Trending Books

Wednesday 23 January 2019

പെൺകുരിശ് - സോണിയ റഫീഖ്


നീ കലാപൂർണ്ണിമ ഓണപ്പതിപ്പ് കണ്ടിരുന്നോ? 2015ലെ ഓണക്കാലത്ത് ശിഹാബിക്ക (ശിഹാബുദ്ധീൻ പൊയ്ത്തുംകടവ്)  ചോദിച്ചതാണിത്. അതിൽ സോണി റഫീഖിന്റെ കഥയുണ്ട്  നീ വായിക്കണം, നല്ല കഥയാണ്. സോണി റഫീഖിനെ ഫേസ്ബുക്കിൽ തിരഞ്ഞാണ് സോണിയ റഫീഖെന്ന കഥാകൃത്തിനെപ്പറ്റി അറിയുന്നത്. ഉടൻ തന്നെ  ഫ്രണ്ട് റിക്വസ്റ്റ് അയക്കുകയും അതു സ്വീകരിക്കപ്പെടുകയും ചെയ്തതോടെ ഞങ്ങൾ തമ്മിലുള്ള ചങ്ങാത്തം തുടങ്ങുകയായി. അതോടെ ആനുകാലികങ്ങളിൽ വരുന്ന കഥകൾ മെയിലുകളായി എന്റെ വായനയ്ക്ക് അയച്ചുതരാനുള്ള സൌമനസ്യം സോണിയ കാണിച്ചു.

സോണിയയുടെ കഥകളിൽ ആദ്യം വായിച്ചത് കലാപൂർണ്ണിമയിൽ വന്ന പെൺകുരിശാണ്. ആ കഥയുടെ പേരിൽത്തന്നെയാണ്  പത്തുകഥകളുടെ സമാഹാരം ഇപ്പോൾ ഇറങ്ങിയിരിക്കുന്നത്. 

പ്രകൃതിയുടെ നിറങ്ങളിൽ മുക്കി തൃക്കണ്ണിൽ പുരുഷനെ ആവാഹിച്ച നാലുസ്ത്രീകളാലൊരുക്കപ്പെട്ട ഖബറിസ്ഥാനിലെ പെൺകുരിശും  അവരെ ചേർത്തുവയ്ക്കാനുള്ള പട്ടുനൂലിന്റെ ചന്ദന നിറം തന്നിൽ നിന്നും നൽകിയ നിത്യപ്രണയിനിയും. സ്വന്തം അഭിപ്രായങ്ങളോടൊത്ത് സ്വയം നടന്നുപോയ നാലുപേർ, ഫ്രീഡ കാഹ്ലോയെന്ന മെക്സിക്കൻ പെയിന്റർ (1907 - 1954), ഏഞ്ചല ഇസഡോറ ഡങ്കനെന്ന (1877 - 1927 ) അമേരിക്കൻ നർത്തകി, ജോർജ്ജിയ ഓകീഫെന്ന അമേരിക്കൻ ചിത്രകാരി (1887 - 1986), ഫ്രഞ്ച് നോവലിസ്റ്റും, നാടകകൃത്തുമായ മാർഗരറ്റ് ഡ്യൂറാസ് ( 1914 - 1996)  മരണാനന്തരം ‘ഹിന്ദുവായ് ജനിച്ച് ഇസ്ലാമായി മരിച്ച സാഹിത്യകാരി‘യുടെ കബറിടത്തിൽ ഒത്തുചേർന്ന് മരിച്ചവൾക്കായി തീർത്ത സ്മാരകം, ഫ്രീഡ വരച്ച പെൺകുരിശിൽ ഒന്നായിച്ചേർന്നവർ. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിലും  കലാ സാഹിത്യ  മേഖലയിൽ സ്ത്രീകൾക്ക് നേരിടേണ്ടിവന്ന പലതരത്തിലുള്ള പ്രയാസങ്ങളിൽ നിന്നും സ്വയം മുകതരായവർ. അവരോടൊപ്പം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയും (കഥയിൽ പേരുപറയുന്നില്ല). വർഷങ്ങൾക്കുശേഷം ബലിതർപ്പണത്തിനിടയിൽ നിറം മങ്ങാത്ത ആ ചിത്രം കടലിൽ നിന്നും കിട്ടിയതിനുശേഷം സൂക്ഷിച്ച് ആർട്ട് ഗ്യാലറിയിൽ ദിവസവുമുണ്ടാകുന്ന അൽഭുതങ്ങൾ അവരുടെ സ്വാതന്ത്ര്യത്തെ, ഇച്ഛകളെ, സ്നേഹത്തെ, പ്രതിരോധത്തെ  തെളിയിച്ചുകാട്ടുന്നു. 

പലയിടത്തുനിന്നുമുള്ള ഇവരെ കമലാ സുരയ്യയായ മാധവിക്കുട്ടിയോട് ഒന്നായിച്ചേർത്തുകൊണ്ട് സോണിയ നിർമ്മിച്ച പെൺകുരിശ് ഈ കഥാ സമാഹരത്തിലെ മികച്ച കഥകളിലൊന്നാണ്. 

