Trending Books

Wednesday 23 January 2019

ഉടൽഭൌതികം - ഷിനിലാൽ



സിങ്കന്ത്രോപ്പസ് (Zinganthropus) മനുഷ്യർ പ്രാചീനശിലായുഗത്തിൽ ജീവിച്ചിരുന്നവരാണ്, അവിടെനിന്നും ജാവാമനുഷ്യരിലൂടെ, പെക്കിങ് മനുഷ്യരിലൂടെ ഇന്നുകാണുന്ന ഹോമോസാപിയൻസ് വരെയെത്തി നിൽക്കുന്നു മനുഷ്യരുടെ സഞ്ചാര/പരിണാമ പഥങ്ങൾ. യുഗങ്ങൾ നവീനശിലായുഗമെന്നും, വെങ്കലയുഗമെന്നും, ഇരുമ്പുയുഗമെന്നും പരിഷ്ക്കരിക്കപ്പെടുകയും മനുഷ്യർ അവന്റെ ആവാസവ്യവസ്ഥകളിൽ ക്രമാനുഗതമായ വളർച്ച രേഖപ്പെടുത്തുകയും ചെയ്തു.  നെടുമങ്ങാട് / മയിലാടും പാറ മേഖലകളിലൂടെ കേരളത്തിന്റേയും / ഇന്ത്യയുടേയും ജൈവ/ രാഷ്ടീയ / സാംസ്കാരിക / പ്രത്യയശാസ്ത്ര പരിണാമങ്ങളാണ് ഉടൽഭൌതികം എന്ന നോവൽ വിവരിക്കുന്നത്. യന്ത്രങ്ങൾ മനുഷ്യരെ സ്വതന്ത്രരാക്കിയപ്പോൾ ശിലാ / കാർഷിക യുഗങ്ങളിലെപ്പോലെ മനുഷ്യർക്ക് അവന്റെ ശരീരത്തെ കൂടുതൽ അദ്ധ്വാനിപ്പിക്കാതെ, തലച്ചോർ ഉപയോഗിച്ച് ജീവിക്കാമെന്നാവുകയും, ഉടൽ ഒരു വിനോദ / ആഘോഷ വസ്തുവാകുകയും ചെയ്തു. പല യുഗങ്ങളുടെ രീതിയിൽ ഡിസൈൻ ചെയ്ത കോട്ടേജുകൾ ഉള്ള ചന്ദീരാൻസ് വൈൽഡ് റിസോർട്ട് എന്ന  ച.വൈ.റി യിൽ നിന്നാണ് കഥ തുടങ്ങുന്നത്. പ്രാകൃത ജീവിതേച്ഛ ആധുനിക മനുഷ്യരിൽ എത്രത്തോളം അഭിനിവേശിച്ചിരിക്കുന്നുവെന്നും, അതിനെ പണമായി മാറ്റാനുള്ള ഉപായങ്ങളും നിറഞ്ഞ ച. വൈ. റി എന്ന പ്രതീകത്തിനേക്കാളും നല്ലൊരു തുടക്കം ഉടൽ ഭൌതികത്തിനില്ല.

ഇതുമാത്രമല്ല ഉടൽഭൌതികം. രാധിക എന്ന സ്വതന്ത്ര ദേഹമാണിതിന്റെ കാതൽ. അവൾക്ക്  ചുറ്റുമുള്ളതും /ഉണ്ടായിരുന്നതുമായ ഒരു ജൈവിക ലോകവും കാലക്രമേണ അവിടെയുണ്ടായ മാറ്റങ്ങളും കൂടിയാണ്. എസ് 317 എന്ന ആദ്യ സർക്കാർ ബസ്സ്, അരി പൊടിക്കുന്ന യന്ത്രത്തിന്റെ വരവ്, ലൈബ്രറിയുടെ, പരിഷിത്ത് പരവർത്തനത്തിന്റെ, പല രാഷ്ട്രീയ പാർട്ടികളുടെ ഉൽഭവവും, ഉയർച്ചയും താഴ്ച്ചയുമെല്ലാം കൂടിയാണ്. ഒരു ദേശത്തിന്റെ വളർച്ചയും തളർച്ചയുമാണ്. ജനശക്തിയുടെ സമാന്തരലോകം, പണശക്തിയുടെ അപ്രമാദിത്വം. ഇവയെല്ലാമാണ്.

കാക്കാരിശി നാടകത്തിന്റെ കരുത്ത്, കാണികൾ കളിക്കാരാകുന്ന വിരുത്.. അവയിലൂടെ ഒരു ഗ്രാമത്തിന്റെ തുടിപ്പ്. 

