Trending Books

Sunday, 12 December 2021

The Epic of Gilgamesh

 


ഗിൽഗമേഷ്: മരണത്തെ അതിജീവിക്കാൻ ശ്രമിച്ച ഉറൂക്കിലെ രാജാവ്

 https://youtu.be/7oxwc_CCjXI

വർഷം 1849, വടക്കൻ ഇറാക്കിലെ നിനവെ എന്ന സ്ഥലത്ത് പുരാവസ്തു ഗവേഷകർ ഖനനം ചെയ്യുകയായിരുന്നു. എന്തായിരുന്നു ഉദ്ദേശം? ബൈബിൾ കഥകൾ സത്യമാണോയെന്നറിയണം. അതിനുപറ്റിയ തെളിവുകൾ എന്തെങ്കിലും അവിടെ കിട്ടാൻ സാധ്യതയുണ്ടോ എന്നതായിരുന്നു അവരുടെ ലക്ഷ്യം. പക്ഷേ, ആ ഖനനത്തിൽ അവർ കണ്ടെത്തിയത് ലോകത്തെ ഏറ്റവും പഴക്കം ചെന്ന ലൈബ്രറികളിലൊന്നിന്റെ അവശിഷ്ടങ്ങളിലേക്കാണ്. പൊളിഞ്ഞു, പൊടിഞ്ഞു തുടങ്ങിയ കളിമൺ ഫലകങ്ങളിൽ കണ്ടത് 4000 വർഷം പഴക്കമുള്ള ഒരു കഥയാണ്. അത് വിവർത്തനം ചെയ്ത ആദ്യമനുഷ്യൻ സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. അയാൾ ആ കഥയെ ഗിൽഗമേഷിന്റെ ഇതിഹാസം എന്നു വിളിച്ചു. ദി എപിക് ഓഫ് ഗിൽഗമേഷ്. 

കഥ തുടങ്ങുന്നത് ഉറൂക്കെന്ന തന്റെ രാജ്യത്ത് നടക്കുന്ന കല്യാണങ്ങളിലെല്ലാം വധുവിനൊപ്പം ആദ്യരാത്രി ആഘോഷിക്കുന്ന ഗിൽഗമേഷ് രാജാവിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്. തലപോകുന്ന കാര്യമായതുകൊണ്ട് എല്ലാവരും ഇത് സഹിച്ചു. എന്നാൽ അറൂറു എന്ന ദേവതയ്ക്ക് മാത്രം ഗിൽഗമേഷിന്റെ ഈ പരിപാടി അത്ര പിടിച്ചില്ല. ഗിൽഗമേഷിനെ മെരുക്കാൻ അറൂറു ഒരു എതിരാളിയെ സൃഷ്ടിച്ചു. ആ ഭീകരനായിരുന്നു എൻ‌കിടു. നഗരകവാടങ്ങളുടെ പുറത്ത്, ക്രൂര മൃഗങ്ങളും, കൊള്ളക്കാരുംപിടിച്ചുപറിക്കാരും, പ്രേതാത്മാക്കളും വിഹരിച്ചിരുന്ന സ്ഥലത്തായിരുന്നു എൻ‌കിടുവിന്റെ താമസം. അവിടെവച്ച് ഇഷ്താർ എന്ന ദേവതയുടെ മുഖ്യപുരോഹിത വശീകരിക്കാൻ ശ്രമിച്ചതോടെ അധോലോകവാസികൾ അവരുടെ കൂടെ താമസിക്കുന്നതിൽ നിന്നും എൻ‌കിഡുവിനെ വിലക്കി. ഗത്യന്തരമില്ലാതെ എൻ‌കിഡു ഉറൂക്കിലേക്ക് കടന്നു. 

