Trending Books

Tuesday 24 November 2009

വാമ്പയര്‍


ദിവസവും അനേകം 
ദൈവങ്ങൾ ജനിക്കുകയും, 
പൂജിക്കപ്പെടുകയും ചെയ്യുന്നയിവിടെ 
ഒരു ദിവസം,
ഞാനുമവരിലൊരാളാവും 
തണുത്ത കൈകൾ കൊണ്ട്
നിന്നെ തൊട്ടു ഞാനറിയും 
എന്റെ ചോര നിന്റെ 
ചുണ്ടുകളെ ചുവപ്പിക്കും 
രുചിയറിഞ്ഞു നുണഞ്ഞു
ഈ പകലുകളെ നീ സ്വന്തമാക്കൂ
രുചിയുടെ മൂർദ്ധന്യത്തിൽ
നീയൊരു കാറ്റ് 
എവിടെയും ഉറയ്ക്കാത്തൊരാത്മാവ്

Thursday 19 November 2009

പ്രണയിച്ച് പ്രണയിച്ച്...

നീ എന്റെ ലോകം
കീഴ്മേൽ മറിച്ചിരിക്കുന്നു
നിന്റെ സ്നേഹം മുഴുവൻ
എന്റെമേൽ ചൊരിയൂ,
ഞാൻ മുന്‍പത്തെക്കാളേറെ സ്വാർത്ഥൻ
കൈവശക്കാരനെന്ന അഹങ്കാരം
എന്നെ പൊതിഞ്ഞിരിക്കുന്നു

ഈ ദ്വീപിന്റെ പുറംവാതിൽ
എന്നെന്നേക്കുമായ് അടയട്ടെ 
ഏതു തിരമാല മുട്ടിയാലും
കര കരഞ്ഞു വിളിച്ചാലും 
പുറത്തിറങ്ങാൻ കഴിയാതെ
ഈ പ്രണയക്കടലിൽ;
ഇതിൽ ഞാനലിഞ്ഞു തീരട്ടെ 

എന്റെ പ്രണയമേ..
കൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മഴനനഞ്ഞു നമ്മുക്ക് നടക്കാം 
പ്രണയിച്ചു പ്രണയിച്ച്....
പിന്നെയും പ്രണയിച്ച്..

Thursday 24 September 2009

മടുപ്പ്‌

എനിക്ക് മടുത്തിരിക്കുന്നു..
എന്നെ തുറിച്ചു നോക്കുന്ന
ഈ ലോകത്ത് നിന്നും
ഞാനെന്നെ രക്ഷിക്കട്ടെ..
ഓർമ്മകൾ പേറുന്നതും
ഭാവി ചമയ്ക്കുന്നതുമായ
ഉള്ളറയിലേക്ക്,
എന്റെ മുറിയിലേക്ക്‌..

ഇവിടെ സത്യവും കള്ളവും
കല്ലുകളെ പോലെയാണ്,
ജനനവും രൂപമാറ്റവും
നമ്മളറിയുന്നില്ലല്ലോ,പക്ഷെ
സംഭവിച്ചു കൊണ്ടേയിരിക്കുന്നു

ഏറ്റവും കഠിനമായത് ഈ
അകന്നു കഴിയലാണ്,
ഈ മടുപ്പിനോടും
ഇപ്പോള്‍ വല്ലാത്ത മടുപ്പ്‌..
മെരുക്കാനാവാത്ത തീ നാളമേ,
നിന്നെ ഒരു തുള്ളി വെള്ളമിറ്റിച്ച്
പുകച്ചുരുളായ് അയക്കട്ടെ
അവസാനമെന്നത്
തുടക്കം മുതലേ കൂടുള്ളതല്ലോ..

Tuesday 15 September 2009

ആലപ്പുഴയിലേക്ക് പോങ്ങുവിനോപ്പം

പശു ചത്തു, മോരിലെ പുളിയും പോയി എന്നുപറഞ്ഞപോലെ ചെറായി മീറ്റും കഴിഞ്ഞു വിവാദങ്ങളുമടങ്ങി. ഇനിയും മറ്റൊരു ചെറായി പോസ്റ്റോ എന്നാവും നിങ്ങളുടെ ചിന്ത. നേരത്തെ എഴുതിവച്ചതാണ്. എന്നാല്‍ പല പലകാരണങ്ങള്‍ കൊണ്ട് സമയത്ത് പോസ്റ്റാനായില്ല.


ചെറായിയില്‍ നിന്നും തിരിച്ചപ്പോള്‍ പോങ്ങുവും തോന്ന്യാസിയും കൂടെ കൂടി. തോന്ന്യനെ പറവൂറ് സ്റ്റാന്റില്‍ ഇറക്കിയാല്‍ മതിയെന്ന് പറഞ്ഞു. അങ്ങനാണെങ്കില്‍ തന്നെ എറണാകുളം സൌത്തില്‍ ഇറക്കിയേക്കൂവെന്ന് പൊങ്ങ്സും. ഒറ്റയ്ക്ക് പൊകാനുള്ള മടി കൊണ്ടാവും പൊങ്ങു തോന്ന്യനെ വിളിച്ചു

“എടാ നീ എന്റെ കൂടെ എറണാകുളം വരെ വാ,നമ്മുക്ക് മിണ്ടിയും പറഞ്ഞും പോകാം,അവിടുന്ന് നിനക്ക് ബസ്‌ കിട്ടുമല്ലോ.. “

തോന്ന്യന്‍ രൂക്ഷമായ്‌ പോങ്ങുനെ ഒന്ന് നോക്കി.

“എനിക്ക് സാമ്പത്തിക ലാഭം ഇവിടുന്നു പോകുന്നതാ പൊങ്ങേട്ടാ.. “

തോന്ന്യന്‍ ചാടി ഇറങ്ങി. സഹതാപത്തോടെ എന്നെയൊന്നു നോക്കി.

“അപ്പോള്‍ എല്ലാം പറഞ്ഞ പോലെ.. പിന്നെ കാണാം..ബായ്‌..“

ആ സഹതാപ നോട്ടത്തിന്റെ അര്‍ഥം എനിക്ക് മനസ്സിലായില്ലയെന്നു പറയട്ടെ. ഞാന്‍ പശ്ചാത്തപിക്കുന്നു.

“അതേ പൊങ്ങ്സേ, 'ല' പോയത് കൊണ്ട് വിഷമമുണ്ടോ? “ - ഞാന്‍ ചോദിച്ചു.

'ല'തിരിച്ചു വന്നല്ലോ ജുനൈദേ. ഇന്നലെ. 28 ആം പക്കം.“

“ഒരു ദിവസം“ അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല. 28 ന്റെ അന്ന് തന്നെ വന്നു അല്ലേ“ ?!

''വന്നത് 'ല' തന്നെയല്ലേ?''
.......

“ഇതേതാ ജുനൈദെ സിഡി“.

“നമ്മുടെ ഈണം സിഡിയാ “

“നന്നായി.. അതിടണ്ട. വേറെയൊന്നുമില്ലെ?.. നല്ല തട്ട് പൊളിപ്പന്‍ പാട്ടുകള്‍..ഒരു മൂട് വരട്ടെ.. “

“പിന്നെന്താ കന്തസ്വാമിയിലെ പാട്ടുണ്ട്.. “

“എന്നാല്‍ പിന്നെ അത് മതി “

പാട്ട് തുടങ്ങി. അത് പോങ്ങുന്റെ മൊബൈലില്‍ നിന്നാണ്...

"എന്റെ പെണ്ണേ ഞങ്ങള്‍ ദേ ഇറങ്ങി, ഒരു സുഹൃത്തിന്റെ കാറില്‍.. അവനെന്നെ റയില്‍് വേ സ്റ്റേഷനില്‍് വിടും. ട്രെയിന്‍ അഞ്ചു മണിക്കല്ലേ..പിന്നെ ബൈക്ക് എടുത്തിട്ട് എങ്ങനെ ആയാലും പത്തര പതിനൊന്നാകുമ്പോള്‍ എത്തും.. എന്റെ മോളൂ നിന്നെ എത്രയും പെട്ടന്ന് കാണണമെന്നല്ലെ എന്റെയും ആഗ്രഹം. സത്യമായും ഒരു തുള്ളി കുടിച്ചിട്ടില്ല..നിന്റെ അമ്മയാണേ സത്യം"

“ആരോടാ പൊങ്ങ്സേ ഇത്ര പ്രണയത്തോടെ.."

“നമ്മുടെ വാമഭാഗമ ചേട്ടാ.."

“ അല്ല ചേട്ടാന്നോ,എന്നെയോ..പൊന്നു മച്ചാ 1977 അല്ലെ..ഞാനും ആ മേയ്ടാ.. ഈ എന്നെ ചേട്ടാന്നു വിളിച്ചാലൊന്നും പ്രായം കുറയത്തില്ല മോനെ.. അല്ല പൊങ്ങ്സേ എറണാകുളത്തു നിന്നും ട്രെയിന്‍ കേറി തിരുവനന്തപുരത്ത് എപ്പോള്‍ ചെല്ലാനാ ..ഒരു കാര്യം ചെയ്യ്‌ ഞങ്ങള്‍ ആലപ്പുഴ വഴിയാ.. അവിടുന്ന് ബസ്സില്‍ പോയാല്‍ മൂന്നു മണിക്കൂറു കൊണ്ട് തിരുവനന്തപുരത്തെത്തും. ഇപ്പോള്‍ നാലര,എങ്ങനായാലും അഞ്ചര ആകുമ്പോള്‍ നമ്മള്‍ ആലപ്പുഴയെത്തും. ആറു മണിക്ക് ബസ്‌ കിട്ടിയാലും ഒന്‍പതു കഴിയുമ്പോള്‍ തിരുവനന്തപുരം."

“അത് ശരിയാകത്തില്ല ജുനൈദെ,എന്റെ കൂടെ ധനേഷും വരാമെന്ന് പറഞ്ഞിട്ടുണ്ട്, അവന്‍ ആരെയോ കാണാന്‍ പോയിരിക്കുവാ,നേരെ സ്റ്റേഷനില്‍് ഏത്താമെന്നാ പറഞ്ഞത്.. “

“അത് ധനേഷിനെ വിളിച്ചു പറഞ്ഞാല്‍ പോരെ.. പ്രിയതമയെ നേരത്തെ കാണണമെങ്കില്‍ മതി.."

