Trending Books

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Monday, 27 July 2020

പുര നിറഞ്ഞ ആൺപിള്ളേർ - ശരത്ത് പയ്യാവൂരിന്റെ കവിതകൾ

                   




ഏകാന്തതയുടെ പലവിധ പടവുകൾ

 ഡേവിഡ് റൈസ്മാൻ, നഥാൻ ഗ്ലേസർ റുഏൻ ഡെന്നി എന്നിവർക്കൊപ്പം, എഴുതിയ ‘ദി ലോൺലി ക്രൌഡ്’ എന്ന പുസ്തകത്തിൽ മൂന്ന് സാംസ്കാരിക തരങ്ങളെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. പാരമ്പര്യ രീതിയിൽ മുന്നോട്ടു പോകുന്നത്, സ്വയം നീങ്ങുന്നത്, ബാഹ്യ ഇടപെടലുകളാൽ നയിക്കപ്പെടുന്നത്. ഇതിൽ പരമ്പരാഗത ശൈലി കാര്യമായ പുരോഗതി ഉണ്ടാക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു. എന്നാൽ സ്വയം തിരഞ്ഞെടുത്ത പാതയിൽ മുന്നേറിയവർ അവനവനിലുള്ളിലെ സാധ്യതകൾ കണ്ടെത്തുക്കയും പാരമ്പര്യ വഴികളിൽ നിന്നും മാറി സഞ്ചരിച്ച് തന്റേതായ പാത തുറക്കുകയും ചെയ്തു. അത്തരത്തിൽ സ്വയം വെട്ടിത്തുറന്ന പാതയിലൂടെ സഞ്ചരിക്കുന്നവയാണ് ശരത് പയ്യാവൂരിന്റെ കവിതകൾ.

 മാർക്ക് ട്വൈനിന്റെ ഹക്കിൾബെറി ഫിൻ പറയുന്നുണ്ട്, “അതിഭീകരമായ ഏകാന്തതയിൽ ഞാൻ പെട്ടിരിക്കുന്നു, മരിച്ചിരുന്നുവെങ്കിലെന്ന് വല്ലാതെ ആഗ്രഹിച്ചുപോയി. ഉറങ്ങുകയെന്നതായിരുന്നു അതു മറികടക്കാനുള്ള ഏകവഴി.” ഏകാന്തതയെ മറികടക്കാനുള്ള ശരത്തിന്റെ വഴി കവിതകളാണ്. ‘പുര നിറഞ്ഞ ആൺപിള്ളേർ’ എന്ന ആദ്യ കവിതാസമാഹാരത്തിൽ ഏകാന്തത നിറയുന്ന കവിതകളാണുള്ളത്. ഏകാന്തതയുടെ പല പടവുകളിലൂടെ വായനക്കാർ കയറിയിറങ്ങുന്നു. പല രൂപത്തിൽ, പല ആളുകളിലൂടെ. ഒറ്റക്കുള്ള ചുറ്റിക്കറങ്ങലുകൾ, അതിലൂടെയുള്ള കാഴ്ച്ചകൾ ഇവയിലൂടെയെല്ലാം ശരത് വായനക്കാരെ കൊണ്ടുപോകുന്നു. കണ്ണൂരിന്റെ ഗ്രാമ്യ ഭാഷയിലൂടെ, തനത് പ്രദേശങ്ങളിലൂടെ.

 ശ്മശാനത്തിന് പ്രേമലേഖനമെഴുതിയ തയ്യൽക്കാരനായാലും, ചെത്തുകാരൻ വാസുവായാലും, മറൈൻ ഡ്രൈവിലെ പ്രാവുകളെ നോക്കി സുഹൃത്തുക്കളിരുന്ന തണുത്ത കരിങ്കല്ലും, ഓർമ്മകളിലൂടെ വളർന്ന വാഴത്തോട്ടവും, പിടിവിട്ട വരാലുകളും ഇറച്ചിവെട്ടുകാരനായ ആശാരിയും ഇതുതന്നെ പറയുന്നു.