അവിടെ അവൻ ഗിൽഗമേഷുമായി ഏറ്റുമുട്ടി. അതിഘോരമായ മൽപ്പിടുത്തംനഗരത്തിലെ എല്ലാ തെരുവുകളിലൂടെയും ദിവസങ്ങളോളം അവരുടെ യുദ്ധം നീണ്ടു. രണ്ടുപേരും അവരവർക്ക് വശമുള്ള എല്ലാ സൂത്രവിദ്യകളും എതിരാളിക്ക് നേരേ പ്രയോഗിച്ചു. ഒടുവിൽ ഒരു പൊടിക്ക് മുൻ‌തൂക്കം ഗിൽഗമേഷിന് കിട്ടി, ആ തക്കമുപയോഗിച്ച് രാജാവ് എൻകിടുവിനെ തറപറ്റിച്ചു. തനിക്ക് പോന്ന എതിരാളിയായി എൻ‌കിടുവിനെ ഗിൽഗമേഷ് കരുതി. അങ്ങനെ ആ ഭീകര യുദ്ധത്തിനുശേഷം അവർ ഉറ്റ ചങ്ങാതിമാരായി മാറി. 

എൻ‌കിടുവുമായുള്ള കൂട്ടുകെട്ട് ഗിൽഗമേഷിന് സ്ത്രീകളോടുള്ള താല്പര്യം കുറച്ചു. പകരം താല്പര്യം മല്ലയുദ്ധത്തോടായി. തന്റെ കൈക്കരുത്ത് തെളിയിക്കാൻ കിട്ടിയ എല്ലാ അവസരങ്ങളും ഗിൽ‌ഗമേഷ് ഉപയോഗിക്കാൻ തുടങ്ങി. ഇതിനോടകം തന്റെ ഉറ്റ ചങ്ങാതിയായ എൻ‌കിടുവുമൊത്ത് പുതിയ ഇരകളെ തേടി ഗിൽഗമേഷ് അലഞ്ഞു. അങ്ങനെയാണ് സെഡാർ വനങ്ങളിലെ മരങ്ങളുടെ കാവൽക്കാരനായ, ആയിരം മുഖങ്ങളുള്ള ഹുമ്പാബ എന്ന സത്വത്തെ വധിക്കാൻ കൂട്ടുകാർ ഒരുങ്ങിയിറങ്ങിയത്. അവർ ഹുമ്പാബായെ കണ്ടെത്തി യുദ്ധത്തിന് വെല്ലുവിളിച്ചു. വെല്ലുവിളി സ്വീകരിച്ച ഹുമ്പാബ, പക്ഷേ, ഗിൽഗമേഷ് - എൻ‌കിടു ദ്വയത്തിനു മുന്നിൽ മുട്ടുമടക്കി, അവൻ ജീവനു വേണ്ടി നിലവിളിച്ചു. എല്ലാ എതിരാളികളേയും കീഴടക്കിയതുപോലെ ഗിൽഗമേഷ് തന്നെ വാൾ കൊണ്ട് ഹുമ്പാബായുടെ മുഖങ്ങൾ അരിഞ്ഞുതള്ളി. അവസാനം നെഞ്ചിലേക്ക് തന്റെ വലിയവാൾ കുത്തിയറക്കിയ ഗിൽഗമേഷിനെ ഹുംബാബ ശപിച്ചു. 