“അതല്ല ജുനൈദെ.. ‘

“എന്നതാ പോങ്ങൂസെ ഒരു ഉരുണ്ടു കളി വേറെയെന്തെങ്കിലും ചുറ്റിക്കളി പ്ലാന്‍ ചെയ്തിട്ടുണ്ടോ? അങ്ങനാണെങ്കില്‍ ഇപ്പോള്‍ ഇറങ്ങിക്കോ..ദേ സൌത്ത് ഇപ്പോള്‍ എത്തും.. “

പിന്നെയും പാട്ട്..പോങ്ങുവിന്റെ ഫോണ്‍

"പറയെടീ തങ്കക്കുടമേ.. സത്യമായും ഇന്നൊരു തുള്ളി തൊട്ടിട്ടില്ലാ.. നീയാണേ സത്യം.. ഇന്നലെ കുറച്ച്.. അതെയതെ കുറച്ച് ഓവര്‍.. പരിപാടി ഗംഭീരമാരുന്നു.. എല്ലാരും ഉണ്ടാരുന്നു.. രാവിലെയായിട്ടും തലയ്ക്കകത്തെ പിരുപിരുപ്പ് മാറിയിരുന്നില്ല. പരിചയപ്പെടുത്തി തുടങ്ങി.. എനിക്കറിയത്തില്ല മൈക്ക് പിടിച്ചു നിന്നതെ ഓര്‍മ്മയുള്ളൂ . വായില്‍ വന്നതെന്തോക്കെയോ പറഞ്ഞു.. അതിനുശേഷം ഒറ്റ പെണ്ണുങ്ങളെന്നെ തിരിഞ്ഞ് നോക്കിയിട്ടില്ല... “

പോങ്ങു തലചെരിച്ചെന്നോട് ചോദിച്ചു

“ജുനൈദെ കുഴപ്പമായാരുന്നോ? പെണ്ണുങ്ങളൊന്നും വേണ്ടത്ര ശുഷ്കാന്തി കാണിക്കാത്തതെന്ത്? “

“ മച്ചാ ഒരു കുഴപ്പവുമില്ലാരുന്നു.. അല്ലെങ്കില്‍ തന്നെ പട്ടാപ്പകല്‍ ഒരുവിധപ്പെട്ട പെണ്ണുങ്ങളൊന്നും അത്ര ശുഷ്കാന്തിയൊന്നും കാണിക്കില്ലെന്നേ” ഞാന്‍ മറുപടി കൊടുത്തു സമാധാനിപ്പിച്ചു

“ദേ... ജുനൈദ് പറഞ്ഞു കുഴപ്പമില്ലാരുന്നെന്ന്.. എന്നാലും പറയാതെ വയ്യെന്റെ പാല്‍ക്കട്ടി..നിന്റെ ശുഷ്കാന്തിയാ..ശുഷ്കാന്തി. വാക്ക്. ഇനിമേല്‍ ശുഷ്കിച്ച കാന്തിയുള്ളവളുമാര്‍ പങ്കെടുക്കുന്ന ഒരു മീറ്റിനും പോങ്ങുവില്ല. എനിക്ക് നിന്റെ മീറ്റ് മതി..ച്ചെ.. ശുഷ്കാന്തി മതി. എന്താ? മനു ഉണ്ടായിരുന്നോന്നോ? നീ എന്തിനാ മനൂന്റെ കാര്യം മാത്രം ചോദിക്കുന്നത്? ഞാന്‍ പരദൂഷണം പറയില്ലെന്ന് നിനക്കറിയാമല്ലോ.. നീ കരുതുന്ന പോലൊന്നുമല്ലെടീ.. അയാള്‍ 52 വയസ്സുകഴിഞ്ഞ ഒരു കിളവനാ. ആ ഫോട്ടോയില്‍ കാണുന്ന പോലൊന്നുമല്ല മൊത്തം ഡൈയ്യാ... സത്യം..നിനക്കെന്നെ വിശ്വാസമില്ലേ..സത്യമായിട്ടും അയാള് റേഡിയോ 'മാങ്ങ'യില്‍ കിട്ടി തലേന്നേ പോയി''

പോങ്ങു തുടരുകയാണ്. ഞാന്‍ ചോദിച്ചു.

“മച്ചാ സൌത്തിലിറങ്ങുന്നൊ?അതോ ഞങ്ങടെ കൂടെ വരുന്നോ? ഇപ്പോള്‍ പറയണം.. “

പോങ്ങു പിന്നേം തുടരുകയാണ്. !!

“ എന്റെ കരിമ്പിന്‍ കഷണമേ നീ പിന്നെ വിളിക്കൂ... ഇല്ല. ഞാന്‍ ഓഫ് ചെയ്യില്ല.“

“ പൊങ്ങൂ സത്യം പറഞ്ഞോ അതാരാരുന്നു.. പെണ്ണുമ്പിള്ളയാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.. “

“ എന്റെ ചന്ദനക്കുടമേ.. സോറി ജുനൈദേ, എന്നെ ആലപ്പുഴയില്‍ വിട്ടാല്‍ മതി പെട്ടെന്ന് വീട്ടിലെത്താമല്ലോ”

“ അതവിടെ നിക്കട്ടെ ഫോണിലാരായിരുന്നു? വല്ല ആരാധികയും മറ്റും? “

“ ആരാധിക തന്നെ. നമ്മുടെ മനുജിയുടെ ആരാധികയാണെന്നുമാത്രം. അയാളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചുവിളിച്ചു തുടങ്ങിയതാ..ഇപ്പോള്‍ ഇവിടെ വരെയെത്തി.”

“ എന്നിട്ടാണോ മനുഷ്യാ.. ആ പാവം മനുവിനിട്ട് പണി കൊടുത്തത്.. ആ നല്ല മനുഷ്യന്‍ എന്ത് പാപം ചെയ്തു.. “

“ഇതൊന്നും പാപമല്ല ജുനൈദെ, അങ്ങേരുടെ കഞ്ഞിയില്‍ ഞാന്‍ പൂഴി വിതറിയോ? പുള്ളിക്കാരന്റെ നിലനില്പിനെ ബാധിക്കുന്നവിധമൊരു നുണയും ഞാന്‍ പറഞ്ഞിട്ടില്ല. പിന്നെ,അദ്ദേഹത്തിന്റെ ധാരാളം ആരാധികപ്പെണ്‍കൊടികളിലൊന്നിനെ ഞാന്‍ അടിച്ചു മാറ്റുന്നു. അത് തെറ്റല്ല.. എഴുതിയും മറ്റും എനിക്കാരാധികമാരെ ഉണ്ടാക്കാനാവുമോ? ഈ ജന്മത്തിലേതായാലും മനുജിയുടെ നമ്പര്‍ ഞാനവള്‍ക്ക് കൊടുക്കില്ല.“

"അപ്പോള്‍ ആലപ്പുഴയിലോട്ടു ചലോ അല്ലെ. എങ്കില്‍ ഒരു കാപ്പി കുടിച്ചിട്ടിനി പ്രയാണ്‍്സ്..."
ഞങ്ങള്‍ കാപ്പികുടിച്ചു.

"ഒരു മിനിറ്റ്‌..."

പൊങ്ങു കടക്കാരനോടെന്തോ ചോദിച്ചു..

കടക്കാരന്‍ 'S' കത്തി കണ്ട കൊല്ലനെ പോലെ ദേഷ്യത്തോടെ പൊങ്ങ്സിനെ നോക്കുന്നത് കണ്ടു,ദൈവമേ തല്ലു കിട്ടുമോ?

''പൊങ്ങ്സേ ഓടിപ്പോരെ''

ഞാന്‍ വിളിച്ചോണ്ട് പോരുന്നു..

''എന്നതാ മച്ചാ അയാളോട് ചോദിച്ചത്,അയാളിപ്പോള്‍ തല്ലി കൊന്നേനെയല്ലോ''..

''അതെ ജുനൈദെ, ഒരു കൂതറ സ്വഭാവം എനിക്കുണ്ട്''..

അപ്പോള്‍ ഇത്രയും നേരം കണ്ടതൊന്നുമല്ലാത്ത വേറെന്തു കൂതറ സ്വഭാവമാ മച്ചമ്പി..

''ആരോടും പറയാന്‍ കൊള്ളത്തില്ല.''

അപ്പോള്‍ അയാളോട് എന്തോ വൃത്തികേടാ ചോദിച്ചതല്ലേ..

''അല്ല ഒരു സാധനം,അത് ഈ സ്റ്റാന്‍്ടേര്‍്ട് കടയിലൊന്നും കിട്ടത്തില്ലായെന്നു ഞാന്‍ഓര്‍ക്കേണ്ടാതാരുന്നു..വാ നമ്മുക്ക് പോയേക്കാം.''

''അപ്പോള്‍ സാധനം?''

''അത് കിട്ടുന്ന കട കാണുമ്പോള്‍ ഞാന്‍ പറയാം''

ഓക്കേ പോയേക്കാം.

“ജുനൈദേ,താനൊരു പാട്ടിട്ടെ.. “

പാട്ട് തുടങ്ങി.. പൊങ്ങ്സ് ഒന്നും മിണ്ടുന്നില്ലാ.. വളരെ ഭക്തിയോടെ സിഡി പ്ലെയറും നോക്കി ഇരിക്കുന്നു.പിന്നെയും ഫോണ്‍ ബെല്‍. പൊങ്ങ്സ് ഫോണ്‍ കട്ട് ചെയ്തു!!

“ എന്നാ മച്ചാ ഫോണ്‍ എടുക്കാഞ്ഞത്.." - ഞാന്‍ ചോദിച്ചു.

