Trending Books

Friday, 5 November 2010

പ്രീ-ഡിഗ്രി


                 










നമ്പൂതിരീസ് കോളേജിലെ ട്യൂഷനും കഴിഞ്ഞു
'സ്റ്റുടന്റ്സ് ഒൺലി' സർക്കാർ ബസ്സിൽ 
"ബീഡിക്കാശല്ലെയുള്ളൂ ടിക്കറ്റ് എടുക്കടാ മോനെ"
എന്ന കണ്ടക്റ്റർ രാജേട്ടന്റെ വാക്കവഗണിച്ചു
മുന്നിലേക്ക്‌ പോകും
ബസ് ഇടയ്ക്കെങ്ങും നിർത്താതിരിക്കാൻ 
മണിച്ചരട് മുറിച്ച സിനാജുമൊത്ത്
ചെക്കറെ പറ്റിച്ച് ജനലിലൂടെ ചാടി
എക്കണോമിക്സ്,കോമ്മേഴ്സ് ബാച്ചുകാരുടെ
വീരപ്പൻ ബ്ളോക്ക് കഴിഞ്ഞു കയറ്റം കയറി
മെയിൻ ഗെയ്റ്റ് കടന്നു,
സ്പെക്ട്രോസ്കോപ്പിലൂടെ സതി ടീച്ചറുടെ
അണിവയർ രോമം കണ്ട ഫിസിക്സ്  ലാബും
എം.ടിയെയും, ബഷീറിനെയും മാറ്റിവച്ച്
കമ്പിക്കഥകൾ നോക്കിനടന്ന ലൈബ്രറിയും കടന്നു
ജി ബാച്ചിലേക്ക് അവനും,
ഹാജർ എടുത്തു കഴിഞ്ഞ, പിൻബഞ്ച്‌ കാലിയായ
ളാത്ര സാറിന്റെ മലയാളം ക്ളാസിലേക്ക് ,
വേലിക്കെട്ടില്ലാത്ത ജനലുകളുള്ള   
ഐ  ബാച്ചിലേക്ക് ഞാനും 

വീണപൂവിലേക്ക് കടന്നു സാറും
ഇടത്തെ ബെഞ്ചിലെ നിഷയുടെ 
കണ്ണിലേക്കു നോക്കിയിരുന്നു ഞാനും
ആ പീര്യഡ് അവസാനിപ്പിക്കും..
രണ്ടു കൊല്ലം കണ്ണിൽ നോക്കിനോക്കി 
സുവോളജി ലാബിന്റെ ഇടനാഴിയിൽ 
കൈപിടിച്ച് ഇഷ്ടം പറഞ്ഞതിന്റെ 
പിറ്റേനാള്‍ ഒളിച്ചോടിപ്പോയ നിഷ 

എഞ്ചിനിയർ അല്ലെങ്കിൽ ഡോക്ടർ 
രണ്ടിലൊന്നെന്നുറപ്പിച്ച്
കണക്കിനൊപ്പം സയൻസും പഠിക്കാൻ വന്നു
പിത്ത് ചെയ്തിട്ടും ചാടിയ തവളയെ കണ്ടു
തലചുറ്റി വീണ പ്രെറ്റി,
കയ്യിലിരുപ്പ് കൊണ്ടാണെന്ന്
അവൾ മൈൻഡ് ചെയ്യാത്ത സാബി,
ഒരു കിലോ മുടിയും അരക്കിലോ മുഖവുമെന്നു
റെക്സ് കളിയാക്കുന്ന സ്മിത
കളിയാക്കികളിയാക്കി കാര്യമായപ്പോൾ
ഇഷ്ടംകൊണ്ടാണെന്ന് രണ്ടാളും..

ഓരോ മാസവും പുതിയ സൌഹൃദം തേടുന്ന
വെബ് ഉഷ,
കൂട്ടുപേരെല്ലാം ബോർഡിൽ തെളിഞ്ഞ  നാൾ
പുതിയൊരു പേരും അതിലെഴുതിച്ചേർത്ത്
ബെഞ്ചില്‍ പോയിരുന്നു പുച്ഛത്തോടെ ചിരിച്ച
ബോൾഡ് ഉഷ,
എല്ലാ ബാച്ചിലും കാമുകിമാരുണ്ടായിട്ടും
തന്നെ പ്രേമിക്കാത്ത മീരക്ക് വേണ്ടി കരഞ്ഞ 
ശർക്കര ബിജു

