Trending Books

Friday, 23 February 2018

ഉണർത്തിയെടുക്കാമോ?



ആരും കാണാത്ത കണ്ണുനീർ പോലെ
കാലിൽ പറ്റിച്ചേർന്ന മണ്ണുപോലെ
താഴെ വീഴുന്ന തൂവലുപോലെ
എല്ലാവരും മറന്നുപോയ
മരത്തിന്റെ ആദ്യ ഇല പോലെ
മണ്ണുമായി അത്രയും ഇഷ്ടപ്പെട്ടുപോയ
വേരിന്റെ കുഞ്ഞുമുഖം പോലെ
വറ്റിപ്പോയ ഉമിനീരു പോലെ
ഒട്ടിയടഞ്ഞ വായും നാക്കും പോലെ
ഒറ്റയ്ക്കൊറ്റയ്ക്ക് കൂട്ടുകൂടാനാവാതെ
എന്റെ ചുറ്റും നിൽക്കുന്നുണ്ട് ഇവരെല്ലാം

നിശ്ശബ്ദദതയ്ക്ക് ഒട്ടും ഒച്ചയില്ലെന്നത് സത്യമാണ്
കൂട്ടിന് കൊട്ടിയടഞ്ഞുപോയ ചെവികളുമുണ്ട്

ആരെങ്കിലും,
നല്ലൊരു വെടിയൊച്ചകൊണ്ട് ഞെട്ടിച്ച്
എന്നെയൊന്ന് ഉണർത്തിയെടുക്കാമോ?

Monday, 7 August 2017

കറുപ്പ്

കറുപ്പ്

ഞങ്ങളിലെ നിറങ്ങളിൽ നിന്നും
കറുപ്പുമാത്രം എടുത്തുകൊള്ളുക
ഞങ്ങൾക്കതു വേണ്ടുവോളമുണ്ട്
മായം ചേരാത്ത വിശുദ്ധമായ നിറം

നിങ്ങളുടെയുള്ളിലേക്കു നോക്കിയാൽ
ചിലപ്പോളതു കണ്ടെത്താനായേക്കും
പുറമേയുള്ള നിറങ്ങളിൽ നിന്നുമൂറിക്കൂടിയ
കറുകറുത്ത കറകളാണെന്നുമാത്രം

ഞങ്ങളുടെ നാദങ്ങളിൽ നിന്നും
ചങ്ങലക്കിലുക്കം മാത്രമെടുത്തുകൊള്ളുക
കൈമണിത്താളമെന്ന് തെറ്റിദ്ധരിക്കേണ്ട
സ്വാതന്ത്ര്യത്തെ വെളിപ്പെടുത്തുന്ന
നിർമ്മലമായ സംഗീതമാണത്
നിറങ്ങൾ വേർതിരിച്ച മതിലിന്റെ പിന്നിൽ
ഞങ്ങൾ ഞങ്ങളെന്നൊരുമിക്കും ചിലമ്പൽ

ലോകമേ,
കറുപ്പ് ഒരു ‘സവർണ്ണ’ വർണ്ണം
ഇരുട്ടെന്നുകാട്ടി നിങ്ങൾ മറച്ചുവയ്ക്കുന്നു,
ചങ്ങലയൊരു വ്യാജ ബിംബം
അടിമത്തം നിങ്ങളതിൽ വലിച്ചുകെട്ടുന്നു

#സഹറാവീയം

Tuesday, 4 July 2017

മ്പേ...മ്പേ...


ജുനൈദ് തിരിഞ്ഞുനോക്കി
അതാ ബോഗിയിലൊരു പശു
കാവികലർന്ന ചോപ്പുനിറം
ശൂലം പോലുള്ള കൊമ്പുകൾ........
എല്ലാ സംസ്ഥാനങ്ങളും
ഗാന്ധി സംസ്ഥാനമെന്നു കരുതുന്ന രാജാവേ
ഇതു ഞങ്ങളുടെ നാട്ടിലെ പശുവല്ലാ....
ദേശീയ മൃഗമല്ലാ,
ഗായ് ഏക് പാൽതൂ ജാൻ‌വർ ഹെ!!!!
നെഞ്ചിലൂടൊലിച്ചിറങ്ങുന്ന ചുവപ്പിൽ
ചവിട്ടിനിൽക്കുന്നവർക്ക്
പറയുന്നതൊന്നും മനസ്സിലാകുന്നേയില്ല...
കൃഷ്ണാ നിന്നെയുമിവരറിയുന്നില്ലല്ലോ
ചുവപ്പിച്ച കൊമ്പുകളുള്ള കാവിപ്പശുക്കൾ

