Trending Books

Friday, 30 November 2012

വേർതിരിവിന്റെ വര !









അത്താഴ ശേഷം വലുതായ 
വേർതിരിവിന്റെ വര !
അത്താഴ ശേഷം 
ഒറ്റയായൊരുവൻ,
ഒറ്റുകാരനായ മറ്റൊരുവൻ. 
ഉയിർത്തെഴുനേൽപ്പിന്റെ മായാജാലത്തിൽ 
കോടികൾ കൂടിയപ്പോൾ 
ഒറ്റുകാരൻ തൂങ്ങിയ മരക്കൊമ്പിൻ താഴെ, 
പുഴക്കടിയിൽ തിളങ്ങുന്ന
നാണയ വെട്ടം മാത്രം !

Friday, 28 September 2012

അപ്പൻ



അപ്പനൊന്നു കെട്ടിപ്പിടിച്ചിട്ട്
ഉമ്മ തന്നിട്ട് എത്രനാളായ് ?
ഞങ്ങള്‍ അമിതാഭ് ബച്ചനും,
അഭിഷേക് ബച്ചനുമായിരുന്നെങ്കില്‍
സിനിമയിലെങ്കിലും 
കെട്ടിപ്പിടിച്ചേനെ, ഉമ്മതന്നേനെ. 

Saturday, 22 September 2012

ബാന്റെയ്ഡ്



പ്രണയം ഒരു മുറിവെങ്കിൽ
അതു മൂടുന്ന ബാന്റെയ്ഡാണു നീ.. 
അതുകൊണ്ട് തന്നെയാവും 
മുറിവുണങ്ങി വടുവായാലും 
ഇളക്കി മാറ്റുമ്പോൾ 
പിന്നെയും വേദനിക്കുന്നത്....

Saturday, 2 June 2012

നൂൽപ്പാലം


             








ആത്മഹത്യ ചെയ്യാൻ തുടങ്ങുമ്പൊഴേക്കും 

മരിയ്ക്കില്ലായിരിക്കും എന്നൊരു 
പ്രതീക്ഷയുടെ നൂൽപ്പാലം പൊങ്ങാറുണ്ട്..

കാലുവെയ്ക്കുന്ന സ്റ്റൂളു തെന്നി, 
തെളിഞ്ഞു തടിച്ച ഞരമ്പുകമ്പിയിൽ  
മിന്നലുപോലെ പാഞ്ഞൊരു 
ബ്ളെയ്ഡിന്റെ മൂർച്ചയിൽ,  
ഒരു ശ്വാസകോശ ബലൂൺ പൊട്ടി 
കുമിള നുരയുന്നൊരു പുഴയിൽ  
അവരറിയാതെതന്നെ പാലം തകരാറുണ്ട്..

ജീവനോടെയും അല്ലാതെയും 
ഞങ്ങളിലൊരുപാടു പേരങ്ങനെ മരിച്ചിട്ടുണ്ട്..

Friday, 20 April 2012

വീടുമാറൽ








ഓരോരോ വീടുമാറലും 
ഓരോ ഉപേക്ഷിക്കലാണ്;  
ആത്മാവ് പകുത്ത് നൽകിയ
എന്റെ മേശ, കസേര  
എന്റെ മുറി 
പുകയും ചിന്തയും നിറഞ്ഞ കക്കൂസ്  
മസാല പുരണ്ടയടുക്കള ...

കാണാതെ പോയ   പലതും 
കണ്ടെടുക്കലാണു വീടുമാറൽ ;
പഴയ കാൽക്കുലേറ്റർ, 
കുഞ്ഞിന്റെ ഷൂസിലൊന്ന്,
പുട്ടുകുറ്റിയുടെ ചില്ല്...
കട്ടിലിനടിയിൽ നിന്നും  
അടുക്കളയലമാരിയിൽ നിന്നുമൊക്കെ 
ഞാനിവിടുണ്ടേ ഞാനിവിടുണ്ടേയെന്നു 
തല പുറത്തുകാട്ടും
ഓരോരോ വീടുമാറലും
ഓരോ ഒഴിവാക്കലാണ് ,
അനിവാര്യമായ മറക്കലാണ് ;
വലുതായ കുഞ്ഞിന്റെ 
ചെറുതായ കളിപ്പാട്ടങ്ങൾ,
വലുതാകാത്ത   ഉടുപ്പുകൾ, 
പഴയ പത്രമാസികകൾ,
പൊട്ടിയ കുപ്പികൾ,
കുപ്പിവളപ്പൊട്ടുകൾ,
വീട്ടുമുറ്റത്തെ കിളിക്കുഞ്ഞുങ്ങൾ..
അയല്പക്കത്തെ സുന്ദരി പൂച്ച..

ദുർമ്മേദസ്സൊഴിഞ്ഞു സുന്ദരിയായ്  
പുതിയയാത്മാക്കളെ കാത്തിരിക്കുന്നുണ്ട്
പിന്നെയുമാ പഴയ വീടുകൾ....


Thursday, 19 April 2012

ഓർമ്മയിലെ ഒറ്റമരം











ഓർമ്മയിലെ ഒറ്റമരം നീ..
നീല നദിക്കരികെ 
ചുവന്ന പാറമേൽ ഒറ്റയ്ക്ക് ;
കാരമുള്ളാൽ നിന്നുടൽ ഭോഗിച്ച
കിഴവൻ വള്ളിയൊരു
കോടാലിക്കരുത്തിലറ്റനാൾമുതൽ
ചുറ്റിപ്പിണയുവാൻ,
കുത്തിനോവിക്കുവാൻ ഭയത്തിൻ 
കിനാവള്ളികളേതുമില്ലാതെയൊറ്റ നീ

സ്വാദ സ്വാതന്ത്ര്യം...

ഏകാന്തതയുടെ കൂർത്ത മൌനം 
പോറിച്ച തൊലിയുമായ് ,
കൊടും തണുപ്പിൽ 
ഇപ്പോഴും പച്ചയായ് ...
വെയിലുടുത്തു വളർന്ന നിന്നെ
പൊള്ളിക്കാനേതു തണുപ്പിനാവും ?
ഓർമ്മയിലെ ഒറ്റമരം നീ..
എന്നോർമ്മയിലെ പച്ചമരം നീ..