Trending Books

Tuesday, 5 February 2013

വർത്തമാന കാലത്തു നിന്നും ഭാവിയിലേക്കയച്ച ചില കത്തുകൾ.




വർത്തമാന കാലത്തു നിന്നും 
ഭാവിയിലേക്ക് ഞാൻ കത്തുകളയക്കുന്നു, 
ഭാവിയിലെ ചില നിമിഷങ്ങളിലൂടെ 
ദിവസങ്ങളിലൂടെ യാത്ര ചെയ്തവ
നിന്നിലെത്തുന്നു, 
വർത്തമാന കാലത്തു തന്നെ 
നീയതു വായിക്കുന്നു. 
അതിൽ നമ്മൾ കണ്ടു മുട്ടുന്നു, 
പ്രണയിക്കുന്നു, 
വിവാഹിതരാകുന്നു, 
ചോറും കറികളും വെയ്ക്കുന്നു, 
കുട്ടികളുണ്ടാകുന്നു, 
അവരും വലുതാകുന്നു..
നമ്മൾ ചെറുതാകുന്നു. 

നാൽപ്പത്തെട്ടു വയസ്സിനപ്പുറത്തെ
ജാതകമെഴുതാതെ 
വെള്ളം കുടിക്കാൻ പോയ ജ്യോതിഷി 
ഫ്രിഡ്ജിനരികിൽ ഹൃദയം പൊട്ടി മരിക്കുന്നു, 
അൻപതു കഴിഞ്ഞാൽ നിന്നിടം നാടെന്നു 
പറഞ്ഞ കാക്കാലൻ 
കാറിടിച്ചു കണ്മുന്നിൽ മരിക്കുന്നു..
വർത്തമാന കാലത്തു നിന്നും
ഭാവിയിലേക്ക് ഞാനയച്ച 
കത്തുകളിൽ നീ ഭൂതമറിയുന്നു
എവിടെയോ മറന്നുവെച്ച ജാതകം 
തപ്പി നീ മുറികൾ അടിച്ചു വാരുന്നു.

ജാതകമൊരെഴുത്തായി വർത്തമാനമാകുന്നു 
നമ്മൾ മധുരമുള്ള അക്ഷരങ്ങളാകുന്നു..
വർത്തമാന കാലത്തു നിന്നും 
ഭാവിയിലേക്ക് നീയുമൊരു കത്തയക്കുന്നു.
നമ്മൾ വീണ്ടും ചെറുതാകുന്നു..

Sunday, 30 December 2012

കമ്പിക്കഥ



              





വാളകത്തു നിന്നും ന്യൂ ഡൽഹിയിലേക്ക് 
ഒരു കമ്പിവടി ബസ്സ് കയറുന്നു ;
പിന്നിലൂടെ കയറി ,
മുന്നിലൂടെയിറങ്ങുമ്പോൾ 
ഒരു ജീവൻ കയ്യിൽ പിടിച്ചിട്ടുണ്ട്, 
പുറംതോടിലെ ചോര തുടച്ച് 
ജീവനും കൊണ്ട് സിംഗപ്പൂരു വരെ പറന്ന് 
അതവിടെയിട്ട് തിരികെ വരുമ്പോൾ 
വാളകത്താരെയും കണ്ടില്ല 
ഡൽഹിയിൽ ,
ആലയിൽ വെച്ചേ ഉരുക്കിക്കളയേണ്ടുന്ന 
അഞ്ച് പാഴ്ക്കമ്പികൾ !


Saturday, 8 December 2012

അനന്തരം





ഞാൻ മരിക്കും, തീർച്ചയായും
നമ്മളെല്ലാവരും മരിക്കും;
എവിടെയോ ഏതോ വാഹനത്തിനു 
ഇന്ധനമായതിൻ ബാക്കിയസ്ഥികൾ
നരവംശശാസ്ത്രജ്ഞരോ, 
അന്യഗ്രഹ ജീവിയോ കണ്ടെത്തും
അപ്പോഴും പങ്കുവെയ്ക്ക്കും സൌഹൃദം;
എൻ നിറം മങ്ങിയ 
പൊടിഞ്ഞ എല്ലുകൾ

Tuesday, 4 December 2012

എന്റെ പുഴ


നീയെന്റെ പുഴ
ഞാന്‍ വെട്ടിയ കൈവഴികളിൽ
രാജ്യാതിർത്തി കടന്നവൾ
കടലറിയാതെ വള
ർത്തിയൊരെൻ
കൈക്കുമ്പി
 പുഴ
കോരി നെഞ്ചോട്‌ ചേ
ർത്തത്,
വിരൽ വിടവിലൂടെ
ഞാനറിയാതെ ഊ
ർന്നത് ,
പെരും കടൽ തിരയിലമ
ർന്ന് ,
ഉപ്പിൽ കുതി
ർന്ന്
പുഴപ്പേര് മാറി
കടലെന്നൊറ്റ വിളിയിൽ ഒടുങ്ങിയോള്‍ ..

ഇന്നേതു കരയുടെ കടലാണ് നീ?

ഇത്രനാൾ, എത്രമേൽ

നിന്നിലലിഞ്ഞു കുതിർന്ന ഞാൻ
കാത്തിരിക്കുന്നു
തിരയായ്‌ നീ നനയ്ക്കുമീ തീരത്ത് 
ഏകനായ്, വ്യഥിതനായ് ;

ഞാൻ  ഖിന്നൻ,
മറുകര തെരുവിലൊരു  പാതി വീട് 
ഇനിയേത് മണൽ കോരി തീർത്തിടും,
ഏതു പുഴജലം തേകി ദൃഡമാക്കിടും?

കടല്‍ക്കാറ്റുലയ്ക്കുമീ സന്ധ്യയിൽ
അറിയുന്നു നീയെന്നയുപ്പിനെ;   
 
ഈ തീര മണലിലുരഞ്ഞു
തൊലി പൊളിഞ്ഞ നീറ്റലായ്,  
കിനിയുന്ന ചോരയായ്.





 

Friday, 30 November 2012

വേർതിരിവിന്റെ വര !









അത്താഴ ശേഷം വലുതായ 
വേർതിരിവിന്റെ വര !
അത്താഴ ശേഷം 
ഒറ്റയായൊരുവൻ,
ഒറ്റുകാരനായ മറ്റൊരുവൻ. 
ഉയിർത്തെഴുനേൽപ്പിന്റെ മായാജാലത്തിൽ 
കോടികൾ കൂടിയപ്പോൾ 
ഒറ്റുകാരൻ തൂങ്ങിയ മരക്കൊമ്പിൻ താഴെ, 
പുഴക്കടിയിൽ തിളങ്ങുന്ന
നാണയ വെട്ടം മാത്രം !

Friday, 28 September 2012

അപ്പൻ



അപ്പനൊന്നു കെട്ടിപ്പിടിച്ചിട്ട്
ഉമ്മ തന്നിട്ട് എത്രനാളായ് ?
ഞങ്ങള്‍ അമിതാഭ് ബച്ചനും,
അഭിഷേക് ബച്ചനുമായിരുന്നെങ്കില്‍
സിനിമയിലെങ്കിലും 
കെട്ടിപ്പിടിച്ചേനെ, ഉമ്മതന്നേനെ.