Trending Books

Thursday, 12 September 2019

എഡിറ്റിങ് നടക്കുന്ന ആകാശം - പി. ജിംഷാർ


ഉന്മാദത്തിന്റെ എക്കൽഭൂമി


അതിരുകളില്ലാത്ത ആകാശം എന്ന ഉപമ മറക്കേണ്ട കാലമായിരിക്കുന്നു. അവനവന്റെ സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങൾ എഡിറ്റ് ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. അതുതന്നെയാണ് നദിയിലൂടേയും, ഇദ്രിസിലൂടേയും ജിംഷാർ പറയുന്നത്. ഒരു കൊലപാതകവും, ഒരു ആത്മഹത്യയും രണ്ട്  കാലഘട്ടങ്ങളിലെ കോളേജ് മാഗസിനുകളും അവയ്ക്കിടയിലൂടെ സത്യം അറിയാനുള്ള ശ്രമവും, അവ മുന്നോട്ട് വയ്ക്കുന്ന ഭ്രാന്തുകളുമാണ് എഡിറ്റിങ് നടക്കുന്ന ആകാശം.


യുഎപി‌എ ചുമത്തപ്പെട്ട നമ്മുക്കറിയാവുന്ന നദീറും, സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ കൊല്ലപ്പെട്ട മറ്റുപലരും ഇതിൽ നമ്മുടെ മുന്നിൽ വന്നുപോകുന്നുണ്ട്. അഷ്‌റഫ് ഭ്രാന്താശുപത്രിയിൽ വച്ചു പറയുന്ന ഓർമ്മകൾ / എപ്പോഴും തിരുത്തപ്പെടുന്ന അവന്റെ തിരക്കഥ, അതിലൂടെ ഇദ്രീസിന്റെ കൊലപാതകം / നദിയുടെ ആത്മഹത്യ, ഇവയിലേക്ക് വെളിച്ചം വീശുമെന്ന അവന്റെ ആഗ്രഹം, എങ്ങനെ തന്നിൽ ഭ്രാന്തിന്റെ വിത്തുകൾ പാറി വീഴുന്നുവെന്നുമൊക്കെയുള്ള അഷ്‌റഫിന്റെ ആകുലതകളും വായനക്കാരനിലേക്ക് കയറിക്കൂടുന്നു.


ഇദ്രീസും, അഷ്‌റഫും, നദിയും മാത്രമല്ല ഷാഹിദ്, നോയല്‍, നീലി, ജാനകി, രേഖ, ലീഫ് എന്നിവരുടേയും കഥയാണിത്. അവരെപ്പോലെ സമൂഹത്തിന്റെ ആവശ്യങ്ങൾ ഏറ്റുപിടിച്ച ഒരുകൂട്ടം ചെറുപ്പക്കാരുടേയും. അധികാരസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതൊന്നും ഏറ്റുപിടിക്കാൻ നിൽക്കണ്ട എന്ന  ആജ്ഞ തള്ളിക്കളഞ്ഞ, ‘മരിച്ചവരുടെ മണ്ണ്’ എന്ന കോളേജ് മാഗസിനിലൂടെ സത്യം തെളിയിക്കാൻ ശ്രമിച്ചവരുടെ ജീവിതം കൂടിയാണീ നോവൽ.


ഉണ്മയിലേക്ക് നോക്കുന്നവരെ ഉന്മാദികളായി മുദ്രകുത്തുന്നതും, സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നടക്കാത്ത പശുക്കൾ അറവുശാലയിലേക്ക് എത്തിപ്പെടുമെന്ന അലിഖിതമായ നിയമം നടപ്പാക്കുന്നതുമായ സ്റ്റേറ്റാണിതിലുള്ളത്. അതിനുവേണ്ടി കലാലയ മാഗസിനുകൾ പോലും വെറും ടൂളുകൾ മാത്രമാകുന്ന ചിത്രം നമ്മുക്കിതിൽ കാണാം.


ജീവിതവും, തിരക്കഥയും രണ്ടായിക്കാണുവാൻ തനിക്കാകുമെന്നും, ഇനിയും ഒരിക്കൽക്കൂടി തിരുത്തിയെഴുതുന്ന തിരക്കഥയിൽ ഇദ്രീസിന്റെ കൊലപാതകവും, അതിനു കാരണമായ മാഗസിൻ കണ്ടന്റും വ്യക്തമായി എഴുതുമെന്നും, നദിയുടെ ആത്മഹത്യയുടെ ശരിയായ കാരണവും അതിൽക്കാണുമെന്നും അഷ്‌റഫ് കരുതുന്നുണ്ടെങ്കിലും അവനിലെ ഭ്രാന്തിനെ ഒഴിവാക്കാൻ ആരും അനുവദിക്കുന്നില്ല.


ജീവിതം തന്നെയാണ് നദിയുടെ ആത്മഹത്യക്ക് കാരണമെന്ന് ചിന്തിച്ച് തിരക്കഥ അവസാനിപ്പിക്കുന്ന അഷ്‌റഫ് അവനിലെ ഭ്രാന്തിനെ നുള്ളിക്കളയുന്നുണ്ടെങ്കിലും ഡോക്ടർമാർ അതു കാര്യമാക്കുന്നില്ല. അവൻ ഭ്രാന്തനായിത്തന്നെ തുടരുന്നുണ്ടാവും.


മുൻപ് പടച്ചോന്റെ ചിത്രപ്രദർശനത്തിനെക്കുറിച്ച് എഴുതിയപ്പോൾ ജിംഷാർ ഫ്രെയിമുകളായാണ് കഥകളെ സമീപിക്കുന്നതെന്ന് എഴുതിയിരുന്നു. എഡിറ്റിംഗ് നടക്കുന്ന ആകാശവും അതിൽ നിന്നും വിഭിന്നമല്ല. പല ഭ്രാന്തുകളുടെ കൊളാഷാണിതിൽ. പക്ഷേ, ഇതിൽ സത്യങ്ങൾ എഴുന്നു നിൽക്കുന്നു. സ്റ്റേറ്റിന്റെ താല്പര്യങ്ങൾക്ക് എതിരായി ചിന്തിക്കുന്നവരെല്ലാം ഉന്മാദികളാവുകയോ, കൊല്ലപ്പെടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്യും. വരികളിലൂടെ തലതാഴ്ത്തിമാത്രം നടക്കുന്ന ഒരു സമൂഹത്തിനെയാണല്ലോ ഇപ്പോൾ എല്ലാവർക്കും ആവശ്യം.


നോവൽ - എഡിറ്റിങ് നടക്കുന്ന ആകാശം
പബ്ലീഷർ - ഡിസി
₹ 130

Tuesday, 10 September 2019

പൊറ്റാളിലെ ഇടവഴികൾ - 2 - അഭിലാഷ് മേലേതിൽ


പൊറ്റാളിലെ ഇടവഴികൾ - 2 പൊറ്റാളിലെ ജനഹിതങ്ങളുടെ വേരുകളാണ് പൊറ്റാൾ രണ്ടിൽ തെളിയുന്നത്. ഒട്ടുമിക്ക കഥാപാത്രങ്ങളുടേയും കൌമാരകാലം. അവനവനെ തിരയുകയും, തിരിച്ചറിയുകയും, ശരീരത്തിനേയും, മനസ്സിനേയും വേർതിരിക്കുകയും ചെയ്യുന്ന നേർത്ത അതിരുകൾ. അതിന്റെ പുറത്തുകൂടി ട്രപ്പീസ് കളിക്കാരുടെ കൃത്യതയോടുകൂടി കടന്നുപോകുന്ന ചിലർ. ഇപ്പോൾ ചരിയുമെന്നും, മറിയുമെന്നുള്ള വിഹ്വലതകൾ അവരിലുണ്ട്. ആ ഞാണിന്മേൽക്കളിയിൽ വീണുടയുന്നവരുമുണ്ട്. പൊറ്റാൾ ഒന്നിനേക്കാളുമെളുപ്പം വായനക്കാരന്റെയുള്ളിലേക്ക് കയറാൻ പൊറ്റാൾ രണ്ടിലെ മനുഷ്യർക്ക് സാധിക്കുന്നുണ്ട്. ഇതിൽ ഏറ്റവും ശക്തമായി നിൽക്കുന്നവർ റിയാസും ജമീലയുമാണ്. മണ്ണിൽ മുഹമ്മദെന്ന അതികായന്റെ മറവിൽ നിന്നും പുറത്തുവരികയും, പട്ടുപോവുകയും ചെയ്യുന്നവൻ, ജമീലയെന്ന സാധ്യതയുടെ മുന്നിൽ ഇല്ലാതാകുന്നവൻ. ജമീല ഒരു ‘മേരി സ്യൂ’, എല്ലാം തികഞ്ഞ കഥാപാത്രം, അല്ല. അവളുടേതായ കുറവുകൾ തിരിച്ചറിയുന്നവളാണ്. ഉഗ്രൻ പെണ്ണാണ്. അവളുടെ മുന്നിൽ, അവളിടപെടുന്ന പലരും ഒന്നുമല്ലാതാകുന്നുണ്ട്. പള്ളി തകർപ്പെടുന്നതിനോടനുബന്ധിച്ച് ഉണ്ടാകുന്ന സങ്കീർണ്ണമായ, ഗോപ്യമായ രാഷ്ട്രീയ സാംസ്കാരിക മാറ്റങ്ങൾ പൊറ്റാൾ രണ്ടിലും പ്രകടമെങ്കിലും, കഥാപാത്രങ്ങളുടെ വൈകാരികതലം കൂടി പ്രദർശനമുഖം നേടുന്നുണ്ട്. മറ്റൊരു തലം കുടിയേറിയ അധ്യാപകരുടെ ജീവിതരീതികൾ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നുവെന്നതാണ്. അങ്ങനെചെന്നെത്തിയ അധ്യാപക കുടുംബങ്ങളെ, തിരിച്ചുപോകാതെ കുടിയേറിയ സ്ഥലത്തിന്റെ ചരിത്രത്തിൽ അലിഞ്ഞുചേർന്നവരെ, നേരിട്ടു പരിചയമുള്ളതിനാലാവണം ആ അടയാളപ്പെടുത്തൽ പെട്ടെന്നുതന്നെ അനുഭവേദ്യമായത്. പൊറ്റാൾ രണ്ടിൽ മൂന്നു തരം രാഷ്ട്രീയ വീക്ഷണങ്ങളുണ്ട്. ഒന്ന് ഗൂഢമായി കൊണ്ടുനടന്ന് അജണ്ടകൾ നടപ്പിലാക്കുന്നവരുടെയാണ്, രണ്ട് എടുത്തുചാട്ടക്കാരുടെ പരസ്യമായ രാഷ്ട്രീയവും. ലാഭം കൊയ്തവർ ആരാണെന്ന് ഇപ്പോഴത്തെ ചുറ്റുപാടുകളിൽ വായനക്കാർക്ക് മനസ്സിലാകുമെന്നതുകൊണ്ട് ഇവിടെ വിവരിക്കേണ്ട ആവശ്യമില്ല. മൂന്ന്, ഉടലിന്റെ രാഷ്ട്രീയവും. ഇതിലെ കഥാപാത്രങ്ങൾ എത്രയാഴത്തിൽ വേരോടപ്പെട്ടവരാണെന്നു മാത്രം തൊട്ടുപോകുന്നു. ഇവർ പൊറ്റാളിനെ കൂടുതൽ ഭാഗങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുപോകുമെന്നുറപ്പാണ്. തുടർച്ചയായോ, വേറിട്ടോ വായിക്കാവുന്ന നോവലുകൾ. പൊറ്റാളിലെ ഇടവഴികൾ - 2 സെൽഫ് പബ്ലിക്കേഷൻ വില - 275 രൂപ

