ഒരു മാർച്ച് മാസ ഞായാറാഴ്ചയെ കൊന്ന
മൾട്ടി ലെവൽ മാർക്കറ്റിംഗ് മീറ്റിംഗിലെ
വിജയികളുടെ ഹാലേലൂയ അലർച്ചകൾ-
ക്കിടയിലെ ഇടവേളകളിലൊക്കെയും
നിന്നെ ഞാൻ വിളിച്ചുകൊണ്ടേയിരുന്നു,
ഒടുങ്ങുന്ന ഓരോ മണിയൊച്ചയോടൊപ്പം
ഇവിടാരുമില്ല, ഇവിടാരുമില്ലായെന്ന്
നിന്റെ വീട് പറയുന്നത്
മാത്രം ഞാൻ കേട്ടില്ല
രണ്ടു ദിവസം കൂടി കഴിഞ്ഞാണ്
സംശയദൃഷ്ടിയോടെ എന്നെ നോക്കി
നീ ആശുപത്രിയിലാണെന്ന്
ജോബി പറഞ്ഞത്
ആർക്കും പ്രവേശനമില്ലയെന്ന ബോർഡും,
മുറിക്ക് പുറത്ത് നിൽക്കുന്ന നിന്റെ
അച്ഛനേയും അമ്മയേയും ഞാൻ കണ്ടില്ല,
ഇലക്ട്രോടുകൾ ഒട്ടിച്ച നീയും,
നിറഞ്ഞ കണ്ണുകളും മാത്രമായിരുന്നു മുന്നിൽ,
സത്യമായും ഉറക്കമില്ലാത്തതിനാലാണെന്ന
നിന്റെ വാക്കുകളെ കള്ളം കള്ളമെന്ന്
കൈത്തണ്ടയിൽ ബ്ളെയ്ഡുകൾ പണ്ട്
വരഞ്ഞ ചിത്രങ്ങൾ വിളിച്ചു പറയുന്നുണ്ടായിരുന്നു
നീ സുഖമില്ലാതെ ആശുപത്രിയിലാണെന്ന്
വീട്ടിൽ പറഞ്ഞപ്പോളാണ്
മീറ്റിംഗിന് പോയ തലേ രാത്രിയിൽ
മറുതലയ്ക്കൽ ശബ്ദമില്ലാത്ത മൂന്നു
ഫോൺ കോളുകളെക്കുറിച്ച് അച്ഛൻ പറഞ്ഞത്
അതു നീ തന്നെയാണെന്നെനിക്കറിയാം,
അത് ഞാനെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ
നീ ഇങ്ങനെ കിടക്കുകയില്ലായിരുന്നിരിക്കും,
നിന്റെ ഉറക്കമില്ലായ്മ നമ്മുടെ
വർത്തമാനത്തിലലിഞ്ഞ് ഇല്ലാതാകുമായിരുന്നു,
തൊലിപ്പുറ സൌഹൃദമെന്ന
കപടതയെ കുടഞ്ഞുകളഞ്ഞ്
നമ്മുക്ക് പ്രണയിക്കാമായിരുന്നു,
രാത്രിയെന്ന് നീ കരുതും മുന്നേ
പകൽ കടന്നുവന്നേനെ,
നീ ഒരിക്കലും ഉറക്കത്തിന് വേണ്ടി
ഗുളികകൾ കഴിക്കില്ലായിരുന്നു,
ഡിസ്ചാർജായിക്കഴിഞ്ഞ് വെളുപ്പിന്
നാല്പത് കിലോമീറ്റർ ബൈക്കോടിച്ച്,
തണുത്ത കൈ നെറ്റിയിൽ വച്ച്
നിന്നെയുണർത്താൻ ഞാൻ വരില്ലായിരുന്നു
എത്ര മാർച്ച് മാസങ്ങൾ കഴിഞ്ഞിരിക്കുന്നു
നിനക്കിപ്പോഴും ഉറക്കമില്ലെന്ന്
പറഞ്ഞെന്തിനാണ് മെയിലയക്കുന്നത് ?
നാല്പത് കിലോമീറ്ററിന്റെ ദൂരമിപ്പോൾ
നാല്പതിനായിരം കിലോമീറ്റർ ആയിരിക്കുന്നു
ആ ബൈക്ക് എണ്ണായിരം രൂപയ്ക്ക്
വിറ്റിട്ട് വർഷമെത്ര കഴിഞ്ഞിരിക്കുന്നു
സൌഹൃദമെന്ന തൊലിപ്പുറം ദ്രവിച്ചു കഴിഞ്ഞു,
പ്രണയമെന്ന മജ്ജയും മാംസവും പണ്ടേയില്ലാതായി
ജീവിതമെന്ന് എല്ലിൻകഷ്ണങ്ങൾ
തലകാട്ടാൻ തുടങ്ങിയിട്ട് നാളേറെയായി
ഉറക്കഗുളികകൾക്ക് പകരം
നീ മറ്റുവല്ലതും കണ്ടെത്തേണ്ട
കാലം അതിക്രമിച്ചിരിക്കുന്നു
6 comments:
ജീവന് വെപ്പിക്കുന്ന ഓര്‍മ്മകള്‍ക്ക് മനോഹരമായ അര്‍ത്ഥങ്ങള്‍ തേടി...കണ്ണുതുറപ്പിക്കുന്ന ചില മാറ്റങ്ങള്‍ പഴയ വിശ്വാസത്തിലെ തെറ്റുകളെക്കുറിച്ചോര്ത്ത് സങ്കടവും നിരാശയും സമ്മാനിക്കുന്നുണ്ട്.
നന്നായിരിക്കുന്നു.
ബന്ധങ്ങൾക്ക് അർത്ഥവ്യത്യാസം വരുത്തുന്ന കാലത്തിന്റെ കളിയെ ജീവിതമെന്ന് പേരിട്ടു വിളിക്കുന്നു നാം.... കവിത നന്നായിരിക്കുന്നു.
നാഴികമണിയുടെ സൂചികളില്‍ വിറയലുണ്ടാവുന്ന ചില അപൂര്‍വ്വ മുഹൂര്‍ത്തങ്ങള്‍.........
നന്നായിരിക്കുന്നു കവിത.
ആശംസകള്‍
വര്‍ഷമെത്ര കഴിഞ്ഞിട്ടും!!
കാലമെത്ര കൊഴിഞ്ഞാലും മാർച്ച് മാസം വീണ്ടും വീണ്ടും മാർച്ച് ചെയ്തു വരുകയല്ലേ..?
നല്ല കവിത.
ശുഭാശംസകൾ....
സൌഹൃദമെന്ന തൊലിപ്പുറം ദ്രവിച്ചു കഴിഞ്ഞു,
പ്രണയമെന്ന മജ്ജയും മാംസവും പണ്ടേയില്ലാതായി
ജീവിതമെന്ന് എല്ലിൻകഷ്ണങ്ങൾ
തലകാട്ടാൻ തുടങ്ങിയിട്ട് നാളേറെയായി ....
Post a Comment