ഞൊട്ട
ഞൊട്ട
വിടാൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? അതിഷ്ടമില്ലാത്ത ചിലരെങ്കിലും കാണും,
അല്ലെങ്കിൽ അതൊരു മോശം സ്വഭാവമായി കരുതുന്നവരുമുണ്ട്.
നമ്മുടെ
ശരീരത്തിലെ ചില സന്ധികൾ വളയ്ക്കുകയും തിരിക്കുകയും ചെയ്യുമ്പോൾ എങ്ങനെയാണ് ഞൊട്ട
വരുന്നതെന്ന് ആരുടെയെങ്കിലും ആലോചനയിൽ വന്നിട്ടുണ്ടോ? സന്ധികളെ
ചേർത്തുപിടിക്കുന്ന ലിഗമെന്റുകൾ ആവശ്യത്തിലധികം വലിയുന്നതുകൊണ്ടും, ചിലപ്പോൾ നമ്മുടെ അസ്ഥികൾ തന്നെ കൂട്ടിമുട്ടുന്നതുകൊണ്ടുമൊക്കെ ഞൊട്ട
വരാമെന്ന് തുടങ്ങി കുറേയധികം കാരണങ്ങൾ ശാസ്ത്രജ്ഞന്മാർ പറഞ്ഞിട്ടുണ്ട്. എന്നാലും
നമ്മുടെ സന്ധികൾ സ്ട്രെച്ച് ചെയ്യുമ്പോൾ കുമിള പൊട്ടുന്നതുപോലെ ശബ്ദം കേൾക്കാനുള്ള
കാരണമെന്തായിരിക്കും. ഏറ്റവും സാധാരണമായി പറയാവുന്ന ഒരു ഉത്തരം, നമ്മുടെ ജോയിന്റുകളിൽ കുമിളകൾ ഉണ്ടെന്നതുതന്നെ.
ഏറ്റവും
എളുപ്പം ഞൊട്ടവിടാൻ പറ്റുന്നത് കൈകാലുകളിലെ വിരലുകളുടെ സന്ധികൾ ഞെക്കുകയും
വളയ്ക്കുകയും ഒക്കെ ചെയ്യുമ്പോഴാണ്. പക്ഷേ, കഴുത്തിലേയും നടുവിലേയും കശേരുക്കളിൽ
നിന്നും, മണിബന്ധത്തിൽ നിന്നും, കണങ്കാലുകളിൽ
നിന്നും, എന്തിന്, തോളുകളിലോ, അരക്കെട്ടിലോ നിന്നുപോലും ഞൊട്ടകൾ വിടാൻ കഴിവുള്ളവരുണ്ട്. എന്താണ്
കാരണമെന്ന് ആർക്കെങ്കിലും അറിയാമോ? ഈ സന്ധികളെല്ലാം സിനോവിയൽ
സന്ധികളാണ്. രണ്ട് എല്ലുകളുടെ ഇടയിലുള്ള സിനോവിയൽ കാവിറ്റി എന്ന ഭാഗം കട്ടിയുള്ള,
കൊഴുത്ത ഒരുതരം ദ്രാവകം കൊണ്ടാണ് നിറച്ചിട്ടുള്ളത്. അതാണ് സിനോവിയൽ
ദ്രാവകം .
മുട്ടയുടെ
വെള്ള പോലുള്ള സിനോവിയൽ ദ്രാവകം, ഹയാലുറോണിക് ആസിഡും, ലൂബ്രിസിനും
പോലുള്ള നീണ്ട ലൂബ്രിക്കേറ്റിങ്ങ് കണികകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഈ
ദ്രാവകത്തിന്റെ പ്രഥമ ഉദ്ദേശം ഒരു കുഷൻ പോലെ പ്രവർത്തിച്ച് രണ്ട് എല്ലുകൾക്കിടയിലെ
ഘർഷണം ഒഴിവാക്കി, അവയുടെ ചലനം സുഗമമാക്കുക എന്നതാണ്.
സിനോവിയൽ ദ്രാവകത്തിലുള്ള മറ്റൊരു സംഭവമാണ് ഫാഗോസൈറ്റിക് കോശങ്ങൾ, എല്ലുകളുടേയോ, തരുണാസ്ഥികളുടേയോ എന്തെങ്കിലും
അവശിഷ്ടങ്ങൾ സന്ധികൾക്കിടയിൽ കുടുങ്ങിപ്പോയാൽ അവയെ ഈ ഫാഗോസൈറ്റിക് കോശങ്ങൾ
വിഴുങ്ങിക്കളയും.
ഈ സിനോവിയൽ ദ്രാവകവും ഞൊട്ടയും തമ്മിലുള്ള
ബന്ധമെന്താണെന്ന് നമ്മുക്ക് നോക്കാം. നമ്മുടെ ശരീരത്തിലെ മറ്റുള്ള സ്രവങ്ങൾ പോലെ
സിനോവിയൽ ദ്രാവകത്തിലും ധാരാളം വാതകങ്ങൾ അടങ്ങിയിട്ടുണ്ട്. കൈവിരലുകളിലെ ഞൊട്ട
വിടാനായി സാധാരണയിലും കൂടുതലായി പുറകിലേക്ക് വലിച്ചു പിടിക്കുമ്പോൾ എല്ലുകൾ
തമ്മിലുള്ള അകലം കൂടുന്നു. എന്നാലോ, ഈ എല്ലുകൾക്കിടയിലെ സിനോവിയൽ ദ്രാവകം
കൂടുന്നില്ല. ഈ അവസ്ഥ സന്ധികൾക്കിടയിൽ ഒരു ന്യൂനമർദ്ധം സൃഷ്ടിക്കുന്നു. ഇത്
സിനോവിയൽ ദ്രാവകത്തിൽ അടങ്ങിയിട്ടുള്ള വാതകങ്ങളെ പുറത്തോട്ട് തള്ലുന്നു. ശരിക്കും
ഒരു സോഡക്കുപ്പി തുറക്കുമ്പോൾ കാർബൺ ഡയോക്സൈഡ് പുറത്തേക്കു വരുന്നതുപോലെയാണത്.