Sunday, 8 September 2019

നനഞ്ഞ മണ്ണടരുകൾ - ജോണി മിറാൻഡ



മരിച്ചവരെക്കുറിച്ച് ഓർക്കുമ്പോൾ

ജോണി മിറാൻഡയുടെ മൂന്നാമത്തെ നോവലാണ് നനഞ്ഞ മണ്ണടരുകൾ. മേബിളിന്റെ ഓർമ്മകളിലൂടെ വിടരുന്ന അവരുടെ കുടുംബത്തെക്കുറിച്ചുള്ള കഥ. മേബിളും റോസിയുമായുള്ള സൌഹൃദത്തിന്റേയും. രഹസ്യങ്ങളുടെ ആമാടപ്പെട്ടിയാണ് റോസി. ഭർത്താവായ പെദിരോച്ചയ്ക്ക് മേബിളിനോടുള്ള പ്രണയത്തിന്റെ രഹസ്യം റോസി വെളിപ്പെടുത്തുന്നത് പെദിരോച്ചയുടെ മരണമടുക്കുമ്പോഴാണ്. അതുവരെ ആ വിവരം റോസിക്ക് മാത്രമറിയുന്ന ഒരു കാര്യമായിരുന്നു. അതുപോലെ ഒരു രഹസ്യം കൂടി പറയാനുണ്ടെന്ന് റോസി മേബിളിനെ അറിയിക്കുന്ന ദിവസമാണ് റോസി മരണപ്പെടുന്നത്. രഹസ്യങ്ങൾ വെളിപ്പെടുന്നതോടെ അതിൽ ബന്ധപ്പെട്ടൊരാൾ മരണമടയുകയാണ്. പെദിരോച്ചയുടെ സ്നേഹം അറിയുന്ന മേബിൾ അയാളുടെയരികിൽ ചെന്നിരിക്കുകയും കൈ പിടിക്കുകയും ചെയ്യുന്നതോടെ പെദിരോച്ച സ്വസ്ഥമായി മരണപ്പെടുന്നു. എന്നാൽ ലോറൻസച്ചയുടെ മുപ്പതാം ചരമവാർഷികത്തിന് തമ്മിൽ കണ്ടുമുട്ടുമ്പോൾ മേബിളിനോട് പറയാൻ ബാക്കി വച്ച രഹസ്യം വെളിപ്പെടുത്തും മുൻപ് റോസി മരണപ്പെട്ടു. അതെന്തായിരിക്കുമെന്ന ആലോചനയിലാണ് അപ്പോഴേക്കും മരണക്കിടക്കയിലായ മേബിൾ ചിന്തിക്കുന്നത്. അതിലൂടെയാണ് ജീവിതം ആസ്വദിച്ച, കുഞ്ഞുങ്ങളെ മറ്റാരേക്കാളും സ്നേഹിച്ച, അവരെ ഷാപ്പിലും, സിനിമയ്ക്കും കൊണ്ടുപോയ, അവിവാഹിതനായ, ധൂർത്തനായ സഹോദരങ്ങൾ പിരിഞ്ഞുപോയപ്പോൾ മൌനിയായ, ഒടുവിൽ  51-ആം വയസ്സിൽ കാറിടിച്ചു മരിച്ചുപോയ ലോറൻസച്ചയുടേയും, അയാളുടെ ഒരേയൊരു പെങ്ങളായ മേബിളിന്റേയും, മറ്റു മൂന്ന് അനിയന്മാരുടേയും, അവരുടെ കുടുംബങ്ങളുടേയും, പപ്പയുടേയും, മമ്മയുടേയും കഥകൾ വിരിയുന്നത്.

നാടുവിട്ടുപോകുന്ന ലോറൻസച്ച, അയാളുടെ തിരിച്ചുവരവ്, ഹോട്ടലിന്റെ തുടക്കം, നടത്തിപ്പിന്റെ ഏകാധിപത്യം, കുടുംബത്തിന്റെ ഇഴപിരിയൽ, മരണങ്ങൾ... ഒരു മരത്തിന്റെ വളർച്ചപോലെ മനോഹരമായി പടരുന്നു.

റോസി പറയാതെ പോയ രഹസ്യത്തിന്റെ നൂലിൽ കൊരുത്താണ് ജോണി മിറാൻഡ കഥ പറയുന്നത്. ലോറൻസച്ചയ്ക്ക് റോസിയോടോ, അവർക്ക് തിരിച്ചോ ഉള്ള ബന്ധമായിരുന്നിരിക്കാം അത്. അതെന്തായാലും റോസിയോടൊപ്പം ആ രഹസ്യം മണ്ണടിഞ്ഞു.

മരണത്തിന്റെ പലഭാവങ്ങളാണിതിൽ. താൻ സ്നേഹിച്ചിരുന്നുവെന്ന് മേബിൾ അറിഞ്ഞുവെന്ന് മനസ്സിലായപ്പോൾ ശാന്തതയോടെ മരിച്ച പെദിരോച്ച, ‘പശപ്പച്ചരി കൊണ്ടുണ്ടാക്കിയ പുട്ടുകുത്തിയിട്ടതുപോലെ കുഴഞ്ഞുമറിഞ്ഞു പൊടിഞ്ഞുവീണു’ മരിച്ച റോസി, കായലിൽച്ചാടി ആത്മഹത്യ ചെയ്ത ലൂയീസ്, വാഹനാപകടത്തിൽ കൊല്ലപ്പെട്ട ലോറസച്ച, കുടുംബവീട്ടിൽ തൂങ്ങിമരിച്ച, ദിവസങ്ങൾക്കുശേഷം പുഴുവരിച്ചനിലയിൽ കണ്ടെത്തപ്പെടുന്ന റോബർട്ടച്ച... മരണത്തിന്റെ പല അടരുകൾ...

മരണശേഷം റോസിയെ അടക്കിയതിന്റെ അടുത്തുതന്നെ മറവുചെയ്യപ്പെട്ടാൽ ‘എല്ലാ കഥകളും അത് ഏറ്റവും നിസ്സാരമായിക്കോട്ടെ, നീചമായിക്കോട്ടെ അത് അവസാന നിമിഷത്തിലേക്ക് മാറ്റിവെക്കാതെ നന്നായിരിക്കുമ്പോഴേ പറയേണ്ടവരോട് പറഞ്ഞുവെച്ചേക്കണം റോസീ...’ എന്ന് റോസിയെ ഉപദേശിക്കണമെന്ന മേബിളിന്റെ ചിന്തയോടെയാണ് നോവൽ അവസാനിക്കുന്നത്.

നോവൽ: നനഞ്ഞ മണ്ണടരുകൾ
ജോണി മിറാൻഡ
പ്രസാധകർ : ഏക
വില: 175

Tuesday, 28 May 2019


മനുഷ്യബന്ധങ്ങൾക്ക് കുറുകെ കെട്ടിപ്പൊക്കിയ വിഭജനത്തിന്റെ മതിലുകൾ പലതുണ്ട് ചരിത്രത്തിൽ. ബേം എന്ന്
 പേരുളള ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാൽ ചിതറിക്കപ്പെട്ടുപോയൊരു  സമൂഹത്തിന്റെ  കഥയാണ് സഹറാവീയം.  നാല് പതിറ്റാണ്ടായി ചെകുത്താന്റെ പൂന്തോട്ടമെന്ന മരുഭൂമിയിൽ അഭയാർത്ഥികളായി കഴിയുന്ന സഹറാവികളെ അന്വേഷിച്ചുള്ള ജെസീക്ക ഒമർ എന്ന യുവതിയുടെ സാഹസിക യാത്രയിലൂടെയാണ് നോവൽ മുന്നേറുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി സഹറാവികൾ നടത്തിയ ഖദീം ഇസിക് പ്രക്ഷോഭത്തെ അറബ് വസന്തത്തിന്റെ തുടക്കം എന്നാണ് നോം ചോസ്‌കി വിശേഷിപ്പിച്ചിട്ടുള്ളത്.  യാത്രയിൽ ജസീക്കയെ കാത്തിരിക്കുന്ന അപകടം പതിയിരിക്കുന്ന ഇടങ്ങളും അവൾ പരിചയപ്പെടുന്ന മിസ്റ്റിക് കഥാപാത്രങ്ങളുമൊക്ക  ചേർന്ന് വായനയെ പലയിടങ്ങളിലും ഉദ്വേഗപ്പെടുത്തുന്നുണ്ട്.  മൊറോക്കോ, പടിഞ്ഞാറൻ സഹാറ, തിന്ദൗഫ്  മരുഭൂമി തുടങ്ങിയ  ഇടങ്ങളിലൂടെ മുന്നേറുന്ന സത്യാത്മകമായ  അന്വേഷണം ഒടുവിൽ തന്നെത്തന്നെ  കണ്ടെത്താനുള്ള നിമിത്തമായി മാറുന്നുവെന്ന്  ജസീക്ക തിരിച്ചറിയുന്നു.  മലയാളി വായനക്കാരന് പ്രായേണ പരിചിതമല്ലാത്ത  വ്യത്യസ്തമായൊരു ഭൂമികയാണ്  സഹറാവീയം വാഗ്ദാനം ചെയ്യുന്നത്.