“അല്ല പ്രാര്‍ത്ഥന കഴിയട്ടെ“

“പ്രാര്‍ത്ഥനയോ?!!!“

“അല്ല...അറബിയിലെന്തോ പറയുന്നു.. “

“എവിടെ?“

“എടാ ഉവ്വേ... ഈ കേക്കുന്നത്‌.. “

ഞാനും ശ്രദ്ധിച്ചു

‘മയില്‍സ്വാമി,കുയില്‍സ്വാമി,കൂ ഴെ,സുണ്ടലെ,വെര്‍ക്കടലെ,വത്തക്കറി,വടുമാങ്ങ,സുട്ടവാഴ,സുട്ടകഞ്ഞി,മക്കാചോളം,നീര്‍്മോര്,ബാറ്ററിതണ്ണി,ഇളനീര്‍,എരാതോക്ക്‌,ഉപ്പുകണ്ടം,പഴേസോര്‍,ഡിഗ്രികാപ്പി,ഇഞ്ചിമര്‍പ്പ,കടലമുട്ടായി,കമരുകട്ടെ,വെള്ളരിക്ക,എളന്തപ്പളം,കുച്ചിഐസ്,ഗോളിസോഡ,മുറുക്ക്‌,പഞ്ചിമുട്ടായി,കരുമ്പ്സാര്‍,മുളകാബജി,എള്ളുവടൈ,പോരിയുരുണ്ടൈ,ജിഗ്രിതണ്ട്,ജീരാത്തണ്ണി,ജഫ്മുട്ടായി,കീരവടൈ,കിര്ണ്ണിപ്പഴം,അവിച്ചുമുട്ടൈ,ഹാഫ്‌ബോയില്‍,പൊത്തപാപഴം,പള്ളിമുട്ടായ്‌,പുണ്ണാക്ക്.... ഇതെല്ലാം ഡ്യൂപ്പ്,പിസ്സാ താന്‍ ടോപ്‌.. ‘

“ഹ ഹ ഹ പൊന്നെ പൊങ്ങ്സേ ഇത് പ്രാര്‍ത്ഥനയൊന്നുമല്ല കന്തസ്വാമിയിലെ പാട്ടല്ലേ.. “

“ജുനൈദെ ശരിക്കും ഞാന്‍ കരുതി നിങ്ങടെ എന്തോ പ്രാര്‍ത്ഥനയാണെന്ന്.. ഞാന്‍ സ്വല്‍പ്പം ചമ്മി കേട്ടോ.. “

പൊടുന്നനെ പൊങ്ങു ഒരലര്‍ച്ച..

"അയ്യോ കട കഴിഞ്ഞു പോയ്‌"

"അടുത്ത കടയില്‍ നിര്‍ത്താം"

"നിര്‍ത്ത്‌,നിര്‍ത്ത്‌"

പൊങ്ങ്സ് ചാടിയിറങ്ങി..

അവിടെ കടപോലെന്തോ..

പക്ഷെ പോയതിനേക്കാള്‍ വേഗത്തില്‍ പൊങ്ങ്സ് തിരിച്ചെത്തി..

"എന്നതാ മച്ചാ കിട്ടിയില്ലേ കൂതറ സാധനം,എന്നതാ അതിന്റെ പേര്?"

"അത് ചൈ"£%^"

"എന്നത് ചൈനയോ?"

അതാ ഞാന്‍ പറഞ്ഞത് പുറത്തു പറയാന്‍ കൊള്ളത്തില്ലെന്നു...

എനിക്ക് മനസ്സിലായില്ല ഭായ്..

ചെവിയിങ്ങു താ "കൈന്‍%£$%^"

എനിക്കൊന്നും മനസ്സിലായില്ല

"എന്നതാ പൊങ്ങ്സേ കെന്യയോ?നിങ്ങള് ചുമ്മാ രാജ്യത്തിന്റെ പേര് പറഞ്ഞു കളിക്കാതെ കാര്യം പറ എന്നാലെ അടുത്ത കടയില്‍ നിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കൂ"

"ഇതുവരെ മനസ്സിലായില്ലേ ജുനൈദെ നിങ്ങള്ക്ക്,നാണമില്ലല്ലോ കേരളത്തില്‍ ജീവിക്കാന്‍,അതാണ് ചൈനീ കൈനീ ...അത് ചുമ്മാ ഇങ്ങനെ ചിറീടെ ഇടയിലൊക്കെ വെച്ച് തുളയിടുന്ന ഒരു സാധനം"

"ഓക്കേ അടുത്ത കടയിലുണ്ടോന്നു നോക്കാം"

(കോപ്പ് നോക്കും,ഇനി ആലപ്പുഴയിലെ സ്റ്റോപ്പുള്ളൂ)

* * *
പോങ്ങുവിന്റെ ഫോണ്‍ മണി പിന്നെയും... മുഖത്ത് കടുത്ത നീരസവും സ്വരത്തില്‍ മുടിഞ്ഞ പഞ്ചാരയും കലര്‍ത്തി പോങ്ങു പറഞ്ഞു -

"അതെ ഞാന്‍ സുഹൃത്തിന്റെ കൂടെ, ആലപ്പുഴ വരെ അവരുണ്ട്, അവിടുന്ന് ബസ്സിലങ്ങു വരാം,അതാകുമ്പോള്‍ പെട്ടന്നങ്ങ് എത്താമല്ലോ.. സത്യാടാ..നിന്നെ കാണാഞ്ഞിട്ടു മനസ്സമാധാനമില്ല.. എന്റെ പൊന്നെ..ഒരു തുള്ളി തൊട്ടിട്ടില്ല... വെക്കട്ടെ..ഇടയ്ക്കു ഞാന്‍ വിളിക്കാം..അതെ ഒന്‍പതരയോടെ എത്തും.. നീ പരിഭ്രമിക്കണ്ട..കമ്പനികള്‍ ആരുമില്ല..ഒറ്റയ്ക്ക്, ഒറ്റക്കാ വരുന്നത്..ശരി വെക്കട്ടെ.."

പോങ്ങു എന്നോടായി പറഞ്ഞു.

“ ശ്രീമതിയാ.. “

“മനസ്സിലായ്‌ പൊങ്ങ്സേ,മനസ്സിലായ്‌.. “

“അതെന്താ ജുനൈദെ.. ?!!! “

“അല്ല പെട്ടന്ന് ഫോണ്‍ വെച്ചപ്പോള്‍ മനസ്സിലായ്‌..“

“ ജുനൈദെ,എനിക്കാണെങ്കില്‍ ഈ സ്ത്രീ ജനങ്ങളോട് കമ്പനി അടിക്കാനൊക്കെ ഭയങ്കര ആഗ്രഹവും അവേശവുമൊക്കെയാ.. പക്ഷെ എന്താണോ,നമ്മളീ കുളപ്പുറത്ത് ഭീമന്‍ കണക്കെ ഇരിക്കുന്നതുകൊണ്ടാവും ഒറ്റയെണ്ണം പോലും യാതൊരു താല്പര്യവും കാണിക്കുന്നില്ല,ഇടയ്ക്കു എനിക്ക് ഭയങ്കര വൈക്ലബ്യവും ”

“അതെന്തിനാ ഭായ്,ചുമ്മാ മുട്ടണ്ടേ.. “

“ മുട്ടലിനൊന്നും കുറവില്ല. പക്ഷേ ഒരുത്തിയും തുറക്കുന്നില്ല. പിന്നെ കുറേ നുണകള്‍ അടിച്ചുവിട്ട് ഒന്നിനെ വളച്ചെടുത്തപ്പോള്‍ അതിന്റെ പിന്നാലെ ആ മാലോത്തുമുണ്ട്. നമ്മുടെ മുരളീകൃഷ്ണയേ.. ഫുള്‍ ടൈം അവന്‍ ഓര്‍ക്കൂട്ടില്‍ അവള്‍ക്കിട്ട് സ്ക്രാപ്പുന്നു. നമുക്ക് സഹിക്കുമോ? ഈ മീറ്റില്‍ അവന്‍ പങ്കെടുക്കുന്നുവെന്നറിഞ്ഞതുകൊണ്ടാണ് ഞാനും ഇവിടെ വരാന്‍ തീരുമാനിച്ചത്. ഇന്നലെ രാത്രി അവനെകണ്ടപാടെ അവന്റെ കഴുത്തിനുപിടിച്ച് ഞാനങ്ങ് പരിചയപ്പെട്ടു. മാലോത്തിന്റെ തുറിച്ച കണ്ണുകളില്‍ നോക്കി അവളുടെ ഓര്‍ക്കൂട്ട് ഐ.ഡി അവന്റെ ചെവിയില്‍ ഞാന്‍ പറഞ്ഞു. കാര്യം മനസ്സിലായ അവന്‍ മേലില്‍ അവളെ പെങ്ങളായേ കാണുവെന്ന് പറഞ്ഞു. പാവം. വിരണ്ടുപോയി.”

വീണ്ടും പോങ്ങുവിന്റെ ഫോണ്‍ ചിലച്ചു. ആട്ടിന്‍ ചോര കണ്ട ചെന്നായെ പോലെ പോങ്ങു ഫോണ്‍ ചാടിയെടുത്തു..

“മോളേ പറഞ്ഞോളൂ / ഇല്ല കുഴപ്പമില്ല. /എന്താ ഇത്രയും നേരം ഫോണ്‍ ഓഫ്‌ ആരുന്നല്ലോ?/ ഓര്‍ക്കുട്ട് അക്കൗണ്ട്‌ കളയാന്‍ പോകുവാണെന്നോ?! / പാട്ടുപുരയ്ക്കലമ്മേ... കണവന്‍ പിടികൂടിയോ? !!! / അതെന്തിനാ? / ഭര്‍ത്താവ് പോവും വരെ ഈ നമ്പര്‍ ഓഫ് ആയിരിക്കുമെന്നോ? ഓര്‍ക്കൂട്ടും ഫോ‍ണുമില്ലാതെ എങ്ങനെ നമ്മുടെ പ്രണയം പുഷ്പിക്കും പെണ്ണേ?/ ആയിക്കൊട്ടെ / ഇപ്പോള്‍ പറ്റില്ല. അടുത്ത് സ്നേഹിതരുണ്ട് / മനുജി അല്ല. ഇത് ജുനൈദ്. നിനക്കറിയില്ല. / മാലോത്തോ?ആ.. അവനും ഉണ്ടായിരുന്നു. ഒരു പീക്കിരിപ്പയ്യന്‍. നമ്മള്‍ ഓര്‍ക്കൂട്ടില്‍ കാണുന്ന ഫോട്ടോ പോലെയൊന്നുമല്ല. നേരില്‍ കണ്ടാല്‍ ആറുബോറാ. ഉയരവുമില്ല. വണ്ണവുമില്ല. നിനക്ക് വിശ്വാസമില്ലേ ജുനൈദിനോട് ചോദിയ്ക്ക് .. അല്ലെങ്കില്‍ അത് വേണ്ട. സത്യത്തില്‍ രണ്ട് പയറുമണി ചേരുന്ന വലിപ്പമേ മാലോത്തിനുള്ളു. ഒരു പയറു മണിയുടെ പുറത്തു തല വെച്ചാല്‍ എങ്ങനിരിക്കും,അതാണവന്‍്.പോരാന്‍ നേരം അവനെന്നെ ഒന്നാശ്ലേഷിച്ചു. കുറ്റം പറയുകയല്ല. ഒരു ഗുമ്മും കിട്ടില്ല. അശ്ലേഷിച്ചൂന്ന തോന്നല്‍ പോലുമുണ്ടാവില്ല. ഒരുമാതിരി ഉണക്കച്ചോറ് വാരിയെടുത്തപോലെ ഒരു മൊരിമൊരിപ്പ്. പിന്നെ, ഒരു ഗുണമുള്ളത് അവന് അമ്മേം പെങ്ങളേം തിരിച്ചറിയാമെന്നുള്ളതാ... നിന്നെ സ്വന്തം സഹോദരിയെപ്പോലെയാ അവന്‍ കാണുന്നതെന്ന്. / സത്യം / ഇപ്പോള്‍ എന്റെ കൂടെ ജുനൈദ് ഉള്ളതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. നാളെ അവന്‍ ഇതുവല്ലതും പോസ്റ്റാക്കിയാലോ. വിശ്വസിക്കാന്‍ പറ്റില്ലേ. ശരി / ഇനി കണവന്‍ തിരിച്ചു പോയിട്ട് വിളിക്കൂ.. /


വൈകിട്ട് 5.45-ന് ആലപ്പുഴയില്‍ ഞാന്‍ പോങ്ങുവിനെ ഇറക്കി.

