സ്ത്രീയിലെ പല ഭാവങ്ങളെ പല കോണുകളിൽ നിന്നും വീക്ഷിക്കുന്നവയാണ് പതിച്ചിയിലെ പല കഥകളും, എന്തുകൊണ്ട് സ്ത്രീ എന്നൊരു ആന്തരിക ചോദ്യം പലപ്പോഴും ഈ കഥകളെല്ലാം ദ്യോതിപ്പിക്കുന്നു. സമത്വങ്ങളുടെ ഏറ്റക്കുറച്ചിലുകൾ അനുഭവപ്പെടുമ്പോഴും അതിനൊരു തുലനാവസ്ഥ എവിടെയെങ്കിലുമുണ്ടോയെന്നും പതിച്ചിയിലെ കഥകളിൽക്കൂടി കഥാകൃത്ത് അന്വേഷിക്കുന്നു. കുറഞ്ഞവാക്കുകൾകൊണ്ട് കൊണ്ട് കടഞ്ഞെടുത്തവയാണ് പതിച്ചി എന്ന സമാഹാരത്തിലെ കഥകളെല്ലാം.
‘വാതിലിന്റെ പഴുതിലൂടെ ഒരുകണ്ണ് കൊണ്ടവൾ പരിസരം നിരീക്ഷിച്ചുകൊണ്ടിരുന്നു.’ ഗുഹ എന്ന കഥയിലെ പ്രോട്ടഗോണിസ്റ്റ് ആണിത്. പതിച്ചിയിലെ മിക്ക കഥകളിലും നമ്മുക്ക് ഈ ചൂഴ്ന്നുനോട്ടം കാണാം. പലതും മനസ്സിന്റെ ഉള്ളിലോട്ടാണെന്നുമാത്രം. ഗുഹയിൽ തന്നെ സ്ഫടികപാത്രത്തിലെ മീനുകൾ, ഫ്ലാറ്റിൽ അകപ്പെട്ട പല പ്രവാസി സ്ത്രീകളുടേയും വകഭേദമായിട്ട് വ്യാഖ്യാനിക്കാം. ‘കൃത്യമായി ലഭിക്കുന്ന ഭക്ഷണത്തിനായി മുകളിലേക്ക് തുടിച്ചുപൊങ്ങി വന്നു.’ അവൾ അവളിൽത്തന്നെ കെട്ടിവയ്ക്കുന്നതും പൊട്ടിച്ചെറിയുന്നതുമായ കെട്ടുപാടുകൾ അധികാലങ്കാരങ്ങളില്ലാതെ ഷഹിന പറയുന്നു.
ജയിലറ: മറ്റൊരാളുടെ, അത് അച്ഛന്റേയോ, കാമുകന്റേയോ, ഭർത്താവിന്റേയോ, ഇഷ്ടവും, ഇഷ്ടക്കേടും സ്ത്രീകളിൽ വരുത്തുന്ന മാറ്റങ്ങളും, അവയുമായി അവൾ പൊരുതുന്നതിന്റേയും, പ്രതികരിക്കുന്നതിന്റേയും രേഖകളാണിതിൽ.
വിശുദ്ധപ്രണയം: കൌമാരത്തിന്റെ ചപലതകളെ, കൌതുകങ്ങളെ, മധ്യവയസ്സ് പിന്നിട്ട ആണത്തങ്ങൾ കയ്യേറുന്നതാണ് ഈ കഥ, എത്ര അനുഭങ്ങളെക്കുറിച്ച് കേട്ടാലും സ്വയം അറിയുന്നതുവരെ അനുഭവം ആകുന്നില്ല എന്നതും, കൌമാരക്കാരുടെ മനസ്സിൽ ചില അപ്രിയകഥകൾ പോലും ഉണ്ടാക്കുന്ന ധീരപരിവേഷങ്ങളെക്കുറിച്ചും വായിച്ചെടുക്കാൻ സാധിക്കും കുഞ്ഞുമോളും, റപ്പായിയും അനുഭവങ്ങളായി പുനർജനിക്കുന്ന ഈ കഥയിൽ.
ഭ്രാന്ത്: പത്രവാർത്തകൾ ജനങ്ങളിൽ സംഭീതി ജനിപ്പിക്കുന്ന സാധ്യതയാണ് ഭ്രാന്ത് എന്ന കഥയിൽ ഷഹിന പറയുന്നത്. പീഡന വാർത്തകൾ പെൺകുട്ടികളിൽ അവരുടെ വീടുകളിൽപ്പോലും സുരക്ഷയെക്കുറിച്ചുള്ള സംശയങ്ങളോടെ കഴിയേണ്ടിവരുന്ന അവസ്ഥ, ഭ്രാന്തെന്നുപോലും വീട്ടുകാർക്ക് തോന്നിയേക്കാവുന്നത്ര ഭീകരമാകാമത്.
ഓർമ്മകളുടെ ഓർമ്മകൾ സൂക്ഷിച്ചുവയ്ക്കുന്ന ചെപ്പുകൾ പോലെ മൂക്കുത്തിയും, മനസ്സിൽ പതിഞ്ഞ ഒരു ചിത്രത്തിനെ മറ്റൊന്നുകൊണ്ട് മായ്ക്കാൻ ഇഷ്ടപ്പെടാത്ത ഒരു നിമിഷവും.