--  വി.ജെ.ജയിംസ്

Saturday, 2 February 2019

അലിംഗം - എസ്. ഗിരീഷ് കുമാർ




നടന്മാർ പെൺ‌വേഷം കെട്ടിയതിൽ ആദ്യം ഓർമ്മ വരുന്നത് അവ്വൈ ഷണ്മുഖിയാണ്. ചിലപ്പോൾ, അരോചകമായിത്തോന്നിയ മായാമോഹിനിയും. എന്നാൽ നായികാവേഷങ്ങൾ ചെയ്യാൻ സ്ത്രീകൾ ഇല്ലാതിരുന്ന കാലഘട്ടത്തിൽ സ്ത്രീകളെപ്പോലും അൽഭുതപ്പെടുത്തുന്ന രീതിയിൽ നായികാനടനായി അരങ്ങുവാണ ഓച്ചിറ വേലുക്കുട്ടിയുടെ ദന്ദ്വ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന നോവലാണ് ഗിരീഷ് കുമാർ എഴുതിയ, ഡിസി നോവൽ മത്സരത്തിൽ അവസാന അഞ്ചിൽ സ്ഥാനം നേടിയ, അലിംഗം.
അരങ്ങിലും, അണിയറയിലുമായുള്ള ഓച്ചിറ വേലുക്കുട്ടിയുടെ ജീവിതം മാത്രമല്ല അലിംഗം, കേരളത്തിലെ നാടകത്തിന്റെ വളർച്ച കൂടിയാണിതിലുള്ളത്. വീട്ടുമുറ്റത്തുനിന്നും, അമ്പലമുറ്റത്തുനിന്നും, താൽക്കാലിക സ്റ്റേജുകളിൽ നിന്നും, സ്ഥിരമായ വേദികളിലേക്കുള്ള നാടകത്തിന്റെ വളർച്ച. സംഗീത നാടകക്കാലത്തുള്ള പുരാണ തമിഴ് നാടകങ്ങളിൽ നിന്നും നാടകം മലയാളത്തിലേക്ക് വളർന്നത് ഓച്ചിറ വേലുക്കുട്ടിയിലൂടേയും, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരിലൂടെയുമൊക്കെയാണ്. വേലുക്കുട്ടിയുടേയും കൂടി പ്രയത്നത്തിൽ ആരംഭിച്ച ഓച്ചിറ പരബ്രഹ്മോദയം സംഗീത നടനസഭയുടേ നേതൃത്വത്തിൽ, കുമാരനാശാന്റെ കരുണയെന്ന ഖണ്ഡകാവ്യത്തിനെ ആസ്പദമാക്കി സ്വാമി ബ്രഹ്മവ്രതൻ രചിച്ച നാടകം മലയാള നാടകത്തിനു പുതുമാറ്റം കൊണ്ടുവന്നപ്പോൾ, കരുണയിലെ വാസവദത്ത ഓച്ചിറ വേലുക്കുട്ടിയേയും തിരുത്തി. അദ്ദേഹം പൂർണ്ണമായും വാസവദത്തയായി.
അലിംഗം നാടകവും, വേലുക്കുട്ടിയും കൂടാതെ അക്കാലത്തെ സാമൂഹിക മാറ്റങ്ങളും, പരിഷ്ക്കാരങ്ങളും കൂടി പ്രതിപാദിക്കുന്നുണ്ട്. പണ്ടാരങ്ങൾ, പറയർ, ചോവർ, നായർ, പിള്ള, പോറ്റി ജാതിവ്യവസ്ഥകളും, വൈജാത്യങ്ങളും ബാഹ്യമായി രേഖപ്പെടുത്തുകയും ചെയ്യുന്നു.
ആത്യന്തികമായി നാടകം മാത്രം ആഗ്രഹിച്ച മികച്ച അഭിനേതാവായിരുന്നു ഓച്ചിറ വേലുക്കുട്ടി.
ദമയന്തിയായും, ശകുന്തളയായും, നല്ലതങ്കയായും, ലെക്പെഷ്വാൾ ദാസിയായും അഭിനയിച്ചെങ്കിലും, കരുണയിലെ വാസവദത്തയായിരുന്നു നായികാനടന്റെ മാസ്റ്റർപീസ്. അരങ്ങിലെത്തുമ്പോൾ വാസവദത്തയായി ജീവിച്ചപ്പോൾ അരങ്ങിനു പുറത്ത് അദ്ദേഹം വാസവദത്തയുമായി ഏറ്റുമുട്ടി. വാസവദത്തയും വേലുക്കുട്ടിയുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ട നായകനായിരുന്നു വേലുക്കുട്ടി. രാജാപ്പാർട്ട് ആയി വേഷം കെട്ടാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിലെ സ്ത്രീത്വവും ശ്രീത്വവും അതിൽ വില്ലനായി മാറുകയായിരുന്നു.
ബബ്ബലഭട്ടർ, കുട്ടീശ്വരൻ സെറ്റിലെ രാജാപാർട്ട് ചെയ്യുന്ന ബബ്ബലഭട്ടരാണ് വേലുക്കുട്ടിയിലെ നടിയെ കണ്ടെത്തുന്നത്. പിന്നീട് അമ്മാവൻ കുട്ടീശ്വരൻ ബാലനടനസഭയിൽ ചേർത്തതുമുതൽ വേലുക്കുട്ടിയുടെ നടനജീവിതം ആരംഭിക്കുന്നു. വാസ്തവത്തിൽ അവിടം മുതൽ തന്നെ സ്ത്രീജീവിതവും തുടങ്ങുന്നു. സ്ത്രീപാർട്ടിലൂടെ സ്ത്രീയായി ജീവിക്കുമ്പോൾ പുരുഷനാണെന്ന ഓർമ്മ വരികയും ജീവിതത്തിൽ പുരുഷനായി ജീവിക്കാൻ ശ്രമിക്കുകയും, അതിനായി മദ്യപിക്കുകയും, സ്ത്രീകളെപ്രാപിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോഴും, അതിലൊന്നും സമരസപ്പെടാനാകാതെ വാസവദത്തയിലേക്ക് തിരികെപ്പോവുകയും ചെയ്യുന്ന വേലുക്കുട്ടിയുടെ ജീവിത പ്രതിസന്ധികളെ, ട്രാൻസ്ജെൻഡർ വ്യക്തിത്വത്തെ വ്യക്തമായി വരച്ചിടുന്നുണ്ട് അലിംഗം.
സന്തോഷ് കീഴാറ്റൂരിന്റെ പെൺ‌നടൻ എന്ന ഏകാങ്ക നാടകവും ഓച്ചിറ വേലുക്കുട്ടിയെക്കുറിച്ചാണ്. കാണാൻ സാധിക്കാഞ്ഞതിനാൽ അലിംഗവും നാടകവും ചേർത്തുനോക്കുന്നില്ല, രണ്ടായിത്തന്നെയിരിക്കട്ടെ.
ഡിസി ബൂക്സ്
Girish Kumar
​₹ 270

എട്ടാമത്തെ വെളിപാട് - അനൂപ് ശശികുമാർ



എട്ടാമത്തെ വെളിപാട്, അനൂപിന്റെ അർബൻ ഫാന്റസി ലോകം.
ഡ്രാക്കുള, വേർ‌വൂൾഫ്, വ്യാളികൾ തുടങ്ങിയവരുടെ പിൻ‌ഗാമികൾ ഒരു ഉടമ്പടിയിൽ പിൻപറ്റി, പരസ്പരം ഇടപെടാതെ അവരവരുടെ കാര്യങ്ങൾ നോക്കി
ജീവിക്കുന്നയിടമാണ് നോവലിന്റെ ഭൂമിക. ഒരു പെൺകുട്ടിയുടെ മരണത്തിന്റെ പ്രഹേളിക അന്വേഷിച്ചുപോകുന്ന ലൂയി കുമ്പാരി തന്റെ തന്നെ തലമുറകളിൽ ഉണ്ടായ ഒരു വിടവ് മനസ്സിലാക്കുന്നതും, നാടിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായേക്കാവുന്ന ഒരു സംഭവത്തിലേക്ക് അത് നയിക്കുന്നതുമാണ് കഥാതന്തു. ഒരു ഹാരി പോർട്ടർ പുസ്തകം വായിക്കുന്നതുപോലെ രസകരമായി വായിച്ചുപോകാം. ഇരവ് - പകൽ വത്യാസം പോലെ ജൂതത്തെരുവിന്റെ മിറർ ഇമേജായ കണ്ണാടിത്തെരുവ്, ഉറീയേൽ മാലാഖ, കുമ്പാരികൾ, ഡ്രാഗൺ,
കാപ്പിരി മുത്തപ്പൻ, അപ്പോത്തിക്കരി, പെരുമാൾ തുടങ്ങി ഗാമ വരെ നീളുന്ന രസകരമായ കഥാപാത്രങ്ങൾ...
ലോകത്തുള്ള സകല ചെകുത്താന്മാരേയും ഒരു ഉടമ്പടിയുടെ കീഴിൽ മട്ടാഞ്ചേരിയിൽ കൊണ്ടുവന്ന ഭീകരാ, അനൂപേ  എട്ടാമത്തെ വെളിപാടിന് ഹാരീപോട്ടർ പോലെ അല്ലെങ്കിൽ ഫന്റാസ്റ്റിക് ബീസ്റ്റ്സ് പോലെ ധാരാളം സീക്വലുകൾക്കുള്ള (പ്രീക്വലുകൾക്കും) സാധ്യതയുണ്ട്... എല്ലാം ബാലയ്യയുടെ അനുഗ്രഹം 😄😄

Patna Blues - Abdullah Khan



Patna blues, the novel, evolves and ride along with Arif Khan, member of a lower middle-class Muslim family from Patna. A 90’s story, elaborating on political and social stigma at that time.
Arif wishes to become an IAS officer, for which he tries hard. He fails after several attempts and surpasses the age too. He is a symbol of middle-class youth who wishes to reach high and fails and blames his destiny. He falls in love with a Hindu woman, several years older than him. Arif’s infatuation to her annihilate his dream and future. Later he tries to settle with a translators job. Inbetween these incidents he loses his brother, an aspiring actor, who works his luck in Bollywood and ends up as a junior actor, which he discards and go to Delhi to find a decent job to take care of his family of retired father, mother, grandmother, brother and three sisters. But, life had another plan.
Patna Blues also depicts the caste and religious indifference and striving families trying to cope with that framework. However, in the end, the author attempts to console the failed protagonist unconvincingly.
Patna Blues by Abdullah Khan
Publisher - Juggernaut Books
294 Pages
499 INR

മാജി- ഹാരീസ് നെന്മേനി


തായ്‌വ - എങ്ങുമെത്താതെ പോകുമായിരുന്ന ഒരു മനുഷ്യൻ
എനിറ്റാൻ - ആത്മവിശ്വാസത്തിന്റെ, പ്രയത്നത്തിന്റെ, സന്തോഷത്തിന്റെ, നേർപാതയുടെ ബാബാ
മാജി - എപ്പോൾ വേണമെങ്കിലും മനുഷ്യർ കൂട്ടിമുട്ടാവുന്ന ഒരു സത്യം, കാല്പനിക നാമങ്ങൾ പേറുന്ന മനുഷ്യരുടെ, ഗ്രാമങ്ങളുടെ, നഗരങ്ങളുടെ കൂടെ ജലം എന്ന വൻ സത്യത്തെ, മനുഷ്യരുടെ അത്യാഗ്രഹങ്ങളെ, സ്റ്റേറ്റ് എന്ന അധികാരത്തിന്റെ ചതുപ്പിനെ.. ഹിറ്റ്, ഓബി തുടങ്ങിയ എൻ ജി ഓകളെ, എല്ലാമെല്ലാം തുള്ളി പോലും മടുപ്പിക്കാതെ പറഞ്ഞുതരുന്ന ഹാരീസ് നെന്മേനിയുടെ നോവൽ..
മാജി : നോവൽ
പേജ് : 248
Haris Nenmeni
പൂർണ്ണ പബ്ലിക്കേഷൻസ്
വില : 270 രൂപ

Saturday, 26 January 2019

പതിച്ചി - ആർ ഷഹ്ന



സ്ത്രീയിലെ പല ഭാവങ്ങളെ പല കോണുകളിൽ നിന്നും വീക്ഷിക്കുന്നവയാണ് പതിച്ചിയിലെ പല കഥകളും, എന്തുകൊണ്ട് സ്ത്രീ എന്നൊരു ആന്തരിക ചോദ്യം പലപ്പോഴും ഈ കഥകളെല്ലാം ദ്യോതിപ്പിക്കുന്നു. സമത്വങ്ങളുടെ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുമ്പോഴും അതിനൊരു തുലനാവസ്ഥ എവിടെയെങ്കിലുമുണ്ടോയെന്നും പതിച്ചിയിലെ കഥകളിൽക്കൂടി കഥാകൃത്ത് അന്വേഷിക്കുന്നു. കുറഞ്ഞവാക്കുകൾകൊണ്ട് കൊണ്ട് കടഞ്ഞെടുത്തവയാണ് പതിച്ചി എന്ന സമാഹാരത്തിലെ കഥകളെല്ലാം.

