എഴുത്തുകാരൻ തന്റെ ചുറ്റുപാടുകളിലേക്ക് കണ്ണുതുറന്നു വയ്ക്കുന്നതിന്റെ ഫലമാണ് അവന്റെ സൃഷ്ടികൾ. അവന്റെ പ്രതികരണങ്ങൾ, അതെ, സമൂഹത്തിൽ സംഭവിക്കുന്ന ച്യുതികൾക്ക് നേരേയുള്ള പ്രതികരണങ്ങൾ, അതിനു വേണ്ടി അവൻ ആക്റ്റിവിസ്റ്റ് ആകണമെന്നില്ല. തെരുവിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കേണ്ടതില്ല. അവയെക്കുറിച്ച് വായനക്കാരന്റെ ഉള്ളിൽ തട്ടുന്ന രീതിയിൽ എഴുതിയാൽ മാത്രം മതി. ആയിരം ആളുകൾ പങ്കെടുക്കുന്ന പ്രതിഷേധ പ്രകടനങ്ങളേക്കാളും ശക്തമായി സമൂഹ മനസ്സിനുള്ളിൽ അവന്റെ വാക്കുകൾ, കഥകൾ നിറഞ്ഞുനിൽക്കും. അങ്ങനെയുള്ള കഥകളാണ്, ജീവിതങ്ങളാണ് വിനോദ് കൃഷ്ണയുടെ കണ്ണ് സൂത്രം എന്ന സമാഹാരത്തിലെ 13 കഥകളും.
ഇറച്ചിമിഠായി മുതൽ പാമ്പും കോണിയും വരെയുള്ള കഥകളിലെ മിക്കവയും വായനക്കാരന്റെ മുറിവുകളാകുന്നുണ്ട്. വിപരീതത്തിലെ ശിവാനി തന്റെ കാണാതായ, ബലാത്സംഗം ചെയ്യപ്പെട്ട, കൊലചെയ്യപ്പെട്ട ഉറ്റസ്നേഹിത ഉമൈഭാനുവായി സ്കൂളിൽ വേഷപ്രച്ഛന്ന മത്സരത്തിൽ പങ്കെടുത്തതിന് ശേഷം അവളും ഉമൈഭാനുവിന്റെ അതേ അനുഭവങ്ങളിലേക്ക് വീണുപോകുന്നു, മനുഷ്യൻ വേഷങ്ങളാൽ വേർതിരിക്കപ്പെടുന്ന ഭൂമിക നമ്മുടെ മുന്നിലുണ്ട്, പക്ഷെ കാര്യമാക്കിയിട്ടുണ്ടോ? നമ്മളനുഭവിക്കാത്തിടത്തോളം അവയെല്ലാം വാർത്തകൾ മാത്രമാണ്. ഈ സമാഹരത്തിലെ ഏറ്റവും മൂർച്ചയേറിയ കഥയാണ് വിപരീതം.
നിരോധിക്കപ്പെട്ടയൊരു പുസ്തകം വായിക്കുവാൻ ബാറിൽ ഒത്തുചേരുന്ന മൂന്നു സുഹൃത്തുക്കളിലൂടെ മുന്നോട്ടു പോകുന്ന കഥയാണ് ഒറ്റക്കാലുള്ള കസേര, ഈ സമാഹാരത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ രചന, മറ്റൊന്നാണ് മാരകായുധം.
എഴുതാനാണെങ്കിൽ ഇതിലെ എല്ലാ കഥകളെക്കുറിച്ചും ഓരോ പേജ് എഴുതേണ്ടിവരും. അല്ല മാഷേ നിങ്ങളിത്രയും കാലം എവിടെയായിരുന്നു?
1 comment:
നിരോധിക്കപ്പെട്ടയൊരു പുസ്തകം വായിക്കുവാൻ ബാറിൽ ഒത്തുചേരുന്ന മൂന്നു സുഹൃത്തുക്കളിലൂടെ മുന്നോട്ടു പോകുന്ന കഥയാണ് ഒറ്റക്കാലുള്ള കസേര, ഈ സമാഹാരത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ രചന, മറ്റൊന്നാണ് മാരകായുധം.
Post a Comment