Trending Books

Thursday, 12 September 2019

എഡിറ്റിങ് നടക്കുന്ന ആകാശം - പി. ജിംഷാർ


ഉന്മാദത്തിന്റെ എക്കൽഭൂമി


അതിരുകളില്ലാത്ത ആകാശം എന്ന ഉപമ മറക്കേണ്ട കാലമായിരിക്കുന്നു. അവനവന്റെ സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങൾ എഡിറ്റ് ചെയ്യപ്പെടുന്ന കാലഘട്ടമാണിത്. അതുതന്നെയാണ് നദിയിലൂടേയും, ഇദ്രിസിലൂടേയും ജിംഷാർ പറയുന്നത്. ഒരു കൊലപാതകവും, ഒരു ആത്മഹത്യയും രണ്ട്  കാലഘട്ടങ്ങളിലെ കോളേജ് മാഗസിനുകളും അവയ്ക്കിടയിലൂടെ സത്യം അറിയാനുള്ള ശ്രമവും, അവ മുന്നോട്ട് വയ്ക്കുന്ന ഭ്രാന്തുകളുമാണ് എഡിറ്റിങ് നടക്കുന്ന ആകാശം.


യുഎപി‌എ ചുമത്തപ്പെട്ട നമ്മുക്കറിയാവുന്ന നദീറും, സത്യം വിളിച്ചു പറഞ്ഞതിന്റെ പേരിൽ കൊല്ലപ്പെട്ട മറ്റുപലരും ഇതിൽ നമ്മുടെ മുന്നിൽ വന്നുപോകുന്നുണ്ട്. അഷ്‌റഫ് ഭ്രാന്താശുപത്രിയിൽ വച്ചു പറയുന്ന ഓർമ്മകൾ / എപ്പോഴും തിരുത്തപ്പെടുന്ന അവന്റെ തിരക്കഥ, അതിലൂടെ ഇദ്രീസിന്റെ കൊലപാതകം / നദിയുടെ ആത്മഹത്യ, ഇവയിലേക്ക് വെളിച്ചം വീശുമെന്ന അവന്റെ ആഗ്രഹം, എങ്ങനെ തന്നിൽ ഭ്രാന്തിന്റെ വിത്തുകൾ പാറി വീഴുന്നുവെന്നുമൊക്കെയുള്ള അഷ്‌റഫിന്റെ ആകുലതകളും വായനക്കാരനിലേക്ക് കയറിക്കൂടുന്നു.


ഇദ്രീസും, അഷ്‌റഫും, നദിയും മാത്രമല്ല ഷാഹിദ്, നോയല്‍, നീലി, ജാനകി, രേഖ, ലീഫ് എന്നിവരുടേയും കഥയാണിത്. അവരെപ്പോലെ സമൂഹത്തിന്റെ ആവശ്യങ്ങൾ ഏറ്റുപിടിച്ച ഒരുകൂട്ടം ചെറുപ്പക്കാരുടേയും. അധികാരസ്ഥാനങ്ങൾക്ക് ആവശ്യമില്ലാത്തതൊന്നും ഏറ്റുപിടിക്കാൻ നിൽക്കണ്ട എന്ന  ആജ്ഞ തള്ളിക്കളഞ്ഞ, ‘മരിച്ചവരുടെ മണ്ണ്’ എന്ന കോളേജ് മാഗസിനിലൂടെ സത്യം തെളിയിക്കാൻ ശ്രമിച്ചവരുടെ ജീവിതം കൂടിയാണീ നോവൽ.


