Trending Books

Tuesday, 14 February 2017

കാണാതായവർ

കാണാതായവർ

നജീബേ, നിന്റെ പേരുള്ളൊരാളെ
കാണാതായിരിക്കുന്നു,
വർഗ്ഗീസേ, നിന്റെ പേരിലും,
രാജാ, നിന്റെ പേരിലുമുണ്ട്
കാണാതെ പോയവർ

അവർ മതസൌഹാർദ്ദ
സമ്മേളനത്തിനായി
ഗോവയിൽപ്പോയി
ഊരുചുറ്റുകയാണെന്ന് മന്ത്രി

ശരിയാണ്, ശരിയാണ്
അർദ്ധനഗ്നമായ വിദേശ
സൌന്ദര്യത്തോടൊപ്പം, ഫെനിയും മോന്തി
ഡോളർ ചുരുട്ടി, ചരസ്സ് വലിച്ചുകേറ്റി
കോൾവാ ബീച്ചിൽ ചാരിക്കിടക്കുന്നത്
കണ്ടെന്നൊരു റിപ്പോർട്ടർ..

നജീവിനെ ഇപ്പോഴാ സാറേ കാ....

പ്ഫാ പന്നപ്പരട്ടത്തള്ളേ ...
നിനക്കുമാത്രമേയുള്ളല്ലോ പരാതിയെന്നൊരു
പോലീസ് ബൂട്ട്സ് അടിവയറിന്റെ അളവെടുക്കുമ്പോൾ
എന്റെ കുഞ്ഞെവിടെ, എന്റെ കുഞ്ഞെവിടേ-
യെന്നാ ഗർഭപാത്രം കരയുന്നു

ദേ, ഇതിവിടം കൊണ്ടു തീർന്നു,
അവിടെയാ പ്രിൻസിപ്പൽ 
പൊരിച്ചെടുക്കുന്നെടാ ഉവ്വേ,
നമ്മുക്കങ്ങോട്ട് ചലിക്കാമെന്ന്
വാർത്താച്ചാനൽ കുടമടക്കുന്നു...

Thursday, 3 November 2016

അഹം ബ്രഹ്മാസ്മി











അഹം ബ്രഹ്മാസ്മി
നാടിന് വേണ്ടി ചെയ്തതാണെന്ന്
തോന്നിപ്പിക്കുന്ന രീതിയിൽ
ഒരാൾ പെട്ടെന്ന് കൊല്ലപ്പെട്ടേക്കാം

വെളുപ്പിന് നടക്കാനിറങ്ങിയ
താടിവെച്ചൊരാൾ,
പുറത്തെ കയറുകട്ടിലിൽ
ഉറങ്ങിക്കിടന്നൊരാൾ,
അയാളുടെ ഗർഭിണിയായ ഭാര്യ,
വട്ടത്തൊപ്പിവെച്ച്
ജയിൽ ചാടിയ ഒരാൾ,
അമ്പലത്തിലെ പൂജാരി,
ദരിദ്രർക്കിടയിലൂടെ ദൈവത്തെ
അനുനയിച്ചൊരു സഞ്ചാരി
മരങ്ങൾക്കിടയിലൂടെ ലോകത്തെ
നോക്കിയ ഒരാദിവാസി ബാലൻ,
ആരെങ്കിലുമൊരാൾ പെട്ടെന്ന്
കൊല്ലപ്പെട്ടേക്കാം

ആ ശവത്തിൽ
നാവില്ലാത്തൊരു തോക്ക് ചാരിവച്ച്
സംസാരങ്ങളെ ഇഴ പിരിച്ചെടുക്കാം
അതിലൂടെത്തന്നെ
വെടിമരുന്നിന്റെ മണമുള്ള
ജനാധിപത്യമെന്ന
ശ്വാസം വലിച്ചെടുക്കാം











Wednesday, 3 August 2016

ആ‍രാണ്?













ആ‍രാണ്?

നിന്നെയെന്നപോൽ
കെട്ടിപ്പിടിച്ച തലയിണയുടെ
ചൂടോർമ്മകളിൽ നിന്നും
ഏകാന്തതയുടെ പകലിലേക്ക് 
കണ്തുറന്നപ്പോൾ, 
പുറത്ത് മഴയായി
തൊട്ടുതലോടുന്നു, തണുപ്പിക്കുന്നു.