തല്ലു കൊണ്ട് നേതാവായ ഷാജൻ
തല്ലുകൊടുത്ത് നേതാവായ ജൂബി
ആരു തല്ലിയാലും കൊള്ളാ 
മടിയില്ലാത്ത റാഫി
വെടിമരുന്നിന്റെ മണവും
പാറപ്പൊടി പറ്റിയ മുടിയുമായ് പ്രസാദ്
ജിപ്സിയില്‍ വരുന്ന,പെപ്സി മാത്രം കുടിക്കുന്ന
ദാമോദരന്‍ എന്ന ദാമ 
എല്ലാരും ഒത്തുചേരുന്ന
തൂക്കിവിക്കാനും മാത്രം പറ്റുബുക്കുകളുള്ള
തങ്ക്സ് എന്ന തങ്കച്ചായന്റെ ചായക്കട
പുതിയ പ്രണയത്തിനു പഫ്സും ഡ്രിങ്ക്സും
തകർന്ന പ്രണയത്തിനു ഹാൻസും സിഗരറ്റും 
എത്ര പറ്റിയാലും എത്ര പറ്റിച്ചാലും 
രണ്ടു പെണ്മക്കളാടാ  എനി-
ക്കെന്നും പറഞ്ഞു പിന്നെയും തരും
സിഗരറ്റും ഡ്രിങ്ക്സും പാവം തങ്ക്സ്..

കണക്കു പ്രോഫസറിന്റെ കണക്കുകൂട്ടലുകളിൽ 
കണക്കു തെറ്റി തൂങ്ങിമരിച്ച 
അറ്റന്റർ ജോർജ്ജേട്ടൻ 
പകല്‍ പോലും കാണാത്ത എന്നെക്കാളും 
കറുത്ത നിന്നെ കെട്ടാൻ വരും സായിപ്പെന്നു 
ജെനിയെ ശപിച്ച ഷാൻസ്
മരണക്കിടക്കയിൽ അവനെ 
കാണാൻ ചെന്ന ജെനിയും
ഓടിയോടി മറയുന്നു

പഴയ ഹീറോ റെയ്ഞ്ചർ സൈക്കിളിൽ
മെയിൻ ഗെയ്റ്റ് കടന്നു, ഇറക്കമിറങ്ങി 
വീരപ്പൻ ബ്ളോക്കും കഴിഞ്ഞു 
പാലത്തിൽ നിന്നും തിരിഞ്ഞുനോക്കുമ്പോൾ
കാണുന്നുണ്ട് ഐ ബാച്ചും
വാകമരച്ചോട്ടിൽ കൂട്ടുകാരോടൊത്ത്  പഴയ ഞാനും



Friday, 22 October 2010

എ.അയ്യപ്പന്‍

ചിത്രത്തിനു കടപ്പാട്: ഗൂഗിള്‍ .


പ്രിയ കവിക്ക് ആദരാഞ്ജലികള്‍ 
ഓണക്കാഴ്ചകള്‍ എന്ന ചെറുകഥാസമാഹാരമാണ്  ആദ്യകൃതി. ബുദ്ധനും ആട്ടിന്‍കുട്ടിയും, വെയില്‍ , കറുപ്പ് തിന്നുന്ന പക്ഷി, ഗ്രീഷ്മമേ സഖീ, മാളമില്ലാത്ത പാമ്പ് , ചിത്തരോഗാശുപത്രിയിലെ ദിനങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കവിതകള്‍ .ഈ വര്‍ഷത്തെ ആശാന്‍ പുരസ്ക്കാരമുള്‍പ്പെടെ ധാരാളം പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 


Monday, 18 October 2010

ഇലക്ഷന്‍










തീണ്ടലും തൊടീലും കഴിഞ്ഞു 
ചീരുവും,കോതയും,കോമുവുമായ്
നമ്പൂരിക്കുട്ടിയുടെ അഭിമുഖം
കൊല്ലം കുറെയായിട്ടും
ഇടത്തൂന്നും വലത്തൂന്നും
വീട് വന്നില്ല
ജോലി വന്നില്ല
മണ്ണ് വീണ ചോറിലെ
മണ്ണ് മാത്രം ബാക്കി. 
എന്ന് ഹരിജവേദനം

പാർട്ടി ചാനലുകൾ,
ചുവന്നതും, പച്ചയും,
രണ്ടും കലർന്നതും,
ദൈവത്തോടടുത്തതും,
അടുക്കാത്തതും
ലൈവായി കാട്ടി..
ഒരു ചാനൽ ഒറ്റക്കും
ബാക്കിയെല്ലാവരും ഒന്നിച്ചും. 

ഇലക്ഷനിങ്ങു വന്നല്ലോ
അല്ലെ കാണാമാരുന്നു.
ചീരുവില്ല,
കോതയും കോമുവുമില്ല
നമ്പൂരിക്കുട്ടിയില്ല
ഒരു ചാനലുമില്ല

നിവേദനം മാത്രം 
അടുത്ത ഇലക്ഷൻ കാത്തിരിക്കും.