ഉണ്മയിലേക്ക് നോക്കുന്നവരെ ഉന്മാദികളായി മുദ്രകുത്തുന്നതും, സമൂഹത്തിന്റെ ഒഴുക്കിനൊപ്പം നടക്കാത്ത പശുക്കൾ അറവുശാലയിലേക്ക് എത്തിപ്പെടുമെന്ന അലിഖിതമായ നിയമം നടപ്പാക്കുന്നതുമായ സ്റ്റേറ്റാണിതിലുള്ളത്. അതിനുവേണ്ടി കലാലയ മാഗസിനുകൾ പോലും വെറും ടൂളുകൾ മാത്രമാകുന്ന ചിത്രം നമ്മുക്കിതിൽ കാണാം.


ജീവിതവും, തിരക്കഥയും രണ്ടായിക്കാണുവാൻ തനിക്കാകുമെന്നും, ഇനിയും ഒരിക്കൽക്കൂടി തിരുത്തിയെഴുതുന്ന തിരക്കഥയിൽ ഇദ്രീസിന്റെ കൊലപാതകവും, അതിനു കാരണമായ മാഗസിൻ കണ്ടന്റും വ്യക്തമായി എഴുതുമെന്നും, നദിയുടെ ആത്മഹത്യയുടെ ശരിയായ കാരണവും അതിൽക്കാണുമെന്നും അഷ്‌റഫ് കരുതുന്നുണ്ടെങ്കിലും അവനിലെ ഭ്രാന്തിനെ ഒഴിവാക്കാൻ ആരും അനുവദിക്കുന്നില്ല.


ജീവിതം തന്നെയാണ് നദിയുടെ ആത്മഹത്യക്ക് കാരണമെന്ന് ചിന്തിച്ച് തിരക്കഥ അവസാനിപ്പിക്കുന്ന അഷ്‌റഫ് അവനിലെ ഭ്രാന്തിനെ നുള്ളിക്കളയുന്നുണ്ടെങ്കിലും ഡോക്ടർമാർ അതു കാര്യമാക്കുന്നില്ല. അവൻ ഭ്രാന്തനായിത്തന്നെ തുടരുന്നുണ്ടാവും.


മുൻപ് പടച്ചോന്റെ ചിത്രപ്രദർശനത്തിനെക്കുറിച്ച് എഴുതിയപ്പോൾ ജിംഷാർ ഫ്രെയിമുകളായാണ് കഥകളെ സമീപിക്കുന്നതെന്ന് എഴുതിയിരുന്നു. എഡിറ്റിംഗ് നടക്കുന്ന ആകാശവും അതിൽ നിന്നും വിഭിന്നമല്ല. പല ഭ്രാന്തുകളുടെ കൊളാഷാണിതിൽ. പക്ഷേ, ഇതിൽ സത്യങ്ങൾ എഴുന്നു നിൽക്കുന്നു. സ്റ്റേറ്റിന്റെ താല്പര്യങ്ങൾക്ക് എതിരായി ചിന്തിക്കുന്നവരെല്ലാം ഉന്മാദികളാവുകയോ, കൊല്ലപ്പെടുകയോ, ആത്മഹത്യ ചെയ്യുകയോ ചെയ്യും. വരികളിലൂടെ തലതാഴ്ത്തിമാത്രം നടക്കുന്ന ഒരു സമൂഹത്തിനെയാണല്ലോ ഇപ്പോൾ എല്ലാവർക്കും ആവശ്യം.