“ഇടയ്ക്കു ഫോണ്‍ ശല്യം കാരണം നമുക്ക്‌ ശരിക്കും സംസാരിക്കാന്‍ പറ്റിയില്ല,സാരമില്ല സമയം കിട്ടുമ്പോള്‍ തിരുവനന്തപുരത്തേക്ക് ഇറങ്ങണം.. “

“ശരിക്കെന്നല്ല , നമുക്ക് സംസാരിക്കാനേ അവസരം കിട്ടിയില്ലല്ലോ പൊങ്ങൂ . തീര്‍ച്ചയായിട്ടും അങ്ങോട്ട് വരാം പൊങ്ങ്സേ.. അവിടെ വച്ച് നമുക്ക് സംസാരിക്കാം. ചെന്നാലുടനെ വിളിക്കണം.. ഓക്കേ..“

“ ഓക്കെ”

"മച്ചാ ചൈനയും കെന്യയും ഒക്കെ സ്റ്റാന്റില്‍ കാണും,മറ്റു പലരും..
വൈക്ലബ്യം കുറച്ച് കയ്യിലിരുന്നോട്ടെ"

"അപ്പോള്‍ ശരി ജുനൈദെ വളരെ സന്തോഷം"

****************************** **************

ആറു മണിക്ക് ബസ്‌ കയറിയ ശ്രീ പൊങ്ങ്സിന്റെ, “ഇപ്പോള്‍ വീട്ടിലെത്തിയതെയുള്ളൂ ജുനൈദെ,സമയം ഇത്രയും വൈകിയ സ്ഥിതിക്ക്‌ നാളെ വിളിക്കാം,എന്നുള്ള മെസ്സേജ് എനിക്ക് കിട്ടിയത്‌ രാത്രി 12.30 നു..!!! “

സര്‍.പൊങ്ങ്സ്..ഒന്‍പതു മണിക്ക് അല്ലെങ്കില്‍ മാക്സിമം പത്തു മണിക്ക് എത്തേണ്ട താങ്കള്‍ ഇടക്കുള്ള രണ്ടര മണിക്കൂര്‍ എവിടെയായിരുന്നു? സത്യം പറയുന്നതാണ് താങ്കള്‍ക്കു നല്ലത്.. അല്ലെങ്കില്‍ കൂതറ തിരുമേനിയെ കൊണ്ട് തിരുത്തി എഴുതിക്കുന്നതാണ്.. ജാഗ്രതൈ..

പരിചയം

പൊടുന്നനെ നിന്റെ
മുഖവും,ഹൃദയവും
എനിക്ക് പ്രിയപ്പെട്ടതാവുന്നു,

നമ്മുക്ക് നഗരഗോപുരങ്ങളുടെ
മുകളിലൂടെ
സുരതാനന്ദത്തിൽ പറക്കാം
പ്രണയത്തിന്റെ നീർപ്പോളകൾ
പൊട്ടിച്ച് പാനം ചെയ്യാം

പിന്നീട് നിനക്കൊരു
ജീവിതം ബാക്കിയുണ്ടെങ്കിൽ
എന്നെ പരിചയപ്പെടാം.

Saturday 5 September 2009

പ്രണയവർണ്ണങ്ങൾ

ഐസ്ക്രീമും,ചുരിദാറും
മാംഗല്യ തിരുവസ്ത്രവും 
'നീയില്ലാതാവില്ലെന്ന'വാക്കും
കണ്ണീരും ചേർത്തൊരു 
വെളുത്ത പ്രണയം 

തുണിയകലമില്ലാതെ-
ചേർന്നിരുന്ന്
ത്രസിച്ച ഞരമ്പുകൾ
കണ്ടു രസിച്ചൊരു 
നീല പ്രണയം.

കാമിച്ചു,കൈപിടിച്ച്
കരളരിഞ്ഞു,
വഞ്ചന ചാലിച്ച്
കറുപ്പിച്ച പ്രണയം

ഞരമ്പറുത്ത്,
ഒരു ബക്കറ്റ് വെള്ളം
നിറം മാറ്റിയ
ചുവന്ന പ്രണയം

കണ്ണുകൾ തിരുമിയടച്ച്‌ 
കുളുപ്പിച്ച്,
വെള്ളപുതപ്പിച്ചുറക്കിയ
വിളറി വെളുത്ത് മറ്റൊരു പ്രണയം

Friday 4 September 2009

മറുപുറം

ബ്ലോത്രം ഓണപ്പതിപ്പില്‍ വന്നത്



ആളി കത്തുന്ന
തീയുടെ പുറകില്‍
ഒരു കാറ്റുണ്ട്;
ആര്‍ത്തിരമ്പുന്ന
തിരയുടെ പിന്നില്‍
ഒരു കടലും;
അലച്ചു പെയ്യും
മഴയ്ക്ക് പിന്നി-
ലൊരു മേഘം;

തലപൊക്കി നില്‍ക്കും
കുന്നിനോട്
കാറ്റ് തോല്‍ക്കുന്നു;
നെഞ്ചേറ്റി പുല്‍കുന്ന
കരയോട്
കടല് തോല്‍ക്കുന്നു;
കത്തുന്ന വെയിലില്‍
കണ്ണ് കാണാതെ
മേഘമകലുന്നു;

മൂന്നടിയളക്കുന്ന
കാലിന്നടിയില്‍
കുന്നു കരയാകുന്നു,
കര കടലാകുന്നു
കടലോ ആവിയും
കണ്ണീരുമാകുന്നു

വാമനാ,
മറുപുറത്തില്‍്
കര പതാളമാകും
കാലടിയിലെ
കര കടല്‍ കവരും
കടലില്‍
നീ മാത്രമാകും

Tuesday 1 September 2009

പറഞ്ഞതും പറയാഞ്ഞതും

പറഞ്ഞത് 

ഇന്നലെ വരെ
ഓരോ ശ്വാസത്തിലും,
ഹൃദയതാളത്തിലും,
നാഡിമിടിപ്പിലും
നീ ഉണ്ടായിരുന്നു..

അതി ദുർഘടവും,
സുദീർഘവുമായ 
ഈ വരമ്പിൽ
മുന്നിൽ നിന്റെ കൈ
പിടിച്ചു നടന്ന ഞാൻ
നീ വഴി പിരിഞ്ഞതും 
കൈ മറിഞ്ഞതുമറിഞ്ഞില്ല 

വഴിയുടെ അവസാനം
കയ്യില്‍ ഒരു മരത്തണ്ട് 
മരവിച്ച ഹൃദയം
ഓർമ്മകൾ കത്തുന്ന മനസ്സ്...

പറയാഞ്ഞത്‌

അതി ദുർഘടവും,
സുദീർഘവുമായ 
ഈ വരമ്പിൽ
മുന്നിൽ നിന്റെ കൈ
പിടിച്ചു നടന്ന ഞാൻ
നിന്നെ വഴി പിരിച്ചതും 
വിറ്റു കുടിച്ചതും സത്യം

വഴിയുടെ അവസാനം
കയ്യിലൊരു കുത്ത് കാശ്‌
എല്ലാം മറക്കുന്ന മനസ്സ്...

Thursday 20 August 2009

ചുംബനങ്ങൾ

നിന്നെപ്പോലെ 
ആരുമെന്നെ സന്തോഷിപ്പിക്കുന്നില്ല,
നീ എന്റെ 
അടുത്ത സുഹൃത്ത്..

ഈ ചിത്ര പിന്നുകൾ
നിന്റെ കോളറിൽ കുത്തുക
പൂവിനു മണമെന്നപോൽ
നിന്റെ ഭംഗി വർദ്ധിക്കട്ടെ 

തുളുമ്പുന്ന തേൻ തുള്ളികൾ 
നിന്റെ അധരത്തിൽ
നിന്നും വീഴാതിരിക്കട്ടെ

ആരുടെയൊക്കെ
പ്രതിബിംബങ്ങളാണതിൽ
നീ എനിക്കായ്‌ 
കൊരുത്തു നല്‍ക്കുന്നത് ? 

എന്റെ കയ്യിലെപ്പോഴും
കുറച്ചു ചില്ലറകൾ മാത്രം,
(മതിയാവില്ലല്ലോ 
എനിക്കൊരിക്കലും)
വരൂ നമുക്കിനി നിന്റെ 
ചുംബനങ്ങൾ വിൽക്കാം

നിന്റെ പാത്രം കളയരുത്
ഇനിയുമെത്ര ചുംബനങ്ങൾ
നിറയ്ക്കാനുള്ളതാണ്
നിറച്ചു വില്‍ക്കേണ്ടതാണ്....

Tuesday 18 August 2009

പ്രണയം=സ്വപ്നം=പ്രണയം

സ്വപ്നം കാണുന്നത്
ഒരു ക്രിമിനൽ കുറ്റമല്ല
സത്യം ചെയ്യൂ,
നീ വിഡ്ഢിത്തമൊന്നും കാട്ടുകയില്ലെന്ന്
നിന്റെ വെടിയുണ്ടകൾ
ഇപ്പോഴും യാത്ര ചെയ്യുന്നു

എന്റെ സ്വപ്നത്തിലേക്ക്
അവ കടന്നു പോകരുത്‌
ആരും ആരുടേയും 
സ്വപ്നത്തില്‍ പ്രവേശിക്കയുമരുത്

നിന്റെ സ്വപ്നങ്ങളിൽ
ഒരാത്മാവലയുന്നു;
നിന്നെ ഭയപ്പെടുത്തുന്ന
നിന്റെ പ്രണയം.

പ്രണയം
രണ്ടു പേരുടെ സ്വപ്നം കാണലാണ്
രണ്ടു തലച്ചോറുകൾ
ഒരുമിച്ചു കാണുന്ന സ്വപ്നം;

അതു കൊണ്ടാണല്ലോ
നേരം വെളുക്കുമ്പോൾ
കുമിള പൊട്ടുന്നതും
പ്രണയം ഇല്ലാതാകുന്നതും
സ്വപ്നം നീ മറന്നതും
വെടിയുണ്ടകൾ
പിന്നെയും യാത്ര ചെയ്യുന്നതും...

