Trending Books

Monday, 27 July 2020

പുര നിറഞ്ഞ ആൺപിള്ളേർ - ശരത്ത് പയ്യാവൂരിന്റെ കവിതകൾ

                   




ഏകാന്തതയുടെ പലവിധ പടവുകൾ

 ഡേവിഡ് റൈസ്മാൻ, നഥാൻ ഗ്ലേസർ റുഏൻ ഡെന്നി എന്നിവർക്കൊപ്പം, എഴുതിയ ‘ദി ലോൺലി ക്രൌഡ്’ എന്ന പുസ്തകത്തിൽ മൂന്ന് സാംസ്കാരിക തരങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പാരമ്പര്യ രീതിയിൽ മുന്നോട്ടു പോകുന്നത്, സ്വയം നീങ്ങുന്നത്, ബാഹ്യ ഇടപെടലുകളാൽ നയിക്കപ്പെടുന്നത്. ഇതിൽ പരമ്പരാഗത ശൈലി കാര്യമായ പുരോഗതി ഉണ്ടാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ സ്വയം തിരഞ്ഞെടുത്ത പാതയിൽ മുന്നേറിയവർ അവനവനിലുള്ളിലെ സാധ്യതകൾ കണ്ടെത്തുക്കയും പാരമ്പര്യ വഴികളിൽ നിന്നും മാറി സഞ്ചരിച്ച് തന്റേതായ പാത തുറക്കുകയും ചെയ്തു. അത്തരത്തിൽ സ്വയം വെട്ടിത്തുറന്ന പാതയിലൂടെ സഞ്ചരിക്കുന്നവയാണ് ശരത് പയ്യാവൂരിന്റെ കവിതകൾ.

 മാർക്ക് ട്വൈനിന്റെ ഹക്കിൾബെറി ഫിൻ പറയുന്നുണ്ട്, “അതിഭീകരമായ ഏകാന്തതയിൽ ഞാൻ പെട്ടിരിക്കുന്നു, മരിച്ചിരുന്നുവെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചുപോയി. ഉറങ്ങുകയെന്നതായിരുന്നു അതു മറികടക്കാനുള്ള ഏകവഴി.” ഏകാന്തതയെ മറികടക്കാനുള്ള ശരത്തിന്റെ വഴി കവിതകളാണ്. ‘പുര നിറഞ്ഞ ആൺപിള്ളേർ’ എന്ന ആദ്യ കവിതാസമാഹാരത്തിൽ ഏകാന്തത നിറയുന്ന കവിതകളാണുള്ളത്. ഏകാന്തതയുടെ പല പടവുകളിലൂടെ വായനക്കാർ കയറിയിറങ്ങുന്നു. പല രൂപത്തിൽ, പല ആളുകളിലൂടെ. ഒറ്റക്കുള്ള ചുറ്റിക്കറങ്ങലുകൾ, അതിലൂടെയുള്ള കാഴ്ച്ചകൾ ഇവയിലൂടെയെല്ലാം ശരത് വായനക്കാരെ കൊണ്ടുപോകുന്നു. കണ്ണൂരിന്റെ ഗ്രാമ്യ ഭാഷയിലൂടെ, തനത് പ്രദേശങ്ങളിലൂടെ.

 ശ്മശാനത്തിന് പ്രേമലേഖനമെഴുതിയ തയ്യൽക്കാരനായാലും, ചെത്തുകാരൻ വാസുവായാലും, മറൈൻ ഡ്രൈവിലെ പ്രാവുകളെ നോക്കി സുഹൃത്തുക്കളിരുന്ന തണുത്ത കരിങ്കല്ലും, ഓർമ്മകളിലൂടെ വളർന്ന വാഴത്തോട്ടവും, പിടിവിട്ട വരാലുകളും ഇറച്ചിവെട്ടുകാരനായ ആശാരിയും ഇതുതന്നെ പറയുന്നു.

 അയാൾ
വീതുളിക്ക് പകരം കത്തിയും,
മരത്തിനുപകരം പന്നിയും,
തിരഞ്ഞെടുത്ത്
വിശപ്പിന്റെ ചിത്രം കൊത്തുന്നു.” (പ്രേമത്തിന്റെ നിലവിളി)

 ചായക്കടക്കാരൻ നാരേട്ടനിലൂടെ (നാരേട്ടനെന്ന കൊടിയടയാളം), നാടിനോടും, നാട്ടാരോടും കടപ്പാടുള്ള നാടകം കൊണ്ടുവന്ന ഭാസിയെന്ന ചെക്കനെ ഓർമ്മിക്കുന്ന അമ്മമ്മയിലൂടേയും (തോപ്പിൽ ഭാസിയും എന്റെ അമ്മമ്മയും) ഈങ്ക്വിലാബിന്റെ മുഴക്കമുള്ള ഏകാന്തതയും, സഹകരണാശുപത്രിയിൽ കുഞ്ഞിരാമനെന്ന പേരിൽ ജനിക്കേണ്ട കുഞ്ഞുങ്ങളിലൂടെ (സഹകരണാശുപത്രി) സ്വപ്നങ്ങളുടേയും, നഷ്ടങ്ങളുടേയും ഏകാന്തതയിലേക്കും, ത്രേസ്യ എന്ന ഉപമയിൽ മുങ്ങിപ്പൊങ്ങുന്ന ആട്ടിൻ പാൽ മണമുള്ള ഒരു നാടിന്റെ ഏകാന്തയിലേക്കും വായനക്കാരെ ശരത് വര(ലി)ച്ചിടുന്നു.