നോവൽ - എഡിറ്റിങ് നടക്കുന്ന ആകാശം
പബ്ലീഷർ - ഡിസി
₹ 130

Tuesday, 10 September 2019

പൊറ്റാളിലെ ഇടവഴികൾ - 2 - അഭിലാഷ് മേലേതിൽ


പൊറ്റാളിലെ ഇടവഴികൾ - 2 പൊറ്റാളിലെ ജനഹിതങ്ങളുടെ വേരുകളാണ് പൊറ്റാൾ രണ്ടിൽ തെളിയുന്നത്. ഒട്ടുമിക്ക കഥാപാത്രങ്ങളുടേയും കൌമാരകാലം. അവനവനെ തിരയുകയും, തിരിച്ചറിയുകയും, ശരീരത്തിനേയും, മനസ്സിനേയും വേർതിരിക്കുകയും ചെയ്യുന്ന നേർത്ത അതിരുകൾ. അതിന്റെ പുറത്തുകൂടി ട്രപ്പീസ് കളിക്കാരുടെ കൃത്യതയോടുകൂടി കടന്നുപോകുന്ന ചിലർ. ഇപ്പോൾ ചരിയുമെന്നും, മറിയുമെന്നുള്ള വിഹ്വലതകൾ അവരിലുണ്ട്. ആ ഞാണിന്മേൽക്കളിയിൽ വീണുടയുന്നവരുമുണ്ട്. പൊറ്റാൾ ഒന്നിനേക്കാളുമെളുപ്പം വായനക്കാരന്റെയുള്ളിലേക്ക് കയറാൻ പൊറ്റാൾ രണ്ടിലെ മനുഷ്യർക്ക് സാധിക്കുന്നുണ്ട്. ഇതിൽ ഏറ്റവും ശക്തമായി നിൽക്കുന്നവർ റിയാസും ജമീലയുമാണ്. മണ്ണിൽ മുഹമ്മദെന്ന അതികായന്റെ മറവിൽ നിന്നും പുറത്തുവരികയും, പട്ടുപോവുകയും ചെയ്യുന്നവൻ, ജമീലയെന്ന സാധ്യതയുടെ മുന്നിൽ ഇല്ലാതാകുന്നവൻ. ജമീല ഒരു ‘മേരി സ്യൂ’, എല്ലാം തികഞ്ഞ കഥാപാത്രം, അല്ല. അവളുടേതായ കുറവുകൾ തിരിച്ചറിയുന്നവളാണ്. ഉഗ്രൻ പെണ്ണാണ്. അവളുടെ മുന്നിൽ, അവളിടപെടുന്ന പലരും ഒന്നുമല്ലാതാകുന്നുണ്ട്. പള്ളി തകർപ്പെടുന്നതിനോടനുബന്ധിച്ച് ഉണ്ടാകുന്ന സങ്കീർണ്ണമായ, ഗോപ്യമായ രാഷ്ട്രീയ സാംസ്കാരിക മാറ്റങ്ങൾ പൊറ്റാൾ രണ്ടിലും പ്രകടമെങ്കിലും, കഥാപാത്രങ്ങളുടെ വൈകാരികതലം കൂടി പ്രദർശനമുഖം നേടുന്നുണ്ട്. മറ്റൊരു തലം കുടിയേറിയ അധ്യാപകരുടെ ജീവിതരീതികൾ കൃത്യമായി അടയാളപ്പെടുത്തിയിരിക്കുന്നുവെന്നതാണ്. അങ്ങനെചെന്നെത്തിയ അധ്യാപക കുടുംബങ്ങളെ, തിരിച്ചുപോകാതെ കുടിയേറിയ സ്ഥലത്തിന്റെ ചരിത്രത്തിൽ അലിഞ്ഞുചേർന്നവരെ, നേരിട്ടു പരിചയമുള്ളതിനാലാവണം ആ അടയാളപ്പെടുത്തൽ പെട്ടെന്നുതന്നെ അനുഭവേദ്യമായത്. പൊറ്റാൾ രണ്ടിൽ മൂന്നു തരം രാഷ്ട്രീയ വീക്ഷണങ്ങളുണ്ട്. ഒന്ന് ഗൂഢമായി കൊണ്ടുനടന്ന് അജണ്ടകൾ നടപ്പിലാക്കുന്നവരുടെയാണ്, രണ്ട് എടുത്തുചാട്ടക്കാരുടെ പരസ്യമായ രാഷ്ട്രീയവും. ലാഭം കൊയ്തവർ ആരാണെന്ന് ഇപ്പോഴത്തെ ചുറ്റുപാടുകളിൽ വായനക്കാർക്ക് മനസ്സിലാകുമെന്നതുകൊണ്ട് ഇവിടെ വിവരിക്കേണ്ട ആവശ്യമില്ല. മൂന്ന്, ഉടലിന്റെ രാഷ്ട്രീയവും. ഇതിലെ കഥാപാത്രങ്ങൾ എത്രയാഴത്തിൽ വേരോടപ്പെട്ടവരാണെന്നു മാത്രം തൊട്ടുപോകുന്നു. ഇവർ പൊറ്റാളിനെ കൂടുതൽ ഭാഗങ്ങളിലേക്ക് കൈപിടിച്ച് കൊണ്ടുപോകുമെന്നുറപ്പാണ്. തുടർച്ചയായോ, വേറിട്ടോ വായിക്കാവുന്ന നോവലുകൾ. പൊറ്റാളിലെ ഇടവഴികൾ - 2 സെൽഫ് പബ്ലിക്കേഷൻ വില - 275 രൂപ