Sunday 2 August 2009

വാഴക്കോടനും മൈലാഞ്ചിയും..

വെള്ളിയാഴ്ച മെയില്‍ ഓപണ്‍ ചെയ്തപ്പോള്‍ നൂറു നൂറ്റമ്പതു മെയിലുകള്‍
വാഴ,വാഴക്കോടന്‍,വാഴക്ക,വാഴക്കൂമ്പ്‌,വാഴയില,വാഴപ്പോള,വാഴപ്പിണ്ടി...എന്ന് വേണ്ട വാഴ ചേര്‍ത്ത് എത്ര വാക്കുണ്ടോ അതില്‍ നിന്നെല്ലാം മെയിലുകള്‍.
കാണുക ശനിയാഴ്ച്ച രാത്രി ഇന്ത്യന്‍ സമയം 11.30 നു ഏഷ്യാനെറ്റില്‍ മൈലാഞ്ചി.

ഇതിപ്പോ രാത്രീല്‍ ആരുടെ മൈലാന്ചിയിടീലാണോ?
അടുത്ത വരി, വാഴക്കോടന്‍ പാടുന്നു..

റബ്ബേ കുഞ്ഞീവിയെങ്ങാനും അറിഞ്ഞാല്‍?ഓര്‍ക്കാന്‍ കൂടി വയ്യ.വാഴക്കോട്കാര് മുഴുവനും ഇളകും.

വെളിക്കിറങ്ങുമ്പോള്‍ പോലും പാടുകയില്ലെന്ന് നാട്ടുകാരുടെ മുന്‍പില്‍ വെച്ച് സത്യം ചെയ്തതൊക്കെ പഹയന്‍ മറന്നോ?ഇനിയെന്തെല്ലാമൊക്കെയാണോ സംഭവിക്കാന്‍ പോകുന്നത്?.

വെള്ളിയാഴ്ച്ച രാത്രി ഉറങ്ങാന്‍ പറ്റിയില്ല.വാഴക്കൊടന്റെ സ്ഥിതി എന്താകുമോ?
ഞായറാഴ്ച്ച ചെറായി മീറ്റിനു വരുന്നുവെന്ന് ഹരീഷ് പറയുകയും ചെയ്തു.ചെറായിയില്‍ നിന്നും തിരിച്ചിനി വാഴക്കോട്ടെക്കല്ലാരിക്കുമോ?അതോ വടക്കഞ്ചേരിയില്‍ തങ്ങുമോ?അതുമല്ല തിരിച്ചു അക്ബര്‍ ട്രാവല്‍സിലെക്കാണോ മടക്കം.ഒരു നല്ല സുഹൃത്തിനെ നഷ്ടമാകുമോ?ഹൃദയം പിടക്കുന്നു.

മില്‍മ കവര്‍ ടാറിട്ട റോഡില്‍ വീണ പൊട്ടിയത് പോലെ നേരം വെളുത്തു,ഒന്നിനുമൊരു ഉല്സാഹമില്ല,എന്റെ വാഴക്കെന്തെന്കിലും സംഭവിക്കുമോ?

രാത്രി 11.30.വീട്ടിലെല്ലാവരും ഉറക്കം തുടങ്ങിയിരിക്കുന്നു.പിറ്റേന്ന് ചെറായിയില്‍ പോകേണ്ടതാണ്,വെളുപ്പിന് അഞ്ചു മണിക്ക്‌ എണീക്കണം.എന്നാലും മൈലാഞ്ചി കണ്ടിട്ടേ ഉറങ്ങുന്നുള്ളൂ..എന്തോരം മെയില്‍ അയച്ചു പഹയന്‍ കഷ്ടപെട്ടതാ..

ഈ വാഴക്കോടന്‍ എങ്ങനിരിക്കും,പാട്ട് കണക്കാരിക്കും,കുഞ്ഞീവി തന്നെ പറഞ്ഞിട്ടുണ്ടല്ലോ. പണ്ടൊരിക്കല്‍ ഇവന്‍ പാടീട്ടു വാഴക്കോട് മുഴുവന്‍ ഒരു മാസം പാലും ഇറച്ചിയും കിട്ടാനില്ലാരുന്നെന്നു, ഒള്ള കന്നുകാലികള്‍ മുഴുവന്‍ ഓടി രക്ഷപെട്ടു കളഞ്ഞത്രെ...അപ്പോള്‍ പിന്നെ അത് കണക്കാക്കണ്ട..പോഴത്തരങ്ങളില്‍ പതിപ്പിച്ചിരിക്കുന്ന പോലെ വല്യ പുലിയാരിക്കുമോ?സ്റ്റേജില്‍ കയറി പോഴത്തരങ്ങളാരിക്കുമോ കാണിക്കാന്‍ പോകുന്നത്..

11.40 മൈലാഞ്ചിയുടെ പൊടി പോലുമില്ല.ഏഷ്യാനെറ്റുകാരു പരിപാടി ക്യാന്‍സല്‍ ആക്കിയോ?11.45....

ഏഷ്യാനെറ്റില്‍ അടുത്ത പരിപാടി ഡെസ്സേര്‍ട്ട് വിഷന്‍ അവതരിപ്പിക്കുന്ന മൈലാഞ്ചി..
അപ്പോള്‍ സംഗതി ഉണ്ട്..വാഴക്കോടുകാരുടെ ഒരു യോഗം,അവിടിപ്പോള്‍ കരണ്ടു കട്ട് ആരിക്കുമോ?അതോ അവിടെ കരണ്ട് വന്നിട്ടുണ്ടോ?
അവതാരക സ്റ്റേജില് കയറുന്നു..
വേരറ്റു പോകുന്ന മാപ്പിള പാട്ടിന്റെ ഉന്നമനത്തിനായി പ്രവാസികള്‍ക്കിടയില്‍ നിന്നും മാപ്പിള പാട്ടിലെ പുലികളെ കണ്ടെത്തുന്ന മൈലാഞ്ചിയിലേക്ക് എല്ലാവര്ക്കും സ്വാഗതം..
നമ്മുക്ക് ജഡ്ജസ്സിനെ പരിചയപ്പെടാം
ജഡ്ജ് നമ്പര്‍ ഒന്ന്-ശ്രീ അഷ്‌റഫ്‌ പുളിക്കല്‍.മാപ്പിള പാട്ടിന്റെ മണി മുത്ത്‌ ശ്രീ വി.എം.കുട്ടിയുടെ മകന്‍.
ജഡ്ജ് നമ്പര്‍ രണ്ട്-ശ്രീ ബാപ്പുജി.
ഭാഗ്യം രണ്ട് പേരെ ഉള്ളൂ..അപ്പോള്‍ കുഞ്ഞീവിത്ത ഇല്ല.
അപ്പോള്‍ തല്‍ക്കാലം വാഴക്കൊട്ടുകാര്‍ അറിയാന്‍ യാതൊരു മാര്‍ഗ്ഗവും ഇല്ല..
നമ്മുക്ക് നമ്മുടെ ആദ്യത്തെ കണ്ടസ്റ്റ്ന്റിനെ വിളിക്കാം..
സ്വാഗതം ചെയ്യൂ നമ്മുടെ അഷ്‌റഫ്‌..
അഷ്‌റഫ്‌ എവിടെയാണ് വക്ക് ചെയ്യുന്നത്..
ഞാനിവിടെ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാ
ശരി ഏതു പാട്ടാണ് അഷ്‌റഫ്‌ പാടുന്നത്..
അമ്പിയാ മുറ്സലുകള്‍..
ശരി തുടങ്ങിക്കോ..

അമ്പിയാ മുറ്സലുകള്‍
താമസിക്കും കൊട്ടാരത്തില്‍..
ശരി അഷ്‌റഫ്‌ നമ്മുക്ക്‌ ജഡ്ജസ്സിനോട് ചോദിക്കാം..
ബാപ്പുജി:അഷ്രഫെ ഒത്തിരി തെറ്റുകള്‍ വന്നല്ലോ..ഇങ്ങനാണോ പാടുന്നത്..
ഇത്ര എളുപ്പമുള്ള പാട്ടല്ലേ കാണാതൊക്കെ പഠിക്കണ്ടേ..
ആദിയോതിയല്ല
ആദി ജ്യോതി..
പിന്നെ ഈ പാട്ടിന്റെ അവസാനമൊന്നുമില്ലേ..
അമ്പിയാ മുറ്സലുകള്‍ കഴിഞ്ഞുള്ള പല്ലവിയും കളഞ്ഞു അനു പല്ലവി പാടിയുമില്ല..കണ്‍സ്ട്രക്ഷന്‍ പണിക്കിടയില്‍ പാടിയൊക്കെ പഠിക്കണം കേട്ടോ..
നമ്മുടെ അടുത്ത കണ്ടസ്റ്റ്ന്റിനെ വിളിക്കാം.

.ഇടവേളയ്ക്കു ശേഷം..

സാന്ഫോട്-ഉപ്പു തൊട്ടു കര്‍പ്പൂരം വരെ സാന്ഫോട്
വെല്ല-വെല്ല പുരട്ടൂ നട്ടെല്ല് വരെ നിവര്ത്തൂ
ക്ലിയര്‍ ഷാമ്പൂ-മനസ്സ് വരെ ക്ളിയറാക്കൂ
മാക്സ് ഫാക്ടര്‍ -കള്ള കണ്പീലികള്ക്ക് മാക്സിമം എഫ്ഫക്റ്റ്‌
സോനാഷ്‌ ഐ പോഡ്-ജീവിതം വരെ തല തിരിക്കും പിന്നയല്ലേ നിങ്ങടെ സ്ടയ്ല്‍
തലയോട്ടി ചൂടിലാണോ?പുരട്ടൂ തലയും തോളും ഷാമ്പൂ

ഹോ തീരുന്നില്ലല്ലോ..വാഴക്കൊടനെ കാണുന്നുമില്ല,
ഡെസ്സേര്‍ട്ട് വിഷന്‍ അവതരിപ്പിക്കുന്നു-മൈലാഞ്ചി.
ഞാന്‍ ഞെട്ടിയുണര്‍ന്നു...
സ്റ്റേജ് കുലുങ്ങുന്നു,അതോ തോന്നിയതാണോ?
അല്ല ഉറക്കം തൂങ്ങിയ ജഡ്ജ്ജുംമാര്‍ കുലുങ്ങിയെണീറ്റു ചുറ്റും നോക്കി,
അവതാരക..ഞെട്ടലോടെ
അടുത്ത കണ്ടസ്റ്റന്റ്...

