സ്വന്തം മരണത്തെക്കുറിച്ച് ഒരിക്കലെങ്കിലും ആലോചിച്ചിട്ടില്ലാത്തവരായി ആരുണ്ട്? എങ്കിലും അടുത്ത നിമിഷം തന്നെ ജീവിതം നമ്മെ അതിൽ നിന്നും വലിച്ചുപുറത്തിടും. പക്ഷേ, ഒ.എം. അബൂബക്കറിന്റെ മരണപുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ മരണമെന്ന ചിന്തയിൽ നിന്നും പുറത്തുകടക്കാൻ കുറേയധികം ദിവസങ്ങൾ വേണ്ടിവന്നു.
പുസ്തകം വായിക്കാനെടുത്ത ദിവസം തന്നെ ഒരു മരണമറിയിച്ചുകൊണ്ടുള്ള ഫോൺ കോൾ വന്നു. സുഹൃത്തിന്റെ പിതാവ് ഹൃദയാഘാതം മൂലം അന്തരിച്ചുവെന്നായിരുന്നുവത്. ആ ചിന്തയോടൊപ്പം പുസ്തകത്തിലെ പലവിധമായ മരണങ്ങളും കൂട്ടുചേർന്നു.
അഷ്‌റഫ് എന്ന മരണങ്ങളുടെ സുഹൃത്തിന്റെ കൂടെ കുറേയേറേ മണിക്കൂറുകൾ. അദ്ദേഹത്തിനെ ആദരിക്കുന്ന, പരിചയപ്പെടുത്തുന്ന പരിപാടികൾ മുൻപ് കണ്ടിരുന്നെങ്കിലും ആ വ്യക്തിയെ മനസ്സിലാക്കിത്തരുന്ന ഒന്നായി മരണപുസ്തകം. കൂടെ പല ജീവനുകളേയും, തീർച്ചയായും മരണങ്ങളേയും. മകന്റെ കുഴിമാടം സന്ദർശിക്കാൻ മാത്രമായി വന്ന മാതാവ്, അവൻ അയച്ചുകൊടുത്ത പണത്തിൽ നിന്നും അവസാനത്തെ നൂറുരൂപ കുഴിമാടത്തിൽ മൂടിയിട്ടുപോകുന്ന ഉമ്മ, പണത്തിന് പലിശയായി കുടുംബത്തിന്റെ പാസ്പോർട്ട് വാങ്ങിവച്ച് തിരിച്ചുകൊടുക്കാതെ അവരെ മുഴുവനും ആത്മഹത്യയിലേക്ക് തള്ളിയിട്ട വ്യക്തി, അയാളുടെ മരിച്ചുപോയ പതിനാലു വയസ്സുകാരനായ മകൻ.. നീതിയുടെ ആത്മീയമായ ഇടപെടലുകൾ, അബദ്ധവശാൽ സുഹൃത്തിനെ കൊല്ലുന്ന ബംഗാളി, ക്ലീനറുടെ അശ്രദ്ധയാൽ ട്രക്കിന്റെ അടിയിൽ പെട്ടുമരിച്ച പാകിസ്താനി. അങ്ങനെ എണ്ണിയാലൊടുങ്ങാത്ത മരണങ്ങൾ നിറഞ്ഞ പുസ്തകം, കെമിക്കലിന്റെ മണമുള്ള പെട്ടികൾ നിറഞ്ഞ പുസ്തകം, അനേകം പോസ്റ്റുമോർട്ടങ്ങൾ ചെയ്ത ഡോക്ടറുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യപ്പെടുന്ന പുസ്തകം... അഷ്‌റഫ് എന്ന മനുഷ്യനെക്കുറിച്ചുള്ള പുസ്തകം.. ഒ.എം. അബൂബക്കറിന്റെ മരണപുസ്തകം..
2 comments:
പുസ്തകാവലോകനം നന്നായി
ആശംസകൾ
അനേകം പോസ്റ്റുമോർട്ടങ്ങൾ ചെയ്ത ഡോക്ടറുടെ
മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യപ്പെടുന്ന പുസ്തകം...
Post a Comment