Sunday, 8 September 2019

നനഞ്ഞ മണ്ണടരുകൾ - ജോണി മിറാൻഡ



മരിച്ചവരെക്കുറിച്ച് ഓർക്കുമ്പോൾ

ജോണി മിറാൻഡയുടെ മൂന്നാമത്തെ നോവലാണ് നനഞ്ഞ മണ്ണടരുകൾ. മേബിളിന്റെ ഓർമ്മകളിലൂടെ വിടരുന്ന അവരുടെ കുടുംബത്തെക്കുറിച്ചുള്ള കഥ. മേബിളും റോസിയുമായുള്ള സൌഹൃദത്തിന്റേയും. രഹസ്യങ്ങളുടെ ആമാടപ്പെട്ടിയാണ് റോസി. ഭർത്താവായ പെദിരോച്ചയ്ക്ക് മേബിളിനോടുള്ള പ്രണയത്തിന്റെ രഹസ്യം റോസി വെളിപ്പെടുത്തുന്നത് പെദിരോച്ചയുടെ മരണമടുക്കുമ്പോഴാണ്. അതുവരെ ആ വിവരം റോസിക്ക് മാത്രമറിയുന്ന ഒരു കാര്യമായിരുന്നു. അതുപോലെ ഒരു രഹസ്യം കൂടി പറയാനുണ്ടെന്ന് റോസി മേബിളിനെ അറിയിക്കുന്ന ദിവസമാണ് റോസി മരണപ്പെടുന്നത്. രഹസ്യങ്ങൾ വെളിപ്പെടുന്നതോടെ അതിൽ ബന്ധപ്പെട്ടൊരാൾ മരണമടയുകയാണ്. പെദിരോച്ചയുടെ സ്നേഹം അറിയുന്ന മേബിൾ അയാളുടെയരികിൽ ചെന്നിരിക്കുകയും കൈ പിടിക്കുകയും ചെയ്യുന്നതോടെ പെദിരോച്ച സ്വസ്ഥമായി മരണപ്പെടുന്നു. എന്നാൽ ലോറൻസച്ചയുടെ മുപ്പതാം ചരമവാർഷികത്തിന് തമ്മിൽ കണ്ടുമുട്ടുമ്പോൾ മേബിളിനോട് പറയാൻ ബാക്കി വച്ച രഹസ്യം വെളിപ്പെടുത്തും മുൻപ് റോസി മരണപ്പെട്ടു. അതെന്തായിരിക്കുമെന്ന ആലോചനയിലാണ് അപ്പോഴേക്കും മരണക്കിടക്കയിലായ മേബിൾ ചിന്തിക്കുന്നത്. അതിലൂടെയാണ് ജീവിതം ആസ്വദിച്ച, കുഞ്ഞുങ്ങളെ മറ്റാരേക്കാളും സ്നേഹിച്ച, അവരെ ഷാപ്പിലും, സിനിമയ്ക്കും കൊണ്ടുപോയ, അവിവാഹിതനായ, ധൂർത്തനായ സഹോദരങ്ങൾ പിരിഞ്ഞുപോയപ്പോൾ മൌനിയായ, ഒടുവിൽ  51-ആം വയസ്സിൽ കാറിടിച്ചു മരിച്ചുപോയ ലോറൻസച്ചയുടേയും, അയാളുടെ ഒരേയൊരു പെങ്ങളായ മേബിളിന്റേയും, മറ്റു മൂന്ന് അനിയന്മാരുടേയും, അവരുടെ കുടുംബങ്ങളുടേയും, പപ്പയുടേയും, മമ്മയുടേയും കഥകൾ വിരിയുന്നത്.

