Trending Books

Monday, 7 August 2017

കറുപ്പ്

കറുപ്പ്

ഞങ്ങളിലെ നിറങ്ങളിൽ നിന്നും
കറുപ്പുമാത്രം എടുത്തുകൊള്ളുക
ഞങ്ങൾക്കതു വേണ്ടുവോളമുണ്ട്
മായം ചേരാത്ത വിശുദ്ധമായ നിറം

നിങ്ങളുടെയുള്ളിലേക്കു നോക്കിയാൽ
ചിലപ്പോളതു കണ്ടെത്താനായേക്കും
പുറമേയുള്ള നിറങ്ങളിൽ നിന്നുമൂറിക്കൂടിയ
കറുകറുത്ത കറകളാണെന്നുമാത്രം

ഞങ്ങളുടെ നാദങ്ങളിൽ നിന്നും
ചങ്ങലക്കിലുക്കം മാത്രമെടുത്തുകൊള്ളുക
കൈമണിത്താളമെന്ന് തെറ്റിദ്ധരിക്കേണ്ട
സ്വാതന്ത്ര്യത്തെ വെളിപ്പെടുത്തുന്ന
നിർമ്മലമായ സംഗീതമാണത്
നിറങ്ങൾ വേർതിരിച്ച മതിലിന്റെ പിന്നിൽ
ഞങ്ങൾ ഞങ്ങളെന്നൊരുമിക്കും ചിലമ്പൽ

ലോകമേ,
കറുപ്പ് ഒരു ‘സവർണ്ണ’ വർണ്ണം
ഇരുട്ടെന്നുകാട്ടി നിങ്ങൾ മറച്ചുവയ്ക്കുന്നു,
ചങ്ങലയൊരു വ്യാജ ബിംബം
അടിമത്തം നിങ്ങളതിൽ വലിച്ചുകെട്ടുന്നു

#സഹറാവീയം

Tuesday, 4 July 2017

മ്പേ...മ്പേ...


ജുനൈദ് തിരിഞ്ഞുനോക്കി
അതാ ബോഗിയിലൊരു പശു
കാവികലർന്ന ചോപ്പുനിറം
ശൂലം പോലുള്ള കൊമ്പുകൾ........
എല്ലാ സംസ്ഥാനങ്ങളും
ഗാന്ധി സംസ്ഥാനമെന്നു കരുതുന്ന രാജാവേ
ഇതു ഞങ്ങളുടെ നാട്ടിലെ പശുവല്ലാ....
ദേശീയ മൃഗമല്ലാ,
ഗായ് ഏക് പാൽതൂ ജാൻ‌വർ ഹെ!!!!
നെഞ്ചിലൂടൊലിച്ചിറങ്ങുന്ന ചുവപ്പിൽ
ചവിട്ടിനിൽക്കുന്നവർക്ക്
പറയുന്നതൊന്നും മനസ്സിലാകുന്നേയില്ല...
കൃഷ്ണാ നിന്നെയുമിവരറിയുന്നില്ലല്ലോ
ചുവപ്പിച്ച കൊമ്പുകളുള്ള കാവിപ്പശുക്കൾ

ചർച്ച



അവധിയെക്കുറിച്ചും
അപ്പോളുള്ള ചടങ്ങുകളിൽ
ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് നീയും,
കിട്ടാത്ത അവധിയേയും,
ആ ആഴ്ച്ചകളിൽ നമ്മളിൽ നിന്നും
അകന്നുപോകുന്ന വാക്കുകളെക്കുറിച്ചും,
നമ്മുക്കിടയിലെ പ്രണയക്കായൽ മൂടാനിടയിള്ള
മറവിപ്പോളകളെക്കുറിച്ച് ഞാനും വ്യാകുലപ്പെടുമ്പോൾ
ഇവയോടൊന്നും യാതൊരു ബന്ധവുമില്ലാത്ത
നിശ്ശബ്ദത
താര സംഘടന
ആരാധകർ
പിറന്നാൾ പാർട്ടികൾ
പാചകക്കുറിപ്പുകൾ
കുട്ടികളുടെ പാർക്കുകൾ
സാംസ്കാരിക ചവറുകൾ
കാണാനിടയില്ലാത്ത സ്ഥലങ്ങൾ
ജോലിത്തിരക്കുകൾ
പശുവളർത്തൽ
നൂലുകെട്ടിയിറങ്ങുന്ന ചിലന്തികൾ
ഡയറ്റിങ്ങ്
കേശ സംരക്ഷണം
ഉറക്കമില്ലായ്മ
ഇവയെല്ലാം ചർച്ച ചെയ്യുന്നു.
അല്ലെങ്കിലും
പ്രണയത്തെപ്പറ്റിപ്പറയാൻ
ആർക്കാണിവിടെ സമയം?

Wednesday, 31 May 2017

ഭൂമിയുമൊത്തുള്ള നിന്റെ സെൽഫികൾ

ഭൂമിയുമൊത്തുള്ള നിന്റെ സെൽഫികൾ

നിന്നേക്കാളുമുയരത്തിൽ വളർന്നു‌-
ണങ്ങിപ്പോയ കോമ്പുല്ലുകളുടെ
തവിട്ടു നിറങ്ങൾ ഗ്രീഷ്മമെന്നും,
നിന്റെ കനം കുറഞ്ഞ  ഇളം നിറമുള്ള ഉടുപ്പി-
നുള്ളിലേക്ക് കടന്നുനിൽക്കുന്ന വരണ്ടകാറ്റ്
ചൂടിനെക്കുറിച്ചും പറയുന്നതെനിക്കു കാണാം

കടുകുപാടങ്ങൾ വിരിച്ച
മഞ്ഞപ്പൂക്കളുടെ മെത്തകൾ
വസന്തമെന്നും പറയുന്നു,
നിനക്കുമതേ മണമെന്ന്
നിന്നെ ചുറ്റിമൂളുന്ന
ഇരുനിറമുള്ള വമ്പൻ തേനീച്ചകൾ

നിന്നെയും, നീയും കെട്ടിപ്പിടിക്കുന്ന
ഇലയില്ലാ മരങ്ങൾ ശിശിരമെന്നുമൊക്കെ
പറയുന്നുണ്ടെങ്കിലും, മാറിമാറി വരുന്ന
പശ്ചാത്തലങ്ങളൊന്നും ഞാനറിയുന്നേയില്ല,

എന്റെയെല്ലാ ഋതുക്കളും
നിന്നിൽ നിന്നുമാരംഭിച്ച്
നിന്നിൽത്തന്നെ അവസാനിക്കുമ്പോൾ
മാറിമാറി വരുന്ന
പശ്ചാത്തലങ്ങളൊന്നും ഞാനറിയുന്നേയില്ല..





Monday, 8 May 2017

തരുകന്യക

തരുകന്യക

കഴിഞ്ഞ വേനലിൽ
മത്സ്യ കന്യകയെന്ന ഭാവത്തിൽ
ജലാശയങ്ങളിലായിരുന്നു നീ;
പായൽ പൊതിഞ്ഞ സൂക്ഷിക്കുന്ന
മണ്ണതിരുള്ള പച്ചക്കുളത്തിൽ,
ആകാശം വീണുനീലിച്ച
സ്വിമ്മിങ്ങ് പൂളുകളിൽ,
പാടകെട്ടിയ, അടികാണാത്ത
കിണറുകളുടെ കറുത്ത വൃത്തങ്ങളിൽ,
ഉപ്പുമണൽചവച്ച് പതഞ്ഞ
തോന്നിയ നിറം വാരിപ്പൂശുന്ന
താന്തോന്നിക്കടലുകളിൽ;
വിവാഹിതരായ മത്സ്യകന്യകളെ‌-
യെന്തുവിളിക്കുമെന്ന ചോദ്യത്തോടെ
തലപൊക്കുമ്പോൾ മാത്രം
നീയായിരുന്നുവെന്നറിഞ്ഞ വേനൽ.

ഈ വേനൽ കാടുകളിലാണത്രേ!
ഇല്ലാതാകുന്നവയുടെ മനസ്സറിയാൻ
ഒരേനിറമുള്ള മരശരീരങ്ങളിൽ
ചേർന്നു നിൽക്കുമ്പോൾ,
നിനക്കുമതേ നിറം, അതേയുടൽ,
തരുകന്യയായി മാറുന്ന
നിന്നെ തിരിച്ചറിയാൻ മാത്രം
തായ്ത്തടിയിൽ പുതച്ചിരിക്കുന്ന പഷ്മിന ഷോൾ
താജ്മഹൽ നിറമുള്ള ഹാൻഡ് ബാഗ്,

തിരിച്ചറിയൽ!
എത്രയാപേക്ഷികമാണത്.
മരവുരിയിൽ ചേർത്തുപൊതിഞ്ഞ്,
കൈസഞ്ചിയിലെ വിത്തുകൾ
വിതറി മുളപ്പിച്ച്, നിന്നിലും
പച്ചപേറുവാനെത്രനേരം..
തിരിച്ചറിയാതാവാനെത്രനേരം...

എങ്കിലും, വിവാഹിതരായ മരകന്യകളെ-
യെന്തുവിളിക്കുമെന്ന സംശയശബ്ദം
നീയവിടെയുണ്ടെന്നിപ്പോഴും പറയുന്നു...

Sunday, 30 April 2017

പൊനോൻ ഗോംബെ / നോവൽ















പൊനോൻ ഗോംബെയെക്കുറിച്ച് അജിത് നീലാഞ്ജനമെഴുതിയ കുറിപ്പ്:

കിഴക്കൻ ആഫ്രിക്കയിലെ സാന്സിബാറിൽ നിന്നും സോമാലിയയിലെ മൊഗദിഷുവിലെക്കു മൽസ്യബന്ധന തൊഴിലേർപ്പെട്ടു എത്തുന്ന സുലൈമാൻ അവിടെ വെച്ച് പരിചയപ്പെടുന്ന മഗീദയെന്ന സുന്ദരിയെ വിവാഹം കഴിക്കുന്നു . ആദ്യ രാത്രി അവസാനിക്കും മുൻപേ അവൻ 1998 -ഇൽ ദാറിലെയും നെയ്‌റോബിയിലെയും അമേരിക്കൻ എംബസികൾ തകർത്തതിൽ പങ്കാളിയാണെന്നു സംശയിക്കപ്പെട്ട് സി ഐ എ യുടെ പിടിയിലാകുന്നു. കൊടിയ പീഡനങ്ങൾക്കൊടുവിൽ നാല് വര്ഷത്തിനും ഒൻപതു മാസത്തിനും ശേഷം റെഡ് ക്രോസ്സിന്റെ സഹായത്തോടെ സ്വാതന്ത്രനാകുന്ന സുലൈമാന് തുടർന്ന് ജീവിക്കാനുള്ള ആരോഗ്യമോ , പരിതസ്ഥികളോ ബാക്കിയാകുന്നില്ല ഇരുട്ടിനും ക്രൂര പീഡനങ്ങളാക്കും ഓര്മയ്ക്കും മായ്ക്കാനാകാതെ മഗീദ എന്ന വെളിച്ചം അന്വേഷിച്ചലയുകയാണ് അയാൾ ശേഷ ജീവിതത്തിൽ .

മുസ്ലിം തീവ്രവാദത്തിന്റെ പേരിൽ ആഗോളവ്യാപകമായി പാർശ്വവത്കരിക്കപ്പെടുന്നവരുടെ കഥയാണ് ജുനൈത് പറയുന്നത് .സുലൈമാനെപ്പോലെ നിരവധി നിരപരാധികൾ ലോകത്തിന്റെ പല ഭാഗത്തും ഇന്നും ഇത്തരം കൊടിയ പീഡനങ്ങളിലൂടെ കടന്നു പോകുന്നുണ്ട് .ആഫ്രിക്കൻ ജനതയുടെ ദുരന്ത ജീവിതവും എരുവ് ചേർക്കാതെ ജുനൈത് നമ്മുടെ കാഴ്ചയിൽ കൊണ്ട് വരുന്നുണ്ട് .

തീർത്തും അപരിചിതമായ ഒരു ദേശത്തെയാണ് കഥയുടെ പശ്ചാത്തലമായി അവതരിപ്പിച്ചിരിക്കുന്നത് .ആ ദേശത്തിന്റെ സംസ്കാരം , സാമൂഹിക പശ്ചാത്തലം , രാഷ്ട്രീയം എല്ലാം തന്നെ സൂക്ഷ്മമായി ജുനൈത് പകർത്തിയിരിക്കുന്നു . ആദ്യ നോവൽ എന്ന രീതിയിൽ മലയാള നോവൽ സാഹിത്യത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട് പൊനോൻ ഗോംബെ എന്ന ഈ നോവൽ .

സുലൈമാനെപ്പോലെ ആയിരങ്ങൾ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ പകുതി പോലും അയാൾ അനുഭവിക്കുന്ന തീവ്രതയോടെ ആർക്കും വരച്ചു കാട്ടാൻ ആയിട്ടുണ്ടാകില്ല. എന്നിട്ടു പോലും സുലൈമാന് വേദനകളിൽ നിന്ന് മരണത്തിലൂടെ മുക്തി നേടാനാകണേ എന്നൊരു പ്രാർത്ഥന വായനയുടെ വഴിയിൽ എന്റെ മനസ്സിലുണ്ടായി
കവർ ഡിസൈൻ അത്ര ആകർഷകമായി തോന്നിയില്ല . അത് ചെയ്ത വ്യക്തിയെക്കുറിച്ചു ഒരു സൂചന പോലും പുസ്തകത്തിന്റെ നാലാം പേജിൽ കണ്ടില്ല
ഡീസിയാണ് പ്രസാധകർ

മഗീദ വിവാഹാവസരത്തിൽ ധരിച്ച മയിൽ‌പ്പീലി പച്ചയും നീലയും നിറത്തിലുള്ള വസ്ത്രമാണ് മീന്പിടുത്തക്കാരനായ സുലൈമാന് അവൾ പൊനോൻ ഗോംബെ എന്ന വിശേഷപ്പെട്ട മൽസ്യമായി തോന്നാൻ കാരണമാകുന്നത് . Napoleon Wrasse എന്ന മീനിന്റെ പ്രാദേശിക നാമമാണ് പൊനോൻ ഗോംബെ എന്നത്.

(ജുനൈത് അബൂബക്കർ എന്ന മുസ്ലിം എഴുത്തുകാരന്റെ മുസ്ലിം ജനതയുടെ നേരെയുള്ള ആഗോള സമീപനം പശ്ചാത്തലമാക്കി രചിച്ച നോവൽ , മുസ്ലിം പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ അച്ചടിച്ച് വരുന്നു എന്ന് ചാറ്റിൽ വന്നു വിശേഷം പറഞ്ഞ ഒരു സുഹൃത്തിനെ ഇത്തരുണത്തിൽ ഓർക്കുന്നു . അത്തരം ഒരു അഭിപ്രായം കൂടി ചേർത്ത് വെച്ച് വേണം ഇത്തരം പാർശ്വവത്കരണങ്ങളുടെ അനാവശ്യ വ്യാപ്തി അളക്കാൻ )

Sunday, 16 April 2017

വയലറ്റ് പൂക്കൾ

വയലറ്റ് പൂക്കൾ

വിരിഞ്ഞുനിൽക്കുന്നയനേകം
വയലറ്റ്  നക്ഷത്രങ്ങളെപ്പൊതിഞ്ഞ്
രാത്രിയുടെ നനഞ്ഞ ഓവർക്കോട്ട്;
ഇടയിലൊന്നുരണ്ടെണ്ണം 
ഹെന്നയിട്ട നിന്റെ മുടിയിഴകളെ
ഓർമിപ്പിക്കുവാനായി മാത്രം
വലത്തേക്കുനീങ്ങി ചുവന്നുമിന്നുന്നു..

വീഴ്ച്ച

വീഴ്ച്ച

അങ്ങ് മോളീന്ന്,
മോളീന്ന്?
സുഖവാസ കേന്ദ്രത്തീന്ന്,
അതെ, മലമോളിലെ
അവിടുന്നുതന്നെ

ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്...
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്....
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?

ഒരു വല്യ ഉരുളൻ കല്ല്
വാഴയിൽ തട്ടി...
വാഴയിൽ തട്ടി?
വഴിവെട്ടി,
വണ്ടി മറിച്ച്,
തുണിയിൽച്ചുറ്റി,
കഴുക്കോലിൽത്തൂങ്ങി,

ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?

കോളേജിലെത്തി
ചെക്കനെക്കൊന്ന്
അമ്മയെത്തല്ലി
ശാഖേലെത്തി
ചെക്കനെക്കൊന്ന്
കാക്കിയിൽക്കേറി
കൊഞ്ഞനം കുത്തി
കൊടിയിൽക്കേറി
കോണാനുടുത്ത്

ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്....
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്...
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?

ഉണ്ടയായി, ഉണ്ടയായി
ഉണ്ടയായി, ഉണ്ടയായി?
സഞ്ചിയിൽക്കേറി
ഉണ്ടയില്ലാത്ത
തോക്കിൽക്കേറി

ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്....
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്...
ഉരുണ്ടുരുണ്ട്, ഉരുണ്ടുരുണ്ട്?

ഒറ്റ വീഴ്ച്ച...
ഒറ്റ വീഴ്ച്ച?
ചറപറാ വീഴ്ച്ച...
ങാ, ചറപറാ വീഴ്ച്ച..

കാണ്മാനില്ല


കാണ്മാനില്ല 
ചായം പൂശാത്ത പഴയൊരു മതിലിൽ 
പരസ്യം പതിയ്ക്കരുതെ-
ന്നെഴുതിയിരിക്കുന്നതിന്നടുത്ത്
കാറ്റിനോടൊപ്പം പറക്കാൻ വെമ്പുന്ന
രണ്ടു നിറങ്ങളിലെ പൂക്കൾ
വിരിയുന്ന മരങ്ങളുടെ ചുവട്ടിൽ
അതേ നിറങ്ങൾ പടരുന്ന
ഒറ്റവസ്ത്രത്തിനു മുകളിൽ
വെളുത്ത ഉടുപ്പണിഞ്ഞ
കാണാതായൊരു പ്രണയം;
കണ്ടുകിട്ടിയാൽ ബന്ധപ്പെടാനുള്ള
വിലാസം മാത്രം ആരോ കീറിയെറിഞ്ഞിരിക്കുന്നു

Thursday, 23 February 2017

ഇലപ്രാണികൾ

ഇലപ്രാണികൾ

ഞരമ്പുകളിൽ
നമ്മുടെ പേരുകളെഴുതിയ രണ്ടിലകൾ
ഒരു ഇലപ്രാണിയുടെ
ചിറകുകളായി പുനർജ്ജനിക്കുന്നു
മരക്കൂട്ടത്തിലേക്ക്
ഇഴഞ്ഞുകയറുന്ന അതിനെ
മടിയാ, മടിയായെന്ന് കളിയാക്കരുതേ
ചിറകു വിടർത്തിപ്പറന്നാൽ
നമ്മളകന്നുപോകുമെന്ന് പേടിച്ച്
ചേർത്തുപിടിക്കുന്നതാണ്
നമ്മളെ ചേർത്തുവയ്ക്കുന്നതാണ്

Tuesday, 14 February 2017

ശലഭപ്പേടി

ശലഭപ്പേടി
എന്നെത്തന്നെ സൂക്ഷിച്ചുനോക്കുന്ന കടും ധൂമ്രവർണ്ണമുള്ള ചിത്രശലഭമേ, നിശാഗന്ധിപ്പൂക്കളുടെ വെളുത്തമതിലിൽ ചേർന്നിരിക്കുമ്പോൾ, പൂമ്പൊടിക്കസവിന്റെ സ്വർണ്ണത്തിളക്കത്തിൽ നിന്നെ ഞാൻ തിരിച്ചറിയുന്നു.. പറന്നുപോകരുതേയെന്ന് പറയാൻ പേടിച്ച്, പുറത്തിറങ്ങാൻ ഭയപ്പെട്ട് ഇരുട്ടിനെത്തന്നെ നോക്കിയിരിക്കുന്നു ഞാൻ.....

നിലാവ്, നക്ഷത്രം, ആകാശം എന്നിങ്ങനെ...

നിലാവ്, നക്ഷത്രം, ആകാശം എന്നിങ്ങനെ...

രാത്രിയെ വെട്ടിത്തുന്നിത്തയ്ച്ച
നിന്റെ ഉടുപുടവകളിലാകെ
പടർന്നുകിടക്കുന്നു, 
ആരും കാണാതെ നമ്മളൊളിപ്പിച്ച
നിലാവും, നക്ഷത്രങ്ങളും

നീയെപ്പോൾ തിരിച്ചെത്തുമെന്ന്
ഓർത്തോർത്തിരിക്കുമ്പോൾ
എന്റെ നിലാവേ,
എന്റെ നക്ഷത്രമേയെന്ന്
വെറുതേ ഗൃഹാതുരപ്പെടുന്നു
ഞാനെന്നയാകാശം

ഖനി തൊഴിലാളികൾ

ഖനി തൊഴിലാളികൾ
ത്ജാർഘണ്ടിലെ ഖനിയിൽ നിന്നും
കറുത്തുപോയ ധോത്തി ധരിച്ച
ജമുനാ ബായും
വയോമിങ്ങിലെ* ഖനിയിൽ നിന്ന്
നരച്ചു കീറിയ ജീൻസ് ധരിച്ച
ജിം ഫുള്ളറും
അവരുടെ ഭരണാധികരികളെക്കുറിച്ച്
ഒന്നും പറഞ്ഞു കേൾക്കുന്നില്ല
ഖനികളിൽ കൽക്കരിയല്ലാതെ
രാഷ്ട്രീയമില്ലത്രെ, മനുഷ്യരും!!
*വയോമിങ്ങ് - ഏറ്റവുമധികം കൽക്കരി ഉല്പാദിപ്പിക്കുന്ന അമേരിക്കൻ സംസ്ഥാനം.

കാണാതായവർ

കാണാതായവർ

നജീബേ, നിന്റെ പേരുള്ളൊരാളെ
കാണാതായിരിക്കുന്നു,
വർഗ്ഗീസേ, നിന്റെ പേരിലും,
രാജാ, നിന്റെ പേരിലുമുണ്ട്
കാണാതെ പോയവർ

അവർ മതസൌഹാർദ്ദ
സമ്മേളനത്തിനായി
ഗോവയിൽപ്പോയി
ഊരുചുറ്റുകയാണെന്ന് മന്ത്രി

ശരിയാണ്, ശരിയാണ്
അർദ്ധനഗ്നമായ വിദേശ
സൌന്ദര്യത്തോടൊപ്പം, ഫെനിയും മോന്തി
ഡോളർ ചുരുട്ടി, ചരസ്സ് വലിച്ചുകേറ്റി
കോൾവാ ബീച്ചിൽ ചാരിക്കിടക്കുന്നത്
കണ്ടെന്നൊരു റിപ്പോർട്ടർ..

നജീവിനെ ഇപ്പോഴാ സാറേ കാ....

പ്ഫാ പന്നപ്പരട്ടത്തള്ളേ ...
നിനക്കുമാത്രമേയുള്ളല്ലോ പരാതിയെന്നൊരു
പോലീസ് ബൂട്ട്സ് അടിവയറിന്റെ അളവെടുക്കുമ്പോൾ
എന്റെ കുഞ്ഞെവിടെ, എന്റെ കുഞ്ഞെവിടേ-
യെന്നാ ഗർഭപാത്രം കരയുന്നു

ദേ, ഇതിവിടം കൊണ്ടു തീർന്നു,
അവിടെയാ പ്രിൻസിപ്പൽ 
പൊരിച്ചെടുക്കുന്നെടാ ഉവ്വേ,
നമ്മുക്കങ്ങോട്ട് ചലിക്കാമെന്ന്
വാർത്താച്ചാനൽ കുടമടക്കുന്നു...