Trending Books

Tuesday, 11 March 2014

സൌഹൃദം



















സൌഹൃദങ്ങൾ,
ചെടികളെ പോലെയാണ്
അവ നടുന്നത് മണ്ണിലല്ല 
ഹൃദയങ്ങളിലാണെന്ന് മാത്രം
അവിടെനിന്നും ദേഹം മുഴുവൻ
പടരുന്ന ഞരമ്പുകളാണ് 
അവയുടെ വേരുകൾ

അതുകൊണ്ടാണ് വേരുറച്ചുപോയ
ചിലത് പിഴുതു മാറ്റുമ്പോൾ
കഠിനമായ് വേദനയെടുക്കുന്നതും
ചോര പൊടിഞ്ഞു നീറുന്നതും

Tuesday, 4 March 2014

വിത്ത്















കല്ലറകളുടെ കാവലില്ലാതെ 
എന്നെയും നിന്നെയും 
വിത്തുകളെ പോലെ 
വെറും മണ്ണിൽ 
കുഴിച്ചിടാൻ പറയണം 

മഴ പെയ്യുമ്പോൾ നമ്മുടെ
വിരലുകൾ വേരുകളാകും, 
കൈകൾ ശിഖരങ്ങളാകും 
നമ്മൾ മരങ്ങളായ് വളരും

കാതലുള്ളൊരു തലമുറ 
വളരുമെന്ന് ഇനിയെങ്കിലും 
നമുക്ക് സ്വപ്നം കാണാം

Saturday, 1 March 2014

ഉറക്കഗുളിക കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച കൂട്ടുകാരിയുടെ ഓർമ്മകളുള്ള മാർച്ച് മാസങ്ങൾ













ഒരു മാർച്ച് മാസ ഞായാറാഴ്ചയെ കൊന്ന
മൾട്ടി ലെവൽ മാർക്കറ്റിംഗ് മീറ്റിംഗിലെ 
വിജയികളുടെ ഹാലേലൂയ അലർച്ചകൾ-
ക്കിടയിലെ ഇടവേളകളിലൊക്കെയും 
നിന്നെ ഞാൻ വിളിച്ചുകൊണ്ടേയിരുന്നു, 

ഒടുങ്ങുന്ന ഓരോ മണിയൊച്ചയോടൊപ്പം 
ഇവിടാരുമില്ല, ഇവിടാരുമില്ലായെന്ന് 
നിന്റെ വീട് പറയുന്നത് 
മാത്രം ഞാൻ കേട്ടില്ല 

രണ്ടു ദിവസം കൂടി കഴിഞ്ഞാണ് 
സംശയദൃഷ്ടിയോടെ എന്നെ നോക്കി 
നീ ആശുപത്രിയിലാണെന്ന് 
ജോബി പറഞ്ഞത് 

ആർക്കും പ്രവേശനമില്ലയെന്ന ബോർഡും, 
മുറിക്ക് പുറത്ത് നിൽക്കുന്ന നിന്റെ 
അച്ഛനേയും അമ്മയേയും ഞാൻ കണ്ടില്ല, 
ഇലക്ട്രോടുകൾ ഒട്ടിച്ച നീയും, 
നിറഞ്ഞ കണ്ണുകളും മാത്രമായിരുന്നു മുന്നിൽ, 

സത്യമായും ഉറക്കമില്ലാത്തതിനാലാണെന്ന 
നിന്റെ വാക്കുകളെ കള്ളം കള്ളമെന്ന് 
കൈത്തണ്ടയിൽ ബ്‍ളെയ്ഡുകൾ പണ്ട് 
വരഞ്ഞ ചിത്രങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു 

നീ സുഖമില്ലാതെ ആശുപത്രിയിലാണെന്ന് 
വീട്ടിൽ പറഞ്ഞപ്പോളാണ് 
മീറ്റിംഗിന് പോയ തലേ രാത്രിയിൽ 
മറുതലയ്ക്കൽ ശബ്ദമില്ലാത്ത മൂന്നു 
ഫോൺ കോളുകളെക്കുറിച്ച് അച്ഛൻ പറഞ്ഞത് 

അതു നീ തന്നെയാണെന്നെനിക്കറിയാം, 
അത് ഞാനെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ 
നീ ഇങ്ങനെ കിടക്കുകയില്ലായിരുന്നിരിക്കും, 
നിന്റെ ഉറക്കമില്ലായ്മ നമ്മുടെ 
വർത്തമാനത്തിലലിഞ്ഞ് ഇല്ലാതാകുമായിരുന്നു,

തൊലിപ്പുറ സൌഹൃദമെന്ന 
കപടതയെ കുടഞ്ഞുകളഞ്ഞ് 
നമ്മുക്ക് പ്രണയിക്കാമായിരുന്നു, 
രാത്രിയെന്ന് നീ കരുതും മുന്നേ 
പകൽ കടന്നുവന്നേനെ, 