 വിശാലമായ ലോകത്ത്
നമ്മൾ ചെറിയചെറിയ ഇടങ്ങളിൽ
കുടുങ്ങിയതുപോലെ, അല്ല,
കുടുക്കിയതുപോലെ” ( ആനയും ഉറുമ്പും: മനുഷ്യനും ലോകവും)

 എന്ന് ശരത് പറയുമ്പോൾ തുമ്പിയിൽ കുടുങ്ങി(ക്കി)യ ഉറുമ്പിലൂടെ  വിപ്ലവത്തിന്റെ, മാറ്റത്തിന്റെ ഏകാന്തയിലൂടേയും വായനക്കാർ കടന്നുപോകുന്നു.

 കിൻഡിൽ പ്ലാറ്റ്ഫോമിലൂടെ ശരത് പയ്യാവൂരിന്റെ കവിതകൾ ‘പുര നിറഞ്ഞ ആൺപിള്ളേർ’ ഇതാ നിങ്ങളിലേക്ക്.

 

വില ₹49

https://www.amazon.in/gp/product/B08DLN7HD5/ref=ppx_yo_dt_b_d_asin_title_o00?ie=UTF8&psc=1

ജുനൈദ് അബൂബക്കർ


Tuesday, 7 July 2020

മരിയോ വർഗാസ് യോസയും ഇടികൊണ്ട ഗാബോയും



മരിയോ വർഗാസ് യോസയും ഇടികൊണ്ട ഗാബോയും

മലയാളി വായനക്കാരോട് ലാറ്റിനമേരിക്കൻ എഴുത്തുകാരെക്കുറിച്ച് പറഞ്ഞു പരിചയപ്പെടുത്തേണ്ട യാതൊരു ആവശ്യവുമില്ല. പ്രത്യേകിച്ചും മാർക്വേസിനേയോ മരിയോ വർഗാസ് യോസയേയോ പോലുള്ള സാഹിത്യ ഭീമന്മാരെക്കുറിച്ച്. ഇസബെൽ അലൻഡെ, കാർലോസ് ഫുവന്റി, ജുവാൻ കാർലോസ് ഒനെറ്റി, അലേഹോ കാർപെന്റിയർ തുടങ്ങിയ ധാരാളം അതിപ്രശസ്തരായ എഴുത്തുകാരുണ്ടെങ്കിലും ഗാബോയെന്ന് മലയാളികൾ പോലും സ്നേഹത്തോടെ വിളിക്കുന്ന ഗബ്രിയേൽ ഗാർസ്യ മാർക്വേസിനെക്കുറിച്ച് അദ്ദേഹത്തിന്റെ ജന്മനാടായ കൊളമ്പിയയിൽ പോലും ഇത്രയധികം പുസ്തകങ്ങളും പഠനങ്ങളും ഇറങ്ങിയിരിക്കാൻ സാധ്യതയില്ല.

ഒരിക്കൽ അടുത്ത സുഹൃത്തുക്കളായിരുന്ന യോസയും മാർക്വേസും തമ്മിലുള്ള ബന്ധം വഷളായതിനെക്കുറിച്ചും പിന്നീടൊരിക്കലും പരസ്പരം മിണ്ടാതിരുന്നതിനെപറ്റിയുമുള്ള കാരണം നമ്മുക്കും തിരയാം. 1967ൽ ഏകാന്തയുടെ നൂറുവർഷങ്ങൾ എന്ന നോവൽ ഇറങ്ങിയതിനു ശേഷമാണ് മരിയോ വർഗാസ് യോസയും, മാർക്വേസും ഉറ്റ ചങ്ങാതിമാരാകുന്നത്. എന്നാൽ ഒൻപത് വർഷത്തിനുശേഷം, 1976ലെ വാലന്റൈൻസ് ദിനത്തിന് രണ്ടുദിവസം മുൻപ് മെക്സിക്കോയിലെ ഒരു തിയറ്ററിൽ വച്ച് മാർക്വേസിന്റെ മുഖത്ത് ഒന്നാന്തരമൊരു സക്കർ പഞ്ച് കൊടുത്തുകൊണ്ട് മരിയോ വർഗാസ് യോസ ആ ബന്ധം ഇല്ലാതാക്കി. അതിനുശേഷം മാർക്വേസിന്റെ മരണം വരേക്കും അവർ തമ്മിൽ സംസാരിച്ചിരുന്നില്ല.

