Trending Books

Showing posts with label സ്മരണകള്‍. Show all posts
Showing posts with label സ്മരണകള്‍. Show all posts

Friday, 5 November 2010

പ്രീ-ഡിഗ്രി


                 










നമ്പൂതിരീസ് കോളേജിലെ ട്യൂഷനും കഴിഞ്ഞു
'സ്റ്റുടന്റ്സ് ഒൺലി' സർക്കാർ ബസ്സിൽ 
"ബീഡിക്കാശല്ലെയുള്ളൂ ടിക്കറ്റ് എടുക്കടാ മോനെ"
എന്ന കണ്ടക്റ്റർ രാജേട്ടന്റെ വാക്കവഗണിച്ചു
മുന്നിലേക്ക്‌ പോകും
ബസ് ഇടയ്ക്കെങ്ങും നിർത്താതിരിക്കാൻ 
മണിച്ചരട് മുറിച്ച സിനാജുമൊത്ത്
ചെക്കറെ പറ്റിച്ച് ജനലിലൂടെ ചാടി
എക്കണോമിക്സ്,കോമ്മേഴ്സ് ബാച്ചുകാരുടെ
വീരപ്പൻ ബ്ളോക്ക് കഴിഞ്ഞു കയറ്റം കയറി
മെയിൻ ഗെയ്റ്റ് കടന്നു,
സ്പെക്ട്രോസ്കോപ്പിലൂടെ സതി ടീച്ചറുടെ
അണിവയർ രോമം കണ്ട ഫിസിക്സ്  ലാബും
എം.ടിയെയും, ബഷീറിനെയും മാറ്റിവച്ച്
കമ്പിക്കഥകൾ നോക്കിനടന്ന ലൈബ്രറിയും കടന്നു
ജി ബാച്ചിലേക്ക് അവനും,
ഹാജർ എടുത്തു കഴിഞ്ഞ, പിൻബഞ്ച്‌ കാലിയായ
ളാത്ര സാറിന്റെ മലയാളം ക്ളാസിലേക്ക് ,
വേലിക്കെട്ടില്ലാത്ത ജനലുകളുള്ള   
ഐ  ബാച്ചിലേക്ക് ഞാനും 

വീണപൂവിലേക്ക് കടന്നു സാറും
ഇടത്തെ ബെഞ്ചിലെ നിഷയുടെ 
കണ്ണിലേക്കു നോക്കിയിരുന്നു ഞാനും
ആ പീര്യഡ് അവസാനിപ്പിക്കും..
രണ്ടു കൊല്ലം കണ്ണിൽ നോക്കിനോക്കി 
സുവോളജി ലാബിന്റെ ഇടനാഴിയിൽ 
കൈപിടിച്ച് ഇഷ്ടം പറഞ്ഞതിന്റെ 
പിറ്റേനാള്‍ ഒളിച്ചോടിപ്പോയ നിഷ 

എഞ്ചിനിയർ അല്ലെങ്കിൽ ഡോക്ടർ 
രണ്ടിലൊന്നെന്നുറപ്പിച്ച്
കണക്കിനൊപ്പം സയൻസും പഠിക്കാൻ വന്നു
പിത്ത് ചെയ്തിട്ടും ചാടിയ തവളയെ കണ്ടു
തലചുറ്റി വീണ പ്രെറ്റി,
കയ്യിലിരുപ്പ് കൊണ്ടാണെന്ന്
അവൾ മൈൻഡ് ചെയ്യാത്ത സാബി,
ഒരു കിലോ മുടിയും അരക്കിലോ മുഖവുമെന്നു
റെക്സ് കളിയാക്കുന്ന സ്മിത
കളിയാക്കികളിയാക്കി കാര്യമായപ്പോൾ
ഇഷ്ടംകൊണ്ടാണെന്ന് രണ്ടാളും..

