Trending Books

Wednesday, 1 June 2016

വിലാസം









സ്വന്തമെന്ന് പറയാൻ ഒരുപാട് വിലാസങ്ങൾ മാത്രമുണ്ടായിരുന്ന പ്രവാസിയായിരുന്നു
നീ അയച്ചുകൊണ്ടിരുന്ന വിരഹത്തിന്റെ, ജീവിതത്തിന്റെ, പണയത്തിന്റെ, ഇടയ്ക്കിടെയുള്ള പ്രണയത്തിന്റെ കുട്ടികളുടെ, ചെടികളുടെ വളർച്ചയുടെ മരണത്തിന്റെ, മനസ്സാക്ഷിയുടെ സ്നേഹക്കുറിപ്പുകളെല്ലാം എന്നെയന്വേഷിച്ച് അവിടെയെല്ലാം അലഞ്ഞ് മടുത്തപ്പോഴാണ് ഇനിയൊരിക്കലും മാറുവാനിടയില്ലാത്തൊരു മേൽ‌വിലാസത്തിലേക്ക് വന്നെത്തിയത്
എന്നോടൊപ്പം അക്ഷരങ്ങളും മണ്ണുതിന്നു തുടങ്ങിയത്

Thursday, 12 May 2016

ചാറ്റ്











                



ചാറ്റ്
പേരുമായ്ച്ചുകളഞ്ഞ് അടച്ചുവച്ച
നിന്റെ ചാറ്റ്ബോക്സിൽ നിന്നൊരു
മയിൽപ്പീലി പുറത്തേക്ക്
ഒളികണ്ണിട്ട് നോക്കുന്നു
മേഘങ്ങളോ, ചന്ദ്രനോ
ഒഴുകുന്നതെന്ന ആശ്ചര്യത്തിൽ
നക്ഷത്രങ്ങളുടെ കണക്കെടുക്കുന്നു,
പൊടുന്നനെ കാലം മാറ്റുന്നു
വസന്തം, വേനൽ, ശിശിരം, മഞ്ഞ്
എന്നിങ്ങനെ പെട്ടികുമിയുന്നു;
തണുപ്പിന്റെ കനത്ത ഇടിയേറ്റ്
ശരീരം മുഴുവൻ നീരു വയ്ക്കുമ്പോഴും
ദേഹം മുഴുവൻ മുലകളുള്ള ,
ഗ്രീക്ക് പുരാണത്തിലെ
വിചിത്രജീവിയെയോർത്ത്
നീ സങ്കടപ്പെടുന്നു,
ബോറടിക്കുമ്പൊഴൊക്കെയും
തമ്മിൽത്തമ്മിൽ വഴക്കിട്ട്
ഭാഷയിലെ ചില വാക്കുകളെ
തെറ്റിത്തെറുപ്പിച്ച്, ചിലതിനെ ചേർത്തുവച്ച്
പുതിയ തെറികളുണ്ടക്കി
ബട്ടൻസ് പറിയാ, കുയിൽപ്പുള്ളി മോറാ
എന്നൊക്കെ പൊട്ടിച്ചിരിക്കുന്നു
ചില പഴഞ്ചൊല്ലുകളെ മറിച്ചു ചൊല്ലി
ആഭാസമാക്കുന്നു
നാളെ നേരം വെളുക്കുമ്പോൾ മുതൽ
അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ച,
അതുമല്ലെങ്കിൽ ക്രിസ്തുമസ് കഴിഞ്ഞ്,
പുതുവർഷാരംഭം മുതൽക്ക്
നന്നാകാമെന്ന് പറഞ്ഞ്
അതിലേക്കുള്ള കണക്കെടുക്കുന്നു
അല്ലേലിപ്പോൾ നന്നായിട്ടെന്തിന്
നമ്മുക്കിതുപോലെ അലമ്പാകാമെന്ന്
ബോധം തെളിയുമ്പോൾ,
ശുഭരാത്രി നേർന്ന്
ഒരുപുസ്തകം പോലെ
നീയെന്നെ അടച്ചു വയ്ക്കും
മയിൽപ്പീലികളും മൂങ്ങകളും കണ്ണടയ്ക്കും
ഞാനുറങ്ങിപ്പോകുന്ന പഴുതിൽ
നീ പിന്നെയും പേരുമായ്ച്ചിട്ട്
കുളത്തിൽ കല്ലിട്ടപോലെ മുങ്ങിക്കളയും

Wednesday, 27 April 2016

ചോളപ്പൊരി














ചോളപ്പൊരി

ചോളപ്പൊരിയും സിനിമയും പോലെ
നമ്മൾ പരസ്പര പൂരകം
അതുകൊണ്ടല്ലേ ആ ഇരുട്ടിലും
ഇത്ര കൃത്യമായ് നീയിങ്ങനെ
കൈകളിലേക്ക് ഓടിക്കയറി
എന്നിലലിഞ്ഞു തീരുന്നത്
അല്ലെങ്കിൽ
അവസാനത്തെ ചോളവും
സിനിമയും എങ്ങനെയാണ്
ഒരുമിച്ച് തീരുന്നത്?