ഈ സംഭവത്തിന്റെ യഥാർത്ഥ കാരണമന്വേഷിച്ച് ലോകത്തുള്ള സകല പാപ്പരാസികളും ചുറ്റിക്കറങ്ങിയെങ്കിലും ആർക്കും ഒരു വിവരവും ലഭിച്ചില്ല. മൊബൈൽ ഫോണിന്റേയും ഷൂട്ട് അറ്റ് സൈറ്റിന്റേയും കാലമല്ലായിരുന്നല്ലോ? രണ്ട് സാഹിത്യകാ‍രന്മാരും ആ സംഭവത്തെക്കുറിച്ച് മൌനം പാലിച്ചു. എന്നാൽ അടിപിടിയുടെ സ്മരണക്കായി ഇടികൊണ്ട് കരിനീലിച്ച കണ്ണും പൊട്ടിയ മൂക്കിന്റെ പാലവും വെളിവാക്കുന്ന ഒരു ചിത്രം ഗാബോ എടുപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ ഫോട്ടോഗ്രാഫർ സുഹൃത്തായ റോഡ്രിഗോ മോയയാണ് ചിത്രമെടുത്തത്. 1976 ഫെബ്രുവരി 14ന് എടുത്ത ആ ചിത്രം വളരെക്കാലം ആരും കാണാതെ ഫോട്ടോഗ്രാഫറുടെ കയ്യിൽത്തന്നെയിരുന്നു. അയാളുടെ പത്രപ്രവർത്തകനായ ഒരു സുഹൃത്ത് യാദൃശ്ചികമായി അതുകണ്ടപ്പോൾ ആവശ്യപ്പെട്ടു, പണം കൊടുക്കാമെന്നു  പറഞ്ഞിട്ടുപോലും മോയ അത് നൽകാൻ തയാറായില്ല. എന്നാൽ അങ്ങനെയൊരു ചിത്രം നിലവിലുണ്ടെന്ന് വാർത്ത കാട്ടുതീപോലെ പടർന്നു. ഒടുവിൽ മോയ ഫ്രീ ലാൻസറായി ജോലി ചെയ്തിരുന്ന ‘ല ഹൊർണാടാ’ എന്ന മെക്സിക്കൻ ദിനപത്രം മാർക്വേസിന്റെ 80ആം ജന്മദിനത്തോടനുബന്ധിച്ച്, 2007 മാർച്ച് ആറിന്,  മോയ എടുത്ത, ഇടികൊണ്ട് കറുത്ത കണ്ണുമായി ചിരിക്കുന്ന മാർക്വേസിന്റെ മുഖചിത്രവുമായാണ് ഇറങ്ങിയത്. യോസയുമായുള്ള അടിപിടിയുടെ ബാക്കിപ്പത്രമായ കരിനീലിച്ച മുഖമുള്ള മാർക്വേസിന്റെ ചിത്രം അങ്ങനെ 31 വർഷത്തിനുശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. എങ്കിലും മരിയോ വർഗാസ് യോസ എന്തിനു മാർക്വേസിനെ ഇടിച്ചു എന്നത് അപ്പോഴും അവ്യക്തമായിത്തന്നെ തുടർന്നു. 2014 ഒക്ടോബർ വരെ. അന്നാണ് കൊളമ്പിയൻ പത്രപ്രവർത്തകയായ  സിൽ‌വാന പറ്റേർനോസ്ട്രോ എഴുതിയ സോളിറ്റ്യൂഡ് & കമ്പനി എന്ന പുസ്തകം ഇറങ്ങുന്നത്. THE LIFE OF GABRIEL GARCÍA MÁRQUEZ TOLD WITH HELP FROM HIS FRIENDS, FAMILY, FANS, ARGUERS, FELLOW PRANKSTERS, DRUNKS, AND A FEW RESPECTABLE SOULS എന്നാണവർ പുസ്തകത്തെക്കുറിച്ച് പറയുന്നത്. 2019ൽ എഡിത്ത് ഗ്രോസ്മാൻ ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു. ഇതിലെ നോക്കൌട്ട് എന്ന അദ്ധ്യായം മരിയോ വർഗാസ് യോസയും ഗബ്രിയേൽ ഗാർസ്യ മാർക്വേസും തമ്മിലെന്താണ് 1976 ഫെബ്രുവരി പന്ത്രണ്ടിന് സംഭവിച്ചത് എന്ന് തിരയുന്നുണ്ട്.

ആ സംഭവത്തിന് ദൃക്‌സാക്ഷി ആയിരുന്ന ഗില്ലെർമോ അങ്കുലോ എന്ന ഫോട്ടോഗ്രാഫറുടെ വാക്കുകളിൽ പറ്റേർനോസ്ട്രോ ഇത് വിവരിക്കുന്നു. സ്ത്രീകളുടെ ഇഷ്ടപാത്രമായിരുന്നു സുമുഖനായ യോസ, അദ്ദേഹം ഒരിക്കൽ ബാർസിലോണയിൽ നിന്നും പെറുവിലെ എൽ കല്ലാലോയിലേക്ക് നടത്തിയ കപ്പൽ യാത്രയിൽ വച്ച് അതിസുന്ദരിയായൊരു സ്ത്രീയെ പരിചയപ്പെട്ടു. വളരെപ്പെട്ടെന്നുതന്നെ പരിചയം പ്രണയമാവുകയും, ഭാര്യയെ ഉപേക്ഷിച്ച് മരിയോ വർഗാസ് യോസ അവരുടെ കൂടെ കൂടുകയും ചെയ്തു. എന്നാൽ കുറച്ചുനാളുകൾക്കുശേഷം യോസയും ഭാര്യ പട്രീഷ്യയും വീണ്ടും അടുത്തു. ആ സമയത്ത് യോസയെ പ്രകോപിപ്പിക്കുവാൻ വേണ്ടി പട്രീഷ്യ പറഞ്ഞൊരു കാര്യമാണ് ഗാബോയുടെ കണ്ണ് കറുപ്പിച്ചത്. “ഞാനും കാണാൻ അത്ര മോശമൊന്നുമല്ല, നിങ്ങൾ മറ്റുപെണ്ണുങ്ങളുടെ പുറകെ പോയിരുന്ന സമയത്ത് ഗാബോയെപ്പോലുള്ള നിങ്ങളുടെ സുഹൃത്തുക്കൾ വരെ എന്റെ പുറകെ വന്നിരുന്നു.” ഇതൊന്നും അറിയാതെ മാർക്വേസ് മെക്സിക്കൻ തിയറ്ററിൽ വച്ച് പ്രിയ സുഹൃത്ത് മരിയോ വർഗാസ് യോസയെ കണ്ട സന്തോഷത്താൽ ആലിംഗനം ചെയ്യാൻ അടുത്തു. അപ്പോൾ യോസ തിരിഞ്ഞുനിന്നു, ഇത് എന്റെ ഭാര്യയോട് ചെയ്യാൻ ശ്രമിച്ചതിന് എന്നുപറഞ്ഞിട്ട് മാർക്വേസിന്റെ മുഖത്തിടിക്കുകയായിരുന്നു. ഇടികൊണ്ട് കണ്ണട തകർന്നു. മാർക്വേസിന്റെ കണ്ണുകലങ്ങി, മൂക്കിൽ കണ്ണടയുടെ പാലം ഇടിച്ചുകയറി ചോരവന്നു. ഇതായിരുന്നു സംഭവം.”