‘വാതിലിന്റെ പഴുതിലൂടെ ഒരുകണ്ണ് കൊണ്ടവൾ പരിസരം നിരീക്ഷിച്ചുകൊണ്ടിരുന്നു.’ ഗുഹ എന്ന കഥയിലെ പ്രോട്ടഗോണിസ്റ്റ് ആണിത്. പതിച്ചിയിലെ മിക്ക കഥകളിലും നമ്മുക്ക് ഈ ചൂഴ്ന്നുനോട്ടം കാണാം. പലതും മനസ്സിന്റെ ഉള്ളിലോട്ടാണെന്നുമാത്രം. ഗുഹയിൽ തന്നെ സ്ഫടികപാത്രത്തിലെ മീനുകൾ, ഫ്ലാറ്റിൽ അകപ്പെട്ട പല പ്രവാസി സ്ത്രീകളുടേയും വകഭേദമായിട്ട് വ്യാഖ്യാനിക്കാം. ‘കൃത്യമായി ലഭിക്കുന്ന ഭക്ഷണത്തിനായി മുകളിലേക്ക് തുടിച്ചുപൊങ്ങി വന്നു.’ അവൾ അവളിൽത്തന്നെ കെട്ടിവയ്ക്കുന്നതും പൊട്ടിച്ചെറിയുന്നതുമായ കെട്ടുപാടുകൾ അധികാലങ്കാരങ്ങളില്ലാതെ  ഷഹിന പറയുന്നു.
ജയിലറ: മറ്റൊരാളുടെ, അത് അച്ഛന്റേയോ, കാമുകന്റേയോ, ഭർത്താവിന്റേയോ, ഇഷ്ടവും, ഇഷ്ടക്കേടും സ്ത്രീകളിൽ വരുത്തുന്ന മാറ്റങ്ങളും, അവയുമായി അവൾ പൊരുതുന്നതിന്റേയും, പ്രതികരിക്കുന്നതിന്റേയും രേഖകളാണിതിൽ.

വിശുദ്ധപ്രണയം: കൌമാരത്തിന്റെ ചപലതകളെ, കൌതുകങ്ങളെ, മധ്യവയസ്സ് പിന്നിട്ട ആണത്തങ്ങൾ കയ്യേറുന്നതാണ് ഈ കഥ, എത്ര അനുഭങ്ങളെക്കുറിച്ച് കേട്ടാലും സ്വയം അറിയുന്നതുവരെ അനുഭവം ആകുന്നില്ല എന്നതും, കൌമാരക്കാരുടെ മനസ്സിൽ ചില അപ്രിയകഥകൾ പോലും ഉണ്ടാക്കുന്ന ധീരപരിവേഷങ്ങളെക്കുറിച്ചും വായിച്ചെടുക്കാൻ സാധിക്കും കുഞ്ഞുമോളും, റപ്പായിയും അനുഭവങ്ങളായി പുനർജനിക്കുന്ന ഈ കഥയിൽ.

ഭ്രാന്ത്: പത്രവാർത്തകൾ ജനങ്ങളിൽ സംഭീതി ജനിപ്പിക്കുന്ന സാധ്യതയാണ് ഭ്രാന്ത് എന്ന കഥയിൽ ഷഹിന പറയുന്നത്. പീഡന വാർത്തകൾ പെൺകുട്ടികളിൽ അവരുടെ വീടുകളിൽപ്പോലും സുരക്ഷയെക്കുറിച്ചുള്ള സംശയങ്ങളോടെ കഴിയേണ്ടിവരുന്ന അവസ്ഥ, ഭ്രാന്തെന്നുപോലും വീട്ടുകാർക്ക് തോന്നിയേക്കാവുന്നത്ര ഭീകരമാകാമത്.
ഓർമ്മകളുടെ ഓർമ്മകൾ സൂക്ഷിച്ചുവയ്ക്കുന്ന ചെപ്പുകൾ പോലെ മൂക്കുത്തിയും, മനസ്സിൽ പതിഞ്ഞ ഒരു ചിത്രത്തിനെ മറ്റൊന്നുകൊണ്ട് മായ്ക്കാൻ ഇഷ്ടപ്പെടാത്ത ഒരു നിമിഷവും.

പുത്രകാമേഷ്ടി: ദാമ്പത്യജീവിതത്തിൽ കുഞ്ഞുണ്ടാകുമ്പോൾ ഉള്ള മാറ്റം, അതും ദീർഘകാല ചികിത്സയ്ക്കുശേഷം ലഭിക്കുന്ന കുഞ്ഞാകുമ്പോൾ ഭാര്യക്ക് ഭർത്താവിനോടുള്ള പരിഗണനയിൽ മാറ്റം വരാൻ സാധ്യതയുണ്ടോ? അതോ അത് ഭർത്താവിന് വരുന്ന മാറ്റമാണോ? ബന്ധങ്ങൾ ഇഴകീറുന്ന കഥയാണിത്, അഗതി മന്ദിരം വരെ നീളുന്നതും, ചിതയിൽ അവസാനിക്കുന്നതും.

ഗന്ധർവ ചിന്തകളും പാലപ്പൂവും മാത്രമായി ഓർമ്മകൾക്കായി എന്ന കഥ.
നാനാർത്ഥം, നാട്ടിലേക്കു യാത്രതിരിക്കുമ്പോൾ  അവിടെയെത്തിക്കഴിഞ്ഞിട്ട് എന്തുചെയ്യണമെന്ന് ചിന്തിക്കാത്ത ഒരുപ്രവാസിപോലും ഉണ്ടാവാറില്ല, പക്ഷേ, വിചാരിച്ചതുപോലൊന്നും ഒരിക്കലും സംഭവിക്കാറില്ലെന്നുമാത്രം. ഒടുവിൽ കിട്ടിയതും, ചെയ്തതുമെല്ലാം ചേർത്ത്, ബാക്കി അടുത്തവരവിലെന്ന് മനസ്സിൽ എഴുതിച്ചേർത്തിട്ട് തിരിക്കുകയാണ് പലരും. ആ ഒരു സ്വപ്ന / യാഥാർത്ഥ്യ കൊളാഷിന്റെ കഥാരൂപമാണ് നാനാർത്ഥം എന്നുപറയാം.

ഇത്തിരിനേരം: അമ്മമാർക്ക് അവരുടേതെന്ന് പറഞ്ഞൊരു സമയം കിട്ടാറുണ്ടോ? അങ്ങനൊരു സമയം കിട്ടുകയും, അതിന്റെ ആശ്വാസവും, വിരസതയുമാണിതിൽ.

കുഞ്ഞൂട്ടൻ: കുഞ്ഞൂട്ടനോടുള്ള പരാജയത്തിന്റെ നൊമ്പരവും, അവസാനം അതിൽ നിന്നൂറിയ പുറത്തുപറയാത്തൊരു പ്രണയത്തിന്റേയും കുഞ്ഞുകഥ.

പതിച്ചി: പതിച്ചിയെന്നാൽ പേറെടുക്കുന്നവൾ, പേറ്റുശുശ്രൂഷ നൽകുന്നവൾ എന്നൊക്കെയാണർത്ഥം. പുതിയ ലോകത്തിലേക്ക് ഒരു ജീവനെ കൈപിടിച്ച് ഇറക്കുന്നവൾ. പതിച്ചിയിലെ ‘പതിച്ചി’ ജീവിതത്തെക്കുറിച്ച്, പുരുഷന്മാരെക്കുറിച്ച്, അനുഭവങ്ങളുടെ മേൽക്കോയ്മകൊണ്ട് തന്റേതായ  അഭിപ്രായങ്ങളിൽ എത്തിച്ചേർന്നവളാണ്. ഈ സമാഹാരത്തിലെ ഏറ്റവും നല്ല കഥ ഇതുതന്നെയാണ്. ശിവകൃപയും, പതിച്ചിയും വരച്ചുകാട്ടുന്ന സ്ത്രീലോകം.  പതിച്ചിയുടെ അനുഭവലോകവും, അതിൽ നിന്നും ഉരുത്തിരിഞ്ഞ അവരുടെ പ്രസ്താവങ്ങളും ശിവകൃപയ്ക്ക് നൽകുന്ന നവചിന്തകളും ‘പതിച്ചിയെ’ വേറിട്ടുനിർത്തുന്നു. പതിച്ചി ശിവകൃപയെ പുതിയൊരു ജീവിതവീക്ഷണത്തിലേക്കാണ്, സ്നേഹത്തിന്റെ നാനാർത്ഥങ്ങളിലേക്കാണ്, കൈപിടിക്കുന്നത്. ഈ കഥയ്ക്ക് വ്യക്തമായൊരു രാഷ്ട്രീയമുണ്ട്. ജാതീയതയെ തുറന്നുകാണിക്കുന്നുണ്ട്. അവയെല്ലാം ഒന്നോ രണ്ടോ വരികളിൽക്കൂടി തൊട്ടുപോകുന്നുവേയുള്ളുവെങ്കിലും വ്യക്തമായ ചോദ്യങ്ങൾ വായനക്കാരിലേക്ക് തൊടുത്തുവിട്ടിട്ടാണ് കഥയവസാനിക്കുന്നത്.

പതിച്ചി
പ്രസാധകർ : ബാഷോ ബുക്ക്സ്
വില : 70 രൂപ
.x

Wednesday, 23 January 2019

മരണപുസ്തകം - ഓ. എം. അബൂബക്കർ



സ്വന്തം മരണത്തെക്കുറിച്ച് ഒരിക്കലെങ്കിലും ആലോചിച്ചിട്ടില്ലാത്തവരായി ആരുണ്ട്? എങ്കിലും അടുത്ത നിമിഷം തന്നെ ജീവിതം നമ്മെ അതിൽ നിന്നും വലിച്ചുപുറത്തിടും. പക്ഷേ, ഒ.എം. അബൂബക്കറിന്റെ മരണപുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ മരണമെന്ന ചിന്തയിൽ നിന്നും പുറത്തുകടക്കാൻ കുറേയധികം ദിവസങ്ങൾ വേണ്ടിവന്നു.
പുസ്തകം വായിക്കാനെടുത്ത ദിവസം തന്നെ ഒരു മരണമറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വന്നു. സുഹൃത്തിന്റെ പിതാവ് ഹൃദയാഘാതം മൂലം അന്തരിച്ചുവെന്നായിരുന്നുവത്. ആ ചിന്തയോടൊപ്പം പുസ്തകത്തിലെ പലവിധമായ മരണങ്ങളും കൂട്ടുചേർന്നു.
അഷ്‌റഫ് എന്ന മരണങ്ങളുടെ സുഹൃത്തിന്റെ കൂടെ കുറേയേറേ മണിക്കൂറുകൾ. അദ്ദേഹത്തിനെ ആദരിക്കുന്ന, പരിചയപ്പെടുത്തുന്ന പരിപാടികൾ മുൻപ് കണ്ടിരുന്നെങ്കിലും ആ വ്യക്തിയെ മനസ്സിലാക്കിത്തരുന്ന ഒന്നായി മരണപുസ്തകം. കൂടെ പല ജീവനുകളേയും, തീർച്ചയായും മരണങ്ങളേയും. മകന്റെ കുഴിമാടം സന്ദർശിക്കാൻ മാത്രമായി വന്ന മാതാവ്, അവൻ അയച്ചുകൊടുത്ത പണത്തിൽ നിന്നും അവസാനത്തെ നൂറുരൂപ കുഴിമാടത്തിൽ മൂടിയിട്ടുപോകുന്ന ഉമ്മ, പണത്തിന് പലിശയായി കുടുംബത്തിന്റെ പാസ്പോർട്ട് വാങ്ങിവച്ച് തിരിച്ചുകൊടുക്കാതെ അവരെ മുഴുവനും ആത്മഹത്യയിലേക്ക് തള്ളിയിട്ട വ്യക്തി, അയാളുടെ മരിച്ചുപോയ പതിനാലു വയസ്സുകാരനായ മകൻ.. നീതിയുടെ ആത്മീയമായ ഇടപെടലുകൾ, അബദ്ധവശാൽ സുഹൃത്തിനെ കൊല്ലുന്ന ബംഗാളി, ക്ലീനറുടെ അശ്രദ്ധയാൽ ട്രക്കിന്റെ അടിയിൽ പെട്ടുമരിച്ച പാകിസ്താനി. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മരണങ്ങൾ നിറഞ്ഞ പുസ്തകം, കെമിക്കലിന്റെ മണമുള്ള പെട്ടികൾ നിറഞ്ഞ പുസ്തകം, അനേകം പോസ്റ്റുമോർട്ടങ്ങൾ ചെയ്ത ഡോക്ടറുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യപ്പെടുന്ന പുസ്തകം... അഷ്‌റഫ് എന്ന മനുഷ്യനെക്കുറിച്ചുള്ള പുസ്തകം.. ഒ.എം. അബൂബക്കറിന്റെ മരണപുസ്തകം..
Om Aboobacker
ഗ്രീൻ ബുക്ക്സ്
വില 160 രൂപ.

