എഴുത്തുകാരുടെ കയ്യൊപ്പോടുകൂടിയ പുസ്തകങ്ങൾ ലഭിക്കുക എന്നതിനേക്കാൾ സന്തോഷമുള്ളൊരു കാര്യമില്ല വായനക്കാരന്. ഓട്ടോഗ്രാഫിന്റെ കാര്യം പറയുമ്പോൾ ആദ്യം ഓർമ്മവരുന്നത് പണ്ട് ശിഹാബിക്ക പറഞ്ഞയൊരു തമാശയാണ്. ഒരു സുഹൃത്തിന്റെ പ്രധാന ഹോബി കയ്യൊപ്പോടുകൂടിയ പുസ്തകങ്ങൾ ശേഖരിക്കുകയെന്നതായിരുന്നു. വായിക്കുമായിരുന്നോ എന്നൊന്നും അറിയില്ല, വീട്ടിൽ വരുന്നവരെയൊക്കെ അതെല്ലാം കാണിച്ച് അദ്ദേഹം നല്ലവായനക്കാരനെന്ന് പേരെടുത്തിരുന്നു. ഒരുദിവസം ആൾക്കൊരു അബദ്ധം പറ്റി. വിരുന്നുകാരൻ അത്യാവശ്യം വായനയും, പുസ്തകങ്ങളെക്കുറിച്ച് അറിവുമുള്ള മനുഷ്യനുമായിരുന്നു. വലിയവലിയ സാഹിത്യകാരന്മാരെല്ലാം തനിക്ക് അവരുടെ കയ്യൊപ്പോടുകൂടിയ പുസ്തകങ്ങൾ തന്നിട്ടുണ്ട് എന്നുപറഞ്ഞു വിരുന്നുകാരനെകാണിച്ചത് കൊട്ടാരത്തിൽ ശങ്കുണ്ണിയെഴുതിയ ഐതീഹ്യമാലയായിരുന്നു... -----------------ന് സ്നേഹപൂർവ്വം ശങ്കുണ്ണിയേട്ടൻ എന്ന് വൃത്തിക്ക് ബോൾ പോയിന്റ് പേനകൊണ്ടെഴുതിയിരിക്കുന്നു!!!!
പറയാൻ വന്നതിതൊന്നുമല്ല, എനിക്കും കിട്ടിയൊരു ഓട്ടോഗ്രാഫ്ഡ് പുസ്തകം. അയർലന്റിലെ സ്ലൈഗോയിൽ താമസിക്കുന്ന പ്രശസ്ത നാനോ ശാസ്ത്രജ്ഞനായ ഡോ. സുരേഷ്. സി. പിള്ളയുടെ തന്മാത്രം. പുസ്തകത്തിലുള്ള പലതും മുൻപ് എഫ്ബി പോസ്റ്റുകളായി വായിച്ചിട്ടുണ്ടെങ്കിലും കടലാസ്സ് മണമുള്ള പുസ്തകങ്ങൾ പോലെ സന്തോഷിപ്പിക്കുന്ന വേറൊന്നുമില്ല. അദ്ദേഹം ഒരു ശാസ്ത്രജ്ഞനായതുകൊണ്ട് ലേഖനങ്ങൾ പലതും ശാസ്ത്രീയ അടിത്തറയുള്ളവയാണ്.ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്നുപറയുന്നതുപോലെ കറിവേപ്പില മുതൽ വിമാനയാത്ര വരെ, ടീനേജ് പ്രശ്നങ്ങൾ മുതൽ ഇമോഷണൽ ഇന്റലിജൻസ് വരെ എന്തിനെക്കുറിച്ചും സുരേഷിന് വ്യക്തമായ അഭിപ്രായങ്ങളുണ്ട്. അദ്ദേഹം ആർജ്ജിച്ച അറിവുകൾ സരളമായ, ലളിതമായ ഭാഷകൊണ്ട് സാധാരണക്കാരന് പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ സുരേഷിന് സാധിച്ചിട്ടുണ്ട്. പ്രചോദിപ്പിക്കുന്ന എഴുത്ത്. ഇനിയും ധാരാളമായി എഴുതുവാൻ, അറിവ് പകരുവാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.
തന്മാത്രം - ലേഖനങ്ങൾ
പ്രസാധനം - താമര
വില - 160 രൂപ.
1 comment:
ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്നുപറയുന്നതുപോലെ കറിവേപ്പില മുതൽ വിമാനയാത്ര വരെ, ടീനേജ് പ്രശ്നങ്ങൾ മുതൽ ഇമോഷണൽ ഇന്റലിജൻസ് വരെ എന്തിനെക്കുറിച്ചും സുരേഷിന് വ്യക്തമായ അഭിപ്രായങ്ങളുണ്ട്. അദ്ദേഹം ആർജ്ജിച്ച അറിവുകൾ സരളമായ, ലളിതമായ ഭാഷകൊണ്ട് സാധാരണക്കാരന് പെട്ടന്ന് മനസ്സിലാക്കാൻ സാധിക്കുന്ന രീതിയിൽ അവതരിപ്പിക്കാൻ സുരേഷിന് സാധിച്ചിട്ടുണ്ട്.
തന്മാത്രം വായിച്ചിട്ടുണ്ട് ...ഇതേ അഭിപ്രായം തന്നെയാണ് എനിക്കും ...!
Post a Comment