Trending Books

Monday 30 December 2013

പ്രോക്സിമിറ്റി













ഉറക്കത്തിനും ഉണർവ്വിനുമിടയിൽ 
ശ്വേത വസ്ത്രധാരിയായ 
ഒരുവന്റെ ഇറങ്ങിപ്പോക്കുണ്ട് 
പുറത്തെ കണ്ണഞ്ചിക്കുന്ന വെയിലിലേക്ക് 
വെയിൽ തിളച്ചു മറിയുന്ന കറുത്ത റോഡിലൂടെ 
സ്വയം മറന്നൊരു കുഞ്ഞിന്നരികിലൂടെ 
തണൽകായുമൊരു കുടുംബത്തിലേക്ക് 
ഒരു വെയിൽകായപ്രവേശം

ഇതവന്റെയൊരു വേലയാണ് ഈ മുതുപാതിരയ്ക്കും പുറത്ത് കൊടും‍വെയിലാണെന്ന് തോന്നിപ്പിക്കുന്ന അവന്റെ കള്ളക്കളി, എന്റെ ഇരട്ടി ഉയരത്തിൽ നിൽക്കുന്ന അവന്റെ നിഴലിൽ എനിക്ക് കാണാം അവൻ ചെയ്യുന്ന അഭ്യാസങ്ങൾ, ആ കുഞ്ഞിനെ അവൻ കരയിക്കും...എനിക്കറിയാം, കുഞ്ഞുങ്ങൾക്കെന്നെ ഇഷ്ടമാണ്, പക്ഷെ ഇവൻ അങ്ങനല്ല, ചിരിക്കുന്ന കുഞ്ഞുങ്ങളെ കരയിക്കും,ഈ കണ്ണുകാണാത്ത വെയിലിൽ തണൽ കൊള്ളുന്ന കുടുംബത്തെ നിങ്ങൾ കണ്ടില്ലേ, കുടുംബ ബന്ധങ്ങളുടെ വില അവനറിയില്ല, അവൻ അവരെ അവിടുന്ന് ഓടിക്കും, അവരുടെ ഇടയിലേക്ക് അവൻ കല്ലു വലിച്ചെറിയും. വെയിലിന്റെ മറവിൽ നിൽക്കുന്ന ഇവനെ അവർക്ക് കണികാണാൻ പോലും പറ്റില്ല. ഞാൻ ഉണർന്നാൽ ഇവന്റെ ഈ വേലകളൊന്നും നടക്കില്ല.

ഞാൻ കാണുന്നുണ്ടോയെന്ന് 
ഇടയ്ക്കിടെ അവന്റെ തിരിഞ്ഞുനോട്ടമുണ്ട് 
ഇരുട്ടുനിറഞ്ഞയെന്റെ കിടപ്പറയിലേക്ക്...
അറിയാത്ത ഭാവത്തിൽ ഞാൻ കണ്ണടയ്ക്കും 

കുഞ്ഞുന്നാളിലെ എന്റെ കളിക്കോപ്പും, 
ഇപ്പോഴുള്ള എന്നേയും 
അവൻ കൊണ്ടുപോകുന്നത് 
ഞാനറിയില്ലായെന്നാണവന്റെ ധാരണ, 

എന്റെ എല്ലാ കളിക്കോപ്പുകളും അവനിങ്ങനെ കൊണ്ടുപോയിട്ടുണ്ട്, പലപല പ്രായത്തിലുള്ള എന്നെത്തന്നെ കൈകളിൽ കോരിക്കൊണ്ട് പോകും, വേണ്ടായെന്ന് പറയാൻ ഒരുങ്ങുമ്പോഴേക്കും അവൻ മുഖം പകുതി ചരിച്ച് ഒരു കോടിയ ചിരിചിരിക്കും, വെയിലിലേക്ക് നടക്കും, അവന് ഇരുട്ടിനെ വെയിലാക്കാനറിയുന്നവനാണ് വെയിൽകായപ്രവേശം ചെയ്യുന്നവനാണ്.അവൻ ഒന്നുമറിയണ്ട, എവിടം വരെ പോകുമെന്ന് നോക്കാമെന്ന് ഞാൻ. 

