Trending Books

Sunday, 15 November 2015

മഞ്ഞുകാലം

















ചതുര ജനാലയിൽക്കൂടി
നോക്കിനോക്കിയിരിക്കെ
മഞ്ഞുകാലം കടന്നുവരുന്നു
മരങ്ങൾ തണുത്തുവിറയ്ക്കുന്നു,
അവയെയാരും പുതപ്പിക്കുന്നില്ല;
കുതിരകളും, കഴുതകളും, പശുക്കളും
പുതപ്പിനടിയിലും തണുത്തുതണുത്ത്
മഞ്ഞുമേഞ്ഞു നടക്കുന്നു

രൂപമില്ലാത്ത മനസ്സിൽക്കൂടി നോക്കുമ്പോൾ
ദൂരെദൂരെ കണ്ണെത്താത്തിടത്ത്
നീ കരയുകയാണ്,
ഞാനെങ്ങനെയറിഞ്ഞെന്നാവും?
ആ കണ്ണുനീരൊഴുകുന്നത്
എന്റെ കണ്ണുകളിലൂടെയാണ്
ഉപ്പുചുവയുള്ളതുകൊണ്ടാണ്
കട്ടിയാകാൻ താമസിക്കുന്നത്
അല്പം വൈകിയാലും
അതും തണുത്തുറയുകയും
നീ മറക്കുകയും ചെയ്യും
ഇത് മഞ്ഞുകാലമാണ്...മഞ്ഞുകാലമാണ്...

മൌനഭേരി














വരച്ചുതീരും മുന്നേ
പറന്നുപോയ കിളിയേപ്പോലെ
വർത്തമാനങ്ങൾക്കിടയിൽ
മൌനം കുടിയേറുന്നു

ഇടയിൽ കൊഴിഞ്ഞുവീണ തൂവലുകൾ
ബാക്കിയാവുന്ന വാക്കുകൾ,
ഓർമ്മകളെന്ന് പേരിട്ടെടുത്തുവച്ചത്

പറന്നുപോകാതിരിക്കാൻ
മാനം കാട്ടാതെ
ഇടയ്ക്കിടെ പുറത്തെടുത്തോമനിക്കുന്നു

അപ്പോൾ, അപ്പോൾ മാത്രം
കേൾക്കുന്നൊരു ചിറകടിയൊച്ചയിൽ
മൌനം ഒച്ചവച്ച് പറന്നുപോകുന്നു

വാക്കുകൾ, ജീവിതങ്ങൾ












കുഞ്ഞുങ്ങളെന്നും, നായ്ക്കളെന്നും 
മനുഷ്യരെന്നും, ദളിതരെന്നും 
പശുക്കളെന്നും, ദൈവമെന്നും 
ഒരേസമയം പലയർത്ഥങ്ങളിൽ 
മുങ്ങിനിവരുന്ന, നിഘണ്ടുക്കളിൽ 
നിന്ന്  അപ്രത്യക്ഷമായ വാക്കുകൾ 

പാർശ്വ, സാമാന്യവൽക്കരിക്കപ്പെട്ട,
ചിലരെങ്കിലും ജീവിതമെന്ന് 
വിളിക്കുന്ന വെറും വാക്കുകൾ 
നിങ്ങളിൽനിന്ന്  നിങ്ങളിലേക്ക് 
കൊണ്ടുകയറി കുത്തിനോവിക്കും 

Thursday, 10 September 2015

പിൻബെഞ്ച് പ്രകാശനം

                                                                                       