  മാർക്വേസിന്റെ മരണശേഷം, 2017ൽ സ്പാനീഷ് പത്രമായ എൽ പയീസിന് നൽകിയ അഭിമുഖത്തിൽ ഹോസേ ഗാബോയെക്കുറിച്ച് സംസാരിക്കുന്നുണ്ട്. അദ്ദേഹം മരിച്ചപ്പോൾ വല്ലാതെ സങ്കടമുണ്ടായിയെന്നും. വളർന്ന ചുറ്റുപാടുകളുടെ സാമ്യം മാത്രമല്ല ഒരേ കാലഘട്ടത്തിലെ  ലാറ്റിനമേരിക്കൻ എഴുത്തുകാരെന്നതിലുപരി 20ആം നൂറ്റാണ്ടിലെ വിഖ്യാത എഴുത്തുകാരനായ വില്യം ഫോക്നറുടെ രചനകളോടുള്ള താല്പര്യവും അവരെത്തമ്മിൽ അടുപ്പിച്ചുവെന്നും അദ്ദേഹം ആ അഭിമുഖത്തിൽ പറയുന്നുണ്ട്.

ജുനൈദ്


ചുരുളിയും കളിഗെമിനാറിലെ കുറ്റവാളികളും



ചുരുളിയും കളിഗെമിനാറിലെ കുറ്റവാളികളും

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചുരുളി എന്ന സിനിമയുടെ ട്രെയിലർ ഇറങ്ങിയത് എല്ലാവരും കണ്ടുകാണുമല്ലോ. വിനോയ് തോമസിന്റെ, 2019 മലയാള മനോരമ ഓണപ്പതിപ്പിൽ വന്ന, പിന്നീട് മുള്ളരഞ്ഞാണം എന്ന കഥാസമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള കളിഗെമിനാറിലെ കുറ്റവാളികൾ എന്ന കഥയെ ആസ്പദമാക്കിയാണ് ലിജോയുടെ സിനിമ.

പോസ്കോ വകുപ്പുപ്രകാരവും, റിസർവ് ഫോറസ്റ്റിൽ മ്ലാവിനെ വെടിവച്ചതുമായ രണ്ടു കേസുകളിലെ പ്രതിയായ മൈലാടും കുറ്റി ജോയി എന്ന കുറ്റവാളിയെത്തേടി ആന്റണിയെന്നും, ഷാജീവനെന്നും കള്ളപ്പേരു സ്വീകരിച്ച രണ്ടുപൊലീസുകാരുടെ കിളിഗെമിനാറിലേക്കുള്ള യാത്രയാണ് വിനോയിയുടെ കഥ. പൊട്ടിപ്പൊളിഞ്ഞതെങ്കിലും എമണ്ടൻ കണ്ടീഷനിലുള്ളൊരു ജീപ്പിൽ കാട്ടിലൂടെ യാത്രചെയ്ത് ഒരു പുഴയുടെ അതിരിൽ നിർത്തി, അരികിൽ വച്ച ഉരുളൻ തടികൾ കൊണ്ട് പ്പാലമുണ്ടാക്കി അക്കരെകടന്ന് കളിഗെമിനാറെന്ന ഉട്ടോപ്യൻ ദേശത്തവർ എത്തുന്നു. തടികൾ പഴയതുപോലെ പാലമല്ലാതെ തടികൾ മാത്രമായി പുയരികിൽ എടുത്തുവച്ചുകഴിയുമ്പോൾ പൊലീസുകാരുടെ കൂടെയുള്ള കിളിഗെമിനാറിലെ നാട്ടുകാർ അവരുടെ യഥാർത്ഥ സ്വഭാവത്തിലേക്ക് പരിണമിക്കുന്നു. പിന്നെയവർ പുറം ലോകത്തിന്റെ കെട്ടുപാടുകളില്ലാത്തവരാണ്. ഒരു സ്വതന്ത്രരാജ്യം, സ്വതന്ത്ര ജീവികൾ! ആന്റണിയുടെ അടക്കിപ്പിടിച്ച ആഗ്രഹങ്ങൾ അതോടെ പുറത്തുവരുന്നു. ഷാജീവനും വല്യവത്യാസമൊന്നുമില്ല.