പുത്രകാമേഷ്ടി: ദാമ്പത്യജീവിതത്തിൽ കുഞ്ഞുണ്ടാകുമ്പോൾ ഉള്ള മാറ്റം, അതും ദീർഘകാല ചികിത്സയ്ക്കുശേഷം ലഭിക്കുന്ന കുഞ്ഞാകുമ്പോൾ ഭാര്യക്ക് ഭർത്താവിനോടുള്ള പരിഗണനയിൽ മാറ്റം വരാൻ സാധ്യതയുണ്ടോ? അതോ അത് ഭർത്താവിന് വരുന്ന മാറ്റമാണോ? ബന്ധങ്ങൾ ഇഴകീറുന്ന കഥയാണിത്, അഗതി മന്ദിരം വരെ നീളുന്നതും, ചിതയിൽ അവസാനിക്കുന്നതും.
ഗന്ധർവ ചിന്തകളും പാലപ്പൂവും മാത്രമായി ഓർമ്മകൾക്കായി എന്ന കഥ.
നാനാർത്ഥം, നാട്ടിലേക്കു യാത്രതിരിക്കുമ്പോൾ അവിടെയെത്തിക്കഴിഞ്ഞിട്ട് എന്തുചെയ്യണമെന്ന് ചിന്തിക്കാത്ത ഒരുപ്രവാസിപോലും ഉണ്ടാവാറില്ല, പക്ഷേ, വിചാരിച്ചതുപോലൊന്നും ഒരിക്കലും സംഭവിക്കാറില്ലെന്നുമാത്രം. ഒടുവിൽ കിട്ടിയതും, ചെയ്തതുമെല്ലാം ചേർത്ത്, ബാക്കി അടുത്തവരവിലെന്ന് മനസ്സിൽ എഴുതിച്ചേർത്തിട്ട് തിരിക്കുകയാണ് പലരും. ആ ഒരു സ്വപ്ന / യാഥാർത്ഥ്യ കൊളാഷിന്റെ കഥാരൂപമാണ് നാനാർത്ഥം എന്നുപറയാം.
ഇത്തിരിനേരം: അമ്മമാർക്ക് അവരുടേതെന്ന് പറഞ്ഞൊരു സമയം കിട്ടാറുണ്ടോ? അങ്ങനൊരു സമയം കിട്ടുകയും, അതിന്റെ ആശ്വാസവും, വിരസതയുമാണിതിൽ.
കുഞ്ഞൂട്ടൻ: കുഞ്ഞൂട്ടനോടുള്ള പരാജയത്തിന്റെ നൊമ്പരവും, അവസാനം അതിൽ നിന്നൂറിയ പുറത്തുപറയാത്തൊരു പ്രണയത്തിന്റേയും കുഞ്ഞുകഥ.
പതിച്ചി: പതിച്ചിയെന്നാൽ പേറെടുക്കുന്നവൾ, പേറ്റുശുശ്രൂഷ നൽകുന്നവൾ എന്നൊക്കെയാണർത്ഥം. പുതിയ ലോകത്തിലേക്ക് ഒരു ജീവനെ കൈപിടിച്ച് ഇറക്കുന്നവൾ. പതിച്ചിയിലെ ‘പതിച്ചി’ ജീവിതത്തെക്കുറിച്ച്, പുരുഷന്മാരെക്കുറിച്ച്, അനുഭവങ്ങളുടെ മേൽക്കോയ്മകൊണ്ട് തന്റേതായ അഭിപ്രായങ്ങളിൽ എത്തിച്ചേർന്നവളാണ്. ഈ സമാഹാരത്തിലെ ഏറ്റവും നല്ല കഥ ഇതുതന്നെയാണ്. ശിവകൃപയും, പതിച്ചിയും വരച്ചുകാട്ടുന്ന സ്ത്രീലോകം. പതിച്ചിയുടെ അനുഭവലോകവും, അതിൽ നിന്നും ഉരുത്തിരിഞ്ഞ അവരുടെ പ്രസ്താവങ്ങളും ശിവകൃപയ്ക്ക് നൽകുന്ന നവചിന്തകളും ‘പതിച്ചിയെ’ വേറിട്ടുനിർത്തുന്നു. പതിച്ചി ശിവകൃപയെ പുതിയൊരു ജീവിതവീക്ഷണത്തിലേക്കാണ്, സ്നേഹത്തിന്റെ നാനാർത്ഥങ്ങളിലേക്കാണ്, കൈപിടിക്കുന്നത്. ഈ കഥയ്ക്ക് വ്യക്തമായൊരു രാഷ്ട്രീയമുണ്ട്. ജാതീയതയെ തുറന്നുകാണിക്കുന്നുണ്ട്. അവയെല്ലാം ഒന്നോ രണ്ടോ വരികളിൽക്കൂടി തൊട്ടുപോകുന്നുവേയുള്ളുവെങ്കിലും വ്യക്തമായ ചോദ്യങ്ങൾ വായനക്കാരിലേക്ക് തൊടുത്തുവിട്ടിട്ടാണ് കഥയവസാനിക്കുന്നത്.
പതിച്ചി
പ്രസാധകർ : ബാഷോ ബുക്ക്സ്
വില : 70 രൂപ
. x