‘ഓരോ ജീവിയും ആവർത്തനമാണ്. ദ്രവമായി രൂപം കൊണ്ട്, ഖരമായി ഉറച്ച്, വാതകമായി വേർപിരിഞ്ഞ് അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു.’ രാധികയുടെ മാമൻ അംബരീഷിന്റെ വാക്കുകൾ. ദ്രവം, ഖരം, അഗ്നി എന്നു വിഭജിച്ചിരിക്കുന്ന ഉടൽഭൌതികവും ഇതുതന്നെ പറയുന്നു. രാധികയിലൂടെ, നോവലിസ്റ്റും കഥാപാത്രവുമായി മാറുന്ന ജീവനിലൂടെ, ഏഴുപേരുകൾ ചേർത്തുപിടിക്കുന്ന അബൂബക്കറിലൂടെ, വാപ്പേച്ചാരി ഹാഷിമിലൂടെ,  മണികണ്ഠൻ നായരിലൂടെ. അംബരീഷിലൂടെ, ചന്ദ്രികയിലൂടെ പ്രജിതയിലൂടെ, അമ്മുവമ്മയിലൂടെ, സുകുമാരനിലൂടെ, അനേകം പൂച്ചകളിലൂടെ, കോഴികളിലൂടെ... ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

ഉടലിന്റെ ശക്തിയും ദൌർബല്യവും രാധിക മറ്റാരേക്കാളും മനസ്സിലാക്കുന്നുണ്ട്. ഇരയാണെന്ന് മനസ്സിലാക്കാത്ത വേട്ടക്കാരനായ അജയിലൂടെ, ജ്ഞാനചൈതന്യ എന്ന ആത്മഹത്യ ചെയ്ത സ്വാമിയിലൂടെ, മറ്റനേകം ശരീരങ്ങളിലൂടെ അവളതറിയുന്നു. അവളതിൽ നിന്നെല്ലാം, എല്ലാ ചങ്ങലകളിൽ നിന്നും സ്വതന്ത്രയാവുന്നു. കളിക്കൂട്ടുകാരനായ ഹാഷിമിനെ മുൻ‌നിർത്തി സ്ഥലത്തെ എം.എൽ.എ, വികസനത്തിന്റെ പേരിൽ, ഭൂമിയുടെ ആണികളായ എല്ലാ പാറകളും തകർത്ത് പണമാക്കുന്നതിനെതിരെ സമരത്തിനൊരുങ്ങുമ്പോൾ രാധികയ്ക്ക് ജീവിക്കാൻ ഒരുകാരണവും കൂടി ലഭിക്കുന്നു. അവൾ കളിച്ചുവളർന്ന നാട്ടിലുണ്ടായ മാറ്റങ്ങൾ പതിനഞ്ച് വർഷങ്ങൾക്കുശേഷം അവിടെയെത്തുന്ന രാധികയ്ക്ക് പെട്ടെന്നു മനസ്സിലാവുന്നുണ്ടെങ്കിലും അവിടെ കഴിയുന്നവർക്ക് വികസനത്തിന്റെ സാധാരണമായ മാറ്റം മാത്രമായേ ഉൾക്കൊള്ളാനാവുന്നുള്ലൂ. അങ്ങനെയല്ല കാര്യങ്ങൾ എന്നു ജനങ്ങൾക്ക് മനസ്സിലായി വരുമ്പോൾ അവസാനത്തെ ആഗ്രഹം ബാക്കിവച്ച് രാധിക യാത്രയാകുന്നു. ‘ഓരോ ജീവിയും ആവർത്തനമാണ്. ദ്രവമായി രൂപം കൊണ്ട്, ഖരമായി ഉറച്ച്, വാതകമായി വേർപിരിഞ്ഞ് അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു.’ എന്ന അംബരീഷ വാക്കുകളിൽ ചേർന്ന് മറ്റൊരു നൂറ്റാണ്ടിൽ ജന്മാന്തരയോർമ്മകൾ ഉള്ളിൽപ്പേറുന്ന വ്യക്തിയായി പുനർജ്ജനിക്കുന്നു. 

കാരൂർസ്മാരക നോവൽ പുരസ്കാരം ലഭിച്ച കൃതിയാണ്. 

ഉടൽഭൌതികം :

പ്രസാധകൾ : എസ്പിസി‌എസ്

വില : 230 രൂപ

2 comments:

Cv Thankappan said...

നല്ല കുറിപ്പ്
ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

‘ഓരോ ജീവിയും ആവർത്തനമാണ്. ദ്രവമായി രൂപം കൊണ്ട്,
ഖരമായി ഉറച്ച്, വാതകമായി വേർപിരിഞ്ഞ് അത് ആവർത്തിച്ചുകൊണ്ടിരിക്കുന്നു.’