നീ ഒരിക്കലും ഉറക്കത്തിന് വേണ്ടി 
ഗുളികകൾ കഴിക്കില്ലായിരുന്നു, 
ഡിസ്ചാർജായിക്കഴിഞ്ഞ് വെളുപ്പിന് 
നാല്പത് കിലോമീറ്റർ ബൈക്കോടിച്ച്, 
തണുത്ത കൈ നെറ്റിയിൽ വച്ച്  
നിന്നെയുണർത്താൻ ഞാൻ വരില്ലായിരുന്നു 

എത്ര മാർച്ച് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു 
നിനക്കിപ്പോഴും ഉറക്കമില്ലെന്ന് 
പറഞ്ഞെന്തിനാണ് മെയിലയക്കുന്നത് ?
നാല്പത്  കിലോമീറ്ററിന്റെ ദൂരമിപ്പോൾ
നാല്പതിനായിരം കിലോമീറ്റർ ആയിരിക്കുന്നു 
ആ ബൈക്ക് എണ്ണായിരം രൂപയ്ക്ക് 
വിറ്റിട്ട് വർഷമെത്ര കഴിഞ്ഞിരിക്കുന്നു 

സൌഹൃദമെന്ന തൊലിപ്പുറം ദ്രവിച്ചു കഴിഞ്ഞു, 
പ്രണയമെന്ന മജ്ജയും മാംസവും പണ്ടേയില്ലാതായി 
ജീവിതമെന്ന് എല്ലിൻകഷ്ണങ്ങൾ 
തലകാട്ടാൻ തുടങ്ങിയിട്ട് നാളേറെയായി 

ഉറക്കഗുളികകൾക്ക് പകരം 
നീ മറ്റുവല്ലതും കണ്ടെത്തേണ്ട 
കാലം അതിക്രമിച്ചിരിക്കുന്നു

Thursday, 13 February 2014

അദൃശ്യപ്രണയം










നമ്മൾതമ്മിൽ ഒരിക്കലും 
കാണാതിരിക്കട്ടെ 

കാണാൻ അല്പമെങ്കിലും 
സാധ്യതയുള്ളയിടത്ത് 
നമ്മുക്ക് പോകാതിരിക്കാം 
അല്ലെങ്കിൽ 
ഞാൻ പോയിവന്നിട്ട് നീയോ 
നീ വന്നുപോയിട്ട് മാത്രം ഞാനോ
അവിടെയെത്തുക

നീ അവിടെയുണ്ടായിരുന്നു-
വെന്നോർത്ത് ഞാനും, 
ഞാനവിടെ ഉണ്ടായിരുന്നു-
വെന്നോർത്ത് നീയും 
അതുവഴി ഒറ്റയ്ക്ക് നടക്കുക 

അതൊരു കടൽത്തീരമെങ്കിൽ 
കടലിനെ കാണുന്ന 
ചാരുബഞ്ചിലിരുന്നു 
ഞാനെന്നോ നീയെന്നോ 
കരുതി കടലിനോട് 
വർത്തമാനം പറയുക 

നമ്മൾ തമ്മിൽ ഒരിക്കലും 
കാണാതിരിക്കട്ടെ 
നമ്മുടെ പ്രണയം അത്രയും 
അദൃശ്യമായിത്തന്നെയിരിക്കട്ടെ

Sunday, 9 February 2014

ഞാനാരാ മോൻ









‘ഞാനാരാ മോൻ‘ 
എന്നൊരഹങ്കാര-
ചിഹ്നത്തിൽ നിന്നും 
‘ഞാനാരാ‘  
എന്നൊരു ചോദ്യ-
ചിഹ്നത്തിന്റെ 
ആഴത്തിലേക്ക് 
വീഴുന്നൊരു ഞാൻ

Sunday, 19 January 2014

ജയിംസ് എന്ന അപ്പൻ










കുറച്ചുനാൾ കഴിയുമ്പോൾ 
നീ അച്ഛനാവും, സ്നേഹമാവും, 
പിന്നെയും അപ്പനാവും..
കുഞ്ഞിന്റേം അമ്മയുടേയും അപ്പനാവും..

നീ പാലു കൊടുക്കും.. 
നിനക്ക് ഉറക്കത്തിലും ചെവി കേൾക്കും.. 
അപ്പന്റെ പൊന്നേയെന്ന് കുഞ്ഞിനേയും, 
എന്റെ പെണ്ണേയെന്ന് 
ഭാര്യയേയും വിളിക്കും.. 
അപ്പനാണെന്ന അഹങ്കാരം 
നീ ലോകത്തോട് പറയും.. 
നീ കാലത്തെക്കുറിച്ചും 
കുഞ്ഞിന്റെ ശബ്ദത്തെക്കുറിച്ചും, 
ചിരിയെക്കുറിച്ചും ആലോചിക്കും...
അപ്പനായെന്ന് നിന്നോട് തന്നെ പറയും.. 


കുഞ്ഞ് രാത്രിയിൽ 
നിർത്താതെ കരയും..
നീ വേവലാതിപ്പെടും..
ഇതിനൊന്നും ഉറക്ക-
മില്ലേയെന്ന് ദേഷ്യപ്പെടും.. 

നീ അപ്പനാണെന്ന് 
ലോകം നിന്നോട് പറയും