കമ്പപ്പോല്‍ - പ്രദീപ് പേരശ്ശന്നൂർ


രാജകുമാരന്റെ കിരീടധാരണത്തിനു മുന്‍പേ ബലിയര്‍പ്പിക്കപ്പെടുന്ന അവന്റെ കാമുകിയും മുറം നെയ്തുകാരിയായ സീമന്തിനി. അവളുടെ കുടുംബം ബലിതര്‍പ്പണത്തിനു വേണ്ടി അവളെ തട്ടിക്കൊണ്ടു പോയതാണെന്ന് കണ്ട ആട്ടിടയന്‍, എല്ലാവരും തെളിവുകളേതുമില്ലാതെ വധിക്കപ്പെടുന്നു. ആ കുറ്റം ആരോപിച്ചു തടങ്കലിലാക്കപ്പെട്ട പൌരന്‍. തീര്‍ച്ചയായും ഈ സാഹചര്യങ്ങള്‍ ആധുനിക കാലത്തും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്.
നിയമം മനുഷ്യനു വേണ്ടിയാവണം എന്നതിനേക്കാളും, മനുഷ്യന്‍ നിയമത്തിന് വേണ്ടി എന്ന രീതിയിലേക്ക് നീതി എത്തപ്പെടുകയും, അതിന്റെ ചുക്കാന്‍ പിടിക്കുന്ന രാജഗുരുക്കന്മാരും, സ്വന്തമായി ഒരു തീരുമാനമെടുക്കാനാവാതെ രാജാവു പോലും ആ നിയമത്തിനുള്ളില്‍ ബന്ധിക്കപ്പെടുന്നു. രാഷ്ട്ര നിയമത്തിന്റെ, അവയെ വളച്ചൊടിക്കുന്നതിന്റെ, അവനവന്‍ താല്പര്യത്തിന്റെ, കപടതയുടെ രേഖകള്‍ ഒളിച്ചിരിക്കുന്ന കമ്പപ്പോല്‍.
Pradeep Perassannurന്റെ കമ്പപ്പോല്‍ വായിച്ചു തീര്‍ത്തു,നല്ല ആഖ്യാനം, അമൃതേശ്വരന്റെ യാത്രയും, കമ്പപ്പോള്‍ നശിപ്പിക്കുന്നതിന് മുന്‍പുള്ള മാനസിക സംഘര്‍ഷങ്ങളും കുറച്ചുകൂടി പൊലിപ്പിക്കാമായിരുന്നു എന്നു തോന്നി.
നോവല്‍ - കമ്പപ്പോല്‍
ചിന്ത പബ്ലിക്കേഷന്‍
വില - 90 രൂപ

ഉടൽഭൌതികം - ഷിനിലാൽ



സിങ്കന്ത്രോപ്പസ് (Zinganthropus) മനുഷ്യർ പ്രാചീനശിലായുഗത്തിൽ ജീവിച്ചിരുന്നവരാണ്, അവിടെനിന്നും ജാവാമനുഷ്യരിലൂടെ, പെക്കിങ് മനുഷ്യരിലൂടെ ഇന്നുകാണുന്ന ഹോമോസാപിയൻസ് വരെയെത്തി നിൽക്കുന്നു മനുഷ്യരുടെ സഞ്ചാര/പരിണാമ പഥങ്ങൾ. യുഗങ്ങൾ നവീനശിലായുഗമെന്നും, വെങ്കലയുഗമെന്നും, ഇരുമ്പുയുഗമെന്നും പരിഷ്ക്കരിക്കപ്പെടുകയും മനുഷ്യർ അവന്റെ ആവാസവ്യവസ്ഥകളിൽ ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.  നെടുമങ്ങാട് / മയിലാടും പാറ മേഖലകളിലൂടെ കേരളത്തിന്റേയും / ഇന്ത്യയുടേയും ജൈവ/ രാഷ്ടീയ / സാംസ്കാരിക / പ്രത്യയശാസ്ത്ര പരിണാമങ്ങളാണ് ഉടൽഭൌതികം എന്ന നോവൽ വിവരിക്കുന്നത്. യന്ത്രങ്ങൾ മനുഷ്യരെ സ്വതന്ത്രരാക്കിയപ്പോൾ ശിലാ / കാർഷിക യുഗങ്ങളിലെപ്പോലെ മനുഷ്യർക്ക് അവന്റെ ശരീരത്തെ കൂടുതൽ അദ്ധ്വാനിപ്പിക്കാതെ, തലച്ചോർ ഉപയോഗിച്ച് ജീവിക്കാമെന്നാവുകയും, ഉടൽ ഒരു വിനോദ / ആഘോഷ വസ്തുവാകുകയും ചെയ്തു. പല യുഗങ്ങളുടെ രീതിയിൽ ഡിസൈൻ ചെയ്ത കോട്ടേജുകൾ ഉള്ള ചന്ദീരാൻസ് വൈൽഡ് റിസോർട്ട് എന്ന  ച.വൈ.റി യിൽ നിന്നാണ് കഥ തുടങ്ങുന്നത്. പ്രാകൃത ജീവിതേച്ഛ ആധുനിക മനുഷ്യരിൽ എത്രത്തോളം അഭിനിവേശിച്ചിരിക്കുന്നുവെന്നും, അതിനെ പണമായി മാറ്റാനുള്ള ഉപായങ്ങളും നിറഞ്ഞ ച. വൈ. റി എന്ന പ്രതീകത്തിനേക്കാളും നല്ലൊരു തുടക്കം ഉടൽ ഭൌതികത്തിനില്ല.

ഇതുമാത്രമല്ല ഉടൽഭൌതികം. രാധിക എന്ന സ്വതന്ത്ര ദേഹമാണിതിന്റെ കാതൽ. അവൾക്ക്  ചുറ്റുമുള്ളതും /ഉണ്ടായിരുന്നതുമായ ഒരു ജൈവിക ലോകവും കാലക്രമേണ അവിടെയുണ്ടായ മാറ്റങ്ങളും കൂടിയാണ്. എസ് 317 എന്ന ആദ്യ സർക്കാർ ബസ്സ്, അരി പൊടിക്കുന്ന യന്ത്രത്തിന്റെ വരവ്, ലൈബ്രറിയുടെ, പരിഷിത്ത് പരവർത്തനത്തിന്റെ, പല രാഷ്ട്രീയ പാർട്ടികളുടെ ഉൽഭവവും, ഉയർച്ചയും താഴ്ച്ചയുമെല്ലാം കൂടിയാണ്. ഒരു ദേശത്തിന്റെ വളർച്ചയും തളർച്ചയുമാണ്. ജനശക്തിയുടെ സമാന്തരലോകം, പണശക്തിയുടെ അപ്രമാദിത്വം. ഇവയെല്ലാമാണ്.

കാക്കാരിശി നാടകത്തിന്റെ കരുത്ത്, കാണികൾ കളിക്കാരാകുന്ന വിരുത്.. അവയിലൂടെ ഒരു ഗ്രാമത്തിന്റെ തുടിപ്പ്. 

‘ഓരോ ജീവിയും ആവർത്തനമാണ്. ദ്രവമായി രൂപം കൊണ്ട്, ഖരമായി ഉറച്ച്, വാതകമായി വേർപിരിഞ്ഞ് അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു.’ രാധികയുടെ മാമൻ അംബരീഷിന്റെ വാക്കുകൾ. ദ്രവം, ഖരം, അഗ്നി എന്നു വിഭജിച്ചിരിക്കുന്ന ഉടൽഭൌതികവും ഇതുതന്നെ പറയുന്നു. രാധികയിലൂടെ, നോവലിസ്റ്റും കഥാപാത്രവുമായി മാറുന്ന ജീവനിലൂടെ, ഏഴുപേരുകൾ ചേർത്തുപിടിക്കുന്ന അബൂബക്കറിലൂടെ, വാപ്പേച്ചാരി ഹാഷിമിലൂടെ,  മണികണ്ഠൻ നായരിലൂടെ. അംബരീഷിലൂടെ, ചന്ദ്രികയിലൂടെ പ്രജിതയിലൂടെ, അമ്മുവമ്മയിലൂടെ, സുകുമാരനിലൂടെ, അനേകം പൂച്ചകളിലൂടെ, കോഴികളിലൂടെ... ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഉടലിന്റെ ശക്തിയും ദൌർബല്യവും രാധിക മറ്റാരേക്കാളും മനസ്സിലാക്കുന്നുണ്ട്. ഇരയാണെന്ന് മനസ്സിലാക്കാത്ത വേട്ടക്കാരനായ അജയിലൂടെ, ജ്ഞാനചൈതന്യ എന്ന ആത്മഹത്യ ചെയ്ത സ്വാമിയിലൂടെ, മറ്റനേകം ശരീരങ്ങളിലൂടെ അവളതറിയുന്നു. അവളതിൽ നിന്നെല്ലാം, എല്ലാ ചങ്ങലകളിൽ നിന്നും സ്വതന്ത്രയാവുന്നു. കളിക്കൂട്ടുകാരനായ ഹാഷിമിനെ മുൻ‌നിർത്തി സ്ഥലത്തെ എം.എൽ.എ, വികസനത്തിന്റെ പേരിൽ, ഭൂമിയുടെ ആണികളായ എല്ലാ പാറകളും തകർത്ത് പണമാക്കുന്നതിനെതിരെ സമരത്തിനൊരുങ്ങുമ്പോൾ രാധികയ്ക്ക് ജീവിക്കാൻ ഒരുകാരണവും കൂടി ലഭിക്കുന്നു. അവൾ കളിച്ചുവളർന്ന നാട്ടിലുണ്ടായ മാറ്റങ്ങൾ പതിനഞ്ച് വർഷങ്ങൾക്കുശേഷം അവിടെയെത്തുന്ന രാധികയ്ക്ക് പെട്ടെന്നു മനസ്സിലാവുന്നുണ്ടെങ്കിലും അവിടെ കഴിയുന്നവർക്ക് വികസനത്തിന്റെ സാധാരണമായ മാറ്റം മാത്രമായേ ഉൾക്കൊള്ളാനാവുന്നുള്ലൂ. അങ്ങനെയല്ല കാര്യങ്ങൾ എന്നു ജനങ്ങൾക്ക് മനസ്സിലായി വരുമ്പോൾ അവസാനത്തെ ആഗ്രഹം ബാക്കിവച്ച് രാധിക യാത്രയാകുന്നു. ‘ഓരോ ജീവിയും ആവർത്തനമാണ്. ദ്രവമായി രൂപം കൊണ്ട്, ഖരമായി ഉറച്ച്, വാതകമായി വേർപിരിഞ്ഞ് അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു.’ എന്ന അംബരീഷ വാക്കുകളിൽ ചേർന്ന് മറ്റൊരു നൂറ്റാണ്ടിൽ ജന്മാന്തരയോർമ്മകൾ ഉള്ളിൽപ്പേറുന്ന വ്യക്തിയായി പുനർജ്ജനിക്കുന്നു. 

കാരൂർസ്മാരക നോവൽ പുരസ്കാരം ലഭിച്ച കൃതിയാണ്. 

