ്ടീയാണെന്നോ ആർക്കും യാതൊരു അറിവുമില്ല. 23000 വർഷം മുൻപ് മനുഷ്യർ കടുക് ഉപയോഗിച്ചു തുടങ്ങിയെന്നതിന് തെളിവുകൾ ശാസ്ത്രജ്ഞന്മാർക്ക് ലഭിച്ചിട്ടുണ്ട്. ചിലർ കരുതുന്നത് മനുഷ്യർ ഭക്ഷണത്തിൽ എരിവ് ഉപയോഗിക്കാൻ തുടങ്ങിയത് സൂക്ഷ്മാണുക്കളിൽ നിന്നും രക്ഷനേടാൻ വേണ്ടിയാണെന്നാണ്. ചില പഠനങ്ങൾ കാണിക്കുന്നത് ഇവ ചൂടുകൂടിയ പ്രദേശങ്ങളിലാണ് ഉപയോഗിച്ചു തുടങ്ങിയതെന്നും. ചൂടുള്ള കാലാവസ്ഥയിൽ സൂക്ഷ്മാണുക്കൾ കൂടൂതലുണ്ടാകാനുള്ള സാധ്യതയുമുണ്ട്.
ഇപ്പോഴും ആളുകൾ ഇത്രയും
എരിവ് ഉപയോഗിക്കാനുള്ള കാരണങ്ങൾ അജ്ഞാതമായി തുടരുന്നു. ചിലർ കൂടുതൽ എരിവ്
ഇഷ്ടപ്പെടുന്നു എന്നു മാത്രമേ അതിനെക്കുറിച്ച് പറയാൻ സാധിക്കൂ....
No comments:
Post a Comment