18-08-2015 അന്നായിരുന്നു... 
പിൻബെഞ്ച് പുസ്തകമായി രൂപം മാറിയത്.. ആദ്യ മധ്യാന്തം കൂടെയുണ്ടായിരുന്ന അജിത്തേട്ടൻ Ajith Neelanjanami , ശിഹാബിക്ക Shihabuddin Poithumkadavu Poithumkadavu , അധ്യക്ഷ പദവി അലങ്കരിച്ച കേരളാ ദോസ്തോവിസ്കി വേണുച്ചേട്ടൻ വേണു വി ദേശം , ഔദ്യോഗിക തിരക്കുകളെല്ലാം മാറ്റിവെച്ച് ഗംഭീരമായ് പിൻബെഞ്ചിനെ പരിചയപ്പെടുത്തിയ ഡോ.ജാബിർ (സീനിയർ കാർഡിയോളജിസ്റ്റ് ലിസി ഹോസ്പിറ്റൽ), പുസ്തകം ഏറ്റുവാങ്ങി, കവിത ചൊല്ലി സ്നേഹിച്ച സെറീന Sereena Rafi .. കവർ സുന്ദരമാക്കിയ പോങ്ങുPongummoodan Vs Hareesh Sivaraman , പോങ്ങൂനേം പേറി തലസ്ഥാനത്തുനിന്നും സമയത്തിന് സ്വിഫ്റ്റായിട്ടെത്തിയ ഹർഷൻ Harshan Teeyem എല്ലാത്തിനും കൂടെ നിന്ന ചിച്ചുക്കുട്ടൻ Muhammed Nizar , തോന്ന്യാസം മാറ്റിവച്ച് ഓടിനടന്ന തോന്ന്യാസി Prasanth Chemmala , തിരക്കുകൾ മാറ്റിവെച്ച് വന്ന നിരഞ്ചേട്ടൻ Niranjan TG , രാമേട്ടൻ Rammohan Paliyath , മനോജേട്ടൻManoj Ravindran Niraksharan , കെ.എൻ ഷാജി , ശ്രീനാഥ് ശങ്കരൻ Sreenath Sankarankutty , രഘു, സുമ Oormila Reghu , ഉമ Uma Rajiv , നമ്പർ തിരഞ്ഞുപിടിച്ച് വിളിച്ച് വന്ന നൊമാദ് Aneesh Ans , സ്വന്തം പാവപ്പെട്ടവൻചാല ക്കോടൻ , ലോഗോസിന്റെ അജിത്ത് Ajith Gangadharan , ഇപ്പോൾ അപ്പൻ ഹുഡ് ആഘോഷിക്കുന്ന അജീഷ് Ajeesh Dasan , കലേഷ് Kalesh Som , മനസ്സ് കൊണ്ട് കൂടെയെപ്പോഴുമുണ്ടായിരുന്ന ജോണേട്ടൻ John Varugheeseഎല്ലാവരും കൂടെ സ്നേഹിച്ച ആ ദിവസമാണ്..പിൻബെഞ്ച് വെളിയിലിട്ടത്..
റൈറ്റേഴ്സ് ഫോറം അയർലന്റ് ന്റെ പേരിൽ മിട്ടുവും Mittu Shibu, അശ്വതിയുംAswathy Plackal , രാജൻ ചിറ്റാറും Rajan Chittar മുൻകൈയെടുത്തു കൊടുത്തുവിട്ട പൂക്കൾ ഇരട്ടി മധുരവുമായി.
പക്ഷെ ഇപ്പോഴും അജീഷിന്റെ ക്ഷണപ്രകാരം പ്രകാശനച്ചടങ്ങിലേക്ക് വരികയും, കവിതകൾ നന്നായെന്ന് പറയുകയും ആശംസിക്കുകയും ചെയ്ത, കഴിഞ്ഞ ദിവസം നമ്മെ വിട്ടു ഈ ലോകവാസം വെടിഞ്ഞ സന്തോഷ് നെടുങ്ങാടി സങ്കടമായി കൂടെ നിൽക്കുന്നു..


Wednesday, 25 March 2015

വളർച്ച

















അമ്മ മരിച്ച ഒരു കുഞ്ഞിനോട്
സെമിത്തേരിയിൽ നിന്നയൊരുവൻ
അമ്മയുടൻ തന്നെ വരുമെന്ന്
സ്നേഹത്തിൽ (?) കള്ളം പറയുന്നു

ഒറ്റയ്ക്ക് പോറ്റണമല്ലോയെന്ന്
വേവലാതിപ്പെടുന്ന അച്ഛനാവാം
ഇനി ഇവനേയും കൂട്ടണമല്ലോയെന്ന്
ഈർഷ്യപ്പെടുന്ന അമ്മാവനാവാം
ഇവനിനിയെങ്ങനെ വളരുമെന്ന്
സന്ദേഹിക്കുന്ന അയൽക്കാരനാവാം

അമ്പിളിമാമനെ നോക്കി മാമമുണ്ടിരുന്ന,
ഉമ്പാക്കി വരുമെന്ന് പേടിച്ചിരുന്ന കുഞ്ഞ്,
അമ്മ മരിച്ചതോടെ, പെട്ടന്ന് വളരുന്നു
ഒന്നിനേം പേടിയില്ലാതാവുന്നു