വെളിച്ചം വരുന്നതുവരെ
കൊട്ടക മറ്റൊരു ലോകമാണ്,
അതുകൊണ്ടാണ്,
ആദ്യത്തെ വിളക്ക് തെളിയുന്നതിനോടൊപ്പം
സിനിമ ടിക്കറ്റും, പൊരിപ്പൊതിയും പോലെ
നമ്മൾ എവിടെയോ ചെന്നടിയുന്നത്
പരസ്പരം അറിയാതെ പോകുന്നത്.

Sunday, 15 November 2015

മഞ്ഞുകാലം

















ചതുര ജനാലയിൽക്കൂടി
നോക്കിനോക്കിയിരിക്കെ
മഞ്ഞുകാലം കടന്നുവരുന്നു
മരങ്ങൾ തണുത്തുവിറയ്ക്കുന്നു,
അവയെയാരും പുതപ്പിക്കുന്നില്ല;
കുതിരകളും, കഴുതകളും, പശുക്കളും
പുതപ്പിനടിയിലും തണുത്തുതണുത്ത്
മഞ്ഞുമേഞ്ഞു നടക്കുന്നു

രൂപമില്ലാത്ത മനസ്സിൽക്കൂടി നോക്കുമ്പോൾ
ദൂരെദൂരെ കണ്ണെത്താത്തിടത്ത്
നീ കരയുകയാണ്,
ഞാനെങ്ങനെയറിഞ്ഞെന്നാവും?
ആ കണ്ണുനീരൊഴുകുന്നത്
എന്റെ കണ്ണുകളിലൂടെയാണ്
ഉപ്പുചുവയുള്ളതുകൊണ്ടാണ്
കട്ടിയാകാൻ താമസിക്കുന്നത്
അല്പം വൈകിയാലും
അതും തണുത്തുറയുകയും
നീ മറക്കുകയും ചെയ്യും
ഇത് മഞ്ഞുകാലമാണ്...മഞ്ഞുകാലമാണ്...

മൌനഭേരി














വരച്ചുതീരും മുന്നേ
പറന്നുപോയ കിളിയേപ്പോലെ
വർത്തമാനങ്ങൾക്കിടയിൽ
മൌനം കുടിയേറുന്നു

ഇടയിൽ കൊഴിഞ്ഞുവീണ തൂവലുകൾ
ബാക്കിയാവുന്ന വാക്കുകൾ,
ഓർമ്മകളെന്ന് പേരിട്ടെടുത്തുവച്ചത്

പറന്നുപോകാതിരിക്കാൻ
മാനം കാട്ടാതെ
ഇടയ്ക്കിടെ പുറത്തെടുത്തോമനിക്കുന്നു

അപ്പോൾ, അപ്പോൾ മാത്രം
കേൾക്കുന്നൊരു ചിറകടിയൊച്ചയിൽ
മൌനം ഒച്ചവച്ച് പറന്നുപോകുന്നു

വാക്കുകൾ, ജീവിതങ്ങൾ












കുഞ്ഞുങ്ങളെന്നും, നായ്ക്കളെന്നും 
മനുഷ്യരെന്നും, ദളിതരെന്നും 
പശുക്കളെന്നും, ദൈവമെന്നും 
ഒരേസമയം പലയർത്ഥങ്ങളിൽ 
മുങ്ങിനിവരുന്ന, നിഘണ്ടുക്കളിൽ 
നിന്ന്  അപ്രത്യക്ഷമായ വാക്കുകൾ 

പാർശ്വ, സാമാന്യവൽക്കരിക്കപ്പെട്ട,
ചിലരെങ്കിലും ജീവിതമെന്ന് 
വിളിക്കുന്ന വെറും വാക്കുകൾ 
നിങ്ങളിൽനിന്ന്  നിങ്ങളിലേക്ക് 
കൊണ്ടുകയറി കുത്തിനോവിക്കും