Trending Books

Tuesday 28 May 2019


മനുഷ്യബന്ധങ്ങൾക്ക് കുറുകെ കെട്ടിപ്പൊക്കിയ വിഭജനത്തിന്റെ മതിലുകൾ പലതുണ്ട് ചരിത്രത്തിൽ. ബേം എന്ന്
 പേരുളള ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാൽ ചിതറിക്കപ്പെട്ടുപോയൊരു  സമൂഹത്തിന്റെ  കഥയാണ് സഹറാവീയം.  നാല് പതിറ്റാണ്ടായി ചെകുത്താന്റെ പൂന്തോട്ടമെന്ന മരുഭൂമിയിൽ അഭയാർത്ഥികളായി കഴിയുന്ന സഹറാവികളെ അന്വേഷിച്ചുള്ള ജെസീക്ക ഒമർ എന്ന യുവതിയുടെ സാഹസിക യാത്രയിലൂടെയാണ് നോവൽ മുന്നേറുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി സഹറാവികൾ നടത്തിയ ഖദീം ഇസിക് പ്രക്ഷോഭത്തെ അറബ് വസന്തത്തിന്റെ തുടക്കം എന്നാണ് നോം ചോസ്‌കി വിശേഷിപ്പിച്ചിട്ടുള്ളത്.  യാത്രയിൽ ജസീക്കയെ കാത്തിരിക്കുന്ന അപകടം പതിയിരിക്കുന്ന ഇടങ്ങളും അവൾ പരിചയപ്പെടുന്ന മിസ്റ്റിക് കഥാപാത്രങ്ങളുമൊക്ക  ചേർന്ന് വായനയെ പലയിടങ്ങളിലും ഉദ്വേഗപ്പെടുത്തുന്നുണ്ട്.  മൊറോക്കോ, പടിഞ്ഞാറൻ സഹാറ, തിന്ദൗഫ്  മരുഭൂമി തുടങ്ങിയ  ഇടങ്ങളിലൂടെ മുന്നേറുന്ന സത്യാത്മകമായ  അന്വേഷണം ഒടുവിൽ തന്നെത്തന്നെ  കണ്ടെത്താനുള്ള നിമിത്തമായി മാറുന്നുവെന്ന്  ജസീക്ക തിരിച്ചറിയുന്നു.  മലയാളി വായനക്കാരന് പ്രായേണ പരിചിതമല്ലാത്ത  വ്യത്യസ്തമായൊരു ഭൂമികയാണ്  സഹറാവീയം വാഗ്ദാനം ചെയ്യുന്നത്.

--  വി.ജെ.ജയിംസ്