നാടുവിട്ടുപോകുന്ന ലോറൻസച്ച, അയാളുടെ തിരിച്ചുവരവ്, ഹോട്ടലിന്റെ തുടക്കം, നടത്തിപ്പിന്റെ ഏകാധിപത്യം, കുടുംബത്തിന്റെ ഇഴപിരിയൽ, മരണങ്ങൾ... ഒരു മരത്തിന്റെ വളർച്ചപോലെ മനോഹരമായി പടരുന്നു.

റോസി പറയാതെ പോയ രഹസ്യത്തിന്റെ നൂലിൽ കൊരുത്താണ് ജോണി മിറാൻഡ കഥ പറയുന്നത്. ലോറൻസച്ചയ്ക്ക് റോസിയോടോ, അവർക്ക് തിരിച്ചോ ഉള്ള ബന്ധമായിരുന്നിരിക്കാം അത്. അതെന്തായാലും റോസിയോടൊപ്പം ആ രഹസ്യം മണ്ണടിഞ്ഞു.

മരണത്തിന്റെ പലഭാവങ്ങളാണിതിൽ. താൻ സ്നേഹിച്ചിരുന്നുവെന്ന് മേബിൾ അറിഞ്ഞുവെന്ന് മനസ്സിലായപ്പോൾ ശാന്തതയോടെ മരിച്ച പെദിരോച്ച, ‘പശപ്പച്ചരി കൊണ്ടുണ്ടാക്കിയ പുട്ടുകുത്തിയിട്ടതുപോലെ കുഴഞ്ഞുമറിഞ്ഞു പൊടിഞ്ഞുവീണു’ മരിച്ച റോസി, കായലിൽച്ചാടി ആത്മഹത്യ ചെയ്ത ലൂയീസ്, വാഹനാപകടത്തിൽ കൊല്ലപ്പെട്ട ലോറസച്ച, കുടുംബവീട്ടിൽ തൂങ്ങിമരിച്ച, ദിവസങ്ങൾക്കുശേഷം പുഴുവരിച്ചനിലയിൽ കണ്ടെത്തപ്പെടുന്ന റോബർട്ടച്ച... മരണത്തിന്റെ പല അടരുകൾ...

മരണശേഷം റോസിയെ അടക്കിയതിന്റെ അടുത്തുതന്നെ മറവുചെയ്യപ്പെട്ടാൽ ‘എല്ലാ കഥകളും അത് ഏറ്റവും നിസ്സാരമായിക്കോട്ടെ, നീചമായിക്കോട്ടെ അത് അവസാന നിമിഷത്തിലേക്ക് മാറ്റിവെക്കാതെ നന്നായിരിക്കുമ്പോഴേ പറയേണ്ടവരോട് പറഞ്ഞുവെച്ചേക്കണം റോസീ...’ എന്ന് റോസിയെ ഉപദേശിക്കണമെന്ന മേബിളിന്റെ ചിന്തയോടെയാണ് നോവൽ അവസാനിക്കുന്നത്.

നോവൽ: നനഞ്ഞ മണ്ണടരുകൾ
ജോണി മിറാൻഡ
പ്രസാധകർ : ഏക
വില: 175