ഓരോരോ വീടുമാറലും
ഓരോ ഉപേക്ഷിക്കലാണ്;
ആത്മാവ് പകുത്ത് നൽകിയ
എന്റെ മേശ, കസേര
എന്റെ മുറി
പുകയും ചിന്തയും നിറഞ്ഞ കക്കൂസ്
മസാല പുരണ്ടയടുക്കള ...
കാണാതെ പോയ പലതും
കണ്ടെടുക്കലാണു വീടുമാറൽ ;
പഴയ കാൽക്കുലേറ്റർ,
കുഞ്ഞിന്റെ ഷൂസിലൊന്ന്,
പുട്ടുകുറ്റിയുടെ ചില്ല്...
കട്ടിലിനടിയിൽ നിന്നും
അടുക്കളയലമാരിയിൽ നിന്നുമൊക്കെ
ഞാനിവിടുണ്ടേ ഞാനിവിടുണ്ടേയെന്നു
തല പുറത്തുകാട്ടും
ഓരോരോ വീടുമാറലും
ഓരോ ഒഴിവാക്കലാണ് ,
അനിവാര്യമായ മറക്കലാണ് ;
വലുതായ കുഞ്ഞിന്റെ
ചെറുതായ കളിപ്പാട്ടങ്ങൾ,
വലുതാകാത്ത ഉടുപ്പുകൾ,
പഴയ പത്രമാസികകൾ,
പൊട്ടിയ കുപ്പികൾ,
കുപ്പിവളപ്പൊട്ടുകൾ,
വീട്ടുമുറ്റത്തെ കിളിക്കുഞ്ഞുങ്ങൾ..
അയല്പക്കത്തെ സുന്ദരി പൂച്ച..
ദുർമ്മേദസ്സൊഴിഞ്ഞു സുന്ദരിയായ്
പുതിയയാത്മാക്കളെ കാത്തിരിക്കുന്നുണ്ട്
പിന്നെയുമാ പഴയ വീടുകൾ....