ആരും പൂർണ്ണമായും നല്ലവരോ കെട്ടവരോ അല്ലായെന്നതുപോലെ, എല്ലാവരിലും നൻമയോ തിന്മയോ ഏറിയും കുറഞ്ഞുമുണ്ടെന്നും കഥപറയുന്നു. കുറ്റവാളിയെ പിടിക്കാൻ മറുവേഷത്തിലെത്തുന്ന പൊലീസുകാരും അതിൽ നിന്നും മുക്തരല്ല. എന്നാൽ നിയമത്തിന്റെ മേലങ്കിയുള്ളതുകൊണ്ട് അവർ ചെയ്യുന്നത് കുറ്റമല്ലാതാവുകയും അതേ കൃത്യങ്ങൾ കൊണ്ട് സാധാരണക്കാർ കുറ്റവാളിയാവുകയും ചെയ്യുന്ന പ്രതിഭാസത്തിന്റെ ലിഖിതരൂപമാണ് വിനോയിയുടെ കളിഗെമിനാറിലെ കുറ്റവാളികൾ. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി അത് സിനിമയാക്കുമ്പോൾ ചുരുളി എന്നാകുന്നു. ട്രെയിലർ തുടങ്ങുന്നത് ചുരുണ്ടുചുരുണ്ടു പോകുന്ന ഈനാമ്പേച്ചിയെ കാണിച്ചാണ്. അതോ പാമ്പാണോ? ശൽക്കങ്ങൾ കൂട്ടിമുട്ടുന്ന ഒച്ചയാണ് ഏതായാലും ബിജിയെം. ട്രെയിലറിൽ വോയിസ് ഓവറായി ഒരു ഉപകഥകൂടിയുണ്ട് ഉറുമ്പുതീനിയുടെ രൂപം മാറി വരുന്ന മാടൻ ഒരു തിരുമേനിയെ പറ്റിച്ച് കാട്ടിലൂടെ തേരാപ്പാരാ നടത്തുന്ന കഥ. “അങ്ങനെയങ്ങനെ തിരുമേനിയിപ്പോഴും കണ്ടവഴിയേ പൊയ്ക്കോണ്ടിരിക്കുവാ” എന്ന് ട്രെയിലറിൽ പറഞ്ഞതുപോലായാണ് നമ്മൾ കാഴ്ച്ചക്കാർ. ലിജോ അങ്ങോട്ട് നോക്കാൻ പറയുന്നു, നമ്മൾ പോകുന്നു, ഇങ്ങോട്ട് നോക്കാൻ പറയുന്നു, നമ്മൾ നോക്കുന്നു. കഥവേറേ സിനിമ വേറേ എന്നാണ് ലിജോയുടെ ലൈൻ. എസ്. ഹരീഷിന്റെ മാവോയിസ്റ്റ് ജെല്ലിക്കെട്ട് ആയപ്പോൾ നമ്മൾ കണ്ടതാണല്ലോ.

ഏതായാലും വിനോയിയുടെ കളിഗെമിനാറിലെ കുറ്റവാളികളിൽ ഷാജീവൻ പറയുന്നുണ്ട്...
ശരിയാ, ചുഴിഞ്ഞുചുഴിഞ്ഞു നോക്കിയാൽ എല്ലാത്തിനും എന്തെങ്കിലും കുഴപ്പവൊക്കെക്കാണും. പിന്നെ ഒരുകണക്കിനാലോചിച്ചാ അതൊക്കെ എന്തിനാന്നേ നമ്മൾ നോക്കാൻ നിക്കുന്നത്.

ലിജോ ജോസ് പെല്ലിശ്ശേരിയെന്ന ഫിലിം മേക്കറുടെ മാസ്റ്റർ ബ്രെയിനിൽ നിന്നും കിളിഗെമിനാറിലെ കുറ്റവാളികളെത്തപ്പി ആൻറ്റണി സാറും ഷാജീവനും കാടുകയറുമ്പൊൾ എന്താണ് കാണികൾക്കായി കാത്തുവച്ചിരിക്കുന്നതെന്ന് നമ്മുക്ക് കണ്ടുതന്നെയറിയാം.

View This 

Thursday, 12 September 2019

എഡിറ്റിങ് നടക്കുന്ന ആകാശം - പി. ജിംഷാർ


ഉന്മാദത്തിന്റെ എക്കൽഭൂമി


അതിരുകളില്ലാത്ത ആകാശം എന്ന ഉപമ മറക്കേണ്ട കാലമായിരിക്കുന്നു. അവനവന്റെ സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങൾ എഡിറ്റ് ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. അതുതന്നെയാണ് നദിയിലൂടേയും, ഇദ്രിസിലൂടേയും ജിംഷാർ പറയുന്നത്. ഒരു കൊലപാതകവും, ഒരു ആത്മഹത്യയും രണ്ട്  കാലഘട്ടങ്ങളിലെ കോളേജ് മാഗസിനുകളും അവയ്ക്കിടയിലൂടെ സത്യം അറിയാനുള്ള ശ്രമവും, അവ മുന്നോട്ട് വയ്ക്കുന്ന ഭ്രാന്തുകളുമാണ് എഡിറ്റിങ് നടക്കുന്ന ആകാശം.


യുഎപി‌എ ചുമത്തപ്പെട്ട നമ്മുക്കറിയാവുന്ന നദീറും, സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ കൊല്ലപ്പെട്ട മറ്റുപലരും ഇതിൽ നമ്മുടെ മുന്നിൽ വന്നുപോകുന്നുണ്ട്. അഷ്‌റഫ് ഭ്രാന്താശുപത്രിയിൽ വച്ചു പറയുന്ന ഓർമ്മകൾ / എപ്പോഴും തിരുത്തപ്പെടുന്ന അവന്റെ തിരക്കഥ, അതിലൂടെ ഇദ്രീസിന്റെ കൊലപാതകം / നദിയുടെ ആത്മഹത്യ, ഇവയിലേക്ക് വെളിച്ചം വീശുമെന്ന അവന്റെ ആഗ്രഹം, എങ്ങനെ തന്നിൽ ഭ്രാന്തിന്റെ വിത്തുകൾ പാറി വീഴുന്നുവെന്നുമൊക്കെയുള്ള അഷ്‌റഫിന്റെ ആകുലതകളും വായനക്കാരനിലേക്ക് കയറിക്കൂടുന്നു.