അച്ഛനും, അമ്മാവനും, അയൽക്കാരനും 
കാണാതെകാണാതെ പെട്ടന്ന് വളരുന്നു
ഒരുപാട് കള്ളങ്ങളുടെ 
കൈപിടിച്ച് പിന്നെയും വളരുന്നു

എങ്കിലും, അമ്മയുടനെ വരുമെന്ന
കള്ളം മാത്രം സത്യമായ് തോന്നുകിൽ,
ഇടയ്ക്കിടെ പഴയ കുഞ്ഞായി മാറുന്നു
സെമിത്തേരിയിൽ പോയിനോക്കുന്നു


Friday, 13 February 2015

ഫെബ്രുവരി 13നും 15നും ഇടയിലുള്ളൊരു ദിവസം










പതിമൂന്നിൽ നിന്നും 
പതിനാലിലേക്ക് വെളിച്ചം വന്നപ്പോൾ
പ്രണയത്തിരകൾ വകഞ്ഞ്
കപ്പലുകൾ വന്നു നിന്നു.
ലൈഫ് ജാക്കറ്റുകൾ പോലുമില്ലാതെ 
നമ്മൾ കടലിലേക്ക് ചാടി

നിമിഷത്തിന്റെ ഏതോ ഒരംശത്തിൽ
കണ്ണു തെറ്റിയപ്പോൾ
ബിയർപ്പതയുടെ സ്വർണ്ണ പ്രഭയിൽ
ഒരൊറ്റ ഗ്ലാസ്സിൽ, മുറിയിൽ
വീങ്ങിയ കണ്ണുമായ്
മുഷിഞ്ഞ പുതപ്പിനടിയിലേക്ക്
പതിനഞ്ചിന്റെ വെളിച്ചം
എത്തി നോക്കി ഉണർത്തുന്നു.

കഴിഞ്ഞ ജീവിതത്തിൽ നിന്നും
കാണാതെ പോയൊരു ദിവസമെന്ന്
ഫെബ്രുവരി പതിനാലിനെ
കലണ്ടറിൽ അടയാളപ്പെടുത്തുന്നു

Tuesday, 20 January 2015

നിന്റെ എഴുത്തുകൾ















ഏറ്റവും പ്രിയപ്പെട്ടവരെ ശ്മശാനത്തിലേ-
ക്കെടുക്കും മുൻപ് കൊടുക്കുന്നതുപോലെ,
അത്രമേൽ വേദനയോടെ അന്ത്യ ചുംബനങ്ങൾ നൽകി
നിന്റെയെഴുത്തുകളെ ഞാൻ കീറിക്കളയുന്നു, ചുട്ടെരിക്കുന്നു

അതിനു തൊട്ടുമുൻപായ്, അവസാനമായ്
അവയേയെല്ലാം ഒന്നുകൂടി വായിക്കുന്നു
നിന്നെ തൊട്ടതുപോലെ അക്ഷരങ്ങൾ, ഭാവങ്ങളുടെ
വേലിയേറ്റങ്ങളോടെ എന്നെ നോക്കുന്നു..
ഞാനവയോടൊപ്പം ഊരുചുറ്റുന്നു
ഒരുമിച്ച് സിനിമ കാണുന്നു, 
ചായ കുടിക്കുന്നു,
പാചകം ചെയ്യുന്നു, 
കെട്ടിപ്പിടിക്കുന്നു,
മഴ നനഞ്ഞ് നനഞ്ഞ് 
പുഴ നീന്തിക്കടക്കുന്നു,
നമ്മുക്ക് വായിക്കാനുള്ള പുസ്തകങ്ങളെഴുതുന്നു
ചിരിക്കുന്നു, 
കരയുന്നു, 
ദേഷ്യപ്പെടുന്നു
പോടീയെന്ന് തെറിയിൽ കുതിരുന്നു
എടിയേ, എടിയേയെന്ന് കാമിക്കുന്നു

നോക്കിനോക്കിയിരിക്കേ
അക്ഷരങ്ങളെല്ലാം രൂപം മാറുന്നു
പലപല ചിത്രങ്ങളായ്
ഞാനോ, നീയോയെന്നില്ലാതെ, നമ്മളെന്നില്ലാതെ
വരിതെറ്റാതെ പോകുന്ന ഉറുമ്പിൻ കൂട്ടമാകുന്നു
അഗ്നിശുദ്ധി വരിച്ച്
നരച്ച വാക്കുകളുടെ വാൽനക്ഷത്രങ്ങളായി
ഇമചിമ്മും മുന്നേ കാണാതാവുന്നു..