വിജയശ്രീലാളിതനായി ഉറൂക്കിൽ തിരിച്ചെത്തിയ ഗിൽഗമേഷിനോട് ഇഷ്താർ ദേവതയ്ക്ക് പ്രണയം തോന്നി. എന്നാൽ പ്രണയം യുദ്ധങ്ങളോട് മാത്രമായി മാറിയ ഗിൽഗമേഷ് ഇഷ്താറിന്റെ പ്രേമത്തേയും നിരസിച്ചു. കോപിഷ്ഠയായ ഇഷ്താർ സ്വർഗത്തിലെ കാളക്കൂറ്റനെ ഉറൂക്കിലേക്ക് ഇറക്കിവിട്ടു. അവൻ ഉറൂക്കിലെ കൃഷികളൊക്കെ നശിപ്പിക്കുകയും ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുകയും ചെയ്തു. രാജ്യത്തെ ഈ കാളക്കൂറ്റനിൽ നിന്നും രക്ഷിക്കാൻ ഗിൽഗമേഷും എൻ‌കിടുവും കൂടിയിറങ്ങി. ആ രണ്ട് യുദ്ധ വീരന്മാരുടെ മുന്നിൽ പിടിച്ചു നിൽക്കാൻ സ്വർഗ്ഗത്തിലെ കാളക്കൂറ്റനു പോലും കഴിഞ്ഞില്ല. അവർ അവനെ കഴുത്തറുത്തു കൊന്നു. കാളക്കൂറ്റനും ചരിഞ്ഞതോടെ ദേവലോകം ഉണർന്നു. അവർ എൻ‌കിടുവിനെ വകവരുത്തി. എൻ‌കിടു മൊസപ്പാട്ടാമിയയിലെ ഇരുളടഞ്ഞ, പൊടിമണ്ണിന്റെ വീട്, എന്ന നരകത്തിൽ തള്ളപ്പെട്ടു. അവിടെ എന്നന്നേക്കും പൊടി തിന്ന് കഴിയാനായി എൻകിടുവിന്റെ ആത്മാവിനെ അവർ ചങ്ങലയിൽ തളച്ചു. 

തന്റെ ഉറ്റ സുഹൃത്തിന്റെ മരണം നൽകിയ അനന്തമായ വേദനയാലും, തനിക്ക് വരാൻ പോകുന്ന വിധിയോർത്തും ഗിൽഗമേഷ് തപിച്ചു. ഇതിൽ നിന്നും രക്ഷപെടാൻ ഒരേയൊരു മാർഗ്ഗമേയുള്ളു, മരണമില്ലാതാക്കുക്കയെന്നതാണ് അതെന്ന് മനസ്സിലാക്കിയ ഗിൽഗമേഷ് അമരത്വം നേടാനായി യാത്രതിരിച്ചു. തേൾ മനുഷ്യരേയും, രത്നങ്ങൾ വിളയുന്ന മരങ്ങൾ നിറഞ്ഞ കാടും കടന്ന്, മലകളും, കൊടും വനങ്ങളും, ഉദയസൂര്യനേയും പിന്നിട്ട്  ഭൂലോകത്തിന്റെ ഏറ്റവും അറ്റത്തെത്തി. 

അവിടെ ഗിൽഗമേഷ് ഒരു മദ്യശാല കണ്ടു. അവിടെ തന്റെ വരവും കാത്തിരിക്കുന്ന ഷിദുരി എന്ന ദേവതയേയും. അമരത്വം നല്ലതിനല്ല, ഒരിക്കൽ ജനിച്ചവർ എല്ലാം തന്നെ ഒരുനാൾ മരിക്കണം. നീ തിരികെ ഉറൂക്കിലേക്ക് പോയി ശിഷ്ടകാലം ആസ്വദിച്ച് ജീവിക്കൂ എന്ന് ഷിദൂരി പറഞ്ഞെങ്കിലും അത് കേൾക്കാൻ ഗിൽഗമേഷ് തയ്യാറായില്ല. ഒടുവിൽ ഗിൽഗമേഷിന്റെ പിടിവാശിക്ക് മുന്നിൽ ഷിദൂരി വഴങ്ങി. അവൾ മരണത്തിന്റെ ജലാശയം കടന്ന്, അമരനായ അട്നപിഷ്ടിയെ കാണാൻ ഗിൽഗമേഷിനോട് പറഞ്ഞു. 