ഇദ്രീസും, അഷ്‌റഫും, നദിയും മാത്രമല്ല ഷാഹിദ്, നോയല്‍, നീലി, ജാനകി, രേഖ, ലീഫ് എന്നിവരുടേയും കഥയാണിത്. അവരെപ്പോലെ സമൂഹത്തിന്റെ ആവശ്യങ്ങൾ ഏറ്റുപിടിച്ച ഒരുകൂട്ടം ചെറുപ്പക്കാരുടേയും. അധികാരസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതൊന്നും ഏറ്റുപിടിക്കാൻ നിൽക്കണ്ട എന്ന  ആജ്ഞ തള്ളിക്കളഞ്ഞ, ‘മരിച്ചവരുടെ മണ്ണ്’ എന്ന കോളേജ് മാഗസിനിലൂടെ സത്യം തെളിയിക്കാൻ ശ്രമിച്ചവരുടെ ജീവിതം കൂടിയാണീ നോവൽ.


ഉണ്മയിലേക്ക് നോക്കുന്നവരെ ഉന്മാദികളായി മുദ്രകുത്തുന്നതും, സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നടക്കാത്ത പശുക്കൾ അറവുശാലയിലേക്ക് എത്തിപ്പെടുമെന്ന അലിഖിതമായ നിയമം നടപ്പാക്കുന്നതുമായ സ്റ്റേറ്റാണിതിലുള്ളത്. അതിനുവേണ്ടി കലാലയ മാഗസിനുകൾ പോലും വെറും ടൂളുകൾ മാത്രമാകുന്ന ചിത്രം നമ്മുക്കിതിൽ കാണാം.


ജീവിതവും, തിരക്കഥയും രണ്ടായിക്കാണുവാൻ തനിക്കാകുമെന്നും, ഇനിയും ഒരിക്കൽക്കൂടി തിരുത്തിയെഴുതുന്ന തിരക്കഥയിൽ ഇദ്രീസിന്റെ കൊലപാതകവും, അതിനു കാരണമായ മാഗസിൻ കണ്ടന്റും വ്യക്തമായി എഴുതുമെന്നും, നദിയുടെ ആത്മഹത്യയുടെ ശരിയായ കാരണവും അതിൽക്കാണുമെന്നും അഷ്‌റഫ് കരുതുന്നുണ്ടെങ്കിലും അവനിലെ ഭ്രാന്തിനെ ഒഴിവാക്കാൻ ആരും അനുവദിക്കുന്നില്ല.


ജീവിതം തന്നെയാണ് നദിയുടെ ആത്മഹത്യക്ക് കാരണമെന്ന് ചിന്തിച്ച് തിരക്കഥ അവസാനിപ്പിക്കുന്ന അഷ്‌റഫ് അവനിലെ ഭ്രാന്തിനെ നുള്ളിക്കളയുന്നുണ്ടെങ്കിലും ഡോക്ടർമാർ അതു കാര്യമാക്കുന്നില്ല. അവൻ ഭ്രാന്തനായിത്തന്നെ തുടരുന്നുണ്ടാവും.


മുൻപ് പടച്ചോന്റെ ചിത്രപ്രദർശനത്തിനെക്കുറിച്ച് എഴുതിയപ്പോൾ ജിംഷാർ ഫ്രെയിമുകളായാണ് കഥകളെ സമീപിക്കുന്നതെന്ന് എഴുതിയിരുന്നു. എഡിറ്റിംഗ് നടക്കുന്ന ആകാശവും അതിൽ നിന്നും വിഭിന്നമല്ല. പല ഭ്രാന്തുകളുടെ കൊളാഷാണിതിൽ. പക്ഷേ, ഇതിൽ സത്യങ്ങൾ എഴുന്നു നിൽക്കുന്നു. സ്റ്റേറ്റിന്റെ താല്പര്യങ്ങൾക്ക് എതിരായി ചിന്തിക്കുന്നവരെല്ലാം ഉന്മാദികളാവുകയോ, കൊല്ലപ്പെടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്യും. വരികളിലൂടെ തലതാഴ്ത്തിമാത്രം നടക്കുന്ന ഒരു സമൂഹത്തിനെയാണല്ലോ ഇപ്പോൾ എല്ലാവർക്കും ആവശ്യം.


