Trending Books

Thursday 12 September 2019

എഡിറ്റിങ് നടക്കുന്ന ആകാശം - പി. ജിംഷാർ


ഉന്മാദത്തിന്റെ എക്കൽഭൂമി


അതിരുകളില്ലാത്ത ആകാശം എന്ന ഉപമ മറക്കേണ്ട കാലമായിരിക്കുന്നു. അവനവന്റെ സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങൾ എഡിറ്റ് ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. അതുതന്നെയാണ് നദിയിലൂടേയും, ഇദ്രിസിലൂടേയും ജിംഷാർ പറയുന്നത്. ഒരു കൊലപാതകവും, ഒരു ആത്മഹത്യയും രണ്ട്  കാലഘട്ടങ്ങളിലെ കോളേജ് മാഗസിനുകളും അവയ്ക്കിടയിലൂടെ സത്യം അറിയാനുള്ള ശ്രമവും, അവ മുന്നോട്ട് വയ്ക്കുന്ന ഭ്രാന്തുകളുമാണ് എഡിറ്റിങ് നടക്കുന്ന ആകാശം.


യുഎപി‌എ ചുമത്തപ്പെട്ട നമ്മുക്കറിയാവുന്ന നദീറും, സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ കൊല്ലപ്പെട്ട മറ്റുപലരും ഇതിൽ നമ്മുടെ മുന്നിൽ വന്നുപോകുന്നുണ്ട്. അഷ്‌റഫ് ഭ്രാന്താശുപത്രിയിൽ വച്ചു പറയുന്ന ഓർമ്മകൾ / എപ്പോഴും തിരുത്തപ്പെടുന്ന അവന്റെ തിരക്കഥ, അതിലൂടെ ഇദ്രീസിന്റെ കൊലപാതകം / നദിയുടെ ആത്മഹത്യ, ഇവയിലേക്ക് വെളിച്ചം വീശുമെന്ന അവന്റെ ആഗ്രഹം, എങ്ങനെ തന്നിൽ ഭ്രാന്തിന്റെ വിത്തുകൾ പാറി വീഴുന്നുവെന്നുമൊക്കെയുള്ള അഷ്‌റഫിന്റെ ആകുലതകളും വായനക്കാരനിലേക്ക് കയറിക്കൂടുന്നു.


ഇദ്രീസും, അഷ്‌റഫും, നദിയും മാത്രമല്ല ഷാഹിദ്, നോയല്‍, നീലി, ജാനകി, രേഖ, ലീഫ് എന്നിവരുടേയും കഥയാണിത്. അവരെപ്പോലെ സമൂഹത്തിന്റെ ആവശ്യങ്ങൾ ഏറ്റുപിടിച്ച ഒരുകൂട്ടം ചെറുപ്പക്കാരുടേയും. അധികാരസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതൊന്നും ഏറ്റുപിടിക്കാൻ നിൽക്കണ്ട എന്ന  ആജ്ഞ തള്ളിക്കളഞ്ഞ, ‘മരിച്ചവരുടെ മണ്ണ്’ എന്ന കോളേജ് മാഗസിനിലൂടെ സത്യം തെളിയിക്കാൻ ശ്രമിച്ചവരുടെ ജീവിതം കൂടിയാണീ നോവൽ.


ഉണ്മയിലേക്ക് നോക്കുന്നവരെ ഉന്മാദികളായി മുദ്രകുത്തുന്നതും, സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നടക്കാത്ത പശുക്കൾ അറവുശാലയിലേക്ക് എത്തിപ്പെടുമെന്ന അലിഖിതമായ നിയമം നടപ്പാക്കുന്നതുമായ സ്റ്റേറ്റാണിതിലുള്ളത്. അതിനുവേണ്ടി കലാലയ മാഗസിനുകൾ പോലും വെറും ടൂളുകൾ മാത്രമാകുന്ന ചിത്രം നമ്മുക്കിതിൽ കാണാം.


ജീവിതവും, തിരക്കഥയും രണ്ടായിക്കാണുവാൻ തനിക്കാകുമെന്നും, ഇനിയും ഒരിക്കൽക്കൂടി തിരുത്തിയെഴുതുന്ന തിരക്കഥയിൽ ഇദ്രീസിന്റെ കൊലപാതകവും, അതിനു കാരണമായ മാഗസിൻ കണ്ടന്റും വ്യക്തമായി എഴുതുമെന്നും, നദിയുടെ ആത്മഹത്യയുടെ ശരിയായ കാരണവും അതിൽക്കാണുമെന്നും അഷ്‌റഫ് കരുതുന്നുണ്ടെങ്കിലും അവനിലെ ഭ്രാന്തിനെ ഒഴിവാക്കാൻ ആരും അനുവദിക്കുന്നില്ല.


ജീവിതം തന്നെയാണ് നദിയുടെ ആത്മഹത്യക്ക് കാരണമെന്ന് ചിന്തിച്ച് തിരക്കഥ അവസാനിപ്പിക്കുന്ന അഷ്‌റഫ് അവനിലെ ഭ്രാന്തിനെ നുള്ളിക്കളയുന്നുണ്ടെങ്കിലും ഡോക്ടർമാർ അതു കാര്യമാക്കുന്നില്ല. അവൻ ഭ്രാന്തനായിത്തന്നെ തുടരുന്നുണ്ടാവും.


മുൻപ് പടച്ചോന്റെ ചിത്രപ്രദർശനത്തിനെക്കുറിച്ച് എഴുതിയപ്പോൾ ജിംഷാർ ഫ്രെയിമുകളായാണ് കഥകളെ സമീപിക്കുന്നതെന്ന് എഴുതിയിരുന്നു. എഡിറ്റിംഗ് നടക്കുന്ന ആകാശവും അതിൽ നിന്നും വിഭിന്നമല്ല. പല ഭ്രാന്തുകളുടെ കൊളാഷാണിതിൽ. പക്ഷേ, ഇതിൽ സത്യങ്ങൾ എഴുന്നു നിൽക്കുന്നു. സ്റ്റേറ്റിന്റെ താല്പര്യങ്ങൾക്ക് എതിരായി ചിന്തിക്കുന്നവരെല്ലാം ഉന്മാദികളാവുകയോ, കൊല്ലപ്പെടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്യും. വരികളിലൂടെ തലതാഴ്ത്തിമാത്രം നടക്കുന്ന ഒരു സമൂഹത്തിനെയാണല്ലോ ഇപ്പോൾ എല്ലാവർക്കും ആവശ്യം.


നോവൽ - എഡിറ്റിങ് നടക്കുന്ന ആകാശം
പബ്ലീഷർ - ഡിസി
₹ 130

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

സ്റ്റേറ്റിന്റെ താല്പര്യങ്ങൾക്ക് എതിരായി ചിന്തിക്കുന്നവരെല്ലാം ഉന്മാദികളാവുകയോ, കൊല്ലപ്പെടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്യും. വരികളിലൂടെ തലതാഴ്ത്തിമാത്രം നടക്കുന്ന ഒരു സമൂഹത്തിനെയാണല്ലോ ഇപ്പോൾ എല്ലാവർക്കും ആവശ്യം.