ഉടൽഭൌതികം :

പ്രസാധകൾ : എസ്പിസി‌എസ്

വില : 230 രൂപ

യുദ്ധകാലത്തെ നുണകളും യുവാവായിരുന്ന ഒൻപതു വർഷവും - കരുണാകരൻ



രാമുവും, ശിവനും അച്യുതനും ബോംബെയിലായിരുന്നു, കുവൈറ്റിലായിരുന്നു, ഇറാഖ് അധിനിവേശ സമയത്ത് രക്ഷപെടാൻ ശ്രമിച്ചവരായിരുന്നു. അച്യുതൻ അന്ത്വോൺ അർത്തോയുള്ള നോവൽ കറുത്ത ബുക്കിൽ എഴുതാൻ തുടങ്ങിയ എഴുത്തുകാരൻ ആകാൻ ആഗ്രഹിച്ചവനായിരുന്നു. രാമു കവിയായിരുന്നു. കുറച്ച് കവിതകൾ എഴുതുകയും ചെയ്തു.

ശിവനും രാമുവും പിടിക്കപ്പെട്ടവരായിരുന്നു. അധിനിവേശത്തിന് തൊട്ടുമുൻപ് വരെ സ്കൂളായിരുന്ന ജയിലിൽ കിടന്നവരായിരുന്നു. ശിവൻ റിഷി കപൂറായിരുന്നു. രാമു വെറും സിനിമാ നടനും. രണ്ടുപേരേയും ഇറാഖി ഉദ്യോഗസ്ഥർ സ്നേഹിച്ചു. ആ സ്നേഹത്തിൽ അവർ ജയിൽ വിമുക്തരായി. അന്ന് ശിവനോടൊപ്പം മരുഭൂമിയിൽ രാത്രി പന്തുകളിച്ചത് രാമുവായിരിക്കും. അല്ലെങ്കിൽ രാമു സ്വപ്നം കണ്ടിരിക്കും. ഇറാഖിന് ഇന്ത്യയുമായി സുഹൃദ് ബന്ധമാണെന്ന് രണ്ടുപേരോടും കൂടെക്കിടന്ന സൈനിക ഉദ്യോഗസ്ഥൻ പറഞ്ഞു. രാമുവായിരുന്നു ശിവൻ, അല്ലെങ്കിൽ ശിവനായിരുന്നു ജലാലുദ്ദീൻ എന്ന ജിന്ന്. അല്ലെങ്കിൽ വർക്കിച്ചനെ കൊന്ന ഏഴുപേരിൽ എട്ടാമനായിരുന്നു ശിവൻ. യുവാവായിരുന്ന ഒൻപതു വർഷത്തിന്റെ ബാക്കിയായിരുന്നു യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും. ഒരുപക്ഷേ, യുവാവിലെ മറ്റൊരു അദ്ധ്യായം തന്നെയായിരിക്കാം. മുൻപേ എഴുതിപ്പോയൊരു ഭാഗം.

പെൺകുരിശ് - സോണിയ റഫീഖ്


നീ കലാപൂർണ്ണിമ ഓണപ്പതിപ്പ് കണ്ടിരുന്നോ? 2015ലെ ഓണക്കാലത്ത് ശിഹാബിക്ക (ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്)  ചോദിച്ചതാണിത്. അതിൽ സോണി റഫീഖിന്റെ കഥയുണ്ട്  നീ വായിക്കണം, നല്ല കഥയാണ്. സോണി റഫീഖിനെ ഫേസ്ബുക്കിൽ തിരഞ്ഞാണ് സോണിയ റഫീഖെന്ന കഥാകൃത്തിനെപ്പറ്റി അറിയുന്നത്. ഉടൻ തന്നെ  ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അതു സ്വീകരിക്കപ്പെടുകയും ചെയ്തതോടെ ഞങ്ങൾ തമ്മിലുള്ള ചങ്ങാത്തം തുടങ്ങുകയായി. അതോടെ ആനുകാലികങ്ങളിൽ വരുന്ന കഥകൾ മെയിലുകളായി എന്റെ വായനയ്ക്ക് അയച്ചുതരാനുള്ള സൌമനസ്യം സോണിയ കാണിച്ചു.

സോണിയയുടെ കഥകളിൽ ആദ്യം വായിച്ചത് കലാപൂർണ്ണിമയിൽ വന്ന പെൺകുരിശാണ്. ആ കഥയുടെ പേരിൽത്തന്നെയാണ്  പത്തുകഥകളുടെ സമാഹാരം ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. 

പ്രകൃതിയുടെ നിറങ്ങളിൽ മുക്കി തൃക്കണ്ണിൽ പുരുഷനെ ആവാഹിച്ച നാലുസ്ത്രീകളാലൊരുക്കപ്പെട്ട ഖബറിസ്ഥാനിലെ പെൺകുരിശും  അവരെ ചേർത്തുവയ്ക്കാനുള്ള പട്ടുനൂലിന്റെ ചന്ദന നിറം തന്നിൽ നിന്നും നൽകിയ നിത്യപ്രണയിനിയും. സ്വന്തം അഭിപ്രായങ്ങളോടൊത്ത് സ്വയം നടന്നുപോയ നാലുപേർ, ഫ്രീഡ കാഹ്ലോയെന്ന മെക്സിക്കൻ പെയിന്റർ (1907 - 1954), ഏഞ്ചല ഇസഡോറ ഡങ്കനെന്ന (1877 - 1927 ) അമേരിക്കൻ നർത്തകി, ജോർജ്ജിയ ഓകീഫെന്ന അമേരിക്കൻ ചിത്രകാരി (1887 - 1986), ഫ്രഞ്ച് നോവലിസ്റ്റും, നാടകകൃത്തുമായ മാർഗരറ്റ് ഡ്യൂറാസ് ( 1914 - 1996)  മരണാനന്തരം ‘ഹിന്ദുവായ് ജനിച്ച് ഇസ്ലാമായി മരിച്ച സാഹിത്യകാരി‘യുടെ കബറിടത്തിൽ ഒത്തുചേർന്ന് മരിച്ചവൾക്കായി തീർത്ത സ്മാരകം, ഫ്രീഡ വരച്ച പെൺകുരിശിൽ ഒന്നായിച്ചേർന്നവർ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിലും  കലാ സാഹിത്യ  മേഖലയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവന്ന പലതരത്തിലുള്ള പ്രയാസങ്ങളിൽ നിന്നും സ്വയം മുകതരായവർ. അവരോടൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയും (കഥയിൽ പേരുപറയുന്നില്ല). വർഷങ്ങൾക്കുശേഷം ബലിതർപ്പണത്തിനിടയിൽ നിറം മങ്ങാത്ത ആ ചിത്രം കടലിൽ നിന്നും കിട്ടിയതിനുശേഷം സൂക്ഷിച്ച് ആർട്ട് ഗ്യാലറിയിൽ ദിവസവുമുണ്ടാകുന്ന അൽഭുതങ്ങൾ അവരുടെ സ്വാതന്ത്ര്യത്തെ, ഇച്ഛകളെ, സ്നേഹത്തെ, പ്രതിരോധത്തെ  തെളിയിച്ചുകാട്ടുന്നു. 

പലയിടത്തുനിന്നുമുള്ള ഇവരെ കമലാ സുരയ്യയായ മാധവിക്കുട്ടിയോട് ഒന്നായിച്ചേർത്തുകൊണ്ട് സോണിയ നിർമ്മിച്ച പെൺകുരിശ് ഈ കഥാ സമാഹരത്തിലെ മികച്ച കഥകളിലൊന്നാണ്. 

ഗൾഫിൽ ജോലി ചെയ്യുന്ന കാലത്ത് ക്ലീനിങ്ങ് ജോലികൾ ചെയ്യുന്ന ധാരാളം ബം‌ഗാളികളെ കണ്ടിട്ടുണ്ട്. പൂച്ചകളെപ്പോലെ അവർ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ സ്വന്തമെന്നപോലൊരു സ്വാതന്ത്ര്യം കൊണ്ടുനടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവധിക്ക് പോകുന്ന സമയത്ത് മറ്റൊരു ബം‌ഗാളിയെ പണിയേൽപ്പിക്കുമ്പോൾ അതുവ്യക്തമായിക്കാണാം. പരിചയപ്പെടുത്താൻ കൊണ്ടുവരുന്ന ദിവസം പകരം കൊണ്ടുവന്നവനോട് അങ്ങനെ ചെയ്യരുത്, ഇതങ്ങനെ ചെയ്യണം എന്നൊക്കെ വളരെ അധികാരത്തോടെ സംസാരിക്കും. സക്കർഫിഷിലെ ഖലീൽ അതുപോലുള്ളൊരു വ്യക്തിയാണ്. അവന്റെ ക്ലീനിങ്ങ് ചുമതലയിലുണ്ടായിരുന്ന വീടിന്റെ ഉടമസ്ഥൻ നാട്ടിൽപ്പോയി വന്നസമയം കൊണ്ട് വീടുതന്നെ സ്വന്തമായിക്കാണുന്ന ഖലീലിന്  ആ മനോഭാവത്തിൽനിന്നും പുറത്തുവരാനാവാതെ വീട്ടുകാരോടും അവന്റെയെന്നുള്ള അധികാര മനോഭാവം കാണിക്കുന്നതും അവർ അറിയാതെ അതിനോട് പൊരുത്തപ്പെട്ടുപോകുന്നതുമായ സക്കർഫിഷ്. സക്കർ ഫിഷെന്ന അക്വേറിയം വൃത്തിയാക്കുന്ന മത്സ്യവുമായുള്ള ഉപമയിൽ കഥയ്ക്ക് മറ്റൊരു മാനം കൈവരുന്നു.

നിക്കോളാ ടെസ്ലയിലൂടെ പരിചയപ്പെടുന്ന റിട്ടയേഡ് മെയിൽ നഴ്സായ സേതുരാമനും മൂകയും, നർത്തകിയുമായ കമലുന്നിസയുമായുള്ള അടുപ്പത്തിന്റെ കഥയാണ് വൈ ഫൈ. 

ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോൾ എന്ന കഥ നെയ്യാൻ സോണിയയുടെ കാർഷിക സർവ്വകലാശാലയിലെ പഠനം വളരെയേറെ സഹായിച്ചിട്ടുണ്ട്. അനുപ അനില എന്നീ രണ്ടു സഹോദരികളുടെ ആത്മബന്ധം പ്യൂപ്പയിൽ നിന്നും ചിത്രശലഭത്തിലേക്കുള്ള വിചിത്ര പാതയിലൂടെ പറയുന്നു. 

1970നും 1985നും ഇടയിൽ ജനിച്ച സാമ്പത്തിക കുടിയേറ്റക്കാരായ മലയാളികളിൽ ഭൂരിഭാഗത്തിനും ബാല്യകാലത്തിനെക്കുറിച്ചുള്ള ഓർമ്മയിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളും, അതിലുള്ള കളികളും, ഓണവും തുമ്പിതുള്ളലും മഴയും, സ്കൂൾവിട്ട് കൂട്ടുകാരോടൊത്ത് കളിച്ചുകളിച്ച് വീടെത്തുന്നതുമെല്ലാം ഗൃഹതുരമായ ഓർമ്മകളാണ്. എന്നാൽ ഇപ്പോഴും വിദേശങ്ങളിൽ കഴിയുന്ന അവരുടെ മക്കൾക്ക് അവധിക്ക് ചിലപ്പോൾ മാത്രം കിട്ടിയേക്കാവുന്ന അവസരമാണവ. മിക്കവരും താമസിക്കുന്നത് ഫ്ലാറ്റുകളിലോ മറ്റോ ആവും, രാവിലെ സ്കൂളിൽ പോകുന്നതുമുതൽ തിരികെവരുന്നതുവരെയെല്ലാം മുൻ‌നിശ്ചയിച്ചപ്രകാരമാണ്. മാതാപിതാക്കൾ ജോലിക്കാരാകുമ്പോൾ അവരുടെ ഒഴിവുസമയത്തെ കൂട്ടുകാർ വീഡിയോ ഗെയിമുകളും മൊബൈൽഫോണുകളുമായി മാറുന്നു. അത്തരത്തിലെ ഒരു കുട്ടിയുടെ കഥയാണ് കളിജീവനം. സ്റ്റീവും ബോബ് 72ഉം ചേർന്നു കളിക്കുന്ന മൈൻ‌ക്രാഫ്റ്റെന്ന വീഡിയോ ഗെയ്മിലെ അതിജീവനം. 