സന്ധികൾക്കുള്ളിൽ, ഈ രക്ഷപെടുന്ന വാതകം ഞൊട്ടയുടെ ശബ്ദത്തോടെ
ഒരു കുമിളയായി പുറത്തോട്ട് ചാടുന്നു. ഈ കുമിളയെ അധികനേരം കുമിളയായി തുടരാൻ
ചുറ്റുമുള്ള ദ്രാവകം അനുവദിക്കില്ല. അവയെ
ഞെരുക്കി പൊട്ടിച്ച് തിരികെ വാതകമാക്കി സിനോവിയൽ കാവിറ്റിയിൽ നിറയ്ക്കും, പിന്നീടവ പതിയെ ആ ദ്രാവകത്തിലേക്കുതന്നെ ലയിച്ചുചേരും. ഇതിന് ഏകദേശം 20 മിനിറ്റ് സമയമെടുക്കും. ഒന്നു
ഞൊട്ടവിട്ടുകഴിഞ്ഞാൽ അടുത്ത ഞൊട്ട വിടാൻ നമ്മൾ കുറച്ചുസമയമെടുക്കുന്നതിന്റെ
രഹസ്യമിതാണ്. ചില ശാസ്ത്രജ്ഞർ കരുതുന്നത് ഒരേസമയം രണ്ട് ഞൊട്ടകൾക്ക്
സാധ്യതയുണ്ടെന്നാണ്. ഒന്ന് വാതകം കുമിളയായിട്ട് വരുമ്പോഴും, രണ്ട്, അത് പൊട്ടുമ്പോഴും.
ഞൊട്ട
വിടുമ്പോൾ സന്ധികൾ താൽകാലികമായി വികസിക്കും. അതുകൊണ്ടാണ് സ്ഥിരമായി ഞൊട്ട വിടുന്ന
ശീലമുള്ളവർ, ഞൊട്ട വിട്ടുകഴിഞ്ഞാൽ സന്ധികൾ അയഞ്ഞതായും, വഴക്കമുള്ളതായും
അനുഭവപ്പെടുന്നു എന്നു പറയുന്നത്.
പക്ഷേ, ഞൊട്ട
വിടുന്നതുകൊണ്ടുള്ള ഏറ്റവും വലിയ ദോഷമെന്താണെന്നറിയാമോ? ആ
ശബ്ദത്തോട് അരിശം തോന്നുന്നവർ ചുറ്റുമുണ്ടാവാനുള്ള സാധ്യതയാണത്. ഈ ഞൊട്ടവിടുന്ന
ശീലം നിങ്ങൾക്ക് സന്ധിവാതം അഥവാ ആർത്രൈറ്റിസ് ഉണ്ടാക്കാൻ സാധ്യതയുണ്ടെന്ന്
ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഡോക്ടർ ഡോണാൾഡ് ഉങ്കറിനോട്
അദ്ദേഹത്തിന്റെ അമ്മ സ്ഥിരമായി ഇത് പറയുമായിരുന്നു. എന്നാലിത് തെറ്റാണെന്ന് തെളിയിക്കാൻ
തന്നെ ഡോക്ടർ ഉങ്കർ തീരുമാനിച്ചു. അദ്ദേഹം തന്റെ ഇടതുകയ്യിലെ വിരലുകളിൽ നിന്നും
സ്ഥിരമായി ഞൊട്ട വിട്ടു. വലതുകയ്യിലെ വിരലുകളെ വെറുതെ വിടുകയും ചെയ്തു. ഒന്നും
രണ്ടും വർഷമല്ല അദ്ദേഹം ഇത് തുടർന്നത്. നീണ്ട 50 വർഷക്കാലം,
എല്ലാ ദിവസവും ഡോക്ടർ ഉങ്കർ തന്റെ ഇടതുകൈവിരലുകളിൽ നിന്നും ഞൊട്ട
വിട്ടുകൊണ്ടേയിരുന്നു. 50 വർഷങ്ങൾക്കു ശേഷവും ഡോക്ടർ
ഉങ്കറുടെ രണ്ടൂ കൈകൾക്കും സന്ധിവാതം വന്നില്ല. 2004ൽ വന്ന ഈ
പഠനത്തിനും (ലിങ്ക് ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്) അദ്ദേഹത്തിന്റെ
സമർപ്പണത്തിനും 2009ൽ ഇഗ് നോബേൽ പുരസ്കാരം ലഭിക്കുകയുണ്ടായി.
ഇങ്ങനെയുള്ള ഭ്രാന്തൻ പരീക്ഷണങ്ങൾക്കും സിദ്ധാന്തങ്ങൾക്കും മറ്റും നൽകുന്ന പാരഡി
നോബേൽ സമ്മാനമാണ് ഇഗ് നൊബേൽ.
അപ്പോൾ
അങ്ങനെയാണ് കാര്യങ്ങൾ,
ഇനി ആർക്കെങ്കിലും ഞൊട്ട വിടാൻ തോന്നിയാൽ ഡോക്ടർ ഉങ്കറെ മനസ്സിൽ
ധ്യാനിച്ച് ധൈര്യമായി വിട്ടോ...
https://onlinelibrary.wiley.com/doi/epdf/10.1002/15290131