 അയാൾ
വീതുളിക്ക് പകരം കത്തിയും,
മരത്തിനുപകരം പന്നിയും,
തിരഞ്ഞെടുത്ത്
വിശപ്പിന്റെ ചിത്രം കൊത്തുന്നു.” (പ്രേമത്തിന്റെ നിലവിളി)

 ചായക്കടക്കാരൻ നാരേട്ടനിലൂടെ (നാരേട്ടനെന്ന കൊടിയടയാളം), നാടിനോടും, നാട്ടാരോടും കടപ്പാടുള്ള നാടകം കൊണ്ടുവന്ന ഭാസിയെന്ന ചെക്കനെ ഓർമ്മിക്കുന്ന അമ്മമ്മയിലൂടേയും (തോപ്പിൽ ഭാസിയും എന്റെ അമ്മമ്മയും) ഈങ്ക്വിലാബിന്റെ മുഴക്കമുള്ള ഏകാന്തതയും, സഹകരണാശുപത്രിയിൽ കുഞ്ഞിരാമനെന്ന പേരിൽ ജനിക്കേണ്ട കുഞ്ഞുങ്ങളിലൂടെ (സഹകരണാശുപത്രി) സ്വപ്നങ്ങളുടേയും, നഷ്ടങ്ങളുടേയും ഏകാന്തതയിലേക്കും, ത്രേസ്യ എന്ന ഉപമയിൽ മുങ്ങിപ്പൊങ്ങുന്ന ആട്ടിൻ പാൽ മണമുള്ള ഒരു നാടിന്റെ ഏകാന്തയിലേക്കും വായനക്കാരെ ശരത് വര(ലി)ച്ചിടുന്നു.

 വിശാലമായ ലോകത്ത്
നമ്മൾ ചെറിയചെറിയ ഇടങ്ങളിൽ
കുടുങ്ങിയതുപോലെ, അല്ല,
കുടുക്കിയതുപോലെ” ( ആനയും ഉറുമ്പും: മനുഷ്യനും ലോകവും)

 എന്ന് ശരത് പറയുമ്പോൾ തുമ്പിയിൽ കുടുങ്ങി(ക്കി)യ ഉറുമ്പിലൂടെ  വിപ്ലവത്തിന്റെ, മാറ്റത്തിന്റെ ഏകാന്തയിലൂടേയും വായനക്കാർ കടന്നുപോകുന്നു.

 കിൻഡിൽ പ്ലാറ്റ്ഫോമിലൂടെ ശരത് പയ്യാവൂരിന്റെ കവിതകൾ ‘പുര നിറഞ്ഞ ആൺപിള്ളേർ’ ഇതാ നിങ്ങളിലേക്ക്.

 

വില ₹49

https://www.amazon.in/gp/product/B08DLN7HD5/ref=ppx_yo_dt_b_d_asin_title_o00?ie=UTF8&psc=1

ജുനൈദ് അബൂബക്കർ


Wednesday, 23 January 2019

അല്ലാതെന്ത്? - ടി. പി. വിനോദ്



ലാപുട എന്ന ബ്ലോഗ് വഴി ടി. പി. വിനോദ് എന്ന പേര് അറിയുന്നത് 2009 മുതലാണ്. കാരണം ആ വർഷമാണ് ഞാൻ ബ്ലോഗ് തുടങ്ങുന്നത്. അതിനും മൂന്നു വർഷം മുൻപ് തന്നെ ടി.പി കവിതയുടെ തട്ടകം യൂണിക്കോടിലേക്ക് പറിച്ചുനട്ടിരുന്നു, മലയാളം ബ്ലോഗെഴുത്തിന്റെ തുടക്കക്കാരിലൊരാൾ. 

കണ്ണിനുമുന്നിൽ വരുന്നയെന്തിനേയും കവിതയിൽ കൂട്ടിക്കെട്ടുന്നതു കണ്ട് അൽഭുതപെട്ടിട്ടുണ്ട്. അത് വെള്ളരിക്കയായാലും, ഏകാന്തതയായാലും, രാത്രിയിൽ ആളൊഴിഞ്ഞ, തിരക്കൊഴിഞ്ഞ റോഡിലെ ട്രാഫിക് ലൈറ്റായാലും അതിൽ നിന്നെല്ലാം കവിത രസകരമായി ഒഴുകിവരുന്നത് ടി.പി കാണിച്ചുതരുന്നു. 
ചെറിയ ചെറിയ വരികളിലൂടെ വ്യക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു അവയെല്ലാം. നവ മാധ്യമങ്ങൾ, ഉപയോഗങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട്.

അല്ലാതെന്ത് ? എന്ന സമാഹാരത്തിലെ ആദ്യ കവിത തന്നെ നോക്കൂ

കഥാർസിസ്

ബാബ്‌രി മസ്ജിദ് പൊളിച്ചതിൽപ്പിന്നെ
ഹിന്ദു കൂടുതൽ ഹിന്ദുവും
മുസ്ലീം കൂടുതൽ മുസ്ലീമുമായതുപോലെ
എന്നൊരു മൂന്നുവരി ഉപമ
കുറേനേരമായി മനസ്സിൽ അലമ്പുണ്ടാക്കുന്നു.