ചർച്ച



അവധിയെക്കുറിച്ചും
അപ്പോളുള്ള ചടങ്ങുകളിൽ
ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് നീയും,
കിട്ടാത്ത അവധിയേയും,
ആ ആഴ്ച്ചകളിൽ നമ്മളിൽ നിന്നും
അകന്നുപോകുന്ന വാക്കുകളെക്കുറിച്ചും,
നമ്മുക്കിടയിലെ പ്രണയക്കായൽ മൂടാനിടയിള്ള
മറവിപ്പോളകളെക്കുറിച്ച് ഞാനും വ്യാകുലപ്പെടുമ്പോൾ
ഇവയോടൊന്നും യാതൊരു ബന്ധവുമില്ലാത്ത
നിശ്ശബ്ദത
താര സംഘടന
ആരാധകർ
പിറന്നാൾ പാർട്ടികൾ
പാചകക്കുറിപ്പുകൾ
കുട്ടികളുടെ പാർക്കുകൾ
സാംസ്കാരിക ചവറുകൾ
കാണാനിടയില്ലാത്ത സ്ഥലങ്ങൾ
ജോലിത്തിരക്കുകൾ
പശുവളർത്തൽ
നൂലുകെട്ടിയിറങ്ങുന്ന ചിലന്തികൾ
ഡയറ്റിങ്ങ്
കേശ സംരക്ഷണം
ഉറക്കമില്ലായ്മ
ഇവയെല്ലാം ചർച്ച ചെയ്യുന്നു.
അല്ലെങ്കിലും
പ്രണയത്തെപ്പറ്റിപ്പറയാൻ
ആർക്കാണിവിടെ സമയം?

Wednesday, 31 May 2017

ഭൂമിയുമൊത്തുള്ള നിന്റെ സെൽഫികൾ

ഭൂമിയുമൊത്തുള്ള നിന്റെ സെൽഫികൾ

നിന്നേക്കാളുമുയരത്തിൽ വളർന്നു‌-
ണങ്ങിപ്പോയ കോമ്പുല്ലുകളുടെ
തവിട്ടു നിറങ്ങൾ ഗ്രീഷ്മമെന്നും,
നിന്റെ കനം കുറഞ്ഞ  ഇളം നിറമുള്ള ഉടുപ്പി-
നുള്ളിലേക്ക് കടന്നുനിൽക്കുന്ന വരണ്ടകാറ്റ്
ചൂടിനെക്കുറിച്ചും പറയുന്നതെനിക്കു കാണാം

കടുകുപാടങ്ങൾ വിരിച്ച
മഞ്ഞപ്പൂക്കളുടെ മെത്തകൾ
വസന്തമെന്നും പറയുന്നു,
നിനക്കുമതേ മണമെന്ന്
നിന്നെ ചുറ്റിമൂളുന്ന
ഇരുനിറമുള്ള വമ്പൻ തേനീച്ചകൾ

നിന്നെയും, നീയും കെട്ടിപ്പിടിക്കുന്ന
ഇലയില്ലാ മരങ്ങൾ ശിശിരമെന്നുമൊക്കെ
പറയുന്നുണ്ടെങ്കിലും, മാറിമാറി വരുന്ന
പശ്ചാത്തലങ്ങളൊന്നും ഞാനറിയുന്നേയില്ല,

എന്റെയെല്ലാ ഋതുക്കളും
നിന്നിൽ നിന്നുമാരംഭിച്ച്
നിന്നിൽത്തന്നെ അവസാനിക്കുമ്പോൾ
മാറിമാറി വരുന്ന
പശ്ചാത്തലങ്ങളൊന്നും ഞാനറിയുന്നേയില്ല..





Monday, 8 May 2017

തരുകന്യക

തരുകന്യക

കഴിഞ്ഞ വേനലിൽ
മത്സ്യ കന്യകയെന്ന ഭാവത്തിൽ
ജലാശയങ്ങളിലായിരുന്നു നീ;
പായൽ പൊതിഞ്ഞ സൂക്ഷിക്കുന്ന
മണ്ണതിരുള്ള പച്ചക്കുളത്തിൽ,
ആകാശം വീണുനീലിച്ച
സ്വിമ്മിങ്ങ് പൂളുകളിൽ,
പാടകെട്ടിയ, അടികാണാത്ത
കിണറുകളുടെ കറുത്ത വൃത്തങ്ങളിൽ,
ഉപ്പുമണൽചവച്ച് പതഞ്ഞ
തോന്നിയ നിറം വാരിപ്പൂശുന്ന
താന്തോന്നിക്കടലുകളിൽ;
വിവാഹിതരായ മത്സ്യകന്യകളെ‌-
യെന്തുവിളിക്കുമെന്ന ചോദ്യത്തോടെ
തലപൊക്കുമ്പോൾ മാത്രം
നീയായിരുന്നുവെന്നറിഞ്ഞ വേനൽ.

ഈ വേനൽ കാടുകളിലാണത്രേ!
ഇല്ലാതാകുന്നവയുടെ മനസ്സറിയാൻ
ഒരേനിറമുള്ള മരശരീരങ്ങളിൽ
ചേർന്നു നിൽക്കുമ്പോൾ,
നിനക്കുമതേ നിറം, അതേയുടൽ,
തരുകന്യയായി മാറുന്ന
നിന്നെ തിരിച്ചറിയാൻ മാത്രം
തായ്ത്തടിയിൽ പുതച്ചിരിക്കുന്ന പഷ്മിന ഷോൾ
താജ്മഹൽ നിറമുള്ള ഹാൻഡ് ബാഗ്,

തിരിച്ചറിയൽ!
എത്രയാപേക്ഷികമാണത്.
മരവുരിയിൽ ചേർത്തുപൊതിഞ്ഞ്,
കൈസഞ്ചിയിലെ വിത്തുകൾ
വിതറി മുളപ്പിച്ച്, നിന്നിലും
പച്ചപേറുവാനെത്രനേരം..
തിരിച്ചറിയാതാവാനെത്രനേരം...

എങ്കിലും, വിവാഹിതരായ മരകന്യകളെ-
യെന്തുവിളിക്കുമെന്ന സംശയശബ്ദം
നീയവിടെയുണ്ടെന്നിപ്പോഴും പറയുന്നു...