ലോകം തന്നെ ഇല്ലാതാക്കിയ ഒരു വൻ പേമാരിയെ തുടർന്നാണ് ദൈവങ്ങൾ അട്നപിഷ്ടിക്ക് അമരത്വം പ്രദാനം ചെയ്തത്. അയാളോട് ദൈവങ്ങൾ വലിയൊരു കപ്പൽ നിർമ്മിക്കാൻ ആവശ്യപ്പെടുകയും, ഈ ലോകത്തുള്ള ജീവജാലങ്ങളിൽ നിന്നും ഓരോ ഇണകളെ വീതം ആ കപ്പലിൽ കയറ്റാനും ആവശ്യപ്പെട്ടു. ആ വൻ മഴക്കെടുതിക്കൊടിവിൽ അട്നപിഷ്ടി ആ കപ്പൽ ഒരു പർവ്വതശിഖരത്തിൽ ഉറപ്പിച്ചു. അട്നപിഷ്ടിയും മരണത്തെ തിരസ്കരിക്കരുതെന്ന് ഗിൽഗമേഷിനോട് ആവശ്യപ്പെട്ടു, എന്നാൽ തന്റെ ലക്ഷ്യത്തിന് വേണ്ടി അയാൾ ഉറച്ചുനിന്നു. ഒടുവിൽ ഉറക്കത്തെ അതിജീവിച്ചാൽ ദൈവങ്ങൾ അമരത്വം നൽകിയേക്കുമെന്ന് അട്നപിഷ്ടീ പറഞ്ഞുകൊടുത്തു. 

ഗിൽഗമേഷ് ഏഴുദിവസം ഉറങ്ങാതെ പിടിച്ചുനിന്നു, എന്നാൽ എട്ടാം ദിവസം ഉറങ്ങിവീഴുകതന്നെ ചെയ്തു. ഉറക്കത്തെ തോൽപ്പിക്കാൻ സാധിക്കാതിരുന്ന ഗിൽഗമേഷിനോട്, സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു അൽഭുത സസ്യം വളരുന്നുണ്ടെന്നും, അത് കൈക്കലാക്കിയാൽ നിത്യ യൌവ്വനം കിട്ടുമെന്നും അട്നപിഷ്ടി പറഞ്ഞുകൊടുത്തു. ആ ചെടി ഗിൽഗമേഷ് കൈക്കലാക്കിയെങ്കിലും, അതുമായി തിരിച്ച് ഭൂമിയിലേക്ക് വരുന്ന വഴി ഒരു സർപ്പം അത് മോഷ്ടിച്ചു കടന്നുകളഞ്ഞു. 

നിരാശനായി ഗിൽഗമേഷ്, പോയ വഴിയെല്ലാം തിരിച്ചുനടന്ന് സ്വന്തം രാജ്യത്തെത്തി. തന്റെ നഗരത്തിന്റെ മനോഹാരിത കൺ നിറച്ചുകണ്ട ഗിൽഗമേഷ് അമരത്വ മോഹമുപേക്ഷിക്കുകയും, ശേഷിക്കുന്ന കാലം നല്ല പ്രവർത്തികൾ ചെയ്തു ജീവിക്കുവാനും തീരുമാനമെടുത്തു. ഗിൽഗമേഷ് തന്റെ കഥ, വരും തലമുറകൾക്ക്ക്ക് വായിക്കുവാനും, അറിയുവാനുമായി, നീല നിറമുള്ള, ലാപിസ് ലാസുലി, പാറക്കഷണത്തിൽ രേഖപ്പെടുത്തിയിട്ട് നഗരത്തിന്റെ സംരക്ഷണ ഭിത്തികൾക്കു താഴെ കുഴിച്ചിട്ടു. 

നിനവെയിൽ നിന്നും കണ്ടെടടുത്ത ഫലകം അസീറിയൻ രാജാവായ അഷറുബനിപാലിന്റെ ലൈബ്രറിയുടെ ഭാഗമാണെന്നാണ് കരുതപ്പെടുന്നത്. ഈ ഫലകത്തിൽ എഴുതിയിരിക്കുന്നത് ചിലപ്പോൾ ഒരു കെട്ടുകഥയാവാം, എന്നാൽ ഗിൽഗമേഷ് ഉറൂക്കിന്റെ യഥാർത്ഥ രാജാവ് തന്നെയാണെന്ന് കണക്കാക്കുന്നു. ഈ കഥ 2000 ബിസിക്കോ അതിനു മുൻപോ ഉണ്ടായതാവാനാണ് സാധ്യത... പല മതഗ്രന്ഥങ്ങളിലും ഗിൽഗമേഷിന്റെ കഥ പലപല രൂപങ്ങളിൽ നമ്മുക്കിപ്പോഴും വായിക്കാം.

No comments: