Trending Books

Monday, 10 January 2011

സമയം കൊല്ലൽ !



ഇപ്പോൾ കൂട്ടൊരു 
ഡിജിറ്റൽ ക്ളോക്കാണ്

അക്കങ്ങളെല്ലാം ചുവന്ന് , ചുവന്ന്... 
പഴയ ടൈംപീസിന്റെ 
വാള്‍ കൈകളോ, കുളമ്പടി ശബ്ദമോ 
ഇല്ലാത്തത് കൊണ്ട് 
ധൈര്യമായ് നോക്കി കിടക്കാം,
ഇരുട്ടിനെ മായ്ച്ചെടുക്കാം,
സമയം കൊല്ലാം. 

ഹീമോഫിലിക്ക് രക്തം പോലെ
കട്ട പിടിക്കാതെ ഒഴുകുന്ന
ചുവന്ന ഡിജിറ്റൽ സമയം..
പൂജ്യം, ഒന്ന്, രണ്ട് എന്ന് 
അന്‍പത്തിയൊൻപതു വരെ എണ്ണിയെണ്ണി
ഓരോ മണിക്കൂറിനേയും ഇഞ്ചിഞ്ചായ് കൊല്ലും 

വന്നു വന്നു ഒന്നും ചെയ്യാനില്ലാത്ത 
പകലിനോടത്ര ഇഷ്ടം പോരാ..
ജനാലക്കർട്ടൻ വലിച്ചിട്ടു
കതകു ചേർത്തടച്ച്
ഇരുട്ടിനോട്‌ ചേർന്ന് കിടന്നു 
പിന്നെയും സമയം കൊല്ലും 

തലയ്ക്കടിയിൽ നിന്നും
മരവിച്ച കൈയ്യെടുത്ത്
കാലു ചൊറിഞ്ഞു, തുടയ്ക്കിടയിൽ വച്ച്
തിരിഞ്ഞു കിടക്കുമ്പോൾ
നേർത്തുനേർത്ത്  കേൾക്കുന്നുണ്ട് 
അന്‍പത്തിയൊന്പതു, അന്‍പത്തിയെട്ടു
എന്നൊരു തിരിച്ചെണ്ണൽ ;
ഒന്നു മയങ്ങിയ സമയത്ത്
എന്നെ കൊല്ലുകയാണ്..
ചാവ് കടൽ പോലൊരു
ചുവന്ന ഡിജിറ്റൽ സമയം
അവന്റെ സമയം കൊല്ലൽ ! 


19 comments:

yousufpa said...

ഒരിടം മടുത്താൽ മറ്റൊരിറ്റം കണ്ടെത്തുക.സമയം കൊല്ലാൻ നേരമില്ലെന്ന് പറയൂ സോദരാ...

zephyr zia said...

കവിത നന്നായിട്ടുണ്ട്.....

Pony Boy said...

ജുനെത് ...കവിത വായിച്ച് വട്ടായി..കൊറിയൻ ജാപ്പനീസ് കവിതകൾ മാത്രം ആസ്വദിക്കുന്ന എനിക്ക് ഈമലയാളം കവിത ഇഷ്ടമായി..ചെനീസ് കവി പോങ്ങ് ചുങ്ങ് ഡീങ്ങിന്റെ ഒരു ശൈലിയുണ്ടല്ലോയിതിൽ..

Unknown said...

ഞാനും സമയമായതെ കൊല്ലാരുണ്ട് എന്റെ ഹൃദയ മിടിപ്പിന്നു അപുറം

ഐക്കരപ്പടിയന്‍ said...

കവിക്ക്‌ എന്തും പറയാം എഴുതാം...പക്ഷെ ഭാവനയും ഭാഷയും വേണം...
ഈ സമയം കൊല്ലി കവിത കലക്കി മാഷെ...ആശംസകള്‍..!

മൻസൂർ അബ്ദു ചെറുവാടി said...

കവിത ആയതു കൊണ്ട് ഒരു ആശംസ നേരാനേ എന്നെകൊണ്ട്‌ പറ്റൂ ജുനൈത്.
കഥ എഴുതിയാല്‍ പിന്നെയും നോക്കാം. ഇടയ്ക്കു എനിക്ക് വേണ്ടി കഥയും എഴുതൂ.

ഹന്‍ല്ലലത്ത് Hanllalath said...

വായിച്ചു...
(എനിക്കിഷ്ടമായില്ല )

--

Manoraj said...

നന്നായി ജുനൈദ്.. എങ്കിലും പതിവുപോലെ ജുനൈദിന്റെ മുഴുവന്‍ ക്രാഫ്റ്റും വന്നില്ല എന്ന് തോന്നുന്നു.

faisu madeena said...

അള്ളോ ,കവിത ആയിരുന്നോ ?..ചെറുവാടി നിക്കൂ ഞാനും വരുന്നു ..നമ്മുക്ക് കഥയ്ക്ക് വരാം ....

പാവത്താൻ said...

കൊലപാതകത്തിനൊന്നും കൂട്ടുനില്‍ക്കാനും സാക്ഷിയാകാനുമൊന്നും എനിക്കു വയ്യേ....ഞാന്‍ വിട്ടു...

A said...

ഈ കവിത എനിക്ക് പിടിച്ചു. ഉറങ്ങാന്‍ കിടന്നാല്‍ ചിലപ്പോള്‍ ഉറക്കം വരാതെ, തിരിഞ്ഞും മറിഞ്ഞും, ക്ലൊക്കിലെ സൂചികള്‍ കൌണ്ട് ഡൌണ്‍ പോലെ തോന്നുമ്പോള്‍ വെപ്രാളം. പിന്നെ ഒന്ന് മയങ്ങുമ്പോഴേക്കും കൊല്ലുന്ന അലാറം.

പട്ടേപ്പാടം റാംജി said...

സമയം തിരിച്ച് കറങ്ങുന്നത് പോലുള്ള അവസ്ഥ സംഭാവിക്കാത്തവര്‍ ചുരുക്കമായിരിക്കും.
കവിത ഇഷ്ടായി.

Unknown said...

അലാറം എനിക്കും കണ്ടൂട..

ചാണ്ടിച്ചൻ said...

ആ ഡിജിറ്റല്‍ ക്ലോക്കിനെയും വെറുതെ വിടില്ല അല്ലേ...
ഭാവന അടിപൊളി....

kARNOr(കാര്‍ന്നോര്) said...

അയ്യോ സമയം പോയി.. വീട്ടീ പോണം

Junaiths said...

ഇഷ്ടപെട്ടവര്‍ക്കും,പെടാത്തവര്‍ക്കും,വായിച്ചു പെട്ട് പോയവര്‍ക്കും വട്ടായി പോയവര്‍ക്കും നന്ദി..സ്നേഹം
@പോണി :പോങ്ങ് ചുങ്ങ് ഡീങ്ങുമൊത്ത് കഴിഞ്ഞാഴ്ച ഒരു പ്രക്ഷാളന മീറ്റിംഗ് ഉണ്ടായിരുന്നു ഒഫ്കോഴ്സ് വിത്ത്‌ കപ്പ, കള്ള് & നീര്‍ക്കോലി ഫ്രൈ ,അതിന്റെ ഒരു ഇനഫ്‌ളുവന്‍സ് ഇതില്‍ വന്നതാവണം...കള്ളന്‍ ഒറ്റ വായനയില്‍ കണ്ടു പിടിച്ചു സ്മോള്‍ തീഫ്..

Kadalass said...

സമയം നിശ്ചലമാണ്
നാം നടന്നുനീങ്ങിക്കൊണ്ടിരിക്കുന്നു
ആശംസകള്‍!

Muralee Mukundan , ബിലാത്തിപട്ടണം said...

സമയം കൊല്ലലിനേയും പിടീച്ച് ക്രാഫ്റ്റിനുള്ളിലാക്കി അല്ലേ ജൂനെത്

പകല്‍കിനാവന്‍ | daYdreaMer said...

നീ ഒരു പണിയും ചെയ്യാതെ കൈ കാലിന്റെ ഇടയില്‍ തന്നെ വെച്ച് കിടന്നോ.,,,:) എങ്കിലേ കവിത എഴുത്ത് നടക്കൂ ...
ബൈ ദി ബൈ കവിത കൊള്ളാടാ