Trending Books

Sunday 30 April 2017

പൊനോൻ ഗോംബെ / നോവൽ















പൊനോൻ ഗോംബെയെക്കുറിച്ച് അജിത് നീലാഞ്ജനമെഴുതിയ കുറിപ്പ്:

കിഴക്കൻ ആഫ്രിക്കയിലെ സാന്സിബാറിൽ നിന്നും സോമാലിയയിലെ മൊഗദിഷുവിലെക്കു മൽസ്യബന്ധന തൊഴിലേർപ്പെട്ടു എത്തുന്ന സുലൈമാൻ അവിടെ വെച്ച് പരിചയപ്പെടുന്ന മഗീദയെന്ന സുന്ദരിയെ വിവാഹം കഴിക്കുന്നു . ആദ്യ രാത്രി അവസാനിക്കും മുൻപേ അവൻ 1998 -ഇൽ ദാറിലെയും നെയ്‌റോബിയിലെയും അമേരിക്കൻ എംബസികൾ തകർത്തതിൽ പങ്കാളിയാണെന്നു സംശയിക്കപ്പെട്ട് സി ഐ എ യുടെ പിടിയിലാകുന്നു. കൊടിയ പീഡനങ്ങൾക്കൊടുവിൽ നാല് വര്ഷത്തിനും ഒൻപതു മാസത്തിനും ശേഷം റെഡ് ക്രോസ്സിന്റെ സഹായത്തോടെ സ്വാതന്ത്രനാകുന്ന സുലൈമാന് തുടർന്ന് ജീവിക്കാനുള്ള ആരോഗ്യമോ , പരിതസ്ഥികളോ ബാക്കിയാകുന്നില്ല ഇരുട്ടിനും ക്രൂര പീഡനങ്ങളാക്കും ഓര്മയ്ക്കും മായ്ക്കാനാകാതെ മഗീദ എന്ന വെളിച്ചം അന്വേഷിച്ചലയുകയാണ് അയാൾ ശേഷ ജീവിതത്തിൽ .

മുസ്ലിം തീവ്രവാദത്തിന്റെ പേരിൽ ആഗോളവ്യാപകമായി പാർശ്വവത്കരിക്കപ്പെടുന്നവരുടെ കഥയാണ് ജുനൈത് പറയുന്നത് .സുലൈമാനെപ്പോലെ നിരവധി നിരപരാധികൾ ലോകത്തിന്റെ പല ഭാഗത്തും ഇന്നും ഇത്തരം കൊടിയ പീഡനങ്ങളിലൂടെ കടന്നു പോകുന്നുണ്ട് .ആഫ്രിക്കൻ ജനതയുടെ ദുരന്ത ജീവിതവും എരുവ് ചേർക്കാതെ ജുനൈത് നമ്മുടെ കാഴ്ചയിൽ കൊണ്ട് വരുന്നുണ്ട് .

തീർത്തും അപരിചിതമായ ഒരു ദേശത്തെയാണ് കഥയുടെ പശ്ചാത്തലമായി അവതരിപ്പിച്ചിരിക്കുന്നത് .ആ ദേശത്തിന്റെ സംസ്കാരം , സാമൂഹിക പശ്ചാത്തലം , രാഷ്ട്രീയം എല്ലാം തന്നെ സൂക്ഷ്മമായി ജുനൈത് പകർത്തിയിരിക്കുന്നു . ആദ്യ നോവൽ എന്ന രീതിയിൽ മലയാള നോവൽ സാഹിത്യത്തിൽ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട് പൊനോൻ ഗോംബെ എന്ന ഈ നോവൽ .

സുലൈമാനെപ്പോലെ ആയിരങ്ങൾ അനുഭവിച്ച കൊടിയ പീഡനങ്ങളുടെ പകുതി പോലും അയാൾ അനുഭവിക്കുന്ന തീവ്രതയോടെ ആർക്കും വരച്ചു കാട്ടാൻ ആയിട്ടുണ്ടാകില്ല. എന്നിട്ടു പോലും സുലൈമാന് വേദനകളിൽ നിന്ന് മരണത്തിലൂടെ മുക്തി നേടാനാകണേ എന്നൊരു പ്രാർത്ഥന വായനയുടെ വഴിയിൽ എന്റെ മനസ്സിലുണ്ടായി
കവർ ഡിസൈൻ അത്ര ആകർഷകമായി തോന്നിയില്ല . അത് ചെയ്ത വ്യക്തിയെക്കുറിച്ചു ഒരു സൂചന പോലും പുസ്തകത്തിന്റെ നാലാം പേജിൽ കണ്ടില്ല
ഡീസിയാണ് പ്രസാധകർ

മഗീദ വിവാഹാവസരത്തിൽ ധരിച്ച മയിൽ‌പ്പീലി പച്ചയും നീലയും നിറത്തിലുള്ള വസ്ത്രമാണ് മീന്പിടുത്തക്കാരനായ സുലൈമാന് അവൾ പൊനോൻ ഗോംബെ എന്ന വിശേഷപ്പെട്ട മൽസ്യമായി തോന്നാൻ കാരണമാകുന്നത് . Napoleon Wrasse എന്ന മീനിന്റെ പ്രാദേശിക നാമമാണ് പൊനോൻ ഗോംബെ എന്നത്.

(ജുനൈത് അബൂബക്കർ എന്ന മുസ്ലിം എഴുത്തുകാരന്റെ മുസ്ലിം ജനതയുടെ നേരെയുള്ള ആഗോള സമീപനം പശ്ചാത്തലമാക്കി രചിച്ച നോവൽ , മുസ്ലിം പ്രസിദ്ധീകരണമായ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ അച്ചടിച്ച് വരുന്നു എന്ന് ചാറ്റിൽ വന്നു വിശേഷം പറഞ്ഞ ഒരു സുഹൃത്തിനെ ഇത്തരുണത്തിൽ ഓർക്കുന്നു . അത്തരം ഒരു അഭിപ്രായം കൂടി ചേർത്ത് വെച്ച് വേണം ഇത്തരം പാർശ്വവത്കരണങ്ങളുടെ അനാവശ്യ വ്യാപ്തി അളക്കാൻ )

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

'തീർത്തും അപരിചിതമായ
ഒരു ദേശത്തെയാണ് കഥയുടെ
പശ്ചാത്തലമായി അവതരിപ്പിച്ചിരിക്കുന്നത് .
ആ ദേശത്തിന്റെ സംസ്കാരം , സാമൂഹിക പശ്ചാത്തലം ,
രാഷ്ട്രീയം എല്ലാം തന്നെ സൂക്ഷ്മമായി ജുനൈത് പകർത്തിയിരിക്കുന്നു .
ആദ്യ നോവൽ എന്ന രീതിയിൽ മലയാള നോവൽ സാഹിത്യത്തിൽ പ്രത്യേക
പരാമർശം അർഹിക്കുന്നുണ്ട് പൊനോൻ ഗോംബെ എന്ന ഈ നോവൽ .'

അജിത്ത് ഭായ് നന്നായി പരിചയപ്പെടുത്തിയിരിക്കുന്നു ...