നമ്പൂതിരീസ് കോളേജിലെ ട്യൂഷനും കഴിഞ്ഞു
'സ്റ്റുടന്റ്സ് ഒൺലി' സർക്കാർ ബസ്സിൽ
"ബീഡിക്കാശല്ലെയുള്ളൂ ടിക്കറ്റ് എടുക്കടാ മോനെ"
എന്ന കണ്ടക്റ്റർ രാജേട്ടന്റെ വാക്കവഗണിച്ചു
മുന്നിലേക്ക് പോകും
ബസ് ഇടയ്ക്കെങ്ങും നിർത്താതിരിക്കാൻ
മണിച്ചരട് മുറിച്ച സിനാജുമൊത്ത്
ചെക്കറെ പറ്റിച്ച് ജനലിലൂടെ ചാടി
എക്കണോമിക്സ്,കോമ്മേഴ്സ് ബാച്ചുകാരുടെ
വീരപ്പൻ ബ്ളോക്ക് കഴിഞ്ഞു കയറ്റം കയറി
മെയിൻ ഗെയ്റ്റ് കടന്നു,
സ്പെക്ട്രോസ്കോപ്പിലൂടെ സതി ടീച്ചറുടെ
അണിവയർ രോമം കണ്ട ഫിസിക്സ് ലാബും
എം.ടിയെയും, ബഷീറിനെയും മാറ്റിവച്ച്
കമ്പിക്കഥകൾ നോക്കിനടന്ന ലൈബ്രറിയും കടന്നു
ജി ബാച്ചിലേക്ക് അവനും,
ഹാജർ എടുത്തു കഴിഞ്ഞ, പിൻബഞ്ച് കാലിയായ
ളാത്ര സാറിന്റെ മലയാളം ക്ളാസിലേക്ക് ,
വേലിക്കെട്ടില്ലാത്ത ജനലുകളുള്ള
ഐ ബാച്ചിലേക്ക് ഞാനും
വീണപൂവിലേക്ക് കടന്നു സാറും
ഇടത്തെ ബെഞ്ചിലെ നിഷയുടെ
കണ്ണിലേക്കു നോക്കിയിരുന്നു ഞാനും
ആ പീര്യഡ് അവസാനിപ്പിക്കും..
രണ്ടു കൊല്ലം കണ്ണിൽ നോക്കിനോക്കി
സുവോളജി ലാബിന്റെ ഇടനാഴിയിൽ
കൈപിടിച്ച് ഇഷ്ടം പറഞ്ഞതിന്റെ
പിറ്റേനാള്‍ ഒളിച്ചോടിപ്പോയ നിഷ
എഞ്ചിനിയർ അല്ലെങ്കിൽ ഡോക്ടർ
രണ്ടിലൊന്നെന്നുറപ്പിച്ച്
കണക്കിനൊപ്പം സയൻസും പഠിക്കാൻ വന്നു
പിത്ത് ചെയ്തിട്ടും ചാടിയ തവളയെ കണ്ടു
തലചുറ്റി വീണ പ്രെറ്റി,
കയ്യിലിരുപ്പ് കൊണ്ടാണെന്ന്
അവൾ മൈൻഡ് ചെയ്യാത്ത സാബി,
ഒരു കിലോ മുടിയും അരക്കിലോ മുഖവുമെന്നു
റെക്സ് കളിയാക്കുന്ന സ്മിത
കളിയാക്കികളിയാക്കി കാര്യമായപ്പോൾ
ഇഷ്ടംകൊണ്ടാണെന്ന് രണ്ടാളും..
ഓരോ മാസവും പുതിയ സൌഹൃദം തേടുന്ന
വെബ് ഉഷ,
കൂട്ടുപേരെല്ലാം ബോർഡിൽ തെളിഞ്ഞ നാൾ
പുതിയൊരു പേരും അതിലെഴുതിച്ചേർത്ത്
ബെഞ്ചില്‍ പോയിരുന്നു പുച്ഛത്തോടെ ചിരിച്ച
ബോൾഡ് ഉഷ,
എല്ലാ ബാച്ചിലും കാമുകിമാരുണ്ടായിട്ടും
തന്നെ പ്രേമിക്കാത്ത മീരക്ക് വേണ്ടി കരഞ്ഞ
ശർക്കര ബിജു
തല്ലു കൊണ്ട് നേതാവായ ഷാജൻ
തല്ലുകൊടുത്ത് നേതാവായ ജൂബിൻ
ആരു തല്ലിയാലും കൊള്ളാൻ
മടിയില്ലാത്ത റാഫി
വെടിമരുന്നിന്റെ മണവും
പാറപ്പൊടി പറ്റിയ മുടിയുമായ് പ്രസാദ്
ജിപ്സിയില്‍ വരുന്ന,പെപ്സി മാത്രം കുടിക്കുന്ന
ദാമോദരന്‍ എന്ന ദാമൻ
എല്ലാരും ഒത്തുചേരുന്ന
തൂക്കിവിക്കാനും മാത്രം പറ്റുബുക്കുകളുള്ള
തങ്ക്സ് എന്ന തങ്കച്ചായന്റെ ചായക്കട
പുതിയ പ്രണയത്തിനു പഫ്സും ഡ്രിങ്ക്സും
തകർന്ന പ്രണയത്തിനു ഹാൻസും സിഗരറ്റും
എത്ര പറ്റിയാലും എത്ര പറ്റിച്ചാലും
രണ്ടു പെണ്മക്കളാടാ എനി-
ക്കെന്നും പറഞ്ഞു പിന്നെയും തരും
സിഗരറ്റും ഡ്രിങ്ക്സും പാവം തങ്ക്സ്..
കണക്കു പ്രോഫസറിന്റെ കണക്കുകൂട്ടലുകളിൽ
കണക്കു തെറ്റി തൂങ്ങിമരിച്ച
അറ്റന്റർ ജോർജ്ജേട്ടൻ
പകല്‍ പോലും കാണാത്ത എന്നെക്കാളും
കറുത്ത നിന്നെ കെട്ടാൻ വരും സായിപ്പെന്നു
ജെനിയെ ശപിച്ച ഷാൻസ്
മരണക്കിടക്കയിൽ അവനെ
കാണാൻ ചെന്ന ജെനിയും
ഓടിയോടി മറയുന്നു
പഴയ ഹീറോ റെയ്ഞ്ചർ സൈക്കിളിൽ
മെയിൻ ഗെയ്റ്റ് കടന്നു, ഇറക്കമിറങ്ങി
വീരപ്പൻ ബ്ളോക്കും കഴിഞ്ഞു
പാലത്തിൽ നിന്നും തിരിഞ്ഞുനോക്കുമ്പോൾ
കാണുന്നുണ്ട് ഐ ബാച്ചും
വാകമരച്ചോട്ടിൽ കൂട്ടുകാരോടൊത്ത് പഴയ ഞാനും