അതെ, അവനറിയാതിരിക്കാനാണ് 
മൂത്രമൊഴിക്കാൻ മുട്ടിയിട്ടു പോലും 
ഞാൻ ഉറക്കം നടിച്ചു കിടക്കുന്നത്.


Tuesday 17 December 2013

പെൺ‍കുട്ടികൾ കാണാതാവുന്ന നഗരം
















ഒരു നഗരത്തിന്റെ നിശ്ചലതയുടെ 
നടുവിലേക്ക് ഒരു തൂവൽ പതിക്കുന്നു 
3011 എന്നൊരു നമ്പർ കുറിക്കപ്പെടുന്നു 

കുടിലുകൾ, ബംഗ്ളാവുകൾ, 
ഫ്ളാറ്റുകൾ, വില്ലകൾ 
പലവലുപ്പത്തിലുള്ള 
ചതുരക്കൂടുകളിൽ നിന്ന് 
പുറത്തുപോയി തിരികെയെത്താത്ത-
യേതോ പെൺ‍കിളിയുടെ 
നിറമറ്റ തൂവലുകളിലൊന്ന് 

പുറത്തേക്ക് പോകുന്നത് കണ്ടവരുണ്ട് 
പുറത്തേക്കിറങ്ങുന്നത് 
കാത്തുകാത്തിരുന്നവരുണ്ട് 

വിശപ്പുമൂത്തൊരു കരിമ്പൂച്ച 
കടിച്ചുപറിച്ചതിന്റെ ബാക്കിയാവാം 
നഗരനടുവിൽ കുഴികുത്തി കാത്തിരുന്ന 
കുഴിയാനയുടെ കെണിയിൽ പെട്ടതാവാം 
ആകാശത്തിന്റെ വിശാലതയിലേക്ക് 
പറന്നുപോയപ്പോൾ വീണതാവാം 

തൂവലുകൾ പെറുക്കിപ്പെറുക്കി 
എണ്ണിമടുത്ത് കുഴിച്ചിടുമ്പോൾ 
എല്ലാത്തിനും ഒരേ നിറം, മണം




Friday 13 December 2013

ലേബൽ

















പ്രണയാനന്തരം മനുഷ്യർ എന്ന 
ലേബലിൽ ജീവിച്ചവരിൽ ഒരാൾ, 
ആ ഒരാളാണ് 
ചോര പുതച്ച് റോഡിൽ കിടക്കുന്നത്, 
എത്ര നിവർത്തി കിടത്തിയിട്ടും 
ചോദ്യചിഹ്നമായ് വളഞ്ഞു പോകുന്നു, 

എന്നോടൊന്നും ചോദിക്കരുതേയെന്ന് 
പല പേരുകളിൽ അറിയപ്പെടുന്ന 
ദൈവമെന്നൊരാൾ 
മുകളിലേക്ക് നോക്കി മാറി നിൽക്കുന്നു, 
ചില്ല് പൊടി തിളങ്ങുന്ന  
നൂൽവെട്ടേറ്റൊരു പട്ടം 
ആകാശം കീറി താഴോട്ട് പതിക്കുന്നു, 
എന്റെ ദേഹത്ത് വീഴരുതേയെന്ന് കരുതി 
ദൈവം അവിടുന്നും മാറി നിൽക്കുന്നു, 

എത്ര പതിച്ചാലും പതിയാത്ത 
മനുഷ്യത്വം എന്ന ലേബൽ മാറ്റി 
പെട്ടന്നൊട്ടുന്ന
ദേശസുരക്ഷ, തിരഞ്ഞെടുപ്പ് ജയം 
എന്ന ഒറ്റ ലേബൽ വായ് മൂടി ഒട്ടിക്കുന്നു, 

ഇനി ചോദ്യങ്ങളൊന്നുമില്ലാത്തതിനാൽ 
‘ആ ഒരാൾ’ നേരെ തന്നെ കിടക്കുന്നു..