കള്ളി ഷര്‍ട്ടും,കറുത്ത പാന്റ്സും സ്വര്‍ണ്ണ കണ്ണടയുമായ് ഒരു ചെറിയ മനുഷ്യന്‍ പക്ഷെ മുന്നോട്ടു മുന്നോട്ടെന്നു പറഞ്ഞു ഒരു കുടവയര്‍ കൂടുണ്ട്..

അവതാരക:(പതിഞ്ഞ ശബ്ദത്തില്‍)ചേട്ടാ എന്നെ നോക്കാതെ നേരെ നോക്ക്..
കണ്ടസ്റ്റന്റ്:അല്ല ഓട്ടോറിക്ഷയുടെ ഹെഡ്‌ലൈറ്റ് നോക്കുവാരുന്നു..
അവതാരക:കണ്ണുരുട്ടി കൊണ്ട്,അടുത്തയാള്‍..ചേട്ടാ പരിചയപ്പെടുത്ത്‌,ചുമ്മാ വെള്ളമിറക്കാതെ..
കണ്ടസ്റ്റന്റ്:ചമ്മിയ മുഖത്തോടെ

ഞാന്‍ വാഴക്കോടന്‍ അബ്ദുല്‍ മജീദില്‍ നിന്നും വരുന്നു.
അപ്പോള്‍ ഇതാണ് മുതല്:
ഞാന്‍ ഉഷാറായി..
ഞാനൊരു ബ്ലോഗറാണ്..
വാഴക്കൊടന്റെ പോഴത്തരങ്ങള്‍
വാഴക്കൊടന്റെ മാപ്പിള പാട്ടുകള്‍
വാഴക്കൊടന്റെ വായിനോട്ടങ്ങള്‍
വാഴക്കൊടന്റെ കവിതകള്‍
വാഴക്കൊടന്റെ കുറും കഥകള്‍
വാഴക്കൊടന്റെ മിനിക്കഥകള്‍
വാഴക്കൊടന്റെ സമാഹാരങ്ങള്‍
വാഴക്കൊടന്റെ വേലിചാട്ടങ്ങള്‍
വാഴക്കൊടന്റെ കോഴിത്തരങ്ങള്‍
ഹോ ഒരു ഗ്ലാസ്സ് വെള്ളം താ കൊച്ചെ.
അവതാരകയെ അവിടെങ്ങും കാണുന്നില്ല..

ജഡ്ജ്ജസ്: മക്കളെ നിര്‍ത്തിക്കെ ഇവിടെന്നാ പരിപാടി..
ലിഫ്റ്റ്‌ ടെക്നോളജി പഠിച്ചു ഇവിടെ ദുബായില്‍ അക്ബര്‍ ട്രാവല്‍സില്‍ വന്നു ബ്ലോഗുന്നു..
ജഡ്ജ്ജസ്:മതി മതി നീ ഏതു പാട്ടാ പാടുന്നത്.

നാദിര്‍ഷാ എഴുതി പാടിയ
''സംഗതി അറിഞ്ഞോ നീ
തെക്കേ വീട്ടിലെ അന്ത്രുക്കാന്റെ
മൂത്ത മകന്‍ ഭയങ്കര കേഡി
അവന്‍ ഇന്നലെ വെളുപ്പിനെ
സെന്‍ട്രല്‍ ജയിലിന്‍ കമ്പി വളച്ച്
ആരോരുമറിയാതെ ചാടി''..

ഡാ മോനെ വാഴേ ഇതാണോ മാപ്പിള പാട്ട്..
നീ പാടാന്‍ വന്നതോ അതോ നിന്റെ ബ്ലോഗിന്റെ പരസ്യം പറയാന്‍ വന്നതോ?
സോറി മാപ്പിള പാട്ടാണല്ലോ ഞാന്‍ പെട്ടന്ന് പണ്ട് പാഞ്ഞാളില്‍ മിമിക്രി കാണിക്കാന്‍ പോയതോര്‍ത്ത് അതാ..
ദേ ഇത് ഫൈനല്‍
യേശുദാസ്‌ പാടിയ മൈലാഞ്ചി എന്ന ആല്‍ബത്തിലെ ഒരു പാട്ട് പാടാം
ജഡ്ജ്ജസ്:എന്താണ് വാഴേ ഇത് തിരഞ്ഞെടുക്കാന്‍ കാരണം?
വാഴ: ഇതെഴുതിയത്‌ ഒരു വാഴപ്പിള്ളിയാ
പുള്ളിയിലും ഒരു വാഴയുണ്ടല്ലോ
കുല വാഴക്ക്‌ ഊന്നു കൊടുത്ത പോലെ കൈ എളിയില്‍ കുത്തി വാഴ ആരംഭിച്ചു..
സംകൃത പമഗിരി
തങ്ക തുങ്ക തരികിട
തിംകൃത തിമികിട മേളം
****************************
*******************************
ധിം ധിമി താളംകൃത താളം.

കാലു കൊണ്ട് താളമിട്ടു
കൈ ഞൊട്ടി ശബ്ദമുണ്ടാക്കി
വാഴ തകര്‍ത്തു പാടുന്നു..

ഡാ എന്താടാ അവിടൊക്കെ തകര്‍ക്കുന്നെ..നിനക്ക് കിടക്കാറായില്ലേ ?
ഞാന്‍ ഞെട്ടിയെണീറ്റു
പിതാശ്രീ..
അല്ല വാപ്പാ വാഴക്കോടന്‍ പാടുന്നു..
വാഴേം കുലേം..പോടാ..പോയി കിടക്കടാ..

ജഡ്ജ്ജുമാര്‍ മുഖത്തോടുമുഖം നോക്കുന്നു..
ജഡ്ജ് ഒന്ന്:ഞാനാരാനെന്നരിയാമോ?
വാഴ:അറിയാം സര്‍,അഷ്‌റഫ്‌ പുളിക്കല്‍
അഷ്‌റഫ്‌:എന്റെ വാപ്പ വി.എം കുട്ടി പാടിയ പാട്ടാണിത്.
വാഴ:ആത്മഗതം,ഇതിത്ര പഴയ പാട്ടാരുന്നോ?
അഷ്‌റഫ്‌:തരികിട ആണെന്ന് മനസ്സിലായി, വാഴ പാടിയത്‌ ശരിയാണോ?
തങ്ക തുങ്ക തരികിട എന്നല്ല
തങ്ക തുങ്ക തരിംഗിണ
എന്നാണു ശരി......
അത് പിന്നെ സര്‍,റിഹേഴ്സലിനു ഞാന്‍ ശരിക്കും തന്നെയാ പാടിയത്‌
അത് റിഹേഴ്സലിനു ,ഇപ്പോഴോ?
എന്താണെന്നറിയത്തില്ല സര്‍,റിഹേഴ്സലിനു എത്ര ശരിയായിട്ടു ചെയ്താലും സ്റ്റേജില് കയറുംബം തെറ്റും.പണ്ടേ അങ്ങനാ..
ജട്ജ്ജ്:ഏതായാലും തെറ്റുകള്‍ ഏറ്റു പറഞ്ഞത് കൊണ്ട് ഞങ്ങള്‍ ഒന്നും പറയുന്നില്ല.ഇനി ഇങ്ങോട്ടൊന്നും വരുന്നില്ലല്ലോ അല്ലെ..
മോളെ അവതാരകെ ഒരു ഗ്ലാസ്സ് വെള്ളം തരുമോ?
ചെവി പൊത്തി കൊണ്ട് അവതാരക അപ്രത്യക്ഷയാകുന്നു..
ടി വി നിര്‍ത്തീട്ട് ഞാനും രക്ഷപെട്ടു.

വാഴക്കോടുകാര്‍ കണ്ടിരിക്കുമോ?
ഞായറാഴ്ച്ചക്ക് ശേഷം വാഴേ കുറിച്ച് ഒരു വിവരവും ഇല്ല..

Monday 27 July 2009

ചെറായി ജോറായി..

രാവിലെ 6.40 നു ഞാനും അനുജന്‍ നിസാറും(ചിച്ചു) കൂടെ ചെറായിലേക്ക് യാത്ര തിരിച്ചു.വണ്ടി സ്ടാര്‍ട്ട് ചെയ്തതെയുള്ളൂ ഫോണ്‍ ബെല്‍ അടിക്കാന്‍ തുടങ്ങി.പരിചയമില്ലാത്ത നമ്പര്‍.
ചാവേറൊക്കെ വരുമെന്ന് ഭീഷണിയുള്ള മീറ്റ്‌,മീറ്റിനെത്തി പോകരുതെന്ന് പറഞ്ഞുള്ള ഭീഷണി കാള്‍ ആരിക്കുമോ?അതോ ഇനി ബ്ലോഗേര്‍സ് വീട്ടില്‍ നിന്നിറങ്ങിയാലുടനെ അറിയാനുള്ള സംവിധാനങ്ങള്‍ വല്ലതും ഹരീഷിന്റെ കയ്യിലുണ്ടോ?ഏതായാലും ഫോണ്‍ എടുത്തു..
"ഹലോ ജുനൈദല്ലെ?ഞാനാ ഹന്ല്ലലത്"
സമാധാനം..
മച്ചു എവിടെത്തി?
"മലപ്പുറം വരെ,നമ്മുടെ കൊട്ടോട്ടികാരന്റെ വീട്ടില്‍.."
ഗുഡ്‌ ഇറങ്ങിയോ?ഞങ്ങളിവിടുന്നു യാത്ര തുടങ്ങി..
"നിങ്ങള് ഇറങ്ങിയോ?ഈ മനുഷ്യന്‍ എണീറ്റതെയുള്ളൂ,കുളിക്കണം എന്നൊക്കെ പറഞ്ഞു നടക്കുന്നു,പുള്ളിയെ അറിയുമോ?"
കോണ്ടാക്ട്സ് ഇല്ല,പക്ഷെ അറിയും.
"ഇന്നാ സംസാരിക്ക്,വല്യ കത്തിയാ എന്റെ മൊബൈലിലെ കാശ് തീര്‍ക്കരുത്‌.."
"സലാമലൈക്കും,ഞാനാ കൊട്ടോട്ടിക്കാരന്‍,ഈ പഹയന്‍ മലയിറങ്ങി എത്തിയത് രാത്രി രണ്ടു മണിക്കാ,നാല് മണി വരെ ചാറ്റിംഗ്,ഉറങ്ങിയപ്പോള്‍ ഒരു നേരം,എന്നിട്ട് രാവിലെ ഏഴു മണിക്കിറങ്ങണം എന്ന് പറഞ്ഞാല്‍ എങ്ങനെ നടക്കാനാ?ഏതായാലും ഇവന്റെ കാശ് കളയണ്ട ചെറായിയില്‍ കാണാം"
മാസലാമ..

അങ്ങനെ ചങ്ങനാശ്ശേരി,ആലപ്പുഴ,ചേര്‍ത്തല,എറണാകുളം,പറവൂര്‍ വഴി ചെറായിയിലേക്ക്..
വയ്പ്പിന്‍ വഴി ചെറായി റോഡ്‌ ബ്ലോക്ക്‌,വേറെ വഴി ഏതാണ്?
ചേട്ടാ ചെറായി ബീച്ച്..
"അയ്യോ നിങ്ങ രണ്ടു കിലോമീറ്റര്‍ ഇങ്ങു പോരുന്നല്ലോ.."
ചേട്ടാ അവിടെ റോഡ്‌ ബ്ലോക്ക്‌..
"ശരിയാണല്ലാ,നിങ്ങ നേരെ പൊക്കോ,പാലം കേറിയിറങ്ങുമ്പോ
അയ്യാറ് വളവുണ്ട്,അവിടുന്ന തെക്കോട്ട്‌ പോയിട്ട് സ്വല്‍പ്പ വടക്കോട്ട്‌..കുറച്ചേയുള്ളൂ.."
ചിച്ചു വണ്ടി വിട്ടോ..വളവു മാത്രം മനസ്സിലായി..
രണ്ടുമൂന്നു പാലവും,അഞ്ചാറു വളവും കഴിഞ്ഞപ്പോള്‍ അയ്യാറു വളവെത്തി..
ചോയ്ച്ചു ചോയ്ച്ചു മുന്നോട്ടു...



കടല്‍ കാറ്റ്,പഞ്ചാര മണല്‍,
വെയില്‍ കായാനുള്ള ബെഞ്ചുകള്‍
മുഴുവന്‍ റിസോട്ടുകള്‍..
ബെഡ് ആന്‍ഡ്‌ ബ്രേക്ഫാസ്റ്റുകള്‍
ബിയര്‍ പാര്‍ലറുകള്‍...
നാടനും,ഫോറിനുമായ എല്ലാ സായിപ്പുമാരുടെയും കാശ് കളയാനുള്ള സകല സെറ്റപ്പും ഉള്ള അടിപൊളി സ്ഥലം..

ഹരീഷിനെയും,ലതി ചേച്ചിയെയും മറ്റും സമ്മതിക്കണം,കിണ്ണന്‍ സ്ഥലം തന്നെ.

വണ്ടിയൊരു ചവിട്ട്,ഒറ്റ ചാട്ടത്തിനു ആരോ റോഡ്‌ കടന്നു..
ഒരു റിസോര്‍ട്ട്,കല്യാണമാണോ?കുറെ പേര്‍..മോനെ ബിരിയാണി ആശുപത്രിയില്‍ പോയി കഴിച്ചേനെ...
വണ്ടി മുന്നോട്ട്..
ചെറായി റിസോര്‍ട്ടില്‍ വണ്ടി പാര്‍ക്ക്‌ ചെയ്തു..
പരിചയമുള്ള ഒരു മുഖവുമില്ല..
ഹരീഷിനെ വിളിച്ചു..
ഭായ്,ജുനൈദാ..
"എവിടെത്തി?"
റിസോട്ടില്‍..
"ഞാന്‍ ഗേറ്റിന്റെ മുന്‍പിലുണ്ട്"
ഞാനും..
ഗേറ്റിന്റെ മുന്നിലാരുമില്ല..
"നേരത്തെ കണ്ടിട്ടില്ലാത്തത് കൊണ്ട് ആളെ അറിയുന്നില്ല..കയോന്നു പോക്കിക്കെ.."
രണ്ടു കയ്യും പൊക്കി ഗേറ്റിനു മുന്‍പില്‍ ഒന്ന് നടന്നു..
ഒരു കുഞ്ഞു പോലുമില്ലാഞ്ഞത് കൊണ്ട് ആരും കണ്ടില്ല..
ഹരീഷിന്റെ ശബ്ദം.."എന്നെ തന്നെയാണോ വിളിച്ചത്,അതോ നമ്പര്‍ മാറിയതാണോ?കയ്യും പൊക്കി ഇവിടാരേം ഞാന്‍ കാണുന്നില്ല.."
ഹരീഷേ ഇതെവിടാ..
"ഞാന്‍ അമരാവതിയുടെ മുന്‍പില്‍ തന്നെയുണ്ട്.."
വെരി ഗുഡ് ,ചെറായി ബീച്ച് റിസോര്‍ട്ടില്‍ നിന്നും കൈ പൊക്കിയാല്‍ അമരവതിയിലെങ്ങനെ കാണാനാ..മിയ കുല്പ്പാ,.
ചിച്ചു: ഇക്കാ നമ്മള്‍ വണ്ടി ചവിട്ടിയില്ലേ അതാ അമരാവതി...വല്ല ബ്ലോഗറുമാരിക്കും വണ്ടിക്കടിയില്‍ ചാടാന്‍ നോക്കിയത്‌..

ദെ,ഞാനെത്തി..
രണ്ടു മിനിറ്റ്,
അമരാവതിയുടെ മുന്‍പില്‍...




നിറഞ്ഞ ചിരിയോടെ കൈ പൊക്കി കൊണ്ട് ഹരീഷ്..
കല്യാണസൌഗന്ധികത്തില്‍ കാണുന്ന അത്ര ഭീമനൊന്നുമല്ല..
(ഹരീഷ്)

ജനപ്രിയ ബ്ലോഗര്‍ മനുജി എന്ന ജി.മനു.
(മനുജി സജ്ജിവേട്ടനൊപ്പം)

ആത്മാര്‍ത്ഥ കൂടിയത് കൊണ്ട് മാത്രം ദുബായിയില്‍ നിന്നും നെടുമ്പാശ്ശേരി വഴി ചെറായി ട്രിപ്പ്‌ വെച്ച വാഴക്കോടന്‍ ആന്‍ഡ്‌ ഫാമിലി..(മൂത്ത വാഴ മീറ്റ് ബഹിഷ്കരിച്ചു)
തലേന്നെ അച്ചിയില്ലാതെ കൊച്ചിയിലെത്തിയ പകല്‍..
ഒറ്റ കണ്ണനില്‍ കാണുന്ന പോലൊന്നുമല്ല..ആളൊരു ചുള്ളന്‍ തന്നെ..പയ്യന്‍..ഒരു സ്മാള്‍ തീഫ്‌..
(പകലന്‍,ഡോക്ടര്‍ & വാഴക്കോടന്‍)

പൂത്ത കാശും ഉമ്മര്‍ സ്റ്റയ്ലുമായ്‌,നല്ല ഗ്ലാമറോടെ പാവപെട്ടവന്‍..
ആരാണ് കൂടുതല്‍ പാവം?പാവത്താനും പാവപെട്ടവനും...
(പാവത്താനും പാവപ്പെട്ടവനും)

ഏറ്റവും ഭാരം കൂടിയ ബ്ലോഗര്‍ എന്ന പദവി കാര്‍ടൂണിസ്റ്റ് സജീവേട്ടന്റെ പക്കല്‍ നിന്നും അടിച്ചു മാറ്റിയ അഹങ്കാരത്തോടെ 124 കിലോയുമായ്‌ ശ്രീ പൊങ്ങ്സ്..
പദവി നഷ്ട്ടപെട്ടെങ്കിലും ഹാപ്പിയോടെ 118 കിലോയുമായ്‌ സജീവേട്ടന്‍ .
അന്നും ഇന്നും എന്നുംകുന്നും തോന്ന്യാസിയായ തോന്ന്യാസി..
(പൊങ്ങ്സ്,തോന്ന്യാസി,മുരളി മാലോത്ത്‌,സുല്‍)

ആദ്യമായ്‌ കാണുന്നതെങ്കിലും മുന്‍പേ പരിചയമുള്ളത് പോലെ,അതിലും സ്നേഹത്തോടെ ...
പത്തരയോടെ രജിസ്ട്രേഷന്‍് കഴിഞ്ഞു ചായയും കുടിച്ച്
ചക്കച്ചുളയും,കുമ്പിളപ്പവും കഴിച്ചു എല്ലാവരും അന്യോന്യം പരിചയപ്പെടുത്തി..
കിച്ചു,ഷംസുദ്ദിന്‍ മൂസാക്ക,നവീന്‍,വാവ.
(കിച്ചു )

എല്ലായിടത്തും കണ്ണും കയ്യുമായ്‌ ലതി ചേച്ചിയും സുഭാഷേട്ടനും..
(ജില്ലാതല ക്രിക്കറ്റ് സെലക്ഷന്‍ ഉള്ളത് കൊണ്ട് കണ്ണന്‍ എത്തിയില്ല...)
നിരക്ഷരന്‍,നന്ദന്‍.അനില്‍@
(നിരക്ഷരന്‍, നന്ദന്‍)

ബാംഗ്ലൂരില്‍ നിന്നും അരുണ്‍ കായംകുളവും,ശ്രീമതിയും അളിയനും
(ജുനൈദ്,സൂപര്‍ ഫാസ്റ്റ്‌ അരുണ്‍,വാഴക്കോടന്‍,ഇളയ വാഴ)

ഡോക്ടറും നാസും...
(ഡോക്ടറും നാസും)

ഓണ്‍ ഡ്യൂട്ടിയില്‍ ശമ്പളത്തോടെ മീറ്റിനെത്തിയ ചാര്‍വാകന്‍..
വിദ്യാര്‍ഥികളയാ ഹരീഷ് കണ്ണൂരും സുഹൃത്തും..
ജിപ്പൂസ്‌..ഹാരീസ്..
(ജിപ്പൂസ്‌ ഭാവി ബ്ലോഗര്‍ ഇളയ വാഴയോടൊപ്പം )

ധനേഷ്..
ഹന്ല്ലലത് ,കൊട്ടോട്ടികാരന്‍,
(കൊട്ടോട്ടികാരന്‍ വീര്‍പ്പിക്കുന്നു....(ബലൂണ്‍))

(ഹന്ലല്ലത് ഹരീഷ്,അപ്പു,യാരിദ്‌)

അങ്കിളും അങ്കിളിന്റെ ആന്റിയും..
ഗോപെകും മകനും..
ബഹറിന്‍ ബൂലോകത്തു നിന്നും അച്ചായന്‍ സജി.
പാവത്താന്‍,നൊമാദ് അനീഷ്‌,ശ്രീലാല്‍..
(അപ്പു,ശ്രീലാല്‍,നൊമാദ്,ഞാന്‍)