ഇരവുപകലുകളിൽ
തലയിണയായും, മഴയായും
പരകായം ചെയ്യുന്ന
നീയെന്റെ ആ‍രാണ്?

ആരായിരുന്നാലും,
മരിച്ചു പോവുകയോ
നിന്നെയിട്ടേച്ചു പോവുകയോ
ചെയ്യാത്ത എന്നെയുപേക്ഷിച്ച്
എങ്ങു പോകുന്നു നീ?


Monday, 11 July 2016

വരികൾക്കിടയിൽ


വരികൾക്കിടയിലൂടെ എത്ര വേണമെങ്കിലും
വായിച്ചു പോകുന്നവളേ
വിളിക്കരുത് വിളിക്കരുത്
എന്ന വാക്കുകൾക്കിടയിൽ
വിളിച്ചാൽ സംസാരിക്കുമെന്ന്
നീ അറിയാതെ പോയതുകൊണ്ടുമാത്രം
നമ്മുക്കിടയിലെ വാക്കുകളുടെ കാടുണങ്ങി
മൌനത്തിന്റെ മരുഭൂമി വളർന്നിരിക്കുന്നു
ചുട്ടുപൊള്ളുന്നു,
എന്നെങ്കിലും എവിടെയെങ്കിലും
നിന്നിലേക്കുതന്നെ പെയ്യുമെന്ന്
അത്രമേൽ സ്നേഹിച്ചുകൊണ്ട്
നീരാവിയായ് തീർന്നുപോകുന്നു


Saturday, 25 June 2016

പൊനോൻ ഗോംബെ, എന്റെ ആദ്യ നോവൽ


എന്റെ ആദ്യ നോവലാണ് പൊനോൻ ഗോംബെ, പേര് വായിച്ച് കണ്ണുതള്ളണ്ട, എന്താണെന്ന് നോവലിന്റെ ആദ്യ അധ്യായത്തിൽ തന്നെയുണ്ട്. അധിനിവേശത്തിന്റെ കഥയാണ്, അധിനിവേശം രാജ്യങ്ങളിലേക്ക് മാത്രമല്ല അവനനവനിലേക്കുമുണ്ട്, സ്വാഭാവിക പ്രക്രിയയാണെന്ന് കരുതി എല്ലാ‍വരും ഒഴിവാക്കുകയാണ് പതിവ്.. അങ്ങനെയല്ല അത്. നമ്മൾ കരുതിയിരിക്കേണ്ടതുണ്ട്.

അപ്പോൾ നോവൽ അടുത്താഴ്ച മുതൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ തുടങ്ങുന്നു. ചിത്രീകരണം ഷാഫി സ്ട്രോക്സ്: എല്ലാവരും വാങ്ങിവായിക്കണം. അഭിപ്രായങ്ങൾ പറയണം. കാത്തിരിക്കുന്നു.

40 തികയും മുൻപേ ഒരു നോവലെങ്കിലും നീ എഴുതണമെന്ന് നിർബന്ധിച്ച എന്റെ പ്രിയപ്പെട്ട സുഹൃത്തിന് ഇതു സമർപ്പിക്കുന്നു. നീയിത് വായിക്കുമോയെന്നറിയില്ലെങ്കിലും.

Wednesday, 1 June 2016

വിലാസം









സ്വന്തമെന്ന് പറയാൻ ഒരുപാട് വിലാസങ്ങൾ മാത്രമുണ്ടായിരുന്ന പ്രവാസിയായിരുന്നു
നീ അയച്ചുകൊണ്ടിരുന്ന വിരഹത്തിന്റെ, ജീവിതത്തിന്റെ, പണയത്തിന്റെ, ഇടയ്ക്കിടെയുള്ള പ്രണയത്തിന്റെ കുട്ടികളുടെ, ചെടികളുടെ വളർച്ചയുടെ മരണത്തിന്റെ, മനസ്സാക്ഷിയുടെ സ്നേഹക്കുറിപ്പുകളെല്ലാം എന്നെയന്വേഷിച്ച് അവിടെയെല്ലാം അലഞ്ഞ് മടുത്തപ്പോഴാണ് ഇനിയൊരിക്കലും മാറുവാനിടയില്ലാത്തൊരു മേൽ‌വിലാസത്തിലേക്ക് വന്നെത്തിയത്
എന്നോടൊപ്പം അക്ഷരങ്ങളും മണ്ണുതിന്നു തുടങ്ങിയത്