Trending Books

Sunday 12 December 2021

The Liver


 കരൾ

 https://youtu.be/h4alUPBUcQ4

ഒന്നരക്കിലോയോളം ഭാരം വരുന്നതും 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതുമായ ഒരു ഫാക്ടറിയെക്കുറിച്ചാണ് ഇന്നത്തെ വീഡിയോ. ഇത് വേറേയെങ്ങുമല്ല, നമ്മുടെ ശരീരത്തിനുള്ളിൽ തന്നെയാണത്. നമ്മുടെ കരൾ! മനുഷ്യ ശരീരത്തിലെ ഏറ്റവും ഭാരം കൂടിയതും, ഏറ്റവും ആവശ്യമുള്ളതുമായ അവയവം. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. വലതുവശത്ത് വയറിനു മുകളിൽ ഡയഫ്രത്തിനു താഴെ, വാരിയെല്ലുകൾക്കു അടിയിലാണ് കരളിന്റെ സ്ഥാനം. കരൾ ഒരു സ്റ്റോർ ഹൌസും, ഉല്പാദനകേന്ദ്രവും, ഒരു പ്രോസ്സിങ്ങ് ഹബ്ബുമാണ്. ഇത്തരം നിരന്തരമായ പ്രവർത്തനങ്ങളിലൂടെ കരൾ നമ്മുടെ ശരീരത്തെ പൊന്നുപോലെ നോക്കുന്നു. കരൾ പണിയെടുക്കുന്നത് നിർത്തിയാൽ ശരീരവും പണി നിർത്തും. 

കരളിന്റെയൊരു ഉഗ്രൻ പരിപാടി രക്തത്തെ ശുദ്ധീകരിക്കലാണ്. അതിനായി രണ്ട് ഭാഗത്ത് നിന്നും കരളിലേക്ക് രക്തമെത്തുന്നു.

ഒന്ന്, ഹെപാറ്റിക് ആർട്ടറി വഴി ഹൃദയത്തിൽ നിന്നും,

രണ്ട്. ഹെപാറ്റിക് പോർട്ടൽ വെയിൻ വഴി കുടലുകളിൽ നിന്നും.

രണ്ട് ഭാഗങ്ങളിൽ നിന്നും രക്തം വന്ന് കരളിൽ നിറയുന്നതിനോടൊപ്പം പോഷകങ്ങളും നിറയുന്നു. ഈ പോഷകങ്ങളെ കരൾ വേർതിരിച്ച് പ്രോസസ്സ് ചെയ്ത് ശേഖരിക്കുന്നു. ഈ ശേഖരണത്തിന് കരളിൽ തന്നെ ആയിരക്കണക്കിന് ചെറിയ ചെറിയ പ്രോസസ്സിങ്ങ് യൂണിറ്റുകളുണ്ട്. അവയ്ക്കു പറയുന്ന പേരാണ് ലോബ്യൂൾസ്. ഈ പ്രവർത്തനത്തിനുള്ള ഓക്സിജൻ രക്തത്തിൽ നിന്നുമാണ് കരളിന് ലഭിക്കുന്നത്. കുടലുകളിൽ നിന്നും വരുന്ന രക്തത്തിൽ  നമ്മൾ കഴിച്ച ഭക്ഷണത്തിൽ നിന്നുമുള്ള കൊഴുപ്പ്, കാർബോഹൈഡ്രേറ്റുകൾ, വൈറ്റമിനുകൾ, ധാതുക്കൾ തുടങ്ങിയവയും അടങ്ങിയിരിക്കുന്നു. ഇവയെ ഒരോന്നിനോടും ഓരോ രീതിയിലാണ് കരൾ പെരുമാറുന്നത്, കാർബോ ഹൈഡ്രേറ്റിനെ ചെറിയ ഗ്ലൂക്കോസ് കണികകളാക്കി മാറ്റിയെടുക്കുന്നു. ഇവ ശരീരത്തിന് ഊർജ്ജം പകരാനായി ഉപകരിക്കുന്നു. ശുദ്ധീകരിച്ച രക്തം കരളിൽ നിന്നും തിരിച്ചുപോകുമ്പോൾ അവയോടൊപ്പമാണ് ഈ ഗ്ലൂക്കോസ് കണികകൾ കൂടെപ്പോകുന്നത്.

കുടലിൽ നിന്നും വരുന്ന രക്തത്തിൽ നിന്നും, കാർബോ ഹൈഡ്രേറ്റ് മാത്രമല്ലല്ലോ കരളിൽ എത്തുന്നത്. ശരീരത്തിന് ഉടനെ ഉപയോഗമില്ലാത്ത ധാരാളം പോഷകങ്ങളും കിട്ടുമല്ലോ, കരൾ അവയെയെല്ലാം പിന്നീടുള്ള ആവശ്യങ്ങൾക്കായി ഒരിടത്ത് കൊണ്ടുപോയി സൂക്ഷിച്ച് വയ്ക്കും. അതാണ് ആദ്യം പറഞ്ഞത്, കരൾ ഒരു സ്റ്റോറേജ് യൂണിറ്റ് കൂടിയാണെന്ന്. 