ഓരോ മാസവും പുതിയ സൌഹൃദം തേടുന്ന
വെബ് ഉഷ,
കൂട്ടുപേരെല്ലാം ബോർഡിൽ തെളിഞ്ഞ  നാൾ
പുതിയൊരു പേരും അതിലെഴുതിച്ചേർത്ത്
ബെഞ്ചില്‍ പോയിരുന്നു പുച്ഛത്തോടെ ചിരിച്ച
ബോൾഡ് ഉഷ,
എല്ലാ ബാച്ചിലും കാമുകിമാരുണ്ടായിട്ടും
തന്നെ പ്രേമിക്കാത്ത മീരക്ക് വേണ്ടി കരഞ്ഞ 
ശർക്കര ബിജു

തല്ലു കൊണ്ട് നേതാവായ ഷാജൻ
തല്ലുകൊടുത്ത് നേതാവായ ജൂബി
ആരു തല്ലിയാലും കൊള്ളാ 
മടിയില്ലാത്ത റാഫി
വെടിമരുന്നിന്റെ മണവും
പാറപ്പൊടി പറ്റിയ മുടിയുമായ് പ്രസാദ്
ജിപ്സിയില്‍ വരുന്ന,പെപ്സി മാത്രം കുടിക്കുന്ന
ദാമോദരന്‍ എന്ന ദാമ 
എല്ലാരും ഒത്തുചേരുന്ന
തൂക്കിവിക്കാനും മാത്രം പറ്റുബുക്കുകളുള്ള
തങ്ക്സ് എന്ന തങ്കച്ചായന്റെ ചായക്കട
പുതിയ പ്രണയത്തിനു പഫ്സും ഡ്രിങ്ക്സും
തകർന്ന പ്രണയത്തിനു ഹാൻസും സിഗരറ്റും 
എത്ര പറ്റിയാലും എത്ര പറ്റിച്ചാലും 
രണ്ടു പെണ്മക്കളാടാ  എനി-
ക്കെന്നും പറഞ്ഞു പിന്നെയും തരും
സിഗരറ്റും ഡ്രിങ്ക്സും പാവം തങ്ക്സ്..

കണക്കു പ്രോഫസറിന്റെ കണക്കുകൂട്ടലുകളിൽ 
കണക്കു തെറ്റി തൂങ്ങിമരിച്ച 
അറ്റന്റർ ജോർജ്ജേട്ടൻ 
പകല്‍ പോലും കാണാത്ത എന്നെക്കാളും 
കറുത്ത നിന്നെ കെട്ടാൻ വരും സായിപ്പെന്നു 
ജെനിയെ ശപിച്ച ഷാൻസ്
മരണക്കിടക്കയിൽ അവനെ 
കാണാൻ ചെന്ന ജെനിയും
ഓടിയോടി മറയുന്നു

പഴയ ഹീറോ റെയ്ഞ്ചർ സൈക്കിളിൽ
മെയിൻ ഗെയ്റ്റ് കടന്നു, ഇറക്കമിറങ്ങി 
വീരപ്പൻ ബ്ളോക്കും കഴിഞ്ഞു 
പാലത്തിൽ നിന്നും തിരിഞ്ഞുനോക്കുമ്പോൾ
കാണുന്നുണ്ട് ഐ ബാച്ചും
വാകമരച്ചോട്ടിൽ കൂട്ടുകാരോടൊത്ത്  പഴയ ഞാനും



Monday, 1 June 2009

മില്‍വീനിയ ഡീന്‍-രക്ഷപെട്ടവരില്‍ അവസാനയാള്‍


 
 
