മഴവില്ല് പോലെ വളഞ്ഞ്
ആകാശത്തിലൂടൊരു നദിയൊഴുകുന്നു,
ഇടയ്ക്കൊക്കെ കലങ്ങിമറിഞ്ഞ്,
നിന്റെ ചിന്തകളിൽ നിന്ന് തുടങ്ങി
എന്റെ ചിന്തകളിലേക്ക്, തിരിച്ചും
അതിൽ
നമ്മളെ വഴിതിരിച്ചുവിടാൻ
ഇരുവശങ്ങളിലേക്കും തൂവൽകൈ
നീട്ടുന്ന കരിമ്പച്ച ചെടി
കുറ്റബോധത്തിന്റെ കറപുരണ്ട
കറുത്തുരുണ്ട മിനുസക്കല്ല്
ഒരുവശം കണ്ടുകണ്ട് മടുത്തുപോയ
ഒറ്റക്കണ്ണുള്ള പരൽ മത്സ്യം
ഹൃദയം കൊണ്ട് മാത്രം
ചിന്തിക്കുന്നൊരു മത്സ്യകന്യക
എനിക്ക് നീയെന്നപോൾ
തെളിഞ്ഞ ചന്ദ്രൻ
നമ്മളെപ്പോൾ വേണമെങ്കിലും
വീഴാവുന്നൊരു വമ്പൻ ചുഴി
ചുറ്റിച്ചുറ്റി നമ്മുക്കിടയിലൂടെയങ്ങനെ
അതിവേഗത്തിൽ, അതിവേഗത്തിൽ
നമ്മൾ കണ്ടുമുട്ടുന്നിടത്ത് വച്ച്
എപ്പോൾ വേണമെങ്കിലും
മനസ്സിന്റെ ഉറവകളിലേക്ക്
തിരിച്ചൊഴുകുമെന്ന് ഉറപ്പുള്ളൊരു നദി
മഴവില്ല് പോലെ വളഞ്ഞ്
നമ്മുടെ ചിന്തകൾക്കിടയിലൂടെ
നീയേ ഞാനേ, നീയേ ഞാനേയെ-
ന്നാർത്തുവിളിച്ച് പാഞ്ഞു പോകുന്നു
നീയേ ഞാനേ, നീയേ ഞാനേയെ-
ന്നാർത്തുവിളിച്ച് പാഞ്ഞു പോകുന്നു
4 comments:
തിരിച്ച് ഒഴുകുമെന്ന് ഉറപ്പുള്ള നദികള്‍ മഴവില്ല് പോലെ...
മഴവില്‍ പോലെയാണീക്കവിത!
നന്നായിരിക്കുന്നു കവിത
ആശംസകള്‍
മാനത്തെ ഈ പുഴയിൽ
ഹൃദയം കൊണ്ട് മാത്രം
ചിന്തിക്കുന്നൊരു ഒരു മത്സ്യകന്യക
Post a Comment