Friday, 15 October 2010

കടല്‍










പുഴയെന്നും കടലിനെ 
തേടുന്നതുകൊണ്ടാവും
കടൽ പെരുകുന്നതും
പുഴ ചുരുങ്ങുന്നതും
ഉപ്പില്ലാത്ത പുഴയെ 
തിന്നു തിന്നു മടുത്ത് 
പെരും തിരയിൽ കിട്ടിയതെല്ലാം
സ്വന്തമുപ്പാക്കി  മാറ്റുന്ന കടൽ.

 .

Sunday, 10 October 2010

കാലികം
















നിന്റെ സ്നേഹത്തെ ഞാന്‍
ഭയപ്പെടുന്നില്ല
നിന്നില്‍ നിന്നും ഒന്നും
ആഗ്രഹിക്കുന്നുമില്ല
നിന്റെ സൌന്ദര്യത്തെ ഞാന്‍
സന്ദേഹിക്കുന്നുമില്ല
സ്വന്തമാക്കല്‍ എന്നുള്ളത്
സ്വാര്‍്ത്ഥതയാകുന്നു
നീയൊരു കാറ്റാകുന്നു
ഞാനൊരു തരുവും
നിന്റെ പുല്‍കല്‍
എന്നെ ഭയപ്പെടുത്തുന്നു ...

പ്രണയം
കാലികമായ നേരത്ത്
ഞാനും നീയും കാഴ്ച്ചക്കാരാണ്
കാമ്പസിലെ
കാറ്റാടി മരങ്ങള്‍ക്കും
ഇലഞ്ഞിതണലിനും
പുറത്തെ സിനിമാ
കൊട്ടകക്കുമറിയാം
പ്രണയത്തിന്റെ ഭാവി വര്‍ത്തമാനങ്ങള്‍
അത് പൂക്കുകയില്ലെന്നും
വെളിച്ചം കുറവാണെന്നും ..

Wednesday, 29 September 2010

ഉമ്മ



കുഞ്ഞു മുലപ്പാല്‍ അധികമൊന്നും കുടിച്ചിട്ടില്ല..അവള്‍ക്കു കിട്ടീട്ടില്ല..

കൊടുക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ലാരുന്നു .ഇല്ലായിരുന്നു,അതാണ്‌ സത്യം.പ്രസവം ഏഴാം മാസത്തിലായിരുന്നു.
പ്രീ റ്റേം,കുഞ്ഞിനു ഒന്നര കിലോ മാത്രം ഭാരം.
ജനിച്ചയുടനെ തന്നെ അവളെ ഐ.സി.യുവില്‍,വെന്റിലേറ്ററില്‍ കിടത്തേണ്ടി വന്നു,നീണ്ട പതിനാലു ദിവസം..
അത് കഴിഞ്ഞാണ് ബന്ധുക്കളെല്ലാവരും,എന്തിനു എന്റെ അച്ഛനും അമ്മയും വരെ കണ്ടത്..

അഞ്ചു ദിവസം കഴിഞ്ഞാണ് കുഞ്ഞിനു മുലപ്പാല്‍ കൊടുത്തു തുടങ്ങാമെന്ന് ഡോക്ടര്‍ അറിയിച്ചത്..അത് വരെ അവള്‍ക്കു ഗ്ലൂകോസും ,മരുന്നുകളും 
മാത്രമായിരുന്നു..കുഞ്ഞിനു പാല് വലിച്ചു കുടിക്കാനുള്ള ശക്തിയില്ല,പിഴിഞ്ഞ് കൊടുക്കണം. നഴ്സുമാരും,അമ്മയും ഞാനുമൊക്കെ കിണഞ്ഞു ശ്രമിച്ചു,വേദന മാത്രം ബാക്കി.എത്ര വേദന സഹിച്ചാലും നാലോ അഞ്ചോ മില്ലി പാല് കിട്ടും.അത് കൊണ്ട് കുഞ്ഞിന്റെ വയറെങ്ങനെ നിറയാന്‍?   പാലില്ല എന്നാ സത്യം ശരിക്കും വിഷമിപ്പിക്കുന്നതായിരുന്നു.ഒടുവില്‍ പാല്‍പ്പൊടി കലക്കി കൊടുക്കാന്‍ തുടങ്ങി..
പാവം മുലപ്പാല്‍ കുടിച്ചു വയറു നിറയ്ക്കാന്‍ ഭാഗ്യമില്ലാത്ത എന്റെ മോള്‍..