ധ്യാനം 180 ഡിഗ്രിയും, കളിജീവനവും ഒരുതരത്തിൽ ഹെർബേറിയം എന്ന നോവലിന്റെ അടിത്തറയാനെന്നുപറയാം. നോവലിനെക്കുറിച്ച് ധാരാളമാളുകൾ വളരെനന്നായി പറഞ്ഞിട്ടുള്ളതിനാൽ ഞാൻ മിണ്ടാതിരിക്കുന്നു.

പെൺകുരിശ്:
മാതൃഭൂമി ബുക്സ്:
 ₹ 100

ഹെർബേറിയം:
ഡിസി ബുക്സ്:
 ₹ 210


തന്മാത്രം - ഡോ. സുരേഷ്. സി. പിള്ള



എഴുത്തുകാരുടെ കയ്യൊപ്പോടുകൂടിയ പുസ്തകങ്ങൾ ലഭിക്കുക എന്നതിനേക്കാൾ സന്തോഷമുള്ളൊരു കാര്യമില്ല വായനക്കാരന്. ഓട്ടോഗ്രാഫിന്റെ കാര്യം പറയുമ്പോൾ ആദ്യം ഓർമ്മവരുന്നത്  പണ്ട് ശിഹാബിക്ക പറഞ്ഞയൊരു തമാശയാണ്. ഒരു സുഹൃത്തിന്റെ പ്രധാന ഹോബി കയ്യൊപ്പോടുകൂടിയ പുസ്തകങ്ങൾ ശേഖരിക്കുകയെന്നതായിരുന്നു. വായിക്കുമായിരുന്നോ എന്നൊന്നും അറിയില്ല, വീട്ടിൽ വരുന്നവരെയൊക്കെ അതെല്ലാം കാണിച്ച് അദ്ദേഹം നല്ലവായനക്കാരനെന്ന് പേരെടുത്തിരുന്നു. ഒരുദിവസം ആൾക്കൊരു അബദ്ധം പറ്റി. വിരുന്നുകാരൻ അത്യാവശ്യം വായനയും, പുസ്തകങ്ങളെക്കുറിച്ച് അറിവുമുള്ള മനുഷ്യനുമായിരുന്നു. വലിയവലിയ സാഹിത്യകാരന്മാരെല്ലാം തനിക്ക് അവരുടെ കയ്യൊപ്പോടുകൂടിയ പുസ്തകങ്ങൾ തന്നിട്ടുണ്ട് എന്നുപറഞ്ഞു വിരുന്നുകാരനെകാണിച്ചത് കൊട്ടാരത്തിൽ ശങ്കുണ്ണിയെഴുതിയ ഐതീഹ്യമാലയായിരുന്നു... -----------------ന് സ്നേഹപൂർവ്വം ശങ്കുണ്ണിയേട്ടൻ എന്ന് വൃത്തിക്ക് ബോൾ പോയിന്റ് പേനകൊണ്ടെഴുതിയിരിക്കുന്നു!!!!

പറയാൻ വന്നതിതൊന്നുമല്ല, എനിക്കും കിട്ടിയൊരു ഓട്ടോഗ്രാഫ്ഡ് പുസ്തകം. അയർലന്റിലെ സ്ലൈഗോയിൽ താമസിക്കുന്ന പ്രശസ്ത നാനോ ശാസ്ത്രജ്ഞനായ ഡോ. സുരേഷ്. സി. പിള്ളയുടെ തന്മാത്രം. പുസ്തകത്തിലുള്ള പലതും മുൻപ് എഫ്ബി പോസ്റ്റുകളായി വായിച്ചിട്ടുണ്ടെങ്കിലും കടലാസ്സ് മണമുള്ള പുസ്തകങ്ങൾ പോലെ സന്തോഷിപ്പിക്കുന്ന വേറൊന്നുമില്ല. അദ്ദേഹം ഒരു ശാസ്ത്രജ്ഞനായതുകൊണ്ട് ലേഖനങ്ങൾ പലതും ശാസ്ത്രീയ അടിത്തറയുള്ളവയാണ്.ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്നുപറയുന്നതുപോലെ കറിവേപ്പില മുതൽ വിമാനയാത്ര വരെ, ടീനേജ് പ്രശ്നങ്ങൾ മുതൽ ഇമോഷണൽ ഇന്റലിജൻസ് വരെ എന്തിനെക്കുറിച്ചും സുരേഷിന് വ്യക്തമായ അഭിപ്രായങ്ങളുണ്ട്. അദ്ദേഹം ആർജ്ജിച്ച അറിവുകൾ  സരളമായ, ലളിതമായ ഭാഷകൊണ്ട് സാധാരണക്കാരന് പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ സുരേഷിന് സാധിച്ചിട്ടുണ്ട്. പ്രചോദിപ്പിക്കുന്ന എഴുത്ത്. ഇനിയും ധാരാളമായി എഴുതുവാൻ, അറിവ് പകരുവാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.

തന്മാത്രം - ലേഖനങ്ങൾ
പ്രസാധനം - താമര
വില - 160 രൂപ.

അല്ലാതെന്ത്? - ടി. പി. വിനോദ്



ലാപുട എന്ന ബ്ലോഗ് വഴി ടി. പി. വിനോദ് എന്ന പേര് അറിയുന്നത് 2009 മുതലാണ്. കാരണം ആ വർഷമാണ് ഞാൻ ബ്ലോഗ് തുടങ്ങുന്നത്. അതിനും മൂന്നു വർഷം മുൻപ് തന്നെ ടി.പി കവിതയുടെ തട്ടകം യൂണിക്കോടിലേക്ക് പറിച്ചുനട്ടിരുന്നു, മലയാളം ബ്ലോഗെഴുത്തിന്റെ തുടക്കക്കാരിലൊരാൾ. 

കണ്ണിനുമുന്നിൽ വരുന്നയെന്തിനേയും കവിതയിൽ കൂട്ടിക്കെട്ടുന്നതു കണ്ട് അൽഭുതപെട്ടിട്ടുണ്ട്. അത് വെള്ളരിക്കയായാലും, ഏകാന്തതയായാലും, രാത്രിയിൽ ആളൊഴിഞ്ഞ, തിരക്കൊഴിഞ്ഞ റോഡിലെ ട്രാഫിക് ലൈറ്റായാലും അതിൽ നിന്നെല്ലാം കവിത രസകരമായി ഒഴുകിവരുന്നത് ടി.പി കാണിച്ചുതരുന്നു. 
ചെറിയ ചെറിയ വരികളിലൂടെ വ്യക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു അവയെല്ലാം. നവ മാധ്യമങ്ങൾ, ഉപയോഗങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട്.

അല്ലാതെന്ത് ? എന്ന സമാഹാരത്തിലെ ആദ്യ കവിത തന്നെ നോക്കൂ

കഥാർസിസ്

ബാബ്‌രി മസ്ജിദ് പൊളിച്ചതിൽപ്പിന്നെ
ഹിന്ദു കൂടുതൽ ഹിന്ദുവും
മുസ്ലീം കൂടുതൽ മുസ്ലീമുമായതുപോലെ
എന്നൊരു മൂന്നുവരി ഉപമ
കുറേനേരമായി മനസ്സിൽ അലമ്പുണ്ടാക്കുന്നു.

എവിടെയെഴുതണമെന്നോ
എന്തിനെഴുതണമെന്നോ
ആളുകളെന്തുവിചാരിക്കുമെന്നോ
ഒരെത്തുംപിടിയും കിട്ടുന്നില്ല.

പ്രിയപ്പെട്ടവളേ,
ആ മൂന്നുവരി കമന്റായെഴുതാൻ പറ്റിയ
ഒരു കവിതയെഴുതി ഫേസ്ബുക്കിലിട്ട്
എന്നെ രക്ഷിക്കില്ലേ ?

പണ്ടുണ്ടായിരുന്ന ഒരു രാഷ്ട്രത്തെപ്പറ്റി 2514 ലെ യൂറോപ്പില്‍ ഒരു മുത്തശ്ശി പേരക്കുഞ്ഞിനോട് പറഞ്ഞ സാരോപദേശകഥ - 

ഈ കവിതയിലെ അഞ്ചാം ഭാഗം5
എന്നാല്‍
അതേ സന്ധ്യയില്‍
അതേ രാജ്യത്തിന്‍റെ
അതേ പരിസരങ്ങളില്‍ തന്നെ
തീട്ടത്തലയനായ വര്‍ഗ്ഗീയവാദി
തന്റെ ദൈവത്തെയോ
നേതാവിനെയോ
പുസ്തകത്തെയോ
ആരോ എവിടെയോ
വിമര്‍ശിച്ചിട്ടുണ്ടെന്ന് കേട്ട്
അയാളെ കൊല്ലാനും
ലഹളയുണ്ടാക്കാനുമായി
വീട്ടില്‍ നിന്നിറങ്ങി

രാസപ്രക്രിയ പോലെ ഒരോ വായനയിലും മാറിമാറി വരുന്ന അർത്ഥങ്ങൾ, രസങ്ങൾ ടി.പി. വിനോദിന്റെ അല്ലാതെന്ത്? 
അവതാരിക : പി.എൻ.ജി
പഠനം : സുധീഷ് കൊട്ടേമ്പ്രം
ചിന്ത പബ്ലിഷേഴ്സ്
പേജ്: 144 വില: 130 രൂപ

കണ്ണ് സൂത്രം - വിനോദ് കൃഷ്ണ



എഴുത്തുകാരൻ തന്റെ ചുറ്റുപാടുകളിലേക്ക് കണ്ണുതുറന്നു വയ്ക്കുന്നതിന്റെ ഫലമാണ് അവന്റെ സൃഷ്ടികൾ. അവന്റെ പ്രതികരണങ്ങൾ, അതെ, സമൂഹത്തിൽ സംഭവിക്കുന്ന ച്യുതികൾക്ക് നേരേയുള്ള പ്രതികരണങ്ങൾ, അതിനു വേണ്ടി അവൻ ആക്റ്റിവിസ്റ്റ് ആകണമെന്നില്ല. തെരുവിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടതില്ല. അവയെക്കുറിച്ച് വായനക്കാരന്റെ ഉള്ളിൽ തട്ടുന്ന രീതിയിൽ എഴുതിയാൽ മാത്രം മതി. ആയിരം ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങളേക്കാളും ശക്തമായി സമൂഹ മനസ്സിനുള്ളിൽ അവന്റെ വാക്കുകൾ, കഥകൾ നിറഞ്ഞുനിൽക്കും. അങ്ങനെയുള്ള കഥകളാണ്, ജീവിതങ്ങളാണ് വിനോദ്  കൃഷ്ണയുടെ കണ്ണ് സൂത്രം എന്ന സമാഹാരത്തിലെ 13 കഥകളും. 