ഗൾഫിൽ ജോലി ചെയ്യുന്ന കാലത്ത് ക്ലീനിങ്ങ് ജോലികൾ ചെയ്യുന്ന ധാരാളം ബം‌ഗാളികളെ കണ്ടിട്ടുണ്ട്. പൂച്ചകളെപ്പോലെ അവർ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ സ്വന്തമെന്നപോലൊരു സ്വാതന്ത്ര്യം കൊണ്ടുനടക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അവധിക്ക് പോകുന്ന സമയത്ത് മറ്റൊരു ബം‌ഗാളിയെ പണിയേൽപ്പിക്കുമ്പോൾ അതുവ്യക്തമായിക്കാണാം. പരിചയപ്പെടുത്താൻ കൊണ്ടുവരുന്ന ദിവസം പകരം കൊണ്ടുവന്നവനോട് അങ്ങനെ ചെയ്യരുത്, ഇതങ്ങനെ ചെയ്യണം എന്നൊക്കെ വളരെ അധികാരത്തോടെ സംസാരിക്കും. സക്കർഫിഷിലെ ഖലീൽ അതുപോലുള്ളൊരു വ്യക്തിയാണ്. അവന്റെ ക്ലീനിങ്ങ് ചുമതലയിലുണ്ടായിരുന്ന വീടിന്റെ ഉടമസ്ഥൻ നാട്ടിൽപ്പോയി വന്നസമയം കൊണ്ട് വീടുതന്നെ സ്വന്തമായിക്കാണുന്ന ഖലീലിന്  ആ മനോഭാവത്തിൽനിന്നും പുറത്തുവരാനാവാതെ വീട്ടുകാരോടും അവന്റെയെന്നുള്ള അധികാര മനോഭാവം കാണിക്കുന്നതും അവർ അറിയാതെ അതിനോട് പൊരുത്തപ്പെട്ടുപോകുന്നതുമായ സക്കർഫിഷ്. സക്കർ ഫിഷെന്ന അക്വേറിയം വൃത്തിയാക്കുന്ന മത്സ്യവുമായുള്ള ഉപമയിൽ കഥയ്ക്ക് മറ്റൊരു മാനം കൈവരുന്നു.

നിക്കോളാ ടെസ്ലയിലൂടെ പരിചയപ്പെടുന്ന റിട്ടയേഡ് മെയിൽ നഴ്സായ സേതുരാമനും മൂകയും, നർത്തകിയുമായ കമലുന്നിസയുമായുള്ള അടുപ്പത്തിന്റെ കഥയാണ് വൈ ഫൈ. 

ധ്യാനം 180 ഡിഗ്രി പ്രാപിക്കുമ്പോൾ എന്ന കഥ നെയ്യാൻ സോണിയയുടെ കാർഷിക സർവ്വകലാശാലയിലെ പഠനം വളരെയേറെ സഹായിച്ചിട്ടുണ്ട്. അനുപ അനില എന്നീ രണ്ടു സഹോദരികളുടെ ആത്മബന്ധം പ്യൂപ്പയിൽ നിന്നും ചിത്രശലഭത്തിലേക്കുള്ള വിചിത്ര പാതയിലൂടെ പറയുന്നു. 

1970നും 1985നും ഇടയിൽ ജനിച്ച സാമ്പത്തിക കുടിയേറ്റക്കാരായ മലയാളികളിൽ ഭൂരിഭാഗത്തിനും ബാല്യകാലത്തിനെക്കുറിച്ചുള്ള ഓർമ്മയിൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളും, അതിലുള്ള കളികളും, ഓണവും തുമ്പിതുള്ളലും മഴയും, സ്കൂൾവിട്ട് കൂട്ടുകാരോടൊത്ത് കളിച്ചുകളിച്ച് വീടെത്തുന്നതുമെല്ലാം ഗൃഹതുരമായ ഓർമ്മകളാണ്. എന്നാൽ ഇപ്പോഴും വിദേശങ്ങളിൽ കഴിയുന്ന അവരുടെ മക്കൾക്ക് അവധിക്ക് ചിലപ്പോൾ മാത്രം കിട്ടിയേക്കാവുന്ന അവസരമാണവ. മിക്കവരും താമസിക്കുന്നത് ഫ്ലാറ്റുകളിലോ മറ്റോ ആവും, രാവിലെ സ്കൂളിൽ പോകുന്നതുമുതൽ തിരികെവരുന്നതുവരെയെല്ലാം മുൻ‌നിശ്ചയിച്ചപ്രകാരമാണ്. മാതാപിതാക്കൾ ജോലിക്കാരാകുമ്പോൾ അവരുടെ ഒഴിവുസമയത്തെ കൂട്ടുകാർ വീഡിയോ ഗെയിമുകളും മൊബൈൽഫോണുകളുമായി മാറുന്നു. അത്തരത്തിലെ ഒരു കുട്ടിയുടെ കഥയാണ് കളിജീവനം. സ്റ്റീവും ബോബ് 72ഉം ചേർന്നു കളിക്കുന്ന മൈൻ‌ക്രാഫ്റ്റെന്ന വീഡിയോ ഗെയ്മിലെ അതിജീവനം. 

ധ്യാനം 180 ഡിഗ്രിയും, കളിജീവനവും ഒരുതരത്തിൽ ഹെർബേറിയം എന്ന നോവലിന്റെ അടിത്തറയാനെന്നുപറയാം. നോവലിനെക്കുറിച്ച് ധാരാളമാളുകൾ വളരെനന്നായി പറഞ്ഞിട്ടുള്ളതിനാൽ ഞാൻ മിണ്ടാതിരിക്കുന്നു.

പെൺകുരിശ്:
മാതൃഭൂമി ബുക്സ്:
 ₹ 100

ഹെർബേറിയം:
ഡിസി ബുക്സ്:
 ₹ 210


1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ധ്യാനം 180 ഡിഗ്രിയും, കളിജീവനവും ഒരുതരത്തിൽ
ഹെർബേറിയം എന്ന നോവലിന്റെ അടിത്തറയാനെന്നുപറയാം.