Trending Books

Saturday, 13 March 2010

ദൈവം


നീ ദൈവത്തിൽ വിശ്വസിക്കുന്നുവോ?
ഒന്നും സംസാരിക്കാത്ത,
ഒരു ഭാഷയും അറിയാത്ത ദൈവത്തെ?

പടക്കളത്തി മൂകനായ്‌
മരുന്നി മയങ്ങി,അന്ധനായ്‌
ചോരച്ചാലിന്‍ നടുവില്‍,
പ്രതീക്ഷകളുടെ ചാരവുമായി നില്‍ക്കുന്ന
വിഭ്രാന്തനായ ദൈവത്തെ?

വെടിയുണ്ടകളുടെ പേമാരിയി 
ഒന്നിനെയും സംരക്ഷിക്കാതെ
ഒന്നിലും കരുപ്പിടിക്കാതെ 
എന്തിന്,
നിലച്ച നിൻ ശ്വാസമറിയാഞ്ഞ 
ഭീതിതനായ ദൈവത്തെ?

നീ മരിച്ചു,
ഞാനുറക്കെ കരഞ്ഞു
അടക്കിയോ ദഹിപ്പിച്ചോ,
അതിനായ് ശേഷിച്ചിരുന്നുവോ
ഒന്നുമറിയില്ല ഇന്നും..

ഈ ദൈവത്തി നീ വിശ്വസിക്കുന്നുവോ?
ഒന്നുമറിയാത്ത ഈ ദൈവത്തി?

Friday, 26 February 2010

നാം..

നാം നമ്മുടെ പേരുകളേക്കാൾ
സങ്കീർണ്ണമായവർ
അർത്ഥമില്ലാതെയൊക്കെയും ചെയ്-
തതിലെല്ലാം അർത്ഥം തേടുവോർ,

ആറൊഴുക്കിന്‍ അടിവയർ കലക്കി
മണൽ കോരി പുഴയെ തിന്നവർ
യൂക്കാലി വേരാൽ അതിർത്തി വര-
ച്ചതിൽ തൻ പേരെഴുതി വാങ്ങുന്നവർ

പച്ചയെ അടിവേരറത്ത് നിറം മാറ്റി 
താപത്തിന്‍ മാപിനി രസ-
മളവുയർത്തുവാൻ പാടുപെടുന്നവർ 
യന്ത്രത്തണുപ്പിൻ കുളിരിൽ ചുരുണ്ട് 
ചൂടിനെ പഴിക്കുന്നവർ 

നാം നമ്മുടെ പേരുകളേക്കാൾ
സങ്കീർണ്ണമായവർ
യുക്തിയില്ലാതൊക്കെയും ചെയ്-
തതിലെല്ലാം മുക്തി തേടുന്നവര്‍ 

അറുപതാണ്ടിൻ പരിചയം പിഴിഞ്ഞ
കുരുന്നു ജീവന്റെ കഥയിൽ രസിച്ച്
കഷ്ടം പറയുന്നവർ 
തരം കിട്ടിയാൽ തിരക്കിൽ 
ഒരു മുലയും വെറുതെ വിടാത്തവർ

എല്ലാ നിറവും ഒന്നെന്നു ചൊല്ലി
കൈകോർത്ത് വെളുക്കെ ചിരിച്ച്
സ്വവർണ്ണം വിവേചിച്ചു നല്‍കുവോർ 
നിറം നോക്കി തല്ലിച്ചതക്കുവോർ

എണ്ണ തേടി കടലിന്റെ മെയ്യിൽ
കോടികൾ കുഴിച്ചു മൂടുന്നവർ
കിട്ടിയ കക്കയും കണവയും അമൂല്യ-
മെന്നു പാടി പുകഴ്ത്തുന്നവർ 

ഒരു തുണ്ട് കയറിൽ തൂങ്ങി നില്‍ക്കുന്ന;
മുദ്രാവാക്യം വരളിച്ച തൊണ്ടയെ
കൊടി കുത്തി സ്വന്തമാക്കുന്നവർ 
പട്ടിണിക്കോലം പ്രദർശന വസ്തുവായ്‌ 
ചങ്ങല തീർത്തു വമ്പു കാട്ടുന്നവർ 
വിശപ്പേറ്റു ചാകുന്ന വയറിന്റെ രോദനം 
കേൾക്കാതെയുണ്ടു നിറയുന്നവർ

എല്ലാം വിധിയെന്ന് ചൊല്ലി 
പഴിച്ചു പിഴക്കുന്നവർ
സ്വയം സമാധാനിക്കുന്നവർ
നാം നമ്മുടെ പേരുകളേക്കാൾ
സങ്കീർണ്ണമായവർ..

Monday, 8 February 2010

ജാനിസ്..









