ആറാം തരത്തിലാണ് മലയാളം പാഠപുസ്തകം ഡമ്മി സൈസ് വിട്ട് മുറം പോലെ വലുതാകുന്നത്. പുസ്തകങ്ങൾ സ്കൂളിൽ പോയി വാങ്ങിവന്നാൽ ആദ്യം തുറന്നു നോക്കുന്നത് മലയാളം പുസ്തകമാണ്. ഒരു വേദഗ്രന്ഥം തുറക്കും പോലെ ആദ്യം കിട്ടുന്ന പേജ് വായിക്കുന്ന ശീലമുണ്ടായിരുന്നു. അന്ന് തുറന്നപ്പോൾ കിട്ടിയത് കൊലമ്പന്റെ നാട്ടിൽ എന്ന അധ്യായമായിരുന്നു. വളരെ രസമുള്ള പേര്. ഇടുക്കിയെക്കുറിച്ചും കുറവൻ മലയേയും കുറത്തിമലയേയും ബന്ധിപ്പിച്ച് പെരിയാറിൽ പണിത ഏഷ്യയിലെ ആദ്യ കമാന അണക്കെട്ടിനെക്കുറിച്ചുമൊക്കെ പഠിക്കുന്നത് അതിലാണ്. കൊലുമ്പനെന്ന പേര് അന്നുമുതൽ കൂടെക്കൂടി. ഒരുപാടു നാളുകൾക്ക് ശേഷം കൃത്യമായിപ്പറഞ്ഞാൽ 28 വർഷങ്ങൾക്കുശേഷം ആ മലയാളം പാഠാവലി മനസ്സിലേക്ക് വലിച്ചിട്ടത് മനോജ് കുറൂറിന്റെ നിലം പൂത്തു മലർന്ന നാൾ എന്ന ദ്രാവിഡത്തനിമയുള്ള പുസ്തകം വായിച്ചപ്പോഴാണ്.
കൊലുമ്പൻ, ചിത്തിര, മയിലൻ എന്നിങ്ങനെ മൂന്ന് എഴുത്തുകളായി തിരിച്ചിരിക്കുന്ന ഈ കഥാകാവ്യത്തിൽ (നോവലെന്നതിനേക്കാളേറെ നിലം പൂത്തുമലർന്ന നാൾ ഒരു കഥാകാവ്യമാണ്) മുഖവുര എന്ന നിലയിൽ ശ്രീ മനോജ് കുറൂർ തുടക്കം എന്നൊരു പുറം എഴുതിയിട്ടുണ്ട്. അതുതന്നെയാണിതിന്റെ സത്ത. നിലയിടം നഷ്ടപ്പെടുന്നതിന്റെ വേദനയും, വാഴ്വിന്റേയും വറുതിയുടേയും, തൊഴിലനുസരിച്ച് വിഭജിക്കപ്പെട്ടു പോകുന്ന സമൂഹത്തിന്റേയും, അവരുടെയെല്ലാം മാനസിക, മാനവിക നിലകളെക്കുറിച്ചും സൌന്ദര്യമുറ്റ ഭാഷയിൽ പ്രതിപാദിച്ചിരിക്കുന്നു.
ഒന്നാം എഴുത്തായ കൊലുമ്പന്റെ കൂടെ പാണരേയും കൂത്തരേയും വായനക്കാർ അറിയുന്നു, അവരോടൊപ്പം, അവരുടെ വറുതിയോടൊപ്പം, യാഴിനോടൊപ്പം, കൊലുമ്പന്റെ മല്ലികയോടൊപ്പം നടക്കുന്നു, വഴുതി വീഴുമ്പോഴെല്ലാം പിടിച്ചു കയറുന്നു, കുറവരേയും, ഉഴവരേയും, മറവരേയും, ഉമണരേയും, പരതവരേയും, അന്തണരേയുമൊക്കെ കാണുന്നു, അവരുടെ രീതികളും, സൌഹൃദവും, അന്നവും അറിയുന്നു. പരണരെ കാണുന്നു, പാവലരെ അറിയുന്നു.. മൂവേന്തരേക്കുറിച്ചും, നന്നനേയും, വേൾപാരിയേയും അറിയുന്നു. രണ്ടാം എഴുത്തായ ചിത്തിരയിലൂടെ പെൺ മനസ്സിന്റെ മസൃണവും അഘാതവുമായ തലങ്ങൾ കടക്കുന്നു. അവ്വയാറെ കാണുന്നു. മൂന്നാം എഴുത്തായ മയിലനിലൂടെ സ്വാർത്ഥയറിയുന്നു. ഏതു നൂറ്റാണ്ടിലായാലും മനുഷ്യൻ ആഗ്രഹങ്ങൾക്ക് അതീതരല്ലായെന്നറിയുന്നുണ്ട്. പൊരുളുകൾ തേടി അവൻ എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യും.
സംഘകാലത്തിലൂടെ, ആ ഭാഷയിലൂടെ പറഞ്ഞില്ലായിരുന്നെങ്കിൽ, പട്ടിണിയിൽ നിന്ന് രക്ഷപെടാൻ നാടുവിട്ടുപോയ മകനെ തിരഞ്ഞു പോകുന്ന കുടുംബത്തിന്റെ, അവരോടൊപ്പം പോയ കൂട്ടത്തിന്റെ വെറും കഥയായി ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു നിലം പൂത്തുമലർന്ന നാൾ. ആ കാലഘട്ടത്തെക്കുറിച്ച് ഇത്ര സമഗ്രമായി പ്രതിപാദിക്കാൻ മനോജ് കുറൂർ നടത്തിയ തയ്യാറെടുപ്പും അധ്വാനവും തീർച്ചയായും ഫലം കണ്ടിരിക്കുന്നു.
1 comment:
സംഘകാലത്തിലൂടെ, ആ ഭാഷയിലൂടെ പറഞ്ഞില്ലായിരുന്നെങ്കിൽ, പട്ടിണിയിൽ നിന്ന് രക്ഷപെടാൻ നാടുവിട്ടുപോയ മകനെ തിരഞ്ഞു പോകുന്ന കുടുംബത്തിന്റെ, അവരോടൊപ്പം പോയ കൂട്ടത്തിന്റെ വെറും കഥയായി ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുമായിരുന്നു നിലം പൂത്തുമലർന്ന നാൾ. ആ കാലഘട്ടത്തെക്കുറിച്ച് ഇത്ര സമഗ്രമായി പ്രതിപാദിക്കാൻ മനോജ് കുറൂർ നടത്തിയ തയ്യാറെടുപ്പും അധ്വാനവും തീർച്ചയായും ഫലം കണ്ടിരിക്കുന്നു.
Post a Comment