Trending Books
Sunday, 29 June 2014
Friday, 27 June 2014
ഓർമ്മകൾ
ഓർമ്മകളെ അടക്കുന്ന കല്ലറയുടെ മുകളിൽ
നീ എന്റെ പേരെഴുതരുത്..
നമ്മുടെ സംസാരം തുടരുന്നതുവരേയെ
അതവിടെ കാണുകയുള്ളൂ
ഒരുകാലത്ത് പരസ്പരം മിണ്ടാതായാൽ
വിഘടിച്ച് വിഘടിച്ച് അവ പലവഴിക്ക് പിരിയും
ചിലത് നിന്റെ മുറ്റത്തെ ഞാവൽമരത്തിൽ
കാക്കകളും മറ്റും കൊത്തി വേദനിപ്പിക്കുന്ന
കറുത്തമുത്തുകളായ് താഴോട്ട് നോക്കിക്കിടക്കും
ചിലത് നിന്റെ തൊടിയിലെ
പാവൽ വള്ളികളിൽ കയ്ച്ച് കയ്ച്ച് പടരും
ചിലത് കല്ലെടുത്ത തുമ്പികളായ്
നിന്റെ മുന്നിൽ തലയടിച്ച് മരിച്ചേക്കാം
അവയെല്ലാം നിന്നെക്കുറിച്ചുള്ള എന്റെ
ഓർമ്മകളായിരുന്നുവെന്ന് നീ ഒരിക്കലുമറിയരുത്
അതിനാലാണ്,
ഓർമ്മകളെ അടക്കുന്ന കല്ലറയുടെ മുകളിൽ
എന്റെ പേരെഴുതരുതെന്ന് പറഞ്ഞത്
Tuesday, 24 June 2014
യുദ്ധാനന്തരം പ്രണയം
എടീ ഡാഷ് മോളേ
ഇനിയെന്റെ പുറകെ നടന്ന് ചൊറിയരുത്
നീയെന്തുകരുതി,
ഞാൻ നിന്റെ വാലാട്ടി പട്ടിയാകുമെന്നോ?
നിങ്ങൾ പട്ടിയോ, മരപ്പട്ടിയോ ആയിക്കോ
ഈ വായിട്ടടിക്കാനല്ലാതെ നിങ്ങളെയെന്തിന് കൊള്ളാം
നിനക്കു കാര്യങ്ങൾ നോക്കിനടത്താനറിയുമോ?
എന്തെങ്കിലും, എന്നെങ്കിലും
വൃത്തിയായ് യുക്തിയിൽ ചെയ്യുമോ?
നിന്നെയുമെന്തിന് കൊള്ളാം..
അഞ്ചെട്ട് വർഷമായിട്ടും
എന്തിന് കൊള്ളാമെന്ന് മനസ്സിലായില്ലെങ്കിൽ
നിങ്ങള് പോയി തൂങ്ങിച്ചാക്
‘ഇനി ഞാനെവിടെയെങ്കിലും പോയാൽ
നീ മിസ്കോൾ പോലുമടിക്കരുത് ’
‘നിങ്ങളെവിടെയെങ്കിലും പോയിത്തുലയ് ’
* * *
ഇപ്പോളിപ്പോൾ ഇങ്ങനെയിങ്ങനെ
യുദ്ധങ്ങളിലൂടെയാണ് നമ്മൾ പ്രണയിക്കുന്നതെങ്കിലും
നീയില്ലാത്തൊരു ദിവസത്തിന്റെ
ശൂന്യത എനിക്ക് താങ്ങാനാവുന്നില്ല
ലക്ഷ്യം കാണാത്ത അമ്പെയ്ത്തുകാരനായ്
ഞാനൊറ്റപ്പെട്ടു പോകുന്നു
ശൂന്യതയുടെ തമോഗർത്തത്തിൽ
കണ്ണുകാണാതെ നീന്തുകയാണ്
ഒരു ദിവസം പോലും
ഒറ്റയാകാൻ വയ്യാതായിരിക്കുന്നു
പിണക്കം മതിയാക്കി നീ തിരിച്ചുവാ
നമ്മുക്ക് യുദ്ധം ചെയ്യാം, പ്രണയിക്കാം
Saturday, 14 June 2014
ഗുൽമോഹറാകുന്ന ഉമ്മകൾ
ജൂൺ ലക്കം നവമലയാളിയിൽ വന്നത്
http://navamalayali.com/component/content/article/29-kavitha/74-poetry-junaithaboobakker?Itemid=126#.U5rVVPldX6E
ഇരുവശത്തും പോക്കറ്റുള്ള
നീലയുടുപ്പിന്റെ അടിയിലെവിടെയോ
എന്റെ ഹൃദയം മിടിക്കുന്ന
ശബ്ദം കേൾക്കുന്നുണ്ട്
പെരുവിരലിന്റെയറ്റം മുതൽ
കാലുകളിലേക്ക് തണുപ്പ്
അനുവാദമില്ലാതെ കയറുന്നതുമറിയാം
എന്റെ ചുറ്റും പരിചയമില്ലാത്ത
ആളുകൾ, കോഴികൾ, താറാവുകൾ
ടർക്കികൾ, തത്തകൾ, പുള്ളുകൾ
പൂച്ചകൾ, പട്ടികൾ,എലികൾ
പണ്ട് കൈക്കൂലി വാങ്ങിയ