പക്ഷേ, കരളിലേക്ക് ഒഴുകുന്ന ചോരയിൽ ശരീരത്തിന് ആവശ്യമുള്ളവ മാത്രമല്ല, ആവശ്യമില്ലാത്തതും, വിഷമയമായ വസ്തുക്കളും ഉണ്ടാകാറുണ്ട്. കരൾ അവയെ നിരന്തരമായി നിരീക്ഷിക്കുന്നു. അങ്ങനെയുള്ള എന്തിനെയെങ്കിലും കണ്ടാൽ ആ നിമിഷം തന്നെ ഒന്നുകിൽ ശരീരത്തിന് ഹാനികരമല്ലാത്ത വസ്തുവായി മാറ്റുകയോ, അല്ലെങ്കിൽ വൃക്കകൾ വഴിയോ, വൻ‌കുടൽ വഴിയോ ശരീരത്തിൽ നിന്നും പുറത്തേക്ക് കളയാനുള്ള നടപടി സ്വീകരിക്കുകയോ ചെയ്യും.

ഈ പരിപാടികൾ കൂടാതെ കരൾ ചില സംഗതികൾ നിർമ്മിക്കാറുമുണ്ട്. അതാണല്ലോ ഫാക്ടറികളിൽ സംഭവിക്കേണ്ടത്.

1. ശരീരത്തിന്റെ പലയിടങ്ങളിലേക്ക് ഫാറ്റി ആസിഡുകളേ കൊണ്ടുപോകുന്നതും, രക്തം കട്ട പിടിക്കാൻ സഹായിക്കുന്നതുമായ ഫിബ്രിനോജൻ, പ്രോ ത്രോംബിൻ തുടങ്ങിയ ബ്ലഡ് പ്ലാസ്മ പ്രോട്ടീൻസ് ഉണ്ടാക്കുന്നു..

2. വിവിധ ഹോർമോണുകളുടെ ഉല്പാദനത്തിന് സഹായിക്കുന്ന കൊളസ്ട്രോൾ

3. വൈറ്റമിൻ കെ  

4. ദഹനത്തിന് സഹായിക്കുന്ന സ്രവങ്ങൾ എന്നിവയെല്ലാം കരളിൽ നിർമ്മിക്കപ്പെടുന്നു.

കൂടാതെ, രക്തത്തിലുള്ള അമോണിയയെ യൂറിയയാക്കുന്നു.

ചുവന്ന രക്താണുക്കൾ വിഘടിച്ചുണ്ടാകുന്ന ബിലിറൂബിനെ സംസ്കരിക്കുന്നു.

അമിനോ ആസിഡുകൾ ലാക്ടേറ്റുകൾ തുടങ്ങിയവയിൽനിന്നും ശരീരത്തിനാവശ്യമായ ഗ്ലൂക്കോസ് ഉദ്പാദിപ്പിക്കുന്നു.

രക്തത്തിൽ കൂടുതലായെത്തുന്ന ഗ്ലൂക്കോസിനെ കൊഴുപ്പും പ്രോട്ടീനുമാക്കി സംഭരിക്കുന്നു.

രക്തത്തിലെ ഗ്ലൂക്കോസ് നില തുലനം ചെയ്യുന്നു.

ഗ്ലൈക്കൊജെൻ, ജീവകം എ, ജീവകം ബി12 എന്നിവയിടെ ശേഖരണം

വിഷ നിവാരണം

കൊഴുപ്പിന്റെ ബീറ്റാ ഓക്സിഡേഷൻ

എന്നാൽ ഇവയൊന്നുമല്ല കരളിന്റെ മെയിൻ. അതാണ് ബൈൽ അഥവാ പിത്തനീര്. കരളിലെത്തുന്ന, ശരീരത്തിന് ഹാനീകരമായ വസ്തുക്കളെ ഹെപാറ്റോസൈറ്റ്സ് എന്ന കോശങ്ങളുപയോഗിച്ച് കടും പച്ച നിറമുള്ള ദ്രാവകമായി മാറ്റുന്നു. ഇവയെ കരളിന്നടിയിലുള്ള പിത്താശയത്തിൽ അഥവാ ഗോൾ ബ്ലാഡറിൽ ശേഖരിക്കുന്നു. പിത്താശയത്തിൽ നിന്നും തുള്ളിതുള്ളിയായി ഇവ കുടലിലേക്ക് എത്തുന്നു. അവിടെ ഈ ബൈൽ കൊഴുപ്പിനെ വിഘടിപ്പിക്കും, അണുക്കളെ നശിപ്പിക്കും, ആമാശയത്തിൽ അധികമായുള്ള അമ്ലത്തെ നിർവീര്യമാക്കും. കരളിൽ നിന്നും വിഷലിപതമായ വസ്തുക്കളെ പുറത്തെത്തിക്കുന്നതും ഈ കടും പച്ച നിറമുള്ള ദ്രാവകം തന്നെയാണ്. 

24 മണിക്കൂറും മിനക്കെട്ട് നമ്മുടെ ശരീരത്തെ കാത്തുസൂക്ഷിക്കുന്ന കരളിനെ അധികം വിഷം അകത്തോട്ട് വിട്ട് നശിപ്പിക്കാതിരിക്കാനുള്ള സാമാന്യ മര്യാദ നമ്മള് കാണിച്ചാൽ നമ്മുക്ക് കൊള്ളാം.

 

 

No comments: