Trending Books

Wednesday 12 October 2011

പരിണാമശാല



നേരം വെളുത്ത് വരുന്നതേയുള്ളൂ..ഇന്നവധി ദിവസം ആയിരിക്കണം..അല്ലെങ്കില്‍ സ്ഥിരമായ്‌ ഒടാറുള്ള രണ്ടു പേരെയും ഇതുവരെ കണ്ടില്ല.ചന്നംപിന്നം മഴ പെയ്യുന്നുണ്ട്.പാലം മുതലേ റോഡു ടാര്‍ ചെയ്തിട്ടുള്ളൂ.അത് വരെ ചെമ്മണ്‍ പാത തന്നെ.മഴത്തുള്ളികള്‍ തെറിച്ചു പാലത്തിന്റെ തൂണുകളില്‍ ചുവപ്പും വെള്ളയും നിറം പിടിപ്പിച്ചിരിക്കുന്നു..പാലത്തിനപ്പുറമുള്ള വഴിവിളക്കില്‍ നിന്നും  വെളിച്ചം റോഡിലേക്ക് വീണു തിളങ്ങുന്നു..ഇങ്ങനെയൊരു കട ഇവിടെയുള്ളത് കൊണ്ട് മഴനനയാതെ കിടക്കാം,പക്ഷെ എത്ര കഴുകിയാലും മാറാത്ത ചോര മണം..ഇപ്പോള്‍ ശീലമായെങ്കിലും ഇടയ്ക്കിടെ ഓക്കാനം വരുത്തും.

പണിക്കാര്‍ എത്തുന്നത്‌ വരെയുള്ളൂ ഇവിടുത്തെ ഷെല്‍ട്ടര്‍,അവരെത്തിക്കഴിഞ്ഞാല്‍ മഴയാണെങ്കിലും വെയിലാണെങ്കിലും പുറത്തു തന്നെ..അവര്‍ വന്നുകഴിയുമ്പോളാണ് ഇവിടെ ശരിക്കും കൂട് വിട്ടു കൂട് മാറ്റം നടക്കുന്നത്..എന്റെ കാര്യത്തിലും ഇവിടെത്തുന്നവരിലും,അങ്ങനെതന്നെ.
വലിയ പുളിമരത്തടികള്‍ നിറഞ്ഞ ചെറിയ വരാന്തയില്‍ പിന്നെ പലതരത്തിലുള്ള കത്തികള്‍ കല്ലിലും തടിയിലും തമ്മില്‍ തമ്മിലും ഉരഞ്ഞുണ്ടാകുന്ന വല്ലാത്തയൊച്ചയാണ്.ചെറുതും വലുതും പരന്നതും നീണ്ടതുമായ അനേകം കത്തികള്‍..കത്തിയും തടിയും ഒരുങ്ങിക്കഴിഞ്ഞാല്‍ വിരുന്നുകാരുടെ ഊഴമായി...പശുവും,കാളയും,പോത്തും,എരുമയും എല്ലാം ബീഫ് എന്ന ഒറ്റപ്പേരില്‍ ,ആടുകളെല്ലാം മട്ടന്‍ എന്ന പേരിലും പുറത്തു വരുന്നതിനു അധികം സമയം വേണ്ട പിന്നെ.പരിണാമങ്ങളുടെ കലവറ. പല നിറത്തില്‍ ഉള്ളിലേക്ക് കയറുന്നത്,വലിച്ചിഴക്കപ്പെടുന്നത്, ചിലതു ഉറക്കെ കരയും,ചിലവ മുറുമുറുക്കുകയെയുള്ളൂ ചിലതിന്റെ കഴുത്തില്‍ നിന്നും വെള്ളം ചീറ്റുന്നത് പോലെ ചോര ചീറുന്നത് കാണാം.ചിലര്‍ ശാന്തമായ് കണ്ണടച്ചുറങ്ങും.ചില നോട്ടങ്ങള്‍ മനസ്സിലേക്ക് തുളച്ചു കയറും.ഒടുവില്‍ ചുവന്നു, ഒറ്റ നിറമായ്‌ തിരികെ.കടയിലേക്കും പിന്നെയും ബാക്കിയാകുന്നത് ചാക്കില്‍ കെട്ടിയും അല്ലാതെയും മുനിസിപ്പാലിറ്റിയുടെ വെയ്സ്റ്റ് കുഴിയിലേക്കും പോകും.
 ഇറച്ചി വാങ്ങാന്‍ വരുന്ന പിള്ളാരുടെ കണ്ണില്‍പ്പെടാതെ ഒതുങ്ങിയിരുന്നാല്‍ ഇടയ്ക്കിടെ കുറച്ചു ചവ്വ് എറിഞ്ഞു തരും പണിക്കാര്‍,ചിലപ്പോള്‍ നേരെ മുന്നില്‍ വീണു കിട്ടും,ചിലത് നിലത്തു വീഴും മുന്‍പേ കള്ള കാക്കകള്‍ കൊത്തി പറന്നുകളയും. ചിലത് മുന്നിലേക്ക്‌ വരാതെ കടയുടെ തൂണുകളില്‍ പറ്റിപ്പിടിച്ചു ചിത്രങ്ങള്‍ വരയ്ക്കും.മരിച്ചവരുടെ ഓര്‍മ്മച്ചിത്രങ്ങള്‍ .
 ഇവിടെയും ഒരു കൂട്ട്  ഉണ്ടായിരുന്നു,രണ്ടു ദിവസം മുന്പ് വരെ..ഇപ്പോള്‍ എവിടെയാണോ..നല്ല തടിയും വലുപ്പവും ശൌര്യവും ഉണ്ടായിരുന്നത് കൊണ്ട് പണിക്കാര്‍ക്കും താല്പര്യം ആയിരുന്നു..ചാവാലി പിള്ളാരുടെ അടവൊന്നും അവന്റടുക്കല്‍ നടക്കില്ല..അവന്‍ കൂടുണ്ടായിരുന്നത് കൊണ്ട് അത്ര കരുത്തനല്ലാത്ത ഞാനും രക്ഷപെട്ടിരുന്നു.എന്നാല്‍ എവിടെപ്പോയോ ആവോ..എവിടെയായിരുന്നെങ്കിലും രാത്രിയില്‍ ഷെല്‍ട്ടറില്‍ ഒരുമിച്ചു കൂടുന്നതായിരുന്നു.ആദ്യ കാഴ്ചയില്‍ കണ്ണില്‍പ്പെടുന്നത്‌ അവന്റെ കണ്ണുകളാണ്,പളുങ്ക് കണ്ണുകള്‍..കുട്ടികള്‍ കളിക്കുന്ന ഗോട്ടി പോലെ,പച്ചക്കല്ലിനിടയില്‍ ഒരു നരച്ച വര.തിരിയുന്നതിനനുസരിച്ചു കനം വെച്ച് വരുന്ന നരച്ച വര.