ഓ! ജാനിസ്,
നമ്മുടെ മുറികൾ തമ്മിൽ
ഒരു ടെലിസ്കോപ്പിന്റെ അകലം

ഒറ്റയ്ക്ക് താമസിക്കും നിനക്ക്
എന്നും എത്രയാണഥിതികൾ ?
ഞാനെന്തെല്ലാം കാണണമെന്നും?
കണ്ണുകളടച്ചു നീ വിവസ്ത്രയാകുന്നു
അനന്തരം
അവനെയും നന്ഗ്നനാക്കുന്നു..
കെട്ടിപ്പിടിച്ച്, 
കിടക്കയിൽ,തറയിൽ
ചിലപ്പോൾ അടുക്കളയിൽ..
തലയുടെ പിന്നിൽ കൈകൾ പിണച്ച്
ചുണ്ടുകളിൽ അമർത്തിച്ചുംബിച്ച്..

ഛെ! എന്ത് വൃത്തികേടാണ് 
നീ കാണിക്കുന്നത്...

ഒന്നുമില്ലെങ്കിലും എത്രയോ
മാന്യന്മാരുടെ വാസസ്ഥലമാണിത്

ഓ!ജാനിസ്,
പകൽ നിന്നെ അറിയുന്ന 
ആരുമില്ലെങ്കിലെന്ത്?
അന്തിയാകുമ്പോൾ,
നീ അധികം സുന്ദരിയും
എല്ലാവർക്കും വേണ്ടപെട്ടവളും തന്നെ ..
* * *
എനിക്ക് ടെലിസ്കോപ്പില്ലെന്നും,
എന്റെ മുറിയില്‍ നിന്നും
നിന്നെ കാണില്ലെന്നും 
ആരറിയുന്നു..
എനിക്ക് നിഷേധിച്ച 
നിന്റെ സൌന്ദര്യം 
എന്നില്‍ നിറച്ച വിഷവും 
ആരറിയുന്നു...

അന്തികൂട്ടത്തില്‍ 
നുരഞ്ഞ ലഹരിയില്‍,
കൊച്ചമ്മ ക്ലബ്ബുകളിൽ
നിന്റെയീ കഥകൾ
വായുവിൽ നിറയും,
കണ്ണുകൾ തള്ളി,
ചുണ്ടിൽ നാവു തടവി 
"അവളല്ലേലും അങ്ങനെയാ"-
ണെന്നവർ സന്തോഷത്തോടെ പറയും

ഓ! ജാനിസ്,ഇത്-
ഒരു രാത്രിയുടെ അവഗണനയ്ക്ക്
നീ നൽകുന്ന വില..

Tuesday, 24 November 2009

വാമ്പയര്‍


ദിവസവും അനേകം 
ദൈവങ്ങൾ ജനിക്കുകയും, 
പൂജിക്കപ്പെടുകയും ചെയ്യുന്നയിവിടെ 
ഒരു ദിവസം,
ഞാനുമവരിലൊരാളാവും 
തണുത്ത കൈകൾ കൊണ്ട്
നിന്നെ തൊട്ടു ഞാനറിയും 
എന്റെ ചോര നിന്റെ 
ചുണ്ടുകളെ ചുവപ്പിക്കും 
രുചിയറിഞ്ഞു നുണഞ്ഞു
ഈ പകലുകളെ നീ സ്വന്തമാക്കൂ
രുചിയുടെ മൂർദ്ധന്യത്തിൽ
നീയൊരു കാറ്റ് 
എവിടെയും ഉറയ്ക്കാത്തൊരാത്മാവ്

Thursday, 19 November 2009

പ്രണയിച്ച് പ്രണയിച്ച്...

നീ എന്റെ ലോകം
കീഴ്മേൽ മറിച്ചിരിക്കുന്നു
നിന്റെ സ്നേഹം മുഴുവൻ
എന്റെമേൽ ചൊരിയൂ,
ഞാൻ മുന്‍പത്തെക്കാളേറെ സ്വാർത്ഥൻ
കൈവശക്കാരനെന്ന അഹങ്കാരം
എന്നെ പൊതിഞ്ഞിരിക്കുന്നു

ഈ ദ്വീപിന്റെ പുറംവാതിൽ
എന്നെന്നേക്കുമായ് അടയട്ടെ 
ഏതു തിരമാല മുട്ടിയാലും
കര കരഞ്ഞു വിളിച്ചാലും 
പുറത്തിറങ്ങാൻ കഴിയാതെ
ഈ പ്രണയക്കടലിൽ;
ഇതിൽ ഞാനലിഞ്ഞു തീരട്ടെ 

എന്റെ പ്രണയമേ..
കൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മഴനനഞ്ഞു നമ്മുക്ക് നടക്കാം 
പ്രണയിച്ചു പ്രണയിച്ച്....
പിന്നെയും പ്രണയിച്ച്..