Trending Books

Sunday 8 September 2019

നനഞ്ഞ മണ്ണടരുകൾ - ജോണി മിറാൻഡ



മരിച്ചവരെക്കുറിച്ച് ഓർക്കുമ്പോൾ

ജോണി മിറാൻഡയുടെ മൂന്നാമത്തെ നോവലാണ് നനഞ്ഞ മണ്ണടരുകൾ. മേബിളിന്റെ ഓർമ്മകളിലൂടെ വിടരുന്ന അവരുടെ കുടുംബത്തെക്കുറിച്ചുള്ള കഥ. മേബിളും റോസിയുമായുള്ള സൌഹൃദത്തിന്റേയും. രഹസ്യങ്ങളുടെ ആമാടപ്പെട്ടിയാണ് റോസി. ഭർത്താവായ പെദിരോച്ചയ്ക്ക് മേബിളിനോടുള്ള പ്രണയത്തിന്റെ രഹസ്യം റോസി വെളിപ്പെടുത്തുന്നത് പെദിരോച്ചയുടെ മരണമടുക്കുമ്പോഴാണ്. അതുവരെ ആ വിവരം റോസിക്ക് മാത്രമറിയുന്ന ഒരു കാര്യമായിരുന്നു. അതുപോലെ ഒരു രഹസ്യം കൂടി പറയാനുണ്ടെന്ന് റോസി മേബിളിനെ അറിയിക്കുന്ന ദിവസമാണ് റോസി മരണപ്പെടുന്നത്. രഹസ്യങ്ങൾ വെളിപ്പെടുന്നതോടെ അതിൽ ബന്ധപ്പെട്ടൊരാൾ മരണമടയുകയാണ്. പെദിരോച്ചയുടെ സ്നേഹം അറിയുന്ന മേബിൾ അയാളുടെയരികിൽ ചെന്നിരിക്കുകയും കൈ പിടിക്കുകയും ചെയ്യുന്നതോടെ പെദിരോച്ച സ്വസ്ഥമായി മരണപ്പെടുന്നു. എന്നാൽ ലോറൻസച്ചയുടെ മുപ്പതാം ചരമവാർഷികത്തിന് തമ്മിൽ കണ്ടുമുട്ടുമ്പോൾ മേബിളിനോട് പറയാൻ ബാക്കി വച്ച രഹസ്യം വെളിപ്പെടുത്തും മുൻപ് റോസി മരണപ്പെട്ടു. അതെന്തായിരിക്കുമെന്ന ആലോചനയിലാണ് അപ്പോഴേക്കും മരണക്കിടക്കയിലായ മേബിൾ ചിന്തിക്കുന്നത്. അതിലൂടെയാണ് ജീവിതം ആസ്വദിച്ച, കുഞ്ഞുങ്ങളെ മറ്റാരേക്കാളും സ്നേഹിച്ച, അവരെ ഷാപ്പിലും, സിനിമയ്ക്കും കൊണ്ടുപോയ, അവിവാഹിതനായ, ധൂർത്തനായ സഹോദരങ്ങൾ പിരിഞ്ഞുപോയപ്പോൾ മൌനിയായ, ഒടുവിൽ  51-ആം വയസ്സിൽ കാറിടിച്ചു മരിച്ചുപോയ ലോറൻസച്ചയുടേയും, അയാളുടെ ഒരേയൊരു പെങ്ങളായ മേബിളിന്റേയും, മറ്റു മൂന്ന് അനിയന്മാരുടേയും, അവരുടെ കുടുംബങ്ങളുടേയും, പപ്പയുടേയും, മമ്മയുടേയും കഥകൾ വിരിയുന്നത്.

നാടുവിട്ടുപോകുന്ന ലോറൻസച്ച, അയാളുടെ തിരിച്ചുവരവ്, ഹോട്ടലിന്റെ തുടക്കം, നടത്തിപ്പിന്റെ ഏകാധിപത്യം, കുടുംബത്തിന്റെ ഇഴപിരിയൽ, മരണങ്ങൾ... ഒരു മരത്തിന്റെ വളർച്ചപോലെ മനോഹരമായി പടരുന്നു.

റോസി പറയാതെ പോയ രഹസ്യത്തിന്റെ നൂലിൽ കൊരുത്താണ് ജോണി മിറാൻഡ കഥ പറയുന്നത്. ലോറൻസച്ചയ്ക്ക് റോസിയോടോ, അവർക്ക് തിരിച്ചോ ഉള്ള ബന്ധമായിരുന്നിരിക്കാം അത്. അതെന്തായാലും റോസിയോടൊപ്പം ആ രഹസ്യം മണ്ണടിഞ്ഞു.

മരണത്തിന്റെ പലഭാവങ്ങളാണിതിൽ. താൻ സ്നേഹിച്ചിരുന്നുവെന്ന് മേബിൾ അറിഞ്ഞുവെന്ന് മനസ്സിലായപ്പോൾ ശാന്തതയോടെ മരിച്ച പെദിരോച്ച, ‘പശപ്പച്ചരി കൊണ്ടുണ്ടാക്കിയ പുട്ടുകുത്തിയിട്ടതുപോലെ കുഴഞ്ഞുമറിഞ്ഞു പൊടിഞ്ഞുവീണു’ മരിച്ച റോസി, കായലിൽച്ചാടി ആത്മഹത്യ ചെയ്ത ലൂയീസ്, വാഹനാപകടത്തിൽ കൊല്ലപ്പെട്ട ലോറസച്ച, കുടുംബവീട്ടിൽ തൂങ്ങിമരിച്ച, ദിവസങ്ങൾക്കുശേഷം പുഴുവരിച്ചനിലയിൽ കണ്ടെത്തപ്പെടുന്ന റോബർട്ടച്ച... മരണത്തിന്റെ പല അടരുകൾ...

മരണശേഷം റോസിയെ അടക്കിയതിന്റെ അടുത്തുതന്നെ മറവുചെയ്യപ്പെട്ടാൽ ‘എല്ലാ കഥകളും അത് ഏറ്റവും നിസ്സാരമായിക്കോട്ടെ, നീചമായിക്കോട്ടെ അത് അവസാന നിമിഷത്തിലേക്ക് മാറ്റിവെക്കാതെ നന്നായിരിക്കുമ്പോഴേ പറയേണ്ടവരോട് പറഞ്ഞുവെച്ചേക്കണം റോസീ...’ എന്ന് റോസിയെ ഉപദേശിക്കണമെന്ന മേബിളിന്റെ ചിന്തയോടെയാണ് നോവൽ അവസാനിക്കുന്നത്.

നോവൽ: നനഞ്ഞ മണ്ണടരുകൾ
ജോണി മിറാൻഡ
പ്രസാധകർ : ഏക
വില: 175

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

നല്ല പരിചയപ്പെടുത്തൽ ...
ജോണി മിറാണ്ടയെ ഇതുവരെ വായിച്ചിട്ടില്ലായിരുന്നു .