എവിടെയെഴുതണമെന്നോ
എന്തിനെഴുതണമെന്നോ
ആളുകളെന്തുവിചാരിക്കുമെന്നോ
ഒരെത്തുംപിടിയും കിട്ടുന്നില്ല.

പ്രിയപ്പെട്ടവളേ,
ആ മൂന്നുവരി കമന്റായെഴുതാൻ പറ്റിയ
ഒരു കവിതയെഴുതി ഫേസ്ബുക്കിലിട്ട്
എന്നെ രക്ഷിക്കില്ലേ ?

പണ്ടുണ്ടായിരുന്ന ഒരു രാഷ്ട്രത്തെപ്പറ്റി 2514 ലെ യൂറോപ്പില്‍ ഒരു മുത്തശ്ശി പേരക്കുഞ്ഞിനോട് പറഞ്ഞ സാരോപദേശകഥ - 

ഈ കവിതയിലെ അഞ്ചാം ഭാഗം5
എന്നാല്‍
അതേ സന്ധ്യയില്‍
അതേ രാജ്യത്തിന്‍റെ
അതേ പരിസരങ്ങളില്‍ തന്നെ
തീട്ടത്തലയനായ വര്‍ഗ്ഗീയവാദി
തന്റെ ദൈവത്തെയോ
നേതാവിനെയോ
പുസ്തകത്തെയോ
ആരോ എവിടെയോ
വിമര്‍ശിച്ചിട്ടുണ്ടെന്ന് കേട്ട്
അയാളെ കൊല്ലാനും
ലഹളയുണ്ടാക്കാനുമായി
വീട്ടില്‍ നിന്നിറങ്ങി

രാസപ്രക്രിയ പോലെ ഒരോ വായനയിലും മാറിമാറി വരുന്ന അർത്ഥങ്ങൾ, രസങ്ങൾ ടി.പി. വിനോദിന്റെ അല്ലാതെന്ത്? 
അവതാരിക : പി.എൻ.ജി
പഠനം : സുധീഷ് കൊട്ടേമ്പ്രം
ചിന്ത പബ്ലിഷേഴ്സ്
പേജ്: 144 വില: 130 രൂപ

Friday, 23 February 2018

ജെ എന്ന ഫോൾഡർ

ജെ എന്ന ഫോൾഡർ

നമ്മൾ ഉപേക്ഷിച്ച സംഭാഷണങ്ങൾ കൊണ്ട് 
തീർത്ത ശിൽപമായിരുന്നുവത്,
രണ്ട് ചുംബനങ്ങളുടെ ഇരട്ടത്താഴാൽ 
സുരക്ഷിതമാക്കപ്പെട്ട രഹസ്യ അറ,
ജിന്നിനെ കാണാൻ വരുന്ന
മിന്നാമിന്നികളുടെ രാജ്ഞി തൂകുന്ന വെളിച്ചമുള്ള,
നിനക്കായി മാത്രം വിരിഞ്ഞ ഗന്ധരാജന്റെ
മണം തങ്ങിനിൽക്കുന്ന രഹസ്യ അറ,
പ്രണയോദ്ദേശം  ചോദ്യം ചെയ്തപ്പോൾ 
ഉത്തരം വിക്കിയ രാത്രിയിൽ,
ദേഷ്യത്തിന്റെ ഒറ്റക്കുത്തിൽ ഉടഞ്ഞുപോയത്, 
തുറക്കുമ്പോൾ ശൂന്യമെന്ന് തോന്നുമെങ്കിലും,
വിലക്കപ്പെട്ട സുഹൃത്തിന്റെ ഓർമ്മകൾ 
നിറഞ്ഞുതുളുമ്പുന്ന ജെ എന്ന ഫോൾഡർ ...

ഉണർത്തിയെടുക്കാമോ?



ആരും കാണാത്ത കണ്ണുനീർ പോലെ
കാലിൽ പറ്റിച്ചേർന്ന മണ്ണുപോലെ
താഴെ വീഴുന്ന തൂവലുപോലെ
എല്ലാവരും മറന്നുപോയ
മരത്തിന്റെ ആദ്യ ഇല പോലെ
മണ്ണുമായി അത്രയും ഇഷ്ടപ്പെട്ടുപോയ
വേരിന്റെ കുഞ്ഞുമുഖം പോലെ
വറ്റിപ്പോയ ഉമിനീരു പോലെ
ഒട്ടിയടഞ്ഞ വായും നാക്കും പോലെ
ഒറ്റയ്ക്കൊറ്റയ്ക്ക് കൂട്ടുകൂടാനാവാതെ
എന്റെ ചുറ്റും നിൽക്കുന്നുണ്ട് ഇവരെല്ലാം

നിശ്ശബ്ദദതയ്ക്ക് ഒട്ടും ഒച്ചയില്ലെന്നത് സത്യമാണ്
കൂട്ടിന് കൊട്ടിയടഞ്ഞുപോയ ചെവികളുമുണ്ട്

ആരെങ്കിലും,
നല്ലൊരു വെടിയൊച്ചകൊണ്ട് ഞെട്ടിച്ച്
എന്നെയൊന്ന് ഉണർത്തിയെടുക്കാമോ?

Monday, 7 August 2017

കറുപ്പ്

കറുപ്പ്

ഞങ്ങളിലെ നിറങ്ങളിൽ നിന്നും
കറുപ്പുമാത്രം എടുത്തുകൊള്ളുക
ഞങ്ങൾക്കതു വേണ്ടുവോളമുണ്ട്
മായം ചേരാത്ത വിശുദ്ധമായ നിറം

നിങ്ങളുടെയുള്ളിലേക്കു നോക്കിയാൽ
ചിലപ്പോളതു കണ്ടെത്താനായേക്കും
പുറമേയുള്ള നിറങ്ങളിൽ നിന്നുമൂറിക്കൂടിയ
കറുകറുത്ത കറകളാണെന്നുമാത്രം

ഞങ്ങളുടെ നാദങ്ങളിൽ നിന്നും
ചങ്ങലക്കിലുക്കം മാത്രമെടുത്തുകൊള്ളുക
കൈമണിത്താളമെന്ന് തെറ്റിദ്ധരിക്കേണ്ട
സ്വാതന്ത്ര്യത്തെ വെളിപ്പെടുത്തുന്ന
നിർമ്മലമായ സംഗീതമാണത്
നിറങ്ങൾ വേർതിരിച്ച മതിലിന്റെ പിന്നിൽ
ഞങ്ങൾ ഞങ്ങളെന്നൊരുമിക്കും ചിലമ്പൽ

ലോകമേ,
കറുപ്പ് ഒരു ‘സവർണ്ണ’ വർണ്ണം
ഇരുട്ടെന്നുകാട്ടി നിങ്ങൾ മറച്ചുവയ്ക്കുന്നു,
ചങ്ങലയൊരു വ്യാജ ബിംബം
അടിമത്തം നിങ്ങളതിൽ വലിച്ചുകെട്ടുന്നു

#സഹറാവീയം

Tuesday, 4 July 2017

മ്പേ...മ്പേ...


ജുനൈദ് തിരിഞ്ഞുനോക്കി
അതാ ബോഗിയിലൊരു പശു
കാവികലർന്ന ചോപ്പുനിറം
ശൂലം പോലുള്ള കൊമ്പുകൾ........
എല്ലാ സംസ്ഥാനങ്ങളും
ഗാന്ധി സംസ്ഥാനമെന്നു കരുതുന്ന രാജാവേ
ഇതു ഞങ്ങളുടെ നാട്ടിലെ പശുവല്ലാ....
ദേശീയ മൃഗമല്ലാ,
ഗായ് ഏക് പാൽതൂ ജാൻ‌വർ ഹെ!!!!
നെഞ്ചിലൂടൊലിച്ചിറങ്ങുന്ന ചുവപ്പിൽ
ചവിട്ടിനിൽക്കുന്നവർക്ക്
പറയുന്നതൊന്നും മനസ്സിലാകുന്നേയില്ല...
കൃഷ്ണാ നിന്നെയുമിവരറിയുന്നില്ലല്ലോ
ചുവപ്പിച്ച കൊമ്പുകളുള്ള കാവിപ്പശുക്കൾ