ഇറച്ചിമിഠായി മുതൽ പാമ്പും കോണിയും വരെയുള്ള കഥകളിലെ മിക്കവയും വായനക്കാരന്റെ മുറിവുകളാകുന്നുണ്ട്. വിപരീതത്തിലെ ശിവാനി തന്റെ കാണാതായ, ബലാത്സംഗം ചെയ്യപ്പെട്ട, കൊലചെയ്യപ്പെട്ട ഉറ്റസ്നേഹിത ഉമൈഭാനുവായി സ്കൂളിൽ വേഷപ്രച്ഛന്ന മത്സരത്തിൽ പങ്കെടുത്തതിന് ശേഷം അവളും ഉമൈഭാനുവിന്റെ അതേ അനുഭവങ്ങളിലേക്ക് വീണുപോകുന്നു, മനുഷ്യൻ വേഷങ്ങളാൽ വേർതിരിക്കപ്പെടുന്ന ഭൂമിക നമ്മുടെ മുന്നിലുണ്ട്, പക്ഷെ കാര്യമാക്കിയിട്ടുണ്ടോ? നമ്മളനുഭവിക്കാത്തിടത്തോളം അവയെല്ലാം വാർത്തകൾ മാത്രമാണ്. ഈ സമാഹരത്തിലെ ഏറ്റവും മൂർച്ചയേറിയ കഥയാണ് വിപരീതം.

നിരോധിക്കപ്പെട്ടയൊരു പുസ്തകം വായിക്കുവാൻ ബാറിൽ ഒത്തുചേരുന്ന മൂന്നു സുഹൃത്തുക്കളിലൂടെ മുന്നോട്ടു പോകുന്ന കഥയാണ് ഒറ്റക്കാലുള്ള കസേര, ഈ സമാഹാരത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ രചന, മറ്റൊന്നാണ് മാരകായുധം. 

എഴുതാനാണെങ്കിൽ ഇതിലെ എല്ലാ കഥകളെക്കുറിച്ചും ഓരോ  പേജ് എഴുതേണ്ടിവരും. അല്ല മാഷേ നിങ്ങളിത്രയും കാലം എവിടെയായിരുന്നു?

ചുവന്ന തത്ത - റിയാസ് മുഹമ്മദ്

ഏഴുവയസ്സുവരെ താമസിച്ചിരുന്നത് കൂട്ടുകുടുംബത്തിലായിരുന്നു. ഏകദേശം ഒരേക്കറോളം വരുന്ന സ്ഥലവുമുണ്ടായിരുന്നു. അതിൽ എല്ലാവരും അവരവരുടെ ഇഷ്ടത്തിന് വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികൾ കൃഷിചെയ്തിരുന്നു. പിന്നീട് ഓഹരി വെക്കലിന്റെ ഭാഗമായി ആ വീടു വിൽക്കുകയും, എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്കാവുകയും ചെയ്തു. ആ സ്ഥലം വാങ്ങിയ ആൾ പലർക്കായി അതു വിൽക്കുകയും അവയിലെല്ലാം ഓരോരോ വീടുകൾ വരികയും ചെയ്തു. കൃഷിക്കായി പ്രത്യേക സ്ഥലവും ഇല്ലാതായി.

അന്ന് ആ സ്ഥലത്തേക്കുള്ള റോഡ് ടാർ ചെയ്തിട്ടില്ലായിരുന്നു. ലോറി പോകുന്ന വീതിയിൽ ഒരു ചെമ്മൺ പാതയുണ്ടായിരുന്നു. മണ്ണു മാന്താനും, മാറ്റാനും മരങ്ങൾ പിഴുതുകളയാനുമൊക്കെയായി അതിലൂടെ ജെസിബികളും ലോറികളും പാഞ്ഞു നടന്നു.

ധരാളം വണ്ടികൾ പാഞ്ഞുപോകുന്ന ചെമ്മൺ പാതയ്ക്കരികിലെ വീടുകളെ കണ്ടിട്ടുണ്ടോ, വഴിയിലേക്ക് നോക്കി നിൽക്കുന്ന ചെടികളെ? ഏത് ജാതിയിൽ പെട്ട പൂക്കളാണെങ്കിലും, ഏതു നിറമടിച്ച വീടുകളാണെങ്കിലും, മതിലുകളാണെങ്കിലും അവയ്ക്കെല്ലാം ഒരേ നിറമാണ്. ഓർമ്മയുടെ ചെമ്മൺ പൊടി പടർത്തിക്കൊണ്ട്
ഇപ്പോൾ ഇതെല്ലാം മനസ്സിലേക്ക് കടന്നുവന്നത് കന്നടത്തിൽ നിന്ന് റിയാസ് മുഹമ്മദ വിവർത്തനം ചെയ്ത ചെയ്ത വസുധേന്ദ്രയുടെ ചുവന്ന തത്ത എന്ന കഥ വായിച്ചപ്പോളാണ്. ഏഴുഫണം വിടർത്തി തന്റെ വിഷപ്പല്ലുകൾ ഭൂമിയിലേക്കിറക്കി നിധികൾ കവർന്നെടുക്കുന്ന വിഷസർപ്പങ്ങളേയും അവയുടെ അവകാശക്കാരേയുംകൊണ്ട് അനുസ്യൂതം ഈ ഭൂമി നിറഞ്ഞു കവിയുന്നുണ്ട്. നിറം മാറ്റപ്പെടുന്ന തത്തയെപ്പോലെ മനുഷ്യരുടെ ജീവിതവും മാറിത്തുടങ്ങിയിരിക്കുന്നു. ഈ കാലഘട്ടത്തിൽ വളരെയധികം പ്രസക്തിയുള്ള സത്യം മനസ്സിലാക്കാൻ മനുഷ്യൻ എത്രകാലം കാത്തിരിക്കണം.. എല്ലാം നിറം മാറുന്നിടേക്കും വരേയോ അതോ എല്ലാം ഇല്ലാതാകുന്നിടം വരേക്കോ? ചുവന്ന തത്തയുടെ പിഡി‌എഫ് അയച്ചുതന്ന റിയാസ് മുഹമ്മദിന് വളരെയധികം നന്ദി. കൂടുതൽ വിവർത്തനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.

നിലം പൂത്തു മലർന്ന നാൾ - മനോജ് കുറൂർ



ആറാം തരത്തിലാണ് മലയാളം പാഠപുസ്തകം ഡമ്മി സൈസ് വിട്ട് മുറം പോലെ വലുതാകുന്നത്. പുസ്തകങ്ങൾ സ്കൂളിൽ പോയി വാങ്ങിവന്നാൽ ആദ്യം തുറന്നു നോക്കുന്നത് മലയാളം പുസ്തകമാണ്. ഒരു വേദഗ്രന്ഥം തുറക്കും പോലെ ആദ്യം കിട്ടുന്ന പേജ് വായിക്കുന്ന ശീലമുണ്ടായിരുന്നു. അന്ന് തുറന്നപ്പോൾ കിട്ടിയത്  കൊലമ്പന്റെ നാട്ടിൽ എന്ന അധ്യായമായിരുന്നു. വളരെ രസമുള്ള പേര്. ഇടുക്കിയെക്കുറിച്ചും കുറവൻ മലയേയും കുറത്തിമലയേയും ബന്ധിപ്പിച്ച് പെരിയാറിൽ പണിത ഏഷ്യയിലെ ആദ്യ കമാന അണക്കെട്ടിനെക്കുറിച്ചുമൊക്കെ പഠിക്കുന്നത് അതിലാണ്. കൊലുമ്പനെന്ന പേര് അന്നുമുതൽ കൂടെക്കൂടി. ഒരുപാടു നാളുകൾക്ക് ശേഷം കൃത്യമായിപ്പറഞ്ഞാൽ 28 വർഷങ്ങൾക്കുശേഷം ആ മലയാളം പാഠാവലി മനസ്സിലേക്ക് വലിച്ചിട്ടത് മനോജ് കുറൂറിന്റെ നിലം പൂത്തു മലർന്ന നാൾ എന്ന ദ്രാവിഡത്തനിമയുള്ള പുസ്തകം വായിച്ചപ്പോഴാണ്.

കൊലുമ്പൻ, ചിത്തിര, മയിലൻ എന്നിങ്ങനെ മൂന്ന് എഴുത്തുകളായി തിരിച്ചിരിക്കുന്ന ഈ കഥാകാവ്യത്തിൽ (നോവലെന്നതിനേക്കാളേറെ നിലം പൂത്തുമലർന്ന നാൾ ഒരു കഥാകാവ്യമാണ്) മുഖവുര എന്ന നിലയിൽ ശ്രീ മനോജ് കുറൂർ തുടക്കം എന്നൊരു പുറം എഴുതിയിട്ടുണ്ട്. അതുതന്നെയാണിതിന്റെ സത്ത. നിലയിടം നഷ്ടപ്പെടുന്നതിന്റെ വേദനയും, വാഴ്‌വിന്റേയും വറുതിയുടേയും, തൊഴിലനുസരിച്ച് വിഭജിക്കപ്പെട്ടു പോകുന്ന സമൂഹത്തിന്റേയും, അവരുടെയെല്ലാം മാനസിക, മാനവിക നിലകളെക്കുറിച്ചും സൌന്ദര്യമുറ്റ ഭാഷയിൽ പ്രതിപാദിച്ചിരിക്കുന്നു.

ഒന്നാം എഴുത്തായ കൊലുമ്പന്റെ കൂടെ പാണരേയും കൂത്തരേയും വായനക്കാർ അറിയുന്നു, അവരോടൊപ്പം, അവരുടെ വറുതിയോടൊപ്പം, യാഴിനോടൊപ്പം, കൊലുമ്പന്റെ മല്ലികയോടൊപ്പം നടക്കുന്നു, വഴുതി വീഴുമ്പോഴെല്ലാം പിടിച്ചു കയറുന്നു, കുറവരേയും, ഉഴവരേയും, മറവരേയും, ഉമണരേയും, പരതവരേയും, അന്തണരേയുമൊക്കെ കാണുന്നു, അവരുടെ രീതികളും, സൌഹൃദവും, അന്നവും അറിയുന്നു. പരണരെ കാണുന്നു, പാവലരെ അറിയുന്നു.. മൂവേന്തരേക്കുറിച്ചും, നന്നനേയും, വേൾപാരിയേയും അറിയുന്നു. രണ്ടാം എഴുത്തായ ചിത്തിരയിലൂടെ പെൺ മനസ്സിന്റെ മസൃണവും അഘാതവുമായ തലങ്ങൾ കടക്കുന്നു. അവ്വയാറെ കാണുന്നു. മൂന്നാം എഴുത്തായ മയിലനിലൂടെ സ്വാർത്ഥയറിയുന്നു. ഏതു നൂറ്റാണ്ടിലായാലും മനുഷ്യൻ ആഗ്രഹങ്ങൾക്ക് അതീതരല്ലായെന്നറിയുന്നുണ്ട്. പൊരുളുകൾ തേടി അവൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും.

സംഘകാലത്തിലൂടെ, ആ ഭാഷയിലൂടെ പറഞ്ഞില്ലായിരുന്നെങ്കിൽ, പട്ടിണിയിൽ നിന്ന് രക്ഷപെടാൻ നാടുവിട്ടുപോയ മകനെ തിരഞ്ഞു പോകുന്ന കുടുംബത്തിന്റെ, അവരോടൊപ്പം പോയ കൂട്ടത്തിന്റെ വെറും കഥയായി ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു നിലം പൂത്തുമലർന്ന നാൾ. ആ കാലഘട്ടത്തെക്കുറിച്ച് ഇത്ര സമഗ്രമായി പ്രതിപാദിക്കാൻ മനോജ് കുറൂർ നടത്തിയ തയ്യാറെടുപ്പും അധ്വാനവും തീർച്ചയായും ഫലം കണ്ടിരിക്കുന്നു.