   ഇതേ കണ്ണുകളാണ് എതിര്‍വശത്തെ വീട്ടിലെ പെണ്‍കുട്ടിക്കും.എന്നും പലവേഷത്തില്‍ മുകള്‍ നിലയില്‍ നില്‍ക്കുന്നത് കാണാം,ഒറ്റയ്ക്ക്.ഇവിടുത്തെ പോലെ തന്നെയാണ് അവിടെയും.പലനിറത്തില്‍ ഉള്ളിലേക്ക് പോകുന്നവര്‍ ,വലിച്ചിഴക്കപ്പെടുന്നവര്‍ കരയുന്നവര്‍,ചിരിക്കുന്നവര്‍,എന്നും രാത്രിയില്‍ വീട്ടു മുകളില്‍ നിസ്സംഗതയോടെ നില്‍ക്കുന്ന പളുങ്ക് കണ്ണുകളുള്ളവൾ.പക്ഷെ ഈ കടയുമായ് വത്യാസങ്ങള്‍ ഇല്ലാതില്ല,സ്ത്രീകളെ മാത്രമേ വലിച്ചിഴയ്ക്കപ്പെടുന്നതായ് കണ്ടിട്ടുള്ളൂ.ഇറച്ചിക്ക് വേണ്ടി തൊലി പൊളിയ്ക്കുന്നില്ല. ഇവിടെ പകലാണെങ്കില്‍ അവിടെ രാത്രിയില്‍ ആണ് കച്ചവടം എന്നുമറിയാം,കൂറ്റന്‍ മതിലിന്റെ അകത്തേയ്ക്ക് കടത്തിവിടാതെ മല്ലന്മാരുമുണ്ട്.ഇന്നലെ അവളെയും കണ്ടില്ല അവിടെ.എല്ലാവരും ചിത്രങ്ങളാവുകയാണോ?
ഇന്നിതുവരെയും കട തുറക്കാഞ്ഞതെന്താണെന്ന് ആലോചിക്കുമ്പോഴാണ് ആളുകള്‍ ഓടുന്നത് കണ്ടത്..കൂടെപോയി..
മുനിസിപ്പാലിറ്റിയുടെ വെയ്സ്റ്റ് കുഴിയില്‍ നാല് പളുങ്ക് കണ്ണുകള്‍ ,അതില്‍ നേര്‍ത്ത ചാര വര.മഴത്തുള്ളികള്‍  കണ്ണില്‍ വീണു തെറിച്ചിട്ടും അടയാതെ നിസംഗതയോടെ നോക്കുന്ന നാല് കണ്ണുകള്‍.പെണ്ണിന് ഉടലുംതലയുമുണ്ട്..വസ്ത്രങ്ങളും..ആളുകള്‍ അവളുടെ സൌന്ദര്യത്തെക്കുറിച്ചാണ് പറയുന്നത്..ജീവനുള്ളപ്പോള്‍ ഉടലിലില്ലാതിരുന്ന വസ്ത്രങ്ങള്‍ ചത്ത്‌ കിടക്കുമ്പോള്‍ അധികമാണെന്ന് അഭിപ്രായിച്ചു ചിരിക്കുന്നുണ്ട് ചിലര്‍. കൂട്ടുകാരന് ഉടലില്ല..അവന്റെ തടിയും വലുപ്പവും അവനെ ഇറച്ചിക്കടയിലെ ഇന്നലത്തെ ബീഫ് ആക്കിക്കാണും,പാവം..പട്ടിയില്‍ നിന്നും ബീഫിലേക്കുള്ള പരിണാമം.
ഒന്നും തോന്നിയില്ല..തിരിച്ചു ഷെല്‍ട്ടറിലേക്ക്, പരിണാമശാലയിലേക്ക് നടന്നു..നിസംഗതയോടെ..ചോരയുടെ മണം രൂക്ഷമാകുന്നു..സൌഹൃദത്തിന്റെയും..ഷെല്‍ട്ടറില്‍ കയറാതെ മുറ്റത്തെ വട്ട മരത്തിന്റെ ചുവട്ടില്‍ പോയിരുന്നു..ചോരക്കട്ടകളുമായ് ഉറുമ്പുകള്‍ നിരനിരയായ് പോകുന്നു..മഴച്ചാറ്റലില്‍ കുതിര്‍ന്നു പോകുന്ന ചുവന്ന ഉറുമ്പുകള്‍...
                 


Friday 7 October 2011

മഞ്ഞുകാലം മരങ്ങളോട് ചെയ്തത്..











മഞ്ഞുകാലം തുണിയുരിച്ച
ഒരു പെണ്മരം
നാണിച്ചു നിൽക്കുന്നു മുറ്റത്ത്,
മഞ്ഞു മുട്ടകൾ നിറഞ്ഞ
കാക്കക്കൂടുകൾ , 
വിടാതെ ചേർത്തുപിടിച്ചിട്ടുണ്ട് ;

സൂര്യന്റെ ചുടു ചുംബനത്തിൽ
പുതുനാമ്പ് വിരിയും വരെ 
മഞ്ഞു കാലമേ,
നീ കടിച്ചിളക്കിയ തോലുമായ്
നിന്നോട് പൊരുതുക 
തന്നെ ചെയ്യും ഈ പെണ്മരം..