ചർച്ച



അവധിയെക്കുറിച്ചും
അപ്പോളുള്ള ചടങ്ങുകളിൽ
ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് നീയും,
കിട്ടാത്ത അവധിയേയും,
ആ ആഴ്ച്ചകളിൽ നമ്മളിൽ നിന്നും
അകന്നുപോകുന്ന വാക്കുകളെക്കുറിച്ചും,
നമ്മുക്കിടയിലെ പ്രണയക്കായൽ മൂടാനിടയിള്ള
മറവിപ്പോളകളെക്കുറിച്ച് ഞാനും വ്യാകുലപ്പെടുമ്പോൾ
ഇവയോടൊന്നും യാതൊരു ബന്ധവുമില്ലാത്ത
നിശ്ശബ്ദത
താര സംഘടന
ആരാധകർ
പിറന്നാൾ പാർട്ടികൾ
പാചകക്കുറിപ്പുകൾ
കുട്ടികളുടെ പാർക്കുകൾ
സാംസ്കാരിക ചവറുകൾ
കാണാനിടയില്ലാത്ത സ്ഥലങ്ങൾ
ജോലിത്തിരക്കുകൾ
പശുവളർത്തൽ
നൂലുകെട്ടിയിറങ്ങുന്ന ചിലന്തികൾ
ഡയറ്റിങ്ങ്
കേശ സംരക്ഷണം
ഉറക്കമില്ലായ്മ
ഇവയെല്ലാം ചർച്ച ചെയ്യുന്നു.
അല്ലെങ്കിലും
പ്രണയത്തെപ്പറ്റിപ്പറയാൻ
ആർക്കാണിവിടെ സമയം?

Wednesday, 31 May 2017

ഭൂമിയുമൊത്തുള്ള നിന്റെ സെൽഫികൾ

ഭൂമിയുമൊത്തുള്ള നിന്റെ സെൽഫികൾ

നിന്നേക്കാളുമുയരത്തിൽ വളർന്നു‌-
ണങ്ങിപ്പോയ കോമ്പുല്ലുകളുടെ
തവിട്ടു നിറങ്ങൾ ഗ്രീഷ്മമെന്നും,
നിന്റെ കനം കുറഞ്ഞ  ഇളം നിറമുള്ള ഉടുപ്പി-
നുള്ളിലേക്ക് കടന്നുനിൽക്കുന്ന വരണ്ടകാറ്റ്
ചൂടിനെക്കുറിച്ചും പറയുന്നതെനിക്കു കാണാം

കടുകുപാടങ്ങൾ വിരിച്ച
മഞ്ഞപ്പൂക്കളുടെ മെത്തകൾ
വസന്തമെന്നും പറയുന്നു,
നിനക്കുമതേ മണമെന്ന്
നിന്നെ ചുറ്റിമൂളുന്ന
ഇരുനിറമുള്ള വമ്പൻ തേനീച്ചകൾ

നിന്നെയും, നീയും കെട്ടിപ്പിടിക്കുന്ന
ഇലയില്ലാ മരങ്ങൾ ശിശിരമെന്നുമൊക്കെ
പറയുന്നുണ്ടെങ്കിലും, മാറിമാറി വരുന്ന
പശ്ചാത്തലങ്ങളൊന്നും ഞാനറിയുന്നേയില്ല,

എന്റെയെല്ലാ ഋതുക്കളും
നിന്നിൽ നിന്നുമാരംഭിച്ച്
നിന്നിൽത്തന്നെ അവസാനിക്കുമ്പോൾ
മാറിമാറി വരുന്ന
പശ്ചാത്തലങ്ങളൊന്നും ഞാനറിയുന്നേയില്ല..





Monday, 8 May 2017

തരുകന്യക

തരുകന്യക

കഴിഞ്ഞ വേനലിൽ
മത്സ്യ കന്യകയെന്ന ഭാവത്തിൽ
ജലാശയങ്ങളിലായിരുന്നു നീ;
പായൽ പൊതിഞ്ഞ സൂക്ഷിക്കുന്ന
മണ്ണതിരുള്ള പച്ചക്കുളത്തിൽ,
ആകാശം വീണുനീലിച്ച
സ്വിമ്മിങ്ങ് പൂളുകളിൽ,
പാടകെട്ടിയ, അടികാണാത്ത
കിണറുകളുടെ കറുത്ത വൃത്തങ്ങളിൽ,
ഉപ്പുമണൽചവച്ച് പതഞ്ഞ
തോന്നിയ നിറം വാരിപ്പൂശുന്ന
താന്തോന്നിക്കടലുകളിൽ;
വിവാഹിതരായ മത്സ്യകന്യകളെ‌-
യെന്തുവിളിക്കുമെന്ന ചോദ്യത്തോടെ
തലപൊക്കുമ്പോൾ മാത്രം
നീയായിരുന്നുവെന്നറിഞ്ഞ വേനൽ.

ഈ വേനൽ കാടുകളിലാണത്രേ!
ഇല്ലാതാകുന്നവയുടെ മനസ്സറിയാൻ
ഒരേനിറമുള്ള മരശരീരങ്ങളിൽ
ചേർന്നു നിൽക്കുമ്പോൾ,
നിനക്കുമതേ നിറം, അതേയുടൽ,
തരുകന്യയായി മാറുന്ന
നിന്നെ തിരിച്ചറിയാൻ മാത്രം
തായ്ത്തടിയിൽ പുതച്ചിരിക്കുന്ന പഷ്മിന ഷോൾ
താജ്മഹൽ നിറമുള്ള ഹാൻഡ് ബാഗ്,

തിരിച്ചറിയൽ!
എത്രയാപേക്ഷികമാണത്.
മരവുരിയിൽ ചേർത്തുപൊതിഞ്ഞ്,
കൈസഞ്ചിയിലെ വിത്തുകൾ
വിതറി മുളപ്പിച്ച്, നിന്നിലും
പച്ചപേറുവാനെത്രനേരം..
തിരിച്ചറിയാതാവാനെത്രനേരം...

എങ്കിലും, വിവാഹിതരായ മരകന്യകളെ-
യെന്തുവിളിക്കുമെന്ന സംശയശബ്ദം
നീയവിടെയുണ്ടെന്നിപ്പോഴും പറയുന്നു...

Sunday, 16 April 2017

വയലറ്റ് പൂക്കൾ

വയലറ്റ് പൂക്കൾ

വിരിഞ്ഞുനിൽക്കുന്നയനേകം
വയലറ്റ്  നക്ഷത്രങ്ങളെപ്പൊതിഞ്ഞ്
രാത്രിയുടെ നനഞ്ഞ ഓവർക്കോട്ട്;
ഇടയിലൊന്നുരണ്ടെണ്ണം 
ഹെന്നയിട്ട നിന്റെ മുടിയിഴകളെ
ഓർമിപ്പിക്കുവാനായി മാത്രം
വലത്തേക്കുനീങ്ങി ചുവന്നുമിന്നുന്നു..

വീഴ്ച്ച

വീഴ്ച്ച

അങ്ങ് മോളീന്ന്,
മോളീന്ന്?
സുഖവാസ കേന്ദ്രത്തീന്ന്,
അതെ, മലമോളിലെ
അവിടുന്നുതന്നെ

ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്...
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്....
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?

ഒരു വല്യ ഉരുളൻ കല്ല്
വാഴയിൽ തട്ടി...
വാഴയിൽ തട്ടി?
വഴിവെട്ടി,
വണ്ടി മറിച്ച്,
തുണിയിൽച്ചുറ്റി,
കഴുക്കോലിൽത്തൂങ്ങി,

ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?

കോളേജിലെത്തി
ചെക്കനെക്കൊന്ന്
അമ്മയെത്തല്ലി
ശാഖേലെത്തി
ചെക്കനെക്കൊന്ന്
കാക്കിയിൽക്കേറി
കൊഞ്ഞനം കുത്തി
കൊടിയിൽക്കേറി
കോണാനുടുത്ത്

ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്....
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്...
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?

ഉണ്ടയായി, ഉണ്ടയായി
ഉണ്ടയായി, ഉണ്ടയായി?
സഞ്ചിയിൽക്കേറി
ഉണ്ടയില്ലാത്ത
തോക്കിൽക്കേറി

ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്....
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്...
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?

ഒറ്റ വീഴ്ച്ച...
ഒറ്റ വീഴ്ച്ച?
ചറപറാ വീഴ്ച്ച...
ങാ, ചറപറാ വീഴ്ച്ച..

കാണ്മാനില്ല


കാണ്മാനില്ല 
ചായം പൂശാത്ത പഴയൊരു മതിലിൽ 
പരസ്യം പതിയ്ക്കരുതെ-
ന്നെഴുതിയിരിക്കുന്നതിന്നടുത്ത്
കാറ്റിനോടൊപ്പം പറക്കാൻ വെമ്പുന്ന
രണ്ടു നിറങ്ങളിലെ പൂക്കൾ
വിരിയുന്ന മരങ്ങളുടെ ചുവട്ടിൽ
അതേ നിറങ്ങൾ പടരുന്ന
ഒറ്റവസ്ത്രത്തിനു മുകളിൽ
വെളുത്ത ഉടുപ്പണിഞ്ഞ
കാണാതായൊരു പ്രണയം;
കണ്ടുകിട്ടിയാൽ ബന്ധപ്പെടാനുള്ള
വിലാസം മാത്രം ആരോ കീറിയെറിഞ്ഞിരിക്കുന്നു

Thursday, 23 February 2017

ഇലപ്രാണികൾ

ഇലപ്രാണികൾ

ഞരമ്പുകളിൽ
നമ്മുടെ പേരുകളെഴുതിയ രണ്ടിലകൾ
ഒരു ഇലപ്രാണിയുടെ
ചിറകുകളായി പുനർജ്ജനിക്കുന്നു
മരക്കൂട്ടത്തിലേക്ക്
ഇഴഞ്ഞുകയറുന്ന അതിനെ
മടിയാ, മടിയായെന്ന് കളിയാക്കരുതേ
ചിറകു വിടർത്തിപ്പറന്നാൽ
നമ്മളകന്നുപോകുമെന്ന് പേടിച്ച്
ചേർത്തുപിടിക്കുന്നതാണ്
നമ്മളെ ചേർത്തുവയ്ക്കുന്നതാണ്

Tuesday, 14 February 2017

ശലഭപ്പേടി

ശലഭപ്പേടി
എന്നെത്തന്നെ സൂക്ഷിച്ചുനോക്കുന്ന കടും ധൂമ്രവർണ്ണമുള്ള ചിത്രശലഭമേ, നിശാഗന്ധിപ്പൂക്കളുടെ വെളുത്തമതിലിൽ ചേർന്നിരിക്കുമ്പോൾ, പൂമ്പൊടിക്കസവിന്റെ സ്വർണ്ണത്തിളക്കത്തിൽ നിന്നെ ഞാൻ തിരിച്ചറിയുന്നു.. പറന്നുപോകരുതേയെന്ന് പറയാൻ പേടിച്ച്, പുറത്തിറങ്ങാൻ ഭയപ്പെട്ട് ഇരുട്ടിനെത്തന്നെ നോക്കിയിരിക്കുന്നു ഞാൻ.....

നിലാവ്, നക്ഷത്രം, ആകാശം എന്നിങ്ങനെ...

നിലാവ്, നക്ഷത്രം, ആകാശം എന്നിങ്ങനെ...

രാത്രിയെ വെട്ടിത്തുന്നിത്തയ്ച്ച
നിന്റെ ഉടുപുടവകളിലാകെ
പടർന്നുകിടക്കുന്നു, 
ആരും കാണാതെ നമ്മളൊളിപ്പിച്ച
നിലാവും, നക്ഷത്രങ്ങളും

നീയെപ്പോൾ തിരിച്ചെത്തുമെന്ന്
ഓർത്തോർത്തിരിക്കുമ്പോൾ
എന്റെ നിലാവേ,
എന്റെ നക്ഷത്രമേയെന്ന്
വെറുതേ ഗൃഹാതുരപ്പെടുന്നു
ഞാനെന്നയാകാശം

ഖനി തൊഴിലാളികൾ

ഖനി തൊഴിലാളികൾ
ത്ജാർഘണ്ടിലെ ഖനിയിൽ നിന്നും
കറുത്തുപോയ ധോത്തി ധരിച്ച
ജമുനാ ബായും
വയോമിങ്ങിലെ* ഖനിയിൽ നിന്ന്
നരച്ചു കീറിയ ജീൻസ് ധരിച്ച
ജിം ഫുള്ളറും
അവരുടെ ഭരണാധികരികളെക്കുറിച്ച്
ഒന്നും പറഞ്ഞു കേൾക്കുന്നില്ല
ഖനികളിൽ കൽക്കരിയല്ലാതെ
രാഷ്ട്രീയമില്ലത്രെ, മനുഷ്യരും!!
*വയോമിങ്ങ് - ഏറ്റവുമധികം കൽക്കരി ഉല്പാദിപ്പിക്കുന്ന അമേരിക്കൻ സംസ്ഥാനം.

കാണാതായവർ

കാണാതായവർ

നജീബേ, നിന്റെ പേരുള്ളൊരാളെ
കാണാതായിരിക്കുന്നു,
വർഗ്ഗീസേ, നിന്റെ പേരിലും,
രാജാ, നിന്റെ പേരിലുമുണ്ട്
കാണാതെ പോയവർ

അവർ മതസൌഹാർദ്ദ
സമ്മേളനത്തിനായി
ഗോവയിൽപ്പോയി
ഊരുചുറ്റുകയാണെന്ന് മന്ത്രി

ശരിയാണ്, ശരിയാണ്
അർദ്ധനഗ്നമായ വിദേശ
സൌന്ദര്യത്തോടൊപ്പം, ഫെനിയും മോന്തി
ഡോളർ ചുരുട്ടി, ചരസ്സ് വലിച്ചുകേറ്റി
കോൾവാ ബീച്ചിൽ ചാരിക്കിടക്കുന്നത്
കണ്ടെന്നൊരു റിപ്പോർട്ടർ..

നജീവിനെ ഇപ്പോഴാ സാറേ കാ....

പ്ഫാ പന്നപ്പരട്ടത്തള്ളേ ...
നിനക്കുമാത്രമേയുള്ളല്ലോ പരാതിയെന്നൊരു
പോലീസ് ബൂട്ട്സ് അടിവയറിന്റെ അളവെടുക്കുമ്പോൾ
എന്റെ കുഞ്ഞെവിടെ, എന്റെ കുഞ്ഞെവിടേ-
യെന്നാ ഗർഭപാത്രം കരയുന്നു

ദേ, ഇതിവിടം കൊണ്ടു തീർന്നു,
അവിടെയാ പ്രിൻസിപ്പൽ 
പൊരിച്ചെടുക്കുന്നെടാ ഉവ്വേ,
നമ്മുക്കങ്ങോട്ട് ചലിക്കാമെന്ന്
വാർത്താച്ചാനൽ കുടമടക്കുന്നു...

Thursday, 3 November 2016

അഹം ബ്രഹ്മാസ്മി











അഹം ബ്രഹ്മാസ്മി
നാടിന് വേണ്ടി ചെയ്തതാണെന്ന്
തോന്നിപ്പിക്കുന്ന രീതിയിൽ
ഒരാൾ പെട്ടെന്ന് കൊല്ലപ്പെട്ടേക്കാം

വെളുപ്പിന് നടക്കാനിറങ്ങിയ
താടിവെച്ചൊരാൾ,
പുറത്തെ കയറുകട്ടിലിൽ
ഉറങ്ങിക്കിടന്നൊരാൾ,
അയാളുടെ ഗർഭിണിയായ ഭാര്യ,
വട്ടത്തൊപ്പിവെച്ച്
ജയിൽ ചാടിയ ഒരാൾ,
അമ്പലത്തിലെ പൂജാരി,
ദരിദ്രർക്കിടയിലൂടെ ദൈവത്തെ
അനുനയിച്ചൊരു സഞ്ചാരി
മരങ്ങൾക്കിടയിലൂടെ ലോകത്തെ
നോക്കിയ ഒരാദിവാസി ബാലൻ,
ആരെങ്കിലുമൊരാൾ പെട്ടെന്ന്
കൊല്ലപ്പെട്ടേക്കാം

ആ ശവത്തിൽ
നാവില്ലാത്തൊരു തോക്ക് ചാരിവച്ച്
സംസാരങ്ങളെ ഇഴ പിരിച്ചെടുക്കാം
അതിലൂടെത്തന്നെ
വെടിമരുന്നിന്റെ മണമുള്ള
ജനാധിപത്യമെന്ന
ശ്വാസം വലിച്ചെടുക്കാം











Wednesday, 3 August 2016

ആ‍രാണ്?













ആ‍രാണ്?

നിന്നെയെന്നപോൽ
കെട്ടിപ്പിടിച്ച തലയിണയുടെ
ചൂടോർമ്മകളിൽ നിന്നും
ഏകാന്തതയുടെ പകലിലേക്ക് 
കണ്തുറന്നപ്പോൾ, 
പുറത്ത് മഴയായി
തൊട്ടുതലോടുന്നു, തണുപ്പിക്കുന്നു.

ഇരവുപകലുകളിൽ
തലയിണയായും, മഴയായും
പരകായം ചെയ്യുന്ന
നീയെന്റെ ആ‍രാണ്?

ആരായിരുന്നാലും,
മരിച്ചു പോവുകയോ
നിന്നെയിട്ടേച്ചു പോവുകയോ
ചെയ്യാത്ത എന്നെയുപേക്ഷിച്ച്
എങ്ങു പോകുന്നു നീ?


Monday, 11 July 2016

വരികൾക്കിടയിൽ


വരികൾക്കിടയിലൂടെ എത്ര വേണമെങ്കിലും
വായിച്ചു പോകുന്നവളേ
വിളിക്കരുത് വിളിക്കരുത്
എന്ന വാക്കുകൾക്കിടയിൽ
വിളിച്ചാൽ സംസാരിക്കുമെന്ന്
നീ അറിയാതെ പോയതുകൊണ്ടുമാത്രം
നമ്മുക്കിടയിലെ വാക്കുകളുടെ കാടുണങ്ങി
മൌനത്തിന്റെ മരുഭൂമി വളർന്നിരിക്കുന്നു
ചുട്ടുപൊള്ളുന്നു,
എന്നെങ്കിലും എവിടെയെങ്കിലും
നിന്നിലേക്കുതന്നെ പെയ്യുമെന്ന്
അത്രമേൽ സ്നേഹിച്ചുകൊണ്ട്
നീരാവിയായ് തീർന്നുപോകുന്നു