ഒരു സർക്കാരുദ്യോഗസ്ഥൻ
ബാക്കി തരാൻ പോലും
വന്നു കുലുക്കി വിളിക്കുന്നു
കൊച്ചേ കൊച്ചേയെന്ന്
ഞാനുറക്കെ വിളിക്കുന്നു
അടുത്തമുറിയിൽ
ഇഷാലിന്റേയും നിഹാലിന്റേയും
വാപ്പീന്നുള്ള വിളികൾ കേൾക്കാം
ഫെയ്സ്ബുക്കിലെ എന്റെ സ്റ്റാറ്റസിന്
മറുകമന്റിട്ട് ചിരിക്കുന്ന
കൊച്ചിന്റെ ശബ്ദവും കേൾക്കുന്നുണ്ട്
ഞാനൊരു ചുംബനം അവൾക്കായയക്കുന്നു
അവളുടെ ചുണ്ടുകളിൽ ദ്രവിച്ചൊരു ഇലയുടെ
ഞരമ്പുകൾ പോലെയത് ചുറ്റിപ്പടരുന്നു
ചിത്രശലഭത്തെ ആട്ടിയോടിക്കുന്ന
ലാഘവത്തിൽ നീയതിനെ
ജനാലതുറന്ന് പുറത്തേക്ക് വിടുന്നു
അടുത്ത മൊട്ടക്കുന്നിലത്
വീണൊരു ഗുൽമോഹർ മരമായി
ആകെ ചുവന്ന് പരക്കുന്നു
ചുറ്റും കൂടിയവരെല്ലാം എന്നെയെടുത്ത്
ഗുൽമോഹർ ചുവട്ടിലേക്ക് നടക്കുന്നു
ഒരു ചുവന്നയിതൾ രണ്ട് തുള്ളി കണ്ണീരിനൊപ്പം
എന്റെ നെറ്റിയിലേക്ക് പതിയെ വീഴുന്നു
“കൊച്ചേ കൊച്ചേ“ എന്നെന്റെ വിളി
നീ ഇപ്പോഴും കേൾക്കുന്നില്ല
Friday, 13 June 2014
ആകാശത്തിലെ നദി
മഴവില്ല് പോലെ വളഞ്ഞ്
ആകാശത്തിലൂടൊരു നദിയൊഴുകുന്നു,
ഇടയ്ക്കൊക്കെ കലങ്ങിമറിഞ്ഞ്,
നിന്റെ ചിന്തകളിൽ നിന്ന് തുടങ്ങി
എന്റെ ചിന്തകളിലേക്ക്, തിരിച്ചും
അതിൽ
നമ്മളെ വഴിതിരിച്ചുവിടാൻ
ഇരുവശങ്ങളിലേക്കും തൂവൽകൈ
നീട്ടുന്ന കരിമ്പച്ച ചെടി
കുറ്റബോധത്തിന്റെ കറപുരണ്ട
കറുത്തുരുണ്ട മിനുസക്കല്ല്
ഒരുവശം കണ്ടുകണ്ട് മടുത്തുപോയ
ഒറ്റക്കണ്ണുള്ള പരൽ മത്സ്യം
ഹൃദയം കൊണ്ട് മാത്രം
ചിന്തിക്കുന്നൊരു മത്സ്യകന്യക
എനിക്ക് നീയെന്നപോൾ
തെളിഞ്ഞ ചന്ദ്രൻ
നമ്മളെപ്പോൾ വേണമെങ്കിലും
വീഴാവുന്നൊരു വമ്പൻ ചുഴി
ചുറ്റിച്ചുറ്റി നമ്മുക്കിടയിലൂടെയങ്ങനെ
അതിവേഗത്തിൽ, അതിവേഗത്തിൽ
നമ്മൾ കണ്ടുമുട്ടുന്നിടത്ത് വച്ച്
എപ്പോൾ വേണമെങ്കിലും
മനസ്സിന്റെ ഉറവകളിലേക്ക്
തിരിച്ചൊഴുകുമെന്ന് ഉറപ്പുള്ളൊരു നദി
മഴവില്ല് പോലെ വളഞ്ഞ്
നമ്മുടെ ചിന്തകൾക്കിടയിലൂടെ
നീയേ ഞാനേ, നീയേ ഞാനേയെ-
ന്നാർത്തുവിളിച്ച് പാഞ്ഞു പോകുന്നു
നീയേ ഞാനേ, നീയേ ഞാനേയെ-
ന്നാർത്തുവിളിച്ച് പാഞ്ഞു പോകുന്നു
Sunday, 1 June 2014
കാണാതായ രണ്ട് കവിതകൾ
1.
നിന്നെക്കുറിച്ചുള്ളതായിരുന്നു
പകർത്തിയെഴുതും മുന്നേ കാണാതായിരിക്കുന്നു
നിന്റെ കയ്യിലുണ്ടോ?
നീയല്ലാതെ ആർക്കാണ് മറ്റാരും കാണാതെ
എന്റെ മനസ്സിലിങ്ങനെ കയറിയിറങ്ങാൻ പറ്റുന്നത്
2.
നിന്നെക്കുറിച്ച് തന്നെയായിരുന്നിതും
(ഞാൻ മറ്റാരെക്കുറിച്ചെഴുതാനാണ്?)
മറന്നുപോകാതിരിക്കാൻ കുറിച്ച കടലാസുചുരുൾ
കള്ളയിളം കാറ്റ് ഒരുചിരിയോടെ കൊണ്ടുപോയി
എത്രയാലോചിച്ചിട്ടും നിന്റെ മുഖമല്ലാതെ
അതിലെ ഒരുവരി പോലും ഓർക്കുന്നില്ല
Subscribe to:
Posts (Atom)