നോവൽ - എഡിറ്റിങ് നടക്കുന്ന ആകാശം
പബ്ലീഷർ - ഡിസി
₹ 130

Tuesday, 10 September 2019

പൊറ്റാളിലെ ഇടവഴികൾ - 2 - അഭിലാഷ് മേലേതിൽ


പൊറ്റാളിലെ ഇടവഴികൾ - 2 പൊറ്റാളിലെ ജനഹിതങ്ങളുടെ വേരുകളാണ് പൊറ്റാൾ രണ്ടിൽ തെളിയുന്നത്. ഒട്ടുമിക്ക കഥാപാത്രങ്ങളുടേയും കൌമാരകാലം. അവനവനെ തിരയുകയും, തിരിച്ചറിയുകയും, ശരീരത്തിനേയും, മനസ്സിനേയും വേർതിരിക്കുകയും ചെയ്യുന്ന നേർത്ത അതിരുകൾ. അതിന്റെ പുറത്തുകൂടി ട്രപ്പീസ് കളിക്കാരുടെ കൃത്യതയോടുകൂടി കടന്നുപോകുന്ന ചിലർ. ഇപ്പോൾ ചരിയുമെന്നും, മറിയുമെന്നുള്ള വിഹ്വലതകൾ അവരിലുണ്ട്. ആ ഞാണിന്മേൽക്കളിയിൽ വീണുടയുന്നവരുമുണ്ട്. പൊറ്റാൾ ഒന്നിനേക്കാളുമെളുപ്പം വായനക്കാരന്റെയുള്ളിലേക്ക് കയറാൻ പൊറ്റാൾ രണ്ടിലെ മനുഷ്യർക്ക് സാധിക്കുന്നുണ്ട്. ഇതിൽ ഏറ്റവും ശക്തമായി നിൽക്കുന്നവർ റിയാസും ജമീലയുമാണ്. മണ്ണിൽ മുഹമ്മദെന്ന അതികായന്റെ മറവിൽ നിന്നും പുറത്തുവരികയും, പട്ടുപോവുകയും ചെയ്യുന്നവൻ, ജമീലയെന്ന സാധ്യതയുടെ മുന്നിൽ ഇല്ലാതാകുന്നവൻ. ജമീല ഒരു ‘മേരി സ്യൂ’, എല്ലാം തികഞ്ഞ കഥാപാത്രം, അല്ല. അവളുടേതായ കുറവുകൾ തിരിച്ചറിയുന്നവളാണ്. ഉഗ്രൻ പെണ്ണാണ്. അവളുടെ മുന്നിൽ, അവളിടപെടുന്ന പലരും ഒന്നുമല്ലാതാകുന്നുണ്ട്. പള്ളി തകർപ്പെടുന്നതിനോടനുബന്ധിച്ച് ഉണ്ടാകുന്ന സങ്കീർണ്ണമായ, ഗോപ്യമായ രാഷ്ട്രീയ സാംസ്കാരിക മാറ്റങ്ങൾ പൊറ്റാൾ രണ്ടിലും പ്രകടമെങ്കിലും, കഥാപാത്രങ്ങളുടെ വൈകാരികതലം കൂടി പ്രദർശനമുഖം നേടുന്നുണ്ട്. മറ്റൊരു തലം കുടിയേറിയ അധ്യാപകരുടെ ജീവിതരീതികൾ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നുവെന്നതാണ്. അങ്ങനെചെന്നെത്തിയ അധ്യാപക കുടുംബങ്ങളെ, തിരിച്ചുപോകാതെ കുടിയേറിയ സ്ഥലത്തിന്റെ ചരിത്രത്തിൽ അലിഞ്ഞുചേർന്നവരെ, നേരിട്ടു പരിചയമുള്ളതിനാലാവണം ആ അടയാളപ്പെടുത്തൽ പെട്ടെന്നുതന്നെ അനുഭവേദ്യമായത്. പൊറ്റാൾ രണ്ടിൽ മൂന്നു തരം രാഷ്ട്രീയ വീക്ഷണങ്ങളുണ്ട്. ഒന്ന് ഗൂഢമായി കൊണ്ടുനടന്ന് അജണ്ടകൾ നടപ്പിലാക്കുന്നവരുടെയാണ്, രണ്ട് എടുത്തുചാട്ടക്കാരുടെ പരസ്യമായ രാഷ്ട്രീയവും. ലാഭം കൊയ്തവർ ആരാണെന്ന് ഇപ്പോഴത്തെ ചുറ്റുപാടുകളിൽ വായനക്കാർക്ക് മനസ്സിലാകുമെന്നതുകൊണ്ട് ഇവിടെ വിവരിക്കേണ്ട ആവശ്യമില്ല. മൂന്ന്, ഉടലിന്റെ രാഷ്ട്രീയവും. ഇതിലെ കഥാപാത്രങ്ങൾ എത്രയാഴത്തിൽ വേരോടപ്പെട്ടവരാണെന്നു മാത്രം തൊട്ടുപോകുന്നു. ഇവർ പൊറ്റാളിനെ കൂടുതൽ ഭാഗങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുപോകുമെന്നുറപ്പാണ്. തുടർച്ചയായോ, വേറിട്ടോ വായിക്കാവുന്ന നോവലുകൾ. പൊറ്റാളിലെ ഇടവഴികൾ - 2 സെൽഫ് പബ്ലിക്കേഷൻ വില - 275 രൂപ

