Trending Books

Wednesday 31 May 2017

ഭൂമിയുമൊത്തുള്ള നിന്റെ സെൽഫികൾ

ഭൂമിയുമൊത്തുള്ള നിന്റെ സെൽഫികൾ

നിന്നേക്കാളുമുയരത്തിൽ വളർന്നു‌-
ണങ്ങിപ്പോയ കോമ്പുല്ലുകളുടെ
തവിട്ടു നിറങ്ങൾ ഗ്രീഷ്മമെന്നും,
നിന്റെ കനം കുറഞ്ഞ  ഇളം നിറമുള്ള ഉടുപ്പി-
നുള്ളിലേക്ക് കടന്നുനിൽക്കുന്ന വരണ്ടകാറ്റ്
ചൂടിനെക്കുറിച്ചും പറയുന്നതെനിക്കു കാണാം

കടുകുപാടങ്ങൾ വിരിച്ച
മഞ്ഞപ്പൂക്കളുടെ മെത്തകൾ
വസന്തമെന്നും പറയുന്നു,
നിനക്കുമതേ മണമെന്ന്
നിന്നെ ചുറ്റിമൂളുന്ന
ഇരുനിറമുള്ള വമ്പൻ തേനീച്ചകൾ

നിന്നെയും, നീയും കെട്ടിപ്പിടിക്കുന്ന
ഇലയില്ലാ മരങ്ങൾ ശിശിരമെന്നുമൊക്കെ
പറയുന്നുണ്ടെങ്കിലും, മാറിമാറി വരുന്ന
പശ്ചാത്തലങ്ങളൊന്നും ഞാനറിയുന്നേയില്ല,

എന്റെയെല്ലാ ഋതുക്കളും
നിന്നിൽ നിന്നുമാരംഭിച്ച്
നിന്നിൽത്തന്നെ അവസാനിക്കുമ്പോൾ
മാറിമാറി വരുന്ന
പശ്ചാത്തലങ്ങളൊന്നും ഞാനറിയുന്നേയില്ല..





Monday 8 May 2017

തരുകന്യക

തരുകന്യക

കഴിഞ്ഞ വേനലിൽ
മത്സ്യ കന്യകയെന്ന ഭാവത്തിൽ
ജലാശയങ്ങളിലായിരുന്നു നീ;
പായൽ പൊതിഞ്ഞ സൂക്ഷിക്കുന്ന
മണ്ണതിരുള്ള പച്ചക്കുളത്തിൽ,
ആകാശം വീണുനീലിച്ച
സ്വിമ്മിങ്ങ് പൂളുകളിൽ,
പാടകെട്ടിയ, അടികാണാത്ത
കിണറുകളുടെ കറുത്ത വൃത്തങ്ങളിൽ,
ഉപ്പുമണൽചവച്ച് പതഞ്ഞ
തോന്നിയ നിറം വാരിപ്പൂശുന്ന
താന്തോന്നിക്കടലുകളിൽ;
വിവാഹിതരായ മത്സ്യകന്യകളെ‌-
യെന്തുവിളിക്കുമെന്ന ചോദ്യത്തോടെ
തലപൊക്കുമ്പോൾ മാത്രം
നീയായിരുന്നുവെന്നറിഞ്ഞ വേനൽ.

ഈ വേനൽ കാടുകളിലാണത്രേ!
ഇല്ലാതാകുന്നവയുടെ മനസ്സറിയാൻ
ഒരേനിറമുള്ള മരശരീരങ്ങളിൽ
ചേർന്നു നിൽക്കുമ്പോൾ,
നിനക്കുമതേ നിറം, അതേയുടൽ,
തരുകന്യയായി മാറുന്ന
നിന്നെ തിരിച്ചറിയാൻ മാത്രം
തായ്ത്തടിയിൽ പുതച്ചിരിക്കുന്ന പഷ്മിന ഷോൾ
താജ്മഹൽ നിറമുള്ള ഹാൻഡ് ബാഗ്,

തിരിച്ചറിയൽ!
എത്രയാപേക്ഷികമാണത്.
മരവുരിയിൽ ചേർത്തുപൊതിഞ്ഞ്,
കൈസഞ്ചിയിലെ വിത്തുകൾ
വിതറി മുളപ്പിച്ച്, നിന്നിലും
പച്ചപേറുവാനെത്രനേരം..
തിരിച്ചറിയാതാവാനെത്രനേരം...

എങ്കിലും, വിവാഹിതരായ മരകന്യകളെ-
യെന്തുവിളിക്കുമെന്ന സംശയശബ്ദം
നീയവിടെയുണ്ടെന്നിപ്പോഴും പറയുന്നു...