ഒറ്റമഴയുടെ കുളിര്‍മയും,പച്ചയുമായ്‌ സെറീനാ..
പിരികുട്ടി..ബിന്ദു കെ.പി,
സമാന്താരന്‍,അരീക്കോടന്‍ മാഷ്‌
(ബാബുരാജ്‌,സമാന്താരന്‍,അരീക്കോടന്‍ മാഷ്‌)

മുള്ളൂക്കാരന്‍,വല്യമ്മായി,തറവാടി,അപ്പു,ഷിജു,

(അപ്പൂട്ടന്‍)

ചിത്രകാരന്‍,
കേരള ഫാര്‍മര്‍,ജോ,
എഴുത്തുകാരി ചേച്ചി,മകള്‍ പ്രിയ..
കണ്ണും നെറ്റിയും മാത്രം കാണിച്ചു,ചിരിച്ചു പേടിപ്പിക്കുന്ന ചാണക്യന്‍..
തേങ്ങയുടച്ചു കൊണ്ട് സുല്‍..
വെള്ളായണി വിജയന്‍ മാഷ്‌..
സിജു..
നാട്ടുകാരന്‍..
വരമൊഴി സിബു..
ഡോ.ജയന്‍ ഏവൂര്‍..
ഷരീഫ് കൊട്ടാരക്കര..
വേണു,കുമാര്‍ നീലകണ്ഠന്‍..
മുരളി മാലോത്ത്‌,
വിനയന്‍..
മണികണ്ഠന്‍
ബിലാത്തി പട്ടണം മുരളി ചേട്ടന്‍..
അങ്ങനെ ...ഒരിക്കലും കാണുമെന്നു പ്രതീക്ഷിക്കാതെയിരുന്ന എത്ര എത്ര പേര്‍...
രണ്ടു അനോണി ബ്ലോഗറുമാരും മീറ്റിനു വന്നിരുന്നു...ഇവര്‍ ആരെന്നരിയുന്നവര്‍ ഉടന്‍ തന്നെ വാഴക്കോടനെ അറിയിക്കേണ്ടതാണ്..
(അനോണികള്‍ )

പരിചയപെടുത്തല്‍ കഴിഞ്ഞതോടെ എല്ലാവരുടെയും കാരിക്കേച്ചര്‍ വരയ്ക്കാന്‍ സജീവേട്ടന്‍ തയ്യാറായി..
മനുവാരുന്നു ആദ്യ ഇര..


പിന്നീട് ഏകദേശം മൂന്നു മൂന്നര മണിക്കൂര് കൊണ്ട് എല്ലാവരും സജീവേട്ടന്റെ വരയുടെ മാസ്മരികത അറിഞ്ഞു..
ബ്ലോഗ്‌ കൂട്ടായ്മയില്‍ നിന്നും ഉരുത്തിരിഞ്ഞ ഈണം എന്ന സംഗീത ആല്‍ബത്തിന്റെ പ്രകാശനം കര്‍മ്മവും തഥവസരത്തില്‍ നടന്നു.ശ്രീ ആദ്യാക്ഷരി അപ്പു ആദ്യ കോപ്പി സുഭാഷേട്ടന് നല്കിയാരുന്നു ഉദ്ഘാടനം.

അതിനിടയില്‍ ബിലാത്തിപട്ടണം മുരളി ചേട്ടന്റെ മായാജാലം മഹേന്ദ്രജാലം..
അപ്രത്യക്ഷമാകുന്ന അഞ്ചു രൂപാ നാണയം..വാനിഷിംഗ് ആക്റ്റ് ..
അരീക്കോടന്‍ മാഷിന്റെ മകളുടെ അതി മനോഹരമായ കവിതാ പാരായണം..കോതമ്പു മണികള്‍..


അത് കഴിഞ്ഞതോടെ എല്ലാവരും ഫുഡ്‌ വാനിഷിംഗ് എന്ന ആരും പഠിപ്പിച്ചു കൊടുക്കെണ്ടാത്ത,അതി ഗംഭീര മായാജാലത്തിലേക്ക് കടന്നു..
മനോഹരമായ ഭക്ഷണം..ചോറും,കരിമീന്‍ വറുത്തതും,മീന്‍ കറിയും,പുളിശേരിയും,സാമ്പാറും,പയര് മെഴുക്കുപുരട്ടിയും,കാബേജ് തോരനും,നാരങ്ങ അച്ചാറും..
ചെമ്മീന്‍ കട്ട്‌ലെറ്റും ,കണ്ണി മാങ്ങ അച്ചാറും സ്പെഷ്യല്‍.
ഫ്രൂട്ട് സലാഡ്‌ എന്ന മധുരവും...

എല്ലാവരും യാത്ര പറയാനുള്ള ഒരുക്കത്തില്‍..
താന്‍ ചെന്നാലും ഇല്ലെങ്കിലും നാല് മണിക്ക്‌ ട്രെയിന്‍ പോകും,അതിനു മുന്‍പ്‌ അവിടെത്തണം എന്ന ആധിയില്‍ മനു..എന്നാലും ഒരു കവിത ചൊല്ലിയിട്ട്‌ പോയാല്‍ മതിയ്യെന്ന ലതി ചേച്ചിയുടെ നിര്‍ബന്ധത്തില്‍ രാധയും അച്ഛനും പ്രപഞ്ചത്തെ കാണാന്‍ രാത്രിയില്‍ ആകാശം നോക്കുന്ന മനോഹര കവിത മനു ചൊല്ലി..ഉടനെ ഓടി..
ചാര്‍വാകന്റെ നാടന്‍ പാട്ട്,
പിന്നീട് വാഴക്കൊടന്റെ മിമിക്രിയും മാപ്പിള പാട്ടും..(വാഴേ ഇതിനു നിന്നോടെ ദൈവം ചോദിക്കും)
ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ മധുസൂദനന്‍ നായരുടെ അതി മനോഹര കവിത അതിലും മനോഹരമായി വിനയന്‍ ആലപിച്ചു..

പോകാനുള്ള സമയം...
ഒരു മുന്ജന്മത്തില്‍ നിന്നും സ്നേഹത്തിന്റെ കാണാ നൂലുകള്‍ നീണ്ടു നീണ്ടു വന്ന് തഴുകുന്ന ഒരു അനുഭൂതി...
തോന്ന്യാസിയെയും,പൊങ്ങ്സിനെയും കൂടെ കൂട്ടി..ഒരിക്കലും മറക്കാന്‍ കഴിയാത്ത ഒരു യാത്ര.
തോന്ന്യാസിയെ പറവൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ ഇറക്കി..
പൊങ്ങ്സിനെ ആലപ്പുഴയിലും..
ഒരു പോസ്റ്റിനുണ്ട് പൊങ്ങ്സിനോപ്പം ആലപ്പുഴ വരെ പോയത്,
അത് പിന്നൊരിക്കല്‍..

ചെറായിലെ സുഹൃദ്സംഗമം...പങ്കെടുത്തവര്‍

Friday 24 July 2009

ഇഷാല്‍ ഹൌല ജുനൈദ്

കരള്‍ പറിച്ചു കാത്ത
പതിനാലു ദിനങ്ങള്‍ കൊഴിഞ്ഞു
പ്രിയ ഇഷാല്‍
ഇത് നമ്മുടെ വീട്...
നീ ഞങ്ങളുടെ പ്രാണന്‍.

ഓക്സിജന്‍ കൂട്ടില്‍
ട്യൂബുകള്‍ നിറഞ്ഞ
നിന്‍ മുഖം..
മരുന്നിനൊന്ന്,
ഗ്ലൂകോസിനോന്നു,
താപത്തിനൊന്നു,
ഓക്സിജനൊന്നു
എന്ന കണക്കില്‍
കുഴലുകള്‍ ചുറ്റി
കരയാനാകാതെ
കണ്ണ് നിറഞ്ഞെന്റെ
പോന്നു മോള്‍...
കാണിച്ചില്ല,കണ്ടില്ല
നിന്റുമ്മി ഈ രൂപം
നാല് നാള്‍...

അഞ്ചാം നാള്‍
NICU-വില്‍
ഒരു വിങ്ങലോടവള്‍ ചോദിച്ചു
ഇതിലേതാണ്
ഏതാണ് നമ്മുടെ ജീവന്‍?
അറിയില്ലല്ലോ..
ഞാനറിയുന്നില്ലല്ലോ
എന്റെ പ്രാണനെ...
പഞ്ഞി വീണാല്‍ കത്തും
മനസ്സുമായി
ചിരിക്കും മുഖവുമായ്‌
കളിയോടെ കയ്യിലമര്‍ത്തി,
സ്നേഹം പറഞ്ഞടക്കി
അവളുടെ നൊമ്പരം..

അവികസിത ശ്വാസകോശവുമായ്
എട്ടാഴ്ച മുന്‍പേ വന്നവള്‍
വേദനയോടെ പ്രാണനിലേക്ക്
ആഞ്ഞു ശ്വസിച്ച
എന്റെ ജീവകോശത്തിലേക്ക്
മരുന്നായ്‌,സ്നേഹമായ്‌
പ്രാര്‍ത്ഥനയായ്‌ നിന്ന പ്രിയരേ,
നന്ദി ഒരായിരം നന്ദി
എന്റെ കുട്ടിയെ
തിരികെ തന്ന ദൈവമേ
നന്ദി...

നിന്‍ ചെറു ചിണ്ങ്ങലും
ചിരിയും കരച്ചിലും
നേര്‍ത്ത സംഗീതം...
വഴിയില്‍ നിന്നൊരു കാറ്റ്
മിഴി തഴുകി കടന്നു പോകുന്നു
നീയെന്റെ കണ്ണീരിന്റെയുപ്പ്‌
വിയര്‍പ്പിന്റെ മണം...
ഞങ്ങളുടെ ജീവന്‍....

Dr.അനില്‍ കുമാര്‍,Dr.നെല്‍ബി,NICU-വിലെ സ്റ്റാഫ്‌ Sis.പ്രെറ്റി,Sis.ബീന,പിന്നെ പേരറിയാത്ത ഒത്തിരിപേര്‍
എല്ലാവരോടും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കട്ടെ,പറഞ്ഞാല്‍ തീരുന്നതല്ല എങ്കിലും..
ജുനൈദ്,ഫസീ,ഇഷാല്‍...

JULY 10-ഇന്ന് ഞങ്ങളുടെ പൊന്നോമനയുടെ ഒന്നാം പിറന്നാള്‍..