Sunday, 8 September 2019

നനഞ്ഞ മണ്ണടരുകൾ - ജോണി മിറാൻഡ



മരിച്ചവരെക്കുറിച്ച് ഓർക്കുമ്പോൾ

ജോണി മിറാൻഡയുടെ മൂന്നാമത്തെ നോവലാണ് നനഞ്ഞ മണ്ണടരുകൾ. മേബിളിന്റെ ഓർമ്മകളിലൂടെ വിടരുന്ന അവരുടെ കുടുംബത്തെക്കുറിച്ചുള്ള കഥ. മേബിളും റോസിയുമായുള്ള സൌഹൃദത്തിന്റേയും. രഹസ്യങ്ങളുടെ ആമാടപ്പെട്ടിയാണ് റോസി. ഭർത്താവായ പെദിരോച്ചയ്ക്ക് മേബിളിനോടുള്ള പ്രണയത്തിന്റെ രഹസ്യം റോസി വെളിപ്പെടുത്തുന്നത് പെദിരോച്ചയുടെ മരണമടുക്കുമ്പോഴാണ്. അതുവരെ ആ വിവരം റോസിക്ക് മാത്രമറിയുന്ന ഒരു കാര്യമായിരുന്നു. അതുപോലെ ഒരു രഹസ്യം കൂടി പറയാനുണ്ടെന്ന് റോസി മേബിളിനെ അറിയിക്കുന്ന ദിവസമാണ് റോസി മരണപ്പെടുന്നത്. രഹസ്യങ്ങൾ വെളിപ്പെടുന്നതോടെ അതിൽ ബന്ധപ്പെട്ടൊരാൾ മരണമടയുകയാണ്. പെദിരോച്ചയുടെ സ്നേഹം അറിയുന്ന മേബിൾ അയാളുടെയരികിൽ ചെന്നിരിക്കുകയും കൈ പിടിക്കുകയും ചെയ്യുന്നതോടെ പെദിരോച്ച സ്വസ്ഥമായി മരണപ്പെടുന്നു. എന്നാൽ ലോറൻസച്ചയുടെ മുപ്പതാം ചരമവാർഷികത്തിന് തമ്മിൽ കണ്ടുമുട്ടുമ്പോൾ മേബിളിനോട് പറയാൻ ബാക്കി വച്ച രഹസ്യം വെളിപ്പെടുത്തും മുൻപ് റോസി മരണപ്പെട്ടു. അതെന്തായിരിക്കുമെന്ന ആലോചനയിലാണ് അപ്പോഴേക്കും മരണക്കിടക്കയിലായ മേബിൾ ചിന്തിക്കുന്നത്. അതിലൂടെയാണ് ജീവിതം ആസ്വദിച്ച, കുഞ്ഞുങ്ങളെ മറ്റാരേക്കാളും സ്നേഹിച്ച, അവരെ ഷാപ്പിലും, സിനിമയ്ക്കും കൊണ്ടുപോയ, അവിവാഹിതനായ, ധൂർത്തനായ സഹോദരങ്ങൾ പിരിഞ്ഞുപോയപ്പോൾ മൌനിയായ, ഒടുവിൽ  51-ആം വയസ്സിൽ കാറിടിച്ചു മരിച്ചുപോയ ലോറൻസച്ചയുടേയും, അയാളുടെ ഒരേയൊരു പെങ്ങളായ മേബിളിന്റേയും, മറ്റു മൂന്ന് അനിയന്മാരുടേയും, അവരുടെ കുടുംബങ്ങളുടേയും, പപ്പയുടേയും, മമ്മയുടേയും കഥകൾ വിരിയുന്നത്.

നാടുവിട്ടുപോകുന്ന ലോറൻസച്ച, അയാളുടെ തിരിച്ചുവരവ്, ഹോട്ടലിന്റെ തുടക്കം, നടത്തിപ്പിന്റെ ഏകാധിപത്യം, കുടുംബത്തിന്റെ ഇഴപിരിയൽ, മരണങ്ങൾ... ഒരു മരത്തിന്റെ വളർച്ചപോലെ മനോഹരമായി പടരുന്നു.

റോസി പറയാതെ പോയ രഹസ്യത്തിന്റെ നൂലിൽ കൊരുത്താണ് ജോണി മിറാൻഡ കഥ പറയുന്നത്. ലോറൻസച്ചയ്ക്ക് റോസിയോടോ, അവർക്ക് തിരിച്ചോ ഉള്ള ബന്ധമായിരുന്നിരിക്കാം അത്. അതെന്തായാലും റോസിയോടൊപ്പം ആ രഹസ്യം മണ്ണടിഞ്ഞു.

മരണത്തിന്റെ പലഭാവങ്ങളാണിതിൽ. താൻ സ്നേഹിച്ചിരുന്നുവെന്ന് മേബിൾ അറിഞ്ഞുവെന്ന് മനസ്സിലായപ്പോൾ ശാന്തതയോടെ മരിച്ച പെദിരോച്ച, ‘പശപ്പച്ചരി കൊണ്ടുണ്ടാക്കിയ പുട്ടുകുത്തിയിട്ടതുപോലെ കുഴഞ്ഞുമറിഞ്ഞു പൊടിഞ്ഞുവീണു’ മരിച്ച റോസി, കായലിൽച്ചാടി ആത്മഹത്യ ചെയ്ത ലൂയീസ്, വാഹനാപകടത്തിൽ കൊല്ലപ്പെട്ട ലോറസച്ച, കുടുംബവീട്ടിൽ തൂങ്ങിമരിച്ച, ദിവസങ്ങൾക്കുശേഷം പുഴുവരിച്ചനിലയിൽ കണ്ടെത്തപ്പെടുന്ന റോബർട്ടച്ച... മരണത്തിന്റെ പല അടരുകൾ...

മരണശേഷം റോസിയെ അടക്കിയതിന്റെ അടുത്തുതന്നെ മറവുചെയ്യപ്പെട്ടാൽ ‘എല്ലാ കഥകളും അത് ഏറ്റവും നിസ്സാരമായിക്കോട്ടെ, നീചമായിക്കോട്ടെ അത് അവസാന നിമിഷത്തിലേക്ക് മാറ്റിവെക്കാതെ നന്നായിരിക്കുമ്പോഴേ പറയേണ്ടവരോട് പറഞ്ഞുവെച്ചേക്കണം റോസീ...’ എന്ന് റോസിയെ ഉപദേശിക്കണമെന്ന മേബിളിന്റെ ചിന്തയോടെയാണ് നോവൽ അവസാനിക്കുന്നത്.

നോവൽ: നനഞ്ഞ മണ്ണടരുകൾ
ജോണി മിറാൻഡ
പ്രസാധകർ : ഏക
വില: 175