അതുകൊണ്ടാണാവോ  എന്തോ,അവളോട്‌ ഇപ്പോഴും ഒരുമ്മ തരാന്‍ പറഞ്ഞാല്‍ ചിരിച്ചു കൊണ്ട് മുഖം തിരിച്ചു കളയും.എനിക്ക് മാത്രമല്ല ആര്‍ക്കും കൊടുക്കാറില്ല..അങ്ങോട്ടുമ്മ കൊടുക്കാന്‍ ചെന്നാലും ഇതാണവസ്ഥ.

മോള്‍ക്ക്‌ അവളുടെ കളിപ്പാട്ടങ്ങളില്‍ ഏറ്റവും ഇഷ്ടം മൂന്നു പാവകളോടാണ്..
എല്ലാം സോഫ്റ്റ്‌ പാവകള്‍,
ഒരു ഒലിവിന്റെ അവളെക്കാളും വലിയൊരു പാവ.
ഒരു മുയലന്‍,പിന്നൊരു പൂച്ചക്കുട്ടി..
അതിലേതെങ്കിലും വേണം അവള്‍ക്കു കൂട്ടിനു..ഉറങ്ങാന്‍ നേരമായാലും..
ഒരു വയസ്സ് കഴിഞ്ഞിട്ടും,ഈ മൂന്നു പാവകളും തന്നെയാണ് അവള്‍ക്കു ഏറ്റവും ഇഷ്ടം.



ഇവ അടുത്തുണ്ടെങ്കില്‍ അവള്‍ക്കു പ്രത്യേക സന്തോഷമാണ്..
ഒരുമ്മ താ മോളെയെന്നു പറഞ്ഞാല്‍,ഈ പാവകള്‍ അടുത്തുണ്ടെങ്കില്‍ അവയ്ക്ക് കൊടുക്കും..
പക്ഷെ മൂക്കില്‍ മാത്രം..കൂടെ കടിയും കൊടുക്കും..
എന്നിട്ട് മനോഹരമായ്,പുതുതായ് വന്ന കുഞ്ഞിരി പല്ലുകള്‍ കാട്ടി ചിരിക്കും..
മിടുക്കി ഉമ്മ കൊടുക്കാന്‍ പഠിച്ചിരിക്കുന്നു..എന്നാല്‍ നമ്മുക്കാര്‍ക്കും ഇല്ല..

ഒരിക്കല്‍ കുഞ്ഞിനെ കയ്യ് മാറാന്‍ ആരുമില്ലാത്ത ഒരു ദിവസം,വസ്ത്രം മാറുമ്പോള്‍ അവളും കൂടുണ്ടാരുന്നു..
മുലഞ്ഞെട്ടു കണ്ടു തൊടണമെന്നു കാണിച്ചു കൊണ്ട് കൈ നീട്ടി..
മുലപ്പാല് കിട്ടീട്ടില്ല,അവളതു തൊട്ടെങ്കിലും അറിയട്ടെ.
പോന്നു മോള്‍..
ഭയങ്കര സന്തോഷത്തോടെ അത്ഭുതത്തോടെ കുഞ്ഞു മുലഞ്ഞെട്ടില്‍ തൊട്ടു..
പിന്നെയും പിന്നെയും തൊട്ടു..
എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മോള്‍ എനിക്ക് ഉമ്മ തന്നു..
ചോദിക്കാതെ,
മുലയില്‍,മുലഞ്ഞെട്ടില്‍..
എന്റെ കണ്ണ് നിറഞ്ഞു പോയ്‌.
അവളതിപ്പോഴും ഓര്‍ക്കുന്നു...  
നഷ്ടത്തിന്റെ,വേദനയുടെ കുഞ്ഞു മനസ്സ്..

അവളെ പിടിച്ചു മാറ്റി,വേഷം മാറി..
കരച്ചില്‍ കണ്ടില്ല എന്ന് നടിച്ചു..
അവളുടെ പ്രിയ പാവകളെ എടുത്ത് കയ്യില്‍ കൊടുത്തു..
വാശിക്കാണെന്ന്   തോന്നുന്നു,
പാവകള്‍ക്കെല്ലാം ഒത്തിരിയൊത്തിരി ഉമ്മ കൊടുക്കുന്നു..
അപ്പോഴാണ്‌ ഞാനത് ശ്രദ്ധിച്ചത്..

അവളുടെ ആ മൂന്നു പാവകളുടെ മൂക്കിനും മുലഞ്ഞെട്ടിനും ഒരേ നിറം!!!

എന്റെ പോന്നു മോളെ..
നിന്റെ ഉമ്മകള്‍ക്കൊന്നും ഞങ്ങള്‍ക്ക് അവകാശമില്ല...
നീ ഞങ്ങള്‍ക്ക് തരാത്തൊരുമ്മ,നിന്റെ നെറ്റിയില്‍ .
ഉമ്മ..