1912- ല്‍ മഞ്ഞുമലയില്‍ ഇടിച്ചു ഒരുപാട് പേരുടെ സ്വപ്നങ്ങളും ജോര്‍ജ്കുട്ടിയും അഹങ്കാരവും നഷ്ടപ്പെടുത്തുകയും,1998-ല്‍ ജെയിംസ്‌ കാമറൂണിനും കൂട്ടര്‍ക്കും ഒരുപാട് കാറും ഓസ്‌കാറും സമ്മാനിച്ച ടൈറ്റാനിക് .
ആ ടൈറ്റാനിക്കില്‍ നിന്നും രക്ഷപെട്ട 705 പേരില്‍ അവസാനയാള്‍ മില്‍വീനിയ ഡീന്‍ അന്തരിച്ചു,97 വയസ്സായിരുന്നു.ഇംഗ്ലണ്ടിലെ സതാംപ്ടനിലെ ഒരു നഴ്സിംഗ് കെയര്‍ ഹോമിലായിരുന്നു അന്ത്യം.
ടൈറ്റാനിക് തകര്‍ന്നപ്പോള്‍ വെറും ഒന്പതാഴ്ച്ച പ്രായം,അതിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരി,അച്ഛനും അമ്മയ്ക്കും ചേട്ടനും ഒപ്പമായിരുന്നു കുഞ്ഞു മില്‍വീനിയയുടെ യാത്ര.ദുരന്തത്തില്‍ അന്ന് 29 വയസ്സായിരുന്ന അച്ഛന്‍ ബെര്‍ത്രം ഡീനിനെ നഷ്ടമായി,അമ്മ ജോര്‍ജീറ്റയുടെ ധീരതയില്‍ മില്‍വീനയും 2 വയസ്സുകാരനായ ചേട്ടനും രക്ഷപെട്ടു.ചരിത്രത്തിലെ തന്റെ സ്ഥാനം അമ്മയുടെ കഥകളില്‍ കൂടിയാണ് മില്‍വീനിയ അറിഞ്ഞത്.എന്നാല്‍ ടൈറ്റാനിക്കിനെ കുറിച്ചോ താന്‍ അതിലെ യാത്രക്കാരിയായിരുന്നെന്നോ മില്‍വീനിയ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ടൈറ്റാനിക്കിന്റെ അവശിഷ്ട്ടങ്ങള്‍ 1985-ല്‍ കണ്ടെത്തുന്നത് വരെ മില്‍വീനിയ അറിയപ്പെടാതെ സാധാരണക്കാരിയായി കഴിഞ്ഞു പോന്നു.അതിനു ശേഷം ചരിത്ര സെമിനാറുകളിലും ടൈറ്റാനിക് ചര്‍ച്ചകളിലും ഒഴിച്ചുകൂടാനാവാത്ത വ്യക്തിയായി മില്‍വീനിയ.എന്നാല്‍ ടൈറ്റാനിക് എന്ന ചലത്ചിത്രം മില്‍വീനിയ കണ്ടിട്ടില്ലത്രെ,അച്ഛന്റെ വിധിയെയും മരണത്തെയും കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുമെന്നതിനാലാണത്രെ കാണാഞ്ഞത്‌.
ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ദുരിതം മൂലം ടൈറ്റാനിക് എന്ന കപ്പലുമായി ബന്ധപ്പെട്ട ചില വസ്തുക്കള്‍ ലേലം ചെയ്യേണ്ട അവസ്ഥ മില്‍വീനിയക്കുണ്ടായി,വയസ്സ് കാലത്ത് ജീവിക്കാനൊരു മാര്‍ഗ്ഗം,ടൈറ്റാനിക് റിലീഫ്‌ ഫണ്ട്‌ കുടുംബത്തിനു നല്‍കിയ നഷ്ടപരിഹാര തുകയുടെ ബില്ലുകള്‍,അഭയാര്‍ഥിയായി അമേരിക്കയില്‍ എത്തിയപ്പോള്‍ കിട്ടിയ വസ്ത്രങ്ങള്‍ തുടങ്ങിയവ ആ ലേലത്തില്‍ വന്‍ തുകയ്ക്ക് വിറ്റു പോയി.
മില്‍വീനിയ ജീവിതത്തില്‍ നിന്നും ഓര്‍മ്മയിലേക്ക്.